ഞാനല്ലാതെ മറ്റാരും ആ സമയത്ത് അവിടെ ചെന്നിട്ടില്ലെന്നും, ഞാൻ മേശ തുറക്കുന്നത് ഏതോ ടീച്ചറ് കണ്ടായിരുന്നെന്നും…

Story written by SAJI THAIPARAMBU

:::::::::::::::::::::::::::::::;

അരുൺ എന്തിയേടീ? അവന് കഞ്ഞി കൊടുത്തോ?

അച്ചാറ് കൂട്ടി ,കഞ്ഞി കുടിക്കുന്നതിനിടയിൽ, മോഹനൻ ഭാര്യയോട് ചോദിച്ചു.

ഇല്ല ,അവൻ ഒന്നും കഴിച്ചിട്ടില്ല, ഞാൻ പോയി വിളിച്ചിട്ട് വരാം,

സുശീല മകൻ്റെ മുറിയിലേക്ക് ചെന്നു.

ഡാ, എഴുന്നേറ്റ് വാ ,കഞ്ഞിയെടുത്ത് വച്ചിരിക്കുന്നു ,കുടിച്ചിട്ട് വന്ന് കിടക്ക്

കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന മകനോട് അവർ പറഞ്ഞു.

എനിക്കൊന്നും വേണ്ടമ്മേ.. വിശപ്പില്ല

അതെന്താ നിനക്ക് വിശപ്പില്ലാത്തത്? സ്കൂളിൽ നിന്നെത്തിയിട്ട് നീ കട്ടൻ കാപ്പി പോലും കുടിച്ചിട്ടില്ലല്ലോ?ഇന്ന് ക്രിക്കറ്റ് കളിക്കാനും പോയിട്ടില്ല, എന്താ കാര്യം? എന്താ നിനക്ക് പറ്റിയത് ?

അമ്മാ.. ഒന്ന് പതുക്കെ, അച്ഛൻ കേൾക്കണ്ട, കേട്ടാൽ പിന്നെ അത് മതി, ഞാനെല്ലാം പറയാം

അതെന്താടാ, അച്ഛനറിയാൻ പാടില്ലാത്ത കാര്യം?

അമ്മേ.. ഇന്ന് സ്കൂളിൽ വച്ചൊരു സംഭവമുണ്ടായി, ഉച്ചയ്ക്കത്തെ ഫസ്റ്റ് പിരീഡ് ബയോളജി ടീച്ചറില്ലാതിരുന്നത് കൊണ്ട്, ഹെഡ് മാഷാണ് ആ പിരീഡിൽ ക്ലാസ്സിൽ വന്നത് , ടെക്സ്റ്റ് തുറന്ന് പഠിപ്പിക്കാൻ നോക്കിയപ്പോഴാണ്, മാഷ് കണ്ണട എടുത്തില്ലെന്ന് അറിയുന്നത്, അപ്പോൾ എന്നോട് പറഞ്ഞു, ഹെഡ്മാഷിൻ്റെ മുറിയിൽ ചെന്ന്, മേശപ്പുറത്തിരിക്കുന്ന കണ്ണട എടുത്തോണ്ട് വരാൻ, ഞാൻ ഉടനെ അവിടെ ചെന്ന് മേശപ്പുറത്ത് നോക്കിയെങ്കിലും, അവിടെ കണ്ണട കണ്ടില്ല, അപ്പോൾ ഞാനോർത്തു, മേശയ്ക്കകത്ത് കാണുമെന്ന്, മേശവലിപ്പ് കുറച്ച് തുറന്നിരിക്കുകയായിരുന്നു, ഞാൻ കുറച്ച് കൂടിവലിച്ച് തുറന്ന് നോക്കിയപ്പോൾ, അതിലും കണ്ണട കണ്ടില്ല, അങ്ങനെ തിരിച്ച് ചെന്ന് ഞാൻ, മാഷിനോട് വിവരം പറഞ്ഞപ്പോൾ ,മാഷ് തന്നെ മുറിയിൽ പോയി കണ്ണട തപ്പിയെടുത്ത്, തിരികെ ക്ളാസ്സിൽ വരികയും പഠിപ്പിക്കുകയും ചെയ്തു, പക്ഷേ ക്ളാസ്സ് കഴിഞ്ഞ് പോകുമ്പോൾ ,ഞാൻ ഹെഡ് മാഷിൻ്റെ മുറിയിലേക്ക് കൂടെ ചെല്ലാൻ പറയുകയും, ഞാൻ മാഷിൻ്റെ കൂടെ പോകുകയും ചെയ്തു

അതെന്തിനാടാ, നീ കൂടെ ചെല്ലാൻ പറഞ്ഞത്?

ജിജ്ഞാസ അടക്കാനാവാതെ സുശീല ചോദിച്ചു.

അതമ്മേ.. ഞാൻ തുറന്ന് നോക്കിയ ഡ്രോയ്ക്കുള്ളിൽ, അയ്യായിരം രൂപ ഉണ്ടായിരുന്നെന്നും, അത് പിന്നീട് കാണാനില്ലെന്നും എന്നോട് മാഷ് പറഞ്ഞു,

ങ്ഹേ, അതെന്തിനാ നിന്നോട് പറയുന്നത്?

ഞാനല്ലാതെ മറ്റാരും ആ സമയത്ത് അവിടെ ചെന്നിട്ടില്ലെന്നും, ഞാൻ മേശ തുറക്കുന്നത് ഏതോ ടീച്ചറ് കണ്ടായിരുന്നെന്നും, ഞാൻ തന്നെയാണ് ആ പൈസയെടുത്തതെന്നും ഹെഡ് മാഷ് തീർത്ത് പറഞ്ഞു.

അത് കൊള്ളാം, എന്നിട്ട് നീയെന്ത് പറഞ്ഞു?

ഞാനെടുത്തിട്ടില്ലെന്ന് പലയാവർത്തി ആണയിട്ട് പറഞ്ഞിട്ടും, മാഷ് വിശ്വസിച്ചില്ല,വീട്ടിൽ നിന്നും അച്ഛനെയും കൂട്ടി ചെന്ന് നാളെ രാവിലത്തെ അസംബ്ളിയിൽ എല്ലാവരുടെയും മുന്നിൽ വച്ച് മാപ്പ് പറഞ്ഞ് കൊണ്ട്, ആ അയ്യായിരം രൂപ തിരിച്ച് മാഷിനെ ഏല്പിക്കണമെന്നും, അല്ലെങ്കിൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും, പോലീസിൽ കംപ്ളയിൻ്റ് ചെയ്യുമെന്നും മാഷെന്നോട് പറഞ്ഞമ്മേ … എൻ്റെ അമ്മയാണേ സത്യം ഞാനെടുത്തിട്ടില്ലമ്മേ.. അമ്മയെങ്കിലും എന്നെ വിശ്വസിക്കമ്മേ..

അമ്മയുടെ കൈയ്യിൽ പിടിച്ച് അരുൺ പൊട്ടിക്കരഞ്ഞു.

മോൻ കരയാതെ അമ്മയ്ക്കറിയാം മോനത് ചെയ്യില്ലന്ന്, ഏതോ ദ്രോഹികള് ചെയ്ത കുറ്റം, പാവം എൻ്റെ മോൻ്റെ തലയിൽ കെട്ടിവച്ചതാണ് ,പക്ഷേ നമ്മളത് എങ്ങനെ തെളിയിക്കും മോനേ..

സുശീല നിസ്സഹായതയോടെ ചോദിച്ചു.

എനിക്കറിയില്ലമ്മേ …ചെയ്യാത്ത കുറ്റത്തിന് നാളെ ഞാൻ എല്ലാവരുടെ മുന്നിലും നാണം കെടും, എന്നെ പോലീസ് കൊണ്ട് പോകും

ഇല്ല മോനേ.. നമുക്ക് അച്ഛനോട് കാര്യം പറയാം, അച്ഛൻ മാഷിനെ കണ്ട് എന്തെങ്കിലും പരിഹാരമുണ്ടാക്കും,

വേണ്ടമ്മേ… പൈസ കൊടുക്കാതെ അച്ഛൻ വിചാരിച്ചാലും, ഒന്നും ചെയ്യാൻ കഴിയില്ല, അത്രയും പൈസ വെറുമൊരു പത്രവിതരണകാരനായ അച്ഛന് ഒരിക്കലും സംഘടിപ്പിക്കാൻ കഴിയില്ല, മാത്രമല്ല അമ്മ വിശ്വസിച്ചത് പോലെ, അച്ഛൻ ചിലപ്പോൾ എന്നെ വിശ്വസിച്ചെന്ന് വരില്ല ,മാഷിൻ്റെ വാക്കുകൾ വിശ്വസിച്ച് അഭിമാനിയായ അച്ഛൻ എന്നെ തല്ലിച്ചതക്കും

എങ്കിൽ നാളെ നിൻ്റെ കൂടെ സ്കൂളിലേക്ക്, അമ്മ വരാം മോനേ.. മാഷിനോട് അമ്മ സംസാരിക്കാം

അത് കൊണ്ടൊരു കാര്യവുമില്ലമ്മേ..

നീ വിഷമിക്കാതെടാ, നമുക്കൊന്ന് ശ്രമിച്ച് നോക്കാം, നീ ഇപ്പോൾ എഴുന്നേറ്റ് വന്ന് കഞ്ഞി കുടിച്ചിട്ട്, നന്നായി പ്രാർത്ഥിച്ച് കിടക്ക് ,ഈശ്വരൻ നമ്മളെ കൈവിടില്ല

സുശീല, മകനെയും കൊണ്ട് പുറത്ത് വന്നപ്പോഴേക്കും, മോഹനൻ കഞ്ഞി കുടി കഴിഞ്ഞ്, പുറത്ത് ഉലാത്തുകയായിരുന്നു.

പിറ്റേന്ന് മോഹനൻ പത്രവിതരണത്തിന് പോയ തക്കം നോക്കി, അയാളറിയാതെ സുശീല അരുണുമായി സ്കൂളിലേക്ക് യാത്രയായി.

അസംബ്ളി തുടങ്ങുന്നതിന് മുമ്പ്, ഹെഡ്മാഷിൻ്റെ മുറിയിൽ കയറി , മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അവനെ ശിക്ഷിക്കരുതെന്നും സുശീല അപേക്ഷിച്ചു.

ഹ ഹ ഹ നിങ്ങള് പേടിക്കേണ്ട, ഞാൻ അരുണിനോട് മാപ്പ് ചോദിക്കാനിരിക്കുകയായിരുന്നു, യഥാർത്ഥ പ്രതി ഇന്ന് രാവിലെ നിങ്ങള് വരുന്നതിന് മുമ്പ് ഇവിടെയെത്തി കുറ്റമേറ്റ് പറഞ്ഞു,

മാഷത് പറഞ്ഞപ്പോൾ, അമ്മയും മകനും അമ്പരപ്പോടെ പരസ്പരം നോക്കി.

ആരായിരുന്നു സർ അത് ?

ജിജ്ഞാസ അടക്കാനാവാതെ അരുൺ ചോദിച്ചു.

ഒരു പെയിൻ്ററാണയാൾ ഇന്നലെ ഇവിടെ പെയിൻ്റിങ് ജോലി വല്ലതുമുണ്ടോന്നറിയാൻ എന്നെ കാണാൻ വന്നതാണെന്നും, റൂമിൽ കയറി നോക്കിയപ്പോൾ, ആരെയും കാണാതെ തിരിച്ച് പോകാനിറങ്ങിയപ്പോഴാണ് മേശവലിപ്പ് തുറന്ന് കിടക്കുന്നത് കണ്ടതെന്നും അതിനുള്ളിലിരുന്ന നോട്ട് കെട്ട് കണ്ടപ്പോൾ കാശിന് അത്യാവശ്യമുണ്ടായിരുന്ന അയാൾ, അതെടുത്തതാണെന്നും മാപ്പ് കൊടുക്കണമെന്നും പറഞ്ഞ് കാല് പിടിച്ചു, പൈസ തിരിച്ച് തന്നാൽ മാപ്പ് കൊടുക്കുന്ന കാര്യം ആലോചിക്കാമെന്ന് ഞാൻ പറഞ്ഞപ്പോൾ, ആ പൈസ ചിലവായി പോയെന്നും, തിരിച്ച് തരാൻ വേറെ മാർഗ്ഗമില്ലെന്നും, ഭാര്യ ക്യാൻസർ രോഗിയാണെന്നുമൊക്കെ പറഞ്ഞയാൾ, പൊട്ടിക്കരഞ്ഞപ്പോൾ എനിക്ക് മനസ്സലിഞ്ഞു ,എനിക്കയാളെ വെറുതെവിടണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, നഷ്ടപ്പെട്ട് പോയ ആ പൈസ അക്കൗണ്ടിൽ കാണിക്കേണ്ട ചുമതല എനിക്കുണ്ടല്ലോ? അത് കൊണ്ട് ഞാനൊരു വഴി കണ്ട് പിടിച്ചു ,നിലവിൽ ഈ സ്കൂളിലെ പാർട്ട് ടൈംസ്വീപ്പർ ഒരു മാസത്തേക്ക് ലീവിലാണെന്നും, പകരം അയാള് വൈകുന്നേരങ്ങളിൽ വന്ന്, സ്കൂളും പരിസരവും വൃത്തിയാക്കുന്ന ജോലി ചെയ്ത് കൊള്ളാനും പറഞ്ഞു ,അപ്പോൾ അയാളുടെ ഒരു മാസത്തെ ശബ്ബളമായി ആ തുക എഴുതിതള്ളാമല്ലോന്ന് ഞാൻ കരുതി ,ഏത് ?

ഹെഡ് മാഷ് താൻ കാണിച്ച അതിബുദ്ധിയെ, സ്വയം പുകഴ്ത്തി കൊണ്ട് പറഞ്ഞ് നിർത്തുമ്പോൾ, ആശ്വാസത്തോടെ സുശീല എഴുന്നേറ്റ്, മാഷിന് നേരെ കൈകൂപ്പി .

ഒരു പാട് നന്ദിയുണ്ട് സാർ, മോനേ.. അമ്മ പൊയ്ക്കോട്ടെ? നീ നന്നായി പഠിക്കണേടാ,

മകനോട് യാത്ര പറഞ്ഞ് സുശീല വീട്ടിലേക്ക് പോയി,

മാഷേ..കുറച്ച് നേരത്തേക്കാണെങ്കിലും, എന്നെ കള്ളനാക്കിയ ആ വിദ്വാനെ എനിക്കൊന്ന് കാണണമല്ലോ ?

അമ്മ പോയിക്കഴിഞ്ഞപ്പോൾ, അരുൺ ഹെഡ്മാഷിനോട് ചോദിച്ചു.

അതിനെന്താ ,വൈകുന്നേരം സ്കൂള് വിടുമ്പോൾ, അയാൾ അടിച്ച് വാരാൻ വരും ,അപ്പോൾ കാണാം

എത്രയും പെട്ടെന്ന് സ്കൂള് വിട്ടാൽ മതിയെന്നായിരുന്നു, പിന്നീട് അരുണിൻ്റെ ചിന്ത,

നാല് മണിക്ക് ലാസ്റ്റ് ബെല്ലടിച്ച് മറ്റ് കുട്ടികളെല്ലാം പോയിട്ടും അരുൺ ,അയാൾ വരാൻ കാത്തിരുന്നു.

ഹെഡ്മാഷുൾപ്പെടെയുള്ള ടീച്ചറൻമാരെല്ലാം പോയിക്കഴിഞ്ഞാണ് ,ഒരു സൈക്കിളിൽ ഗേറ്റ് കടന്ന് അയാൾ വന്നത്.

സൈക്കിൾ സ്റ്റാൻ്റിൽ വച്ചിട്ട് ,പുറകിലെ ക്യാര്യറിൽ വച്ചിരുന്ന പുൽച്ചൂലുമെടുത്ത് കൊണ്ട്, സ്കൂൾ വരാന്തയിലേക്ക് നടന്ന് കയറുന്ന ആ കള്ളനെ കണ്ട്, അരുൺ ഞെട്ടി.

അച്ഛൻ!

അരുൺ പരിഭ്രമത്തോടെ ചുറ്റിനും നോക്കി.

ഭാഗ്യം പരിസരത്തെങ്ങും വേറെയാരുമില്ല.

ഉള്ളിൽ നുരഞ്ഞ് പൊന്തിയ അച്ഛനോടുള്ള ദേഷ്യവും സങ്കടവും കടിച്ച് പിടിച്ച് അവൻ അയാൾക്ക് നേരെ നടന്ന് ചെന്നു.

അപ്രതീക്ഷിതമായി അരുണിനെ കണ്ടപ്പോൾ അയാള് ഞെട്ടി.

മോനേ …

അയാൾ പതർച്ചയോടെ വിളിച്ചു

മിണ്ടരുത്, ഇനി എന്നെ അങ്ങനെ വിളിക്കരുത്, നാണംകെട്ട മനുഷ്യൻ, മകൻ പഠിക്കുന്ന സ്കൂളിൽ നിന്ന് തന്നെ, നിങ്ങൾക്ക് മോഷ്ടിക്കണമായിരുന്നല്ലേ? എന്നിട്ട് നാണോം മാനോമില്ലാതെ ,പിറ്റേന്ന് വന്ന് മാഷിനോടത് ഏറ്റ് പറയുകയുംചെയ്തു, എന്തിനായിരുന്നത്? ഇത്രയും നാളും, നിങ്ങള് എന്നെയും അമ്മയെയും നോക്കിയിരുന്നത്, മോഷണം നടത്തിയിട്ടായിരുന്നല്ലേ?

ഇല്ല മോനേ.. അച്ഛൻ ആരുടെയും മുതല് മോഷ്ടിച്ചിട്ടില്ല, ഒരു മോഷ്ടാവായി ഞാൻ അഭിനയിക്കുകയായിരുന്നു,

എന്തിന്?

അല്ലെങ്കിൽ നീയിപ്പോൾ ജയിലിലാകുമായിരുന്നു, സാക്ഷിമൊഴികൾ നിനക്കെതിരായിരുന്നത് കൊണ്ട്, യഥാർത്ഥ പ്രതിയെ കിട്ടാത്ത പക്ഷം എല്ലാവരുടെയും മുന്നിൽ നീ തന്നെയാണ് കള്ളൻ ,പട്ടാപ്പകൽ ആരുമറിയാതെ മോഷണം നടത്തിയ യഥാർത്ഥ പ്രതി, അങ്ങേയറ്റം ബുദ്ധിമാനായിരിക്കും , അയാൾ ഒരിക്കലും കീഴടങ്ങില്ല ,അത് കൊണ്ട് ഒരു പ്രതിയെ കിട്ടിയാൽ, എൻ്റെ നിരപരാധിയായ മകനെ രക്ഷിക്കാമെന്ന്, ഞാൻ കണക്ക് കൂട്ടി, അങ്ങനെ നിനക്ക് വേണ്ടിയാണ് ഞാൻ കള്ളനായത്, നിങ്ങൾ രാവിലെ സ്കൂളിലെത്തുന്നതിന് മുമ്പ്, ഞാൻ ഹെഡ് മാഷിനെ കണ്ട് ഒരു നുണക്കഥ പറഞ്ഞ് വിശ്വസിപ്പിച്ചതും അതിനായിരുന്നു,

ങ് ഹേ നേരാണോ, അച്ഛൻ ഈ പറയുന്നത്?

അതേ മോനേ, ഇന്നലെ രാത്രിയിൽ നീയും അമ്മയും തമ്മിൽ സംസാരിക്കുന്നത് അച്ഛൻ കേട്ടിരുന്നു , നിനക്കറിയാമോ? അച്ഛനിന്നലെ ഉറങ്ങിയിട്ടില്ല, രാത്രി മുഴുവൻ നിന്നെ ഈ ഏടാകൂടത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടുത്തുമെന്ന് തല പുകച്ചാലോചിച്ചാണ്, ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്, പണ്ട് മുതലേ നിൻ്റെ എല്ലാ കാര്യങ്ങൾക്കും സ്കൂളിൽ വരാറുണ്ടായിരുന്നത് നിൻ്റെ അമ്മയല്ലേ ? ഞാൻ നിൻ്റെ അച്ഛനാണെന്നുള്ള കാര്യം, ഇവിടുത്തെ മാഷൻമാർക്കും കുട്ടികൾക്കുമൊന്നും അറിയില്ലല്ലോ എന്നതായിരുന്നു എൻ്റെ ധൈര്യം, നീയറിയാതെ ഒരു മാസം ഇവിടെ തൂപ്പ് ജോലി ചെയ്ത് ,ആ കടം വീട്ടാമെന്ന് ഞാൻ കരുതി, അല്ലാതെ അയ്യായിരം രൂപ ഒന്നിച്ചെടുത്ത് കൊടുക്കാൻ, അച്ഛന് വേറെ മാർഗ്ഗമൊന്നുമില്ലായിരുന്നു മോനേ…, വെറുമൊരു പത്രവിതരണക്കാരനായ ഞാൻ ,നമ്മുടെ വീട്ടിലെ നിത്യച്ചെലവ് നടത്തുന്നത് തന്നെ ,വളരെയധികം ബുദ്ധിമുട്ടിയാണ്, ഇനി മോൻ നന്നായി പഠിച്ച് ഒരു ജോലി വാങ്ങിയിട്ട് വേണം, നമ്മുടെ ഈ കഷ്ടപാടൊക്കെ മാറാൻ ,അതിന് വേണ്ടിയാ എൻ്റെ മോനെ രക്ഷിക്കാനായി അച്ഛനൊരു മോഷ്ടാവിൻ്റെ വേഷം കെട്ടിയത്, നീയെന്നോട് ക്ഷമിക്കെടാ

അച്ഛാ.. ക്ഷമ ചോദിക്കേണ്ടത് ഞാനാണ്, ഒന്നുമറിയാതെ അച്ഛനെ ഞാൻ ഒരു പാട് കുറ്റപ്പെടുത്തി ,സോറി അച്ഛാ …

സാരമില്ല മോനേ.. മക്കളെ സ്നേഹിക്കുന്ന ഓരോ അച്ഛനും, അവരുടെ നന്മക്കായി ഇതിലും വലിയ ത്യാഗം ചെയ്യും ,നേരം വൈകുന്നു, മോൻ വീട്ടിലേക്ക് പൊയ്ക്കോ, അച്ഛൻ ജോലി കഴിഞ്ഞിട്ട് വരാം

അച്ഛനോട് എന്ത് പറയണമെന്നറിയാതെ നിന്ന അരുണിനെ നിർബന്ധിച്ചയാൾ വീട്ടിലേക്കയച്ചു.