ഒരിക്കൽ പോലും ചേർത്തുപിടിക്കാത്തവൻ. സ്നേഹത്തോടെ ഒരു നോട്ടമോ ഒരു വാക്കോ കൊണ്ട് മനസ്സ് തൊടാത്തവൻ….

എഴുത്ത്: മഹാ ദേവൻ

::::::::::::::::::::::::::::::

അടുക്കളയിൽ പിടിപ്പതു പണിക്കിടയിൽ പിന്നിൽ നിന്നും ചുറ്റിപിടിച്ച കൈ കണ്ടവൾ ഒന്ന് ഞെട്ടി . പിന്നെ വിശ്വാസം വരാത്തപോലെ അവന്റെ മുഖത്തേക്കൊന്ന് നോക്കി. അവന്റെ മുഖത്തപ്പോൾ കണ്ട പുഞ്ചിരി അവൾക്ക് ആശ്ചര്യമായിരുന്നു.

ഒരിക്കൽ പോലും ചേർത്തുപിടിക്കാത്തവൻ. സ്നേഹത്തോടെ ഒരു നോട്ടമോ ഒരു വാക്കോ കൊണ്ട് മനസ്സ് തൊടാത്തവൻ.

വിവാഹം കഴിഞ്ഞ നാൾ മുതൽ ബെഡ്‌ഡിന്റെ രണ്ട് ആറ്റങ്ങളിലേക്ക് ജീവിതം പറിച്ചു നടുമ്പോൾ അവന് പറയാൻ പ്രാരാബ്ധങ്ങളുടെ കണക്കുകൾ മാത്രമായിരുന്നു.

ആ നെഞ്ചിലേക്കൊന്ന് പടരാൻ കൊതിക്കുമ്പോൾ അവന്റെ വാക്കുകൾ ആ പ്രയത്നത്തെ നിർജ്ജീകമാക്കും,

” നിനക്ക് ഈ ഒറ്റ വിചാരമേ ഉള്ളോ? മനുഷ്യൻ ഇവിടെ കടം കേറി കടലേതാ കരയേതാ എന്ന് അറിയാതെ നിൽക്കുമ്പോഴാ അവളുടെ ഒരു ശൃംഗാരം. ” എന്ന്.

അത്‌ കേൾക്കുമ്പോൾ മനസ്സൊന്നു പിടക്കും. പിന്നെ പുറം തിരിഞ്ഞ് കിടന്ന് കണ്ണീർ വാർക്കുമ്പോൾ പിടയുന്ന മനസ്സ് വിങ്ങലോടെ പറയുന്നുണ്ടാകും ” എന്റെ വിചാരങ്ങളെ ഒറ്റ അർത്ഥത്തിൽ കാണല്ലേ ഏട്ടാ.. പല അർത്ഥമുണ്ട് അതിന്. ഞാൻ ഒരു പെണ്ണാണ്. ഭാര്യയാണ്. ഒരുപാട് സ്വപ്നങ്ങളുമായി ദാമ്പത്യത്തിന്റെ പടവുകൾ കയറിയ ഒരു പാവം പൊട്ടിപ്പെണ്ണ് ! സ്നേഹം കൊതിക്കുന്ന മനസ്സുണ്ട് എനിക്ക്. അമ്മയാവാൻ തുടിക്കുന്ന ഹൃദയമുണ്ട്. അരികിലേക്ക് ചേരുമ്പോൾ ഒരു ചേർത്തുപിടിക്കലിനായ് കൊതിക്കാറുണ്ട്. പക്ഷേ…. “

ആ വിങ്ങലുകൾക്ക് കൂട്ട് തലയിണ മാത്രമായിരുന്നു.

എന്നാൽ ഇന്ന്… !

അവന്റെ ചേർത്തുപിടിക്കൽ അവൾക്ക് വല്ലാത്തൊരു അനുഭൂതി ആയിരുന്നു. എന്നും കൊതിയോടെ കാത്തിരുന്ന്, ഒടുവിൽ എല്ലാം വ്യഥയാണെന്ന തിരിച്ചറിവ് ആഗ്രഹങ്ങളെ അടുക്കളയിലെ കരിപുരണ്ട ചുവരുകൽക്കിളിലേക്ക് ഒതുക്കാൻ മനസ്സിനെ പഠിപ്പിച്ചപ്പോൾ…..

അവൾ അവന്റെ നെഞ്ചിലേക്കൊന്ന് ചാഞ്ഞു. പിന്നെ ഒന്നും പറയുവാൻ കഴിയാതെ നിറഞ്ഞ മിഴികൾ അടച്ച് നിന്നു.

ഒരു ഭാര്യ ഏറ്റവും ആഗ്രഹിക്കുന്ന ആ നിമിഷം അവൾ ആസ്വദിക്കുകയായിരുന്നു.

” ഇത്ര കാലം അവഗണിച്ചു. എനിക്കറിയാം ഞാൻ നല്ല ഒരു ഭർത്താവ് അല്ലെന്ന്. പക്ഷേ, എന്റെ പ്രശ്നങ്ങൾക്കിടയിൽ മറന്നുപോയ നിന്നെ ഒരു ദിവസമെങ്കിലും എനിക്ക് സ്നേഹിക്കണം. പ്രാരാബ്ധങ്ങളുടെ കെട്ടുപാടുകൾ പൊട്ടിച്ചെറിയാൻ കൂടെ നീ വേണം. അരികിൽ ഉണ്ടായിട്ടും അറിയാൻ കഴിയാത്ത നിന്നിലെ പെണ്ണിനെ അറിയാൻ….നിന്നിലൂടെ എന്റെ ആഗ്രഹങ്ങളെ പടുത്തുയർത്താൻ…..കൂടെ ഉണ്ടാവില്ലേ നീ? “

അവൾ പ്രണയാർദ്രമായ മനസ്സോടെ ഒന്ന് തലയാട്ടി… പിന്നെ കരഞ്ഞ കണ്ണുകൾക്കിടയിലൂടെ നിറഞ്ഞ പുഞ്ചിരിയോടെ അവന്റെ മാറിലേക്ക് ചാഞ്ഞു, കൊതിച്ചിട്ടും കിട്ടാതിരുന്ന് കിട്ടിയ ആ നിമിഷത്തെ ആവോളം ആസ്വദിക്കുംപ്പോലെ !

അന്ന് അവൾ ഒരുപാട് സന്തോഷവതി ആയിരുന്നു. അടുക്കളയിൽ നിന്നൊരു മോചനം. അവനോടൊപ്പം തോളുരുമ്മി കടലിന്റെ നീലിമ ആസ്വദിച്ചുകൊണ്ട് ഉപ്പുരുചി കവർന്ന കാറ്റിനൊപ്പം അലിഞ്ഞുകൊണ്ടൊരു നടത്തം. പിന്നെ മണ്തരികളിൽ ചേർന്നിരുന്ന് ഇതുവരെ കൊതിച്ചിട്ടും പറയാൻ കഴിയാത്ത സ്വപ്നങ്ങളെ കുറിച്ച് വാ തോരാതെ വാചാലയാകുമ്പോൾ അവന്റെ മുഖത്തു കണ്ട കറുപ്പ് അവളുടെ പെരുമാറ്റത്തോടുള്ള നീരസം ആണെന്ന് അവൾ അറിഞ്ഞില്ല.

നേരം സന്ധ്യയോടടുത്തപ്പോൾ കടൽ വിജനതയിലേക്ക് ഊളിയിടാൻ തുടങ്ങി. കഷ്ടപ്പാടിനെയും ചുമന്ന് അവസാന ഉന്തുവണ്ടിക്കാരനും ആ സായാന്ഹത്തോട് വിടപറയുമ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു. !

അതോടൊപ്പം ഒരു കാറ്റിനൊപ്പം അലിഞ്ഞുചേർന്ന സങ്കടത്തിൽ ഈ ദിവസം അവസാനിക്കാൻ പോകുന്നതിന്റെ മൂകത വട്ടം പിടിച്ചിരുന്നു. അത്‌ കണ്ടാവണം കടലിന്റെ തണുപ്പിനെ പ്രതിരോധിക്കാൻ ഒരു സിഗരറ്റ് കൊളുത്തികൊണ്ട് അവൻ പറയുന്നുണ്ടായിരുന്നു “ഇന്നിവിടെ തങ്ങാം നമുക്ക്. നിനക്ക് വേണ്ടി മാത്രം മാറ്റിവെച്ച ദിവസമാണിന്ന് ” എന്ന്.

ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ ഹണിമൂൺ യാത്രകളായിരുന്നു അപ്പോൾ അവളുടെ മനസ്സ് നിറയെ. കൂടണഞ്ഞ കിളികൾക്കൊപ്പം അവന്റെ നിഴൽ ചേർന്ന് അവളും പാതി മനസ്സോടെ കൂടണയാൻ തുടങ്ങുമ്പോൾ ആ രാത്രി മാത്രമായിരുന്നു അവളുടെ മനസ്സിൽ. ഒരുപാട് നേരം ആ നെഞ്ചിൽ കിടക്കണം.! എന്നിട്ട് ഇതുവരെ പറയാൻ കൊതിച്ച പരിഭവങ്ങളെ സ്നേഹത്തോടെ കഴുകികളയണം. ! പിന്നെ അവന്റെ നിശ്വാസത്തിന്റെ താളത്തിൽ മനം ചേർത്ത് പതിയെ സ്വപ്നങ്ങളുടെ മായികലോകത്തേക്ക് പറക്കണം. ! കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ കൊണ്ടായിരുന്നു അവൾ ആ രാത്രിയെ സ്വപ്നം കണ്ടത് !

ഫൈവ്സ്റ്റാർട്ട്‌ ഹോട്ടലിലെ മുറിക്ക് മുന്നിൽ എത്തുമ്പോൾ ആരെയോ ഫോൺ ചെയ്യുന്നതിനിടയിൽ അവൻ അവളോട് പറയുന്നുണ്ടായിരുന്നു ” നീ കേറി ഫ്രഷ് ആകൂ. ഞാൻ ദേ വരുന്നു ” എന്ന്. പിന്നെ റൂം കാണിക്കാൻ വന്ന റൂംബോയ്ക്ക് അഞ്ഞൂറിന്റെ നോട്ട് പോക്കറ്റിൽ തിരുകിവെക്കുമ്പോൾ വെറുതെ ഒന്ന് കണ്ണിറുക്കി അവൻ. പിന്നെ ഒന്ന് ചിരിച്ചു.

ആ സമയം ആ ചിരിക്ക് ഒരുപാട് അർത്ഥങ്ങള് ഉണ്ടായിരുന്നു.

അവൾ വാതിൽ ചാരി ഫ്രഷ് ആകുമ്പോൾ ശരീരത്തെക്കാൾ കുളിരുണ്ടായിരുന്നു മനസ്സിന്. ജീവിതത്തിൽ ഒരിക്കലും കിട്ടില്ലെന്ന്‌ കരുതിയ നിമിഷങ്ങൾക്കിടയിലൂടെ ആണ് കടന്ന്പോകുന്നത് എന്നോർക്കുമ്പോൾ ഹൃദയം വല്ലാതെ തുടിക്കുകയായിരുന്നു താലി ചാർത്തിയവന്റെ കരവലയങ്ങൾക്കിടയിൽ ചേർന്ന് കിടക്കാൻ.

പക്ഷേ, ഫ്രഷ് ആയി ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങുമ്പോൾ അവളെ കാത്തിരുന്നത് മറ്റൊരു മുഖം ആയിരുന്നു. അവൾ അയാളെ കണ്ട് പേടിയോടെ ഭിത്തിയിലേക്ക് പറ്റിച്ചേർന്നു. പിന്നെ ഉറക്കെ ” ഏട്ടാ ” എന്ന് വിളിക്കുമ്പോൾ വന്നവൻ സൗമ്യമായി പറയുന്നുണ്ടായിരുന്നു ” കുട്ടി വെറുതെ വിളിക്കണ്ട. ഇനി ഈ വാതിൽകടന്ന് അവൻ വരില്ല ” എന്ന്.

അവൾക്ക് ആ വാക്കുകൾ വല്ലാത്തൊരു ഷോക്ക് ആയിരുന്നു. ചേർത്തുപിടിച്ചത് ചതിക്കാൻ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോൾ അവളുടെ ഉള്ളൊന്ന് കിടുങ്ങി. ഒരു തരി സ്നേഹം പോലും കാണിക്കാത്ത ആ മനുഷ്യനോടൊപ്പം ഒന്നും പ്രതീക്ഷിക്കാതെ ഇത്രനാൾ നിന്നിട്ടും ഈ പെണ്ണിന്റ മനസ്സിനെ അയാൾ മനസ്സിലാക്കിയില്ലല്ലോ എന്നോർക്കുമ്പോൾ ഭർത്താവെന്ന മൃഗത്തോട് വല്ലത്തൊരു വെറുപ്പ് തോന്നി അവൾക്ക്. പിന്നെ ഇതുവരെ കിട്ടാതെ സ്നേഹം കണ്ട് മതിമറന്നു ചാടിപ്പുറപ്പെട്ട തന്നോട് തന്നെ പുച്ഛവും.

അവൾ ഭീതിയോടെ നാലുപാടും നോക്കുമ്പോൾ വന്ന് കേറിയവൻ അവളുടെ ചലനങ്ങൾക്കൊപ്പം കണ്ണുകളെ സ്വതന്ത്രമാക്കി വിടുകയായിരുന്നു.

അതേ സമയം പുറത്ത് ഭർത്താവ് ഒരു സിഗരറ്റിനു തീ കൊളുത്തി, ഇതുവരെ താൻ പോലും തൊടാത്ത ഉടയാത്ത ഉരുപ്പിടി കൊണ്ട് ഒരു കടമെങ്കിലും വീട്ടാൻ കഴിഞ്ഞല്ലോ എന്ന സംതൃപ്തിയോടെ.

ഈ ഒരു രാത്രി കൊണ്ട് വീടാൻ പോകുന്ന കടത്തിന്റെ കണക്കിൽ മതിമറന്ന് അവൻ റൂംബോയെ വിളിച്ച് രണ്ട് പെഗ്ഗിനു ഓഡർ ചെയ്യുമ്പോൾ അടച്ചിട്ട വാതിലിനുള്ളിൽ അവൾ ഒരു പേടമാനിനെ പോലെ നിൽക്കുകയായിരുന്നു.

ഇതൊരു ചതിയായിരുന്നു. സ്നേഹം കാണിച്ചപ്പോൾ അതിന് പിന്നിൽ ഇങ്ങനെ ഒന്ന്…..

ഒന്ന് മാത്രം അവൾക്ക് ഉറപ്പായിരുന്നു. ഈ നിമിഷം വരെ കാത്തുവെച്ചതെല്ലാം ഇന്നീ മുറിവിട്ടിറങ്ങുമ്പോൾ തനിക്ക് നഷ്ട്ടപ്പെട്ടിട്ടുണ്ടാകും. അവൾ പേടിയോടെ ഒന്നുകൂടി ചുവരിലേക്ക് ചേർന്നു.

പക്ഷേ, കേറിവന്നവന്റെ മുഖം ശാന്തമായിരുന്നു. ആ ശാന്തത പോലും അവളെ ഭയപ്പെടുത്തി. ഇരയെ പിടിക്കാൻ പതുങ്ങുന്ന പുലിയെ പോലെയായിരുന്നു അവൾക്ക് അയാൾ.

അയാൾ എഴുന്നേൽക്കുമ്പോൾ അവളുടെ ഹൃദയം പിടക്കാൻ തുടങ്ങി. കണ്ണുകൾ രക്ഷപ്പെടാൻ ഒരു വഴിതേടി…..കാലുകൾ കുതിച്ചുപായാൻ കൊതിക്കുന്നപോലെ…

നിമിഷങ്ങൾ ഇഴഞ്ഞിഴഞ്ഞ് മണിക്കൂർ ആകുമ്പോൾ പുറത്ത് വലിയ കടം വീട്ടിയ സന്തോഷത്തിൽ ആയിരുന്നു അവളുടെ ഭർത്താവ്.

ദൈർഘ്യമേറിയ നിമിഷങ്ങൾക്കൊടുവിൽ ആ വാതിൽ തുറക്കുമ്പോൾ അവളുടെ മുഖം പ്രസന്നമായിരുന്നു. അതുവരെ ഉണ്ടായിരുന്ന ഭയത്തിനു പകരം ചുണ്ടുകളിൽ ഒരു പുച്ഛം മാത്രം ഒളിപ്പിച്ചിരുന്നു.

അവരെ പ്രതീക്ഷിച്ച് പുറത്ത് അക്ഷമയോടെ കാത്തു നിൽക്കുന്ന അയാൾക്ക് മുന്നിൽ അവർ രണ്ട് പേരും വന്ന് നിൽക്കുമ്പോൾ അല്പം മുഖം താഴ്ത്തികൊണ്ട് അയാൾ പറയുന്നുണ്ടായിരുന്നു

” പോകാം.. ഇനിയും നിന്നാൽ അവസാനവണ്ടിയും പോകുമെന്ന് “

അത്‌ കേട്ട് അവളൊന്ന് പുഞ്ചിരിച്ചു. പിന്നെ അയാളുടെ മുഖത്തേക്ക് നോക്കികൊണ്ട്‌ അവളും പറഞ്ഞു ” പോകാം “!

അവൻ ആശ്ചര്യത്തോടെ അവളെ ഒന്ന് നോക്കി. ഇങ്ങനെ ഒരു പ്രതികരണം അല്ലായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ,.അവൻ ഒന്ന് പുഞ്ചിരിച്ചു.. പിന്നെ അവളുടെ കയ്യിൽ പിടിക്കാൻ തുടങ്ങുമ്പോൾ അവൾ അതേ പുഞ്ചിരി ഭർത്താവിന് സമ്മാനിച്ചുകൊണ്ട് കടം വീട്ടാൻ ഭർത്താവ് പറഞ്ഞുവിട്ടവന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു.

അതോടൊപ്പം അവൾ ഒന്നുകൂടി പറഞ്ഞു

“നട്ടെല്ലിന് ബലമില്ലാത്ത നിങ്ങളുടെ ഭാര്യ ആകുന്നതിലും നല്ലത് പെണ്ണിന്റ ചൂട് തേടി വന്നതാണെങ്കിലും പെണ്ണിന്റ ചൂടിനൊപ്പം പിടക്കുന്ന ഒരു മനസ്സ് കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഇയാളുടെ വെപ്പാട്ടി ആകുന്നതാണ് ” എന്ന്.

ആ വാക്ക് പൗരുഷത്തെ ചോദ്യം ചെയ്തുകൊണ്ട് കൊത്തിവലിക്കുമ്പോൾ ഒരു നിമിഷം അവളുടെ വാക്കുകൾക്ക് മുന്നിൽ പിടഞ്ഞ അവന്റ കണ്ണിലേക്കു നോക്കികൊണ്ട് അവൾ പിന്നെയും പറയുന്നുണ്ടായിരുന്നു

” നിങ്ങൾ കെട്ടിയ താലിക്ക് ഞാൻ ഇട്ട വിലയായിരുന്നു എന്റെ ജീവിതം. പക്ഷേ, ആ താലിയുടെ തൂക്കതിന്റെ വില പോലും നിങ്ങൾക്കില്ലെന്ന് അറിഞ്ഞ ഈ കുറച്ച് നിമിഷങ്ങൾ തൊട്ട് നിങ്ങൾ കെട്ടിയ ഈ മഞ്ഞചരടിപ്പോൾ മരണം മണക്കുന്ന തൂക്കുകയറിന് തുല്യമാണ്. പക്ഷേ, എനിക്ക് ജീവിക്കണം. ആണത്തം പണയം വെച്ച നിങ്ങൾക്കൊപ്പമല്ല. നിങ്ങൾ വാങ്ങിയ കടം വീട്ടാൻ അടച്ചിട്ട മുറിയിൽ എനിക്ക് കൂട്ടായി വിട്ട ഇയാൾക്കൊപ്പം.

വാങ്ങിയ പണത്തിനു പകരം നിങ്ങൾ നീട്ടിയ പെണ്ണിനെ മോഹിച്ചുവന്നതാകാം ഇയാളും. പക്ഷേ,

ഇയാളിൽ എവിടെയോ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. കുറച്ചെങ്കിലും മനുഷ്യത്വം ഉണ്ടായിരുന്നു ! എന്റെ പതർച്ചകളെ തിരിച്ചറിയാൻ കഴിയുന്ന മനസ്സ് ഉണ്ടായിരുന്നു. എന്നെ കേൾക്കാൻ, എന്റെ കൈവിരൽ പോലും സ്പർശ്ശിക്കാതെ കൂട്ടിരിക്കുമ്പോൾ ഒരു പെണ്ണ് കൊതിക്കുന്ന ചിലതെങ്കിലും ഈ മനുഷ്യനിൽ ഞാൻ കണ്ടു.

സ്നേഹത്തോടെ ഉള്ള ഒരു നോട്ടം. സാരമില്ലെന്ന് ഒരു വാക്ക് കൊണ്ടുള്ള സ്വാന്തനം. അവസാനം പോരുന്നോ എന്ന ചോദ്യത്തിൽ ഞാൻ കണ്ടത് ഒരു പെണ്ണിനോടുള്ള കാ മം മാത്രമല്ലായിരുന്നു. പെണ്ണിനെ അറിയാൻ കഴിവുള്ള ഒരു മനസ്സിന്റെ ഇടമയാണെന്നുള്ള തിരിച്ചറിവ് കൂടിയായിരുന്നു.

ചിലപ്പോൾ എന്റെ സ്ഥാനം ഒരു വെപ്പാട്ടിക്ക് തുല്യം ആയിരിക്കാം.. എന്നാലും സ്വന്തം ഭാര്യയെ സംരക്ഷിക്കാൻ പോലും നട്ടെല്ലില്ലാത്ത നിങ്ങൾക്കൊപ്പം ജീവിക്കുന്നതിനേക്കാൾ ഒരു പെണ്ണിന്റ ഉടൽ തേടി വന്നതാണെങ്കിലും കണ്ണുനീർ കണ്ട് കയ്യകലം നിന്ന് മനസ്സ് അറിയാൻ ശ്രമിക്കുന്ന ഇയാളുടെ ഹൃദയതോടൊപ്പം സഞ്ചരിക്കാൻ ആണ് എന്റെ തീരുമാനം.

എന്റെ തീരുമാനം മറ്റുള്ളവർക്ക് ചിലപ്പോൾ തെറ്റായിരിക്കാം.. പക്ഷേ ചില തെറ്റുകൾക്കുള്ളിൽ ആരും തിരിച്ചറിയാൻ ശ്രമിക്കാത്ത ഒരു ശരിയുണ്ട്. ആ ശരിക്കൊപ്പം സഞ്ചരിക്കാൻ ആണ് എന്റെ തീരുമാനം. !

എന്റെ തീരുമാനം ആണ് എന്റെ ശരി..ഭാര്യയുടെ അടുത്തേക്ക് അന്യപുരുഷനെ കടത്തിവിട്ട് കാവലിരിക്കുന്ന ഷണ്ഡൻ.. ത്ഫൂ…. “

അവൾ അവന്റെ മുഖത്തിന് നേരെ നീട്ടിയൊന്ന് തുപ്പി. പിന്നെ കഴുത്തിലെ മഞ്ഞചരട് അറുത്ത്‌ അയാളുടെ മുഖത്തേക്ക് എറിഞ്ഞുകൊണ്ട് പുച്ഛത്തോടെ ചിരിച്ച് മുന്നോട്ട് നടന്നു. കൂടെ കിടക്കാൻ വന്നവന്റ കൂട്ടായി ആ കയ്യും പിടിച്ച്.

അപ്പോഴും അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു, “എന്റെ തീരുമാനം മറ്റുള്ളവർക്ക് ചിലപ്പോൾ തെറ്റായിരിക്കാം.. പക്ഷേ ചില തെറ്റുകൾക്കുള്ളിൽ ആരും തിരിച്ചറിയാൻ ശ്രമിക്കാത്ത ഒരു ശരിയുണ്ട്. ആ ശരിക്കൊപ്പമാണ് ഇനിയെന്റെ യാത്ര ” എന്ന് !

✍️ദേവൻ