പ്രണയകാലം…
Story written by Aswathy Joy Arakkal
:::::::::::::::::::::::::::::::::
“എടോ, നമ്മളെത്ര സ്വപ്നം കണ്ട്, ആരോടൊക്കെ വാശിപിടിച്ചു നടത്തിയ വിവാഹവാ… എന്നിട്ട് തനിക്കെന്താടോ ഒരു സന്തോഷം ഇല്ലാത്തത്.. എന്തുപറ്റി? വീട്ടിൽ ആരെങ്കിലും എന്തെങ്കിലും തന്നെ പറഞ്ഞോ..? ആകെ പതിനേഴു ദിവസത്തെ ലീവല്ലേ എനിക്കുള്ളൂ… താനിങ്ങനെ മുഖം വീർപ്പിച്ചിരുന്നാൽ ഞാനെങ്ങനെ സമാധാനവായിട്ടു തിരിച്ചു പോകും.. “
വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം വൈകുന്നേരം ആര്യാസിൽ കോഫി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എബി എന്നോട് ചോദിച്ച ചോദ്യമാണിത്..
ഒരു കരച്ചിലായിരുന്നു എന്റെ ആദ്യപ്രതികരണം..
“എനിക്കൊന്നും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലിച്ചായാ .. പുതിയ നാടും, വീടും, രീതികളും, സൽക്കാരങ്ങളും .. എന്തിന് ഇച്ചായനെപ്പോലും ഉൾകൊള്ളാൻ സാധിക്കാത്തതു പോലെ.. ആരും ഒന്നും ചെയ്തിട്ടോ, പറഞ്ഞിട്ടോ അല്ല.. എനിക്കെന്തോ.. ” ഞാൻ പറഞ്ഞ് നിർത്തി..
ആ ചർച്ച അധികം നീണ്ടില്ല.. പിറ്റേന്നു ഞായറാഴ്ച പള്ളിയിലും പോയി ഒരു ബന്ധുവീട്ടിൽ കല്യാണവും കഴിഞ്ഞു വന്നപ്പോൾ സമയം അഞ്ചുമണി ആയി..
“താൻ ഒരാഴ്ചത്തേക്കുള്ള ഡ്രസ്സ് പാക്ക് ചെയ്തോ.. നാളെ ഏർളി മോർണിംഗ് നമ്മൾ മൂന്നാറിന് വിടുന്നു.. ” അതും പറഞ്ഞ് എബിച്ചൻ പാക്കിങ് തുടങ്ങി.
ഇച്ചന് ലീവ് കുറവായിരുന്നത് കൊണ്ട് യാത്രകളൊക്കെ പിന്നീട് ആകാമെന്ന് വെച്ചിരിക്കുകയായിരുന്നെങ്കിലും പെട്ടന്നങ്ങനെ കേട്ടപ്പോൾ മനസ്സിലൊരു മഞ്ഞു വീണ തണുപ്പായിരുന്നു.. ബന്ധുമിത്രാദികളുടെ സൽക്കാരങ്ങളും, നവവധുവിന്റെ ചമയങ്ങളും കൊണ്ടു മടുത്തുപോയിരുന്നു ഞാൻ.. എങ്ങോട്ടെങ്കിലും ഒന്നോടിപ്പോയാൽ മതിയെന്നു വിചാരിച്ചിരിക്കുമ്പോഴാണ് അങ്ങോരുടെ വായിൽ നിന്നിതു വീഴുന്നത്.. അങ്ങനെ ഞാനും പാക്ക് ചെയ്തു പോകാനൊരുങ്ങി..
പിറ്റേന്ന് രാവിലെ 5.30 യ്ക്കു ഞങ്ങൾ വീട്ടിൽ നിന്നും പുറപ്പെട്ടു….
നവവധുവിന്റെ ആടയാഭരണങ്ങളും, വേഷഭൂഷാദികളും, ചമയങ്ങളും എല്ലാം അഴിച്ചു വെച്ച് മിഡിയും, ടോപ്പും അണിഞ്ഞപ്പോൾ തന്നെ എനിക്ക് പകുതി ആശ്വാസമായി..
പിന്നെ 5.30, ഞങ്ങളുടെ എല്ലാ യാത്രകളും അതിരാവിലെ തുടങ്ങും.. ആ സമയത്ത് ഡ്രൈവ് ചെയ്യാൻ അങ്ങോർക്ക് ഭയങ്കര ഇഷ്ടവാ… കുരിശുപള്ളിയിൽ പോയി നേർച്ച ഇട്ട് മാതാവിനോട് “കാത്തോളണേ ” എന്നും പറഞ്ഞു തുടങ്ങിയ യാത്ര മൂന്നാറിലേക്ക് മാത്രമായിരുന്നില്ല, ഞങ്ങളിലേക്ക് കൂടിയായിരുന്നു.. ഞങ്ങൾ ജീവിതം തുടങ്ങുന്നത് ആ യാത്രയിലൂടെയാണ്.. പരസ്പരം സ്നേഹിച്ചൊന്നായവരാണെങ്കിലും ഞങ്ങളുടേത് മാത്രമായ ലോകം തുടങ്ങുന്നത് അവിടെ നിന്നാണ്…
അതുവരെ കാണാത്ത ഒരാളെ.. എന്റെ ഭർത്താവിനെ കാണുകയായിരുന്നു ഞാൻ.. കാമുകനിൽ നിന്നും ഭർത്താവിലേക്കുള്ള അവന്റെ മാറ്റം ആസ്വദിക്കാൻ തുടങ്ങുകയായിരുന്നു… പരസ്പരം കൈകോർത്തു പിടിച്ച്, ആ തോളിൽ തലചായിച്ച് , ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പിൽ ചൂളി, മുടിയിഴകളിലുള്ള തലോടലുകൾ ആസ്വദിച്ച്, ഒരുമിച്ചു ഗിയർ ചേഞ്ച് ചെയ്ത് ഞങ്ങളങ്ങനെ പൊയ്ക്കൊണ്ടിരുന്നു..
ഏഴുമണി ആയപ്പോഴേക്കും വഴിയരികിലെ ചെറിയ ഹോട്ടലുകൾ തുറന്നു തുടങ്ങി.. അവിടുന്നൊക്കെ ചായ കുടിക്കാൻ മുൻപ് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും വൃത്തിയുണ്ടാകില്ല എന്ന് പറഞ്ഞമ്മച്ചി സമ്മതിക്കില്ലായിരുന്നു.. പക്ഷെ അവനൊപ്പമിരുന്നു കടക്കാരൻ അടിച്ചു പതപ്പിച്ചു തന്ന ചായ ഊതി ഊതി കുടിച്ചതും, പെരുവഴിയിലെ സ്വാതന്ത്ര്യം ആഘോഷിച്ചതുമൊക്കെ പുതിയ അനുഭവങ്ങളായിരുന്നു എനിക്ക്… യാത്ര തുടരുന്നതിനിടയിൽ വരുന്ന ഓരോ ട്രാഫിക് ബ്ലോക്കുകളിലും ഞാനവന്റെ കുസൃതികൾ ആസ്വദിച്ചു.. ബ്രേക്ഫാസ്റ്റിനു കയറിയ ഇന്ത്യൻ കോഫി ഹൗസിൽ വെച്ചാണ് ആദ്യമായി ദോശ മുറിച്ചവനെന്നെ കഴിപ്പിച്ചത്. ശേഷം വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇന്നും എന്റെ അവകാശമാണ് അവന്റെ പ്ലേറ്റിൽ നിന്നൊരു പങ്ക് …
ഇടയ്ക്കു മാർക്കറ്റുകൾ കാണുമ്പോൾ വണ്ടി നിർത്തും.. അതിനിടയിലൂടെയെല്ലാം എന്റെ കൈപിടിച്ച് നടക്കും.. വേണ്ടതൊക്കെ വാങ്ങിത്തരും.. എനിക്കതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു… ചെറുപ്പത്തിൽ അപ്പനൊപ്പം ഒരുപാട് സഞ്ചരിച്ചിട്ടുണ്ടെങ്കിലും മുതിരുമ്പോൾ ഒരു പെണ്ണിന് നഷ്ടപ്പെടുന്ന പല സ്വാതന്ത്രങ്ങളും ഞാൻ നേടിയെടുത്തത്, ആസ്വദിച്ചത് എബിയ്‌ക്കൊപ്പം ചേർന്ന ശേഷമാണ്… വഴിയരികിലെ കൗതുകങ്ങളിലേക്കെല്ലാം അവനെന്റെ കൈപിടിച്ച് കൂട്ടികൊണ്ട് പോയിട്ടുണ്ട്.. ഞാനാഗ്രഹിച്ച തട്ടുദോശയും, വഴിയരികിലെ കണ്ണാടിപ്പാത്രത്തിലെ പലഹാരങ്ങളും, പൂക്കാരിയുടെ കൈയിലെ മുല്ലമാലയും എന്നുവേണ്ട എന്റെ കുഞ്ഞുകുഞ്ഞു വട്ടുകൾ സാധിച്ചു തരുന്നത് എന്നും അവനു സന്തോഷമാണ്…
അങ്ങനെ ആടിയും, പാടിയും, ഒച്ചയെടുത്തും, കൂകിവിളിച്ചും തിമർത്തു ഞങ്ങൾ യാത്ര ആഘോഷമാക്കി.. ഉച്ചയ്ക്ക് മുന്നേ എത്തേണ്ട അടിവാരത്തിൽ ഞങ്ങളെത്തിയപ്പോൾ സമയം ഉച്ച കഴിഞ്ഞു .. അവിടെ എത്തിയപ്പോഴാണ്, സ്വന്തം ആങ്ങള അവിടെയൊരു ടീ എസ്റ്റേറ്റിലെ മാനേജർ ആയിട്ടും അവനോടൊരു വാക്ക് പറഞ്ഞില്ലല്ലോ എന്നോർത്തത്.. ഇനി റൂമിലെത്തിയിട്ടു വിളിക്കാം എന്ന് എബിയും പറഞ്ഞു.. പെട്ടന്നു തീരുമാനിച്ച ട്രിപ്പ് ആയിരുന്നത് കൊണ്ട് വീട്ടിലേക്ക് വിളിച്ചറിയിച്ചതല്ലാതെ വേറാരൊടും പറയാൻ സാധിച്ചിരുന്നില്ല… പിന്നെ പറയാതെ ചെല്ലുമ്പോൾ അവനൊരു സർപ്രൈസ് ആകുമല്ലോ എന്നും കരുതി…
പിന്നീടങ്ങോട്ട് കയറ്റം കയറാൻ തുടങ്ങി.. എന്റമ്മോ.. ചുറ്റും തേയിലക്കാടുകൾക്കിടയിലൂടെയുള്ള പ്രണയാർദ്രമായ ആ യാത്ര… അതും തണുത്തു വിറച്ചുകൊണ്ട്… ഏതു മൂരാച്ചിയും പ്രണയിച്ചു പോകുന്ന അവസ്ഥ.. കാറിന്റെ ac ഓഫ് ചെയ്തു ചില്ലുകൾ താഴ്ത്തി ഇട്ടപ്പോൾ ഞാനാകെ തണുത്തു വിറക്കാൻ തുടങ്ങി… ബാഗിൽ നിന്നും സ്വെറ്റർ എടുക്കാൻ സമ്മതിക്കാതെ കുസൃതി ചിരിയോടെ അവനതൊക്കെ ആസ്വദിച്ചിരുന്നു.. ഇടയ്ക്കിടെ ചെറിയ കടകളുണ്ടാകും.. അവിടെ നല്ല ചൂടുള്ള ചായയും, ബജിയും എല്ലാം കിട്ടും.. അതൊക്കെ ആസ്വദിച്ചു കഴിക്കും.. ആ നനുത്ത തണുപ്പിൽ അതൊരു പ്രത്യേക സുഖമായിരുന്നു..
ഓടിയോടി വണ്ടി ചീയപ്പാറ വെള്ളച്ചാട്ടത്തിനു താഴെയെത്തി.. അവിടെ വെള്ളത്തുള്ളികൾ ശരീരത്തിലേക്ക് തെറിച്ചപ്പോൾ ശരീരത്തിനൊപ്പം മനസ്സും തണുക്കാൻ തുടങ്ങി… മനസ്സിലുണ്ടായിരുന്ന എന്തോ ഒരു ചെറിയ അകൽച്ചയൊക്കെയങ്ങു പറന്നു പോയതുപോലെ… ഒരു ഷാളിന്റെ സുരക്ഷിതത്വത്തിൽ ഒന്നുചേർന്ന് കൈകോർത്തുപിടിച്ചു ഞങ്ങൾ പഴയ അമ്മുവും, എബിയുമായി … തേയിലക്കാടുകൾ താണ്ടി ചെന്നത് ചെറിയൊരു വില്ലയ്ക്ക് മുന്നിലായിരുന്നു. ആങ്ങള ജോലി ചെയ്യുന്ന HML പ്ലാന്റെഷന്റെ അതിഥി ബംഗ്ലാവ്.. അവിടെ എത്തി എന്റെ ആങ്ങളയെ കണ്ടപ്പോഴാണ് സത്യത്തിൽ അളിയനും, അളിയനും കൂടിയുള്ള പ്ലാനിങ് ആയിരുന്നു ഈ ട്രിപ്പ് എന്നെനിക്കു മനസ്സിലായത്… ആങ്ങളയുടെ ഒരു ചെറിയ വിവാഹസമ്മാനം… ഞങ്ങളെ അവിടെയാക്കി അവൻ അവന്റെ താമസസ്ഥലത്തേക്ക് പോയി..
ഞങ്ങൾ ഒരുമിച്ചു ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്, പക്ഷെ ഇന്നോളം ആ ബംഗ്ലാവിനോളം റൊമാന്റിക് ആയൊരു സ്ഥലം എവിടേയും ഞാൻ കണ്ടിട്ടില്ല… “തേയിലക്കാടുകൾക്കുള്ളിലെ കൊച്ചുസ്വർഗ്ഗം ” എന്നുതന്നെ വിളിക്കാം.. പൂക്കൾ നിറഞ്ഞ മുറ്റം, യുവമിഥുനങ്ങൾക്കായി ഒരുക്കിയിരുന്ന വീടായത് കൊണ്ടു പിന്നെ പറയുകയും വേണ്ട.. വീടിനോടു ചേർന്ന് പുറത്തായിരുന്നു കിച്ചൻ. അവിടെ സഹായിക്കാൻ പളനിയും, മേരിയും .. പളനിയുടെ ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിന്റെ തുമ്പിലുണ്ട്… കുളിച്ചു ഫ്രഷ് ആയപ്പോഴേക്കും നല്ല ഏലക്കായും, ഇഞ്ചിയും ചതച്ചിട്ട ചായയുമായി മേരി എത്തി… മുറ്റത്ത് ആനയെ ഓടിക്കാനും, ചൂട് കായാനുമെല്ലാമായി തീ കൂട്ടിയിരുന്നു… രണ്ടു കസേരകളുമായി ഞങ്ങൾ മുറ്റത്തിരുന്നു… എത്ര മിണ്ടിയും പറഞ്ഞും ഇരുന്നിട്ടും സംസാരിച്ചു തീരാത്തത് പോലെ.. സംസാരിക്കുന്നതിനേക്കാൾ എന്നെ കേൾക്കാൻ ആണ് അവനെന്നും ഇഷ്ട്ടം.. അറിഞ്ഞും, പറഞ്ഞും കാമുകനും കാമുകിയും ഭാര്യയും ഭർത്താവും ആവുകയായിരുന്നു…
ഞങ്ങൾക്ക് വിരോധമില്ല എന്നറിഞ്ഞപ്പോൾ പഴനിയും, മേരിയും ഒപ്പം കൂടി… തമിഴ് കലർന്ന മലയാളത്തിൽ സംസാരിച്ചു കൊണ്ടിരുന്നു. വിഷമങ്ങൾ പങ്കുവെച്ചു, സ്വപ്‌നങ്ങൾ പറഞ്ഞു.. കണ്ണുകിട്ടാതിരിക്കാൻ എന്ന് പറഞ്ഞു ഞങ്ങളെ ഉഴിഞ്ഞിട്ടു… രസകരമായിരുന്നു എല്ലാം…
രാത്രിഭക്ഷണം കഴിച്ചു കിടന്നപ്പോൾ ഒരുമണി ആയി… ഇടയ്ക്ക് ആനയുടെ ചിന്നംവിളികൾ കേൾക്കാമായിരുന്നു എങ്കിലും വിവാഹശേഷം മനസ്സൊന്നു നേരെ നിന്നത് അന്നായിരുന്നു…. നേരം പുലർന്നപ്പോഴേക്കും എബിയെന്നെ വിളിച്ചെണീപ്പിച്ചു… തേയില കാടുകൾക്കിടയിലൂടെ ഞങ്ങൾ ഓടിനടന്നു.. കിളുന്തു നുള്ളാൻ പോകുന്ന തൊഴിലാളികളോട് കുശലം പറഞ്ഞു.. അപ്പോഴേക്കും പഴനി ചായയുമായെത്തി… കാട്ടുവിശേഷങ്ങളും, നാട്ടുവിശേഷങ്ങളും പങ്കുവെച്ചു..
പിന്നീട് ഒരാഴ്ച്ച ഞങ്ങളാ സ്വർഗ്ഗത്തിൽ തന്നെ ആയിരുന്നു.. അതിനിടയിൽ മൂന്നാറൊക്കെ ചുറ്റിക്കണ്ടു.. ബോട്ടിങ്ങും, ട്രക്കിങ്ങും, കുതിരസവാരിയും, ഫോട്ടോ എടുക്കലും എല്ലാം ആസ്വദിച്ചു.. പക്ഷെ സത്യം പറഞ്ഞാൽ ആ സ്വർഗ്ഗത്തിൽ നിന്നും പുറത്തു പോകാൻ തോന്നില്ലായിരുന്നു… ആ തേയിലക്കാടും, വീടും, അതിനുള്ളിലെ മനോഹാരിതയും , പഴനിയുടെ ഭക്ഷണവും, ഞങ്ങൾ ആസ്വദിച്ചു തുടങ്ങിയ പ്രണയവും… എന്റെ പൊന്നോ.. ആലോചിക്കുമ്പോൾ അവിടേക്കു ഓടി എത്താൻ തോന്നുന്നു…
ഒടുവിൽ ഒരാഴ്ചയ്ക്ക് ശേഷം എല്ലാവരോടും യാത്ര പറഞ്ഞാ മനോഹരതീരം വിടുമ്പോഴേക്കും എന്റെ മനസ്സ് ശാന്തമായിരുന്നു.. പേടിയും, ആകുലതകളും മാറി മാറ്റങ്ങളെ ഉൾകൊള്ളാൻ ഞാനും തയ്യാറായി തുടങ്ങിയിരുന്നു… ഞാനും നീയും മാറി ഞങ്ങൾ ആയിരുന്നു…
“സോറി ഇച്ചായാ , അന്നു ഞാനെന്തൊക്കെയോ.. അന്നത്തെ എന്റെ മാനസികാവസ്ഥ അങ്ങനെ ആയിപ്പോയി.. .. ” മടക്കയാത്രയ്ക്കിടയിൽ അവന്റെ തോളിൽ ചാരിയിരുന്നു ഞാൻ പറഞ്ഞു…
“വിട്ടുകളയടോ, എനിക്കറിഞ്ഞൂടെ തന്നെ.. ഒരുദിവസം തന്റെ വീട്ടിൽ വന്നു നിന്നപ്പോൾ എനിക്കാകെയൊരു അപരിചിത്വം ആയിരുന്നു.. ഒട്ടും അഡ്ജസ്റ്റ് ആകുന്നില്ലായിരുന്നു… ആകെയൊരു വീർപ്പുമുട്ടൽ… അപ്പോൾ പിന്നെ തന്റെ അവസ്ഥ എനിക്ക് ഊഹിക്കാവല്ലോ… എനിക്കു മനസ്സിലായിരുന്നു തന്നെ… പിന്നെ ഫോണിലൂടേയും, കത്തിലൂടേയുമൊക്കെ എന്നെ സ്നേഹിച്ചു വീർപ്പുമുട്ടിച്ചിരുന്ന താൻ ആലുവാ മണപ്പുറത്തു വെച്ചു കണ്ട പരിചയം പോലും കാണിക്കാതിരുന്നപ്പോൾ ഒരു വിഷമം തോന്നി.. ആളുമാറിയോ എന്നുവരെ തോന്നി.. ” കുറച്ചു കളിയും കാര്യവുമായി പലതും പറഞ്ഞു കൊണ്ടു ഞങ്ങൾ തേയിലക്കാടുകളെ പിന്തള്ളി മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു… ഞങ്ങളിലേക്ക്.. പുതുജീവിതത്തിലേയ്ക്ക്…
പൂത്തുതളിർത്ത ഞങ്ങളുടെ പ്രണയത്തിനൊപ്പം, അവനൊപ്പമുള്ള ആദ്യയാത്ര മനസ്സിലാക്കി തന്ന ചില പാഠങ്ങളുണ്ട്.. എത്ര പ്രണയിച്ചവർ ആണെങ്കിലും, പരസ്പരം അറിഞ്ഞവർ ആണെങ്കിലും വിവാഹം എന്നത് ജീവിതത്തിന്റെ പുതിയൊരു ഘട്ടമാണ്…
ജീവിതം തുടങ്ങുമ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പല കാര്യങ്ങളുമുണ്ട്. അവിടെയൊക്കെ പങ്കാളിയെ ഉൾക്കൊള്ളാതെ കുറ്റപ്പെടുത്താൻ തുടങ്ങിയാൽ അവിടെ കല്ലുകടി തുടങ്ങും.. കുറ്റപ്പെടുത്താതെ, പഴിചാരാതെ… പരസ്പരം മനസ്സിലാക്കിയാൽ, ചേർത്തു പിടിച്ചാൽ, മനസ്സറിയാൻ ശ്രമിച്ചാൽ, നിനക്കു ഞാനുണ്ടെന്നൊരു വിശ്വാസം പകർന്നാൽ ജീവിതം സ്വർഗ്ഗമാകും… അതിന് വേണ്ടത് പരസ്പരം ഉൾക്കൊള്ളാനുള്ളൊരു മനസ്സും, നിസ്വാർത്ഥമായ സ്നേഹവും മാത്രമാണ്…
Pic courtesy : NANA