അവരുടെ കാലുകൾ…
Story written by Hari
=========
“മ്യാവൂ!!!”
ഉറക്കത്തിലായിരുന്ന പന്ത്രണ്ടു പേരും ഞെട്ടി എഴുന്നേറ്റു.
അല്ല, ഇത് അവന്റെ ശബ്ദം അല്ല.! സോഫി മിസ്സിന്റെ ക്ലാസ്സിൽ ലാസ്‌റ് ബെഞ്ചിൽ ഇരുന്നു പൂച്ച ശബ്ദം ഉണ്ടാക്കുന്ന രാജീവ് അല്ല. ക്ലാസ് മുറി ശൂന്യം തന്നെ.
” ഓ , അതൊരു പൂച്ചയാണ്.”
ഫസ്റ്റ് റോയിലെ പഠിപ്പിസ്റ്റ് താഴെ നോക്കി പറഞ്ഞു.
(പൂച്ച ബെഞ്ചിന്റെയും ഡെസ്കിന്റെയും കാലുകളിൽ ദേഹം ഉരുമ്മി നടന്നു. നല്ല വിശപ്പ്. കാന്റീൻ തുറന്നിട്ട് എത്രെ നാളായി? അത് രണ്ടാം നിരയിലെ ഡെസ്കിൽ കയറി. മൂക്കും തലയും ക്യാന്റീനിന്റെ നേരെ ആക്കി കിടന്നു. എങ്ങാനും മണം വന്നാലോ? കാന്റീൻ തുറക്കുന്നതും, ഒരു ചിക്കൻ കാലു കടിക്കുന്നതുമായ സ്വപ്നം കണ്ട് അതുറങ്ങി )
“ഇനി ഈ ക്ലാസ് എന്ന് തുറക്കും ? ബോറടിച്ചു മരിക്കാറായി “
ഉറക്കം പോയതിന്റെ ദേഷ്യത്തിൽ മൂന്നാം നിരയിലെ ബെഞ്ച് അല്പം ഉറക്കെ ചോദിച്ചു.
“നീ തന്നെ അത് പറയണം.” പുറകിൽ നിന്നാരോ.
“ഈ നശിച്ച പിള്ളേർ എന്ന് പോകും എന്ന് നീ ചോദിച്ചിട്ടു അധികം നാളായില്ല. ഓർമ ഉണ്ടോ?”
“കണ്ടില്ലേ എല്ലാം അടച്ചു പൂട്ടി” മറ്റുള്ളവർ ഏറ്റു പിടിച്ചു. Scene ചൂടായി വരുന്നു.
Back row യിൽ ഉള്ളവർക്ക് പണ്ടേ front row യിൽ ഉള്ളവരോട് ഒരു പ്രത്യേക ചൊരുക്ക് ഉണ്ട്. അവർ പരസ്പരം വെല്ലു വിളിച്ചു, വാടാ പോടാ വിളിച്ചു. പക്ഷെ എവിടെ വരെ പോകാൻ?
ഇനി അവരെ പരിചയപ്പെടാം , അവർ പന്ത്രണ്ടു പേർ . നോർത്ത് ബ്ലോക്കിലെ ക്ലാസ് റൂം നമ്പർ 14 ലെ ആറ് ഡെസ്കുകളും ആറ് ബെഞ്ചുകളും. അടി നടക്കില്ല എന്നറിഞ്ഞപ്പോൾ അവർ തണുത്തു. പഴയ കാലങ്ങളോർത്തു, പഴി പറഞ്ഞു, കുറ്റം പറഞ്ഞു.
” നിങ്ങളല്ലേ ഡെസ്കിൽ താളം പിടിച്ചു പാടിയതിനു അന്ന് പിള്ളേരെ പ്രാകിയത്?” Last row ഡെസ്ക് പിന്നെയും മുന്നിലെക്കു നോക്കി ആക്രോശിച്ചു.
“എന്തായിരുന്നു അന്നൊക്കെ? ക്ലാസും, പാട്ടും ,ബഹളവും, സമരവും”
” എല്ലാം പോയി “
“എത്ര നാളായിക്കാണും?”
“ആർക്കറിയാം? ഈ കലണ്ടർ മാറ്റിയാലല്ലേ മാസം അറിയൂ? “
ചുവരിലെ കലണ്ടർ മാർച്ച് 2020 കാണിച്ചു തൂങ്ങി ആടി.
“ഇനി ഈ ക്ലാസ് ഒരിക്കലും തുറക്കില്ലേ?” കൂട്ടത്തിലെ pessimist, ഫ്രണ്ട് ബെഞ്ച് പുറകോട്ടു നോക്കി ചോദിച്ചു.
” കൊറോണ ആണത്രേ , കൊറോണ..”
” എന്നാലും ഇങ്ങനെ ഒരു അവധി കണ്ടിട്ടേയില്ല…”
ക്ലാസ്സിലെ മുതിർന്ന , പുറം മുഴുവൻ, കോമ്പസ് വരകളും, ലവ് മാർക്കുകളും ഉള്ള ഡെസ്ക് ചേട്ടൻ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞു.
“അഥവാ ഇനി ക്ലാസ് തുറന്നില്ലെങ്കിൽ എന്താവും നമ്മുടെ ഭാവി?” ആരോ ചോദിച്ചു.
“വെട്ടിക്കീറി വിറകാക്കി വിൽക്കും!”
“ങേ ? ശരിയാണോ?”
നിശബ്ദത, ഭീതി…
എല്ലാവരുടെയും കണ്ണുകൾ ജനലിലൂടെ കാന്റീൻ കെട്ടിടത്തിലേക്ക് നീണ്ടു. പണ്ട് ക്ലാസ് ഉണ്ടായിരുന്നപ്പോൾ കാന്റീൻ അടുക്കളയിൽ നിന്നും വിറകിന്റെ പുക ഉയർന്നിരുന്നു. ആ പുക തങ്ങളുടേതല്ല എന്ന ആശ്വാസം, തങ്ങൾ ഉയർന്ന ജാതി മരം – കോളേജിൽ പോകുന്ന മരം- ആണെന്ന അഹങ്കാരം. അവർ ഓർത്തു . ഇനി അത് തന്നെയോ നമ്മളുടെയും വിധി? വീണ്ടും silence, വീണ്ടും ഓർമ്മകൾ.
ഈ കോളേജിൽ മറ്റാരേക്കാളും ഓർമ്മകൾ ഉള്ളത് ഈ ബെഞ്ചുകൾക്കും ഡെസ്കുകൾ ക്കും ആണ്. Batch കൾ മാറും, syllabus മാറും. ഇവർ മാറുന്നില്ല. അവരെല്ലാം കാണുന്നു-ക്ലാസ് മുറിയിലെ ചിരികൾ, കളികൾ, കണ്ണിറുക്കൽ, വഴക്കുകൾ…പുറകിലെ ബെഞ്ചിലെ വികൃതി കാമുകന്റെ കാലുകൾ ആരും കാണാതെ മുന്നിലെ കാമുകിയുടെ കാലുകളിൽ ഉരസുന്നതും, അത് കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു, ” രണ്ടാം പാദത്തിൽ അന്ത്യമാം ” എന്ന് രണ്ടു തവണ ഊന്നി പറയുന്ന മലയാളം പ്രൊഫസർ… “Silence , I need utter silence, when I talk…” എന്ന് എപ്പോളും പറയുന്ന ഇംഗ്ലീഷ് മിസ്…എല്ലാം സൈലന്റ് ആയിട്ട് മാസങ്ങൾ ആകുന്നു. ക്ലാസുകൾ ഓൺലൈൻ ആയി, അദ്ധ്യാപകരും കുട്ടികള്ക്കും വീണ്ടും പഠനം തുടങ്ങി. ഇവർക്ക് മാത്രം ഒന്നും ചെയ്യാനില്ല, ഒരിടത്തും പോകാനും ഇല്ല. വെറുതെ കിടക്കുക, അത്ര തന്നെ. കാലുകൾ നാലുണ്ട്, എന്ത് ഉപകാരം ?
വീണ്ടും ബെൽ അടിക്കുന്നതും, ചെരിപ്പുകൾ ഉരയുന്നതും , ടിഫ്ഫിൻ ബോക്സിന്റെ മണവും എല്ലാം തിരികെ വരും എന്ന പ്രതീക്ഷയിൽ അവർ അങ്ങനെ കിടന്നു, വരിയായി.
(പൂച്ച ഉറക്കം ഉണർന്ന്, മൂരി നിവർത്തി എഴുന്നേറ്റു. വീണ്ടും എല്ലാ ഡെസ്കിന്റെയും ബെഞ്ചിന്റെയും കാലുകളിൽ ഉരുമ്മി നടന്നു. ജനലിലൂടെ പുറത്തേക്കു ചാടി. )
അവർ പന്ത്രണ്ടു പേരും പൂച്ചയുടെ പോക്ക് നോക്കി നിന്നു , നെടുവീർപ്പെട്ടു, പരസ്പരം നോക്കി. താഴെ, സ്വന്തം കാലുകളിലേക്കു നോക്കി. പിന്നെ മുകളിലേക്കു നോക്കി. അവിടെ ചുവരിൽ ഒരു എട്ടു കാലി മാത്രം അവന്റെ പണി തുടരുന്നു. ഇപ്പോൾ ആരും തുടയ്ക്കാനും, മാറാല അടിയ്ക്കാനും വരുന്നില്ല എന്ന ആശ്വാസത്തിൽ, എട്ടു കാലിൽ തൂങ്ങിയാടി അവൻ ഒരു മൂളിപ്പാട്ടും പാടി വല കെട്ടൽ തുടർന്നു . അവനെന്തു ലോക്ക് ഡൌൺ,?അവനെന്തു കൊറോണ!
~Hari