കല്ല്യാണപെണ്ണായി കണ്ടപ്പോൾ മനസ്സിൽ ഭയത്തിന്റെ ഇരുട്ട് ചെറുതായെങ്കിലും നിറഞ്ഞിരുന്നു….

എഴുത്ത്: ഷെഫി സുബൈർ

വലിയ പഠിപ്പും, പത്രാസുമില്ലാത്തവന്റെ കൈയിലേക്കു പെങ്ങളെ പിടിച്ചു കൊടുക്കുമ്പോൾ അടുത്തു നിന്ന ബന്ധുക്കൾ പരിഹാസത്തോടെ ചിരിയ്ക്കുന്നുണ്ടായിരുന്നു.

അവന്റെ കൂടെ വന്നവരെ കണ്ടില്ലേ? കാക്കിയുമിട്ടു വായിൽ നോക്കി നടക്കുന്ന കുറെ ഡ്രൈവറുമാരെന്ന് കളിയാക്കി പറഞ്ഞവരുടെ മുന്നിലൂടെ അവരെയും പിടിച്ചു നടന്നു.

അല്ലെങ്കിലും ഈ കാലത്തു ആരെങ്കിലും ചെയ്യുന്ന പണിയാണോ സ്ഥിരമായി ജോലിയും വരുമാനവുമില്ലാത്തവന് പെണ്ണിനെ പിടിച്ചു കൊടുക്കുന്നതെന്നു ഈ ബന്ധം അറിഞ്ഞപ്പോഴേ ബന്ധുക്കൾ പറഞ്ഞിരുന്നു. ഈ പ്രായത്തിൽ എല്ലാ പെൺകുട്ടികൾക്കുമുള്ളതാണ് പ്രേമവും, ചുറ്റി കറങ്ങലുമൊക്കെ. ഇതിപ്പോ വയറ്റിലൊന്നുമുണ്ടായില്ലല്ലോ അവനു തന്നെ കെട്ടിച്ചു കൊടുക്കാൻ. നല്ല രണ്ടു അടി കൊടുത്താൽ അവളിവിടെ കിടക്കുമെന്ന് പറഞ്ഞവരുടെ മുമ്പിൽ നിറകണ്ണുകളോടെ നിന്നവൾ.

പ്രണയിച്ചവന്റെയൊപ്പം ജീവിക്കണമെന്ന് കൂടപ്പിറപ്പു വാ വിട്ടു കരഞ്ഞു നിലവിളിച്ചപ്പോൾ വേറൊന്നും കേൾക്കാൻ കഴിയുമായിരുന്നില്ല.

ഉള്ളതൊക്കെ വിറ്റുപെറുക്കി അവളുടെ കഴുത്തിലും, കാതിലുമൊക്കെയിട്ടു കല്ല്യാണപെണ്ണായി കണ്ടപ്പോൾ മനസ്സിൽ ഭയത്തിന്റെ ഇരുട്ട് ചെറുതായെങ്കിലും നിറഞ്ഞിരുന്നു.

നാളെ കൈയിലൊരു കുഞ്ഞുമായി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ ഈ പടി കയറി വരരുതേയെന്ന പ്രാർത്ഥന മാത്രമേ അപ്പോഴും മനസ്സിലുണ്ടായിരുന്നുള്ളു.

അങ്ങനെയൊരു അവസ്ഥ വന്നാലും അവളെ രണ്ടു കൈയും നീട്ടി സ്വീകരിയ്ക്കാനുള്ള മനക്കട്ടിയുണ്ടാവണമേയെന്നു ഈശ്വരന്മാരോട് മനമുരുകി പറഞ്ഞു. അല്ലെങ്കിൽ വല്ല ആറ്റിലോ പുഴയിലോ അവളുടെ ജീവനില്ലാത്ത ശരീരം കാണേണ്ടി വന്നാൽ പിന്നെ കൂടെ പിറന്നവനാണെന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ.

അവളെ യാത്രയാക്കി തിരിച്ചു വന്നപ്പോൾ, നാളെ എന്തു വന്നാലും നീതന്നെ അനുഭവിച്ചോയെന്നു പറഞ്ഞു ബന്ധുക്കൾ പല വഴിയ്ക്കു പിരിഞ്ഞു.

നാളുകൾക്കു ശേഷം അവളെ കണ്ടപ്പോൾ മുഖത്തെ സന്തോഷവും, സൗന്ദര്യവും കൂടി വന്നിട്ടേയുള്ളു. കുറച്ചു തടിച്ചോന്നുവരെ തോന്നി. ഭർത്താവിനെക്കുറിച്ചു പറയാൻ അവൾക്കു നൂറു നാവായിരുന്നു.

വണ്ടി പണിയാണെങ്കിലും ഒരു ബുദ്ധിമുട്ടും ഇന്നുവരെ എനിയ്ക്കു വന്നിട്ടില്ല. അല്ലെങ്കിലും എന്റെ ചെറിയ ചെറിയ അഗ്രങ്ങൾ സാധിച്ചു തരാൻ ഈ പണിയൊക്കെ ധാരാളമാണ്. വൈകിട്ടു വരുമ്പോൾ പഴപൊരിയും, ഉഴുന്നുവടയും വാങ്ങി വരുന്ന ഭർത്താവ്. ചില്ലറതുട്ടുകൾ ചെറിയ കുടുക്കയിലിട്ട് വലിയ സ്വപ്‌നങ്ങൾ പറയുന്ന ഭർത്താവ്.

വാടക വീടിന്റെ വരാന്തയിലിരുന്നു സ്വന്തമായൊരു ചെറിയ വീട്ടിലേക്കെന്നെ കൈ പിടിച്ചുകൊണ്ടു പോകുന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്നു പറയുന്ന ഭർത്താവ്.

അങ്ങനെ നൂറു കാര്യങ്ങൾ അവൾ പറഞ്ഞുക്കൊണ്ടിരുന്നു. അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ ഏട്ടനോട് പറഞ്ഞാൽ നമ്മളെ സഹായിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ, നിന്റെ ഏട്ടന്റെ ഏറ്റവും വലിയ സ്വത്താണ് നീ. അതിനെയാണ് ഒരു താലി ചരടിന്റെ വിശ്വാസത്തിൽ എല്ലാവരുടെയും എതിർപ്പു അവഗണിച്ചു എന്റെ കൈയിലേക്ക് പിടിച്ചു തന്നത്. മരിയ്ക്കുന്നതു വരെ ആ സ്വത്തിനൊരു പോറലുപ്പോലുമേൽക്കാതെ കാത്തു സൂക്ഷിക്കുന്നതു കാണുമ്പോഴേ ആ മനസ്സിനൊരു സമാധാനം കാണുമെന്നു പറഞ്ഞെന്നു പറഞ്ഞപ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.

എന്റെ മിഴികൾ മാത്രമല്ല, മനസ്സും നിറഞ്ഞു കവിഞ്ഞിരുന്നു.

ആണൊരുത്തന്റെ കൈയിലേക്കാണ് അവളെ പിടിച്ചു കൊടുത്തതെന്നോർത്തപ്പോൾ മനസ്സിൽ അവരുടെ സ്വപ്നങ്ങൾക്ക് കൂടെ നടക്കുന്ന ഒരു വല്യേട്ടനായി മാറി…!