ഞാൻ അങ്ങോട്ട് വിളിക്കാൻ മറന്നാൽ തന്നെ അമ്മയ്ക്കൊന്ന് ഇങ്ങോട്ട് വിളിച്ച് അന്വേഷിച്ചു കൂടെ…

ചെന്നു കയറിയവൾ….

Story written by Aswathy Joy Arakkal

:::::::::::::::::::::::::::::::::::::::

മരുന്നു കഴിച്ചതിന്റെ ക്ഷീണത്തിൽ വാടിത്തളർന്ന് മോളൊന്ന് ഉറങ്ങി, ഞാനുമൊന്നു കണ്ണടച്ച് മയങ്ങി തുടങ്ങിയപ്പോഴാണ് ഫോൺ ശബ്‌ദിക്കുന്നത്..

“ആരാ ഹേമേ ?” അച്ഛൻ ചോദിച്ചു..

“ജിത്തുവാ അച്ഛാ.. ” അതും പറഞ്ഞ് ഫോണെടുത്തു ഞാൻ റൂമിൽ നിന്നും ആശുപത്രി വരാന്തയിലേക്കിറങ്ങി.. റൂമിന് വെളിയിലിട്ടിരുന്ന ചെയറിൽ ഇരുന്നു…

(ഞാൻ ഹേമ, ഭർത്താവ് ജിത്തുവെന്ന ശ്രീജിത്ത്‌ പ്രവാസിയാണ്.. ഒരേയൊരു മകൾ ശ്രീനിധ, പനിയായി ഹോസ്പിറ്റലിൽ ആണ്.. കൂട്ടിന് എന്റെ അച്ഛനും അമ്മയുമുണ്ട് ഇവിടെ.. )

“മോളുറങ്ങി ജിത്തു, മരുന്നിന്റെ ക്ഷീണത്തിലാ.. പനിയും കുറവുണ്ട്.. ഞാനും ഒന്നു മയങ്ങി തുടങ്ങിയിരുന്നു… വല്ലാത്ത തലവേദന.. അതാ ഞാൻ പിന്നെ വിളിക്കാഞ്ഞത്.. ” കോൾ അറ്റൻഡ് ചെയ്തു ഞാൻ പറഞ്ഞു..

“നീ ഇതൊക്ക വീട്ടിൽ അമ്മയെ വിളിച്ച് പറഞ്ഞിരുന്നോ? ഗൗരവം നിറഞ്ഞ ചോദ്യം..

“ഉച്ചയ്ക്കിവിടെ മോളെ അഡ്മിറ്റ്‌ ചെയ്തപ്പോൾ ഞാൻ അമ്മയെ വിളിച്ചു പറഞ്ഞിരുന്നതാണല്ലോ എല്ലാം.. പിന്നെ തിരക്കിലും, ക്ഷീണത്തിലും രാത്രി വിളിക്കാൻ മറന്നു.. “

“ആ എന്റെ അമ്മയല്ലേ അപ്പൊ നീ മറക്കും..പാവം മോളുടെ വിവരമൊന്നും അറിയാതെ ടെൻഷനിൽ ആയിരുന്നു ഞാൻ വിളിക്കുമ്പോൾ ” സ്വരം ഒന്നുകൂടെ കനപ്പിച്ചു ജിത്തു പറഞ്ഞു…

“അതെന്തു പറച്ചിലാ ജിത്തു, ഞാൻ ഉച്ചയ്ക്ക് വിളിച്ചു അമ്മയോട് എല്ലാം പറഞ്ഞതല്ലേ.. ഞാനിവിടെ കുഞ്ഞിന് സുഖമില്ലാതെ ടെൻഷൻ അടിച്ച് ഭ്രാന്തെടുത്തിരിക്കുകയാണെന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ? … ഞാൻ അങ്ങോട്ട് വിളിക്കാൻ മറന്നാൽ തന്നെ അമ്മയ്ക്കൊന്ന് ഇങ്ങോട്ട് വിളിച്ച് അന്വേഷിച്ചു കൂടെ? സ്വന്തം മകന്റെ കുഞ്ഞല്ലേ? ” ഞാനും വിട്ട് കൊടുത്തില്ല..

“അപ്പോൾ അതാണ്‌ കാര്യം .. വയസ്സായ അമ്മ നിന്നെ വിളിക്കണം… അമ്മയുടെ മൊബൈലിൽ പൈസ തീർന്നിരിക്കുവായിരുന്നു… ഇതിപ്പോ എന്റെ അമ്മ ആയതു കൊണ്ടല്ലേ, നിന്റെ അമ്മ ആണെങ്കിൽ ഇങ്ങോട്ട് വിളിക്കട്ടെ എന്നു പറഞ്ഞു നീ വാശി പിടിച്ചിരിക്കുവോ? ” ദേഷ്യത്തിലായിരുന്നു ചോദ്യം…

“വാശിയോ ” ഞാൻ ചോദിച്ചു..

“വാശിയല്ലാതെ പിന്നെ.. വേണമെങ്കിൽ അമ്മ ഇങ്ങോട്ട് വിളിക്കട്ടെ എന്ന വാശി തന്നെയാ നിനക്ക്.. ” ജിത്തു ദേഷ്യത്തിൽ തന്നെ ആയിരുന്നു..

“എനിക്ക് സൗകര്യം ഇല്ലായിരുന്നു വിളിക്കാൻ.. കൊണ്ടുപോയി കേസ് കൊടുക്ക്.. മോൾക്ക് വയ്യെന്നു അറിഞ്ഞു വിളിച്ചിട്ടും മോളുടെ വിശേഷമല്ല ചോദിക്കുന്നത്.. രാവിലെ തൊട്ടു ഞാൻ കിടന്നോടുന്നതാ.. എനിക്കിനി നിങ്ങളോട് തല്ലുണ്ടാക്കാനും കൂടി വയ്യ ” അത്രയും പറഞ്ഞു ഞാൻ കോൾ കട്ട്‌ ചെയ്തു റൂമിലേക്ക്‌ കയറി, അച്ഛന്റെയും അമ്മയുടെയും മുഖഭാവം കണ്ടപ്പോഴേ പുറത്തു നടന്ന സംസാരമെല്ലാം അവർ കേട്ടുവെന്നു എനിക്ക് മനസ്സിലായി..

“നിനക്ക് ലക്ഷ്മി ചേച്ചിയേ ഒന്നു വിളിച്ചു വിവരങ്ങളൊക്കെ പറഞ്ഞു കൂടായിരുന്നോ ഹേമേ? ” അച്ഛൻ ചോദിച്ചു..

“എന്റച്ചാ. അച്ഛനറിയാലോ, അവിടുന്ന് ഞാൻ വീട്ടിലേക്കു പോരുമ്പോഴേ മോൾക്ക്‌ പനിയുണ്ട്.. ഈ രണ്ടു ദിവസത്തിനുള്ളിൽ ഞാൻ അങ്ങോട്ട് വിളിച്ചു വിശേഷം പറയല്ലാതെ അമ്മ ഇങ്ങോട്ടൊന്നു വിളിച്ചിട്ടില്ല… ഇന്നു മോളെ അഡ്മിറ്റ്‌ ആക്കിയപ്പോഴും ഞാൻ അറിയിച്ചതാ.. അത്രയും ദൂരെ നിന്ന് അച്ഛനും അമ്മയ്ക്കും കൂടെ ഇവിടെ എത്താൻ ബുദ്ധിമുട്ടാ.. പക്ഷെ ഒന്നു വിളിച്ചൂടെ? എന്നെ വിളിക്കുമ്പോ മാത്രം ബാലൻസ് ഇല്ല.. റേഞ്ച് ഇല്ല.. ഒരാഴ്ച്ച മുന്നേ ഓഫർ ചെയ്തു കൊടുത്ത ഞാൻ തന്നെ ഇതൊക്കെ കേക്കണം.. ” എനിക്കു കലിയടക്കാൻ ആയില്ല..

“വയസ്സായവരല്ലേ കുറെയൊക്കെ നീയല്ലേ ക്ഷമിക്കേണ്ടത്? ” വീണ്ടും അച്ഛന്റെ ഉപദേശം..

“വേണ്ടതിലധികം ക്ഷമിക്കുന്നുണ്ട്.. അവര് പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നുമല്ല വിഷയം ജിത്തുവിനെങ്കിലും എന്നെയൊന്നു മനസ്സിലാക്കി കൂടെ.. ഈ കുഞ്ഞിന് വയ്യാത്ത അവസ്ഥയിലും ഈ പോരിന് വളം വെച്ചു കൊടുക്കണോ.. ” ഞാൻ ചോദിച്ചു ..

“അവന്റെ അമ്മ പറയുമ്പോ അവനു അതു ചോദിക്കാതിരിക്കാൻ പറ്റുവോ? ” അച്ഛൻ വക..

“നീ കിടന്നുറങ്ങാൻ നോക്ക് ഹേമേ.. ബെസ്റ്റ് ആളോടാ പറയണേ.. വിവാഹം കഴിഞ്ഞ സമയത്ത് ജിത്തുവിന്റെ അപ്പുറമായിരുന്നു ഇങ്ങോര്.. ഈ പോരൊക്കെ ലോകം ഉണ്ടായ കാലം തൊട്ടുള്ളതാ.. നീ രാവിലെ തൊട്ടു കഷ്ടപ്പെടുന്നതല്ലേ? ” അമ്മ ചോദിച്ചു..

“എല്ലായിടത്തും ആണുങ്ങൾക്കാ കുറ്റം, അവരുടെ ധർമ്മസങ്കടം ആരെങ്കിലും അറിയുന്നുണ്ടോ? ഭാര്യക്ക് വേണ്ടി അമ്മയെ ഉപേക്ഷിക്കാൻ പറ്റോ? അതോ അമ്മയ്ക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിക്കോ? ” അച്ഛൻ ആത്മഗതിച്ചു..

“ആരും ആർക്കും പകരമാകില്ല.. ആർക്കു വേണ്ടി ആരെയും ഉപേക്ഷിക്കുകയും അരുത് .. പക്ഷെ അമ്മയ്ക്കും, ഭാര്യയ്ക്കും എല്ലാം അവരുടേതായ സ്ഥാനം ഉണ്ട് എന്ന് മനസ്സിലാക്കണം .. ഒരാളൊരു കാര്യം പറയുമ്പോൾ അതില് എത്രമാത്രം സത്യം ഉണ്ടെന്നറിഞ്ഞു പെരുമാറാൻ പഠിക്കണം.. അല്ലാതെ സമയവും സാഹചര്യവും നോക്കാതെ മെക്കിട്ടു കേറരുത്.. എനിക്കറിയാം ജിത്തു അമ്മ അതു പറഞ്ഞതിന്റെ ദേഷ്യത്തിൽ പെട്ടന്നങ്ങനെ പെരുമാറിയതാണെന്നു പക്ഷെ എന്റെ അവസ്ഥ ആലോചിച്ചോ? വയ്യാത്ത കുഞ്ഞിനേയും കൊണ്ട് ജിത്തു ഇവിടില്ലാതെ ഞാൻ എത്ര ബുദ്ധിമുട്ടുന്നുണ്ടെന്നു മനസ്സിലാക്കിയോ? ഇല്ല.. എല്ലാത്തിനും ഭാര്യയുടെ തലയിൽ കേറിയാൽ മതിയല്ലോ .. എല്ലാം കഴിഞ്ഞു പിന്നെയൊരു മയിലാഞ്ചിയും “എനിക്ക് നിന്നോടല്ലേ ഇത്ര സ്വാതന്ത്ര്യം എടുക്കാൻ പറ്റൂ.. അമ്മയെ ചോദ്യം ചെയ്യാൻ എനിക്കു പറ്റുവോ? ” എല്ലാം ആ പഞ്ചാരയിൽ കഴിഞ്ഞു.. ഭ്രാന്തെടുക്കുന്നുണ്ടെനിക്ക്… ഞാൻ ഈർഷ്യപ്പെട്ടു..

“സാരല്ല്യ.. പോട്ടെ, നീ ടെൻഷൻ അടിക്കാതെ ഒന്നു മയങ്ങാൻ നോക്ക്.. എല്ലാം ശെരിയാകും.. ” അമ്മ പതിയെ എന്റെ നെറുകയിൽ തലോടി… ഞാൻ പതിയെ അമ്മയുടെ മടിയിലെ സുരക്ഷിതത്വത്തിലേക്കു ഒരു കുഞ്ഞിനെ പോലെ ചേക്കേറി..

“അമ്മാ.. ” ഞാൻ പതിയെ വിളിച്ചു..

“എന്താടി.. ” അമ്മ വിളികേട്ടു..

“കണ്ണൻ കല്യാണം കഴിക്കുമ്പോൾ അമ്മ അമ്മായിയമ്മ ആകരുത് കെട്ടോ.. അമ്മയായാൽ മതി.. പ്രസവിച്ച മക്കളെ പോലെ ആർക്കും ആരെയും കാണാൻ സാധിക്കില്ലായിരിക്കും പക്ഷെ അമ്മ ഞങ്ങളെ പോലെ അവളെയും കരുതണം. അവളുടെ ബുദ്ധിമുട്ടുകളും മനസ്സിലാക്കണം.. നമ്മുടെ വീട്ടിൽ വരുന്ന പെൺകുട്ടി ഒരിക്കലും ശ്വാസം മുട്ടി ജീവിക്കേണ്ടി വരരുത്. പെണ്ണാണ് പെണ്ണിന്റെ ശത്രു മിക്കയിടങ്ങളിലും.. നമ്മുടെ വീട്ടിൽ അങ്ങനെ ആകരുത്.. നമുക്കുണ്ടായ ചീത്ത അനുഭവങ്ങളൊക്കെ വന്നുകേറിയ പെൺകുട്ടിയും അനുഭവിക്കണം എന്ന് വാശി എന്റമ്മയും കാണിക്കരുത്… “

ഞാൻ പറഞ്ഞു നിർത്തിയപ്പോഴേക്കും അമ്മയുടെ കണ്ണിൽ ഉരുണ്ടുകൂടിയ മിഴിനീർ എന്റെ കവിളിൽ പതിച്ചിരുന്നു… അമ്മയും പോയെന്നു തോന്നുന്നു എന്തൊക്കെയോ ഓർമ്മകളിലേക്ക്… അപ്പോഴും ആശ്വസിപ്പിക്കാൻ എന്നവണ്ണം ആ കൈകൾ എന്റെ മുടിയിഴകളെ തഴുകുന്നുണ്ടായിരുന്നു…

“നിന്റെ അമ്മയല്ലേ ആള്.. ആ പെങ്കൊച്ചിനെ വറത്തു കോരും ” എന്ന അച്ഛന്റെ തമാശയിൽ പങ്കു ചേർന്നപ്പോഴേക്കും ജിത്തുവിന്റെ കോൾ വന്നു.. ഒന്നും സംഭവിക്കാത്തത് പോലെ മോളുടെ വിശേഷങ്ങൾ ചോദിച്ചു.. പിന്നെ എല്ലാം പഴയപോലെ… അപ്പോഴും കുറച്ചു മുന്നേയുണ്ടായ വേദനയുടെ പോറൽ ഹൃദയത്തിന്റെ കോണിൽ എവിടെയോ ചോര പൊടിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.. ചെന്നുകയറിവളുടെ മനസ്സിന്റെ വിങ്ങൽ പോലെ….