കറവപ്പശുക്കൾ…
Story written by Aswathy Joy Arakkal
:::::::::::::::::::::::::::::
“അച്ചു .. കുട്ടിക്കെത്ര വയസ്സായി? “..
രണ്ടുദിവസം മുൻപൊരു രാത്രി ഏകദേശം ഒൻമ്പതു മണിയായപ്പോൾ ഫേസ്ബുക്കിൽ /ഇൻബോക്സിൽ ഒരു സ്ത്രീയുടെ പ്രൊഫൈലിൽ നിന്നും വന്നൊരു മെസ്സേജ് ആണിത്…
ഇതിപ്പോ എന്റെ വയസ്സ് അറിഞ്ഞിട്ട് ഇവർക്കെന്താ കാര്യം എന്നാലോചിച്ചുകൊണ്ടു സ്വാഭാവികമായി ഞാനവരുടെ പ്രൊഫൈലിലേക്കു പോയി.. അവരെ തൽക്കാലം “ഗ്രേസി ” എന്നു വിളിക്കാം. റിട്ടയേർഡ് ഗവണ്മെന്റ് എംപ്ലോയ് ആണെന്നും അവിടെനിന്നു മനസ്സിലായി.. ഫോട്ടോയും ഉണ്ട്.. വെളുത്തു മെലിഞ്ഞൊരു കണ്ണടക്കാരി.. എങ്കിലും എന്റെ പ്രായം ചോദിച്ചതെന്തിനെന്നു മാത്രം പിടികിട്ടിയില്ല…
ഒരു ചോദ്യചിഹ്നം (? ) മറുപടി ആയി ഇട്ട ശേഷം ഫോൺ മാറ്റിവെച്ചു ഞാൻ കിടന്നുറങ്ങി..
“കുട്ടി എഴുതിയ ചിലതൊക്കെ ഞാൻ വായിച്ചിട്ടിട്ടുണ്ട്…. വിരോധമില്ലെങ്കിൽ എനിക്കൊന്നു സംസാരിക്കണമെന്നുണ്ട്.. ചിലതൊക്കെ വളരെ പേർസണൽ ആയ കുറച്ചു ഡെപ്ത്തിലുള്ള കാര്യങ്ങൾ.. പ്രായത്തിൽ എന്നേക്കാൾ വളരെ ചെറുപ്പമാണെങ്കിൽ ചിലപ്പോൾ.. അതാണ് ഞാൻ വയസ്സ് ചോദിച്ചത്.. ” അങ്ങനൊരു മറുപടിയാണ് ഞാൻ പിറ്റേന്ന് എണീറ്റപ്പോൾ കണ്ടത്…
“ഞാൻ ചെറിയ കുട്ടിയല്ല, ഒരു കുഞ്ഞിന്റെ അമ്മയാണ് അതുകൊണ്ടൊന്നും ഷെയർ ചെയ്യാൻ മടിവേണ്ട.. കേൾക്കാൻ ഞാൻ തയ്യാറാണ്..ഞാൻ ഫ്രീയാണ്.. “
പിന്നെയന്നത്തെ ദിവസം മുഴുവൻ ഗ്രേസി ആന്റിയുടെ കഥ കേൾക്കുകയായിരുന്നു…
ചുരുക്കി പറയാം.. അവരുടെ ജീവിതം…
“സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്രിസ്ത്യൻ കുടുംബത്തിലെ മൂന്നുമക്കളിൽ മൂത്തവൾ… ഇളയത് രണ്ടു ആങ്ങളമാർ.. അമ്മച്ചി വീട്ടമ്മ.. അപ്പന് കൂലിപ്പണി പക്ഷെ മുഴുകുടിയൻ ആണ്.. ദാരിദ്ര്യത്തിലും, കഷ്ടപ്പാടിലും എങ്ങനെയൊക്കെയോ പഠിച്ചു ഡിഗ്രി നേടി, ടെസ്റ്റുകളെഴുതി, സംവരണവും എല്ലാം ചേർത്ത് 22 വയസ്സായപ്പോഴേക്കും ഗവണ്മെന്റ് ജോലി ലഭിച്ചു .. പിന്നീടങ്ങോട്ട് ക്ലീഷേ.. അപ്പൻ രോഗിയാകുന്നു, അപ്പന്റെ ചികിത്സ, കുടുംബച്ചിലവ്, ആങ്ങളമാരുടെ പഠിത്തം തുടങ്ങി എല്ലാം ഉദ്യോഗസ്ഥയുടെ തലയിൽ… അപ്പനെ പിന്നെ അധികം ചികിൽസിക്കേണ്ടി വന്നില്ല.. അതിനു മുൻപേ അങ്ങ് പോയി… പക്ഷെ… “
കുടുംബഭാരം തലയിലെടുത്തു വെച്ചു സ്വന്തം ജീവിതം നഷ്ട്ടവക്കച്ചവടമാക്കുന്ന എല്ലാ കറവപ്പശുക്കളെയും പോലെ ഗ്രേസി ആന്റിയും ചുമട് വലിക്കാൻ തുടങ്ങി.. കല്യാണാലോചനകൾ പലതു വന്നെങ്കിലും വീടുപണി, ആങ്ങളമാരുടെ ഭാവി.. അങ്ങനെ പലകാരണങ്ങൾ കൊണ്ടു പെറ്റതള്ള പോലും അതൊന്നും കാര്യമാക്കിയില്ല..
കാലം കടന്നുപോയി, ആങ്ങളമാർ പഠിച്ചു, ജോലി ആയി… കുടുംബം കരകയറി തുടങ്ങി… എന്നിട്ടും ഉദ്യോഗസ്ഥയായ പെങ്ങളുടെ ശമ്പളം അവർക്കാവശ്യമായിരുന്നു.. അതുകൊണ്ട് പെങ്ങളെ കെട്ടിക്കുന്ന കാര്യം മനഃപൂർവം അവരങ്ങു മറന്നു… ട്രാൻസ്ഫർ ആയി പലയിടങ്ങളിലും ജോലി ചെയ്യുന്ന പെങ്ങൾ വീട്ടിൽ വന്നില്ലെങ്കിലും ആർക്കും വലിയ വിരോധം ഇല്ല പക്ഷെ ശമ്പളം കൃത്യമായി എത്തിയിരിക്കണം… ഇതിനിടയിൽ അമ്മച്ചിക്ക് ക്യാൻസർ.. കുടുംബത്ത് പെണ്ണുങ്ങളില്ല എന്ന ന്യായം പറഞ്ഞ് ആദ്യം മൂത്ത ആങ്ങള കെട്ടി… അമ്മച്ചിയുടെ മരണം… ശേഷം ഇളയ ആങ്ങളയുടെ വിവാഹം.. അവർക്ക് കുട്ടികൾ.. പെങ്ങളാണെങ്കിലോ അമ്മച്ചിയുടെ ചികിത്സാ ചിലവും മറ്റുമായി കടം വീട്ടുന്ന തിരക്കിലും.. പിന്നെ ആങ്ങളമാരുടെ കല്യാണം നടത്തിയ ചിലവും ഉണ്ടല്ലോ..
“മുതലെടുക്കാൻ നിന്നു കൊടുത്തിട്ടല്ലേ? “എന്ന എന്റെ ചോദ്യത്തെ.. “ശെരിയാണ് കുട്ടി പക്ഷെ അന്നും ഇന്നും എന്റെ കാര്യം നേടാൻ എനിക്കറിയില്ല.. അമ്മച്ചിയും, കൂടപ്പിറപ്പുകളുമല്ലേ..? ആ ചിന്തയിലാണെല്ലാം… ” പിന്നെയും കാലം കടന്നുപോയി… ഇപ്പോൾ റിട്ടയേർഡ് ആയി മൂന്നുവർഷമാകുന്നു.. റിട്ടയേർഡ് ആകുന്നതുവരെ എല്ലാവർക്കും സ്നേഹമായിരുന്നു.. ആങ്ങളമാർക്കും, അവരുടെ ഭാര്യമാർക്കും, മക്കൾക്കും.. എന്നാൽ വീട്ടിൽ സ്ഥിരതാമസം ആയതില്പിന്നെ എല്ലാവരുടെയും ഭാവം മാറി.. അതിനിടയിൽ മൂത്ത ആങ്ങളയുടെ മോള് വിവാഹിതയായി.. കുഞ്ഞായി.. ഇപ്പോഴത്തെ പ്രശ്നം.. അവരുടെ മകന് വിവാഹം നോക്കുന്നുണ്ട്.. അപ്പന്റെ പെങ്ങള് അടക്കം താമസിക്കണ വീട്ടിലേക്കു ആരും പെണ്ണ് തരുന്നില്ല എന്നു പറഞ്ഞ് സ്ഥിരം വഴക്കാണ്..
“എങ്ങോട്ട് പോവും കുട്ടി ഞാൻ..? എന്റെ കൂടെ അദ്ധ്വാനം കൊണ്ടു കെട്ടിപ്പൊക്കിയ വീടാണത്.. എന്റെ അപ്പന്റെ സമ്പാദ്യം.. പൂർവികസ്വത്ത്.. പക്ഷെ കൂടപ്പിറപ്പുകളോട് വഴക്കിനും വക്കാണത്തിനും എനിക്കാകില്ല .. “
എന്നെ ഏറ്റവും വേദനിപ്പിച്ചത് അതൊന്നുമല്ല..
ഒരിക്കൽ ഇതേപ്പറ്റി പറഞ്ഞു നാത്തൂനുമായി വാക്ക് തർക്കമായി.. ആങ്ങള നാത്തൂന്റെ സൈഡ് ചേർന്നു ബഹളമായി.
“27 വയസ്സുള്ള മകന്റെ വിവാഹത്തെപ്പറ്റി നെഞ്ചുരുക്കുന്ന നീ ഒരിക്കലെങ്കിലും ഈ പെങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ “എന്നു ഞാൻ ചോദിച്ചു..
“ആ.. അതുപറ.. ഇവർക്ക് കെട്ടാത്തതിന്റെ സൂക്കേടാ.. മുതുക്കിയായിട്ടും ഇങ്ങനെ നിക്കുവല്ലേ, അപ്പൊ മറ്റുള്ളവർ സന്തോഷിക്കുന്നത് പിടിക്കുന്നില്ല.. ഏതെങ്കിലും മുതുക്കന്മാരുണ്ടെങ്കിൽ നിങ്ങൾ അന്വേഷിക്കു.. നമുക്കങ്ങു കെട്ടിക്കാം.. “
നാത്തൂൻ അതു പറഞ്ഞതിനേക്കാൾ അവരെ വിഷമിപ്പിച്ചത് ആങ്ങളയുടെ മൗനമായിരുന്നു..
സഹിക്കവയ്യാതെ ചെറിയൊരു ജോലിയും തരപ്പെടുത്തി, പെൻഷൻ കാശും മറ്റുമുള്ളതുകൊണ്ടിപ്പോൾ ഹോസ്റ്റലിൽ ആണ്..
ഇതെന്റെ മാത്രമല്ല, ആൺപെൺ വ്യത്യാസമില്ലാതെ പലരുടെയും കഥയാണ്.. കുട്ടിയടക്കം പലരും ഇതൊക്കെ എഴുതിയിട്ടുണ്ടാകും.. എങ്കിലും മോളിതു എഴുതണം.. എന്നിട്ട് എന്നെപ്പോലുള്ള കറവപ്പശുക്കളോടു പറയണം “താൻ ചത്തു മീൻ പിടിക്കരുത് എന്നു.. “
സമ്പത്തും, ആരോഗ്യവും ഉള്ളപ്പോൾ അതിന്റെയൊക്കെ പങ്കുപറ്റാൻ പലരും ഉണ്ടാകും.. ആരെയും വിശ്വസിക്കരുത്.. ജന്മം തന്നവരു പോലും പലപ്പോഴും സമ്പത്തുള്ള അല്ലെങ്കിൽ ജീവിതത്തിൽ വിജയിച്ച മക്കൾക്കൊപ്പമേ നില്ക്കു.. നമുക്ക് നമ്മളെ ഉള്ളു എന്നു മനസ്സിലാക്കി നമുക്ക് വേണ്ടികൂടി ജീവിക്കണം..
തുറന്നു പറയുകയാണ് കുട്ടി.. നല്ല പ്രായത്തിൽ പല സഹപ്രവർത്തകരും ഉപദേശിച്ചു ഒരു വിവാഹം കഴിക്കാൻ.. ഞാനും അതാഗ്രഹിച്ചിരുന്നു.. മനസ്സിനും, ശരീരത്തിനും വികാരങ്ങളും, വിചാരങ്ങളുമുള്ളൊരു സ്ത്രീ തന്നെയായിരുന്നു ഞാൻ.. അതൊക്ക അടക്കി വെച്ചു മറ്റുള്ളവർക്കായി ജീവിച്ചിട്ടിപ്പോ എന്തായി..? പെൻഷൻ ആയപ്പോൾ കിട്ടിയ ആനുകൂല്യങ്ങളുടെ നല്ലോരു ശതമാനം പോലും മോളുടെ വിവാഹക്കാര്യം പറഞ്ഞ് ആങ്ങള തട്ടിയെടുത്തു.. കേസ് കൊടുക്കാൻ പലരും പറഞ്ഞു.. വേണ്ട.. അവർക്ക് ഞാൻ ഭാരമാണെങ്കിലും അവരെന്റെ കൂടപ്പിറന്നവരല്ലേ..?
“ഇനിയാർക്കും എന്റെ ഗതി വരരുത്… ആണായാലും, പെണ്ണായാലും കുടുംബമേ, കൂടപ്പിറപ്പുകളെ ശരണം എന്നു പറഞ്ഞു കിടക്കാതെ അവനവാനായി ജീവിക്കാൻ പറയു… അല്ലെങ്കിൽ അവസാന കാലത്തെന്തു എന്നറിയാതെ എന്നെപോലെ പെരുവഴിയിൽ നിൽക്കേണ്ടി വരും… അവനവൻ ഉണ്ടാലേ അവനവനു വയറു നിറയെ.. അല്ലാതെ മറ്റുള്ളവരെ ഊട്ടുന്നതിൽ മാത്രം സംതൃപ്തി കാണുന്നവരുടെ ജീവിതം അങ്ങനെയങ്ങു അവസാനിക്കും… “
കഥയിൽ പുതുമയൊന്നും ഇല്ലെങ്കിലും എഴുതണമെന്നു തോന്നി.. ഇതുപോലെ ജീവിതം നശിപ്പിക്കുന്ന ഏതെങ്കിലും കറവപ്പശുക്കൾക്കൊരു തിരിച്ചറിവുണ്ടായാലോ? പിന്നെ എന്നിൽ പ്രതീക്ഷ വെച്ചൊരാളെ നിരാശപ്പെടുത്താനും ആയില്ല..