പ്രതീക്ഷിക്കാതെയുള്ള അനന്യ മോൾടെ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പകച്ചു പോയി…

മാലാഖക്കുഞ്ഞ്

Story written by NIJILA ABHINA

::::::::::::::::::::::::::::::::

“മാഷ്ക്കെന്റമ്മയെ കല്യാണം കഴിച്ചൂടെ “

പ്രതീക്ഷിക്കാതെയുള്ള അനന്യ മോൾടെ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പകച്ചു പോയി..

വിളറി വെളുത്തു നിൽക്കുന്ന അമ്പിളിയുടെ മുഖം കണ്ടപ്പോൾ ഞാനും മുഖം കുനിച്ചു..

പെട്ടന്ന് ഞാനോർത്തത് പ്രിയയുടെ മുഖമായിരുന്നു. എന്റെ കണ്ണ് നിറഞ്ഞത് കണ്ടിട്ടാവും അവൾ ചോദിച്ചത്,,,

“മാഷിപ്പോ ഓർത്തത് ആ കുട്ടിയെ പറ്റിയാ ല്ലേ… ഈ പെണ്ണിന് നാക്കിനു ലൈസൻസ് ഇല്ല മാഷ് ക്ഷെമിക്കണം…..

“അതല്ലടോ അവള് കുട്ടിയല്ലേ സാരല്യ ഞാൻ പെട്ടന്ന് ന്തൊക്കെയോ ഓർത്തു….

“സത്യത്തിൽ ന്താ മാഷേ സംഭവിച്ചത്…. പറഞ്ഞു കേട്ടു പലതും അതിനേക്കാൾ വലുത് ജീവിതത്തിൽ അരങ്ങേറി കൊണ്ടിരിക്കുന്ന സമയമായത് കൊണ്ട് അന്നൊന്നും അന്വേഷില്ല ഞാൻ… “

“ഒന്നൂല്ല ആദ്യമായിഅവളെന്നോട് ആവശ്യപ്പെട്ടത് എന്താന്നറിയോ…… ഗുരുവായൂർക്ക് ഒരു യാത്ര….

“എന്നിട്ട്…

“എന്നിട്ടെന്താ അവരെങ്ങോട്ട് പോയി കണ്ണന്റെ സന്നിധിയിലേക്ക് പക്ഷേ തനിയെ ആണെന്ന് മാത്രം… ന്നെ മാത്രം തനിച്ചാക്കി….ആക്സിഡെന്റ… അമ്മ അച്ഛൻ ന്റെ പ്രിയ ഒരേ സമയം എനിക്ക് നഷ്ടപ്പെട്ടത് ന്റെ ജീവനും ശ്വാസവും എല്ലാമായിരുന്നു…..

പറഞ്ഞു നിർത്തുമ്പോൾ എന്നോടൊപ്പം ആ കണ്ണുകളും നിറഞ്ഞിരുന്നു.

മാഷല്ലേ പറഞ്ഞത് പൊന്നൂന് അച്ഛൻണ്ട് എന്നെ അങ്ങനെ കണ്ടോന്ന്….

നിഷ്കളങ്കമായി അത് പറഞ്ഞ അനന്യ മോളേ നോക്കി അമ്പിളി പറഞ്ഞു..

“പൊന്നു നിന്റെ നാക്കിത്തിരി കൂടുന്നുണ്ട്ട്ടോ വീട്ടിലേക്ക് വാ നീ “

“മാഷ് ഒന്നും വിചാരിക്കല്ലേ എവ്ടാ ന്താ പറയണ്ടതെന്നറീല പെണ്ണിന്…അച്ഛനില്ലല്ലോന്ന് കരുതി കൊഞ്ചിച്ചു വച്ചതിന്റെയാ “

അമ്പിളിയത് പറയുമ്പോൾ നിറഞ്ഞു വന്ന കുഞ്ഞിക്കണ്ണുകൾ രണ്ടു കൈകൊണ്ടും തുടച്ച് എന്നെ ദയനീയമായി നോക്കിയവൾ….

“മാഷല്ലേ ന്നോട് പറഞ്ഞത് മാഷിനെ അച്ഛനെപ്പോലെ കണ്ടോന്ന് അതോണ്ടാ ഞാൻ അങ്ങനെ പറഞ്ഞെ സോറി അമ്മാ…. “

പാതി എന്നോടും പാതി അമ്മയോടുമായ് പറയുമ്പോൾ ആ കുഞ്ഞി കണ്ണിനോടോപ്പം അമ്പിളിയുടെ കണ്ണുകളും പെയ്യാൻ വിതുമ്പി നിൽക്കുന്നുണ്ടായിരുന്നു..

എന്റെ മനസ്സിൽ നിറഞ്ഞു നിന്നത് രണ്ടു ഭാഗവും മുടി പിന്നിയിട്ട് ഉണ്ടക്കണ്ണിൽ നിറയെ കണ്മഷി നിറച്ച് കലപില കൂട്ടി നടക്കുന്ന ഒരു പെൺകുട്ടിയായിരുന്നു…

അമ്പിളി….. ആരോടും പറയാതെ സൂക്ഷിച്ച ആദ്യ പ്രണയം..ആദ്യത്തെതും അവസാനത്തേതും ഇതു തന്നെയാവണെയെന്ന് പ്രാർത്ഥിച്ച പ്രണയം..കൗമാരത്തിന്റെ കൗതുകം മാത്രമായിരുന്നില്ല എനിക്കത് ഓരോ ദിവസം കൂടുന്തോറും മനസ്സിൽ വേരുറപ്പിച്ച ആത്മാവിൽ അലിഞ്ഞു ചേർന്ന ഒന്ന്….

പറഞ്ഞില്ല ഒരിക്കലും അല്ല പറയാൻ ശ്രമിച്ചില്ല അതാണ് സത്യം… വല്ലപ്പോഴും മിണ്ടുന്നത് കൂടെ ഇല്ലാതാകുമോയെന്ന ഭയം….

സ്വപ്‌നങ്ങൾ തേടിയുള്ള യാത്രയിൽ രണ്ടു വർഷത്തെ പഠനം കഴിഞ്ഞു വരുമ്പോൾ അറിഞ്ഞത് അവളുടെ വിവാഹമുറപ്പിച്ച വാർത്തയായിരുന്നു…

പോയി വിവാഹത്തിന്… കൈയിൽ പിടിച്ച് ആശംസകൾ പറയുമ്പോൾ എന്നോടൊപ്പം ആ കൈകളും വിറച്ചത് പോലെ… നേരെ നോക്കാൻ ശക്തിയുണ്ടായിരുന്നില്ല അന്ന്….

പിന്നീട് അന്വേഷിച്ചിട്ടില്ല എവിടെയാണെന്നോ എങ്ങനെയിരിക്കുന്നു എന്നോ…

പഠനമെന്നും റിസർച്ച് എന്നും പറഞ്ഞു നടക്കുമ്പോൾ പ്രായം മുപ്പത് കടന്നത് അമ്മയ്ക്ക് മാത്രമായിരുന്നു പ്രശ്നം…

“ഇനിയും അമ്മയ്ക്ക് വയ്യെടാ അച്ഛനും വയ്യാതായി വരുന്നു നിന്റെ കുടുംബം സന്തോഷായി കഴിയുന്നത് കണ്ടിട്ട് വേണം എനിക്ക് കണ്ണടയ്ക്കാൻ “

അന്നത്തെ അമ്മയുടെ വാക്കുകളെ പതിയെ തള്ളിക്കളഞ്ഞു വീട്ടിൽ നിന്നിറങ്ങി പോവാറുണ്ട്….. അന്നൊക്കെയും പിന്നിൽ നിന്ന് കണ്ണ് തുടയ്ക്കുന്ന അമ്മയെ കണ്ടില്ലെന്നു നടിച്ചു…

മുറ്റത്തൊരു വീഴ്ചയിൽ പാതി തളർന്ന അമ്മയെ നോക്കി അച്ഛനാദ്യമായി കരയുന്നത് ഞാൻ കണ്ടു.. നിസഹായതയായിരുന്നു ആ മുഖത്ത്. ഇനിയെന്ത് എന്നുള്ള നിസഹായത…

അന്നെന്റെ മനസിനെ പാകപ്പെടുത്തി പ്രിയയെ ജീവിതത്തിലേക്ക് കൂട്ടുമ്പോൾ ഒരു സഹായി അതായിരുന്നു അവൾക്കു മനസ്സിൽ കൊടുത്ത സ്ഥാനം…

പക്ഷേ ഓരോ ദിവസവും അവളെന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു … തളർന്നു വീണ അമ്മ കൈ സഹായത്തോടെ എഴുന്നേറ്റു നടക്കാൻ തുടങ്ങിയത് കണ്ട പലരും പറഞ്ഞു നിനക്ക് വന്നു കയറിയ പുണ്യമാണവളെന്ന്…

അതെ പുണ്യം തന്നെയായിരുന്നു… എന്നെ മനസിലാക്കി എനിക്ക് വേണ്ടി മാത്രം ജീവിച്ച പുണ്യം….

ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയ നാളുകൾ.. സന്തോഷം പെയ്തിറങ്ങിയ നാളുകൾ…..

ആ സന്തോഷത്തിനു കൂട്ടായി ഒരു കുഞ്ഞഥിതി കൂടി വരുന്നെന്നറിഞ്ഞപ്പോൾ അവളോന്നേ പറഞ്ഞുള്ളു.

ഗുരുവായൂർക്ക് പോണംന്ന് മാത്രം…

പിന്നീട് നടന്നതെല്ലാം മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാണ്…..

പിന്നീട് അറിഞ്ഞു അമ്പിളിയുടെ ഹസ്ബൻഡ് മരിച്ചു എന്നും കുടുംബത്തോടൊപ്പം സ്ഥലം മാറി പോയി എന്നും… അതും അന്വേഷിക്കാൻ തോന്നിയില്ല.. അല്ല അപ്പോഴേക്കും മറവിയിലേക്ക് വിട്ടിരുന്നു അവളെ…..

നാട്ടിൽ നിന്ന് സ്ഥലം മാറ്റം കിട്ടി പുതിയ സ്കൂളിലേക്ക് വരുമ്പോൾ ആദ്യം കണ്ടു മുട്ടിയത് മോളെ സ്കൂളിലാക്കാൻ വന്ന അമ്പിളിയെയായിരുന്നു…

ചുരുണ്ട മുടി കുഞ്ഞായി കൊമ്പ് കെട്ടി കണ്മഷി കൊണ്ട് പൊട്ടു കുത്തി വരുന്ന അനന്യ മോൾക്ക് അമ്പിളിയുടെ അതേ രൂപമായിരുന്നു….

അച്ഛനെ പറ്റി പലരും പറയുന്ന കഥകൾ കേട്ട് കുഞ്ഞി കണ്ണുകൾ നിറച്ച് പരിഭവം പറയാറുള്ള മോളേ ചേർത്ത് പിടിച്ചു പലപ്പോഴും ഞാൻ പറയാറുണ്ട്… മോളെന്നെ അങ്ങനെ കണ്ടോളു ന്ന്….അന്നൊക്കെ മനസ്സിൽ നിറഞ്ഞു നിന്നത് രൂപമില്ലാത്ത ഒരു കുഞ്ഞു മാലാഖയായിരുന്നു… ജനിക്കും മുമ്പ് ഇല്ലാതായ ന്റെ കുഞ്ഞ്…

*************************

“ഞങ്ങൾ നടക്കാ മാഷേ വേദനിപ്പിച്ചുന്ന് അറിയാം അച്ഛൻ അച്ഛൻ അച്ഛൻ ഊണിലും ഉറക്കത്തിലും ഇപ്പൊ അതായി മോൾടെ ചിന്ത അതാ ഇങ്ങനൊക്കെ “

“സാരല്യ മോളല്ലേ. നിങ്ങള് ചെല്ല്… “

അവര് പോയി കഴിഞ്ഞിട്ടും രാത്രിയിൽ കിടന്നിട്ടും ന്റെ മനസ്സിൽ മുഴങ്ങിയത് മോള്ടെയാ ചോദ്യമായിരുന്നു..

“മാഷ്ക്കെന്റെ അമ്മേ കല്യാണം കഴിച്ചൂടെ???

തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുമ്പോൾ ഒരു തീരുമാനമെടുത്തിരുന്നു……

അതിരാവിലെ അവരുടെ വീടിന്റെ പടി കയറി ചെല്ലുമ്പോൾ മോളേ ഒരുക്കി കൊണ്ട് രണ്ടാളും പുറത്തുണ്ടായിരുന്നു…..

ഇരിക്ക് മാഷേ ഞാൻ ചായയെടുക്കാമെന്ന് പറഞ്ഞപ്പോൾ ഞാനും പറഞ്ഞു..

ഇപ്പൊ ചായ വേണ്ട ചായ കുടിക്കൽ പിന്നീടാവട്ടെ. ഞാൻ വന്നത്….. ഇന്നലെ മോള് പറഞ്ഞത് ഞാനും ആലോചിച്ചു അവള്ടെ അച്ഛന്റെ സ്ഥാനത്ത് എന്നെ സങ്കല്പിക്കാൻ പറ്റുമെങ്കിൽ അമ്പിളിക്ക് പോരാം ന്റെ ജീവിതത്തിലേക്ക്… ഒരിക്കലും ഒരു സഹതാപം കാണിക്കലല്ല ഇത് അങ്ങനെ കരുതണ്ട.. ഇഷ്ടാ എനിക്കീ മോളേ ഒരുപാടൊരുപാട്.. പണ്ട് നിന്നെ സ്നേഹിച്ചതിനേക്കാൾ.”

എന്റെ അവസാനത്തെ വാക്കുകൾ കേട്ടവളെന്നെ നോക്കി ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

“അറിഞ്ഞിരുന്നില്ല അന്ന് അങ്ങനെ ഒരിഷ്ടം പക്ഷേ പിന്നീട് പലരും പറഞ്ഞു അതുകൊണ്ട് തന്ന്യാ മുന്നിൽ വരാൻ മടിച്ചത്….. പക്ഷേ ഇനി ഇനി എനിക്ക് ഒരു ജീവിതം വേണ്ട ന്റെ മോള്ടെ ഭാവി അത് മാത്രേ ന്റെ മനസിലുള്ളൂ…

“ന്റെ മോൾ ഉണ്ടായിരുന്നെങ്കിൽ ഇവളെക്കാൾ രണ്ടു വയസ് കുറവ്.. അങ്ങനെയെ ഞാൻ കണ്ടിട്ടുള്ളു അവളെന്നെ അച്ഛനെ പോലെ കണ്ടപ്പോൾ എനിക്കും തോന്നി ന്റെ മോൾ ഇവളിലൂടെ എന്റടുത്തേക്ക് വന്നതാന്ന്…..

ഞാനത് പറയുമ്പോൾ അമ്പിളിയുടെ കണ്ണിൽ നിറഞ്ഞ സന്തോഷം എനിക്കുത്തരം തന്നിരുന്നു അവളുടെ സമ്മതം…..

“മാഷേ ഇന്ന് ഞാൻ മാഷിന്റെ കൂടെ വന്നോട്ടെ സ്കൂളിലേക്ക് എന്ന ചോദ്യത്തിന് മാഷല്ല അച്ഛാന്ന് വിളിച്ചോണം ഇനി മുതലെന്ന് പറയുമ്പോൾ ആ കുഞ്ഞി കവിളിൽ വിരിഞ്ഞ നുണക്കുഴിയിലും ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിലും എന്റെ മനസ്സ് നിറയുന്നത് ഞാനറിഞ്ഞു..

അവളുടെ കൈ പിടിച്ചു സ്കൂളിലേക്ക് നടക്കുമ്പോൾ വാ നിറയെ വർത്തമാനം പറഞ്ഞു സന്തോഷത്തോടെ നടക്കുന്നയവളെ കണ്ടപ്പോൾ ആ കൈകളിൽ ഞാനൊന്നു കൂടി അമർത്തി പിടിച്ചു ഒരാച്ഛന്റെ അധികാരത്തോടെ അഭിമാനത്തോടെ അതിലേറെ അഹങ്കാരത്തോടെ…..

നിജില