രാത്രി ഉറങ്ങാൻ കിടന്ന മനു മേൽക്കൂരയിലേയ്ക്ക് നോക്കി വെറുതെ കണ്ണും നട്ട് കിടന്നു…

ചോറ്റുപാത്രം

Story written by ROSILY JOSEPH

:::::::::::::::::::::::::::::::::

“ഇന്നും നിനക്ക് ഇലയിൽ തന്നാണോ..”

കൂട്ടുകാരുടെ പരിഹാസചിരിക്കിടയിൽ മനു കഴിച്ചു കഴിച്ചില്ല എന്ന മട്ടിൽ എഴുന്നേറ്റു

“എന്നും ഫുഡ്‌ വേസ്റ്റ് ചെയ്യുന്ന മനുവിനെ കണ്ടതും അവന്റെ കൂട്ടുകാരി ആതിരയ്ക്കവനോട് വെറുപ് തോന്നി. അവൾ സ്നേഹത്തോടെ അവനെ ഉപദേശിക്കാൻ ശ്രമിച്ചു

“മനു നിന്റെ അമ്മ എത്ര കഷ്ടപ്പെട്ട ഇതൊക്കെ ഉണ്ടാക്കി തരുന്നത് നീ ഇത് വേസ്റ്റ് ചെയ്യുന്നത് തെറ്റല്ലേ.. “

“നീ കണ്ടതല്ലേ അവരെല്ലാം കൂടി എന്നെ കളിയാക്കുന്നത്..”

“അത് എന്നും ഉള്ളതല്ലേ അതിനു നീ ഇതാണോ ചെയ്യേണ്ടത്..?”

“നിനക്ക് അങ്ങനെ ഒക്കെ പറയാം അവരെ പോലെ നിനക്കും ഉണ്ടല്ലോ തിളങ്ങുന്ന പാത്രം..”

മുഖം വീർപ്പിച് അവൻ ക്ലാസ് റൂമിലേയ്ക്ക് പോയ്‌. വൈകുന്നേരം മുഷിഞ്ഞ ഡ്രാസോടെ വീട്ടിലെത്തിയ അവനെ കണ്ട് അമ്മയ്ക്ക് അരിശം തോന്നി

“ഇതെന്താ മനു ഈ യൂണിഫോമിലൊക്കെ.. ആകെ ചെളിയാണല്ലോ..നീയെന്താ ക്ലാസിൽ കുത്തി മറിയുകയായിരുന്നോ..?”

“അമ്മയോട് എനിക്കു പുതിയ ചോറ്റ്പാത്രം വാങ്ങിതരാൻ എത്ര നാളായി പറയുന്നു..ഇതുവരെ അമ്മ വാങ്ങി തന്നില്ലല്ലോ..”

“പറയുന്നതെല്ലാം ആ നിമിഷം തന്നെ വാങ്ങി തരാൻ നിന്റെ അപ്പൻ ഇവിടെ വല്ലോം സ്വരുകൂട്ടി വെച്ചിട്ടുണ്ടോ..?” അല്പം കടുപ്പിച്ചു തന്നെയാണ് ചോദിച്ചത്

ഒന്നും മിണ്ടാതെ മുഖവും വീർപ്പിച് യൂണിഫോം പോലും മാറാതെ അവൻ കട്ടിലിൽ പോയ്‌ കിടന്നു

“ആ യൂണിഫോം മാറ്റി ഇട്ടിട് പോ..അതുമായി കട്ടിലിന്മേൽ കേറാതെ..”

അല്പം കഴിഞ്ഞു അനക്കമൊന്നും കേൾക്കാതെ ഇരുന്നതിനാലാവം വിലാസിനി, മുറിയുടെ വാതിലിൽ വന്നെത്തി നോക്കി..കണ്ണുനീർ വറ്റി വരണ്ട അവന്റെ മുഖത്തേയ്ക്ക് നോക്കിയതും അവർക്ക് വല്ലാത്ത സങ്കടം തോന്നി..കുറച്ചു മുൻപേ ദേഷ്യം വന്നു എന്തെല്ലാമാണ് പറഞ്ഞതെന്ന് അവൾ ഓർത്തു അവൾക്ക് കുറ്റബോധം തോന്നി..

അല്ലെങ്കിലും ഈയിടെയായി തനിക്കിത്തിരി ദേഷ്യം കൂടുതലാണ്..

അവൾ അവന്റെ മുടിയിഴകൾ കോതിവെച്ചു പിന്നെ നെറ്റിയിൽ നേർത്തൊരു ചുംബനം കൊടുത്തു..

രാത്രിയായ്, കുളി കഴിഞ്ഞു, വരാന്തയിൽ വിളക്ക് വെച്ച് വിലാസിനി അകത്തെ മുറിയിലേയ്ക് ചെന്നു. ഭിത്തിയിലേ നിറം മങ്ങിയ സ്വിച് ബോർഡ് കണ്ടുപിടിച്ചു വിരലുകൾ അമർത്തി. മുറിയിലാകമാനം പ്രകാശം പരന്നു

“ആഹാ ഉണർന്നു കിടക്കുവായിരുന്നോ ന്റെ കുട്ടി. മനുവിനെ കണ്ടതും അവൾ പുഞ്ചിരിച്ചു

എന്നിട്ടെന്താ എണീറ്റു തിണ്ണയിലേയ്ക്ക് വരാഞ്ഞേ.. അമ്മയോട് ഇതുവരെ പിണക്കം മാറിയില്ലേ..?” അവൻ മൗനമായി കിടന്നു.അവൾ അവനോടൊപ്പം കിടക്കയിൽ ഇരുന്നു..

“നാളെയാവട്ടെ അമ്മ മോനു പുതിയൊരു ചോറ്റ് പാത്രം വാങ്ങി തരുന്നുണ്ട് .മോന്റെ കൂട്ടുകാർക്കുള്ളതിനേക്കാൾ ഏറ്റവും ഭംഗിയുള്ളത്..ന്റെ മോനേ ഇനി ആരാ കളിയാക്കണെന്ന് കാണാലോ..എഴുന്നേറ്റു വന്നേ..സന്ധ്യക്ക്‌ ഇങ്ങനെ കിടക്കുന്നതെ ദോഷവാ..”

അവൻ പിന്നെയും വെറുതെ പിണക്കം നടിച്ചു കട്ടിലിൽ കമിഴ്ന്നു കിടന്നു

“ദേ എഴുന്നേറ്റു വന്നില്ലേൽ അമ്മയ്ക്ക് സങ്കടാകൂട്ടോ അമ്മയ്ക്ക് മോന് മാത്രല്ലേ ഉള്ളൂ..”

“അമ്മ വെറുതെ പറയുവാ വാങ്ങിച്ചു തരാന്ന്..”

അലക്ഷ്യമായിയിരുന്നു അവന്റെ ചോദ്യവും മിഴികളും..

“ന്റെ മോനാണ് സത്യം വൈകുന്നേരം മോൻ സ്കൂളിൽ പോയിട്ട് വരുമ്പോ നമ്മുക്ക് ഒന്നിച്ചു പോയ്‌ വാങ്ങാം..വാങ്ങിച്ചു തന്നില്ലെങ്കിൽ ന്റെ മോൻ അപ്പോ എന്നോട് പിണങ്ങിക്കോ..

അത് പറയുമ്പോഴും അവളുടെ മനസ്സാകെ മനു,ആവശ്യപ്പെടുന്നത് പോലെ ഒരു ചോറ്റ് പാത്രം എങ്ങനെ വാങ്ങും എന്നായിരുന്നു ചിന്ത..രാധേച്ചിയോട് ചോദിക്കാം പലപ്പോഴായി അവർ പൈസ തന്നു സഹായിക്കാറുണ്ട് യാതൊരു വിദ്വേഷവും ഇല്ലാതെ..ആകെ കൂടി കടം ചോദിക്കാൻ പറ്റിയ ഇടം അവിടെയാണ്..എന്റെ കുഞ്ഞിന്റെ ഈ ഒരു ആഗ്രഹം പോലും സാധിച്ചു കൊടുത്തില്ലെങ്കിൽ..ഞാനെന്ത് അമ്മയാണ്..ഓരോന്നോർത്ത് അവൾ മനുവിന്റെ മുഖത്തേയ്ക്കൊന്നു നോക്കി. മുഖത്തൊരു തെളിഞ്ഞ പുഞ്ചിരി വരുത്തി അവനെ എഴുന്നേൽപ്പിക്കാൻ ഉള്ള ശ്രമം വീണ്ടും ആരംഭിച്ചു..

എഴുന്നേറ്റു വന്നു മിടുക്കനായിട് ചോറുണ്ടേ..ഇന്നലെ മോൻ പറഞ്ഞില്ലായിരുന്നോ ഇന്ന് മീൻ പൊരിച്ചത് വേണോന്ന് ഒക്കെ ഉണ്ടാക്കിവെച്ചിട്ടുണ്ട് അമ്മ..”

അവന്റെ കുഞ്ഞി കണ്ണുകൾ തിളങ്ങി. എങ്കിലും മുഖം വീർപ്പിച് അമ്മയോടൊപ്പം അടുക്കളയിൽ ഇട്ടിരുന്ന കൊരണ്ടിമേൽ പോയിരുന്നു..അമ്മ നീട്ടിയ ഓരോ ഉരുള ചോറിനും നല്ല സ്വാദ്ള്ളത് പോലെ തോന്നി അവനു..

“പാത്രം നല്ല വലുത് നോക്കി വാങ്ങിക്കണം കേട്ടോ അമ്മേ..നല്ല തിളക്കം ഉണ്ടായിരിക്കണം എന്റെ കൂട്ടുകാരുടെ പാത്രങ്ങൾക്ക് എല്ലാം നല്ല തിളക്കാ..”

“നിനക്ക് ഇഷ്ടമുള്ളത് നീ തന്നെ വാങ്ങിച്ചോ..” അതുകൂടി കേട്ടതോടെ അവന്റെ സന്തോഷം ഇരട്ടിയായ്..

രാത്രി ഉറങ്ങാൻ കിടന്ന മനു മേൽക്കൂരയിലേയ്ക്ക് നോക്കി വെറുതെ കണ്ണും നട്ട് കിടന്നു. അമ്മ നല്ല ഉറക്കാണ്..ഒന്ന് വേഗം രാവിലെ ആയിരുന്നെങ്കിൽ..

“കിടന്നുറങ്ങാൻ നോക്ക് മനു രാവിലെ സ്കൂളിൽ പോണ്ടേ..” തിരിഞ്ഞു കിടക്കുന്നതിനിടയിൽ അമ്മയുടെ നേർത്ത സ്വരം..അവൻ കണ്ണുകൾ ഇറുക്കി അടച്ചു

പിറ്റേന്ന് സ്കൂൾ കഴിഞ്ഞതും ഓടി വെപ്രാളപെട്ടാണ് വീട്ടിലെത്തിയത്

“അമ്മേ.. അമ്മേ…”

ബാഗ് കട്ടിലിൽ വലിച്ചെറിഞ്ഞു അവിടെയാകമാനം അവൻ അമ്മയേ തിരഞ്ഞു

“ആ നീ വന്നോ..?”

“അമ്മ എവിടെ ആയിരുന്നു ഞാൻ കണ്ടില്ലല്ലോ..?”

“ഞാൻ മണിക്കുട്ടിയെ അഴിച്ചു കെട്ടുവായിരുന്നു..നീ പോയി ആ ഡ്രാസൊക്കെ അഴിച്ചു വച്ച് വല്ലോം കഴിക്ക്..”

അവൾ അവൻ കാണാതെ രാധേച്ചിയോട് കടം വാങ്ങിയ പൈസ പേഴ്സിൽ കൊണ്ട് വെച്ചു.

“അമ്മ നമ്മള് എപ്പഴാ ചോറ്റ് പാത്രം വാങ്ങാന് പോകുന്നത്..?”

“പോകാം നീ കഴിച്ചിട്ട് വേഗം റെഡിയാവ്..”

അമ്മയുടെ മറുപടി കേട്ടതും ഓടിപോയി ചായയും അടുക്കള പാതകത്തിൽ വെച്ചിരുന്ന ബിസ്കറ്റ് കവറിൽ നിന്ന് രണ്ട് ബിസ്കറ്റും എടുത്തു വായിലേയ്ക് തിരുകി കിണറ്റിന് കരയിലേയ്ക്ക് ഓടി..അവിടെ ബകറ്റുകളിൽ കോരി നിറച്ചിരുന്നവയിൽ നിന്നും പെട്ടന്ന് രണ്ട് മഗ്ഗ് വെള്ളം ദേഹത്തേയ്ക്കൊഴിച്ച്..പെട്ടനൊന്ന് തോർത്തി നനവ് തോരാത്ത പാദങ്ങളുമായി ചുണ്ടിൽ ഏതോ അടിച്ചു പൊളി പാട്ടിന്റെ ഈണവും ചൊല്ലി മുറിയിലാകെ ഓടി നടന്നു..

“അമ്മേ എവിടെയാ എന്റെ ഉടുപ്പും നിക്കറും..”

ആ അയയിൽ കാണും മനു.. “

അപ്പോഴേക്കും അമ്മയും ഒരുങ്ങി ഇറങ്ങിയിരുന്നു

“മുടി നന്നായി തോർത്തിയില്ലേ മനൂ ..!” സ്നേഹം നിറഞ്ഞ ശാസനയോടെ അവർ അവന്റെ മുടി തോർത്തി നന്നായി ചീകി ഒതുക്കി വെച്ചു ..

പീടികയിൽ കേറണേനു മുൻപ് അമ്മ അവന്റെ ഉടുപ്പും നിക്കറും ഒന്നുംകൂടി നേരെയാക്കി..

“സൂക്ഷിച്ചു പോ മനൂ..”

പീടികയിൽ ചെന്ന് കേറുന്നത് വരെ അവന്റെ മുഖത്തു ആകെമാനം ഒരു വെപ്രാളം ആയിരുന്നു..അവിടെ ഒരു പ്രായമായ ചേച്ചിയും അവരുടെ സ്റ്റാഫും ആയിരുന്നു ഉണ്ടായിരുന്നത്..

“എന്താ വേണ്ടത്..” ആ പയ്യൻ വളരെ വിനയത്തോടെ ചോദിച്ചു

“ഒരു സ്റ്റീലിന്റെ വട്ടപാത്രം വേണം..”

“അത് ദേ അവിടെയാണ്..”

അയാൾ ചൂണ്ടി കാണിച്ചിടത്തേയ്ക്ക് ആ അമ്മയും മകനും നോക്കി. ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്ന പല തരത്തിലുള്ള പാത്രങ്ങൾ അവയ്ക്കിടയിൽ നിന്നും ഒരു ഭംഗിയുള്ള ചോറ്റ്പാത്രം മനു തന്നെ തിരഞ്ഞെടുത്തു

“അമ്മേ ദേ നോക്കിയേ..”

അവർ അത് വാങ്ങി നോക്കിയിട് ഇതിനെന്താ വില..? “

“അൻപതു രൂപയേ ഉള്ളു ചേച്ചി ..”.

“അമ്മേ ദേ ഇതിനകത്ത് വേറെ പാത്രം..”

“അത് കറി കൊണ്ടോവാൻ ഉള്ളതാണ്..”

കടക്കാരന്റെ മറുപടിയിൽ അമ്മയൊന്നു പുഞ്ചിരിച്ചു. പിന്നെ പണം കൊടുത്തു മകന് ഏറ്റവും ഇഷ്ടപ്പെട്ട അവന്റെ ചോറ്റ്പാത്രവും വാങ്ങി വീട്ടിലേയ്ക്ക് നടന്നു

പിറ്റേന്ന് ഉച്ചക്ക് ഊണ് കഴിക്കണ സമയത്തു എല്ലാവരും അവരവരുടെ പാത്രങ്ങൾ തുറന്നു..

“ഇന്നും വാഴയിലയിൽ തന്നെ ആണോ മനൂ..”

“അവന്റെ വീട്ടിലെ വാഴയിൽ ഇതിന് മാത്രം ഇല എവിടുന്നാണോ എന്തോ..?”
ക്ലാസിൽ കൂട്ടചിരി മുഴങ്ങി

പക്ഷെ മനു ആരുടെയും പരിഹാസം വക വയ്ക്കാതെ ബാഗിൽ നിന്ന് തന്റെ പുതിയ ചോറ്റ്പാത്രം പുറത്തെടുത്തു. ഇത് കണ്ടതും ആതിരയുടെ മുഖം വിടർന്നു..ഇളിഭ്യരായ മറ്റു കുട്ടികളുടെ മുഖം കണ്ട് അവൻ അല്പം ജാഡയിൽ തന്നെ ഇരുന്നു ഊണ് കഴിച്ചു..

****************

(ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചെറിയ രീതിയിൽ എഴുതി നോക്കിയതാണ്.. നിരുത്സാഹപ്പെടുത്തരുത്..? വായനക്കാരുടെ സ്നേഹവും സപ്പോർട്ടും ഉണ്ടെങ്കിലേ തുടർന്നും എന്തെങ്കിലും എഴുതാൻ കഴിയു..)

3-6-2021