Written by Ezra Pound
അയല്പക്കത്ത് വാടകക്ക് താമസിച്ചിരുന്നവർ ഒഴിഞ്ഞു പോവുകയാണത്രെ….നിന്റെ ശബ്ദം കൊണ്ടുളള ശല്യമാണെന്ന് ഞാനും നിങ്ങളുടേ ഒളിഞ് നോട്ടം സഹിക്കാൻ വയ്യാഞ്ഞിട്ടാണെന്നവളും..
തർക്കം മൂക്കുന്നതിനിടെ കാളിംഗ് ബെല്ലടിച്ചതോണ്ട് രക്ഷപെട്ടു..അല്ലെങ്കി ചിരവക്കടി കിട്ടിയേനെ..അവൾക്കല്ല എനിക്ക്..
ചെന്നു വാതിൽ തുറന്ന് നോക്കിയപ്പോ അയല്പക്കത്തുള്ളവരാ…പടച്ചോനെ ഇനിയിപ്പോ ഒഴിഞ്ഞു പോവുന്നതിനു മുമ്പെനിക്കിട്ടു രണ്ടെണ്ണം തരാൻ ആവോ..കഷ്ടകാലത്തിനു വാതില്‍ തുറന്നും പോയി..
പക്ഷെ പേടിച്ചപോലൊന്നും സംഭവിച്ചീല..അവര്‍ താക്കോലിവിടെ ഏൽപ്പിച്ചു പോവാൻ വന്നതാ..വീടമസ്ഥൻ വന്ന് വാങ്ങിച്ചോളുമെന്നും പറഞ്ഞു ഞങ്ങളോട് യാത്രയും പറഞ്ഞവര്‍ പോയപ്പോ ഞാനാശ്വസത്തോടെ നെടുവീർപ്പിട്ട്..
ഉച്ചയൂണോക്കെ കഴിഞ് അവള് അലക്കാനുള്ളതൊക്കെ എടുത്തോണ്ട് അലക്ക് കല്ലിനടുത്തേക്ക് പോയി..ഞാൻ പതിവ്പോലെ ഫേസ്ബുക്കിലേക്കും കേറി..
സ്ക്രോൾ ചെയ്തോണ്ടിരിക്കുമ്പോഴാണ് പഴയൊരു പോസ്റ്റ് കണ്ണിൽപ്പെട്ടെ..ഭാര്യയുടെ സൗന്ദര്യം കാണാൻ അയല്പക്കത്തെ വീട്ടിലെ ജനാലയിലൂടെ നോക്കണമത്രേ..സംഗതി കൊള്ളാലൊ..
അപ്പോഴാണ് എന്നെയേല്പിച്ച താക്കോലിന്റെ കാര്യോർമ്മ വന്നത്..ഇതുതന്നെ അവസരം….
അപ്പൊത്തന്നെ താക്കോലുമെടുത്തോണ്ട് അയല്പക്കത്തെ വീട്ടിലേക്ക് വെച്ചുപിടിച്ചു..മാസ്കുള്ളത് ഉപകാരമായി..പെട്ടെന്നാരും തിരിച്ചറിയില്ലാലോ..
ഞങ്ങടെ വീട്ടിലെ അടുക്കള വശത്താണ് അവരുടെ ബെഡ്റൂമിരിക്കുന്നെ..അതോണ്ട് തന്നെ ബെഡ്റൂമിലെ ജനാല തുറന്നാൽ ഞങടെ അടുക്കളക്കാഴ്ചകളും അലക്കു കല്ലുമൊക്കെ വ്യക്തമായി കാണാം..അധികം ശബ്ദമുണ്ടാക്കാതെ ജനാല തുറന്നു..കണ്ട കാഴ്ച അതിമനോഹരമായിരുന്നു..
അവൾ അതായതെന്റെ കെട്യോൾ തുണിയലക്കുന്ന കാഴ്ച..ഏതൊ ഡിറ്റർജെന്റ് കമ്പനി പരസ്യത്തിലഭിനയിച്ചിരുന്ന നടിയെപ്പോലെ..ഇടക്കിടെ അഴിഞ്ഞുവീഴുന്ന മുടി വാരിക്കെട്ടി തുണികളിൽ സോപ്പ് തേച്ചുരച്ചു കല്ലേൽ അടിച്ചലക്കുന്ന കാഴ്ച കവിത പോൽ മനോഹരമായി തോന്നി..
സത്യത്തിലവൾക്കിത്രേം ഭംഗിയുണ്ടായിരുന്നോ..ശ്ശൊ അറിയാൻ വൈകിപ്പോയി..സാധാരണ അലക്കൊക്കെ കഴിഞ് അവൾ കുളിച്ചൊരുങ്ങി വന്നാലും എന്റെ നോട്ടം മൊബൈലിലേക്കായിരിക്കും..അവളെ നോക്കി നല്ലൊരു വാക്കുപോലും പറയാറില്ല..
തുണികൾ ബക്കറ്റിലേക്കിട്ടു കഴുകിയെടുക്കുമ്പോൾ അവളേതോ പാട്ട് മൂളുന്നുണ്ടെന്ന് തോന്നി..അവ്യക്തമായിട്ടാണെങ്കിലും കേൾക്കാനെന്തു രസാണ്..
കല്യാണത്തിന് മുമ്പേ അവൾ നന്നായ് പാടാറുണ്ടെന്നും നൃത്തം ചെയ്യാറുണ്ടെന്നുമൊക്കെ പറഞ്ഞതോർത്തുപോയി..പക്ഷെ ഒരിക്കൽപോലും അവളൊടൊരു പാട്ടുപാടാൻ ആവശ്യപ്പെട്ടില്ല..ഒരിക്കൽ പോലും നൃത്തം ചെയ്യിച്ചിട്ടില്ല..
ഫേസ്ബുക്കിൽ ആരെങ്കിലുമൊക്കെ പാടിയ പാട്ടുകൾക്കൊക്കെ ലൈക്കടിച്ചു നന്നായിട്ടുണ്ടെന്നു പറഞ് പ്രോത്സാഹിപ്പിച്ചപ്പോഴൊക്കെയും സ്വന്തം വീട്ടിലുള്ള മാണിക്യത്തെ മറന്നുപോയി..അല്ലെങ്കിൽ മറന്നതായി ഭാവിച്ചു..
ഇനിയങ്ങിനുണ്ടാവരുത്..ഇതിനൊക്കെ ഒരു മാറ്റമുണ്ടാവണം..അല്ലെങ്കിലും കുളിയൊക്കെ കഴിഞ്ഞു മുടിതുവർത്തിക്കൊണ്ടു വരുമ്പൊ ഹാ ഇന്നു പതിവിലധികം സുന്ദരിയായിട്ടുണ്ടല്ലോന്നൊക്കെ കേൾക്കാൻ ആരാ കൊതിക്കാത്തതു..
അവൾ അലക്ക് കഴിഞു തുണിയൊക്കെ ബക്കറ്റിലെക്ക് വാരിയിട്ടു അകത്തേക്കു പോവാനുള്ള പുറപ്പാടാണ്..
ഞാനിതൊക്കെ കാണുന്നുണ്ടെന്ന് അവളെ അറിയിച്ചാലോന്ന് കരുതി എടീ ശൂ ശൂ ന്നാക്കിയതേ ഓർമ്മയുണ്ടാരുന്നുള്ളു..ബോധം മറയുന്നതിന് മുമ്പെ മുട്ടൻ വടിയുമായി നില്ക്കുന്ന വീടമസ്ഥനെ കണ്ടതായോർക്കുന്നുണ്ട്..
ബോധം തെളിഞ്ഞപ്പൊ ആശുപത്രീലാരുന്നു..
താക്കോല്‍ വാങ്ങിക്കാൻ വന്ന വീട്ടുടമസ്ഥൻ വീടു തുറന്നിരിക്കുന്ന കണ്ടപ്പോൾ അകത്തേക്കു കേറി നോക്കിയതാണത്രേ..അപ്പോൾ കണ്ട കാഴ്ചയോ ജനാലയേക്കൂടെ ഏതോ വൃത്തികെട്ടവൻ അയല്പക്കത്തേക്ക് ഒളിഞ്ഞു നോക്കുന്നു..അതൊടെ അരിശം കയറിയ സാമദ്രോഹി കയ്യീക്കിട്ടിയ വടിയെടുത്ത് തലമണ്ടക്കടിച്ചതാ..
ഭാഗ്യത്തിനു ജീവൻ പോയീല..മാസ്ക് മാറ്റിയപ്പോഴാണത്രെ ആളെ മനസ്സിലായത്..
ഭാര്യയുടേ സൗന്ദര്യം നോക്കാൻ കേറിയതാണെന്നൊക്കെ പറഞ്ഞിട്ടും ആരും വിശ്വസിച്ചീല..
സ്വന്തം ഭാര്യ പോലും വിശ്വസിച്ചില്ല പിന്നെയല്ലേ നാട്ടുകാര്‍..അല്ലെങ്കിലും ഇന്നത്തെക്കാലത്ത് സത്യസന്ധതക്കൊന്നും ഒരു വിലയുമില്ലാന്നേ…
ഉണ്ടായതൊക്കെ അവളോടു പറഞ്ഞപ്പം അവള് പറയാണ് ഇത്രേം കാലം കൊന്നമരം കണക്കെ ഇങ്ങളെ മുന്നിലൂട്ടെ അങ്ങോട്ടുമിങ്ങോട്ടും ആടിയിട്ടും കാണാത്ത സൗന്ദര്യല്ലേ അപ്പുറത്തു പോയി കാണുന്നെന്ന്..
ആരോടു പറയാനാ..അനുഭവിക്കന്നെ..പണ്ടാരൊ പറഞ്ഞതുപോലെ വരാനുള്ളത് വഴിയിൽ തങ്ങൂലാലോ..
അല്ലെങ്കിലും ഈ എഴുത്തുകാരെ കുടിച്ച വെളളത്തിൽ വിശ്വസിക്കരുത്..അവരിങ്ങനെ ഓരോന്നെഴുതും നമ്മളെപ്പോലുള്ള മണ്ടന്മാർ അതൊക്കെ സത്യമാണെന്ന് കരുതി പരീക്ഷിക്കാനിറങ്ങും..എന്നിട്ടിപ്പൊ എന്തായി..കണ്ടില്ലേ എന്റവസ്ഥ.