Written by Ammu Santhosh
വില്ലേജ് ഓഫീസിൽ പോയി തിരികെ വരികയായിരുന്നു ഞാൻ. നല്ല മഴ .വന്ന ഒരു ഓട്ടോ കൈ കാണിച്ചു ..കയറി ഇരുന്നു
“എങ്ങോട്ടാണ് പോകേണ്ടത് “?
“ഊളമ്പാറ “
അയാളുടെ ചുണ്ടിൽ ഒരു ചിരി …”ഭ്രാന്തു ആണല്ലേ ?”എന്ന ഒരു ഭാവം
“ഒറ്റയ്ക്കാണോ?””
“ഉം”
“അല്ല ഇങ്ങനെ ഒക്കെ യാത്ര ചെയ്യുമ്പോൾ കൂടെ ആരേലും വേണ്ടേ ? ഇങ്ങനെ ഒക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യാമോ ?”
” ചേട്ടനെന്താ ഉദ്ദേശിച്ചത് ? ..ഊളമ്പാറയിലെ മനോരോഗാശുപത്രിയാണോ ?ചേട്ടാ ഊളമ്പാറ ഒരു സ്ഥലം ആണ് പേരൂർക്കട പോലെ കവടിയാർ പോലെ വൈറ്റില പോലെ എടപ്പാൾ പോലെ ഒരു സ്ഥലം അവിടെ ഒരു ആശുപത്രി ഉണ്ടായി പോയത് കൊണ്ട് പോകുന്നവരെല്ലാം ആശുപത്രിയിലേക്കാണ് എന്ന് എന്തിനാ ചിന്തിക്കുന്നത്…?”
ചേട്ടന്റെ മുഖത്തൊരു ചമ്മൽ ..
“അല്ല ഞാൻ വെറുതെ തമാശക്ക് “
“തമാശ പറയാനുള്ള രോഗം ആണോ അത് ?
അത് പറഞ്ഞു ഞാൻ ആ സംഭാഷണം അവസാനിപ്പിച്ചു
ഇതേ പോലെ സിനിമ തീയേറ്ററിൽ വെച്ച് അടുത്ത സീറ്റിൽ ഇരുന്ന ഒരു പുരുഷൻ ഇന്റർവെൽ സമയത്തു ഏട്ടനും മോനും ജ്യൂസ് വാങ്ങാൻ പോയ തക്കം നോക്കി വീടെവിടെ എന്ന് ചോദിച്ചു, ഞാൻ ഊളമ്പാറ എന്ന് മറുപടി പറഞ്ഞതും തിരിഞ്ഞു ഇരുന്ന കക്ഷി പിന്നെ എന്നെ നോക്കിയിട്ടേയില്ല ..അങ്ങനെ ഗുണങ്ങളും ഉണ്ടായിട്ടുണ്ട് ഈ സ്ഥലപ്പേര് കൊണ്ട്
കല്യാണം ആലോചിക്കുമ്പോൾ വരന്റെ വീട് ഊളമ്പാറയിലാണ് എന്ന് പറഞ്ഞപ്പോൾ ഞാനും ഇതേ പോലെ ഒന്ന് ഞെട്ടിയിരുന്നു ..ആദ്യമൊക്കെ വീട് എവിടെയാണ് എന്ന് ചോദിച്ചാൽ ഞാൻ വേറെ സ്ഥലപ്പേര് പറയുമായിരുന്നു ഒരു പത്തു വര്ഷം മുന്നേ വരെ
എന്നെ മാറ്റിയെടുത്തത് സൈക്കോളജി പഠനമാണ്….
ഞാൻ അതിന്റെ ഭാഗമായി ഊളമ്പാറ ആശുപത്രിയിൽ കുറച്ചു നാൾസേവനം നടത്തിയിരുന്നു. ചില കാഴ്ചകൾ ചില അനുഭവങ്ങൾ നമ്മുടെ ജീവിതത്തെ ആകെ മാറ്റി മറിക്കും. അത്തരമൊരു കാലയളവ് ആയിരുന്നു അത്
അക്രമകാരികളായ രോഗികളുടെ സെല്ലിൽ ഞങ്ങൾ പോയിട്ടുണ്ട് ..സ്വന്തം വി സർജ്യം ഭക്ഷിക്കുന്നവർ .ഭൂതവും ഭാവിയും വർത്തമാനവും ഇല്ലാത്തവർ ..അന്നൊക്കെ തിരികെ വീട്ടിൽ വന്നു കഴിഞ്ഞാലും ഒറ്റക്കിരിക്കാനാ തോന്നുക ..ആരോടും സംസാരിക്കാനോ ചിരിക്കണോ ഒന്നും തോന്നാറില്ല ..മനുഷ്യന്റെ മനസ് ഒരു മുനമ്പിലാണ് …ഒരു നേർത്ത അഗ്രത്തിൽ നിന്ന് ബാലൻസ് ചെയ്യുകയാണ് ..എപ്പോൾ വേണേലും ഒരു ചെറിയ ഷോക്കിൽ അവൻ അഗാധമായ ഒരു ഗർത്തത്തിലേക്ക് പതിക്കും ..പിന്നെ എന്തെന്നറിയാതെ ചിരിക്കുകയും കരയുകയും ചെയ്യും .അവനെ കളിയാക്കരുത് കാരണം നമ്മൾ അവനാണ് ..ഏതു നിമിഷവും നമ്മെ തൊട്ടു കടന്നു പോകുന്ന ഒരു നേർത്ത കാറ്റു പോലെ ആ രോഗം ..അത് സത്യത്തിൽ ഒരു രോഗമല്ല ഒരു അവസ്ഥയാണ് ..നമുക്കുമുണ്ട് ചില അവസ്ഥകൾ തത്കാലം ഞാൻ അതിനെ ഫോബിയ എന്ന് വിളിക്കാം
ചിലർക്ക് ഉയരങ്ങൾ പേടിയാണ് ..മരത്തിനു മുകളിലോ കെട്ടിടങ്ങൾക്കു മുകളിലോ എത്തി താഴേക്ക് നോക്കാൻ പേടിയാണ് ..അതിനെ അക്രോഫോബിയ എന്നാണ് പറയുക. വിമാനത്തിൽ കയറാൻ പേടിയുള്ളവർ ഉണ്ട് അത് എയറോഫോബിയ ആണ് . ഇരുട്ടിനെ പേടിയുള്ളവർ ഉണ്ട് സ്‌കോട്ടോഫോബിയ .രോഗങ്ങളെ പേടിക്കുന്നതിനെ പാത്തൊഫോബിയ എന്ന പറയുക ..എന്തിനു പൊടി വരെ ഫോബിയ ആകും കോണിയോഫോബിയ. ഏകാന്തതയെ ഉള്ള പേടിയെ നമ്മൾ ഓട്ടോഫോബിയ എന്ന് പറയും .ഇനിയുമുണ്ട് ഒരു പാട് ..വെറുതെ ഗൂഗിളിൽ ഒന്ന് തിരഞ്ഞാൽ മതി ..ഏതെങ്കിലും ഒന്ന് നമുക്കുണ്ടാകും ..ചിലപ്പോൾ ഒന്നിൽ കൂടുതൽ…ആ നമ്മൾ ആണ് മനോരോഗികളെ പരിഹസിക്കുന്നതും പുച്ഛിക്കുന്നതും .
നന്നായി ദേഷ്യപ്പെടുന്ന സമയത്തു ആരെങ്കിലും നമ്മൾ അറിയാതെ നമ്മുടെ ഒരു വീഡിയോ എടുക്കണം, എന്നിട്ടു ശാന്തമാകുമ്പോൾ അത് നമ്മൾ കാണണം ..നമ്മൾ തന്നെ വണ്ടി വിളിച്ചു വേഗം ആശുപത്രിയിൽ പൊക്കോളും ..അത്ര ബോർ ആയിരിക്കും അത് .
മൂന്നാർ സബ് കലക്ടറോട് ഒരിക്കൽ ഒരു ജനനേതാവ് ഊളമ്പാറയിലേക്കു വിടും എന്ന് പറഞ്ഞു പരിഹസിച്ചു ..അത് പറഞ്ഞയാളോട് ഞാൻ അന്ന് എന്റെ ഫേസ് ബുക്കിൽ എഴുതിയത് ഒരു വാചകം ആണ് ..”ഊളമ്പാറ എന്നത് അധമന്മാരുടെ സ്ഥലമല്ല ദൈവത്തിനേറ്റവും പ്രിയപ്പെട്ട മനുഷ്യരുടെ സ്ഥലമാണ് ..സബ് കളക്ടർക്ക് സുസ്വാഗതം ” സത്യം ആണത്.
..ഞാൻ പറയുന്നു എല്ലാം തിരിച്ചറിയപ്പെട്ടു ദുരിതം വഹിക്കുന്ന ഒരു പാട് പേരുള്ള ഭൂമിയിൽ ഓര്മകളില്ലതെ കഴിയുന്നവർ ഒരു തരത്തിൽ ഭാഗ്യവാന്മാരാണ് അവർ ദൈവത്തിനു പ്രിയപ്പെട്ടവരാണ് .നമ്മുടെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ചേർത്ത് പിടിക്കാൻ മനസ്സ് കാണിക്കേണ്ടതാണ് .
ചിലപ്പോളൊക്കെ ചുറ്റുമുള്ളവർ നിസ്സാര കാര്യങ്ങൾക്കു മറ്റുള്ളവരെ പരിഹസിക്കുകയും ദുഷിക്കുകയും ചെയ്യുമ്പോൾ ഞാൻ അവരെ ഓർക്കും.ഭൂതവും ഭാവിയും ഇല്ലാത്തവരെ . ദൈവം നമുക്കു തന്നിട്ടുള്ള ദാനങ്ങളെ ഓർക്കും .അങ്ങനെ ഓർമിക്കുമ്പോൾ എനിക്ക് അവരോടു സഹതാപം തോന്നും ..വഴക്കടിക്കാനോ ശാപവാക്കുകൾ പറയാനോ തോന്നില്ല .അങ്ങനെയുള്ള അവസരത്തിൽ അത്തരം ബന്ധങ്ങളിൽ നിന്ന് ഞാൻ അകലം പാലിക്കും ..കൃത്യമായ അകലം
..മാനസികരോഗികളല്ലാത്തവർ ആരുമില്ല .ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നേ ഉള്ളു . ദൈവത്തോട് നന്ദി പറയുക ഓരോ ദിവസത്തിനും ഓരോ മണിക്കൂറിനും ഒരു നിമിഷത്തിനും ..നിങ്ങൾ ഭാഗ്യം ചെയ്തവരാണ് ..
ഞാൻ നന്ദി പറയുന്നു. മുഖപുസ്തകത്തിലെ എനിക്കേറ്റവം പ്രിയപ്പെട്ട എന്റെ സുഹൃത്തിന് ..ഈ കാര്യം പറഞ്ഞപ്പോൾ ഇതൊരു പോസ്റ്റ് ആക്കാൻ പറഞ്ഞത് അവനായിരുന്നു ..മറ്റുള്ളവരിലേക്കും ഇത് എത്തട്ടെ എന്ന അവന്റെ നല്ല ചിന്തക്ക് …എന്റെ നന്ദി.. സ്നേഹം
08-12-2017