രാവിലെ മുതൽ കൊച്ചിയിലെ കനത്ത വെയിലിലും പച്ചവെള്ളം മാത്രം കുടിച്ചു പ്രൊഡ്യൂസറെ കാത്തിരുന്ന എനിക്ക്…

കുടുംബം

Story written by ARUN KARTHIK

:::::::::::::::::::::::::

“നരിപോലെ വളർന്നിട്ടും നാഴി അരിയുടെ ഉപകാരം ഉണ്ടായിട്ടുണ്ടോ നിന്നെകൊണ്ട് ഈ കുടുംബത്തിൽ.. “

സിനിമയാക്കാൻ പറ്റിയ എന്ത് തേങ്ങായാണ് ഈ ഫയലിൽ ഉള്ളതെന്ന് ചോദിച്ചു കൊണ്ട് പ്രൊഡ്യൂസർ എനിക്കു നേരെ ഫയൽ വലിച്ചെറിയുമ്പോൾ തെറിച്ചു വീഴുന്ന ഓരോ പേപ്പറും നെഞ്ച് പൊട്ടുന്ന വേദനയോടെയാണ് ഞാൻ പെറുക്കിയെടുത്തത്…

ഇരുപത്താറാമത്തെ പ്രൊഡ്യൂസറും എന്റെ തിരക്കഥയെ കയ്യൊഴിഞ്ഞതോർത്തു നിരാശയോടെ തിരികെ നടക്കുമ്പോൾ പിന്നിൽ നിന്നും പുച്ഛം കലർന്ന സ്വരത്തിൽ അയാൾ പറയുന്നുണ്ടായിരുന്നു.

സാഹിത്യഗ്രൂപ്പിൽ പൈങ്കിളിയെഴുതുന്ന കുറെയെണ്ണം സിനിമയിൽ ചാൻസ് തെണ്ടി നടപ്പുണ്ട് മനുഷ്യന്റെ സമയം മെനക്കെടുത്താനായിട്ട്..

രാവിലെ മുതൽ കൊച്ചിയിലെ കനത്ത വെയിലിലും പച്ചവെള്ളം മാത്രം കുടിച്ചു പ്രൊഡ്യൂസറെ കാത്തിരുന്ന എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ കാരമുള്ള് തറഞ്ഞു കേറിയ പ്രേതീതിയായിരുന്നു അനുഭവപ്പെട്ടത്. ..

എംടിയുടെയും തകഴിയുടെയും മഹത് രചനകൾക്കു മുന്നിൽ എന്റെ കുത്തികുറിക്കൽ ഒന്നുമല്ലെന്ന തിരിച്ചറിവുള്ളതുകൊണ്ട് തിരിച്ചു നടന്നു നീങ്ങുമ്പോൾ പ്രൊഡ്യൂസർ അടക്കം പറയുന്നത് കേൾക്കാമായിരുന്നു ..അവന്റെ ആ പൈങ്കിളിസാഹിത്യം ഞാൻ മറിച്ചു പോലും നോക്കിയില്ലെന്ന്‌ ..

ആ സമയം വരെ തിരക്കഥ കാണിക്കാൻ പ്രൊഡ്യൂസർടെ അഞ്ചു നിമിഷത്തിനായി കാത്തിരുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്..

എത്ര വൈകിയാലും രാത്രി എനിക്കുവേണ്ടി വെള്ളം ഒഴിക്കാത്ത ചോറിനു മുന്നിൽ കാവലിരിക്കുന്ന അമ്മയുടെ അടുത്തേക്ക് നടന്നു കയറുമ്പോഴാണ് അച്ഛന്റെ നാവിൽ നിന്നും ആ വാക്കുക്ളെന്റെ കാതിൽ പതിച്ചത്..

“നരിപോലെ വളർന്നിട്ടും നാഴി അരിയുടെ ഉപകാരം ഉണ്ടായിട്ടുണ്ടോ നിന്നെകൊണ്ട് ഈ കുടുംബത്തിൽ.. “

വഴക്കിടേണ്ട ഉണ്ണിയോട് എല്ലാം ശരിയാകുമെന്ന് പറഞ്ഞമ്മ അച്ഛനെ പറഞ്ഞു മാറ്റി എന്നെ ഊൺമേശയിലേക്ക് വിളിക്കുമ്പോഴും എനിക്കായ് വിളമ്പി വെച്ച വെള്ളരിച്ചോറിൽ വിരലുകളിട്ടിളക്കാനേ എനിക്ക് അപ്പോൾ സാധിച്ചിരുന്നുള്ളു..

പ്രായം ഇരുപത്തേഴായിട്ടും നീ ഒന്നുമാവാത്തതിന്റെ സങ്കടത്തിലാണച്ഛൻ പറഞ്ഞതെന്ന് അമ്മയെന്നെ ആശ്വസിപ്പിക്കുമ്പോൾ കഴിച്ചെന്നു വരുത്തി മുറിയിലേക്ക് നടന്നു നീങ്ങുകയാണ് ഞാൻ ചെയ്തത്..

കോടാലി മുന കൊണ്ട് മുറിഞ്ഞ കാലിൽ നിന്നും ചോര ഇറ്റുവീഴുമ്പോഴും ഒറ്റയ്ക്കിരുന്ന് അടക്കിപ്പിടിച്ചു കരയുന്ന അച്ഛന്റെ ഏങ്ങലടി കേട്ടാണ് രാത്രിയിൽ ഞാൻ ഞെട്ടിയെഴുനേറ്റത് ..

കണ്ടത് ദുസ്വപനം ആണെന്ന് തിരിച്ചറിഞ്ഞിട്ടും എന്റെ ദേഹമാകെ കുടുകുടാ വിയർത്തൊഴുകുന്നുണ്ടായിരുന്നു കാരണമില്ലാതെ…

വീടിനു പുറത്തെ ശബ്ദം കേട്ട് ജനലഴി തുറന്നു ഞാൻ പുറത്തേക്ക് നോക്കുമ്പോൾ അന്തരീക്ഷം തുലാമഴക്കുള്ള ഒരുക്കം കൂട്ടുന്നുണ്ടായിരുന്നു …

വീട്ടുമുറ്റത്തെ മൂലയിൽ അടുക്കിവെച്ചിരിക്കുന്ന വിറകുകെട്ടിന് മുകളിൽ മാനത്തെ മഴക്കാറ് കണ്ടു പടുത വിരിച്ചിടുമ്പോൾ .. എല്ലാം ചെയ്യാൻ ഞാൻ ഒരുത്തൻ ഉണ്ടല്ലോ ഇവിടെ എന്നു പിറുപിറുക്കുന്നുണ്ടായിരുന്നു എന്റെ അച്ഛൻ..

“ശരിയാണ് അങ്ങനെ ഒരുത്തൻ ഉള്ളത് കണ്ടല്ലേ കാലമത്രയും ഞാൻ ഇങ്ങനെ ഒന്നുമറിയാതെ സുഖിച്ചു ജീവിച്ചത്… “

“അങ്ങനെ ഒരാൾ ഉള്ളത് കൊണ്ടല്ലേ ഒരു നേരം പോലും ഞാൻ ഈ വീട്ടിൽപട്ടിണി കിടക്കാതെ ഇതുവരെ എത്തിയത് .. .”

“കോരിച്ചൊരിയുന്ന മഴയത്തു കണ്ണൻ വാഴയുടെ തടം വെട്ടുമ്പോൾ അപ്പനെ ഒരിക്കൽ പോലും സഹായിക്കാനോ ആ തുമ്പയെടുത്തൊന്നു കിളയ്ക്കാനോ ഞാൻ മുതിർന്നിട്ടില്ല..”

“കുലച്ച വാഴക്കുല വെട്ടി ടൗണിലേക്ക് നടക്കുമ്പോഴും പലവുരു നിറഗ്യാസ്കുറ്റിയും തോളിലേന്തി വീട്ടിലേക്കു വന്നു കേറുമ്പോഴും കുത്തിക്കുറിച്ച പേപ്പർകഷ്ണവുമായി ഞാൻ മുറിയിൽ ഇരുന്നിട്ടേയുള്ളു.. “

“പേരിനൊരേട്ടൻ അതായിരുന്നില്ലേ എന്റെ കുഞ്ഞനിയത്തി മാളൂട്ടിക്കു മുൻപിലും ഞാൻ.. “

“കല്യാണപ്രായമെത്തിയ മാളൂട്ടിക്ക് പൊട്ടും കണ്മഷിയും പോയിട്ട് ഇന്നുവരെ കഴുത്തിലിടാൻ ഒരു മുത്തുമാല പോലും ഈ ഏട്ടനെന്ന പേരുള്ള ചെകുത്താന്റെ കൈ കൊണ്ട് മേടിച്ചുകൊടുത്തിട്ടില്ല.. “

“അരിപ്പാത്രത്തിലും പലഹാര പത്രത്തിലും ഒളിപ്പിച്ചു വച്ച പണം പലവുരു അമ്മ എനിക്കായ് വച്ചു നീട്ടുമ്പോൾ ഒരിക്കൽ പോലും ഇല്ല ന്ന് ഒരു വാക്ക് അമ്മയും മൊഴിഞ്ഞിട്ടില്ല..”

പിന്നിട്ട വഴികൾ മനസ്സിലങ്ങനെ തറഞ്ഞു കേറിയപ്പോൾ തുലാമാസത്തിലെ കാതടപ്പിക്കുന്ന ഇടിവെട്ടിനോപ്പം നിലത്തേക്ക് വീഴുന്ന മഴത്തുള്ളികൾ പോലെ എന്റെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

മേശയിലെ ഫയലിൽ നിന്നും എഴുത്തുകടലാസുകൾ നിറഞ്ഞ ഫയൽ വേസ്റ്റ്ബക്കറ്റിലേക്ക് വലിച്ചെറിയുമ്പോൾ എന്റെ മനസ്സിൽ ഞാൻ ഉറച്ചൊരു തീരുമാനം എടുത്തിരുന്നു..

പിറ്റേന്ന് ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു അമ്മയോട് പണത്തിനായി കൈ നീട്ടുമ്പോൾ ഇതെന്റെ അവസാനത്തെ കടം മേടിക്കൽ ആണെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു..

കൂടപ്പിറപ്പിന്റെ സ്നേഹം തന്ന ചങ്കിന്റെ കൂടെ വെൽഡിങ് പണിക്ക് കയ്യാളായി പോകുമ്പോൾ മനസ്സ് നിറയെ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ കുടുംബം.. തന്ന സ്നേഹത്തിനു പാതിയെങ്കിലും തിരികെ നൽകണം..

വാരമവസാനം കിട്ടിയ പണത്തിൽ നിന്നും ഒരു ചുരിദാർ മേടിച്ചു മാളൂട്ടിക്ക് കൊണ്ടു കൊടുക്കുമ്പോ സന്തോഷം കൊണ്ടു തുള്ളിച്ചാടി “ഏട്ടൻ മേടിച്ചു തന്ന സമ്മാനം കണ്ടോന്ന്” പറഞ്ഞു അച്ഛനരികിലേക്ക് അവൾ ഓടുമ്പോൾ എന്റെ മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞു വന്നു..

അമ്മയുടെ പലഹാരപത്രത്തിൽ അഞ്ഞൂറിന്റെ ഒരു നോട്ടു കൂടി വച്ചു നീട്ടിയപ്പോൾ നീന്റെ മുഖമെന്താ കരുവാളിച്ചിരിക്കുന്നതെന്ന പരിഭ്രെമമായിരുന്നു ആ മുഖത്തു..

സൈറ്റ് വർക്ക്‌ കൂടുതലും പുറംഭാഗങ്ങളിൽ ആണെന്ന് കള്ളം പറയാൻ പണ്ട് വെൽഡിങ് പാസ്സായ എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല..

കറന്റ്‌ ചാർജ് അടയ്ക്കാനുള്ള ലാസ്റ്റ് ഡേറ്റ് അറിയാൻ രസീത് ചോദിച്ച അച്ഛനോട് ഞാനതടച്ചിട്ടുണ്ടച്ഛന്ന് വിനീതമായി പറയുമ്പോൾ എന്നെ അഭിമാനപൂർവം നോക്കികൊണ്ട് ഉം എന്നമർത്തി മൂളുന്നുണ്ടായിരുന്നു അച്ഛൻ..

അന്നാദ്യമായി ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിനെന്തെന്നില്ലാത്ത ഉന്മേഷം തോന്നിയിരുന്നു. ഒരു പുൽനാമ്പിന്റെ അത്രയുമോ ഒരു കടുകുമണിയുടെ അത്രയൊ കുടുംബത്തിന് വേണ്ടി ചെയ്യാൻ സാധിച്ചെന്ന ചാരിതാർഥ്യം..

കുറച്ചു മാസങ്ങൾക്ക് ശേഷം കൂടെ പഠിച്ച സുഹൃത്തിന്റെ റെക്കമെന്റഷൻ മുഖേന ഒരു ഇന്റർവ്യൂ അവതാരകനായി ജോലി ലഭിച്ചത് ഒരു നിമിത്തം മാത്രം ആയിരിക്കാം..

കാരണം, പഠിക്കുന്ന സമയത്തെ ചെറിയ ആങ്കർ വേഷം ഒരു ചാനലിൽ അവതാരകനായി എന്നെകൊണ്ട് എത്തിച്ചപ്പോ ആദ്യം നേരിട്ട ഗസ്റ്റ്‌ രഞ്ജിപണിക്കർ എന്ന സിനിമയിലെ സകലകലാവല്ലഭനെ ആയിരുന്നു..

പ്രോഗ്രാമിന് ശേഷം എന്റെ ആ പഴയ “ചുവപ്പിന്റെ പ്രണയ”മെന്ന തിരകഥ ഒന്ന് വായിച്ചുനോക്കുമോ എന്ന ചോദ്യത്തിന് ഇരുകയ്യും നീട്ടി അദ്ദേഹം അത് സിനിമയാക്കാമെന്നു പറയുമ്പോൾ തെല്ലൊന്നുമല്ല ഞാൻ ആഹ്ലാദിച്ചത്..

ചില സ്വപ്‌നങ്ങൾ അങ്ങനെയാണ്.. സ്വന്തം കുടുംബതെ അറിഞ്ഞു സ്നേഹിച്ചാൽ നമുക്കുള്ളത് ഒരുനാൾ ദൈവം കൊണ്ട് തരും…

കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞു കളഞ്ഞ ആ രചന തിരികെ എടുത്തു വെച്ച് നിന്റെ സ്വപ്നം സഫലമാകുന്ന നാൾ വരുമെന്ന് പറഞ്ഞ ചേർത്ത് നിർത്തിയതും അച്ഛൻ ഉൾപ്പെടുന്ന എന്റെ കുടുംബം തന്നെ ആയിരുന്നു..

എഴുത്തോ ഞാനോ ആയിരുന്നില്ല മാസ്സ്.. എന്റെ കുടുംബം മാത്രമാണ്‌ മാസ്സ്..

(കാർത്തിക് )