എഴുത്ത്: വൈശാഖൻ
:::::::::::::::::::::::::::::::::::::
“രമ്യ ഇപ്പോഴും ഈ പഴഞ്ചൻ സ്റ്റൈൽ തന്നെ ആണല്ലോ.ഒന്ന് മോഡേൺ ആയിക്കൂടെ?.ഷാൾ ഇടാത്ത ചുരിദാർ അല്ലെ ഇപ്പോൾ ട്രെൻഡ്.അതൊക്കെ ഒന്ന് ട്രൈ ചെയ്തു കൂടെ?”
മാനേജർ ആണ് ,ഒരസ്സൽ വായ് നോക്കി.കൊടുത്തു നല്ല മറുപടി.എന്നേക്കാൾ അത് ചേരുക സാറിന്റെ ഭാര്യക്കാവും എന്ന്.അതുകൊണ്ടെന്തായി ,ഇപ്പൊ ഏത് റിപ്പോർട്ട് കൊണ്ട് ചെന്നാലും അയാൾക്ക് തൃപ്തി ആവില്ല.ഫലമോ ,എന്നും വൈകും വീട്ടിലെത്താൻ!
അന്നും പതിവ് പോലെ വൈകി.പോരാത്തതിന് വല്ലാത്ത തലവേദനയും. എത്തിയപ്പോൾ കണ്ട കാഴ്ച,മോൾ ഭിത്തിയിലൊക്കെ പടം വരച്ചു വെച്ചിരിക്കുന്നു. വേറൊരു തെർമോകോൾ കഷണത്തിൽ കുറെ ചായം പൂശി വെച്ച് ഓടി വന്നെന്നെ കൊണ്ട് വന്നു കാണിച്ചപ്പോ എല്ലാം കൂടെ എനിക്കങ്ങു അരിശം വന്നു.ഒന്നും നോക്കിയില്ല കൈ കൊണ്ട് തുടയിൽ ഒരടി കൊടുത്തു.തെറ്റ് ചെയ്തു എന്ന് മനസ്സിലായത് കൊണ്ടാവണം അവൾ കരഞ്ഞില്ല.ക്ഷീണം കൊണ്ടൊന്നു മയങ്ങി എണീറ്റപ്പോൾ ദാ അച്ഛനും മോളും കൂടെ ഒരുമിച്ചിരുന്നു ഭിത്തിയിൽ വരച്ചു കൊണ്ടിരിക്കുന്നു. പോരാത്തതിന് മുകളിൽ എവിടെയോ കിടന്ന ബാക്കി തെർമോകോൾ കോണി വെച്ച് കേറി എടുത്തു കൊണ്ട് വന്നിരിക്കുന്നു,മോൾക്ക് വരക്കാൻ വേണ്ടി .ഞാനെന്ത് പറയാൻ.എന്നെ കണ്ടതും രണ്ടും ഒരു വളിച്ച ചിരി.ഞാനും അറിയാതെ ചിരിച്ചു പോയി.ഇതാണ് ഹരി .എന്റെ സ്വന്തം ഭർത്താവ്.എന്റെ സ്വകാര്യ അഹങ്കാരവും.
ഒരേ കോളേജ് ,ഒരേ ക്‌ളാസ്,നല്ല സുഹൃത്തുക്കൾ,പ്രണയം ,എന്റെ വീട്ടുകാരുടെ എതിർപ്പ്,പിന്നെ സമ്മതം ,അങ്ങനെ വിവാഹം.ഒരു സാധാരണ ലവ് സ്റ്റോറി.പക്ഷെ അവിടെയും കക്ഷി വ്യത്യസ്തൻ ആയിരുന്നു.പഠിക്കുന്ന സമയത്തൊന്നും കാര്യം പറഞ്ഞില്ല.പേരെന്റ്സ് മീറ്റിംഗിന് വരുന്ന സമയത്തു അച്ഛനോടൊക്കെ വല്യ കാര്യമായി മിണ്ടാറുണ്ടായിരുന്നു.പക്ഷെ അതിൽ ഇങ്ങനൊരു ഉദ്ദേശം ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു എന്നത് എന്നെ പ്രൊപ്പോസ് ചെയ്ത രീതി കണ്ടപ്പൊഴാ മനസ്സിലായത്.
ക്‌ളാസ് തീർന്ന ദിവസം ഒരുമിച്ചു ബസ് സ്റ്റോപ്പിലേക്ക് ഒരുമിച്ചു നടക്കുന്ന സമയത്താണ് ആ ചോദ്യം ,”ഡീ നീ എനിക്കൊരു സഹായം ചെയ്യാമോ?നിനക്കറിയാലോ എനിക്ക് അച്ഛൻ ഇല്ല എന്നുള്ള കാര്യം,അതുകൊണ്ടു നീ നിന്റെ ആ അച്ഛനെ എനിക്ക് തന്നേക്കാമോ?.സ്വന്തം അച്ഛനായിട്ടു തരാൻ നിനക്ക് ബുദ്ധിമുട്ടുണ്ടാകും എന്നെനിക്കറിയാം ,സാരമില്ല എന്റെ അമ്മായി അച്ഛൻ ആയിട്ട് തന്നാലും മതി. ഇത്രയും നാൾ കഷ്ട്ടപെട്ടു നിങ്ങൾ മൂന്നു പെൺകുട്ടികളെയും വളർത്തി വലുതാക്കിയ ആ അച്ഛനെ അങ്ങനെ പെട്ടെന്നൊരു ദിവസം എനിക്ക് വിട്ടു തരാൻ നിനക്ക് ബുദ്ധിമുട്ടുണ്ടാകും.ആലോചിച്ചു മറുപടി പറഞ്ഞാൽ മതി.കാര്യം മരുമകൻ ആണെങ്കിലും മകൻ ആയിട്ട് തന്നെ ഞാൻ ഉണ്ടാകും എന്നും.ആ ഒരു ഉറപ്പു ഞാൻ തരാം”.ഇത്രയും കാര്യം പറഞ്ഞു സ്വതേ ഉള്ള ആ കുസൃതി ചിരിയോടെ ഒരു പോക്ക്.മുഖം കുസൃതി ആണെങ്കിലും കണ്ണുകളിൽ ഉണ്ടായിരുന്ന പ്രണയം തിരിച്ചറിയാൻ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.
ഹരി ഒരിക്കലും നല്ലൊരു കാമുകൻ ആയിരുന്നില്ല,വല്ലപ്പോഴും ഉള്ള ചില ഫോൺ കോൾസ്,അപൂർവ്വം ആയി മാത്രം ഉള്ള കൂടി കാഴ്ചകൾ അതും മാക്സിമം 10 മിനിറ്റ്.ഇപ്പോഴും എനിക്കാ സ്വഭാവം ശരിക്കു പിടി കിട്ടിയിട്ടില്ല.ജോലിക്കുള്ള ലെറ്റർ വന്നത് പോലും ഞാൻ അറിയുന്നത് വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചപ്പോഴാ ,അതും ഒറ്റയ്ക്ക് വെറും ഇരുപത്തി മൂന്നു വയസ്സ് പ്രായം മാത്രം ഉള്ളപ്പോൾ.അച്ഛന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ബന്ധുക്കൾക്ക് സാമ്പത്തികം കുറഞ്ഞ ഒരു കുടുംബത്തിലേക്കയക്കാൻ മടി.അതിനവർ കുറെ മുടന്തൻ ന്യായങ്ങളും നിരത്തി.ഒരേ പ്രായം ആണ്,ഒരേഴു വർഷം കഴിഞ്ഞാൽ നിനക്ക് അവനെക്കാൾ പ്രായം കൂടുതൽ തോന്നും,അന്നേരം അവനു നീ പോരാ എന്ന് തോന്നും, പുറത്തൊക്കെ കൊണ്ട് പോകാൻ മടി ആവും.ജാതകവും ചേരില്ല.ഉത്രട്ടാതിയും പൂയവും ചേരാത്ത നാളുകൾ ആണ്,വൈധവ്യ യോഗം കാണുന്നു.ബാക്കി എല്ലാം ഞാൻ ചിരിച്ചു തള്ളിയെങ്കിലും വൈധവ്യം എന്ന് കേട്ടപ്പോൾ മനസ്സൊന്നു തളർന്നു.
പരിഹാരം ഇല്ലാത്ത കാര്യം ഇല്ലല്ലോ.കുറച്ചു പണ ചെലവ് ഉണ്ടെങ്കിലും ജീവിതം ധന്യമാകുമെങ്കിൽ.അങ്ങനെ വഴിപാടുകളുടെ ഒരു ലിസ്റ്റ് ,വിവാഹ ശേഷം ഒരുമിച്ചു പോയി ചെയ്‌താൽ മതി എന്ന്.അങ്ങനെ ആ വിവാഹം നടന്നു.ഒരു നല്ല കാമുകൻ ആയിരുന്നില്ലെങ്കിലും ഹരി ഒരു നല്ല ഭർത്താവാണ്,ഒരു നല്ല അച്ഛൻ കൂടി ആണ്.എത്ര വലിയ സങ്കടം ഉണ്ടെങ്കിലും അതൊക്കെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്ന ഒരു പ്രത്യേക കഴിവ്,അച്ഛന്റെ കണ്ണിലുണ്ണി ആണ് കക്ഷി,ചേച്ചിമാരുടെ ഭർത്താക്കന്മാരേക്കാൾ ഏറെ പ്രിയം ഹരിയോട് തന്നെ.അച്ഛന്റെ ഒപ്പം പറമ്പിൽ പോവുക,അച്ഛനെയും കൊണ്ട് നാട്ടിലെ ചായക്കടയിൽ പോയി ചായ കുടിക്കുക,ഒരുമിച്ചു പോവുമ്പോൾ അച്ഛൻ അഭിമാനത്തോടെ പലരോടും പറയുന്നത് കേൾക്കാം.ഇളയ മകൻ ആണെന്ന്.ഒരു മകൻ ഇല്ലാത്ത ദുഃഖം അച്ഛൻ മറന്നത് ഹരിയെ കിട്ടിയപ്പോളാണെന്നു എന്നോട് വന്നു പറഞ്ഞ ആ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല.
ഹരിയുടെ തീരുമാനങ്ങൾ എല്ലാം പെട്ടെന്നാണ്.ഇന്നാളൊരു ദിവസം വെളുപ്പിന് എണീറ്റ് എന്നേം കൂട്ടി ബുള്ളറ്റിൽ ഒരു കറക്കം,പല്ലു പോലും തേക്കാതെ ഒരു നാടൻ ചായക്കടയിൽ നിന്ന് രാവിലെ ഭക്ഷണം,ഇടയ്ക്കു ഉച്ചക്ക് ഓഫീസിൽ വരും,പിന്നെ അവിടുന്ന് മുങ്ങും ഞങ്ങൾ ഒരുമിച്ച്.മോൾ ഉണ്ടായതിനു ശേഷം അവളുടെ ഒപ്പം ആണ് കറക്കം,എന്തിനേറെ പറയുന്നു എന്നേക്കാൾ മോൾക്കിഷ്ടം അവളുടെ അച്ഛനെ ആണ്.അവളുടെ എന്ത് തോന്നിവാസത്തിനും കൂട്ട് നിൽക്കും.ശരിക്കും ഒരച്ഛൻ എങ്ങനെ ആവണം അത് പോലെ തന്നെ. ആരോടും “നോ” എന്ന് പറയുന്നത് കണ്ടിട്ടില്ല.പക്ഷെ ഒഴിവാക്കേണ്ടത് അതി വിദഗ്ദ്ധമായി ഒഴിവാക്കുകയും ചെയ്യും.പറഞ്ഞു തോൽപ്പിക്കാൻ കഴിയില്ല.നമ്മളോട് ദേഷ്യപ്പെടുകയും ഇല്ല.ആരോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടും ഇല്ല.”ദേഷ്യ ഗ്രന്ഥി” ഇല്ലാത്ത ആളാണോ എന്ന് ഒരു ദിവസം ചോദിച്ചപ്പോ ഒരു ചിരി.എപ്പോഴും അതെ ഒരു ചിരി കാണും മുഖത്തു.മനുഷ്യനെ കൊതിപ്പിക്കുന്ന ഒരു ചിരി.ഓഹ്.പറഞ്ഞു പറഞ്ഞു കാട് കയറി.എന്താണെന്നറിയില്ല അങ്ങേരെ വർണ്ണിച്ചാൽ എനിക്ക് മതിയാവില്ല.അത് കൊണ്ടാണ്.ക്ഷമിച്ചേക്കണേ.
ഞങ്ങൾ തമ്മിൽ വഴക്കിടുന്ന,അയ്യോ അങ്ങനല്ല ,”ഞാൻ” വഴക്കിടുന്ന ഒരേ ഒരു കാര്യം ആ വഴിപാടാണ്.എത്ര പറഞ്ഞാലും ഒരു ചിരി ചിരിച്ചു അതിൽ നിന്ന് നൈസ് ആയി ഒഴിഞ്ഞു മാറും ഹരി.അത് കാണുമ്പോ എനിക്ക് ദേഷ്യം വരും.ഒടുവിൽ എന്റെ ഒരു ദിവസത്തെ നിരാഹാര സമരത്തിന്റെ ഫലമായി സമ്മതിച്ചു.”ഉമാ മഹേശ്വര ” ക്ഷേത്രത്തിൽ പ്രത്യേക പൂജ.ഇരുപതിനായിരം രൂപ ചെലവ് വരും ,എന്നാലും സമാധാനം ഉണ്ടാവുമല്ലോ.കുറച്ചകലെ എവിടെയോ ആണ് അമ്പലം.രാവിലെ തന്നെ ഇറങ്ങി ,നട അടയ്ക്കുന്നതിന് മുൻപേ എത്തണം.എന്നോട് മയങ്ങിക്കോളാൻ പറഞ്ഞു ഹരി ഡ്രൈവ് ചെയ്തു.എണീറ്റപ്പോൾ കണ്ടത് അമ്പലമല്ല ,ഏതോ ഒരു മലമുകളിലെ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾ വളരുന്ന ഒരു കെട്ടിടം.ഹരിയെ കണ്ടതും അവരിൽ പലരും സ്നേഹത്തോടെ ഓടി വരുന്നു.അന്നത്തെ ആ ദിവസം അവരോടൊപ്പം ചിലവഴിച്ചു ഞങ്ങൾ മടങ്ങി.ഹരിക്കെന്നും പറയാൻ ന്യായങ്ങൾ ഉണ്ട്.അത് എന്നും നല്ലതിന് വേണ്ടി മാത്രമാണ്.അതുകൊണ്ടു തന്നെ ഞാൻ എന്നും തോൽക്കും.ഇവിടെയും തോറ്റു.വർഷങ്ങളായി സ്വന്തം സമ്പാദ്യത്തിൽ നിന്ന് ചെറിയൊരു പങ്ക് അവർക്കായി മാറ്റി വെക്കുന്നു.ആരും അറിയാതെ അവിടെ കൊടുക്കുന്നു.
മുടങ്ങി പോയ വഴിപാടിനെ കുറിച്ച് പിന്നെ ഞാൻ മിണ്ടിയിട്ടില്ല.പക്ഷെ ഒരു ഭാര്യയായി പോയില്ലേ.ഒരു പേടി ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഉണ്ട്.നല്ലതു ചെയ്യുന്നവരുടെ കൂടെ ഭഗവാൻ എന്നും ഉണ്ടാകും എന്ന് വിശ്വസിച്ചു,എന്നും ആ സ്നേഹവും,കരുതലും ഇങ്ങനെ തന്നെ അവസാനം വരെ കൂടെ ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്…………..
ശുഭം