ഫിലിപ്പേട്ടന്റെ മൊബൈൽ റിംഗ് ചെയ്തപ്പോഴാണ് രണ്ടാളും ചിന്തകളിൽ നിന്നും ഉണർന്നത്…

നേർക്കാഴ്ചകൾ…

Story written by Aswathy Joy Arakkal

:::::::::::::::::::::::::::::::::

“ഹലോ… പോലീസ് കണ്ട്രോൾ റൂം അല്ലേ…? ഞാൻ റിട്ടയേർഡ് ഹെഡ് കോൺസ്റ്റബിൾ ഫിലിപ്പ് മാത്യു.. സാറേ എന്റെ മകൻ ഒരാഴ്ച മുൻപ് ജോർജ്ജിയയിൽ നിന്നും വന്നതാണ്.. ആരോഗ്യവകുപ്പിൽ നിന്നും ഹോം ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടതിന്റെ ഭാഗമായി വീടിനോടു ചേർന്നുള്ള ഒറ്റമുറിയിൽ തനിയെയായിരുന്നു താമസം…ഇപ്പൊൾ ഞാൻ തടഞ്ഞിട്ടും അനുസരിക്കാതെ ഒരു സുഹൃത്തിനൊപ്പം കാറും എടുത്തു പുറത്തേക്കിറങ്ങിയിട്ടുണ്ട്… പിടിച്ചകത്തിടണം സർ… “

വണ്ടി നമ്പറും ബാക്കി ഡീറ്റൈൽസും പറഞ്ഞ് കൊടുത്ത ശേഷം ഫോൺ കട്ട്‌ ചെയ്ത്, ഒരു ദീർഘനിശ്വാസത്തോടെ തിരിഞ്ഞു നോക്കുമ്പോഴാണ് ഭാര്യ മറിയ പിന്നിൽ കലിതുള്ളി നിൽക്കുന്നത് ഫിലിപ്പേട്ടൻ കാണുന്നത്..

“നിങ്ങക്കിത് എന്നാത്തിന്റെ കേടാ മനുഷ്യാ.. ആകെയുള്ളൊരു ചെറുക്കനാ… ഒരുവർഷം കൂടി നാട്ടിൽ വരുന്നതാ. എന്നാ ലോക്കെന്നു പറഞ്ഞാലും എത്രയെന്നു വെച്ചാ ഇതിനകത്ത് അടച്ചു പൂട്ടി ഇരിക്കുന്നേ. ശ്വാസം മുട്ടത്തില്ലയോ എന്റെ കൊച്ചിന്.. മാത്രവല്ല അവൻ പഠിക്കുന്നത് ഡോക്ടറാകാനല്ലയോ .. അവന്റെ കാര്യം നോക്കാൻ അവനറിയാം.. “

കലിയോടെ ചേടത്തി പറഞ്ഞു…..

” അവന്റെ കാര്യം നോക്കാൻ അവനറിയാവായിരിക്കും.. ഞാനിപ്പോ വിളിച്ചു പറഞ്ഞതെ അവനു വേണ്ടിയല്ല… നാട്ടുകാർക്ക് വേണ്ടിയാ.. അവനെങ്ങാനും അസുഖം ഉണ്ടെങ്കില് അതു അവൻ അടുത്തു ഇടപെഴുകുന്നോർക്കു മൊത്തം വരും… പിന്നെ സർക്കാരീ കടന്നു കഷ്ടപ്പെടുന്നേനു എന്നതാടി ഒരു വില.. ഓരോരുത്തന്മാര് വന്നു നിർദ്ദേശങ്ങൾ അനുസരിക്കാതെ ഊരുചുറ്റിയതിന്റെയാ ഇന്നിപ്പോ ഈ നാടുമുഴുവൻ ദുരിതം അനുഭവിക്കുന്നത്… ” ഫിലിപ്പേട്ടൻ പറഞ്ഞു..

“ഓ.. ഒരു മനുഷ്യസ്നേഹി..” ചേടത്തി വീണ്ടും പുച്ഛത്തിൽ പറഞ്ഞു…

” നീയൊക്കെ ഒരു അമ്മയാണോ മറിയേ.. നീ ഇപ്പോ കണ്ടതല്ലേടി അപ്പുറത്തെ വീട്ടിലെ സോഫികൊച്ചിനെ… സർക്കാർ ആശുപത്രിയില് നേഴ്സ് ആയ അവള് എത്രദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാ ഇപ്പൊ വീട്ടിലെത്തിയേക്കുന്നേന്ന്…. അതിന്റെ കെട്ട്യോനാണെങ്കിലോ അങ്ങ് ഗൾഫിലും .. മുലകുടി മാറാത്ത കൊച്ചിനെയും, വയസ്സായ അമ്മായമ്മയേയും പേടിച്ചിട്ടാണ് അവള് അവന്റെ പെങ്ങടെ വീട്ടിലേക്കു മാറ്റിയേക്കുന്നത് … അതുപോലെ എത്രയോ കൊച്ചുങ്ങളാ കിടന്നു രാപ്പകല് കഷ്ടപ്പെടുന്നെ… അതുപോലെ ടീവില് നീ കണ്ടില്ലയോ ഒരു പോലീസ്‌കാരൻ കൈകൂപ്പി തൊഴുതോണ്ട് പറയുന്നത് നിങ്ങള് വീട്ടിലിരിക്കാൻ .. ജീവൻ പണയം വെച്ചാണ് ഓരോരുത്തരും ഇതിനെതിരെ പ്രവർത്തിക്കുന്നത്… അതിപ്പോ മന്ത്രിമാരും, ആരോഗ്യ വകുപ്പും, ഡോക്ടറും, നഴ്സും പോലീസും തൊട്ടു ഇതോടു ബന്ധപ്പെട്ട ഓരോ ആളുകളും. എന്നിട്ടും അവരെ കൊഞ്ഞനം കൊത്തികൊണ്ടു ഇവന്മാരൊക്കെ ഇങ്ങനെ ഇറങ്ങി നടക്കാൻ കൊള്ളാവോ.. “

“നമ്മളോട് വീട്ടില് വെറുതെ ഇരിക്കാൻ പറഞ്ഞിട്ട് അതുങ്ങളൊക്കെ ഈ രോഗം സ്പ്രെഡ് ആകാതിരിക്കാൻ രാപ്പകൽ അദ്ധ്വാനിക്കുവാ … ആ കഷ്ടപ്പാടൊക്കെ ഇവന്മാരെ പോലുള്ളവര് നശിപ്പിക്കുന്നത് കണ്ടോണ്ടിരിക്കണോ ഞാൻ .. കാണുന്നില്ലേ ഓരോരുത്തന്മാര് കട തുറന്നോന്ന് നോക്കാൻ പോകുന്നു, പൂച്ച പ്രസവിച്ചതിനു മരുന്ന് വാങ്ങാൻ പോകുന്നു… ക്രിക്കറ്റ്‌ കളിക്കാൻ പോകുന്നു.. നല്ല തല്ലുകിട്ടാത്തതിന്റെ കുറവ് തന്നാ.. ഇങ്ങനെ ഒരാവശ്യവും ഇല്ലാതെ കുറെയെണ്ണം ഇറങ്ങി നടക്കുന്നതുകൊണ്ടു വല്ല അത്യാവശ്യ കാര്യങ്ങൾക്കു പോകുന്നവർക്ക് കൂടിയാ ബുദ്ധിമുട്ട്.. അവരെയും പോലീസ് സംശയത്തോടെ നോക്കേണ്ട അവസ്ഥയാ.. “

” പിന്നെ നമ്മടെ മോൻ ഡോക്ടറാകാനല്ലേ പഠിക്കുന്നത്.. ഇത്രയും ക്രിട്ടിക്കൽ ആയൊരു സിറ്റുവേഷനിലൂടെ നാട് കടന്നു പോകുമ്പോ അതു മനസ്സിലാക്കി പ്രവർത്തിക്കാൻ അറിയാത്തവൻ എങ്ങനാടി ഒരു നല്ല ഡോക്ടർ ആവുന്നത്..? “

എല്ലാംകൂടെ കേട്ടപ്പോ മറുപടി ഇല്ലാതെ തലകുനിച്ചിരിക്കാനേ മറിയ ചേടത്തിക്കായുള്ളു..

ഫിലിപ്പേട്ടന്റെ മൊബൈൽ റിംഗ് ചെയ്തപ്പോഴാണ് രണ്ടാളും ചിന്തകളിൽ നിന്നും ഉണർന്നത്..

നോക്കുമ്പോൾ പുത്രൻ അനൂപ് ഫിലിപ്പാണ് ലൈനിൽ…

“അപ്പാ… ഞാനിവിടെ ജനറൽ ഹോസ്പിറ്റലിൽ നിന്നാണ്.. പോലീസ് ചെക്കിങ്ങിൽ എനിക്ക് സത്യം പറയേണ്ടി വന്നു.. ഇനി ഇവിടെ 14 ദിവസം കിടന്ന് ക്വാറന്റൈൻ പീരീഡ് കഴിഞ്ഞ് പോയാ മതീന്നാ പറഞ്ഞെ.. കാറു റോഡ് സൈഡിൽ ലോക്ക് ചെയ്തു ചാവി എന്റെ കയ്യിലുണ്ട്.. അപ്പൻ കാറിന്റെ കാര്യവൊന്നു അന്വേഷിക്കണം.. ” അനൂപ് പറഞ്ഞു..

“പോലീസ് ചെക്കിങ്ങിനിടയിൽ പിടിച്ചതല്ല, പോന്നുമോനെ അപ്പൻ ഒറ്റിയതാ… വീട്ടിൽ ഇരിക്കാനായിരുന്നല്ലോ ബുദ്ധിമുട്ട്…. നീ അവിടെ കിടക്കു കുറച്ചുദിവസം.. ” അത്രയും ഫിലിപ്പേട്ടൻ പറഞ്ഞപ്പോഴേക്കും ചേടത്തി ഫോൺ മേടിച്ചു..

“മോനെ.. അമ്മച്ചിയാടാ നിനക്ക് വേറെ കുഴപ്പവൊന്നും ഇല്ലല്ലോ.. “

“ഇതിൽക്കൂടുതൽ ഇനി എന്നാ കൊഴപ്പം വരാനാ അമ്മച്ചി.. പോലീസിന്റെ വായീന്നു കണക്കിന് കേട്ടു.. അവര് വിഡിയോയും എടുത്തിട്ടുണ്ട്.. നാണം കെടുത്തി മനുഷ്യൻ ” അനൂപ് രോഷത്തോടെ പറഞ്ഞു..

“പറഞ്ഞാ കേട്ടില്ലെങ്കിൽ പിന്നെ എന്നാ ചെയ്യാനാടാ.. പോകരുതെന്ന് നിന്നോട് അപ്പൻ പറഞ്ഞതല്ലേ.. പിന്നെ പൊന്നുമോൻ ഒന്നു മനസ്സിലാക്കിക്കോ ഈ സർക്കാരിനും, ഡോക്ടർക്കും, പോലീസിനും അതിനോട് ബന്ധപ്പെട്ടവർക്കും മാത്രവല്ല ഓരോ പൗരനും രാജ്യത്തോട് കടമയുണ്ട്. കൂടും കുടുംബോം ഇട്ടു വന്നു ജീവൻ പണയം വെച്ചവര് ഡ്യൂട്ടി ചെയ്യുമ്പോൾ.. വീട്ടിലിരിക്കാനല്ലേ അവര് പറയുന്നുള്ളു, അതുകൊണ്ട് അവർക്ക് പ്രത്യേകിച്ച് ഉപകാരം ഒന്നും ഉണ്ടായിട്ടല്ല.. നമ്മുടെയൊക്കെ നന്മക്കു വേണ്ടിയാ… അതു മനസ്സിലാക്കാതെ അഹങ്കാരം കാണിക്കാൻ പോയതല്ലേ… അവിടെ കിടക്കു കുറച്ചുദിവസം” എന്നും പറഞ്ഞു ചേടത്തി സംസാരം അവസാനിപ്പിച്ചു…

“ഇപ്പൊഴാടി നീ നല്ലൊരു അമ്മയായതു.. മക്കളുടെ തെറ്റിന് കൂട്ട് നിൽക്കുമ്പോഴല്ല , അവരെ പറഞ്ഞു തിരുത്തി നേർവഴിക്കു നടത്തുമ്പോഴാണ് നമ്മൾ നല്ല മാതാപിതാക്കൾ ആകുന്നത്.. ” അത്രയും പറഞ്ഞു രണ്ടുപേരും വരാന്തയിലെ കസേരയിലെക്കിരിക്കുമ്പോഴാണ് വീടുപൂട്ടി സോഫി പോകുന്നത് കാണുന്നത്..

“എന്നതാ കൊച്ചേ രാവിലെ അങ്ങ് വന്നതല്ലേ ഒള്ളു… പിന്നെയിതെങ്ങോട്ടാ” എന്ന ചേട്ടത്തിയുടെ ചോദ്യത്തിന്.. “വീണ്ടും ചില കേസുകൾ കൂടെ വന്നിട്ടുണ്ട്, സ്റ്റാഫ്‌ കുറവാ ചേടത്തി” എന്നും പറഞ്ഞു ധൃതിയിൽ വണ്ടിയോടിച്ചവൾ പോയി…

“കണ്ടോ മറിയേ… ആ കൊച്ച് മര്യാദക്കൊന്നും കഴിച്ചിട്ടു കൂടിയുണ്ടാകില്ല. ഇതുപോലെ എത്രയോ പേരാ രാവെന്നോ പകലെന്നോ ഇല്ലാതെ … അതുകൊണ്ട് അവർക്ക് തടസ്സമുണ്ടാക്കുന്നവന്മാർക്കൊക്കെ നാല് തല്ലു കിട്ടുന്നതിനോ, ജയിലിൽ പിടിച്ചിടുന്നതിനോ, വണ്ടി പിടിച്ചെടുക്കുന്നതിനോ ആരും ചങ്ക് പുകക്കണ്ട കാര്യവൊന്നുവില്ല ” എന്നു പറഞ്ഞു കൊണ്ട്‌ ഫിലിപ്പേട്ടൻ വീണ്ടും ന്യൂസ്‌ ചാനൽ ഓൺ ആക്കി.

അപ്പോഴും സർക്കാർ പറഞ്ഞതനുസരിക്കാതെ ഊരുചുറ്റിയവരുടെ റൂട്ട് മാപ്പും, റോഡിൽ തടഞ്ഞതിന് പോലീസിന് നേരെ തിരിയുന്നവരുടെ അഹങ്കാരവും, നിമിഷം പ്രതി കൂടിക്കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണവും, മരണസംഖ്യവുമൊക്കെ ചാനലുകളിൽ വാർത്തകളായി നിറഞ്ഞു നിന്നു… ഒപ്പം ജീവൻ പണയം വെച്ച് ഊണും ഉറക്കവുമുപേക്ഷിച്ചു ഈ മഹാമാരിയിൽ നിന്നും നാടിനെ രക്ഷിക്കാൻ പാടുപെടുന്ന കുറെ മനുഷ്യരും….

27-03-2020