പുണ്യം
Story written by NIJILA ABHINA
പെണ്ണ് കാണാൻ വന്നത് പട്ടാളക്കാരനാണന്ന് അറിഞ്ഞപ്പോഴേ കുഞ്ഞേച്ചിയുടെ മുഖം വീർത്തു വന്നിരുന്നു.
“എനിക്ക് വയ്യ ചെറു പ്രായത്തിലെ വിധവ പെൻഷൻ വാങ്ങാൻ ഏതേലും ചട്ടനോ പൊട്ടനോ ആയാലും ഞാൻ സമ്മതിക്കും ഇത് വേണ്ട “
“ഒന്ന് പതിയെ പറയെടി അവര് കേക്കും “
മൂത്ത മകളുടെ തല തെറിച്ച, അഹങ്കാരം കൊടി കുത്തിയ, പുച്ഛം നിറഞ്ഞ വർത്തമാനം കേട്ടച്ഛൻ തലയിൽ കൈ വെച്ച് പല്ല് ഞെരിക്കുമ്പോൾ അമ്മയതാരും കേൾക്കരുതേയെന്ന പ്രാർത്ഥനയിലായിരുന്നു…. . ആ പ്രാർത്ഥന വെറുതെയായി എന്ന് മനസിലായത് പകുതിയടച്ച വാതിൽ തള്ളിത്തുറന്ന് ഏട്ടൻ അകത്തു വന്നപ്പോഴാണ് …
“അളക പറഞ്ഞത് കേട്ടു… സന്തോഷം മാത്രേയുള്ളു ഇത്തരം ചിന്താഗതി ഉള്ളൊരുത്തി എന്റെ തലയിലായില്ലല്ലോ “
പട്ടാളക്കാർ…. ഈ ഒരു വാക്ക് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത് മരണമാണല്ലേ പാതി വഴിയിൽ ജീവിതം ഇല്ലാതാകും എന്നൊരു ചിന്തയാണല്ലേ ….
ചിന്തിച്ചിട്ടുണ്ടോ ഞങ്ങളെപ്പോലെ കുറേയധികം പേര് ഇതിനായി ഇറങ്ങി തിരിച്ചില്ലായിരുന്നെങ്കിൽ എന്താവുമെന്ന്….ഇന്ന് നീയൊക്കെ അനുഭവിക്കുന്ന സ്വാതന്ത്ര്യം സമാധാനം ഇതൊക്കെ ഞങ്ങളിൽ പലരും ജീവൻ കൊടുത്തതിന്റെ, ജീവിതത്തിന്റെ നിറമുള്ള ഭാഗം മാറ്റി നിർത്തിയതിന്റെ ഫലാണ് ….
“മോനെ അവൾ വിവരം ഇല്ലാതെ പറഞ്ഞതാ അവൾക്കു വേണ്ടി ഞാൻ മാപ്പ് പറയാം”
“അച്ഛനെന്തിനാ മാപ്പ് പറേന്നെ ആ കുട്ടി അവളുടെ അഭിപ്രായം പറഞ്ഞു അത്രേയുള്ളൂ “
മകളുടെ തെറ്റിന് മാപ്പ് പറയാൻ തയ്യാറായ അച്ഛനോട് വല്ലാത്തൊരു ബഹുമാനം തോന്നിയെനിക്ക്… അല്ലെങ്കിലും അച്ഛൻ എന്നും ഇങ്ങനെയാണ്. അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ…
ഏട്ടന്റെ വാക്കുകൾ കേട്ട് മരവിച്ചു നിൽക്കുന്ന കുഞ്ഞേച്ചിയുടെ മുഖത്തെ ചോരമയം ഇല്ലാതായതു ഞാനപ്പോഴാണ് ശ്രദ്ധിച്ചത്
അഹങ്കാരിയെന്ന് ഓരോരുത്തരും വിലയിരുത്തുമ്പോഴും ന്റെ കുഞ്ഞേച്ചി പാവാണെന്ന് പലരോടും വാദിച്ചിട്ടുണ്ട് ഞാൻ. പക്ഷേ ഇന്നാദ്യമായി വെറുപ്പ് തോന്നി അവളോടെനിക്ക് ഏട്ടന്റെയാ വാക്കുകൾ കേട്ടപ്പോൾ.
“ഞാൻ ചെയ്യുന്ന ജോലിയും ഞാനിടുന്ന യൂണിഫോംമും ജീവനേക്കാൾ, എന്നേക്കാൾ സ്നേഹിക്കുന്ന ഒരാളെയാ ഞാനാഗ്രഹിച്ചത് അതുകൊണ്ട് തന്നെ ഇനി നിങ്ങൾക്ക് താല്പര്യം ആണെങ്കിൽ കൂടി എനിക്ക് താല്പര്യമില്ല… “
അത് പറഞ്ഞു തലയുയർത്തിപിടിച്ചു തന്നെ പടിയിറങ്ങി പോകുന്ന ഏട്ടനെ ഒരല്പം ആരാധനയോട് കൂടിയാണ് ഞാൻ നോക്കിയത്…..
പിന്നീട് വന്ന ബിസിനസ്കാരന്റെയാലോചന കുഞ്ഞേച്ചിക്കായി എല്ലാവരും കൂടെ ഉറപ്പിക്കുമ്പോഴും സന്തോഷത്തോടെ വന്നെന്നോട് അയാളുടെ ഗുണങ്ങൾ വിവരിക്കുമ്പോഴും മുഖം തിരിച്ചു പ്രതിഷേധം കാണിക്കാൻ മറന്നില്ല ഞാൻ…
അന്ന് വൈകുന്നേരം റൂമിൽ വന്നയച്ഛനെന്നോട് ചോദിച്ചു.
” ന്റെ മോൾടെ മനസ്സിൽ മറ്റാരും ഇല്ലെങ്കിൽ, താല്പര്യകുറവില്ലെങ്കിൽ അച്ഛനവനോട് സംസാരിക്കട്ടെ…..?
“ആരോട്?
അന്ന് നിന്റെ കുഞ്ഞേച്ചിയെ കാണാൻ വന്നവൻ പ്രവീൺ… “
അന്നത് അച്ഛനെന്നോട് ചോദിച്ചപ്പോൾ മറുത്തൊന്നും പറയാതെ സമ്മതമറിയിച്ചതു കുഞ്ഞേച്ചി കാണിച്ച തെറ്റിന്റെ കുറ്റബോധം കൊണ്ടോ അച്ഛനെ വേദനിപ്പിക്കരുതെന്ന് കരുതിയോ ആയിരുന്നില്ല മറിച്ച് സ്വന്തം ജീവിതത്തെക്കാളേറെ സ്വന്തം കർത്തവ്യത്തെ ഇഷ്ടപ്പെടുന്നയാ വ്യക്തിത്വത്തെ ഞാനും മനസ്സിൽ ആരാധിച്ചു തുടങ്ങിയതിനാലായിരുന്നു.. ആ തണലിൽ ആ കൈകൾക്കുള്ളിൽ ഞാനെന്നും സുരക്ഷിതയായിരിക്കും എന്ന ചിന്തയിലായിരുന്നു…
ആവശ്യവുമായി ഏട്ടനെ ചെന്ന് കാണുമ്പോൾ ഏട്ടനാകെ അച്ഛനോട് പറഞ്ഞതൊന്ന് മാത്രം
“നിറമുള്ള സ്വപ്‌നങ്ങൾ ഞങ്ങൾക്കുമുണ്ട് പക്ഷേ അതൊന്നും പൂർത്തിയാക്കാൻ കഴിയാറില്ല. അതുകൊണ്ട് തന്നെ നന്നായി ആലോചിച്ചു തീരുമാനിച്ചാൽ മതിയെന്ന്…
ഏട്ടന്റെയാ വാക്കുകൾക്ക് പകരമായി ഞാനച്ഛനോട് ഒന്നേ പറഞ്ഞുള്ളു.
“സ്വപ്‌നങ്ങൾ മാത്രമല്ലല്ലോച്ഛാ യാഥാർഥ്യങ്ങൾ കൂടിയല്ലേ ജീവിതം.. അതിനെ ഞാനിപ്പോ ഒരുപാട് ഇഷ്ടപ്പെടുവാ..”. എന്ന്
എന്റെ മറുപടിയച്ഛൻ ഏട്ടനെയറിയിക്കുമ്പോൾ എന്നെ വിളിച്ചേട്ടൻ പറഞ്ഞു.
“ആലോചിച്ചു തന്നെയാണോ പിന്നീട് തെറ്റായി തോന്നരുത് തീരുമാനം “
“ഒരിക്കലുമില്ല പിന്നെ സംസാരിക്കാൻ ഒരുപാടിഷ്ടാ എനിക്ക് അതിനൊന്ന് മൂളി തരണം ഇടയ്ക്ക് അത്രേയുള്ളൂ. “
അതിനു മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടെന്നോട് പറഞ്ഞു.
“പട്ടാളക്കാരനാണെന്ന് കരുതി ഞാനത്ര മുരടനല്ല. നിന്റെ കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങൾ ഇനിമുതൽ എന്റേത് കൂടിയാണ്ന്ന്…
പൊടി പിണക്കങ്ങളും അതിലേറെ സ്നേഹവുമായി മുന്നോട്ട് പോകുമ്പോഴും ലീവിന്റെ ഡേറ്റ് കഴിഞ്ഞു തിരിച്ചു പോകാറായി എന്നതെന്റെ മനസ്സിൽ കുഞ്ഞു നൊമ്പരം തീർക്കുമ്പോഴും പുഞ്ചിരിച്ചു കൊണ്ടതിനെ നേരിടുന്നതു കണ്ട ഏട്ടൻ പറഞ്ഞു….
“നിന്റെ കുഞ്ഞേച്ചിയോടെനിക്ക് വല്ലാത്ത സ്നേഹം തോന്നാ “
“അതെന്താപ്പോ പെട്ടെന്നൊരു സ്നേഹം ” അതുപറഞ്ഞു ചുണ്ടു കോട്ടിയ എന്നെ ചേർത്തു പിടിച്ചേട്ടൻപറഞ്ഞു.
” അന്ന് നിന്റെ കുഞ്ഞേച്ചി അങ്ങനെ പറഞ്ഞില്ലെങ്കിൽ ദാ നിന്നേയെനിക്ക് ഇങ്ങനെ കിട്ടില്ലല്ലോ പോത്തേ “
സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ കണ്ണ് നിറയുന്നത് കണ്ട ഏട്ടൻ പറഞ്ഞു.
“കണ്ണ് നിറയ്ക്കാനല്ല കൂടെ കൂട്ടിയത് കണ്ണീരൊപ്പാനാണ് “
ആ സ്നേഹത്തിനു മുന്നിൽ കുഞ്ഞേച്ചിയുടെ മനസിലെ സങ്കല്പം അന്ന് തെറ്റിയതോർത്തു ഞാൻ മനസ്സിൽ സന്തോഷിക്കുകയായിരുന്നു..
ശരാശരി എല്ലാ പെൺകുട്ടികളെയും പോലെ കട്ടത്താടിയും ബുള്ളെറ്റ്റ്റും സ്വപ്നം കണ്ടിരുന്ന, കഥകളിലും സിനിമയിലും കണ്ടിരുന്ന കളർ ഫുൾ ജീവിതം സ്വപ്നം കണ്ടിരുന്ന ഞാൻ എത്ര പെട്ടെന്നാണ് കാത്തിരിപ്പിന്റെ സുഖത്തെ സ്നേഹിച്ചു തുടങ്ങിയത്….
പിന്നീടുള്ള ഓരോ ദിവസവും കാത്തിരിപ്പായിരുന്നു .. കിട്ടുന്ന കുഞ്ഞു സമയങ്ങളിൽ എന്റെ വിശേഷങ്ങൾ ചോദിച്ചറിയുന്ന അമ്മയെയും അച്ഛനെയും വിളിച്ചു വിവരം അറിയുന്ന ഏട്ടൻ കുഞ്ഞേച്ചിക്ക് പോലും അത്ഭുതമായി മാറുകയായിരുന്നു… ബിസിനെസ്സ് എന്നും തിരക്കെന്നും പറഞ്ഞു മൂത്ത മരുമകൻ വീട്ടിലോ എന്തിന് കുഞ്ഞേച്ചിയെ പോലും മര്യാദക്ക് വിളിക്കാറില്ല എന്നതായിരുന്നു സത്യം.
ഒരേ പന്തലിൽ വെച്ച് ഒരേ ദിവസം രണ്ട് മക്കളും സുമംഗലിയായത് കണ്ടച്ഛൻ സന്തോഷിക്കുമ്പോഴും ആ ഉള്ള് വേവുന്നത് ഞാനറിഞ്ഞിരുന്നു… ഇനി മുതൽ വീട്ടിൽ രണ്ടാത്മാക്കൾ മാത്രല്ലേ ഉള്ളു ശോഭേന്ന് പറഞ്ഞു തലേന്ന് രാത്രി കൂടി കണ്ണീർ പൊഴിച്ചയച്ഛനെയാണ് എനിക്കോര്മ വന്നത്.
രണ്ടും പെണ്ണായി പോയല്ലോ ഭാസ്കരാ എന്ന് പലരും പറയുമ്പോൾ ആ രണ്ട് പെണ്ണാണ് എന്റെ സൗഭാഗ്യംന്ന് പറഞ്ഞച്ഛൻ എന്നും ചേർത്തു പിടിച്ചിട്ടേയുള്ളു….
അറിയാതെ കണ്ണ് നിറയുന്നുണ്ടായിരുന്നു ന്റെ അതുപോലെ കുഞ്ഞേച്ചിയുടെയും. പടിയിറങ്ങാൻ നേരം ആർത്തലച്ചു കരഞ്ഞയെന്നെയും അവളെയും ചേർത്തു പിടിച്ചു വിങ്ങി കരയുന്ന അച്ഛനെ ചേർത്തു പിടിച്ചേട്ടൻ പറഞ്ഞു.
“കരഞ്ഞു കൊണ്ടാണോ മക്കളേ പടിയിറക്കി വിടുന്നത്.. അച്ഛന്റെ മോളിവിടെ രാജകുമാരിയായിരുന്നെങ്കിൽ ന്റെ വീട്ടിലവൾ അമ്മയ്ക്ക് രാജകുമാരിയും എനിക്ക് റാണിയുമായിരിക്കും…
അത് കേട്ടച്ചന്റെ കണ്ണുകൾ വീണ്ടും നിറയുമ്പോഴും ആ മനസിലെ കനലുണങ്ങുന്നത് ഞാൻ അറിഞ്ഞിരുന്നു…
നീ എന്റെ സുകൃതമാണെന്ന്,നിന്നെ നഷ്ടപ്പെടുത്തിയിരുന്നേൽ അതെന്റെ നഷ്ടമായേനേയെന്ന് ഏട്ടനെ നോക്കിയച്ഛൻ പറയുമ്പോൾ ഞാൻ അഭിമാനിക്കുകയായിരുന്നു ഓരോ നിമിഷവും..
അച്ഛനെ നോക്കി കുഞ്ഞേച്ചിയെ നോക്കി ഏട്ടൻ പറഞ്ഞു.
പേരിന് മാത്രമേ മുരടത്തരം ഉള്ളു ഞങ്ങൾക്ക്. സ്നേഹവും പരിഗണനയും കൊതിക്കുന്നൊരു മനസും അതിലേറെ സ്നേഹവും സംരക്ഷണവും കൊടുക്കാനാഗ്രഹിക്കുന്ന മനസ്സും ഞങ്ങൾക്കും ണ്ട്. മുരടനെന്ന ഒറ്റ വാക്കിൽ നിങ്ങളൊക്കെ കാണാൻ മറക്കുന്നൊരു മനസ്സ്.
ആ മനസ്സ് മനസിലാക്കിയ ആ മനസ്സിൽ കയറിപ്പറ്റിയ അച്ഛന്റെയീ മോളേ ഒരിക്കലും കൈവിടില്ല ന്റെ മരണം വരെ…
സ്നേഹത്തോടെയച്ഛൻ ഒരിക്കൽ കൂടിയാ കൈ പിടിച്ചെന്റെ കൈകളിൽ ചേർത്തു വെക്കുമ്പോൾ മറുകൈ കൊണ്ട് ഞാനെന്റെയാലില താലിയിൽ മുറുകെ പിടിച്ചിരുന്നു ഒരു പുണ്യമെന്ന പോലെ…
നിജില