നിനക്കായ് മാത്രം ~ ഭാഗം 03, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

©️ ദീപ്തി ദീപ്

ഇന്നാണ് നിച്ഛയത്തിനു ഡ്രസ്സ്‌ എടുക്കാൻ പോകുന്നത്. സൂര്യനെ കാണാൻ പറ്റുമല്ലോ എന്നാലോചിച്ചപ്പോൾ മനസ്സിനൊരു കുഞ്ഞ് സന്തോഷമൊക്കെ തോന്നുന്നുണ്ടായിരുന്നു ഗൗരിക്ക്. ഡ്രെസ്സും മറ്റുമെടുക്കാൻ കൂടെ വാലു പോലെ ഉണ്ടായിരുന്നു ദേവു. അത് കൊണ്ട് അധികമൊന്നും സംസാരിക്കാൻ പറ്റിയില്ല. രണ്ടുപേർക്കും ഒരേ നിറത്തിലുള്ളതായിരുന്നു എടുത്തത്. ഒന്നിച്ചു കാറിൽ സൂര്യന്റെ കൂടെയായിരുന്നു വീട്ടിലേക്ക് വരുന്നത്.കൂടെ ദേവൂവും ശിഖയും ദുർഗകുട്ടിയും. മറ്റുള്ളവർ തറവാട്ടിലെ കാറിൽ മുന്നിൽ തന്നെ പോയിരുന്നു. അങ്ങാടിയിൽ നിന്നും വളവു തിരിഞ്ഞപ്പോൾ കണ്ടു ദേവൻ കാറിനു നേരെ നടന്നു വരുന്നത്. കൈ നീട്ടി വണ്ടി നിർത്തിച്ച് കാറിനുള്ളിലേക്ക് തലയിട്ട് നോക്കി. സൂര്യന്റെ കൂടെ മുന്നിൽ ഇരുന്നത് കണ്ടതും മുഖം മാറുന്നതു കണ്ടു.

“”ഇറങ്ങടി…….””

ഒരലർച്ചയായിരുന്നു. എല്ലാരും തന്നെ ഞെട്ടി. സൂര്യൻ മാത്രം ഒന്നും മനസിലാകാതെ നോക്കുന്നുണ്ട് ദുർഗകുട്ടി പേടിച്ചു കൊണ്ട് ദേവുവിനെ വട്ടം പിടിച്ച് ഇരിക്കുന്നുണ്ട്.

“”നിനക്ക്‌ ഞാൻ പറഞ്ഞത് മനസിലായില്ലേ ഗൗരി.””

കയ്യിൽ പിടിച്ചു ഞെരിച്ചായിരുന്നു ചോദ്യം.

“”ഈ കല്യാണം നടക്കില്ല.അതുകൊണ്ട് അധികം സ്വപ്നം കാണണ്ട. പിന്നീട് ദുഃഖിക്കേണ്ടി വരും.””

പേടികൊണ്ട് ഒന്നും മിണ്ടിയില്ല.അപ്പോഴേക്കും സൂര്യൻ പുറത്തിറങ്ങി ദേവന് നേരെ വന്നിരുന്നു.

“”ആരാടോ താൻ….? സ്ത്രീകളുടെ കയ്യിൽ കയറി പിടിക്കുന്നോ?കയ്യെടുക്കടോ””

ദേവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചായിരുന്നു പറഞ്ഞത്.അപ്പോഴേക്കും ദേവൻ ഗൗരിയുടെ കയ്യിലുള്ള പിടി വിട്ട് സൂര്യനെതിരെ തിരിഞ്ഞു.

“”എന്റെ പെണ്ണിന്റെ കയ്യിൽ കയറി പിടിക്കാൻ എനിക്കാരോടും ചോദിക്കേണ്ട ആവശ്യമില്ല. പ്രേത്യേകിച്ചു നിന്നോട്. ഞാൻ ആരാണെന്നു ഈ നാട്ടുകാരോട് ചോദിച്ചാൽ മതി.പിന്നെ ഈ രുദ്രദേവന്റെ കഴുത്തിനു പിടിക്കാനുള്ള ഉശിരൊന്നും ഈ സൂര്യനാരായണന് ആയിട്ടില്ല.””

കോളറിൽ പിടിച്ച കൈ തട്ടി തെറിപ്പിച്ച് കൊണ്ട് ഗൗരിക്കെതിരെ തിരിഞ്ഞു.

“”ഇത് അവസാനത്തെ ഓർമപ്പെടുത്തലാണ്. ഈ കല്യാണം വേണ്ടെന്നു വെക്കണം.നീയായിട്ട് വേണ്ടെന്നു പറഞ്ഞാൽ ഇവിടെ തീരും പ്രശ്നം. അല്ലെങ്കിൽ നീ ഞാൻ ആരാണെന്ന് അറിയും””

ദേഷ്യത്തിൽ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു. അപ്പോഴേക്കും കരഞ്ഞു പോയിരുന്നു ഗൗരി. കാര്യം കൈ വിട്ടു പോകുമെന്നു കണ്ടതും ദേവു വണ്ടിയിൽ നിന്നുമിറങ്ങി.

“”എന്താ ദേവേട്ടാ.ഈ പാവത്തിനെ എന്തിനാ ഇങ്ങനെ സങ്കടപ്പെടുത്തണേ? കുറെ അനുഭവിച്ചതാ പാവം.എന്നിട്ട് നല്ലൊരു ആലോചന വന്നപ്പോൾ അതും മുടക്കണതെന്തിനാ? ഈശ്വരൻ പോലും പൊറുക്കില്ല ഇവളുടെ കണ്ണീരു വീഴ്ത്തിയാൽ””

ദേവു അത് പറഞ്ഞു കൊണ്ട് ഗൗരിയെ അടക്കി പിടിച്ചു.

“”ഞാൻ ഇവളുടെ ജീവിതം തകർക്കാനല്ല സംരക്ഷിക്കാനാണ് ശ്രെമിക്കുന്നത്.എന്റെ പെണ്ണായിട്ടു പോറ്റാൻ.””

“”എന്തു വിശ്വസിച്ചാ ഏട്ടന് ഇവളെ ഏൽപ്പിക്കുന്നത്. കള്ളും കുടിച്ച് തല്ലും കൂടി നടക്കുന്ന ഏട്ടന് എങ്ങനെ വിശ്വസിക്കും. ഏട്ടന്റെ ഈ പ്രവർത്തികളെല്ലാം കണ്ടു ചങ്ക് തകർന്നു നിൽക്കുന്ന നമ്മടെ അച്ഛനെ ആലോചിച്ചെങ്കിലും അല്ലെങ്കിൽ മരിച്ചു പോയ നമ്മടെ അമ്മയെ ആലോചിച്ചെങ്കിലും ഒന്ന് മാറിക്കൂടെ ഏട്ടാ.എന്റെ പഴയ ദേവേട്ടനായിക്കൂടെ.എന്നിട്ട് ഇവളാഗ്രഹിക്കുന്ന പോലെ സൂര്യേട്ടനുമായുള്ള വിവാഹം നടത്തി കൊടുത്തൂടെ ?” ദേവു അത് പറഞ്ഞു കൊണ്ട് പ്രദീക്ഷയോടെ ദേവനെ നോക്കി.

“”നീ പറഞ്ഞ കള്ളുകുടിയും,തല്ലു പിടിയുടെയും കാര്യം വേണമെങ്കിൽ ആലോചിക്കാം. പക്ഷേ ഇവളെ കെട്ടിച്ചു കൊടുക്കുന്ന കാര്യം മാത്രം നടക്കില്ല. ഇവളുടെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് ഈ രുദ്രദേവന്റെ ആയിരിക്കും. കാത്തിരുന്നു കണ്ടോ എല്ലാരും “”

അത് പറഞ്ഞു ദേഷ്യത്തിൽ നടന്നു നീങ്ങുന്ന ദേവനെ നോക്കി എല്ലാരും നിന്നു.

?????????

“”അച്ഛാ വേണ്ട “”

പേടിച്ചു കൊണ്ട് ശേഖരന് പിന്നാലെ ദേവു ഓടി. ദേഷ്യത്തിൽ പുറത്തേക്കു പോകാൻ നിൽക്കുന്ന ശേഖരനെ വീട്ടുകാരെല്ലാരും പിടിച്ചു വെച്ചു.

“”കൊല്ലും ഞാനിന്നവനെ. എന്റെ പാറുന്റെ ജീവിതം നശിപ്പിക്കാനായിട്ട് ഇറങ്ങി പുറപ്പെട്ടിരിക്കാ ദ്രോഹി.കുടുംബത്തെ പറയിപ്പിച്ചു മതിയായില്ലേ അവന്.കള്ളും കുടിച്ച് തല്ലും കൂടി നടന്ന് നാട്ടിലെ ഗുണ്ടയുടെ അച്ഛൻ എന്ന് നാട്ടുകാർ വിളിച്ചപ്പോഴും എല്ലാം സഹിച്ചത് ഈ കുഞ്ഞുങ്ങളെ ആലോചിച്ചാ ഇപ്പോൾ എന്റെ കുട്ടീടെ ജീവിതം തകർക്കാൻ നോക്കാ അവൻ.””

ഉറഞ്ഞു തുള്ളിക്കൊണ്ട് ശേഖരൻ എല്ലാരേം നോക്കി പറഞ്ഞു.

“”ഇന്ന് ഇതിനൊരു തീരുമാനം വേണം. ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരാം “”

ദേഷ്യത്തിൽ ഇറങ്ങി പോകുന്ന ശേഖരനെ എല്ലാരും പേടിയോടെ നോക്കി.

“”ചെറിയച്ഛാ അച്ഛൻ വല്യ ദേഷ്യത്തിലാ. ചെറിയച്ഛൻ കൂടെ ചെല്ല് അല്ലെങ്കിൽ ഇത് വല്യ പ്രേശ്നാകും. ചെല്ല് “”

ദേവു പറഞ്ഞതും ശങ്കരനും ശേഖരന് പിന്നാലെ പോയി. ഇതെല്ലാം കണ്ടു കരഞ്ഞു കൊണ്ട് ഗൗരി മുറിയിലേക്ക് ഓടി

?????????

“”എന്റെ കുഞ്ഞിന്റെ ജീവിതം നശിപ്പിക്കാൻ നോക്കുന്നോടാ “”

ദേവന്റെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ട് ശേഖരൻ അലറി.അപ്പോഴേക്കും കുറച്ച് പേര് വന്നു അവരെ പിടിച്ചു മാറ്റി.അടി കിട്ടിയിട്ടും ദേവൻ മൗനം പാലിച്ചു.അച്ഛന്റെയും മകന്റെയും വഴക്കു കണ്ടു കൊണ്ട് നാട്ടിലുള്ളവർ ചുറ്റും കൂടി. ദേഷ്യത്തിൽ പലതും വിളിച്ചു പറയുന്ന ശേഖരനെ എല്ലാരും നോക്കി നിന്നു.അപ്പോഴേക്കും ശിവൻ ഇതറിഞ്ഞു വന്നിരുന്നു.

“”എന്താ ശേഖരേട്ടായിത്. കുടുംബകാര്യം നാട്ടുകാരെ അറിയിക്കണോ? ശേഖരേട്ടൻ വന്നേ “”

അയാളെ പിടിച്ചു കൊണ്ട് പോകാൻ ശ്രെമിക്കുന്നതിനിടയിൽ ശിവൻ പറഞ്ഞു.

“”കുടുംബമോ? ഇവൻ എന്റെ കുടുംബത്തിൽ അല്ല.കുടുംബത്തെ പറയിച്ചു നടക്കുന്ന ഇവൻ എന്റെ മകനുമല്ല.പക്ഷേ എന്റെ പാറുന്റെ ജീവിതം നശിപ്പിക്കാൻ ശ്രെമിച്ചാൽ ആരായാലും ഞാൻ പൊറുക്കില്ല.മിണ്ടാൻ വയ്യാ എന്ന് പറഞ്ഞ് കുറെ ആലോചന മുടങ്ങി പോയതാ.ഇപ്പോഴാ നല്ല ഒരു ബന്ധം കിട്ടിയത്. ആ ജീവിതം മുടക്കാനാ ഈ ദ്രോഹി ശ്രെമിക്കുന്നത്. സമ്മതിച്ചു തരില്ല. ഇവന്റെ കയ്യിലെ കളിപ്പാവ ആക്കാൻ സമ്മതിക്കില്ല എന്റെ കുട്ടിയെ.ഓർത്തു വെച്ചോ. എന്റെ മനസ് മാറുന്നത് എന്നാണോ അന്നേ നീ എന്റെ മകനാകൂ.അത്രത്തോളം എന്റെ മനസ്സിൽ വെറുപ്പാ നിന്നോട്.ആ വെറുപ്പ്‌ എന്ന് മാറുന്നോ അന്നേ നിനക്ക് മേലേടത്ത്‌ തറവാടിന്റെ മണ്ണിൽ ചവിട്ടാൻ അനുവാദം ഉള്ളൂ.”

പറഞ്ഞ് പോകാൻ തിരിഞ്ഞു ശേഖരനെ ദേവൻ തടഞ്ഞു നിർത്തി.

“അച്ഛൻ ഒന്ന് നിന്നേ. ഇത്രേം നേരം അച്ഛൻ പറഞ്ഞതെല്ലാം ഞാൻ കേട്ടു നിന്നത്.ഇനി എനിക്ക് പറയാനുള്ളത് അച്ഛൻ കേൾക്കണം.കേട്ടെ പറ്റു.””

“”നീ എന്താ രുദ്ര ഈ ചെയ്യുന്നേ വേണ്ട “”

ശിവൻ തടയാൻ ശ്രെമിച്ചെങ്കിലും ദേവൻ അത് കാര്യമാക്കിയില്ല

“”എന്നെ എത്ര തള്ളി പറഞ്ഞാലും ഞാൻ അച്ഛന്റെ മകൻ തന്നെയാണ്.ഒരു വാക്കുകൊണ്ട് മുറിച്ചു മാറ്റാൻ പറ്റുന്ന ബന്ധമല്ല നമ്മൾ തമ്മിൽ.അച്ഛൻ ഉള്ളൂ കൊണ്ട് കരഞ്ഞാണ് ഇതെല്ലാം പറയുന്നത് എന്നെനിക്കറിയാം.അച്ഛന്റെ ഉള്ളിൽ ഞാൻ ഇന്നുമുണ്ട്. അല്ല എന്ന് വാക്ക് കൊണ്ട് പറഞ്ഞാലും സ്വന്തമെന്ന് അച്ഛന്റെ ഉള്ളു പറയുന്നുണ്ട്.അത് പോലെ തന്നെയാണച്ഛാ ഗൗരിയോടുള്ള എന്റെ ഇഷ്ട്ടം. എന്റെ അല്ലെന്നു പറഞ്ഞാലും സമ്മതിക്കാൻ എനിക്ക് സാധിക്കുന്നില്ല. അത് കൊണ്ട് തന്നെയാണ് അവളെ വിടാതെ പിൻതുടരുന്നത്. ഇനിയും അങ്ങനെതന്നെ ആയിരിക്കും.ഞാൻ ഒരു തെമ്മാടിയാണെങ്കിലും എനിക്കുമുണ്ട് സ്നേഹിക്കുന്ന മനസ്. സ്നേഹം നേടിയെടുക്കാനുള്ള വാശി.നാട്ടിലും വീട്ടിലും തെറ്റുകാരനായി നിന്നപ്പോഴും, മരിക്കാൻ തോന്നിയിട്ടുണ്ടച്ഛാ. അപ്പോഴും ജീവിക്കാൻ തോന്നിയത് അവളുടെ മുഖമാലോചിക്കുമ്പോളായിരുന്നു. അച്ഛനിനി എന്തൊക്കെ പറഞ്ഞാലും അവളെ മറന്നിട്ടൊരു ജീവിതം എനിക്കില്ല. ഇനി ഉണ്ടാകുകയുമില്ല.അവളെ ഞാൻ തന്നെ വിവാഹം കഴിക്കും. ഇത് വെല്ലുവിളിയല്ല.അച്ഛന്റെ അടുത്ത് ഇഷ്ട്ടപെട്ട ഒന്നിനെ നേടിയെടുക്കാനുള്ള ഒരു കുഞ്ഞിന്റെ വാശിയാണ്. “”

“”അത് നിന്റെ മനസിലെ വെറും തെറ്റുധാരണ മാത്രമാണ്.ഞാൻ മേലേടത്തെ ശേഖരനാണെങ്കിൽ നിന്റെ ആഗ്രഹം നടക്കാൻ അനുവദിക്കില്ല.””

“”മതി ഏട്ടാ പോകാം “”

അപ്പോഴേക്കും ശങ്കരൻ വന്ന് ഏട്ടനെ കൊണ്ട് പോകാൻ നോക്കി.

“”നിക്ക് ചെറിയച്ഛാ. ഇത് കൂടി പറയട്ടെ. അച്ഛൻ പറഞ്ഞ പോലെ മേലേടത്തെ ശേഖരന്റെ മകനാണ് ഞാനെങ്കിൽ എന്റെ ഗൗരിയെ ഞാൻ സ്വന്തമാക്കിയിരിക്കും. സ്ത്രീധനത്തിന്റെ തുലാസിൽ അളക്കാതെ ഒരിക്കലും വറ്റാത്ത സ്നേഹമുണ്ട് അവൾക്കു കൊടുക്കാൻ. അത് കൊണ്ട് തന്നെ ഞാൻ തന്നെ നേടി എടുക്കും എന്റെ പെണ്ണിനെ “”

അത് പറഞ്ഞ് കൊണ്ട് ദേവൻ നടന്ന് നീങ്ങി.

????????????

ഇന്നാണ് കല്യാണനിച്ഛയം.രാവിലെ തന്നെ അമ്പലത്തിൽ പോകാൻ റെഡിയാകുകയാണ് ഗൗരി. കൂടെ ദേവു കൂടി ഉണ്ട്. അമ്പലത്തിൽ പോകുന്ന വഴിയിൽ എന്നും ദേവൻ നിൽക്കാറുള്ള ഇടത്ത്‌ എന്തു കൊണ്ടോ അവനെ കണ്ടില്ല. അത് തന്നെ വല്യ ആശ്വാസമായിരുന്നു. തറവാട്ടമ്പലത്തിൽ ഗൗരിയുടെ പേരിൽ കുറച്ച് പൂജയുണ്ട്. അമ്പലത്തിൽ കയറി മനസ്സറിഞ്ഞു പ്രാർത്ഥിച്ചു. ഇനിയുള്ള ജീവിതം സന്തോഷവും സമാധാനം നൽകണമെന്ന് കണ്ണടച്ച് പ്രാർത്ഥിക്കുകയായിരുന്നു ഗൗരി. കഴുത്തിൽ എന്തോ തട്ടുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണുതുറന്നത്. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് പേടിച്ചു പോയി.

ദേവൻ

അത്രയുമടുത്തു നിൽക്കുകയാണ്. എന്തോ ആ മുഖത്ത് വല്യ സന്തോഷം.പെട്ടന്നാണ് നെറ്റിയിൽ അവന്റെ കൈ വെച്ചതായി തോന്നിയത്. പെട്ടെന്ന് വിട്ടു മാറി നിന്നു. അപ്പോഴേക്കും ദേവുവും കണ്ണ് തുറന്നിരുന്നു.അവളുടെ നോട്ടം കണ്ട് കഴുത്തിലേക്കു നോക്കിയത്. കഴുത്തിൽ താലി മാല. നെറ്റിയിൽ തൊട്ടു നോക്കിയപ്പോൾ സിന്ദൂരവും.

തുടരും….