കടമ…
Story written by Aswathy Joy Arakkal
“പെൺകോന്തൻ, കെട്ട്യോളവിടെ ഒരുങ്ങി ചമഞ്ഞു കാലിൽ കാലും കേറ്റിവെച്ച് ലോകകാര്യം പറഞ്ഞിരിക്കുമ്പോൾ അവൻ കൊച്ചിന്റെ ഡയപ്പർ ചേഞ്ച് ചെയ്യാൻ പോയിരിക്കുന്നു … ആ…. സ്വത്തും, മുതലും നോക്കി പുളിങ്കോമ്പ് തേടി പോകുമ്പോൾ ഇങ്ങനെ കുഞ്ഞിന്റെ അപ്പികോരലും, തുണിയലക്കലും, വീട്ടുപണിയുമൊക്കെ ചെയ്യേണ്ടി വരും.. കെട്ട്യോള് ഉദ്യോഗസ്ഥയും കൂടെയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.. “
അകന്നൊരു ബന്ധുവിന്റെ കല്യാണത്തിനു പോയതായിരുന്നു ഞങ്ങൾ.. റിസപ്ഷനിടയിൽ ചെറുക്കന്റെ ചേട്ടൻ കുഞ്ഞിന്റെ ഡയപ്പെർ മാറ്റാനെന്നും പറഞ്ഞ് വാഷ്റൂമിലേക്കൊന്നു പോയി.. അതു നമ്മുടെ കുടുംബത്തിൽ പിറന്ന അന്തസ്സുള്ള സ്ത്രീജനങ്ങൾക്കു പിടിക്കുമോ… അന്തസ്സുള്ള കുടുംബങ്ങളിലൊന്നും അപ്പന്മാർ മക്കളെ ശ്രദ്ധിക്കുകയോ, ഇമ്മാതിരി ചീപ്പ് കാര്യങ്ങൾ ചെയ്തു കൊടുക്കകയോ ഇല്ലെന്ന ആചാരം പാരമ്പര്യമായി തുടർന്നു പോരുന്ന കുടുംബങ്ങളിളെ ചില മഹിളാരത്നങ്ങളുടെ വക കമന്റ് ആയിരുന്നു ഇത്..
“അതിനിപ്പോ എന്നതാ ..? അവന്റെ കൂടി കുഞ്ഞല്ലേ.. അവനാ ഡയപ്പെറൊന്ന് ചേയ്ഞ്ച് ചെയ്താൽ ആകാശം ഇടിഞ്ഞു വീഴുകയൊന്നും ഇല്ലല്ലോ.? “ആർക്കും ഇഷ്ടപ്പെടില്ല എന്നുറപ്പുണ്ടായിട്ടും എനിക്കത്രയും ചോദിക്കാതിരിക്കാനായില്ല…
“എന്റെ മോളെ … നീ ആരെയാ ന്യായീകരിക്കുന്നത്.. കുഞ്ഞിന്റെ അപ്പി കഴുകിക്കുന്നതൊക്കെ ആണുങ്ങളുടെ പണി ആണോ… ആണുങ്ങൾ നിൽക്കണ്ടയിടത്തു നിന്നില്ലെങ്കിൽ കെട്ട്യോളുമാര് തലേൽ കേറും.. പിന്നെ ഇതല്ല, ഇതിനപ്പുറവും ചെയ്യേണ്ടി വരും.. ആ പിന്നെ നിങ്ങളുടെ ബന്ധു ആയതുകൊണ്ട് ന്യായീകരിക്കാതെ പറ്റത്തില്ലല്ലോ അല്ലേ…” എന്നെയൊന്നു ആക്കിച്ചിരിച്ചു കൊണ്ട് തല നരച്ചൊരു അമ്മായി നയം വ്യക്തമാക്കി…
“അങ്ങനെ ആണുങ്ങൾക്കൊരു പണി, പെണ്ണുങ്ങൾക്കൊരു പണി എന്നൊക്കെയുണ്ടോ അമ്മായി… ആണും, പെണ്ണും അല്ല അച്ഛനും അമ്മയുമല്ലേ അവർ… കുഞ്ഞിന് ജന്മം കൊടുക്കുന്നത് പോലെതന്നെ, വളർത്തുന്നതും അച്ഛനമ്മമാരുടെ കൂട്ടുത്തരവാദിത്തം ആണ്… അല്ലാതെ കുഞ്ഞ് കരയുമ്പോഴും, അപ്പിയിടുമ്പോഴും നീട്ടി ഭാര്യയെ വിളിക്കുന്നതും, കുഞ്ഞെന്തെങ്കിലും തെറ്റു ചെയ്താൽ നിന്റെ വളർത്തു ദോഷമെന്നു ആരോപിച്ചു തുള്ളുന്നതും മാത്രവല്ല അപ്പന്റെ ജോലി.. കരഞ്ഞാൽ ഒന്നെടുത്ത് ആശ്വപ്പിച്ചാലോ, കുഞ്ഞിന്റെ മലവും, മൂത്രവും വൃത്തിയാക്കിച്ചാലോ ആകാശം ഇടിഞ്ഞു വീഴുകയൊന്നും ഇല്ല.. പിന്നെ വളർത്തു ദോഷം അമ്മയിൽ ആരോപിക്കാതെ, അവനവനും കൂടി ചേർന്ന് നോക്കി നല്ല വഴിക്കു നടത്താവുന്നതേ ഉള്ളു കുഞ്ഞിനെ . അതെങ്ങനെയാ കുഞ്ഞിനെ അഞ്ചു മിനിറ്റ് കൂടുതൽ അപ്പൻ എടുത്താൽ അവൻ പെൺകോന്തനായി.. പെൺകോന്തനെന്ന് അവനെ ആദ്യം വിളിക്കുന്നതും സ്ത്രീകൾ തന്നെയായിരിക്കും… കഷ്ട്ടം തന്നെ .. ” ഞാൻ വെട്ടിത്തുറന്നു പറഞ്ഞു…
നീ എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ വീടുകളിലൊന്നും ഇങ്ങനൊരു ശീലമില്ല… മേലനങ്ങാൻ ബുദ്ധിമുട്ടുള്ളവളുമാരിങ്ങനൊക്കെ ആണുങ്ങളെ കൊണ്ടു ചെയ്യിക്കും … അതിന് തുള്ളാൻ ഇവനെ പോലെ ചിലരും… ഒന്നുചോദിക്കട്ടെ, നിനക്കുമില്ലേ ഒരു മോൻ, നാളെ അവനിതുപോലുള്ള കോപ്രായങ്ങൾ കാണിച്ചു നടന്നാൽ നീ സമ്മതിക്കുവോ.. ” അമ്മായി അസ്ത്രം എനിക്കു നേരെ തൊടുത്തു…
“എന്റെ മോൻ അവന്റെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നത് ഞാനെന്തിന് തടയണം, അതവന്റെ ഉത്തരവാദിത്തം അല്ലേ?.. ഇപ്പോഴേ അത്യാവശ്യം വീട്ടുപണിയും , പാചകവും, തൂക്കലും തുടക്കലുമൊക്കെ അവനെക്കൊണ്ട് ഞാൻ ചെയ്യിക്കാറുണ്ട്.. അവന്റെ കാര്യം നോക്കാൻ അവനും പഠിക്കണ്ടേ.. അല്ലാതെ എന്തിനും ഏതിനും കൂകിവിളിച്ചു ഭാര്യയെ ബുദ്ധിമുട്ടിക്കുന്നൊരുത്തനായി അവൻ വളരേണ്ട. പരസ്പര സഹകരണം കൂടിയാണ് ഏതു ബന്ധത്തിന്റെയും അടിസ്ഥാനം.. അവൻ അങ്ങനെ ആകുന്നതാണ് എന്റെ സന്തോഷം.. ” ഞാൻ പറഞ്ഞു..
“നിന്റെ നാക്കിനു മുന്നിൽ ആർക്കും പറഞ്ഞു നിൽക്കാൻ പറ്റില്ലെന്ന് “പറഞ്ഞു അമ്മായി മനസ്സില്ലാ മനസ്സോടെ അടങ്ങി ഒതുങ്ങി ഇരിക്കുമ്പോഴാണ് നേരത്തെ കുഞ്ഞുമായി വാഷ്റൂമിൽ പോയവൻ വരുന്നത്..
“അച്ചു നീ മോനെയൊന്നു പിടിക്കടി, എന്റെ പാന്റ് ആകെ നനഞ്ഞു ഒന്നു തുടയ്ക്കട്ടെ..” എന്നു പറഞ്ഞവൻ മോനെ എന്റെ കയ്യിലേക്ക് തന്നിട്ട് എന്റെ അടുത്തിരുന്നു..
“അല്ല സിബി, നിന്റെ കെട്ട്യോളെവിടെ? കുഞ്ഞിന്റെ അപ്പികോരലൊക്കെ ഇപ്പോൾ നീയാണോ ചെയ്യാറ്? എങ്ങനെ നടന്ന ചെക്കനാ.. വൃത്തിയും , മെനയും… ഇപ്പോ ഒന്നിനുമൊരു മടിയും ഇല്ല… പെണ്ണുങ്ങളുടെ മിടുക്കേ.. അവള് കുഞ്ഞിനേയും കൊണ്ടു നടന്നാ മേക്കപ്പ് പോകുമായിരിക്കും അല്ലയോ..? ” ചൊറിയത്തി അമ്മായി വീണ്ടും ചൊറിയാൻ തുടങ്ങി..
” അതെ.. അമ്മായി, ഇതേ എന്റെ കുഞ്ഞാ.. അല്ലാതെ അവള് വീട്ടിൽ നിന്നും വന്നപ്പോൾ കൊണ്ട് വന്നതല്ല.. ഞങ്ങളൊരുമിച്ചാണ് കുഞ്ഞിന് ജന്മം കൊടുത്തത്.. ചിലരെപ്പോലെ കൊച്ചിനെ ഉണ്ടാക്കിയാൽ മാത്രം അപ്പനെന്ന സ്ഥാനത്തിന് ഒരാണും അർഹൻ ആകുന്നില്ല സ്ത്രീയും അങ്ങനെ തന്നെ .. സന്തോഷങ്ങളളിലും, സങ്കടങ്ങളിലും ഒരുമിച്ചു നിന്ന് , ഒരുമയോടെ കുഞ്ഞിനെ വളർത്തി വലുതാക്കുമ്പോഴാ അതിനെ പാരന്റിങ് എന്നു പറയാൻ പറ്റുക .. അല്ലാതെ ഒരാൾ ആജ്ഞാപിക്കാനും അടുത്തയാൾ അനുസരിക്കാനും ഇരിക്കുന്നതൊക്കെ മഹാ ബോറാണ് .. പിന്നെ ചില പെണ്ണുങ്ങളുണ്ട്, സ്വന്തം കെട്ടിയോൻ മൂരാച്ചി ആയിപോയതിന്റെ ദേഷ്യം വേറെ ഏതെങ്കിലും ആണുങ്ങളെ കുറ്റം പറഞ്ഞ് തീർക്കുന്നത്.. അമ്മായിയുടെ കാര്യമല്ല കെട്ടോ… പിന്നെ ഏതായാലും എന്റെ കെട്ട്യോള് കാശുമുടക്കി അണിഞ്ഞൊരുങ്ങി ഇരിക്കുവല്ലേ… അവള് സുന്ദരിയായി ഇരിക്കട്ടേന്ന്.. ഞാനതിൽ സന്തോഷിക്കുവല്ലേ വേണ്ടത്..അപ്പോൾ ശെരി കുറച്ചു തിരക്കുണ്ട്, പിന്നെക്കാണാം ” എന്നും പറഞ്ഞവൻ കുഞ്ഞുമായി എണീറ്റു..
സിബിയുടെ വായിൽ നിന്നും അത്രയും കേട്ടപ്പോഴേക്കും അമ്മായിയുടെ മുഖത്തെ ചോരയൊക്കെ വാർന്ന് ആകെ വിളറിയിരുന്നു ..
എന്നെ നോക്കിയൊന്നു കണ്ണിറുക്കി കാണിച്ചിട്ടവൻ കുഞ്ഞുമായി ആഘോഷങ്ങളിലേക്കു പോയി.. ഞാനൊരു ചെറു ചിരിയോടെ അവരുടെ സന്തോഷങ്ങൾ നോക്കിയിരുന്നപ്പോഴും എന്റെ മനസ്സാകെ സമൂഹത്തിന്റെ അസഹിഷ്ണുതയെപ്പറ്റിയുള്ള ചിന്തകളായിരുന്നു.. “പാരന്റിങ് എന്നതൊരു കൂട്ടുത്തരവാദിത്തം ആണ്, അതിൽ അപ്പനെന്ത് ചെയ്യുന്നു, അമ്മയെന്ത് ചെയ്യുന്നു എന്നതൊക്കെ മറ്റുള്ളവർ എന്തിന് അന്വേഷിക്കണം… കടമകൾ പങ്കിട്ട് ഒരുമയോടെ ഒരു കുടുംബം മുന്നോട്ടു പോകുന്നതിന്റെ കുശുമ്പ് അവസരം കിട്ടുമ്പോൾ പറഞ്ഞ് തീർക്കുകയാണ് പലരുമെന്നു തോന്നാറുണ്ട്.. ഒപ്പം അതിന് മനസ്സില്ലാത്ത ജീവിതപങ്കാളി എന്തോ മഹാൻ ആണെന്ന് പറഞ്ഞ് വരുത്തി തീർക്കാനുള്ള വ്യഗ്രതയും.. എന്റെ മകൻ അല്ലെങ്കിൽ ഭർത്താവ് അഭിമാനിയാ… വീട്ടുപണിയൊന്നും ചെയ്യില്ല… എന്നു പറഞ്ഞു അഭിമാനം കൊള്ളുന്നവരോട് വിഷമമേ തോന്നാറുള്ളു… “