ശമ്പളമില്ലാത്ത ജോലിക്കാരികൾ….
Written by Aswathy Joy Arakkal
:::::::::::::::::::::::::::::::::
ലോക്ക്ഡൗണിൽ പെട്ട്, പുറത്തിറങ്ങാൻ സാധിക്കാതെ ഭ്രാന്തു പിടിച്ചിരിക്കുന്നതിനിടയിൽ… മാതാശ്രീക്കൊപ്പം സീരിയൽ കാണാനിരിക്കുമ്പോഴാണ് പ്രമുഖ ചാനലിലെ ഒരു മെഗാസീരിയൽ ശ്രദ്ധയിൽപ്പെടുന്നത്..
” അമ്മയുടെ അവസാന ആഗ്രഹം സാധിക്കാൻ, പഠിച്ചു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയെ അവളുടെ ഇഷ്ട്ടം പോലും നോക്കാതെ, ഇമോഷണൽ ബ്ലാക്ക്മെയിലിംഗ് നടത്തി ഒരുത്തന്റെ തലയിൽ കെട്ടി വെയ്ക്കാൻ അതായത് വിവാഹം കഴിപ്പിക്കാൻ ഒരുപാട് പേർ നടത്തുന്ന പ്രകടനങ്ങൾ, നാടകങ്ങൾ …. “. കാര്യം ദുരന്തമാണെങ്കിലും എനിക്കപ്പോൾ ഓർമ്മ വന്നത് ലേഖയെയാണ്…
ലേഖ, അവളെ ഞാനാദ്യം കാണുന്നത് അഞ്ചു വർഷങ്ങൾക്കു മുൻപ്, ലേബർറൂമിന് അകത്ത് വെച്ചാണ്.. പൊതുവെ മറ്റുള്ളവരുടെ മുന്നിൽ വെച്ചു കരയുന്നതിൽ അഭിമാനക്ഷതമുള്ള ഞാൻ തലേദിവസം രാത്രി മുതലുള്ള വേദന കടിച്ചമർത്തി ഈരേഴു പതിനാലു ലോകവും കണ്ടിരിക്കുന്ന സമയത്താണ് അവിടേക്കു ലേഖയുടെ എൻട്രി.. കാഴ്ചയിൽ ഒരു ചെറിയ പെൺകുട്ടി, ആകെ ക്ഷീണിച്ചവശയായി വലിയ വയറും താങ്ങി അവിടേക്കെത്തി… ആ വേദനക്കിടയിലും ഇതിന് കല്യാണപ്രായം ആയോന്നുള്ള എന്റെ സംശയത്തിന് ഉത്തരം ലഭിച്ചത് അവിടെയുണ്ടായിരുന്ന നേഴ്സ് അവളുടെ പ്രായം ചോദിച്ചപ്പോഴാണ്… “19 വയസ്സ് “.. ഇരുപത്തിമൂന്നാം വയസ്സിൽ ലേബർ റൂമിലേക്ക് കയറിയ എന്നെ ശൈശവവിവാഹം കഴിപ്പിച്ച ഭാവത്തിൽ നിന്ന വീട്ടുകാരോട് മനസ്സിലൊരു പുച്ഛം പുച്ഛിച്ചു ഞാൻ വീണ്ടും വേദനയിലേക്കു തിരിച്ചെത്തി..
എന്റെ തൊട്ടപ്പുറത്തുള്ള ബെഡിലാണ് ലേഖയെ കിടത്തിയത്… ഡ്രിപ്പിട്ടു കിടക്കുന്നതോടൊപ്പം ഞങ്ങള് സംസാരവും തുടങ്ങി… അതുപിന്നെ അങ്ങനെയാണല്ലോ എന്തു അന്താരാഷ്ട്ര പ്രശ്നങ്ങളുണ്ടെങ്കിലും നമുക്ക് സംസാരിക്കാൻ എന്തൊക്കെ കാര്യങ്ങൾ കിടക്കുന്നു.. ഇടയ്ക്കിടെ എന്റെ മുഖഭാവം മാറുമ്പോൾ ” എനിക്കു പേടിയാവുന്നു ചേച്ചി, നല്ലോണം വേദനിക്കോന്നവള് ” ചോദിക്കും.. ഞാൻ സമാധാനിപ്പിക്കും… സിസ്റ്റർ ചിരിക്കും…
അങ്ങനെ സമയം ഇഴഞ്ഞു നീങ്ങുന്നതിനിടയിൽ ഇടയ്ക്കിടെ അമ്മമാരെ കാണാൻ അനുവദിക്കുന്നുണ്ട്, ഡോക്ടറു വന്നു പരിശോധിക്കുന്നുണ്ട്. അതിനിടയിൽ ഭർത്താവിന്റെ ഫോൺ വന്നെന്നു പറഞ്ഞു സിസ്റ്റർ അവൾക്കു ഫോൺ കൊണ്ടുകൊടുത്തു..
“അതുപിന്നെ ഏട്ടാ.. അമ്മ വിളിച്ചു പറഞ്ഞിരുന്നു, ഞാൻ പേടിയില് പെട്ടന്നു വിളിക്കാൻ മറന്നതാ.. “അങ്ങനെ ഈ കുട്ടി പേടിച്ചു ഇടക്ക് കരഞ്ഞൊക്കെയാണ് ഫോണിൽ സംസാരിക്കുന്നത്…
ഫോൺ കട്ട് ആയശേഷം വീണ്ടും അവളെന്നോടുള്ള സംസാരം തുടർന്നു…
“അതെ.. ഏട്ടൻ കുവൈറ്റിലാണ്, ഇവിടെ അഡ്മിറ്റ് ആയപ്പോ ഞാൻ ഏട്ടന് മെസ്സേജ് ചെയ്തു.. ഏട്ടൻ വിളിക്കാത്തപ്പോ പേടിയായി… ഏട്ടന്റെ വീട്ടിലൊക്കെ വിളിച്ചു പറഞ്ഞത് അമ്മയാണേ.. അതേട്ടന് പിടിച്ചില്ല… ഞാൻ വിളിച്ചു പറഞ്ഞില്ലല്ലോ. അതിനു ചീത്ത പറയാരുന്നു.. ” ആ പാവം കരഞ്ഞു കൊണ്ടത് പറഞ്ഞപ്പോൾ അവിശ്വസനീയതോടെ ഞാനവളെ നോക്കി…
ലേബർറൂമിൽ അയാളുടെ കുഞ്ഞിനേയും വയറ്റിലിട്ടു പ്രാണവേദന അനുഭവിച്ചവള് കിടക്കുമ്പോൾ എന്തിന്റെ പേരിലായാലും തന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നവളോട് എങ്ങനെയൊരു ഭർത്താവിനിങ്ങനെ പെരുമാറാൻ സാധിക്കുന്നു… പിന്നെയതൊന്നും സംസാരിക്കാനുള്ള സാഹചര്യവും, അവസ്ഥയും അല്ലാത്തതുകൊണ്ട് ഞാനൊന്നും പറഞ്ഞില്ല…
സമയം കൂടും തോറും “എനിക്കു പേടിയാവുന്നു ചേച്ചി, ഓപ്പറേഷൻ വേണ്ടി വരുവോ…? പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിക്കാനുള്ള സ്ഥിതിയൊന്നും വീട്ടിലില്ലേ.. പിന്നെ സർക്കാർ ആശുപത്രീല് കാണിച്ചാ ഏട്ടന്റെ വീട്ടുകാർക്ക് നാണക്കേടാണെന്ന് പറഞ്ഞിട്ടാ ഇപ്പൊ ഇല്ലാത്ത പൈസ മുടക്കി ഇവിടെ കാണിക്കണേ… ഇനി ഓപ്പറേഷൻ കൂടി വേണ്ടി വന്നാൽ അമ്മ എന്തു ചെയ്യുന്നറിയില്ല… അച്ഛൻ എന്റെ ചെറുതിലെ മരിച്ചതാ… പിന്നെ അമ്മ വീട്ടുപണിയൊക്കെ ചെയ്താ വളർത്തിയത്… പ്ലസ്ടു പരീക്ഷ കഴിഞ്ഞ് നിൽക്കുമ്പോഴാ എന്നെ കണ്ടിഷ്ടപ്പെട്ടു ഈ ആലോചന വന്നത്… എല്ലാരും പറഞ്ഞു വല്യ വീട്ടീന്നുള്ള ബന്ധം നടന്നാ ഭാഗ്യാന്ന്… അങ്ങനെ നടത്തിയതാ…എനിക്കു പഠിക്കാൻ ഇഷ്ട്ടായിരുന്നു.. പക്ഷെ അമ്മയും കൂടെ കരഞ്ഞു നിർബന്ധിച്ചപ്പോൾ… ” അങ്ങനെ എന്തൊക്കെയോ കഥകൾ അവൾ പറഞ്ഞു കൊണ്ടിരുന്നു …
“പാടുപെട്ടു കടം മേടിച്ചു കല്യാണം നടത്തിയ സമയത്ത് നിന്നെ നാലക്ഷരം പഠിപ്പിക്കാൻ വിടാൻ തോന്നിയില്ലല്ലോ അമ്മക്ക്? ” അതുവരെ മിണ്ടാതിരിക്കെന്നു പറഞ്ഞു ഞങ്ങളെ ശാസിച്ചിരുന്ന സിസ്റ്റർ അതും പറഞ്ഞു അവിടേക്കു വന്നു..
പിന്നെയും സമയം പൊയ്ക്കൊണ്ടിരുന്നു… വൈകുന്നേരം അഞ്ചുമണിക്ക് എന്നെ സിസ്സേറിയൻ ചെയ്യാൻ കൊണ്ടുപോയ സമയമായപ്പോഴേക്കും അവൾക്കും സിസ്സേറിയൻ തന്നെ വേണ്ടി വരുമെന്ന് ഉറപ്പായിരുന്നു… എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടോർത്തു “കുറച്ചു സമയം കൂടെ നോക്കിയിട്ട് മതിയെന്ന്” അവള് വാശിപിടിച്ചു…
പിന്നീട് സിസ്സേറിയൻ കഴിഞ്ഞ് ഒബ്സെർവഷനിൽ കിടക്കുമ്പോൾ ഞാൻ ലേഖയെപ്പറ്റി അമ്മയോട് ചോദിച്ചെങ്കിലും ഒന്നും അറിയാനായില്ല…. ശേഷം റൂമിലേക്ക് മാറ്റി പിറ്റേന്നാണ് “ആ കുട്ടിക്കും ഓപ്പറേഷൻ ആയിരുന്നു .. പെൺകുഞ്ഞാണെന്നൊക്കെ ” അമ്മ പറഞ്ഞത്… പോകുന്നതിനു മുൻപ് അവളെയൊന്നു കാണണം എന്നും ഞാനുറപ്പിച്ചിരുന്നു….
മൂന്നാംദിവസം കെട്ട്യോന്റെ കൈയും പിടിച്ചു വരാന്തയിലൂടെ നടക്കുമ്പോഴാണ്, പ്രസവ വാർഡിനു പുറത്തുകൂടെ ചുവരിൽ പിടിച്ചു ആയാസപ്പെട്ട് നടക്കുന്ന ലേഖയെ കാണുന്നത്… “അമ്മ കുഞ്ഞിന്റെ അടുത്താണെന്നും, വിളിച്ചു പറയാത്ത പിണക്കത്തിൽ ഇന്നാണ് കുഞ്ഞിനെ കാണാൻ കെട്ട്യോന്റെ വീട്ടുകാർ വരുന്നതെന്നും.. പെണ്ണാണെന്ന് അറിഞ്ഞപ്പോഴേ താല്പര്യമില്ലാതിരുന്നവർ കുഞ്ഞിന് നിറം കുറവ് കൂടി ആണെന്നു കണ്ടപ്പോൾ പിറുപിറുത്താണ് പോയതെന്നും… ഏട്ടന്റെ പിണക്കം ശെരിക്കങ്ങു മാറിയിട്ടില്ലെന്നും…” അങ്ങനെ എന്തൊക്കെയോ അവൾ പറഞ്ഞു…
ഒടുവിൽ ഡിസ്ചാർജ് ആയി യാത്ര പറഞ്ഞിറങ്ങുമ്പോൾ, സാധിക്കുമെങ്കിൽ സമയംപോലെ പഠിച്ചെന്തെങ്കിലുമൊരു ഡിഗ്രി എടുക്കാനും, ചെറുതാണെങ്കിലുമൊരു ജോലി സമ്പാദിക്കാനുമൊക്കെ ഞാൻ പറഞ്ഞു…. പരസ്പരം ഫോൺ നമ്പറും കൈമാറി പിരിഞ്ഞു…
ഒന്നുരണ്ടു പ്രാവശ്യം ഫോണിൽ സംസാരിച്ചു… “ഹോസ്പിറ്റലിൽ ബില്ലടക്കാനും, ഭർതൃ വീട്ടുകാരുടെ പത്രാസിനൊത്തു കുഞ്ഞിന് സ്വർണ്ണം വാങ്ങാനുമൊക്കെ ആയി ചക്കര ശ്വാസം വലിക്കുന്ന അമ്മയെപ്പറ്റി” അവള് പറഞ്ഞു…
“ഇത്രയും കഷ്ടപ്പെട്ടു അവൾക്കങ്ങോട്ട് തിരിച്ചു പോകേണ്ടെന്നു പറഞ്ഞപ്പോൾ “ഭർത്താവില്ലാതെ ഞാനനുഭവിച്ചത് ഒരു പെൺകുഞ്ഞുമായി എന്റെ കുട്ടി അനുഭവിക്കാൻ ഞാൻ സമ്മതിക്കില്ലെന്ന് ” പറഞ്ഞു അമ്മ വാശിപിടിച്ചു … എന്റെ ജീവിതം ഇങ്ങനെയൊക്കെ തന്നെ അവസാനിക്കുകയെ ഉള്ളു ചേച്ചി” എന്നു കൂടെയവൾ കൂട്ടിച്ചേർത്തു..സമാധാനിപ്പിക്കാൻ വാക്കുകൾക്കായും, പ്രശ്നപരിഹാരത്തിനായുമൊക്കെ ഞാൻ കുറെ തല പുകച്ചു…
പക്ഷെ, പിന്നീടവളെന്റെ കോളുകൾ എടുക്കാതായി… ഒരിക്കൽ വിളിച്ചപ്പോൾ ആ നമ്പർ സ്വിച് ഓഫ് ആണെന്നും പറഞ്ഞു… ദില്ലി വാസം തുടങ്ങിയതോടെ ഞാനും അതൊക്കെ വിട്ടു. എങ്കിലും ഇടക്കാലോചിക്കും…
ഇപ്പോൾ അഞ്ചു വർഷമായി… കോൺടാക്ട് ഒന്നുവില്ലെങ്കിലും അവളുടെ ജീവിതത്തിൽ എന്തു സംഭവിച്ചിരിക്കാം എന്നെനിക്ക് ഊഹിക്കാം… വീണ്ടും ഒരുപാട് ബാധ്യതകൾ വരുത്തി ആ അമ്മയവളെ ഭർതൃ വീട്ടിലയച്ചിരിക്കാം…. അവിടെ വീണ്ടും ഒന്നോ രണ്ടോ കുഞ്ഞുങ്ങളുടെ അമ്മയായി… ക്ലീഷെയ്…
ഒരുപക്ഷെ അന്നാ നേഴ്സ് പറഞ്ഞതുപോലെ “ആ അമ്മ അവളെ പഠിപ്പിച്ചിരുന്നെങ്കിൽ… “. സീരിയലിലെ വിവാഹം കഴിപ്പിക്കാനുള്ള പ്രകടനം ആ ഒരു പോയിന്റിലേക്കാണ് എന്നെ ചിന്തിപ്പിച്ചത്…
എനിക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടാണ് ഇപ്പോഴും പുരോഗമന ചിന്താഗതിയുമായി നിൽക്കേണ്ട മാധ്യമങ്ങൾ പോലും വിവാഹമാണ് ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്ന നിലയിൽ കഥകൾ പടച്ചു വിടുന്നത് … പഠിച്ചു കൊണ്ടിരിക്കുമ്പോൾ കെട്ടിച്ചു, രണ്ടോ മൂന്നോ മക്കളുമായി, ഭർത്താവിന്റെയും വീട്ടുകാരുടെയും ഇഷ്ട്ടാനിഷ്ട്ടങ്ങൾ മാത്രം നോക്കി, അടുക്കള പണിചെയ്തു തീർക്കാനുള്ളതാണോ പെണ്ണിന്റെ ജീവിതം… കൂടും, കുടുംബവും, ഭർത്താവും, മക്കളും എല്ലാം വേണം.പക്ഷെ അതുമാത്രമാണോ ജീവിതം…
പഠിപ്പ് … ജോലി.. ശമ്പളം… സ്വപ്‌നങ്ങൾ… ഇഷ്ടത്തിനൊരു ഡ്രസ്സ്…
പെണ്ണിന് ഏറ്റവും അത്യാവശ്യം വിവാഹമല്ല … വിദ്യാഭ്യാസവും, സ്വന്തം കാലിൽ നിൽക്കാനൊരു ജോലിയുമാണെന്നു എത്ര പറഞ്ഞാലും… അനുഭവങ്ങളുണ്ടായാലും പിന്നെയും സമൂഹം പണ്ടത്തെ ചങ്കരൻ തെങ്ങുമ്മേൽ തന്നെ എന്നപോലെ ഇതിലേക്ക് തന്നെയാണ്….
ലേഖയുടെ പോലെ, അടിമയുടമ ബന്ധമാണോ വിവാഹജീവിതത്തിൽ വേണ്ടത് …അയാളെ പേടിച്ചു, അയാളുടെ വീട്ടുകാരെ പേടിച്ചു. സ്വന്തമായി ഇഷ്ടങ്ങളൊന്നുമില്ലാതെ… പ്രസവമുറിയിൽ പോലും മനഃസമാധാനമില്ലാതെ… ഇനി ആ കുഞ്ഞിൽ ജീവിതം ജീവിച്ചു തീർത്ത്… ഇതൊരു ലേഖയുടെ മാത്രമല്ല ഒരുപാട് പെണ്ണുങ്ങളുടെ കഥയാണ്…
വിദ്യാഭ്യാസം ഉണ്ടായിട്ടും എല്ലാം സഹിച്ചു ജീവിതം ഹോമിക്കുന്നവരെ അല്ലെങ്കിൽ ഹോമിക്കേണ്ടി വരുന്നവരെ പറ്റിയൊന്നും ഇപ്പോൾ പറയുന്നില്ല…
ആണും പെണ്ണും ഈക്വൽ പാട്നേർസ് ആകുമ്പോഴേ എന്റെ അഭിപ്രായത്തിൽ വിവാഹ ജീവിതത്തിനു ഭംഗിയുണ്ടാകു .. അതിനവനെപ്പോലെതന്നെ അവൾക്കും വിദ്യാഭ്യാസം ഉണ്ടാകണം… സമ്പാദിക്കണം …അവൾക്കും ലോകപരിചയം വേണം… പരസ്പരം സ്നേഹവും, ബഹുമാനവും വേണം… ജോലിക്ക് മാത്രമല്ല വിദ്യാഭ്യാസം.. സ്വന്തമായി അഭിപ്രായങ്ങളുണ്ടാകാൻ, തീരുമാനങ്ങളുണ്ടാകാൻ… ലോകപരിചയമുണ്ടാകാൻ…
ഇതൊന്നുമില്ലാതെ എന്തും സഹിക്കുന്ന ശമ്പളമില്ലാത്ത വേലക്കാരികൾ ആകരുത് സ്ത്രീകൾ. അങ്ങനെയാക്കാൻ ശ്രമിക്കരുത് വീട്ടുകാർ…
ഒപ്പം കണ്ണീരും, കയ്യും കാണിച്ചു പഠിപ്പു നിർത്തി, വിവാഹം കഴിപ്പിക്കാതെ അവളെ പഠിപ്പിക്കുന്ന, നല്ലൊരു സ്ഥാനത്തെത്തിക്കുന്ന ശക്തമായ ചിന്തകളാണ് എല്ലായിടത്തും, എല്ലാ മേഖലകളിലും ഉണ്ടാകേണ്ടത്…. അതല്ലേ സ്ത്രീസമത്വം.. സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നതിന്റെ ആദ്യപടി.. എല്ലാം വിറ്റുപറക്കി, ഇല്ലാത്ത കടവും വാങ്ങി, പലപ്പോഴും അവളുടെ ഇഷ്ട്ടം പോലും നോക്കാതെ ഏതെങ്കിലുമൊരാളുടെ തലയിൽ വെച്ചു കൊടുക്കാൻ കാണിക്കുന്ന ഉത്സാഹം അവൾക്കു വിദ്യാഭ്യാസം കൊടുക്കാൻ കൂടെ കാണിച്ചിരുന്നെങ്കിൽ..
(എല്ലാവരും ഇങ്ങനെയെന്നല്ല പക്ഷെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ ജീവിതം ഹോമിക്കുന്ന വലിയൊരു ശതമാനം കുട്ടികളുണ്ട് )…