അഹങ്കാരമെല്ലാം പൊഴിഞ്ഞു വീണു ഞാൻ ഒന്നുമല്ലാതായതു എന്റെ ഒറ്റവാക്കിൽ അവന്റെ കോൾ വന്നപ്പോഴാണ്…

ഹൃദയത്തിൽ സൂക്ഷിക്കാൻ….

Story written by Aswathy Joy Arakkal

:::::::::::::::::::::::::::::::::::

“ഡാ.. നീയിപ്പോൾ എവിടെയാ.. മുംബൈയിൽ തന്നെയാണോ? സേഫ് അല്ലേ? എന്തൊക്കെയുണ്ട് വിശേഷങ്ങൾ…? ” റിപ്ലൈ ഉണ്ടാകുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതു കൊണ്ട് ഒട്ടും ആത്മാർത്ഥയില്ലാതെ മെസ്സഞ്ചറിൽ വോയിസ്‌ റെക്കോർഡ് ചെയ്ത് റോഷന് സെൻഡ് ചെയ്ത ശേഷം ഞാൻ പിന്നെയും മുഖപുസ്തകത്തിൽ പുതിയ വാർത്തകൾക്കായി ന്യൂസ്‌ഫീഡ് പരതാൻ തുടങ്ങി.. അങ്ങനെ പരതുന്നതിനിടയിൽ “ഈ ലോക്ക്ഡൗൺ കാലം നമുക്ക് നഷ്ട്ടപ്പെട്ടു പോയ സൗഹ്രദങ്ങളെ പുതുക്കാം “എന്ന ആരുടെയോ പോസ്റ്റ്‌ എന്നെ ഓർമ്മിപ്പിച്ചത് റോഷനെയാണ്.. അതാണ്‌ ആ വോയ്‌സ് മെസ്സേജിന് ആധാരവും…

“നിങ്ങളിപ്പോ ഫ്രീ ആണോ.. ഞാനൊന്ന് വിളിക്കട്ടെ.. ” അഞ്ചു മിനിറ്റ് തികയുന്നതിനു മുൻപേ അവന്റെ മറുപടി വന്നു…

അങ്ങനെ ഏകദേശം ഒരുവർഷങ്ങൾക്ക് ശേഷം ഞങ്ങൾ ഫോണിൽ സംസാരിച്ചു…രണ്ടുരണ്ടര മണിക്കൂറോളം ഒരു വർഷത്തെ വിശേഷങ്ങൾ.. മുബൈയിൽ നിന്നും മാറി ഇപ്പോൾ ഹരിയാനയിൽ ആണെന്നും, ശെരിക്കു ലോക്ക്ഡൗണിൽ പെട്ടുപോയെന്നുമൊക്ക അവൻ പറഞ്ഞു… ഒപ്പം “കാത്തിരിക്കാനും, വിശേഷം ചോദിക്കാനുമൊന്നും ആരുമില്ലാത്തത് കൊണ്ടു പ്രശ്നമില്ല” എന്നു കൂടെയവൻ കൂട്ടിച്ചേർത്തപ്പോൾ കുറ്റബോധത്തോടെ മിണ്ടാതിരിക്കാനെ എനിക്കു സാധിച്ചുള്ളൂ..

സംസാരശേഷം ഫോൺ വയ്ക്കാൻ നേരം ഒന്നുകൂടെയവൻ ഓർമിപ്പിച്ചു “നിങ്ങളിങ്ങനെ ഒരാളെ സ്നേഹിച്ചു ഹൃദയത്തോട് ചേർത്തിട്ടു, പെട്ടന്നൊരുനാൾ ഇട്ടിട്ടു പോകുമ്പോൾ അല്ലെങ്കിൽ ഫോണിലൂടെ പോലും കോൺടാക്ട് ഇല്ലാതാകുമ്പോൾ അതവരിൽ അവശേഷിപ്പിക്കുന്ന ശൂന്യത എന്താണെന്നു ഒന്ന് ചിന്തിക്കണം… ചുറ്റും സ്നേഹിക്കാൻ ഒരുപാട് പേരുള്ള നിങ്ങൾക്കത് എത്രത്തോളം ഉൾക്കൊള്ളാനാകുമെന്നു എനിക്കറിയില്ല പക്ഷെ അതു അടുത്തയാളിൽ ഉണ്ടാക്കുന്ന മുറിവ്… ” അവൻ പറഞ്ഞു നിർത്തി..

മാപ്പ് പോലും ചോദിക്കാതെ, പറയാനൊരുത്തരമില്ലാതെ ഞാൻ ഫോൺ വെച്ചു… എന്തുകൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു… ഒപ്പം ഓർമ്മകൾ വർഷങ്ങൾക്കു പിന്നിലേക്ക് അതിവേഗം സഞ്ചരിച്ചു കൊണ്ടിരുന്നു…

വർഷങ്ങൾക്കു മുൻപ്, പോസ്റ്റ്‌ ഗ്രേഡുവേഷന് ജോയിൻ ചെയ്ത സമയം …..

“നിങ്ങൾക്കെന്നെ ‘വാവേ’ എന്നു വിളിക്കാമോ? “

കഷ്ടിച്ചു ഒരുമാസം പരിചയമുള്ള, സെക്കന്റ്‌ ഇയർ ഡിഗ്രിക്ക് പഠിക്കുന്ന ജൂനിയർ ആയ പയ്യൻ അങ്ങനെ ചോദിച്ചപ്പോൾ ഒലിപ്പിക്കുന്നതാണെന്നു തന്നെ ഞാൻ ഉറപ്പിച്ചു..

കോളേജിലെ തന്നെ അറിയപ്പെടുന്ന കലാകാരനായ, RD എന്നെല്ലാവരും വിളിക്കുന്ന റോഷനെ ഞാൻ പരിചയപ്പെടുന്നത്, ഒരു ഡിപ്പാർട്മെന്റ് ഫങ്ഷന് രംഗോലി ചെയ്യുന്ന അവനെ സഹായിക്കാൻ ചെന്നപ്പോഴാണ്…. അതിനു മുന്നേ ഫ്രഷേഴ്‌സ് ഡേയുടെ അന്നു എന്നെത്തന്നെ നോക്കി നിന്നവനെ പറ്റി ഞങ്ങൾ ഹോസ്റ്റലേഴ്സിന്റെ ഇടയിൽ ചെറിയൊരു ടോക്കും നടന്നിരുന്നു… പക്ഷെ അതൊരു കുഞ്ഞുകുട്ടി അല്ലേ, അനിയനല്ലേ എന്നൊക്കെ പറഞ്ഞു ഞാനവരെ നിരുത്സാഹപ്പെടുത്തി … പിന്നെ അന്നത്തെ രംഗോലി… അതിനു ശേഷം അവൻ ചെയ്യുന്ന ഇതുപോലുള്ള ചില വർക്കുകളിൽ സഹായിക്കാൻ ഞങ്ങൾ ഹോസ്റ്റലേഴ്‌സ് പോകാറുണ്ടായിരുന്നു… അപ്പോഴൊക്കെ എന്തോ അവനെന്നോടൊരു അടുപ്പക്കൂടുതൽ ഉണ്ടെന്നെനിക്കു തോന്നാറുണ്ട് … പലരും അങ്ങനെ പറഞ്ഞിട്ടുമുണ്ട്… പക്ഷെ അതു മറ്റൊരു രീതിയിൽ ആണെന്നെനിക്ക് തോന്നിയിട്ടില്ല..

പക്ഷെ, “വാവേ”എന്നൊക്കെ വിളിക്കാൻ പറഞ്ഞപ്പോൾ..”വേണ്ട മോനെ..എന്റെ സ്വന്തം ആങ്ങളയെ പോലും ഞാനങ്ങനെ വിളിച്ചിട്ടില്ല.. പിന്നെയാ ഇന്നലെ കണ്ട നിന്നെ… ” എന്നൊക്കെ ആക്കിപറഞ്ഞ് സ്നേഹപൂർവ്വം ഞാനവനെ ഒഴിവാക്കി.. ഡിഗ്രി പഠിച്ചത് കോൺവെന്റിൽ ആയതു കൊണ്ടോ, ആ പ്രായത്തിന്റെ പക്വത കുറവുകൊണ്ടോ ആൺകുട്ടികൾ കുറച്ചു അടുപ്പം കാണിക്കുമ്പോൾ അതു കോഴിത്തരം മാത്രമായേ അന്നൊക്കെ കാണാൻ സാധിച്ചിരുന്നുള്ളൂ…

ആത്മാർത്ഥ സുഹൃത്തിനോട് അതേപ്പറ്റി ഡിസ്‌കസ് ചെയ്തപ്പോൾ വേണ്ട മോളെ, കലാകാരനാ..വേഷവും, ഭാവവുമൊക്കെ കണ്ടിട്ട് ക ഞ്ചാവാണോന്നും ഡൌട്ട് ഉണ്ട്‌ (ഒട്ടും നീറ്റ് അല്ലാതെ മുഷിഞ്ഞ ജീൻസും, ടി ഷർട്ടും ഇട്ടു, മുടിയൊക്കെ എണ്ണ തേക്കാതെ ചെമ്പിച്ച്, അധികം സംസാരിക്കാത്ത എന്നാൽ അന്യായ കഴിവുകളുള്ള ഒരു മൊതല്..അതായിരുന്നു കോളേജ് RD എന്നു വിളിക്കുന്ന റോഷൻ ദിവാകർ ).. നീയൊരു ഡിസ്റ്റൻസ് ഇട്ടു നിന്നാൽ മതിയെന്ന് അവളും ഉപദേശിച്ചു… അങ്ങനെ ഞാൻ അവനിൽ നിന്നൊരു അകലം പാലിക്കാൻ തുടങ്ങി.. അല്ലെങ്കിലേ സാമർത്ഥ്യകൂടുതൽ കൊണ്ട് ടീച്ചേഴ്സിന്റെ കണ്ണിലെ കരടാണ് ഞാൻ, ഇനി എല്ലാവരെകൊണ്ടും പറയിക്കാൻ ഒരു വിഷയം ഉണ്ടാക്കേണ്ട എന്നെനിക്കു തോന്നി…. രംഗോലി പോലുള്ള കലാപരിപാടികളിൽ നിന്നൊക്കെ പതിയെ ഒഴിവാകാനും തുടങ്ങി…

“നിങ്ങളോടെനിക്ക് പ്രേമമാണെന്നു കരുതിയിട്ടാണോ, എന്നിൽ നിന്നുള്ള ഈ ഒഴിഞ്ഞുമാറ്റം ” ഒരിക്കൽ എന്റെ മൊബൈലിലേക്ക് അവനയച്ച മെസ്സേജ് ആണിത്..

“എടോ, വാവേ എന്നു വിളിക്കാൻ പറഞ്ഞതൊരിക്കലും ഒലിപ്പിച്ചു ഒരു റൂട്ട് ഇടാനല്ല… എനിക്കു നിങ്ങളെ ഇഷ്ടമാണ്… അതു സുഹൃത്തായോ, പെങ്ങളായോ, കാമുകിയായോ ഒന്നുമല്ല “.. എട്ടാമത്തെ വയസ്സിൽ ഞങ്ങളെ ഇട്ടിട്ടുപോയ എന്റെ അമ്മയുടെ മുഖമാണ് നിങ്ങൾക്ക്… അമ്മയെന്നെ വാവേ എന്നാണ് വിളിച്ചിരുന്നത്.. അതൊന്നു കേൾക്കാനുള്ള കൊതികൊണ്ടാണ് വാവേ എന്നുവിളിക്കാൻ പറഞ്ഞത്…”

ആ ചാറ്റിംഗ് മണിക്കൂറുകളോളം നീണ്ടു… ചേട്ടന് പതിനൊന്നും, അവനെട്ടും വയസ്സുള്ളപ്പോൾ അമ്മ ക്യാൻസർ വന്നു മരിച്ചതും, മക്കളെ നോക്കാൻ ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛൻ വേറെ വിവാഹം കഴിച്ചതും, രണ്ടാനമ്മയൊരു പാവമാണെങ്കിലും അവനൊരിക്കലുമവരെ സ്നേഹിക്കാൻ സാധിക്കാത്തതും തുടങ്ങി ഒറ്റപ്പെടലിന്റെയും, വേദനയുടെയും, സ്നേഹമില്ലായ്മയുടെയും ഒരുപാട് കഥകൾ… പടം വരച്ചും, എഴുതിയും കോളേജിൽ സ്റ്റാർ ആയ, പെൺകുട്ടികളുടെ ആരാധനാ പാത്രമായ, ക്യാഷിന്റെ അഹങ്കാരം ആവശ്യത്തിലധികം ഉണ്ടെന്നു തെറ്റിദ്ധരിച്ചവനിൽ നിന്നും ഒരിക്കലും കേൾക്കുമെന്ന് വിചാരിക്കാത്ത ഒരുപാട് കാര്യങ്ങൾ…

ഒന്നും എന്നെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ പറഞ്ഞതല്ലെന്നു ബോധ്യമായത് പിറ്റേന്ന് കോളേജിൽ വെച്ചു പേഴ്സിൽ സൂക്ഷിച്ചിരുന്ന അമ്മയുടെ ഫോട്ടോ കാണിച്ചപ്പോഴാണ്… എന്തിനും ഒപ്പമുള്ള നിഷയെ ആ ചിത്രം കാണിച്ചപ്പോൾ അവളും വല്ലാതായി… എനിക്കാണെങ്കിൽ ആകെ ശ്വാസം മുട്ടി.. തലവേദനയെന്നു നുണ പറഞ്ഞു ഹോസ്റ്റലിൽ ചെന്നൊരുപാട് കരഞ്ഞു… ആ സ്ത്രീ എന്റെ ഫോട്ടോ കോപ്പി ഒന്നുമല്ല… പക്ഷെ ഒരമ്മയുടെ രൂപം അവനെന്നിൽ കാണാനുള്ള എന്തൊക്കെയോ ആ ചിത്രത്തിലുണ്ട്… അമ്മയുടെ സ്ഥാനത്ത് ഒരാൾ എന്നെ കാണുക.. വേറെ ഏതൊക്കെയോ വൈകാരിക തലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു എന്റെ മനസ്സ്… കുറേദിവസങ്ങൾ, അവനെ തെറ്റിദ്ധരിച്ചു പോയതിന്റെ കുറ്റബോധത്തിൽ അവനെയൊന്നു ഫേസ് ചെയ്യാൻ പോലും ബുദ്ധിമുട്ടി ഞാൻ നടന്നു…

അന്നത്തെ കാമുകനും, ഇന്നത്തെ ഭർത്താവുമായ മനുഷ്യന്റെ രണ്ടു ചീത്ത കേട്ടപ്പോൾ.. ചെയ്ത തെറ്റുകളെല്ലാം..ഇരട്ടിയായി അവനെ സ്നേഹിച്ചുകൊണ്ടു തിരുത്തണമെന്ന് തോന്നി… ആ സ്നേഹം അവനിൽ ഉണ്ടാക്കിയ മാറ്റം അവിശ്വസനീയമായിരുന്നു.. മുടിവെട്ടാതെ, നല്ല വേഷങ്ങളിടാതെ തോന്നിവാസം നടന്നിരുന്നവൻ എന്റെ ചെറിയ ശാസനകളിൽ മര്യാദരാമനായി… സത്യത്തിൽ ഞാനെന്തു പറഞ്ഞാലും അനുസരിക്കും എന്നപോലെ… അവനിലൂടെ അവന്റെ ചേട്ടനും, അച്ഛനുമെല്ലാം എന്റെ പ്രിയപ്പെട്ടവരായി… സ്നേഹിച്ചില്ലെങ്കിലും രണ്ടാനമ്മയെ വിഷമിപ്പുക്കരുതെന്നു പറഞ്ഞപ്പോൾ അവനവരോട് അനുകമ്പ കാണിക്കാൻ തുടങ്ങി.. എനിക്കു തന്നെ ഇതൊക്കെ അത്ഭുതം ആയിരുന്നു.. ഹൃദയത്തിൽ തൊട്ട സൗഹൃദങ്ങൾ ഉണ്ട്‌, പക്ഷെ ഇതുപോലൊരു പ്രത്യേക സ്നേഹം ഒരാളിൽ നിന്ന് ലഭിക്കുക.. അതും അത്രയും ആത്മാർത്ഥമായി…

കോഴിക്കോട് ആണ് അവരുടെ നാട്… നാട്ടിൽ പോയി വരുമ്പോൾ എന്തൊക്കെയോ എനിക്ക് കഴിക്കാൻ കൊണ്ടുവരും.. പിന്നെ ഈ കുപ്പിവളകളും, മാലയും അങ്ങനെയൊക്കെ എനിക്കായി വാങ്ങിവരും… അതൊക്ക ഞാൻ ഉപയോഗിക്കാറില്ലെങ്കിലും ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്… അതുപോലെ അവൻ വരച്ച എന്റെ എത്രയോ ചിത്രങ്ങൾ… അവന്റെ ചിത്രങ്ങളിലെല്ലാം സെറ്റുമുണ്ടുടുത്ത ഒരു തനിനാടൻ അമ്മയുടെ രൂപഭാവങ്ങളായിരുന്നു എനിക്ക്‌… അവന്റെയാ സ്നേഹം ആ പ്രായത്തിലേ ആഴത്തിൽ മനസ്സിൽ പതിഞ്ഞത് കൊണ്ടാണോ എന്നറിയില്ല സെറ്റുമുണ്ടിനോട് വല്ലാത്തൊരു ഇഷ്ടമാണെനിക്കെന്നും … ഉടുക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണെങ്കിലും…. അതൊരു സന്തോഷമാണ്…

കോളേജിൽ ഞാൻ RD യുടെ ചേച്ചി ആയിരുന്നു പലർക്കും .. നാത്തൂനെ സോപ്പിടുന്ന പോലെ കുറെ പെൺകുട്ടികൾ അവനെ വളച്ചൊടിക്കാൻ എന്നിലൂടെ ശ്രമിച്ചിരുന്നു… ആദ്യമായൊരു ഷോർട്ഫിലിം അവർ ചെയ്തത് കോളേജിൽ വെച്ചു റിലീസ് ചെയ്തപ്പോൾ ഞാൻ ഏറ്റവും മുൻനിരയിൽ ഉണ്ടാകണം എന്നത് അവന്റെ വാശി ആയിരുന്നു.. പിന്നീട് ടീച്ചേഴ്‌സൊക്കെ അവന്റെയൊരു രക്ഷാകർത്താവിനെ പോലെ എന്നോട് സംസാരിക്കുമായിരുന്നു… കല മാത്രം പോരാ പഠിക്കാൻ പറയണം…അങ്ങനൊക്കെ… ഒരു മോനെക്കുറിച്ചു അമ്മയോട് സംസാരിക്കുന്നതു പോലെ തന്നെ… കറങ്ങി നടക്കുന്നത് കാണുമ്പോൾ ഞാൻ വഴക്ക് പറയും, തല്ലും.. കോമ്പറ്റീഷനോക്കെ പുറത്തേക്കു പോകുമ്പോൾ “അച്ചു ഞാൻ പോയിട്ടു തിരിച്ചെത്താൻ വൈകുന്നൊക്കെ” പറഞ്ഞിട്ട് പോകും.. എന്തിനാടാ എല്ലാം പറയുന്നേ എന്നു ചോദിക്കുമ്പോ “ചോദിക്കാനും, പറയാനുമൊന്നും ആരും ഇല്ലെടോ.. അച്ഛനും, ചേട്ടനുമൊക്കെ വിളിക്കാറുണ്ട്, അന്വേഷിക്കാറുമുണ്ട്, പക്ഷെ നിങ്ങളോട് പറയുമ്പോ പോയിട്ടു തിരിച്ചെത്തുന്നതു വരെ കാത്തിരിക്കുന്ന അമ്മയെ പോലൊരാൾ ഉള്ള സന്തോഷം.. അതാണ്‌..” ആ ദിവസങ്ങളും, അവന്റെ സ്നേഹവുമൊക്കെ വല്ലാത്തൊരു സന്തോഷം തന്നിരുന്നു എനിക്കും…

പിന്നീട് എന്റെ വീട്ടിലും അവൻ പ്രിയപ്പെട്ടവനായി… വീട്ടിൽ നിന്നു വരുമ്പോൾ എന്നേക്കാൾ അവനുള്ള ഫുഡൊക്കെ ആയിരുന്നു അമ്മ തന്നു വിടുക.. അമ്മയില്ലാത്ത കുഞ്ഞല്ലേ, അതിനെന്തൊക്കെയാ കഴിക്കാൻ ആഗ്രഹന്നൊക്കെ നീ ചോദിക്ക്‌ എന്നൊക്കെ പറഞ്ഞു… എല്ലാവർക്കും അവനെ വലിയ കാര്യമാണ്…

അതിനിടയിൽ ഒന്നിന് പകരം ഒരായിരം വട്ടം “വാവേ ” എന്നു വിളിച്ചു അവനോടുള്ള കടം ഞാൻ വീട്ടിയിട്ടുണ്ട്…

പഠിത്തം കഴിഞ്ഞു… ഹയർ സ്റ്റഡീസിന് അവൻ ഡൽഹിക്ക് പോയി… അതിനിടയിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഹാർട്ട്‌ അറ്റാക്കിൽ അവന്റെ അച്ഛനും മരിച്ചു… അതും അവൻ ലീവിന് നാട്ടിൽ എത്തിയൊരുദിവസം എന്നെ വിളിച്ച് “അച്ചു, നിങ്ങളെന്തെങ്കിലും പറ…അച്ഛൻ സീരിയസ് ആയി ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു ” ICU വിനു മുന്നിൽ അവൻ എന്നെ വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം മരിക്കുന്നത് ..ഞാൻ പോയിരുന്നു… വല്ലാത്ത ഓർമ്മകളാണ് അതൊക്ക… പിന്നെ പഠിക്കുന്നത് തൊട്ടു എല്ലാത്തിലും അവൻ എന്റെ അഭിപ്രായം ചോദിക്കുവായിരുന്നു…

അവൻ ഡൽഹിയിൽ ആയിരുന്ന സമയത്താണ് എനിക്കൊരിക്കൽ പാമ്പ് കടിയേൽക്കുന്നതു … അവൻ ഗുരുവായൂരുള്ളൊരു സുഹൃത്തിനെ വിളിച്ചുപറഞ്ഞ് പൂജ നടത്തിച്ച്, പ്രസാദവുമായി ആ കുട്ടി തൃശ്ശൂര് ഞാൻ കിടന്ന ഹോസ്പിറ്റലിൽ എത്തി.. അതൊക്ക എനിക്കു മാത്രമല്ല എല്ലാവർക്കും മറക്കാനാകാത്ത അനുഭവങ്ങളായിരുന്നു..

ശേഷം ഞാൻ വിവാഹിതയായി, മോനായി അപ്പോഴൊക്കെ ആ ബന്ധം കൂടുതൽ ദൃഢമായതല്ലാതെ ഒരു കോട്ടവും വന്നില്ല.. മോനായി.. അവനെന്നെ അമ്മേ എന്നു വിളിച്ചു തുടങ്ങിയപ്പോഴാണ്, അമ്മ എന്ന സ്ഥാനത്തിന്റെ വില പൂർണ്ണമായും ഞാൻ ഉൾക്കൊള്ളുന്നത്.. അവനെനിക്ക് തന്നിരിക്കുന്നത് നിസ്സാരമായൊരു അവകാശമല്ലെന്നു പൂർണ്ണമായും ബോധ്യപ്പെടുന്നത്

കാലങ്ങൾ വീണ്ടും മുന്നോട്ടു പോയി…

പിന്നീട് ഒരു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ മാർച്ചിലാണ്‌ ചെറിയൊരു കാര്യത്തിന് അവനുമായി വഴക്കിടുന്നത്… അന്നവൻ മുംബൈയിൽ വർക്ക്‌ ചെയ്യുന്നു.. ഞാൻ കെട്ട്യോനോപ്പം ഉത്തർ പ്രാദേശിൽ മീററ്റിലും… അങ്ങോർക്ക് കാശ്മീരിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ ഞാൻ ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്നു ഒരു കോഴ്സ് ചെയ്യാൻ പ്ലാനിട്ട സമയം… വഴക്കിടാനുള്ള കാരണം എഴുതുന്നില്ല പക്ഷെ എന്തോ അതിനുശേഷം എനിക്കവനെ വിളിക്കാൻ തോന്നിയിട്ടില്ല… അവനെന്നെ വിളിച്ചട്ടുമില്ല… സത്യം പറഞ്ഞാൽ “വേണങ്കിൽ അവൻ വിളിക്കട്ടെ “എന്നൊരു അഹംഭാവത്തിൽ ആയിരുന്നു ഞാൻ.. പിന്നെ ചില പേർസണൽ പ്രശ്നങ്ങളും വന്നുപെട്ടപ്പോൾ വർഷങ്ങളായി എന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നവനെ ഞാൻ മറന്നു… ഞാൻ അന്നു ദേഷ്യത്തിൽ പറഞ്ഞ വാചകങ്ങൾ ഹൃദയത്തിൽ ഏൽപ്പിച്ച പോറലാണ് അവന്റെ ഒഴിഞ്ഞു മാറലിനു കാരണമെന്ന് എനിക്കറിയാമായിരുന്നിട്ടും വൃത്തികെട്ടൊരു തരം ഈഗോ മനസ്സിലിട്ടു അവനെ ഞാൻ ഒഴിവാക്കി.. അവന്റെ വിശേഷങ്ങൾ എല്ലാരും ചോദിക്കുമ്പോഴും ഞാൻ ദേഷ്യപ്പെട്ടു… എന്റെ മോൻ ചോദിക്കും റോഷൻ അങ്കിൾ എന്താ വിളിക്കാത്തതെന്നു… അവനോടും ഞാൻ ദേഷ്യം കാണിച്ചു..

മനസ്സു കൊണ്ടൊരിക്കലും എനിക്കൊരു തരി ദേഷ്യം അവനോടു തോന്നിയിട്ടില്ല… പക്ഷെ എന്തോ അവനെ വിളിക്കാനോ, സംസാരിക്കാനോ മനസ്സ് അനുവദിച്ചില്ല…

അത്രമാത്രം എന്തു തെറ്റവൻ ചെയ്തെന്നോ, എന്തിനു ഞാൻ ഇത്രയും ക്രൂരമായി പെരുമാറിയെന്നോ ചോദിച്ചാൽ എനിക്കറിയില്ല… പിന്നെ കൊഞ്ചിക്കാനും, ലാളിക്കാനും ചുറ്റും ഒരുപാട് പേരുള്ളത് കൊണ്ടുള്ള വാശി അതെനിക്ക് നന്നായുണ്ട്… വാശി അല്ല അഹങ്കാരം..

അഹങ്കാരമെല്ലാം പൊഴിഞ്ഞു വീണു ഞാൻ ഒന്നുമല്ലാതായതു എന്റെ ഒറ്റവാക്കിൽ അവന്റെ കോൾ വന്നപ്പോഴാണ്… പാവമെന്റെയൊരു വാക്കിനായി കാത്തിരിക്കുകയായിരുന്നു എന്ന തിരിച്ചറിവെന്നെ പൊള്ളിക്കുന്നുണ്ട്.. ഒപ്പം അവൻ പറഞ്ഞ വാക്കുകളും.. “ഒരുപാട് സ്‌നേഹിച്ചൊരാൾ ഒരുനാൾ ഒന്നും പറയാതെ ഇട്ടിട്ടു പോകുമ്പോൾ അതവരിലുണ്ടാക്കുന്ന മുറിവ് “

ഒരു ജന്മം മുഴുവൻ കുറ്റബോധം കൊണ്ടു എന്നെ നീറ്റാൻ മാത്രം ശക്തിയുള്ള ആ വാക്കുകൾ വന്നതവന്റെ ഹൃദയത്തിൽ നിന്നു തന്നെയാണ്… ഇനി ഞാനവനെ എത്ര സ്നേഹിച്ചാലും, മുൻപ് സ്നേഹിച്ചിരുന്നെന്നു പറഞ്ഞാലും ഈ ഒരുവർഷം കൊടുത്ത വേദനക്കൊന്നും പരിഹാരമല്ല…

ആരുമില്ലാത്തവന്റെ ദുഃഖം തന്നെയാണവൻ പറഞ്ഞത്.. എനിക്കു ചുറ്റും സ്നേഹിക്കാനൊരുപാട് പേരുള്ളത് കൊണ്ടു അവൻ പോയതൊരു ബുദ്ധിമുട്ടായിരുന്നില്ല പക്ഷേ ഒറ്റക്കായി പോയവന്റെ വിഷമം… ആരുമില്ലാത്തവന്റെ വിഷമം .. അതൊക്ക മനസ്സിലാക്കാൻ അവിടെ തന്നെ നിൽക്കണം.. എഴുതാനും, പറയാനും, ഉപദേശിക്കാനുമൊക്കെ എളുപ്പമാണ്.. പക്ഷെ എല്ലാ അർത്ഥത്തിലും അത് മനസ്സിലാവണമെങ്കിൽ അവരാകണം.. ആ അവസ്ഥയിൽ ആയിരിക്കണം…

അർത്ഥമില്ലാത്തൊരു മാപ്പും അയച്ചു അവിടെ നിന്നും എണീക്കുമ്പോൾ, മനസ്സിൽ നന്ദി പറഞ്ഞത് അടച്ചുപൂട്ടി ഇരുന്ന ലോക്ക്ഡൗൺ ദിനങ്ങളിൽ “നഷ്ടപ്പെട്ടുപോയ ഒരു സൗഹ്രദത്തെ വീണ്ടെടുക്കാം ” എന്ന ആശയം മുഖപുസ്തകത്തിലൂടെ എന്നിലേക്കെത്തിച്ച ആ നല്ല മനസ്സിനോട് കൂടിയാണ്…. ഒപ്പം എന്റെ മനസ്സു ചികയുകയായിരുന്നു വേദനിപ്പിച്ച് അവസാനിപ്പിച്ചൊരു സൗഹൃദം ഹൃദയത്തിന്റെ ഏതെങ്കിലും കോണിൽ മാറാല മൂടി കിടപ്പുണ്ടോ എന്ന്…

എന്തും ഒറ്റവാക്കിൽ നമുക്കവസാനിപ്പിക്കാം പക്ഷെ അതു അടുത്തയാളിൽ ഉണ്ടാക്കുന്ന മുറിവ്….. അതുകൊണ്ട് ഹൃദയത്തോട് ചേർത്തവരെ, ഹൃദയത്തിൽ സൂക്ഷിച്ചവരെ, അത്രമേൽ സ്നേഹിച്ചവരെ… വിട്ടുകളയാതിരിക്കാം … ഒന്നിനു വേണ്ടിയും….. ചിലപ്പോൾ അതു തിരുത്താൻ ഒരവസരം പോലും കാലം തന്നെന്നു വരില്ല…