എഴുത്ത്: മഹാ ദേവൻ
==========
കാറ്ററിങ്ങുക്കാരനെ വിളിച്ച് അഞ്ചില സദ്യയ്ക്ക് മകൻ ഓർഡർ ചെയ്യുന്നത് വ്യസനത്തോടെ കേട്ടിരിക്കുകയായിരുന്നു അച്ഛൻ.
“മോനെ നമ്മളാകെ അഞ്ചു പേരല്ലേ ഉളളൂ. ഇച്ചിരി അരി അടുപ്പത്തിട്ടാൽ വിഭവങ്ങൾ ഇച്ചിരി കുറഞ്ഞാലും ഓണത്തിന് വീട്ടിലുണ്ടാക്കി കഴിക്കുന്ന സുഖവും സന്തോഷവും വാങ്ങുന്ന ഭക്ഷണത്തിനു തരാൻ കഴിയോ. മക്കൾക്ക് തിരക്കാണേൽ അച്ഛൻ ഉണ്ടാക്കാം..വയസ്സായില്ലേ. ഇനി അങ്ങനെയൊക്കെ കഴിക്കാൻ പറ്റിയില്ലെങ്കിലോ…”
അച്ഛന്റെ സ്വരം ഒന്ന് ഇടറി.
“എന്റെ അച്ഛാ..വയ്യാത്ത കാലത്ത് വയ്ക്കുന്ന പണിക്ക് നിന്ന പോരെ. സദ്യ ഉണ്ടാക്കണം പോലും. ആര് ഉണ്ടാക്കാൻ, ആർക്കാ അതിനൊക്കെ സമയം. ഇതാകുമ്പോൾ ഒരിലയ്ക്ക് 250 കൊടുത്താൽ രണ്ട് കൂട്ടം പായസവും പത്തു കൂട്ടം വിഭവങ്ങളും ഉണ്ടാകും. നമ്മൾ കൂട്ടിയാൽ കൂടോ അതൊക്കെ. “
മകന്റെ പുച്ഛം കലർന്ന വാക്കുകൾ കേട്ട് ആ വൃദ്ധൻ പുഞ്ചിരിച്ചു.
“ഒരു ഇലയ്ക്ക് 250 രൂപ. അപ്പൊ അഞ്ചിലയ്ക്ക് 1250 രൂപ. പണമുണ്ടെങ്കിൽ നാളെ മാവേലിയെ പോലും വിലക്ക് വാങ്ങാൻ നിൽക്കുന്ന മലയാളികളിൽ ഒരുവനെ തന്റെ മകനിൽ കാണുകയായിരുന്നു ആ വൃദ്ധൻ.
“എന്നാ പിന്നെ മക്കളൊരു കാര്യം ചെയ്യ്..നാലാൾക്കുള്ള സദ്യ പറഞ്ഞാൽ മതി. അച്ഛൻ ഒരുപിടി ഇവിടെ ഉണ്ടാക്കി കഴിച്ചോളാം. “
അയാൾ പതിയെ അകത്തേക്ക് നടക്കുമ്പോൾ മകന്റെ മുഖത്തപ്പോഴും പുച്ഛം ആയിരുന്നു.
“വയസ്സ്ക്കാലത്ത് ഓരോ ആഗ്രഹങ്ങൾ. പറഞ്ഞിട്ട് കാര്യമില്ല. ന്തേലും ചെയ്യട്ടെ…”
അവനും പിറുപിറുത്തുകൊണ്ട് അടുത്തത് പൂക്കളമിടാൻ പൂവിനു വേണ്ടി ഓർഡർ ചെയ്യുന്ന തിരക്കിലേക്ക് നീങ്ങി.
തിരുവേണം ദിവസം രാവിലെ വൃദ്ധൻ പതിയെ അടുക്കളയിലേക്ക് കയറി. ഉടുത്തൊരുങ്ങി മകനും മരോളും മകളും പുറത്തേക്കും. അച്ഛൻ നാഴിയരി അടുപ്പത്തിട്ട് ഉള്ളതുകൊണ്ട് ഓരോ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ മകൻ ഓർഡർ ചെയ്ത സദ്യയ്ക്കായി ഊഴം കാത്തു ക്യു നിൽക്കുകയായിരുന്നു. അച്ഛൻ അടുക്കളയിൽ പൊടിഞ്ഞ വിയർപ്പ് ആസ്വദിക്കുമ്പോൾ മകൻ ക്യുവിൽ നിന്ന് വെയിൽ കൊണ്ട വിയർപ്പിൽ രോഷം കൊള്ളുകയായിരുന്നു. ഉച്ചയ്ക്ക് മുന്നേ സദ്യ ഒരുക്കി സന്തോഷത്തോടെ അടുക്കളയിൽ നിന്നും ഇറങ്ങി മകനെ കാത്തിരുന്നു അച്ഛൻ. മക്കൾക്കൊപ്പം ഒരുമിച്ചു കഴിക്കാലോ…മകനാവട്ടെ രണ്ട് മണി ആയിട്ടും വിയര്ത്തൊട്ടി ക്യുവിൽ തന്നെ ആയിരുന്നു.
“അമ്മേ വിശക്കുന്നു ” എന്നും പറഞ്ഞ് മക്കൾ കരയാൻ തുടങ്ങിയപ്പോൾ ഭാര്യ അയാളെ വിളിക്കുന്നുണ്ടായിരുന്നു
“മോളെ അവൻ എപ്പോ വരുമെന്ന പറഞ്ഞത്. “
അവളുടെ മുഖത്തു കണ്ട ദൈന്യതകണ്ടു വൃദ്ധൻ ചോദിക്കുമ്പോൾ അവൾ മുഖം കറുപ്പിച്ചുകൊണ്ട് ചാടി അകത്തേക്ക് പോയി.
പിന്നെ ഉടുത്ത പുതുവസ്ത്രം എല്ലാം അഴിച്ചു വലിച്ചെറിഞ്ഞുകൊണ്ട് പഴയ ഒരെണ്ണം വാരിചുറ്റി അടുക്കളയിലേക്ക് നടന്നു.
“ഓർഡർ ചെയ്തിടത്തു ഭക്ഷണം തീർന്നെന്ന്. ഇനി ഉണ്ടാക്കിയിട്ട് വേണംപോലും. തിരുവോണമായിട്ട് പട്ടിണിക്കിടാൻ വേണ്ടി “
അവൾ രോഷത്തോടെ അടുക്കളയിലേക്ക് നടക്കുമ്പോൾ ആ വൃദ്ധൻ ഒന്ന് പുഞ്ചിരിച്ചു.
“മോളെ സ്വന്തം വീട്ടിൽ ഒരു അടുക്കളയുണ്ടെന്ന കാര്യം മറക്കരുത്. “
അവൾ അത് കേട്ട ഭാവം പോലും കാണിക്കാതെ അടുക്കളയിലെത്തുമ്പോൾ അവളുടെ മുഖത്ത് ആശ്ചര്യമായിരുന്നു. കുറച്ചേ ഉള്ളുവെങ്കിലും പല വിഭവങ്ങൾ അടുക്കളയിൽ സ്ഥാനം പിടിച്ചിരുന്നു. അതിനെല്ലാം ഒരു പ്രത്യേകമണമായിരുന്നപ്പോൾ.
കുറച്ചു സമയം കഴിഞ്ഞ് വെറുംകയ്യോടെ വന്ന മകന്റെ മുഖത്തെ നിരാശയും ദേഷ്യവും സന്തോഷത്തിലേക്ക് വഴിമാറിയത് ഡൈനിങ് ടേബിളിൽ വീടിന്റ പിന്നാമ്പുറത്തെ വാഴയില വെട്ടിയെടുത് അതിൽ വിളമ്പിവെച്ച വിഭവങ്ങൾ കണ്ടായിരുന്നു.
അവന്റെ മുഖത്തെ ആശ്ചര്യം കണ്ടാ വൃദ്ധൻ ടേബിളിലേക്ക് ഇരിക്കുമ്പോൾ മക്കളും അയാൾക്കൊപ്പം കേറി ഇരുന്നിരുന്നു.
കൈ കഴുകി നിരാശ നിഴലിച്ച മുഖത്തോടെ വന്നിരുന്ന മകന്റെ മുഖത്തേക്ക് അയാൾ നോക്കി.
“വീടിന്റ പിന്നിലൊരു വാഴ നട്ടത് കൊണ്ട് ഓണസദ്യയ്ക്ക് ഇലയെങ്കിലും കിട്ടി. “
അത് തനിക്കിട്ട് കൂടി ഒരു കൊട്ടാണെന്ന് മകന് മനസ്സിലായിരുന്നു.
“മോനെ…വിഭവങ്ങൾ കുറച്ചേ ഉളളൂ എങ്കിലും ഉള്ളത്തിനൊരു രുചി ഉണ്ടാകും. അവിടെ കൊടുത്ത 1250 ന്റെ മൂന്നിലൊന്നു വേണ്ട ഈ സദ്യയ്ക്കും ഇതിലൂടെ കിട്ടുന്ന സന്തോഷത്തിനും. എന്തും വില കൊടുത്തു വാങ്ങാൻ കിട്ടുന്ന ഈ ലോകത്തു ഇതുപോലെയുള്ള കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾ കൂടി വിലയിട്ട് വാങ്ങരുത്. അതിന് നിമിഷങ്ങളുടെ സൗന്ദര്യമേ ഉണ്ടാകൂ..പെട്ടന്ന് വാടിപോകും.. “
അച്ഛൻ അവന്റെ ഇലയിലേക്ക് ചോറ് വിളമ്പികൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
ഇതുപോലെ ഉള്ള സന്തോഷങ്ങൾക്ക് പണം കൊണ്ട് വിലയിടുന്ന ഞാനൊക്കെ അല്ലേ വിഡ്ഢികൾ എന്ന് സ്വയം ചിന്തിച്ചുകൊണ്ട്….
✍️ദേവൻ