Written by Lis Lona
:::::::::::::::::::::::::::
ഏകദേശം അഞ്ചു വർഷം മുൻപാണ് ഞാൻ ഇമ്രാനെ പരിചയപ്പെട്ടത്. ഓഫിസിന്റെ വാടക കുറയ്ക്കുന്ന കാര്യവുമായി റിയൽ എസ്റ്റേറ്റുകാരുടെ ഓഫിസിലെത്തി സംസാരിക്കുമ്പോഴാണ് ചിരിച്ചുകൊണ്ട് വളരെ പരിചയമുള്ള ഒരാളെ പോലെ അയാൾ വന്നെന്നോട് സംസാരിച്ചത് . ആൾ വഴി വാടക കുറച്ചുകിട്ടിയതുകൊണ്ടു തന്നെ ആ പരിചയം കുടുംബവുമായുള്ള സൗഹൃദത്തിനും കാരണമായി.
മുപ്പത്താറുകാരനായ അദ്ദേഹത്തിന് രണ്ട് ഭാര്യമാരുണ്ട് ആദ്യഭാര്യ ബന്ധത്തിൽ തന്നെയുള്ള സ്ത്രീയും വേറൊരാൾ മലയാളിയുമാണ്.ആദ്യഭാര്യയിൽ നാലു മക്കളുണ്ട് ..രണ്ട് പെണ്മക്കളും രണ്ടാണ്മക്കളും രണ്ടാമത്തവളിൽ രണ്ട് പെൺകുട്ടികളും.
വളരെ ചെറുപ്പത്തിൽ വിവാഹിതനായതുകൊണ്ട് ഇപ്പോഴും എനിക്ക് കല്യാണപ്രായം കഴിഞ്ഞില്ലയെന്നു തമാശ പറയുന്ന പുള്ളിയോട് “ഇവിടെ ഒന്നിനെ സഹിക്കാൻ പറ്റുന്നില്ല ! നീ രണ്ടെണ്ണത്തിനെ സഹിക്കുന്നത് തന്നെ അത്ഭുതമാണ് ..എന്നിട്ടും ഇനിയും നിന്റെ വായിൽ നിന്ന് കല്യാണമെന്ന് കേൾക്കുമ്പോൾ നിന്റെ പിരി ഇളകിയതാണോയെന്ന് എനിക്ക് തോന്നായ്കയില്ല” എന്ന് ചിരിക്കാതെ മറുപടി പറയുന്ന എന്റെ കെട്ട്യോനെ അന്നേരമേ ചിരവക്കടിച്ചു കൊല്ലാൻ എനിക്ക് തോന്നാറുണ്ടെങ്കിലും വിധവയായി ജീവിക്കേണ്ടിവരുന്ന എന്റെ അവസ്ഥയോർത്ത് ഞാനത് ചിരിയിലും ആരുമറിയാതെ അങ്ങേരുടെ കയ്യിലൊരു നുള്ളിലും ഒതുക്കും..
ഒരിക്കൽ വീട്ടിൽ വന്ന് മടങ്ങിപ്പോകാൻ നേരം ഞാനയാളുടെ വണ്ടിയുടെ അരികിൽ നിന്ന് സംസാരിക്കുമ്പോഴാണ് ഡാഷ്ബോർഡിന്റെ മുകളിലെല്ലാം കുത്തിക്കോറി വരച്ചത് ശ്രദ്ധയിൽ പെട്ടത്, മായ്ച്ചുകളയാനോ പെയിന്റ് അടിക്കാനോ സാധിക്കാത്ത വിധം ആ വരകളാണ് നിറയെ…
വീട്ടിലെ വാഹനത്തിനുള്ളിൽ ഒരു ചെറിയ പോറൽ പറ്റിയാൽ പോലും നെഞ്ചത്തടിയും നിലവിളിയുമായി നടക്കുന്ന എന്റെ ഭർത്താവിനെ ഓർമ വന്നതും ഇതെന്തുപറ്റിയെന്ന ചോദ്യം എന്നിൽ നിന്നും ഉയർന്നു.
“ഇതെന്റെ മക്കളുടെ സ്നേഹസമ്മാനങ്ങളാണ് സിസ്റ്റർ..” നിറഞ്ഞ ചിരിയോടെയാണ് ഉത്തരം. മറുപടിയിൽ വികൃതികളായ മക്കളെന്ന ഭാവത്തിന് പകരം സ്നേഹമാണ്..
ആഹാ നല്ല അപ്പൻ!
ഇവിടൊരെണ്ണമുണ്ട് ഒരു തുണ്ട് ബിസ്കറ്റെങ്ങാൻ കൊച്ചിന്റെ കയ്യിൽ നിന്നും വീണാൽ നിനക്ക് നോക്കിക്കൂടേയെന്ന് എന്നോട് കലിതുള്ളുന്ന ഒരു കെട്ട്യോൻ..അല്ലെങ്കിലും സ്വന്തം മക്കൾ തെറ്റ് ചെയ്താലും അമ്മായിയപ്പന്റെ മകൾക്കിട്ട് കുത്താൻ ആണല്ലോ എല്ലാ ഭർത്താക്കന്മാർക്കും താല്പര്യം.
കണ്ടു പഠിക്ക് !! ഞാൻ ഭർത്താവിനെ നോക്കി ചുണ്ടൊന്ന് കോട്ടി.. അതല്ല അതിലും വലുത് കാണിച്ചുതന്നാലും ഞാൻ നന്നാവൂല്ലാ ഭാര്യേ ..നിന്നെക്കാളും വലുത് എനിക്കെന്റെ വണ്ടിയെന്ന അർത്ഥത്തിൽ വണ്ടിയെ നിറഞ്ഞ സ്നേഹത്തോടെയും എന്നെ പുച്ഛത്തോടെയും ഭർത്താവ് നോക്കി.
” സിസ്റ്റർ എന്റെ രണ്ടാണ്മക്കളും സ്പെഷ്യൽ കിഡ്സ് ആണ്.. ഒരാൾക്ക് ഇപ്പോഴും കഴുത്ത് ഉറപ്പിച്ച് വക്കാൻ പറ്റില്ല 7 വയസ്സായി ..മറ്റവന് കയ്യിൽ എപ്പോഴും എന്തെങ്കിലും വേണം അതുകൊണ്ട് ഇരിക്കുന്നിടം മുഴുവൻ കുത്തിക്കോറി വരക്കും.. തടയാൻ ശ്രമിച്ചാൽ അലറി വിളിക്കും.. രണ്ടുപേരും സംസാരിക്കില്ല..”
അതുവരെയുള്ള സന്തോഷവും ചിരിയും മാറി വേദനയുടെ ഒരു കുന്ന് നെഞ്ചിനകത്തേക്ക് ഇടിച്ചു കയറിവന്നതും എനിക്ക് ശ്വാസം വിലങ്ങി..
ബന്ധത്തിൽ തന്നെയുള്ള വിവാഹമായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ദൈവത്തിന്റെ സമ്മാനങ്ങളാണ് ആ കുഞ്ഞുങ്ങളെന്നും ആൺകുഞ്ഞുങ്ങൾക്ക് മാത്രമേ ആ പ്രശ്നമുള്ളുവെന്നും പെൺകുട്ടികൾ തികച്ചും ആരോഗ്യവതികളാണെന്നും അയാൾ പറയുന്നത് ഞാൻ കേട്ടുനിന്നു.
അച്ഛനെയും അമ്മയെയും അല്ലാതെ ആരെയും അടുപ്പിക്കാത്ത മക്കളുള്ളതുകൊണ്ട് അവരുടെ വീട്ടിലേക്ക് ആരെയും വിളിക്കാറില്ല..പരിചയമില്ലാത്ത ആരെക്കണ്ടാലും മക്കൾ വളരെ അസ്വസ്ഥരായി അലറിവിളിച്ചുകൊണ്ടിരിക്കും. പക്ഷേ എന്റെ മക്കൾക്ക് എന്നെ ജീവനാണ് ഇതുപോലെ എന്നെ വേറെയാരും സ്നേഹിക്കില്ല കണ്ണുനിറഞ്ഞുകൊണ്ട് അയാൾ പറഞ്ഞുനിർത്തുമ്പോൾ എന്തെന്നില്ലാത്ത കാരണത്താൽ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു..
പിന്നീട് അംറീന്റെ ( ആദ്യഭാര്യയുടെ പേര് ) നമ്പർ വാങ്ങി ഞാൻ മക്കളുടെ വിശേഷങ്ങൾ വിളിച്ചു ചോദിക്കാറുണ്ടായിരുന്നു. മലയാളിയെങ്കിലും രണ്ടാമത്തെ ഭാര്യയുമായി എനിക്ക് പരിചയമൊന്നും ഇല്ല.
കിലുക്കാം പെട്ടിയായി നിർത്താതെ സംസാരിക്കുന്ന അംറീന്റെ ശബ്ദം കൊച്ചുകുട്ടികളുടേത് പോലെ കേൾക്കാൻ നല്ല രസമായിരുന്നു.. പലപ്പോഴും നീയെന്താ മിണ്ടാത്തതെന്ന അവളുടെ ചോദ്യത്തിന് എനിക്ക് സംസാരിക്കാനൊരു ഗ്യാപ് നീ തരണ്ടേയെന്ന് ഞാനും ചോദിക്കും..
ആൺമക്കളെ പറ്റിയുള്ള വിഷയത്തിൽ സംസാരിക്കുമ്പോൾ വിഷാദചുവയുണ്ടെങ്കിലും അതിനേക്കാൾ പെൺകുട്ടികളെ പറ്റി പറയുമ്പോൾ ഒരു പൊടി നോവ് കൂടുതൽ അവളനുഭവിക്കെന്നെന്ന് എനിയ്ക്ക് തോന്നി..
“നിനക്കറിയുമോ എന്റെ കുഞ്ഞുങ്ങൾക്ക് അബ്ബയെ ജീവനാണ് പക്ഷേ വീട്ടിൽ വന്നാൽ വയ്യാത്ത കുഞ്ഞുങ്ങളെയും കളിപ്പിച്ച് അദ്ദേഹമിരിക്കും.. ഒരിക്കൽപോലും ഇവരോട് കളിക്കാനോ മിണ്ടാനോ അദ്ദേഹം ശ്രമിക്കാറില്ല.. വെള്ളമോ ചായയോ കൊണ്ട് കൊടുക്കുമ്പോൾ അറിയാതെ കിട്ടുന്ന ഒരു ചിരി പോലും സ്വർഗം കിട്ടിയ സന്തോഷത്തോടെ കുഞ്ഞുങ്ങൾ ആഘോഷിക്കുന്നത് കാണുമ്പോൾ എന്റെ ചങ്കിടറും.. പെൺകുട്ടികളെങ്കിലും അവരും അദ്ദേഹത്തിന്റെ മക്കളല്ലേ..”
വയ്യാത്ത മക്കളെ കൂടുതൽ ശ്രദ്ധിക്കുന്നതാകും അല്ലാതെ ഇഷ്ടക്കുറവ് കാണിക്കുന്നതാകില്ലെന്ന് പറഞ്ഞെങ്കിലും എന്തോ എനിക്കും തൊണ്ടയിലൊരു കരട് തടഞ്ഞപോലെ അബ്ബയുടെ സ്നേഹലാളനകൾക്കും പുഞ്ചിരിക്കും വേണ്ടി കാത്തുനിൽക്കുന്ന രണ്ട് പെൺകുട്ടികൾ ഉള്ളിൽ തെളിഞ്ഞു..
പിന്നീടെപ്പോഴോ വിളിച്ചപ്പോൾ അവളുടെ സ്വരം വല്ലാതെ ഉലഞ്ഞിരുന്നു. കൊച്ചുകുഞ്ഞിന്റെ കുസൃതി നിറഞ്ഞ സ്വരത്തിന് പകരം മധ്യവയസ്കയായ ഒരു സ്ത്രീയുടെ അടക്കിപ്പിടിച്ചപോലുള്ള പക്വതയോടെയുള്ള ഇടറിയ ശബ്ദം .
ആ ശബ്ദമല്ല മനസ്സാണ് ഇടറിയതെന്ന് മനസിലായെങ്കിലും എന്തെന്ന് ചോദിക്കാതെ മക്കളെല്ലാവരും സുഖമായി ഇരിക്കുന്നില്ലേയെന്ന് ഞാൻ വിശേഷങ്ങൾ ചോദിച്ചു..
“ഇവിടെ എല്ലാവരും സുഖമായി ഇരിക്കുന്നു.. നിനക്കും മോൾക്കും സുഖമല്ലേ..”
അതിനുത്തരം പറയാതെ ഞാൻ ഫോണിന്റെ ഇങ്ങേത്തലക്കൽ നിശബ്ദം ഇരുന്നു..
എനിക്കറിയാമായിരുന്നു ആ നിശബ്ദത അവളെ കേൾക്കാനുള്ളതാണെന്ന് അവൾക്ക് മനസിലാകുമെന്ന്.
ആരോഗ്യമുള്ള ആൺകുഞ്ഞുണ്ടാകാൻ വേണ്ടിയാണ് ഇമ്രാൻ ഇവളിരിക്കെ വേറൊരു വിവാഹം കഴിച്ചത് അതിലും പെൺകുട്ടികളായത്കൊണ്ട് അയാളുടെ അമ്മ കുടുംബം നിലനിർത്താൻ ആണ്കുട്ടിയുണ്ടായെ മതിയാകുവെന്ന വാശിയിൽ മകന് വേണ്ടി അടുത്ത വിവാഹം ആലോചിക്കുകയാണെന്ന്..
“കുട്ടികളെ പെറ്റുവളർത്താനും അടുക്കളയിൽ ഹോമിക്കാനുമുള്ളതും മാത്രമാണ് ഒരു പെണ്ണിന്റെ ജീവിതമെന്ന് കരുതുന്ന ഒരാണൊരുത്തനെ തലയിലേറി ആയുഷ്കാലം മുഴുവൻ അവകാശങ്ങൾ പകുത്തെടുക്കാൻ ഇനിയൊരാൾ എപ്പോഴെങ്കിലും വരുമോയെന്ന് ഭയന്ന് ജീവിക്കുന്ന ഞങ്ങളെക്കാൾ നിങ്ങളെല്ലാം എത്ര ഭാഗ്യവതികളാണ് ..ഭർത്താവിലുള്ള അവകാശത്തിനും കിടക്ക പങ്കിടാനും വേറൊരാൾ നിയമപരമായി വന്നേക്കുമെന്ന് ഭയക്കാതെ ജീവിക്കാമല്ലോ.. “
അന്ന് ആദ്യമായി എനിക്ക് ഇമ്രാനോട് ഇഷ്ടക്കേട് തോന്നി. രണ്ട് ഭാര്യമാരെന്നത് അവർക്ക് ആകാമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ രണ്ടാമത് അയാൾ വിവാഹം കഴിച്ചത് എനിക്ക് അതുവരേക്കും ഒരു പ്രശ്നമായി തോന്നിയിരുന്നില്ല..
ഇനിയൊരുവളെ ജീവിതത്തിലേക്ക് കൂട്ടുന്ന ഒരുവന്റെ കൂടെ ആദ്യഭാര്യയായി കഴിയേണ്ടിവരുന്നവളുടെ മാനസികാവസ്ഥ അന്നാണ് ഞാൻ ചിന്തിച്ചതും.. ഇഷ്ടമില്ലാത്ത ഭക്ഷണം ജീവൻ നിലനിർത്താൻ മാത്രം കഴിക്കേണ്ടിവരുന്ന നിവൃത്തികേടിൽ ജീവിക്കുന്നവർ..
ആൺമക്കൾ ഉണ്ടാകാൻ വേണ്ടി പരീക്ഷണാർത്ഥം രണ്ടാമതും വിവാഹം കഴിച്ച ഇനിയും മൂന്നാമത് കഴിക്കാൻ പോകുന്ന ആ മാനസികനില എന്ത് മാത്രം ക്രൂരമാണെന്ന് ഞാനോർത്തു..
ഗർഭാവസ്ഥയിൽ തന്നെ കുട്ടികൾക്കുള്ള കോംപ്ലിക്കേഷൻസ് അറിഞ്ഞപ്പോൾ വേണമെങ്കിൽ ഗർഭം ഒഴിവാക്കാമെന്ന് അറിയിച്ച ഡോക്ടറിനോട് വേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിന്ന് കുഞ്ഞുങ്ങൾ വേണമെന്നറിയിച്ച ഇമ്രാനോടും ജനറ്റിക് അബ്‌നോർമാലിറ്റീസ് ഉള്ള ആ കുഞ്ഞുങ്ങളോടുള്ള സ്നേഹവും കരുതലും കാണിക്കുന്ന ഇമ്രാനിലെ അബ്ബയോടും എനിക്ക് ബഹുമാനം ഉണ്ടായിരുന്നു..
അത് പക്ഷേ ആൺകുട്ടികൾ ആയതുകൊണ്ട് മാത്രമാണ് അങ്ങനൊരു റിസ്ക് എടുക്കാൻ അയാളെ പ്രേരിപ്പിച്ചതെന്നും പെൺകുട്ടികളെന്ന കാരണത്താൽ ആ മക്കളെ അവഗണിക്കുന്ന , അഞ്ചാമത് ഉരുവായ പെൺകുഞ്ഞിനെ വേണ്ടെന്ന് വച്ച ഇമ്രാനെന്ന മനുഷ്യനോട് എനിക്ക് ദേഷ്യമായിരുന്നു..
രണ്ട് ഭാര്യമാരുടെയും എതിർപ്പുകൾ വകവെക്കാതെ അയാൾ വീണ്ടും വിവാഹിതനായെന്ന് അവളെന്നെ അറിയിച്ചിരുന്നു.. മൂന്നുപേരെയും ഒരുപോലെ നോക്കുമെന്ന വാഗ്ദാനം പാലിക്കാൻ മൂന്നുപേരുടെ അടുത്തും വന്നുപോകുന്ന അയാളോട് ഇഷ്ടമല്ല അറപ്പാണെന്ന് അവൾ പറയുമ്പോൾ ആ ചിലമ്പിച്ച ശബ്ദമത് വ്യക്തമാക്കുന്നുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ട് മാസത്തോളം കഴിഞ്ഞാണ് അയാളെന്നെ പുതിയ ഭാര്യയേം കൂട്ടി കാണാൻ വന്നത് മറ്റ് രണ്ട് പേരേക്കാളും സാമ്പത്തികത്തിലും സൗന്ദര്യത്തിലും ഉയർന്നുനിൽക്കുന്ന പുതിയവളിൽ അയാളേറെ സന്തോഷവാനാണെന്ന് മുഖം വ്യക്തമാക്കുന്നുണ്ട്..
ആദ്യമായി എന്നെ കണ്ടതുകൊണ്ടുള്ള പരിചയക്കുറവ് ആ പെൺകുട്ടിയിൽ ഉണ്ടായിരുന്നു ..എന്തുകൊണ്ടോ സംസാരിച്ചു മാറ്റാനോ അടുത്തിഴപഴകാനോ സാധിക്കാത്ത വിധം ഞാൻ ഇമ്രാനോടും ആ പെൺകുട്ടിയോടും മാനസികമായി അകന്നിരുന്നു.
അവരുടെ മുഖത്തേക്ക് നോക്കുംതോറും എന്റെ കണ്മുൻപിൽ തെളിഞ്ഞത് പെൺകുട്ടികളെയും ചേർത്തുപിടിച്ച് രണ്ടമ്മമാർ നിസ്സഹായതയോടെ നിൽക്കുന്നതായിരുന്നു..
അതിനുശേഷം ഞാനെന്റെ പ്രസവവും മക്കളുമായി തിരക്കിലായപ്പോൾ അംറീനെ വിളിക്കാൻ വിട്ടുപോയി.
എന്റെ മൂന്നാമത്തെ മകളെ കാണാൻ വന്ന ഇമ്രാനാണ് ആദ്യഭാര്യയും മക്കളും നാട്ടിലേക്ക് പോയെന്നും അവരിനി ഇങ്ങോട്ടേക്ക് മടങ്ങുന്നില്ലെന്നും അറിയിച്ചത്..തിരക്ക് മൂലം എടുക്കാതെ പോയ പല കാളുകളിൽ ഒന്നായി അവളുടേതും ഉണ്ടായിരുന്നിരിക്കാമെന്ന് ഞാനോർത്തു..
പിന്നെയെപ്പൊഴോ കണ്ടപ്പോൾ മൂന്നാമത്തെ ഭാര്യയിൽ ഒരു പെൺകുഞ്ഞ് പിറന്നെന്ന് നിസ്സംഗതയോടെ അയാളെന്നോട് പറഞ്ഞു..ചില നേരങ്ങളിൽ അട്ടഹസിച്ചു മറുപടി ചോദിക്കണമെന്ന് കരുതുന്ന കാര്യങ്ങൾ സാഹചര്യത്തെ ഓർത്ത് നമ്മൾ മൗനത്തിൽ പൊതിഞ്ഞു ചിരിയിലൊതുക്കും …ഞാനും ചിരിച്ചു..
അംറീനും മക്കളും സുഖമായിരിക്കുന്നെന്നും മക്കൾക്കെന്തോ ചികിത്സ നടത്തുന്നുണ്ടെന്നും അയാൾ പറഞ്ഞതിന് സുന്ദരികുട്ടികൾ എന്ത് ചെയ്യുന്നെന്ന് ഞാൻ ചോദിച്ചു..ആ അവർക്കും സുഖം തന്നെയെന്ന ഒഴുക്കൻ മറുപടി..പിന്നെയൊന്നും സംസാരിക്കാനോ വിശേഷങ്ങൾ അറിയാനോ എനിക്ക് തോന്നിയില്ല.
അന്ന് കണ്ടതിന് ശേഷം ഞാനയാളെ വിളിച്ചിട്ടോ കണ്ടിട്ടോ ഇല്ല വല്ലപ്പോഴും ഭർത്താവിനെ വിളിയ്ക്കാറുണ്ടെന്ന് അറിഞ്ഞാലും എന്തിനെന്ന് ചോദിച്ച് താല്പര്യം കാണിക്കാറുമില്ല.
മിനിഞ്ഞാന്ന് ഭർത്താവിന്റെ വാട്സാപ്പിലെക്ക് ഒരു ഫോട്ടോയോടൊപ്പം അയാളൊരു മെസേജ് അയച്ചിരുന്നു..
”Am blessed with a baby girl again ? ”
കെട്ട്യോൻ കാണിച്ചുതന്ന ഫോണിൽ പാവക്കുട്ടികളെപോലെ നീല കണ്ണുകളും പിങ്ക് നിറവുമുള്ള ഒരു ഗുണ്ടുമണി കുട്ടി ..ഏതൊരമ്മയെയും പോലെ അതിനെ കണ്ടതും ഇഷ്ടവും വാത്സല്യവും നിറഞ്ഞ് ഞാനറിയാതെ ഫോൺ വാങ്ങി ഒരു ഉമ്മ സ്മൈലി മറുപടി കൊടുത്തു.
താങ്ക്സ് ബ്രോ എന്നയച്ച അയാളുടെ മറുപടിക്ക് ഞാനാണെന്ന് മറുപടി കൊടുത്തതോടൊപ്പം ഇനിയും ഭാഗ്യം പരീക്ഷിക്കാൻ ഒന്നുകൂടി വിവാഹം കഴിക്കുമോ അതോ ഇവളിൽ തന്നെ ശ്രമിക്കുമോയെന്ന് ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല..
അഞ്ചു വർഷത്തിൽ കൂടുതലുള്ള കോൺടാക്ട് ആണ് എന്നെ ബ്ലോക്ക് ആക്കിച്ചപ്പോൾ നിനക്ക് സമാധാനമായോ ?? അതെല്ലാം അവരുടെ വ്യക്തിപരമായ കാര്യങ്ങളല്ലേ അതിൽ നമ്മളെന്തിന് ഇടപെടണമെന്ന് അരിശം പിടിച്ച ഭർത്താവിനോട് അയാളുടെ സ്ഥാനത്ത് നിങ്ങളാണെങ്കിൽ ഇന്ന് ഞാൻ നിങ്ങളുടെ കല്ലറയിൽ പൂ വെക്കാനാകാതെ ജയിലിലായിരിക്കുമെന്ന മറുപടി കേട്ടിട്ടാകും ഒന്നും മിണ്ടാതെ പുള്ളി അകത്തേക്ക് നടന്നത്..
പെൺകുട്ടികൾ ഉണ്ടാകുന്നതിനും ജനിതക വൈകല്യമുള്ള ആൺമക്കൾ ഉണ്ടാകുന്നതിനും അയാൾ മാത്രമാണ് കാരണക്കാരനെന്ന് അറിഞ്ഞിട്ടും വീണ്ടും വിവാഹം കഴിച്ച് സ്ത്രീകളെ പരീക്ഷണവസ്തുവാക്കുന്ന അയാളോട് പരിചയം പോലും ഞാൻ ആഗ്രഹിക്കാത്തതുകൊണ്ട് അയാൾ ബ്ലോക്ക് ആക്കിയില്ലെങ്കിലും ഞാൻ ബ്ലോക്കുമെന്ന് എന്റെ ഭർത്താവിനും മനസിലായികാണണം.
പെൺകുട്ടികൾക്കായുള്ള ദിവസമെന്ന് സൂക്കർ ഓർമിപ്പിച്ചപ്പോൾ ഓർമ വന്നത് അംറീന്റെയും മക്കളുടെയും മുഖമായിരുന്നു..
പെണ്ണുങ്ങളും പെൺകുട്ടികളും ലോകത്തിന്റെ ഏതൊക്കെയോ കോണിൽ നമ്മുടെ കണ്ണിൽ പെട്ടും പെടാതെയും ഇങ്ങനെയും ജീവിച്ചുമരിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ കോറിയിട്ടത്.
(പച്ചകളല്ലേ ഇതിലപ്പുറം പ്രതീക്ഷിക്കാമെന്ന് പറയുന്നവരോട് മലയാളികളിലും ഇങ്ങനെ വികലമായ മാനസികചിന്തകൾ കാണിക്കുന്നവരുണ്ടെന്ന് അറിയാൻ ഒന്ന് ചുറ്റിനും നോക്കിയാൽ മതി..)
ലിസ് ലോന ✍️