അമ്മയുടെ കഷ്ടപ്പാട് ആണ്‌ എന്റെ പഠിത്തവും ജീവിതവുമെന്നു എനിക്കു നന്നായി അറിയാം….

ഒളിച്ചോട്ടം

എഴുത്ത്: അരുൺ നായർ

:::::::::::::::::::::::::::::

ഏക മകൾ ഒളിച്ചോടി പോയിട്ടും ജീവിക്കാൻ വേറെ മാർഗ്ഗമൊന്നും ഇല്ലാത്തതുകൊണ്ട് മീൻ വിറ്റിട്ടു വരും വഴി ഭവാനിയമ്മ കണ്ടു അയൽവക്കകാരും നാട്ടുകാരും ഒക്കെ തന്നെ നോക്കി പരിഹസിക്കുന്നു…..ചിലർ പറയുന്നത് കേൾക്കാം അമ്മ വേലി ചാടിയാൽ മകൾ മതിലും ചാടും എന്നു പറയുന്നത് എത്ര സത്യം ആണെന്ന്….. ആരോടും ഒരു പരിഭവവും കാണിക്കാതെ ഭവാനിയമ്മ ആ കളിയാക്കലും കേട്ടു വീട്ടിലേക്കു നടന്നു….. വീടിന്റെ തൊട്ടു അടുത്തു എത്തിയപ്പോൾ അപ്പുറത്തെ വീട്ടുകാരും ഒളിച്ചോടിയവളുടെ അമ്മയെ നോക്കികൊണ്ട്‌ നിൽക്കുന്നുണ്ടായിരുന്നു…..ഭവാനിയമ്മ അവരെ ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് ഒന്നും മിണ്ടാതെ വീട്ടിലേക്കു കയറി പോയി…….

വീട്ടിലെത്തി നോക്കിയപ്പോൾ ഭവാനിയമ്മ കണ്ടു ഭർത്താവ് ഉടു തുണിക്കു മറുതുണി ഇല്ലാതെ കള്ളും കുടിച്ചു ബോധമില്ലാതെ കിടക്കുന്നു…. ഇങ്ങേരുടെ കച്ചവടം ഇന്ന് നേരത്തെ തീർന്നോ…. തീർന്നു കാണും വണ്ടിയിൽ നടന്നല്ലേ വിൽക്കുന്നത്…..

ഭവാനിയമ്മ ഫ്രിഡ്ജിൽ നിന്നും കുറച്ചു വെള്ളം എടുത്തു കുടിച്ചു കൊണ്ട് ഓരോന്നും ചിന്തിച്ചിരുന്നു ….ഏക മകൾ സ്നേഹയുടെ ഓർമ്മകൾ അവരെ തേടി എത്തി…തന്റെ ജീവിതത്തിൽ ദൈവം തന്ന പുണ്യം അവൾ മാത്രമാണ്…… അവൾക്കു വേണ്ടി മാത്രം ആയിരുന്നു താൻ ജീവിച്ചത്……എന്നിട്ടും അവൾ എന്നെ ഉപേക്ഷിച്ചു പോയി…എന്നാലും നന്നായിട്ടു വന്നാൽ മതി ആയിരുന്നു…….മക്കൾ എത്ര വലിയ തെറ്റു ചെയ്താലും ഒരമ്മക്ക് അങ്ങനെ മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളു……

അതിനിടക്ക് ഭർത്താവ് ഉറക്കത്തിൽ സ്നേഹേ വിളിച്ചു കൊണ്ട് എന്തൊക്കെയോ പിറുപിറുക്കുന്നത് അവർ കേട്ടു…..ഉള്ളിൽ ദുഃഖം കാണും അല്ലങ്കിൽ ഇങ്ങനെ ക ള്ള് കുടി പതിവ് ഇല്ല…….പാവം ഉള്ളിൽ വിഷമം കാണും……

ഓരോന്നും ചിന്തിച്ചിരുന്നപ്പോൾ മൊബൈലിലേക്ക് ഒരു കാൾ വന്നു…. പരിചയം ഇല്ലാത്ത നമ്പർ ആണ്…. മകൾ ആയിരിക്കും അവർ പെട്ടെന്ന് തന്നെ ഫോൺ എടുത്തു ചെവിയോട് അടുപ്പിച്ചു….. എടുത്തതും അവർ കേട്ടു തന്റെ മകളുടെ ശബ്ദം താൻ ഏറ്റവും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം…..

“”അമ്മേ,,, അമ്മ എന്നോട് പൊറുക്കണം…..ഞാനും ശ്യാം ചേട്ടനും തമ്മിൽ അത്രക്കും അടുത്തു പോയി…….അച്ഛനോട് പറഞ്ഞാൽ പഠിക്കുക അല്ലെ പറഞ്ഞു ഇപ്പോൾ കല്യാണം നടത്തില്ല….. അത്കൊണ്ട് ആണ് അമ്മേ ഞാൻ ഇറങ്ങി പോന്നത്…..എന്നെ ശപിക്കരുതേ അമ്മേ……. അമ്മ വിഷമിക്കുകയും ചെയ്യരുത് എനിക്കു സുഖം ആണ്….. “”

ശ്യാം ഇവിടെ പലചരക്കു കട നടത്തുന്നത് ആണ്….. അവനാള് മോശമൊന്നുമല്ല എന്നാലും കല്യാണം നടത്തി കൊടുക്കുക ആയിരുന്നു എങ്കിൽ ഒരു അന്തസ് ഉണ്ടയേനെ….. ഭവാനിയമ്മ മനസ്സിൽ ഓർത്തു…..

“”എന്നിട്ട് അമ്മയുടെ മോൾ ഇപ്പോൾ എവിടെ ആണ്……??? മോൾക്ക്‌ സുഖം ആണോ…..??? അച്ഛൻ വിഷമം കൊണ്ട് കുടിച്ചു കിടക്കുക ആണ്…. വിളിക്കണോ മോളെ….??? “”

“”വേണ്ട അമ്മേ……അമ്മ പറഞ്ഞാൽ മതി…….പിന്നെ പ്രത്യേകം പറയണം വന്നു വഴക്ക് ഒന്നും ഉണ്ടാക്കരുതെന്നു….എനിക്ക് ഇവിടെ സുഖം ആണ് അമ്മേ…..ഞങ്ങൾ രജിസ്റ്റർ വിവാഹം ഇന്നലെ ചെയ്തു…… ഇപ്പോൾ ഞാൻ ശ്യാം ചേട്ടന്റെ വീട്ടിൽ ആണ്…….ഇവിടെ ചേട്ടന്റെ അമ്മ മാത്രം അല്ലെ ഉള്ളു “”

“”മോളെ അപ്പോൾ നിന്റെ പഠിത്തം “” ഭവാനിയമ്മ സ്നേഹത്തോടെ ചോദിച്ചു

“”കോളേജിൽ ഞാൻ ഇവിടുന്നു പൊക്കോളാം….. അമ്മ വിഷമിക്കണ്ട ഞാൻ പഠിച്ചോളാം….അമ്മയുടെ കഷ്ടപ്പാട് ആണ്‌ എന്റെ പഠിത്തവും ജീവിതവുമെന്നു എനിക്കു നന്നായി അറിയാം…..എന്നാൽ ഞാൻ ഫോൺ വെക്കുകയാണ് അമ്മേ പിന്നെ വിളിക്കാം…. അമ്മ വിഷമിക്കരുതേ….. “”

“”അമ്മക്ക് വിഷമം ഒന്നുമില്ല…. മോളു സന്തോഷത്തോടെ ജീവിച്ചാൽ മാത്രം മതി….. അമ്മക്ക് അതു മാത്രം കേട്ടാൽ മതി…. “”

മകൾ സന്തോഷത്തോടെ ജീവിക്കുന്നത് കേട്ടിട്ടു ഭവാനിയമ്മക്ക് സന്തോഷം ആയി….

ഭർത്താവ് എഴുന്നേറ്റപ്പോൾ ഭവാനിയമ്മ കാര്യം പറഞ്ഞു…..ദേഷ്യം വന്നു എങ്കിലും അയാൾ ഒന്ന് ചിരിച്ചതേ ഉള്ളു…….

ദേഷ്യം ഉണ്ടെന്നു ഭവാനിയമ്മക്ക് മനസിലായതുകൊണ്ട് സ്നേഹയോട് കുറച്ചു ദിവസം കഴിഞ്ഞു അമ്മ പറഞ്ഞിട്ട് വീട്ടിലേക്കു ശ്യാമിനെയും കൂട്ടി വന്നാൽ മതിയെന്നു അവർ മകളെ ഫോൺ വിളിച്ചു പറഞ്ഞു….. അല്ലേലും കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ……

കുറെ കാലം കഴിഞ്ഞപ്പോൾ ഭവാനിയമ്മക്കും ഭർത്താവിനും മകളെ കാണണം എന്ന ആഗ്രഹം സഹിക്കാൻ വയ്യാതെയായി……അയാൾ അത് അവരോട് പറഞ്ഞു…..

“”ഞാൻ വഴക്ക് ഉണ്ടാക്കും പേടിച്ചു അവരോട് വരാതെ ഇരിക്കേണ്ട പറഞ്ഞേക്ക്……ഒരാഴ്ച വന്നു നിന്നിട്ടു പോകാൻ പറ….. ഇവിടുന്നു ആണെങ്കിലും അവനു കടയിലോട്ടു പോകാമല്ലോ…..പിന്നെ മോൾക്ക്‌ ഇപ്പോൾ അവധിയും അല്ലെ….. “”

ഭവാനി സന്തോഷത്തോടെ ആ കാര്യം മകളെ വിളിച്ചു പറഞ്ഞു…..സ്നേഹക്കും സന്തോഷം ആയി….കുറെ നാൾ കൂടി അമ്മയോട് ഒപ്പം ഇരിക്കാമല്ലോ….

സ്നേഹയും ശ്യാമും ഒരു ഞായറാഴ്ച ദിവസം വന്നു……അന്ന് എല്ലാവര്ക്കും അവധി ആണല്ലോ…. മകളുടെയും മരുമകന്റെയും വരവ് അവർ ആഘോഷിച്ചു…..അടുത്ത ദിവസം രാവിലെ എല്ലാവരും ജോലിക്ക് പോയി…….

ജോലിക്ക് പോയിട്ട് വന്നപ്പോൾ ഭവാനി കാണുന്നത് കീറി പറിഞ്ഞ ചുരിദാറും ഇട്ടു മകൾ സ്നേഹ വെട്ടുകത്തിയും എടുത്തു ഭദ്രകാളിയെ പോലെ നിൽക്കുന്നു…….എതിരെ നിൽക്കുന്നത് തന്റെ കെട്ടിയോനും……

“”സ്നേഹ പറയുന്നുണ്ട് ഇനി മേലാൽ എൻ്റെ ദേഹത്ത് തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടുമെടാ കാ മഭ്രാന്താ….സ്വന്തം മോളെ പോലെ കണ്ടു സ്നേഹിക്കണ്ടതിനു പകരം നാണം ഇല്ലല്ലോടാ ചെറ്റേ…. “”

ഭവാനിയെ കണ്ടതും സ്നേഹ ഓടി ചെന്നു അവളുടെ ചുമലിൽ ചാഞ്ഞു….

“”അമ്മേ…… ഇയാൾ എന്നെ നശിപ്പിക്കാൻ നോക്കി അമ്മേ…..അമ്മയോട് ഞാൻ പറഞ്ഞില്ലെന്നേയുള്ളൂ ഇയാൾ മുൻപും ഇങ്ങനെ പെരുമാറാൻ ശ്രമിച്ചിട്ടുണ്ട്…..പിന്നെ അമ്മയുടെ ജീവിതം ഞാൻ കാരണം പോകണ്ട വച്ചു ഞാൻ പറഞ്ഞില്ല എന്നെ ഉള്ളു……..അത്കൊണ്ട് ആണ് ഞാൻ ശ്യാം ചേട്ടനോട് കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു ഇറങ്ങി പോയത് കൂടെ……ഇപ്പോൾ അയാൾ ചോദിക്കുവാ…… എന്തായാലും ഒരാളുടെ കൂടെ കിടക്കുന്നില്ലേ എങ്കിൽ എനിക്ക് കൂടി തരാൻ…….പ ട്ടി…കൊല്ലുകയാണ് ചെയ്യേണ്ടത് ഈ കാ മഭ്രാന്തനെ…..അമ്മ പേടിക്കണ്ട അമ്മേ…ഞാൻ ശ്യാം ചേട്ടനോട് എല്ലാം പറഞ്ഞിട്ടുണ്ട്…അമ്മയെ ഞങ്ങൾ അവിടെ കൊണ്ടു പൊക്കോളാം…..””

വീട്ടിലേക്കു കയറാതെ സ്നേഹ അവിടെ നിന്നു തന്നെ ശ്യാമിനെ വിളിച്ചു വരുത്തിയിട്ട് ഭവാനിയമ്മയോട് ഒപ്പം അവിടെ നിന്നു…. ശ്യാം അങ്ങോട്ടു ബൈക്കിൽ എത്തി….എത്തിയതും അയാൾക്ക്‌ അയാളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല……സ്നേഹയുടെ അച്ഛൻ എന്നു പറയുന്ന മനുഷ്യന്റെ കരണകുറ്റിക്കു ഒരെണ്ണം കൊടുത്തിട്ടു അയാൾ സ്നേഹയേം കൂട്ടി പോകാൻ ഇറങ്ങി…….പോകും നേരം ശ്യാം ഭാവാനി അമ്മയോട് പറഞ്ഞു….

“” അമ്മക്ക് എപ്പോൾ വേണമെങ്കിലും അങ്ങോട്ട്‌ വരാം…..ഞങ്ങൾ ഒരു കുറവും വരുത്തില്ല…. പക്ഷെ ഇയാളെ പോലെയൊരാൾ ഉള്ളടത്തേക്കു ഞങ്ങൾ ഒരിക്കലും ഇനി വരില്ല….. ഇനിയും ഇവിടെ നിന്നാൽ ഞാൻ അയാളെ കൊന്നു പോകും “”

ഭാവനിയമ്മക്ക് ഭൂമി താഴോട്ട് ഇറങ്ങി പോകും പോലെ തോന്നി…..അല്ലങ്കിൽ അങ്ങനെ ഇറങ്ങി പോകുന്നതാണ് നല്ലതെന്നു തോന്നി….. സമചിത്തതയോടെ അവർ എന്നിട്ടും പറഞ്ഞു…..

“”മോനെ ഇവളെ കൊണ്ടേ വീട്ടിൽ വിട്ടിട്ടു വാ……അപ്പോളേക്കും അമ്മയും റെഡി ആയിരിക്കാം….. ഞാനും വരുവാണ് നിങ്ങളുടെ കൂടെ……..””

ശ്യാമിനെയും സ്‌നേഹയെയും നോക്കി കരഞ്ഞു കൈ കൂപ്പി മാപ്പ് ചോദിച്ചു യാത്ര ആക്കി അവർ വീടിന്റെ ഉമ്മറത്തു വന്നിരുന്നു…..

“”എടി ഭവാനി, നിന്റെ മോൾ എന്നെ നാട്ടുകാരുടെ മുൻപിൽ മോശക്കാരൻ ആക്കി……ഞാൻ ഇനിയൊരു നിമിഷം ഇവിടെ നിൽക്കില്ല…… നീ എങ്ങനെ വാടക കൊടുക്കും നോക്കാം നമുക്കു…..എൻ്റെ പൈസക്ക് തിന്നു കൊഴുത്തിട്ടു ഇപ്പോൾ അവൾക്കു വേറെ ഒരുത്തൻ ആയപ്പോൾ തണ്ട് കാണിക്കുന്നു….നന്ദിയില്ലാത്ത വർഗം….. “”

അയാൾ ഒന്ന് നീട്ടി തുപ്പി ഭവാനിയമ്മയുടെ മുഖത്തേക്ക്…..

ഭവാനി അയാളുടെ കാലു പിടിച്ചു….. കണ്ടു നിന്ന അയൽക്കാർ എല്ലാം എത്രയും വൃത്തിക്കെട്ടവൻ ആണെന്ന് അറിഞ്ഞിട്ടും ഭവാനിയമ്മക്കു അയാളോടുള്ള സ്നേഹം കണ്ടു അത്ഭുതം പൂണ്ടു പോയി…..

“”ഇപ്പോൾ പോകരുത് നമുക്കു എല്ലാം പറഞ്ഞു ശരിയാക്കാം…..ഞാൻ ഒന്ന് ചിന്തിച്ചോട്ടെ വഴികൾ…. “”

തൊഴിച്ചു മാറ്റി പോകാൻ തുടങ്ങി എങ്കിലും ആരെയും കൊതിപ്പിക്കുന്ന സ്നേഹയുടെ ശരീരവും,മൊഞ്ചും അയാളെ അവിടെ പിടിച്ചു നിർത്തി…..

“”നീ അവളെ ഒപ്പിച്ചു തരും എങ്കിൽ ഞാൻ നിൽക്കാം…..അല്ലങ്കിലും നിന്നെ ഞാൻ കല്യാണം കഴിച്ചത് അവളെ കണ്ടു കൊണ്ട് തന്നെ ആണേടി…..ചെറുപ്പത്തിൽ തന്നെ അവളെ കണ്ടാൽ ആർക്കും കൊതിയാകുമായിരുന്നു……ഞാൻ പിന്നെ മൂത്തോട്ടെ വെച്ചു ക്ഷമിച്ചത് ആണ്…….മോളെ വിളിച്ചത് ചുമ്മാ ആൾക്കാരെ പറ്റിക്കാൻ മാത്രം…. “””

ഇത്രയും പറഞ്ഞു ക്രൂരമായി ചിരിച്ചുകൊണ്ട് അയാൾ അകത്തേക്ക് കയറി പോയി….

ഭവാനിയമ്മക്ക് രണ്ടാമത് ഒന്ന് കൂടി കല്യാണം കഴിച്ചതിൽ പശ്ചാത്താപം ഉണ്ടായി….എത്രയും വൃത്തികെട്ടവൻ ആണല്ലോ ഇയാൾ…. എങ്ങനെ തോന്നുന്നു മകളെ പോലെ കാണണ്ടവളെ…..

പറഞ്ഞത് കേട്ടില്ലേ എന്നെ അയൽ കല്യാണം കഴിക്കുമ്പോൾ വെറും അഞ്ചു വയസ് മാത്രം ഉണ്ടായിരുന്ന സ്നേഹയെ കണ്ടിട്ട് എന്നെ കല്യാണം കഴിച്ചതാണെന്നു…..അവൾ അവളുടെ അച്ഛനെ പോലെ ആണ് കാണാൻ……നല്ല സൗന്ദര്യം….ഭാഗ്യം മോൾ ഒളിച്ചോടി ആണെങ്കിലും പോയത്….. നല്ലൊരുത്തനെ കിട്ടിയല്ലോ…..

സ്നേഹ മോളുടെ അച്ഛൻ മരിച്ചപ്പോൾ ആരും ഇല്ലായിരുന്നു തുണക്കു…..വീടും ഇല്ലായിരുന്നു……അപ്പോൾ രക്ഷകൻ ആയി വന്നു കൂടെ കൂടി….. അങ്ങനെ കെട്ടിയത് ആണ് ഇയാളെ…….

അയാൾക്ക്‌ മക്കളെ ഉണ്ടാക്കാൻ മാത്രം ഞാൻ നിന്നു കൊടുത്തും ഇല്ല….സ്നേഹ മോളെ മകളെ പോലെ കണ്ടു സ്നേഹിക്കുന്നത് കണ്ടപ്പോൾ ഉള്ളു സന്തോഷിച്ചു പക്ഷെ ഇപ്പോൾ മനസിലായി എല്ലാം കാപട്യം ആയിരുന്നു എന്നു…….എന്തായാലും ഇവനെ വെറുതെ വിടാൻ പാടില്ല…….

അവരുടെ മനസ്സിൽ അയാളോട് ദേഷ്യം ഇരച്ചു കയറി…. തീർക്കും ഞാൻ അയാളെ അവർ മനസ്സിൽ ഉറപ്പിച്ചു….. അയാളെ കൊല്ലാൻ പ്ലാൻ ചെയ്തു അവർ അകത്തു കയറിയതും കണ്ടു കള്ളും കുടിച്ചിട്ട് അയാൾ കയറി കിടന്നു ഉറങ്ങുന്നു……

പിന്നെ ഒരു നിമിഷം കളയാൻ അവൾക്കു തോന്നിയില്ല….വെളിയിൽ ഇരുന്ന കമ്പിപ്പാര എടുത്തു അയാളുടെ ഉടലു കുത്തി പൊളിച്ചു….വലിച്ചൂരിയെടുത്തു തന്റെ സർവ ശക്തിയുമെടുത്തു കമ്പിപാര വച്ചു തലക്കിട്ടു ഒന്ന് കൊടുത്തു…….അയാൾ വേദന കൊണ്ട് പുളയുമ്പോൾ ഒരെണ്ണം കൂടി കൊടുത്തു….അയാൾക്ക്‌ ഒന്ന് അനങ്ങാൻ പോലും സാധിച്ചില്ല……

മരിച്ചെന്നു ഉറപ്പു ആയപ്പോൾ അവർ വെളിയിലേക്കു ഇറങ്ങി…..

വെളിയിൽ അവളെയും കാത്തു നിന്ന ശ്യാമിന്റെ മുൻപിലൂടെ അവൾ കമ്പിപ്പാരയും ആയി നടന്നു നേരെ പോലീസ് സ്റ്റേഷനിലേക്ക്…….

അപ്പോളും ആ അമ്മ പറയുന്നുണ്ടായിരുന്നു “”മോനെ എൻ്റെ മകളെ പൊന്നു പോലെ നോക്കണേ…..അവളുടെ മാനത്തിനു വില പറഞ്ഞ നാറിയെ ഈ അമ്മ കൊന്നിട്ട് പോകുന്നു ജയിലിലോട്ടു…. “”

************

അഭിപ്രായം പ്രതീക്ഷിക്കുന്നു സൗഹൃദങ്ങളെ……