അറിയാതെ പറഞ്ഞു പോയത് ആണെങ്കിലും സംഗതി കയ്യിൽ നിന്നും പോയി എന്ന് അമ്മക്ക് മനസ്സിലായി…

Story written by MANJU JAYAKRISHNAN

“പത്താം ക്ലാസ്സു തോറ്റ ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ പെണ്ണ് മതി എനിക്ക് “

അത് പറയുമ്പോൾ ചേട്ടൻ “ഇവൻ ഈ നൂറ്റാണ്ടിൽ അല്ലേ ജീവിക്കുന്നെ ” എന്ന മട്ടിൽ എന്നെ നോക്കി. അനിയത്തിയുടെ സ്ഥിരം നോട്ടവും പിന്നെ ആക്കി ഒരു ചിരിയും

അമ്മ അടുക്കളയിൽ നിന്നും തവി ആയി ഇറങ്ങി വന്നു

“കണ്ട പെണ്ണുങ്ങൾ പറ്റിച്ചു എന്നു വച്ച് പഠിച്ച പെണ്ണുങ്ങൾ എല്ലാം അങ്ങനെ ആവുമോ “?

ഒന്നാമതു ഈ ഗ്രേഡ് ഒക്കെ വന്നതിൽ പിന്നെ പത്താം ക്ലാസ്സ്‌ തോറ്റ ഒരെണ്ണത്തിനെ മഷിയിട്ടു നോക്കിയാൽ കിട്ടില്ല, കൂടെ പാവപ്പെട്ടതും ആവണമല്ലോ?

അച്ഛൻ ഒതുക്കത്തിൽ അമ്മേടെ പുറകെ പോയി.

“ഏതാടി ആ പെണ്ണ് “……അച്ഛൻ ചോദിച്ചു

“പെണ്ണോ.. ഏത് “…………………

അറിയാതെ പറഞ്ഞു പോയത് ആണെങ്കിലും സംഗതി കയ്യിൽ നിന്നും പോയി എന്ന് അമ്മക്ക് മനസ്സിലായി

അത് നിങ്ങളുടെ വക്കീൽ സാറിന്റെ മോൾ ‘രാഖി’.സ്കൂൾ മുതലേ രണ്ടും കാഞ്ഞ ലൈൻ ആയിരുന്നു. എൽ എൽ ബി ക്ക് തേർഡ് റാങ്ക് കിട്ടിയപ്പോൾ മുതൽ ഒരുപാട് നല്ല ആലോചനകൾ വന്നു.. പിന്നെ അതൊരു ‘ പുളിങ്കൊമ്പ്’ ആയിരുന്നല്ലോ

ബാക്കി പൂരിപ്പിച്ചതു എന്റെ അനിയത്തി ആയിരുന്നു

“എന്നേക്കാൾ നല്ല പെണ്ണിനെ മനുവേട്ടന് കിട്ടും “

എന്ന സ്ഥിരം ക്ലീഷേ ഡയലോഗിൽ തേച്ചു ഭിത്തിയിൽ ഒട്ടിച്ചു.

അതിൽ പിന്നെ നന്നായി പഠിക്കുന്ന അല്ലെങ്കിൽ വിദ്യാഭ്യാസം ഉള്ള പെൺകുട്ടികളെ കണ്ടാൽ ഏട്ടൻ ചെകുത്താൻ കുരിശു കണ്ട പോലെ ആകും

അവൾ പഠിച്ചു നല്ല രീതിയിൽ ആയില്ല എങ്കിൽ ഏട്ടന്റെ കൂടെ കാണുമായിരിന്നു എന്ന് ഓർത്തിട്ടാവും..

എല്ലാരും പോയി കഴിഞ്ഞപ്പോൾ അനിയത്തി അടുത്തു കൂടി

“എടാ പോത്തേ തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ അതിന് ഇന്ന കാരണം ഒന്നും വേണ്ട ..”

“അവൾ നൈസ് ആയി ഒഴിവാക്കി” അത് തന്നെ

എങ്കിലും എന്റെ മനസ്സിലെ കനൽ കെട്ടിരുന്നില്ല. എന്റെ തീരുമാനത്തിന് ‘മൂന്നു കൊമ്പ് ‘ എന്ന് തന്നെ ഞാൻ ഉറപ്പിച്ചു

ഒടുവിൽ പത്താം ക്ലാസ്സ്‌ തോറ്റ ഒരു പെണ്ണിന്റെ ആലോചന വന്നു.വലിയ സാമ്പത്തികവും ഇല്ല. പെണ്ണിനെ പോലും കാണാതെ ഞാൻ സമ്മതം മൂളി

കല്യാണപ്പന്തലിൽ ആണ് ഞാൻ അവളെ ആദ്യം കാണുന്നത്..

നല്ല മാൻ മിഴികളും നീണ്ടു ചുരുണ്ട മുടിയും പാലിന്റെ നിറവും. ഏതു പെണ്ണിനെ കണ്ടാലും താരതമ്യം പോകുന്നത് പഴയ കാമുകിയായിട്ട് ആവുമല്ലോ.

‘അവളെക്കാൾ കൊള്ളാം ‘ ഞാൻ മനസ്സിൽ പറഞ്ഞു

ആദ്യരാത്രിയിലെ അവളുടെ ആഗ്രഹം കേട്ട് ഞാൻ ഞെട്ടിപ്പോയി

“അവൾക്ക് പഠിക്കണം “.

അവൾ പത്താം ക്ലാസ്സ്‌ തോറ്റതു പഠിക്കാഞ്ഞിട്ട് അല്ല . പെട്ടെന്ന് ഒരു ആക്‌സിഡന്റ് പറ്റിയത് കൊണ്ട് നാല് പരീക്ഷകൾ എഴുതാൻ പറ്റിയില്ല

എഴുതിയ എല്ലാ പരീക്ഷക്കും A+ ഉണ്ട്.

ആക്‌സിഡന്റിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. അമ്മാവന്റെ വീട്ടിൽ ആയി ബാക്കി ജീവിതം.. അമ്മായി അവളെ വേലക്കാരിയായി കണ്ടതു കൊണ്ട് പഠിക്കാൻ ഒന്നും വിട്ടില്ല

കല്യാണം കഴ്ഞ്ഞു കെട്ടിയ ചെക്കൻ പഠിപ്പിക്കും എന്നോർത്ത് അവൾ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു

“എന്റെ കാര്യങ്ങൾ നോക്കാൻ ആണ് നിന്നെ കെട്ടിയത് അല്ലാതെ പഠിപ്പിച്ചു വലിയ ജോലിക്കാരിയാക്കാൻ ഒന്നും അല്ല “

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി.കരഞ്ഞു കൊണ്ട് അവൾ തലയിണയിൽ അഭയം തേടി .. അങ്ങനെ ആദ്യരാത്രി കാളരാത്രിയായി

പിന്നീടുള്ള ദിവസങ്ങളിൽ എന്റെ എല്ലാ കാര്യങ്ങളും അവൾ നോക്കി.ഞങ്ങൾ ഒരുപാട് അടുത്തു . പതിയെ പതിയെ അവൾ എന്റെ ജീവനായി

അനിയത്തിയുടെ ബുക്കുകൾ ആവേശത്തോടെ നോക്കുന്ന അവളെ കാണുമ്പോൾ എനിക്ക് കുറ്റബോധം തോന്നും. അനിയത്തിയെ ഒരു ജോലിയും ചെയ്യാൻ സമ്മതിച്ചിരുന്നില്ല.

“പഠിക്കാൻ പറ്റുക എന്നൊക്കെ ഉണ്ടല്ലോ ഭാഗ്യമാണ് കുട്ടിയെ”

എന്നു പറഞ്ഞു കണ്ണുനീർ ഒപ്പും.

അച്ഛനും അമ്മയും പോലും പലവട്ടം അവളെ പഠിപ്പിക്കാൻ പറഞ്ഞു എങ്കിലും ഞാൻ കേട്ട ഭാവം വച്ചില്ല

ഒരിക്കൽ ഞാൻ അവളോട്‌ ചോദിച്ചു “നിനക്ക് പഠിക്കണോ “

വേണ്ട ഏട്ടാ…. അതൊക്കെ ഞാൻ മറന്നു…

അങ്ങനെ നീ മറക്കാൻ ഞാൻ സമ്മതിക്കില്ല.. നാളെ ട്യൂഷൻ ക്ലാസ്സിൽ പോകാൻ റെഡി ആയിക്കോ. ആദ്യം എഴുതാത്ത വിഷയങ്ങൾ എഴുതി എടുക്കുക.

“നീ ആഗ്രഹിക്കുന്ന അത്രയും നിന്നെ ഞാൻ പഠിപ്പിക്കും “

കേട്ട ഉടനെ പെണ്ണ് പരിസരം നോക്കാതെ നല്ല കിടിലൻ ‘ലിപ് ലോക്ക്.ഹാളിൽ ഇരുന്ന് ഇതു പറയേണ്ടി ഇരുന്നില്ല എന്ന് എനിക്ക് തോന്നി ‘.ലാസ്റ്റ് അമ്മ വന്ന് ‘ഇതെന്താ ‘ എന്ന് ചോദിച്ചപ്പോൾ പെണ്ണ് മുറിയിലേക്ക് പാഞ്ഞ്‌ പോയി

ഇപ്പോൾ അവൾ വക്കീൽ ആകാൻ പഠിക്കുന്നു. ഇതിന്റെ ഇടക്ക് ഒരു സുന്ദരിക്കുട്ടിയും ഞങ്ങൾക്കിടയിൽ വന്നു

വീടും പഠിത്തവും എല്ലാം അവൾ നന്നായി നോക്കി. ഒന്നിനും കുറവ് വരാതെ തന്നെ. കട്ട സപ്പോർട്ട് ആയി അമ്മയും പെങ്ങളും

ഒടുവിൽ എൽ എൽ ബിക്ക് ഒന്നാം റാങ്ക് അവൾ നേടി…

അനുമോദന യോഗത്തിൽ അവൾക്കുള്ള സമ്മാനം കൊടുത്തത് എന്റെ പഴയ കാമുകിയും. മറുപടി പ്രസംഗത്തിൽ എന്നെ അവൾ ‘ആദർശ ഭർത്താവ് ‘ ആക്കി മാറ്റി.

“ഓരോരുത്തരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടു വരാൻ ഈശ്വരൻ ഒരാളെ നിയോഗിക്കും”

എന്ന് അവൾ പറഞ്ഞപ്പോൾ എല്ലാവരും കൈയ്യടിച്ചു.എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞത് എനിക്കിട്ട് എട്ടിന്റെ പണി നൽകിയ കാമുകിയെ ആയിരുന്നു.

ഞാൻ ചെറിയ ചിരിയോടെ പഴയ തേപ്പിസ്റ്റിനെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നഷ്ടബോധം നിഴലിച്ചിരുന്നു