അമ്മയോട് തിരിച്ചൊന്നും പറയാൻ പറ്റാത്തതിന്റ അമർഷവും പരിഭവവും കൃത്യ സമയങ്ങളിൽ ഞാൻ…

Story written by Kavitha Thirumeni

:::::::::::::::::::::::::::::::::::::::

“ഇവൾക്കെന്താ നാളെ പരീക്ഷയാണോ…? 24 മണിക്കൂറും ഈ ബുക്കിൽ നോക്കിക്കൊണ്ട് ഇരിക്കാൻ… ചുമ്മാതല്ലെടി ആ കണ്ണ് ഉണ്ടക്കണ്ണായി പോയത്….”

അനൂപേട്ടന്റെ സംസാരം കേട്ടപ്പോൾ തന്നെ ഞാൻ മുറി വിട്ട് പുറത്തേക്കിറങ്ങി….ഇന്നിതിപ്പോൾ ഉണ്ണാൻ നേരം എന്നെ കാണാത്തതിന്റെ വകയാ..മുന്നിൽ ചെന്നു പെട്ടാൽ നോക്കി ഭസ്മമാക്കി കളയുമെന്നു അറിയാവുന്നത് കൊണ്ട് ഞാനാദ്യം അമ്മയുടെ മറവിൽ ഒളിത്താവളം കണ്ടെത്തി….

” പിന്നെ അവള് ഏത് നേരവും നിന്റെ മുഖത്തോട്ടും നോക്കി ഇരിക്കണോ…?

അമ്മയാണ് മറുപടി കൊടുത്തു നിന്നത്..

“എന്താ എന്റെ മുഖം കാണാൻ കൊള്ളില്ലേ..?

” ഏയ്….ഇത്രേം ചേലുള്ള ചെക്കൻ ഈ കരയിൽ വേറെയുണ്ടോ…?

“ഓഹ്… ഊതിയതാണല്ലേ… നിങ്ങള് എന്താ ഒരുമാതിരി അമ്മായിയമ്മമാരെ പോലെ… ഞാനേ അമ്മേടെ മോനാ…ഹും..ഇവളാ മരുമോള്..”

“അറിയാം…എന്റെ മോൻ അവളെ പഠിപ്പിച്ചോളാമെന്ന് വാക്ക് കൊടുത്ത് കെട്ടികൊണ്ട് പോന്ന കാര്യവും അറിയാം..”

“ഞാനോ….എപ്പോ….?

” ദേ…ഒരു വീക്ക് വെച്ച് തന്നാലുണ്ടല്ലോ… പറഞ്ഞ വാക്കിന് വിലയില്ലാത്തവൻ.. എപ്പോളാണെന്നു.. ചോറുണ്ടിട്ട് എണീറ്റ്‌ പോടാ…..”

വന്ന് വന്ന് ഞാനിപ്പോൾ കഥേലെ വില്ലനായോ….ചെറുതായിട്ടൊന്ന് ചമ്മിയെങ്കിലും അമ്മയുടേം ഭാര്യേടേം മുന്നിലായത് കൊണ്ട് ഞാനങ് പോട്ടെന്ന് വെച്ചു.

അമ്മയോട് തിരിച്ചൊന്നും പറയാൻ പറ്റാത്തതിന്റ അമർഷവും പരിഭവവും കൃത്യ സമയങ്ങളിൽ ഞാൻ പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു..അത് കണ്ടിട്ടാവണം അമ്മു എന്റെ അരികിലേക്ക് വന്ന് പതിഞ്ഞ സ്വരത്തിൽ ചോദിച്ചത്..

” ഞാൻ പഠിക്കാൻ പോകുന്നത് ഇഷ്ടമല്ലേ…? അത്കേട്ടപ്പോൾ തെല്ലൊരു വിഷമമം തോന്നാതിരുന്നില്ല…

“എന്താടി അങ്ങനെ ചോദിച്ചത്….?

“അല്ല.. പഠിക്കുന്നത് കാരണം ഏട്ടന്റെ കാര്യങ്ങളൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ലാന്ന് തോന്നിയോ…?

” ഏയ്…അങ്ങനെയല്ല… ഉണ്ണാൻ വന്നപ്പോൾ നിന്നെ കണ്ടില്ല…എന്നാ പിന്നെ എന്റെ ഭാര്യയെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി ഷോ നടത്തിയതാ.. പക്ഷേ ഏറ്റില്ല….അല്ലാതെ നീ പഠിക്കുന്നതുകൊണ്ട് എനിക്ക് എന്ത് ഇഷ്ടക്കേടാ….”

” സത്യാണോ…?

“ആഹ്‌ന്ന്….നീ പഠിച്ചോടി..

കവിളതൊന്ന് നുള്ളി അമ്മുനെ ചേർത്ത് പിടിക്കുമ്പോൾ കാർമേഘം നീങ്ങി തെളിഞ്ഞൊരു വാനം പോലെയായി ആ മുഖം…

കല്യാണാലോചനയുമായി വീട്ടിൽ ചെന്നപ്പോൾ അവള് മുന്നോട്ടു വെച്ച ഒരേയൊരു നിബന്ധന വിവാഹശേഷവും പഠിക്കണമെന്നത് മാത്രമായിരുന്നു…അന്ന് എല്ലാത്തിനും സമ്മതം മൂളിയ അതേ ഞാൻ ഇന്ന് എതിർപ്പ് പ്രകടിപ്പിച്ചതോർത്തപ്പോൾ എന്നോട് തന്നെ വെറുപ്പ് തോന്നി….

പിന്നീട്‌ അങ്ങോട്ട് അമ്മൂന്റെ സ്വപ്നത്തെ ഞാൻ എന്റേത് കൂടി ആക്കാൻ തുടങ്ങുവായിരുന്നു….

രാവിലെ വിളിച്ചുണർത്തി പഠിപ്പിക്കുമ്പോഴും കട്ടൻചായ ഇട്ട് കൊടുക്കുമ്പോഴും
മുറതെറ്റാതെ അവൾ പറയാറുണ്ട് അച്ഛനായിരുന്നു പണ്ടത്തെ കൂട്ടെന്ന്…

ലൈബ്രറിയിൽ നിന്ന് അവളെക്കാൾ ഭാരമേറിയ പുസ്തകങ്ങളെല്ലാം വാരി കൂട്ടി വീട്ടിലേക്കെത്തുമ്പോൾ ഞാൻ ആശ്ചര്യപ്പെടാറുണ്ട് ഇതൊക്കെ കയറ്റാൻ ആ കുഞ്ഞിത്തലയ്ക്കുള്ളിൽ ഇത്രേം സ്ഥലമുണ്ടോന്ന്…

കുത്തിയും കുറിച്ചും രാവേറെ ഉറക്കമിളച്ചിരുന്ന കണ്ടപ്പോൾ ഒരിക്കൽ ഞാൻ ചോദിച്ചു….

‘ആർക്കുവേണ്ടിയാണ് നീയിത്ര കഷ്ട്ടപ്പെടുന്നതെന്ന്….” ക്ഷീണിച്ചതെങ്കിലും നേർത്ത പുഞ്ചിരിയോടെ അവള് തന്ന ഉത്തരം ‘അച്ഛൻ…..’ എന്നാണ്…

കുന്നോളം സ്വപ്നം കണ്ടിട്ടും അതൊന്നും യാഥാർത്ഥ്യമാവുന്നത് കാണാൻ ഭാഗ്യംകിട്ടാതെ പോയൊരു മനുഷ്യൻ…അമ്മൂന്റെ ആ മറുപടിയിൽ എനിക്ക് അഭിമാനമാണ് തോന്നിയത്…അവൾ എല്ലായിടത്തും വിജയിക്കും..അല്ലെങ്കിൽ തന്നെ ഓരോരുത്തരുടെ സന്തോഷത്തിന്‌ വേണ്ടി ഇത്രെയേറെ പ്രയത്നിക്കുന്നവൾ ജീവിതത്തിൽ എങ്ങനെ തോറ്റു പോകാനാണ്.. അതിനൊരു കൈത്താങ്ങായി ഞാനുമുള്ളപ്പോൾ..

കോളേജ് , ക്ലാസ്, എന്നൊക്കെ പറഞ്ഞ് നടന്നാലും വീട്ടിൽ അവളെന്റെ പ്രിയപത്നിയായും…അമ്മേടെ ഓമന മോളായും മാറും… സർവ്വ മേഖലകളിലും പൂർണ്ണ പങ്കാളിത്തം..

പരീക്ഷ അടുക്കുമ്പോഴുള്ള അമ്മൂന്റെ വെപ്രാളവും പരാക്രമവും കാണുമ്പോൾ സത്യത്തിൽ എനിക്ക് ചിരി വരാറുണ്ട്…ഈ കണ്ട രാത്രിയിലെല്ലാം കുത്തിയിരുന്നു പഠിച്ച പെണ്ണ് ഇത്രേവേണ്ടി പേടിക്കണ്ട കാര്യമുണ്ടോ….? പേന പൂജിക്കലും ക്ഷേത്രദർശനവും വഴിപാടുമൊക്കെയായിട്ട് അവളുടെ താളത്തിനുതുള്ളാൻ അമ്മയുമുണ്ടാവും..

ഒന്നും പഠിച്ചില്ലാന്ന് ഒരുനൂറ്‌ വട്ടം എന്റെ ചെവിയുടെ ചുറ്റും നടന്ന് പറഞ്ഞാലും റിസൾട്ട് വരുമ്പോൾ ആൾക്ക് ഫസ്റ്റ് ക്ലാസ്… ഇതൊക്കെ എങ്ങനെയാണോ എന്തോ…

പരീക്ഷയൊക്കെ കഴിഞ്ഞ്‌ തന്റെ മേഖലയിൽ കൂടുതൽ പരിജ്ഞാനമുള്ളവർക്ക് കീഴിൽ ജോലി ചെയ്യുമ്പോളും കൂടുതൽ അറിവ് നേടാനായി മാറി നിൽക്കേണ്ടി വന്നപ്പോഴും അവളെന്നെ തനിച്ചാക്കാതെ കൈയ്യിലൊരു ജൂനിയറെ തന്നിട്ടാണ് പോയത്…

ഇന്ന് കോടതി സമക്ഷത്തുകൂടി മോന്റെ കൈയ്യും പിടിച്ച് നടക്കുമ്പോൾ നേടിയതും നഷ്ടപ്പെടുത്തിയതുമായ കാലത്തിന്റെ കണക്കെന്നെ വ്യാകുലപ്പെടുത്തുന്നില്ല…കാരണം മജിസ്‌ട്രേറ്റ്ന്റെ റൂമിൽ ചെന്ന് വക്കീലേ… ന്ന് നീട്ടി വിളിക്കുമ്പോൾ നിയമ പുസ്തകവുമായി തിരിയുന്ന കറുത്ത കുപ്പായക്കാരിക്ക് എന്റെ ഭാര്യയുടെ മുഖമാണ്…