ഫ്രിഡ്ജ് വാങ്ങിക്കുമ്പോഴും പെണ്ണിന്‌ ചെറുക്കനെ അന്വേഷിക്കുമ്പോഴും ചുരുങ്ങിയത്‌ അഞ്ചാറുപേരോടെങ്കിലും ചോദിച്ചറിയണം…

Written by Ezra Pound

::::::::::::::::::::::::::::

ഫ്രിഡ്ജ് വാങ്ങിക്കുമ്പോഴും പെണ്ണിന്‌ ചെറുക്കനെ അന്വേഷിക്കുമ്പോഴും ചുരുങ്ങിയത്‌ അഞ്ചാറുപേരോടെങ്കിലും ചോദിച്ചറിയണം..

തറവാട്ട് മഹിമയിലൊന്നും വെല്യ കാര്യമില്ലാന്ന്..ചെക്കൻ ശരിയല്ലെങ്കിൽ പിന്നെ തീർന്നീലേ..

അതുപൊലെ തന്ന്യാ ഫ്രിഡ്ജിന്റെ കാര്യത്തിലും..വല്യ കമ്പനിപ്പേരൊക്കെ ഉണ്ടായിട്ടെന്താ..മക്കള് ശരിയല്ലെങ്കി അതുമതി കമ്പനിക്കു ചീത്തപ്പേരുണ്ടാക്കാൻ..

പണ്ട് വീട്ടിലൊരു ഫ്രിഡ്‌ജുണ്ടായിരുന്നു..ശരിക്കും ഉമ്മാന്റെ അക്ഷയ പാത്രം..അതിലില്ലാത്ത സാധനങ്ങളൊന്നുമില്ല..ദോശമാവും ബിരിയാണിയും സാമ്പാറുമൊക്കെ ജാതിമത ഭേദമന്യേ ഒരുമിച്ചു വസിക്കുന്നൊരിടം..

ഫ്രീസറിൽ ശാപമോക്ഷം കാത്തുകിടക്കുന്ന മത്തിയും ചിക്കനുമുണ്ടാവും..ഡോർ തുറന്നാൽ ബസിലെ കിളിയെപ്പോലെ ചാടിയിറങ്ങാൻ തയാറായി നിപ്പുണ്ടാവും മുരിങ്ങാക്കോല്..പിറകെ സ്കൂൾ കുട്ടികളെപ്പോലെ തക്കാളിയും വെണ്ടയും മറ്റുള്ളോരും..

അതിനൊക്കെ പ്രത്യെകം ട്രേയുണ്ടെങ്കിലും അതിലൊക്കെ വേറെന്തെല്ലാമോ ഇടം പിടിച്ചിട്ടുണ്ടാവും..ഇവമ്മാരൊക്കെ ചാടിവീഴുന്നത് പേടിച്ചു ഫ്രിഡ്ജ് തുറക്കാൻ തന്നെ പേടിയാണ്‌..

പക്ഷെ അത്രയൊക്കെ ആയിട്ടും എന്റെ ഓർമ്മയിലിന്നേവരെ ആ ഫ്രിട്ജിനൊരു ചുമയോ ജലദോഷപ്പനിയോ വന്നിട്ടില്ല..

അന്നെയുള്ള ആഗ്രഹമാണ് സ്വന്തമായൊരു വീടൊക്കെ ആവുമ്പൊ കുറച്ചൂടെ വലുപ്പമുള്ള അതുപോലൊരു ഫ്രിഡ്ജു വേണമെന്ന്..

അങ്ങനെയാണ് പേരുകേട്ടൊരു തറവാട്ടിലെ ചെറുക്കൻ ഞങ്ങടെ പുതിയ വീട്ടിലേക്കു കാലെടുത്തു വെക്കുന്നത്..കാണാൻ തന്നെ എന്തൊരു മൊഞ്ചാണെന്നോ..ഞാനിടക്കൊക്കെ അടുത്തു ചെന്ന് സ്നേഹത്തോടെ അതിന്റെ മിനുസമായ മേനിയിലൊക്കെ തലോടിനോക്കും. വല്ലാത്തൊരു സന്തോഷം തോന്നും അപ്പോഴൊക്കെ..

അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കുമെന്ന് കേട്ടിട്ടില്ലേ..ഏതാണ്ടു അതുപൊലെ തന്നെ..ദാഹമൊന്നുമില്ലേലും പാതിരാക്ക് ഉണർന്ന് ഫ്രിഡ്‌ജ് തുറന്ന് തണുത്ത വെള്ളമെടുത്തു കുടിക്കും..ഈ കാലമാടന് ഉറക്കൊമില്ലെന്ന് പ്രാകിക്കാണും ഫ്രിഡ്ജ് പോലും..

അങ്ങനെ കാര്യങ്ങളൊക്കെ കൂളായി പൊക്കോണ്ടിരിക്കുമ്പോളാണ് പെട്ടെന്നൊരീസം ഫ്രിഡ്ജിന് തണുപ്പ്‌ കൂടിയെ..വാതിൽ തുറക്കുമ്പോ തന്നെ ഹിമാലയത്തിലെങ്ങാണ്ട് എത്തിയ പ്രതീതിയാ..

കുട്ട്യോൾക്കും ഭാര്യക്കും കുളുമണാലി ട്രിപ്പ് പോവണോന്നു ഭയങ്കര ആഗ്രഹമുണ്ടാരുന്നു..അപ്പോഴാ ആദ്യത്തെ ലോക്ക് ഡൌൺ തുടങ്ങിയത്‌..അതൊടെ കുളു ട്രിപ്പ് കുളമായി..അതിനിടെലാണ് ഫ്രിഡ്‌ജിനീ മനം മാറ്റം ഉണ്ടായതും..

ഞാനവരെയൊക്കെ വിളിച്ചു ഫ്രിഡ്ജിനു മുമ്പിൽ നിർത്തി കണ്ണടക്കാൻ പറഞ്ഞു..എന്നിട്ട് ഫ്രിഡ്ജിന്റെ വാതിലങ്ങട് തുറന്ന്‌..എന്നിട്ട് കണ്ണ്‌ തുറക്കാൻ പറഞ്ഞു..ഹാ എന്തു മനോഹരമായ കാഴ്ച..ഒന്നു രണ്ടു പെൻഗ്വിൻ കുഞ്ഞുങ്ങൾ കൂടിയുണ്ടേൽ അന്റാർട്ടിക്ക സെറ്റ് ചെയ്യാമായിരുന്നു..

“ഇങ്ങടുപ്പാക്ക് ഭ്രാന്താണെന്നും പറഞ് അവള് കുട്യോളേം വിളിച്ചോണ്ടു പോയി..

ഒന്നുരണ്ടീസം കൊണ്ടു ശരിയാവുമെന്ന് കരുതി കാത്തിരുന്ന തക്കാളിയും മറ്റ് പച്ചക്കറികളുമൊക്കെ തണുപ്പ്‌ സഹിക്കാൻ വയ്യാണ്ട് സ്റ്റോർ റൂമിലെ തട്ടിലേക്ക് കുടിയേറി..

വീട്ടിലെന്തെലും കേടായാൽ പിന്നെ കെട്യോന് കിടക്കപ്പൊറുതി കൊടുക്കൂലാലൊ..അതുതന്നെ എന്റെ കാര്യത്തിലും സംഭവിച്ചു ..

രാവിലെ ചായ കുടി കഴിഞ് പത്രം വായിച്ചോണ്ടിരിക്കുമ്പോൾ..”ഫ്രിഡ്ജ് ശരിയാക്കാണ്ടു നിങ്ങളിങ്ങനെ പത്രം വായിച്ചോണ്ടിരുന്നോ..”

ഉച്ചക്ക് ഊണു കഴിഞ്ഞൊന്നു മയങ്ങിയാൽ..”ഇങ്ങക്കിങ്ങനെ കിടന്നുറങ്ങിയാ മതിയല്ലൊ..അനുഭവിക്കേണ്ടത് ഞാനല്ലേ..”

രാത്രി കിടക്കാൻ നേരം എന്തേലുമൊന്ന് മിണ്ടാൻ ചെന്നാൽ..”ഒരു ഫ്രിഡ്ജ് ശരിയാക്കാൻ പറഞ്ഞിട്ടെത്ര നാളായി..എന്നിട്ടിപ്പോ കൊഞ്ചിക്കൊണ്ടു വന്നേക്കുന്നു..”

ചുരുക്കിപറഞ്ഞാൽ ജീവിതത്തിലെ സന്തോഷങ്ങളൊക്കെ ഫ്രിഡ്ജ് കാരണം ഇല്ലാണ്ടാവുന്ന അവസ്ഥയായി..

ഗത്യന്തരമില്ലാതെ ടെക്‌നീഷ്യനെ വിളിച്ചു..മൂപ്പര്‌ വന്ന് തിരിചും മറിച്ചുമൊക്കെ നോക്കി ഫ്രിഡ്ജിനോടെന്തോക്കെയോ സ്വകാര്യം പറയുന്നു..എന്താണെന്നറിയാൻ അടുത്തേക്കു ചെന്ന എന്നെ തള്ളിമാറ്റി..

എനിക്കതിഷ്ടയായില്ലെങ്കിലും മറുത്തൊന്നും പറഞ്ഞീല..അവനെങ്ങാനും പിണങ്ങിപ്പോയാൽ പിന്നെ കിടക്കപ്പൊറുതി ഉണ്ടാവുല്ല..

അങ്ങനെ കുറേനേരം കഴിഞ് എന്തോ വെല്യ കാര്യം ചെയ്തപോലെ അവൻ സ്പാനറും സ്ക്രൂ ഡ്രൈവറും ഓക്കെ പെറുക്കി ബാഗിലേക്കിട്ടു സർവീസ് ചാർജെന്നും പറഞ് അഞ്ഞൂറും വാങ്ങിച്ചോണ്ടു പോയി..

ഹാ എന്തൊ ആവട്ട് ഇനി സമാധാനായിട്ട് ഉറങാലൊന്ന് കരുതി ആശ്വസിച്ചു..ഒന്നരണ്ടീസം കുഴപ്പൊന്നുല്ലാതെ കടന്നുപോയി..

ഒരീസം ഉച്ചക്ക്‌ ചോറുണ്ട് കിടക്കാൻ നേരം അവളുണ്ട്‌ കൊടുങ്കാറ്റു പോലെ ചാടിക്കൊണ്ടു വരുന്നു..ഇങ്ങള് ഫ്രിഡ്ജിന്റെ ടെക്‌നീഷ്യനെ തന്നെയാണോ വിളിച്ചേ..അതൊ മൈക്രോവേവ് ഓവന്റെയോ..

കാര്യമെന്താണെന്നറിയാൻ അവളൊടൊപ്പം അടുക്കളയിലേക്കു ചെന്നു..ഫ്രിഡ്ജ് തുറന്നുനോക്കി..

ഹാ നല്ല കാറ്റുണ്ടല്ലോ..പക്ഷെ ഫ്രിഡ്ജ് കുളുമണാലി കഴിഞ് രാജസ്ഥാനിലേക്ക് എത്തിയെന്ന് തോന്നുന്നു..കാറ്റിനു നല്ല ചൂട്‌..

ഫ്രിഡ്ജിനും പനിപിടിച്ചോ..ശരിയാക്കാൻ വന്ന ഇബിലീസ് മരുന്നു മാറിക്കൊടുത്തു കാണും..അല്ലണ്ടിങ്ങനെ സംഭവിക്കോ..

ഈ നശിച്ച ഫ്രിഡ്ജ് കാരണം മനുഷ്യന്റെ സ്വസ്ഥതയും സമാധാനോം പോയിക്കിട്ടി..അല്ലാണ്ടെന്ത് പറയാൻ.