മരണം
Story written by SUJA ANUP
::::::::::::::::::::::::::::::::::::
“സുമി മരിച്ചു…”
ആരൊക്കെയോ ചുറ്റിലും നിന്ന് കരയുന്നൂ. ആരൊക്കെയോ കാണുവാൻ വരുന്നൂ. എനിക്കൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല.
ഞാൻ മരിച്ചു പോയോ… എപ്പോൾ..
ഇന്നലെ രാത്രി ഉറങ്ങുവാൻ കിടന്നതു മാത്രം ഓർമ്മയുണ്ട്. എന്നത്തേയും പോലെ ആരും കൂട്ടിനില്ലാതെ…രാവിലെ എഴുനേൽക്കുവാൻ ശ്രമിച്ചൂ. നടന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ വീട് തുറക്കുന്ന ശബ്ദം കേട്ടു. ജോലിക്കാരിയാണ്..ജോലിക്കാരിയുടെ കൈയ്യിൽ ഒരു താക്കോൽ ഉള്ളതുകൊണ്ട് അവൾ വാതിൽ തുറന്നൂ. അവൾ അടുത്തേയ്ക്കു നടന്നു വരുന്നത് പോലെ തോന്നി…
“മാഡം എഴുന്നേൽക്കൂ. എന്തൊരു ഉറക്കമാണ് ഇത്. വയ്യേ…” എത്രയോ പ്രാവശ്യം അവൾ എന്നോട് ചോദിച്ചൂ.
“പാവം, അവൾക്കു എന്തെങ്കിലും കാര്യമായി കൊടുക്കണം എന്നുണ്ടായിരുന്നൂ. ഇനി അതൊക്കെ നടക്കുമോ. എൻ്റെ സാരികളൊക്കെ അവൾക്കു ആരെങ്കിലും ഒന്ന് കൊടുത്തിരുന്നെങ്കിൽ. അവളുടെ മകളുടെ കല്യാണത്തിന് കുറച്ചു സ്വർണ്ണവും പൈസയും കൊടുക്കാമെന്നു പറഞ്ഞിരുന്നൂ. മക്കൾ ഇനി അത് ചെയ്യുമോ.”
അവസാനം അവൾ അടുത്ത ഫ്ലാറ്റിൽ നിന്നും ആളെ കൂട്ടികൊണ്ടു വന്നൂ. അവരാണ് ഡോക്ടറെ വിളിച്ചത്. എല്ലാം പെട്ടെന്ന് ആയിരുന്നൂ.
ആരൊക്കെയോ വരുന്നൂ. ജോലിക്കാരി മാത്രം കുത്തിയിരുന്ന് കരയുന്നുണ്ട്.. ഇപ്പോൾ കുളിപ്പിച്ചൊരുക്കി കിടത്തുവാൻ പൈസ കൊടുത്താൽ ആളെ കിട്ടുമല്ലോ. അതുകൊണ്ടു തന്നെ സുന്ദരിയായി കിടക്കാം..ആ ബ്യൂട്ടീഷ്യൻ വരുന്നുണ്ട്…
“ആ ബ്യൂട്ടീഷ്യന് എന്നെ അത്ര പിടിച്ചില്ല എന്ന് തോന്നുന്നൂ.വില കൂടിയ സാരി ആണോ എന്തോ..?”
കുറ്റം പറയരുതല്ലോ. അവർ നന്നായി തന്നെ സാരി ഉടുപ്പിച്ചൂ. കുറച്ചു ലിപ്സ്റ്റിക്ക് ആവാമായിരുന്നൂ. കുഴപ്പമില്ല. കുറച്ചു പൗഡർ ഇട്ടിട്ടുണ്ടല്ലോ അത് മതി. ആരും കുറ്റം പറയില്ല. വെള്ള സാരി, കുറച്ചു വില കുറവാണ്, എന്നാലും കുഴപ്പമില്ല, ഉടുത്തു ശവപ്പെട്ടിയിൽ സുന്ദരിയായി കിടന്നൂ. പെട്ടിയും മോശമൊന്നുമില്ല. കണ്ടാലേ അറിയാം വില ഉള്ളതാണ്…ഇനി ഇപ്പോൾ എന്താണ് ചെയ്യേണ്ടത്…
……………………………
അപ്പോഴാണ് ഞാൻ ആദ്യമായി ഒന്ന് തിരിഞ്ഞു നോക്കിയത്….
ജനിച്ചത് പാവപ്പെട്ട കുടുംബത്തിൽ ആയിരുന്നൂ. രണ്ടു പെണ്മക്കൾ. അപ്പൻ തന്നാലാവുന്നത് പോലെ കുടുംബം നോക്കി. പഠനകാര്യത്തിൽ എന്നും അതുകൊണ്ടു തന്നെ വാശി ആയിരുന്നൂ. ലോൺ എടുത്താണ് പഠിച്ചത്. എങ്ങനെ എങ്കിലും പഠിച്ചു ഉയരത്തിൽ എത്തുവാൻ മനസ്സ് വെമ്പൽ കൊണ്ടു.
“പഠിച്ചു പാസ്സായി ഒരു ജോലി കിട്ടിയാൽ മാത്രമല്ലെ ലോൺ അടക്കുവാൻ പറ്റൂ..”
പഠനത്തിരക്കിൽ കലാലയ ജീവിതം ആസ്വദിക്കുവാൻ മറന്നു പോയോ…ആല്ലെങ്കിലും അരപ്പട്ടിണിക്കാരിക്ക് എന്ത് ആഘോഷം….കൂട്ടുകാരൊക്കെ എന്നേ വേർപെട്ടു പോയി. ജീവിതം കെട്ടിപൊക്കുന്ന തിരക്കിൽ പൂർവ്വവിദ്യാർത്ഥി സംഗമങ്ങൾക്കൊന്നും ഞാൻ പോയില്ലല്ലോ..പഠനം കഴിഞ്ഞതും ചെറിയ ഒരു ജോലി കിട്ടി.പിന്നീട് ആ ജോലിയിൽ ഉയരങ്ങളിൽ എത്തുവാൻ വെമ്പലായി..കുതികാൽ വെട്ടും പൊളിറ്റിക്‌സും അത് അങ്ങനെ പോയി.
അങ്ങനെ ഇരിക്കുന്ന സമയത്തു ഒരു വിവാഹം കഴിച്ചു. മക്കൾ മൂന്നായതു പോലും അറിഞ്ഞില്ല..നല്ലൊരു കുടുംബം…ജോലിത്തിരക്കിനിടയിൽ വീട്ടുജോലിക്കിടയിൽ അദ്ദേഹത്തെ സ്നേഹിക്കുവാൻ മറന്നു പോയോ…അല്ലെങ്കിലും തിരക്കുകളിൽ നിന്നും തിരക്കുകളിലേയ്ക്ക് രണ്ടുപേരും ഓടുകയായിരുന്നൂ.
അകാലത്തിൽ അദ്ദേഹം വിട്ടകന്നപ്പോഴും മക്കളിൽ പ്രതീക്ഷ വെച്ചു, അവർക്കായി ജീവിച്ചൂ. അവസാനം അവർ സ്വപ്നങ്ങൾ തേടി വിദേശത്തേയ്ക്ക് ചേക്കേറി.
അന്നാദ്യമായി ഒറ്റപെടലിൻ്റെ വേദന അറിഞ്ഞു…ഇപ്പോൾ ബാങ്കിൽ പണമുണ്ട്. ജോലിക്കാരി ഉണ്ട്…പക്ഷെ ബന്ധങ്ങൾ ഒന്നും ബാക്കിയില്ല. അപ്പനും അമ്മയ്ക്കും മാസം തോറും ഒരു തുക അയയ്‌ക്കുമ്പോൾ അവിടെ എല്ലാം പൂർത്തിയായി എന്ന് കരുതിയിരുന്നൂ. ചിലപ്പോഴൊക്കെ തിരക്കിനിടയിൽ അവരെ ഫോൺ ചെയ്യുവാൻ പോലും മറന്നു പോയി. റിട്ടയർ ചെയ്തു തിരക്കുകൾ ഒതുക്കിയപ്പോഴേക്കും അവർ പോയിരിന്നൂ, ഇനി ഒരിക്കലും മടങ്ങി വരാത്ത ഇടത്തേയ്ക്കു. അമ്മയും അപ്പനും ഉള്ളപ്പോൾ അവർക്കായി സമയം മാറ്റി വച്ചില്ല. കൂട്ടുകാർ ഉണ്ടായിരുന്നപ്പോൾ അവരുടെ കൂടെ നടന്നില്ല. ഇന്നിപ്പോൾ മരണം കൂട്ടിനായി വന്നപ്പോൾ സങ്കടവും ഇല്ല. കാരണം ഓർത്തു കരയുവാനോ കൂടെ ഇരിക്കുവാനോ ആരുമില്ല.
മരണത്തിന് ശേഷം ജീവിതം ഉണ്ടോ എന്നറിയില്ല. പക്ഷെ അവിടെ അദ്ദേഹം ഉണ്ടെങ്കിൽ…അമ്മയും അപ്പനും ഉണ്ടെങ്കിൽ…മതിയാകുവോളം അവരോടൊപ്പം ഇരിക്കണം, സംസാരിക്കണം…
……………………….
പെട്ടെന്ന് ആരോ പറഞ്ഞു…അനിയത്തി വന്നിട്ടുണ്ട്. അവരും മകനും മാത്രമേ ഉള്ളൂ..
“ഇനി ആരും വരാനില്ലത്രേ. പറഞ്ഞ സമയത്തു തന്നെ ശരീരം എടുക്കണം…” അല്ലെങ്കിലും ഇനി ആരും വരില്ല. മക്കൾ മൊബൈലിൽ ഫോട്ടോ കണ്ടു കാണും. പെട്ടെന്നുള്ള മരണമല്ലേ. അവർക്കും തിരക്കുണ്ടല്ലോ..പിന്നെ അവർക്കു കാണുവാൻ വേണ്ടി ലൈവായി ടെലികാസ്റ്റിംഗ് ചെയ്യുന്നുണ്ട് അനിയത്തിയുടെ മകൻ. പാവം അവൻ മാത്രമാണ് ഇടയ്ക്കു വന്നു കാര്യങ്ങൾ അന്വേഷിച്ചിരുന്നത്.
അവസാനമായി ഒന്ന് പറയാം..
“കുറ്റം ഒന്നും പറയാനില്ല. മക്കൾ നല്ല വില കൂടിയ പെട്ടി തന്നെ തന്നിട്ടുണ്ട്. ഒരു ബ്യൂറ്റീഷ്യൻ വന്നു എല്ലാം ഒരുക്കി. വില കൂടിയ പൂക്കൾ. പതിനൊന്നു പാതിരിമാർ കുർബാനയ്ക്കു. ഇനി എന്ത് വേണം..” എല്ലാവരും ചുറ്റും നിന്ന് പെട്ടിയുടെ ഗുണഗണങ്ങൾ ഒക്കെ പറയുന്നുണ്ട്. പക്ഷേ അവർക്കു അറിയാത്ത ഒന്നുണ്ട്..
“മരണസമയത്ത് ഒരിറക്ക് വെള്ളം തരുവാൻ ആരും ഇല്ലായിരുന്നൂ. ആ സമയം ബാങ്കിൽ കുമിഞ്ഞു കൂടിയിരുന്ന നോട്ടുകൾ എന്നെ നോക്കി ചിരിച്ചോ..”
…………….സുജ അനൂപ്