മിക്കവാറും എല്ലാ നല്ല സുഹൃത്ത് ബന്ധങ്ങളിലും അവസാനം വന്നു ചേരാറുള്ള പ്രണയം. അതിവിടെയും ഉണ്ട്…

എഴുത്ത്: വൈശാഖൻ

:::::::::::::::::::::::::::::::::

“ഡീ..കല്യാണം വിളിക്കൂലോ അല്ലെ ?..നിന്റെ അച്ഛൻ നിനക്ക് നല്ല വല്ലോരേം കണ്ടു പിടിച്ചു തരോ?..അതോ നിന്റെ ചേച്ചിക്ക് കിട്ടിയ പോലെ വല്ല ക ള്ളുകുടിയൻ കാശുകാരനെ കൊണ്ട് കെട്ടിക്കോ?..എങ്ങനാടീ ഈ നമ്മളെക്കാൾ ഒരുപാട് പ്രായം കൂടിയ ആളെ കല്യാണം കഴിക്കാ?..

ഒരേ പ്രായം ആണെങ്കിൽ എന്ത് രസായിരിക്കും..തമ്മി തല്ലു കൂടി..കൂട്ട് കൂടി അങ്ങനങ്ങനെ..ഏതായാലും ഞാൻ നിന്റെ അച്ഛനെ വിളിച്ചു പറയുന്നുണ്ട്..ചെക്കനെ നോക്കുമ്പോ ഒരുപാട് പ്രായ വ്യത്യാസം ഉള്ള ആള് വേണ്ടാന്നു..പിന്നെ വല്യ പണക്കാരനും വേണ്ട..നിന്നെ നന്നായി നോക്കുന്ന ആരെങ്കിലും മതി…

കോളേജിലെ അവസാന ദിനമാണ്..ഇന്നും കൂടെ കഴിഞ്ഞാൽ ഇവരിൽ പലരും എനിക്ക്”പണ്ട് കൂടെ പഠിച്ചിരുന്നു” എന്ന് പറയാൻ മാത്രം ഉള്ള വെറും സുഹൃത്തുക്കൾ മാത്രമാവും..പക്ഷെ ഇവൾ അങ്ങനല്ല..ഈ മൂന്നു വർഷം…….. എന്റെ ജീവിതത്തിലെ കടന്നു പോയ ഏറ്റവും മനോഹരമായ സമയം..അതിനെ അങ്ങനെ ആക്കിയെടുത്ത എന്റെ പ്രിയ സുഹൃത്ത്‌…പേര് ശ്രീക്കുട്ടി…

മിക്കവാറും എല്ലാ നല്ല സുഹൃത്ത് ബന്ധങ്ങളിലും അവസാനം വന്നു ചേരാറുള്ള പ്രണയം..അതിവിടെയും ഉണ്ട്..എനിക്ക് അങ്ങോട്ട്‌..പക്ഷെ അത് നേരെ അങ്ങ് പറയാൻ പേടി..

“നോ” എന്നൊരു വാക്കിന് ജീവിതത്തിൽ ഇത്രയ്ക്കു വില ഉണ്ടാവുമോ?..ഉണ്ട് എന്നാണ് എന്റെ അഭിപ്രായം..അവൾ എങ്ങാനും “നോ” എന്ന് പറഞ്ഞാൽ ചിലപ്പോൾ… അത്കൊണ്ട് കാര്യം ഞാൻ നേരെ അവതരിപ്പിച്ചിട്ടില്ല..

പക്ഷെ ആദ്യം പറഞ്ഞത് പോലുള്ള ചില വാചകങ്ങളിലൂടെ ഞാൻ എന്റെ ഉള്ളിലുള്ള ഇഷ്ടം അവളോട്‌ സൂചിപ്പിച്ചിട്ടുണ്ട് ..പക്ഷെ ഈ “പൊട്ടിക്കാളി” അതൊന്നും മനസ്സിലാക്കുന്നില്ല….

അല്ലെങ്കിലും വേണ്ട..ഒരേ പ്രായം..അവൾ നന്നായി പഠിക്കുന്ന കുട്ടി..നല്ല ജോലി കിട്ടും.നല്ലൊരു കുടുംബത്തിലെ അംഗം.വല്ല്യ പണക്കാർ ഒന്നും അല്ലെങ്കിലും മക്കൾക്ക്‌ നല്ല വിദ്യാഭ്യാസം കൊടുക്കുന്ന ഒരു പാവം അച്ഛന്റെ മകൾ..പക്ഷെ മൂത്ത മോൾക്ക്‌ കണ്ടു പിടിച്ചു കൊടുത്ത ആൾ..അത് തെറ്റിപോയി അങ്ങേർക്കു..അത് കൊണ്ട് തന്നെ ശ്രീകുട്ടിക്കു നല്ല ഒരാളെ കണ്ടു പിടിച്ചു കൊടുത്തോളും..എനിക്ക് തന്ന ഈ ഫ്രീഡം വെറുതെ കളയുന്നതെന്തിനാ….

എനിക്കിനി എല്ലാം ഒന്നിൽ നിന്ന് തുടങ്ങണം.ഇപ്പൊ ഒരു ബിഗ്‌ സീറോ ആണ്..പുറമ്പോക്കിലെ ഒരു കൊച്ചു വീട് ..ഒരു സഹോദരി ഉണ്ട്..അവരെ വിവാഹം കഴിപ്പിച്ചു അയക്കണം..സ്ഥലം വാങ്ങണം..വീട് വെക്കണം..ഒപ്പം എനിക്കൊരു നല്ല ജോലിയും വേണം..ഇതിന്റെ ഒക്കെ ഇടയിൽ ഈ പ്രേമോം ഒളിചോട്ടോം..ഇതൊന്നും ശരിയാവില്ല..ഇതിനൊക്കെ ഒരുപാട് സമയം വേണം..അപ്പോഴേക്കും അവളെ വല്ല നല്ല ചെക്കന്മാരും കൊണ്ടോയ് കാണും..ആ പോട്ടെ..ചുമ്മാ എന്റെ കൂടെ കൂടി വെറുതെ കഷ്ടപ്പാടൊക്കെ ആയ്..വേണ്ടാലെ..പോട്ടെ..നമുക്കിതൊന്നും പറഞ്ഞിട്ടില്ല…

എന്താ നിനക്കിത്ര വല്ല്യ ആലോചന?..എന്റെ ചെക്കന്റെ കാര്യം ഓർത്താണോ..അതോർത്തു നീ ടെൻഷൻ ആവണ്ട..എനിക്കുള്ള ആളെ അവർ കണ്ടു പിടിച്ചോളും..അപ്പൊ ശരി ..ഇടയ്ക്കു വിളിക്കാം..ഇയാൾ ഇനി ജീവിത പ്രരാബ്ധങ്ങളിലേക്ക് ഊളി ഇടാൻ പോവല്ലേ..നമ്മളെ ഓർക്കാൻ ഒക്കെ സമയം കാണോ…കല്യാണത്തിന് വരാം..ഒക്കത്ത് രണ്ടു കൊച്ചുങ്ങളും ആയി..ഹ ഹ..എങ്ങനുണ്ടാവും..നല്ല രസം ഓർക്കുമ്പോ..അന്നൊന്നും പക്ഷെ ഈ കൂട്ട് കാണില്ലട്ടോ..എന്റെ കെട്ടിയോന്റെ സ്വഭാവം പോലിരിക്കും..അപ്പൊ ശരി ..പോവാ…

ഛെ അവൾക്കങ്ങനെ ഒന്നുല്ല..ഞാൻ ചുമ്മാ ഓരോന്ന്…

അടുത്തുള്ള ഒരു ചേട്ടന്റെ സഹായത്തോടെ ഒരു ചെറിയ ജോലി തരപ്പെടുത്തി..ഇടയ്ക്കു വിളിക്കുമ്പോ വിശേഷങ്ങൾ പറയും..ആദ്യമൊക്കെ മിക്കവാറും വിളിക്കും..പിന്നെ പിന്നെ വല്ലപ്പോഴും ആയി..വിളിച്ചാൽ തന്നെ അവളുടെ കൂടെ പഠിക്കുന്ന ഫ്രണ്ട്സിന്റെ കാര്യങ്ങളും ..ഒരുത്തൻ പ്രൊപ്പോസ് ചെയ്തതും..

എന്തോ എനിക്കതൊന്നും കേൾക്കാൻ ഇഷ്ടം ഇല്ല..പഠിക്കാൻ എനിക്കും ആഗ്രഹം ഉണ്ട്..പക്ഷെ പറഞ്ഞിട്ടെന്നാ കാര്യം.മിക്കവാറും ആണുങ്ങളുടെ ജീവിതം ഇങ്ങനൊക്കെ തന്നെയാ …വല്ലപ്പോഴും ഇപ്പൊ അവൾ വിളിച്ചാലും ഞാൻ എടുക്കാതായ്..കോയിൻ ബോക്സിൽ ഒരു രൂപ ഇട്ടുള്ള വിളിയാ.മൊബൈൽ അന്ന് സജീവം ആയിട്ടില്ല..വീട്ടിലെ ലാൻഡ്‌ ഫോൺ ആയതു കൊണ്ട് ഞാൻ അവിടെ ഉണ്ടായില്ല എന്ന് കള്ളം പറയാലോ..പിന്നെ അവൾ വിളിക്കാതായി..മറന്നു കാണും..മറക്കട്ടെ..എല്ലാം….

കുറേ നാളുകൾക്കു ശേഷം ഒരു ദിവസം എന്നെ വിളിച്ചു…ഡാ ..എനിക്ക് ജോലി കിട്ടിട്ടോ.പഠനം കഴിഞ്ഞിട്ടില്ല..ഇടയ്ക്കു എഴുതിയ ഒരു ടെസ്റ്റ്‌..ഗവണ്മെന്റ് ജോലിയാ.എല്ലാവരും പോവാൻ പറയുന്നു..എന്താ വേണ്ടേ..നീ പറ..

ഞാനെന്തു പറയാൻ..നിന്റെ ജീവിതം..നിന്റെ ഭാവി..ഇത്രയും നല്ലൊരു ജോലി കിട്ടിയിട്ട് പോവാതിരിക്കേണ്ട കാര്യം എന്താ?..പോണം..

അവൾ മൂളി..പോവാം അല്ലെ?..

പോയില്ലേൽ നിനക്ക് വട്ടാ എന്ന് എല്ലാരും പറയും..പിന്നെ എല്ലാരും ഈ പഠിക്കുന്നതെന്തിനാ ,ജോലി കിട്ടാൻ അല്ലെ..പിന്നെ എന്തിനാ സംശയം..പോയ്‌ ജോലിക്ക് കേറ്..

അതല്ല..പഠിക്കുവാണേൽ ഇനിയും എനിക്ക് കുറേ സമയം കിട്ടുലോ..വല്ല റിസേർച്ചും ചെയ്ത് പിന്നേം നാളുകൾ കളയാം..

എന്നിട്ട്……?എന്തിനു……? ഞാൻ ചോദിച്ചു

ഓഹോ ഒന്നും അറിയില്ല അല്ലെ?..ശരി വേണ്ട..ഞാൻ ജോലിക്ക് പൊയ്ക്കോളാം. ജോലി ആയ ഉടനെ വീട്ടുകാർ എന്റെ കല്യാണം നടത്തും..അതിനു സദ്യ ഉണ്ണാൻ അങ്ങ് പോരെ..എന്നിട്ട് കുറേ നാൾ കഴിഞ്ഞു ഏതെങ്കിലും പ്രാന്തിയെ കെട്ടി സുഖമായിട്ടങ്ങു ജീവിക്ക്..എനിക്കിപ്പോ അറിയണം എന്നെ നിനക്ക് വേണോ എന്ന്..നിനക്ക് വേണ്ടത് സമയം അല്ലെ..അത് ഞാൻ തരാം..എന്നിട്ട് വന്നു ചോദിക്കോ എന്റെ വീട്ടിൽ?

കേൾക്കുന്നത് സത്യമാണോ ..കേൾക്കാൻ കൊതിച്ച വാക്കുകൾ..പക്ഷെ….വേണ്ട ശ്രീ…..നീ ജോലിക്ക് കേറ്..എനിക്ക് വേണ്ടി വെറുതെ..ഞാൻ ഒന്നും ആയിട്ടില്ല ഇത് വരെ..എന്താവും എന്ന് അറിയാനും വയ്യ….എല്ലാവർക്കും നിന്നോട് ഇഷ്ടക്കേടാവും….

ശരി ഞാൻ ജോലിക്ക് കേറാം..ഒരു വർഷം ഞാൻ സമയം തരും..അതിനുള്ളിൽ ഒരു ഗവണ്മെന്റ് ജോലി ഒപ്പിച്ചു എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കണം..ഇയാളുടെ സ്വഭാവം എല്ലാർക്കും ഇഷ്ടം ആണ്..പക്ഷെ ഒരു വീട് പോലും ഇല്ലാതെ..അതുകൊണ്ട് എനിക്ക് എന്റെ വീട്ടിൽ പിടിച്ചു നിൽക്കാൻ എങ്കിലും ഇയാൾക്ക് ഒരു സ്ഥിര ജോലി വേണം..അത് വരെ ഞാൻ ഏതെങ്കിലും പറഞ്ഞു വൈകിപ്പിക്കാം..

അതൊരു ഉറപ്പായിരുന്നു..ഒരു പെണ്ണിന്റെ ഉറപ്പു..”വെറും പെണ്ണല്ല …ഒരു യഥാർത്ഥ പെണ്ണിന്റെ”..

മൂന്നു കൂട്ടുകാരെ കൂടെ കൂട്ടി എല്ലാ ദിവസവും ജോലി കഴിഞ്ഞു രാത്രി 9 മുതൽ 11 വരെ പഠനം..ഒറ്റ ലക്‌ഷ്യം..ജോലി..എന്റെ ശ്രീകുട്ടിക്കു വേണ്ടി..എഴുതിയ ആറു പരീക്ഷകളിലും നല്ല മാർക്ക്‌ ..എല്ലാ ലിസ്റ്റിലും ഉണ്ട്..ഏതു ജോലി തിരഞ്ഞെടുക്കും എന്ന സംശയം മാത്രം ഉള്ളു ഇപ്പൊ..ധൈര്യത്തോടെ ചെന്ന് പെണ്ണ് ചോദിച്ചു..ആദ്യം ഒന്നമ്പരന്നെങ്കിലും മോളുടെ ഇഷ്ടത്തിന് എതിര് നിൽക്കാൻ ആ അച്ഛന് ആയില്ല..അങ്ങനെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ ഞങ്ങളുടെ വിവാഹം ഭംഗി ആയി നടന്നു…

ജോലിക്കുള്ള ലെറ്റർ വന്നപ്പോ ദൂരേക്ക്‌ പോവണ്ട എന്നും പറഞ്ഞു അവൾ എന്നെ ഞെട്ടിച്ചു..ഇയാൾടെ ജോലി അല്ല..ഇയാളെയാ എനിക്ക് വേണ്ടത്..ജോലി ഒക്കെ എന്റെ വീട്ടുകാരുടെ മുന്നിൽ ഇയാൾ ചെറുതാവാതിരിക്കാൻ..ബന്ധുക്കളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അച്ഛന് പിടിച്ചു നിൽക്കാൻ….അന്ന് ബന്ധുക്കളൊക്കെ വീട് കാണാൻ വന്നില്ലേ..അന്ന് വൈകിട്ട് അച്ഛൻ വന്നു എന്റടുത്ത്..രണ്ടു പേർക്ക് നിന്ന് തിരിയാൻ പോലും ഉള്ള ഇടം ഇല്ലല്ലോ മോളെ അവിടെ..പോയവർ എല്ലാം അത് പറഞ്ഞു അച്ഛനെ കുറ്റപ്പെടുത്തി….

അതുകൊണ്ട് നമുക്കൊരു വീട് വെക്കണം..ഒരുപാടു സ്ഥലം ഉള്ള ഒരു വീട്..എന്നിട്ട് എല്ലാരേം വിളിക്കണം..പാല് കാച്ചലിന്..എല്ലാവരും പറയണം ഞാൻ തന്നെ കണ്ടു പിടിച്ച ചെക്കൻ മിടുക്കനാണെന്ന്..അത് കേട്ട് എന്റെ അച്ഛൻ അഭിമാനിക്കണം…

ആഗ്രഹം പോലെ തന്നെ എല്ലാം നടന്നു..വീട്..കുട്ടികൾ…എല്ലാം ദൈവത്തിന്റെ അനുഗ്രഹം…

ഇടയ്ക്കെന്റെ ആ മൂന്നു കൂട്ടുകാർ വീട്ടിൽ വരുമ്പോ പറയും..ശ്രീക്കുട്ടി കാരണം അവരുടെയും ജീവിതം രക്ഷപെട്ടു എന്ന്..അവർക്കും കിട്ടി സർക്കാർ ജോലി.”.ഇത് പോലെ ഉള്ള പെണ്ണുങ്ങളെ പ്രേമിച്ചാ എല്ലാവരും രക്ഷപ്പെടും അല്ലെ”..

അത് കേൾക്കുമ്പോ ഉള്ളിൽ എന്തൊരു അഭിമാനം ആണെന്നോ..

“അതേയ്..എന്താ അവിടെ പരിപാടി..കഥയാണോ..ഉള്ളിൽ വല്ലാത്ത ഫീൽ ആണെന്ന് തോന്നുന്നല്ലോ മുഖം കണ്ടിട്ട്..എന്താ സബ്ജെക്റ്റ് “..

ഹേയ് ഒന്നുല്ല..ഞാൻ ചുമ്മാ..”….പണ്ട് “ഡാ” എന്ന് വിളിചോണ്ടിരുന്ന ആളാ..ഇപ്പൊ വിളിക്കണ കേട്ടോ?…എന്നെ പേര് വിളിക്കാൻ മടി ആണത്രേ..

സുഹൃത്തിൽ നിന്നും കാമുകി ..ഭാര്യ..അമ്മ….കാലത്തിനനുസരിച്ച് അവളും മാറുകയാണ്….ഒപ്പം ഞാനും….

ശുഭം