ഞാനും അയാളും തമ്മിൽ പ്രണയം ആണെന്ന് അച്ഛനും അമ്മയും പറഞ്ഞു പരത്തി. അത് സത്യം ആണെന്ന്…

അനാഥൻ

Story written by SUJA ANUP

::::::::::::::::::::::::::::::::::::::::::::

“പുതുമോടി കഴിയും മുൻപേ പെണ്ണ് വിശേഷം അറിയിച്ചല്ലോ..”

അടുക്കള ജോലിക്കാരി ജാനുഅമ്മ കളിയാക്കിയപ്പോൾ കണ്ണൊന്നു അറിയാതെ നിറഞ്ഞു.. ഉള്ളിലെ നീറ്റൽ അവർക്കു മനസ്സിലാകില്ലല്ലോ….രാവിലെ വന്നു പണികൾ തീർത്തു അവർ പോകും. തൽക്കാലം എന്നെ അടുക്കളയിൽ കയറ്റുവാൻ അദ്ദേഹം തയ്യാറല്ല..ഈ വീട്ടിലേയ്ക്കു വലതുകാൽ വച്ച് കയറിയിട്ട് മാസം അഞ്ചാകുന്നേയുള്ളൂ. എനിക്ക് പക്ഷേ ഇത് ഏഴാം മാസം ആണെന്ന് ഏട്ടന് മാത്രമേ അറിയൂ. ഇനി എത്ര നാൾ അത് എനിക്ക് മൂടി വയ്ക്കുവാനാകും….

“പി ഴച്ചു പെറ്റവൾ എന്ന പേര് കേൾക്കുവാനായിരുന്നൂ എൻ്റെ വിധി, എന്നിട്ടും ആ വിധിയെ അദ്ദേഹം തിരുത്തി…” ബിരുദം ഒന്നാം വർഷം പഠിക്കുമ്പോഴാണ് ചതി പറ്റിയത്.

“പഠനത്തിൽ എന്നതിലുപരി എന്നും പഠ്യേതര വിഷയങ്ങളിൽ ആയിരുന്നൂ എനിക്ക് താല്പര്യം. പണമുള്ള വീട്ടിലെ കുട്ടി. അതിൻ്റെ നെഗളിപ്പും ഉണ്ടായിരുന്നൂ. അത്യാവശ്യം നന്നായി തന്നെ നൃത്തം ചെയ്യുമായിരുന്നൂ. അതുകൊണ്ടു തന്നെ ഒത്തിരി ആരാധകരും ഉണ്ടായിരുന്നൂ. കായിക താരങ്ങളോട് എന്നും എനിക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നൂ. അങ്ങനെയാണ് അവനുമായി അടുക്കുന്നത്. കോളേജിലെ ഫുട്ബോൾ താരം മിഥുൻ ചതിയൻ ആണെന്ന് ആരൊക്കെ പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല. അവസാനം ഗർഭിണി ആണെന്ന് പറഞ്ഞപ്പോൾ അവൻ കൈ മലർത്തി. തെറ്റിനുള്ള പരിഹാരം ആത്മഹത്യയിലൂടെ ചെയ്യാം എന്ന് കരുതി എങ്കിലും അമ്മ അത് കണ്ടുപിടിച്ചു തടഞ്ഞു. അമ്മ ആരുമറിയാതെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും സമയം വൈകി എന്ന് ഡോക്ടർ പറഞ്ഞു.

എങ്ങനെ രക്ഷ പെടുവാൻ കഴിയും എന്നറിയാതെ ഇരിക്കുമ്പോൾ അവസാനം അച്ഛൻ തന്നെ പരിഹാരം കണ്ടെത്തി. ആരുമില്ലാത്ത ഒരുവൻ. അച്ഛൻ്റെ കമ്പനിയിലെ സൂപ്പർവൈസർ. അയാൾ ഒരു അനാഥാലയത്തിൽ ആണത്രേ വളർന്നത്..

“വേണ്ട” എന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടും അയാളുടെ തലയിൽ എന്നെ കെട്ടി കെട്ടി വയ്ക്കുവാൻ അച്ഛൻ തീരുമാനിച്ചൂ. വിവാഹത്തിന് മുൻപേ എല്ലാം ഞാൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. അതുവരെ അദ്ദേഹത്തെ ഞാൻ കണ്ട ഭാവം നടിച്ചിട്ടില്ലായിരുന്നൂ. അത്ര സാധാരണക്കാരനായ അയാളോട് എന്നും പുച്ഛം മാത്രമേ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ..അപ്പോൾ അദ്ദേഹം ഒന്ന് മാത്രം പറഞ്ഞു..

“എൻ്റെ അമ്മയെ സ്വീകരിക്കുവാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ അനാഥൻ ആകില്ലായിരുന്നൂ. ഒരു അനാഥൻ്റെ ദുഃഖം ആർക്കും മനസ്സിലാകില്ല. നിൻ്റെ കുഞ്ഞിനെ സ്നേഹിക്കുവാൻ എനിക്കാവും. സ്നേഹിക്കുവാൻ ആരുമില്ലാത്തവരുടെ വേദന നിനക്ക് മനസ്സിലാകുമോ. ആരുമില്ലാത്തവനായി ഒരു അനാഥാലായത്തിൽ അവൻ വളരേണ്ട.. തന്നെ സ്വീകരിക്കുവാൻ എന്നെങ്കിലും അച്ഛനോ അമ്മയോ വരും എന്നും പ്രതീക്ഷിച്ചു ദിവസത്തിൽ പലപ്പോഴും ഗേറ്റിലേയ്ക്ക് നോക്കി ഞാൻ നിൽക്കുമായിരുന്നൂ. ഒരിക്കലും ആ ഗേറ്റുകൾ തുറന്നു ആരും എന്നെ തേടി വന്നില്ല. എന്നെ ഉപേക്ഷിച്ച മാതാപിതാക്കൾക്ക് വേണ്ടി ഇന്നും ഞാൻ പ്രാർത്ഥിക്കുന്നുണ്ട്, അവർ എന്നെ ഭ്രുണഹത്യയിലൂടെ തോല്പിച്ചില്ലല്ലോ.എത്രയോ രാത്രികളിൽ ഞാൻ എൻ്റെ അസ്തിത്വം തിരഞ്ഞു. ത ന്തയില്ലാത്തവൻ എന്ന വിളി എന്നും തറഞ്ഞിരുന്നത് ഹൃദയത്തിലാണ്. അതൊന്നും ആർക്കും മനസ്സിലാകില്ല..” പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല..

………………………………..

ഞാനും അയാളും തമ്മിൽ പ്രണയം ആണെന്ന് അച്ഛനും അമ്മയും പറഞ്ഞു പരത്തി. അത് സത്യം ആണെന്ന് പലരും കരുതി. ഇടയ്ക്കൊക്കെ വീട്ടിൽ അയാൾ വരുമായിരുന്നല്ലോ….എല്ലാം അറിഞ്ഞുകൊണ്ട് അയാൾ എന്നെ സ്വീകരിക്കുന്നത് പണത്തിനു വേണ്ടി മാത്രമാണ് എന്ന് അപ്പോഴും ഞാൻ കരുതി. ആദ്യ രാത്രിയിൽ അദ്ദേഹംഎന്നോട് പറഞ്ഞു “ശ്രദ്ധിക്കേണ്ട സമയമാണ്. ഈ കുട്ടിയെ എൻ്റെ കുട്ടിയായി ഞാൻ വളർത്തും. ഒരിക്കലും ഞാൻ അല്ല അച്ഛൻ എന്ന് കുട്ടി അറിയരുത്. അത് നീ പാലിക്കണം..” ഒരു നീരസവും പുറത്തു കാണിക്കാതെ അദ്ദേഹം എന്നെ നോക്കി..

……………………………..

കുഞ്ഞു ജനിച്ചിട്ടും അദ്ദേഹം അവനെ വേർതിരിച്ചു കണ്ടില്ല. പിന്നീട് രണ്ടു പെണ്മക്കൾ കൂടി ഉണ്ടായി. എങ്കിലും കുറ്റബോധം എന്നെ എന്നും വേട്ടയാടികൊണ്ടിരുന്നൂ. മകൻ തനി താന്തോന്നിയായി വളർന്നൂ വരുന്നത് എനിക്ക് ദുഃഖം മാത്രം നൽകി. ഇളയ രണ്ടു പെൺകുട്ടികളും നന്നായി പഠിക്കുമായിരുന്നൂ.

………………………………………..

പ്ലസ് ടു കഴിഞ്ഞ സമയം അന്ന് കുടിച്ചു വീട്ടിൽ കയറി വന്ന അവൻ, ചോദ്യം ചെയ്ത അച്ഛന് നേരെ കൈയ്യോങ്ങി. അത് എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നൂ.

പിറ്റേന്ന് എഴുന്നേറ്റു വന്ന അവനോടു ഞാൻ പറഞ്ഞു….

“നീ ഇനി ഇവിടെ വേണ്ട. ഇറങ്ങിക്കോ..”

“ഞാൻ ഇറങ്ങാ൦. എൻ്റെ വീതം വേണം..”

അവൻ്റെ ആ മറുപടി അതുവരെ ഞാൻ മനസ്സിൽ കരുതി വച്ചതൊക്കെയും വിളിച്ചു പറയുവാൻ ഇടയാക്കി. എല്ലാം പറഞ്ഞു തീർന്നപ്പോൾ ഞാൻ ഒരു കടലാസ്സിൽ അവൻ്റെ അച്ഛൻ്റെ മേൽവിലാസം നൽകി.

“നിനക്കുള്ള വീതം ഈ മേൽവിലാസത്തിൽ കിട്ടും. ഇവിടെ ഉള്ളതെല്ലാം അദ്ദേഹത്തിൻ്റെ കുട്ടികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇത്ര നാളും അദ്ദേഹം നിന്നെ വളർത്തിയില്ലേ അതിനുള്ള കൂലി നീ ഇന്നലെ കൊടുത്തൂ. ഇനി നീ ഈ വീട്ടിൽ വേണ്ട, നിനക്ക് ഇവിടെ ആരുമില്ല.”

ആ കടലാസുമായി അവൻ പുറത്തേയ്ക്കു പോയി. രാത്രി വൈകിയും അവൻ തിരിച്ചു വന്നില്ല. ജോലി കഴിഞ്ഞു വന്ന അദ്ദേഹം അവനെയാണ് എന്നത്തേയും പോലെ ആദ്യം അന്വേഷിച്ചത്. ഞാൻ ഒന്നും പറഞ്ഞില്ല. അവൻ വരാതെ അദ്ദേഹം ഒന്നും കഴിക്കില്ല. അദ്ദേഹം മുറിയിലേയ്ക്കു പോയി. ഞാൻ എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം ഒന്നും കഴിച്ചില്ല. വിഷമിച്ചിരുന്ന എന്നോട് അദ്ദേഹം കാര്യങ്ങൾ തിരക്കി. ഒന്നും മറച്ചു വയ്ക്കാതെ ഞാൻ എല്ലാം തുറന്നു പറഞ്ഞു.

പറഞ്ഞതൊക്കെ കേട്ടതും “കുഞ്ഞിന് എന്ത് പറ്റിയെന്നു പേടിച്ചു” അദ്ദേഹം വേവലാതിയോടെ പുറത്തേക്കിറങ്ങി. രാത്രി വൈകി അവനെയും കൂട്ടി അദ്ദേഹം മടങ്ങി വന്നൂ. അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ. പുഴത്തീരത്തു അവൻ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നത്രെ. ആത്മഹത്യ ചെയ്യുവാൻ അവൻ തീരുമാനിച്ചിരുന്നൂ പോലും. കുറ്റബോധവും നിരാശയും അവനെ തളർത്തിയിരുന്നൂ. അദ്ദേഹത്തെ കെട്ടിപിടിച്ചു അവൻ മാപ്പു പറഞ്ഞു…പിന്നീട് ഒരിക്കലും അവൻ അദ്ദേഹത്തെ വേദനിപ്പിച്ചില്ല.

പതിയെ അവനിൽ മാറ്റങ്ങൾ വന്നൂ. പെട്ടെന്ന് എൻ്റെ കുട്ടി ഒത്തിരി മാറി. ബിരുദം കഴിഞ്ഞ ഉടനെ അവൻ ഒരു ജോലിക്കു കയറി. മുന്നോട്ടുള്ള പഠനം സ്വന്തം പണം കൊണ്ട് മതി എന്ന് അവൻ തീരുമാനിച്ചൂ. അദ്ദേഹം നിർബന്ധിച്ചിട്ടും അവൻ അവൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നൂ. സഹോദരിമാരെ വിവാഹം കഴിപ്പിച്ചയാക്കുവാൻ അവൻ തന്നെ മുന്നിൽ നിന്നൂ. അച്ഛനെ അവൻ ഒരുപാടു സ്നേഹിച്ചു തുടങ്ങിയിരുന്നൂ. അച്ഛനും അങ്ങനെ തന്നെ ആയിരുന്നൂ. അവർക്കിടയിലെ ആ സ്നേഹം അത് ആർക്കും തകർക്കുവാൻ ആവുമായിരുന്നില്ല.

……………………….

കാലം കടന്നു പോയി…

അന്ന് അവനേയും കൂട്ടി ഞാൻ ആശുപത്രയിൽ ആയിരുന്നൂ.അദ്ദേഹത്തിന് പെട്ടെന്ന് എന്തോ ഒരു വയ്യായ്ക. അവൻ തന്നെ കൂടെ വേണമെന്ന് അദ്ദേഹത്തിന് ആഗ്രഹം ഉണ്ട്, അത് അദ്ദേഹം തുറന്നു പറയില്ല. അത് അറിയാവുന്നതു കൊണ്ട് തന്നെ അവൻ ലീവ് എടുത്തു ആശുപത്രിയിൽ കൂടെ നിന്നൂ. എന്നും സ്വന്തം മക്കളെക്കാളും അവനെയാണ് അദ്ദേഹം സ്നേഹിച്ചത്. രണ്ടു ദിവസമായി ഞാനും അവിടെ ഉണ്ട്.

പെട്ടെന്നാണ് ഞാൻ അയാളെ കണ്ടത്. തീരെ അവശനായി തൊട്ടപ്പുറത്തെ മുറിയിൽ അയാൾ. എന്നെ വഞ്ചിച്ചവൻ…..

പക്ഷേ അയാളുടെ കഥകൾ അയാളുടെ ജോലിക്കാരി വഴി അറിഞ്ഞതും എനിക്ക് അയാളോട് സഹതാപം തോന്നി. വിവാഹശേഷം അയാളും ഭാര്യയും മകനും സുഖമായി കഴിയുകയായിരുന്നൂ പോലും. കുറച്ചു വർഷങ്ങൾക്കു മുൻപ് മകൻ അപകടത്തിൽ മരിച്ചൂ. അതോടെ ഭാര്യ ഭ്രാന്തിയായി, കഴിഞ്ഞ വർഷം അവർ തൂങ്ങി മരിച്ചൂ. അതോടെ അയാൾ തകർന്നൂ. പണം മാത്രം ഉണ്ട്. അയാൾക്കിപ്പോൾ ക്യാൻസർ ആണത്രേ. നോക്കുവാൻ പോലും ആരുമില്ല.

“എൻ്റെ ശാപം അയാൾക്ക്‌ ഏറ്റത് പോലെ എനിക്ക് തോന്നി..” ഞാൻ മകനോട് പറഞ്ഞു.. ” അടുത്ത മുറിയിൽ അയാൾ ഉണ്ട്. നിനക്ക് ജന്മം നൽകിയ ആൾ..”

അവൻ പറഞ്ഞു..”ജന്മം നൽകിയാൽ മാത്രം അച്ഛൻ ആകുമോ. ഒരു കുറവും വരുത്താതെ എന്നെ സ്നേഹിച്ച ഒരാളുണ്ട്. എൻ്റെ മനസ്സിൽ അച്ഛൻ എന്ന സ്ഥാനം അയാൾക്ക്‌ മാത്രം അവകാശപ്പെട്ടതാണ്. ആ രൂപം മാറ്റി മറ്റൊരു രൂപം എനിക്ക് സങ്കല്പിക്കാനാവില്ല. അച്ഛനും അത് സഹിക്കുവാൻ ആകില്ല. ഇത്രയൊക്കെ അയാൾ അനുഭവിക്കുന്നത് അയാൾക്ക്‌ വിധിക്കപെട്ടതാണ്. അന്ന് എൻ്റെ ഈ അച്ഛൻ അമ്മയെ സ്വീകരിച്ചില്ലായിരുന്നെങ്കിൽ അമ്മയും കുടുംബവും ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നോ. അല്ലെങ്കിൽ എന്നെ എവിടെ എങ്കിലും ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നോ. എൻ്റെ ഈ അച്ഛനെ ഒരു നോട്ടം കൊണ്ടുപോലും എനിക്ക് വേദനിപ്പിക്കുവാൻ വയ്യ. എൻ്റെ അച്ഛന് എന്നും ഞാൻ വേണം.”

എനിക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല. “കാരണം അവൻ പറഞ്ഞത് സത്യം ആയിരുന്നൂ. അവനെ വേർപിരിഞ്ഞു ഒരു നിമിഷം പോലും അദ്ദേഹം നിൽക്കില്ല.”

അവൻ അയാളെ (മിഥുനെ) കാണുവാൻ പോലും കൂട്ടാക്കിയില്ല..ഒന്നും അറിയാതെ ഉറങ്ങുന്ന അച്ഛൻ്റെ നെറ്റിയിൽ അവൻ ചുംബിച്ചൂ. അദ്ദേഹത്തിൻ്റെ കൈകൾ പിടിച്ചു അവൻ ആ കട്ടിലിൽ ഇരുന്നൂ. അപ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ…

……………സുജ അനൂപ്