അവൾ
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്
===============
രാവിലെ ഒൻപതു മണി…..
ദിവ്യ അടുക്കളയിലായിരുന്നു. ഒൻപതു വയസ്സുകാരൻ മകൻ ഇതുവരേ എണീറ്റിട്ടില്ല. ലോക്ഡൗൺ കാലഘട്ടം, അവൻ്റെ ദിനചര്യകളേയാകേ മാറ്റിമറിച്ചിരിക്കുന്നു. പകലു മുഴുവൻ പലതരം വിനോദങ്ങൾ, മതിൽക്കെട്ടിനുള്ളിലെ കുതൂഹലങ്ങൾ..
ഒത്തിരി നേരം ടെലിവിഷനു മുൻപിൽ ചിലവഴിക്കും….വൈകുന്നേരത്തേ ഓൺലൈൻ പഠനങ്ങൾ..രാത്രി, താനും ഹരിയേട്ടനും എപ്പോളാണ് ഉറങ്ങുന്നത്, അതുവരേ അവനും മിഴി പൂട്ടാതിരിക്കും…അവൻ്റെ ഉറക്കത്തിനു വേണ്ടി കാത്ത്, താനും ഹരിയേട്ടനും എത്രയോ തവണ ഉറങ്ങിപ്പോയിരിക്കുന്നു. ചിലപ്പോളൊക്കെ അത്തരം സന്ദർഭങ്ങളിൽ, ഹരിയേട്ടൻ പുറംഭാവങ്ങളില്ലാതെ ക്ഷുഭിതനാകാറുണ്ട്….ഏറ്റവും വൈകിയാണ് അവൻ്റെ ഉണരലുകൾ….
ഈ ആഴ്ച്ച ഹരിയേട്ടനു, ടയർ ഫാക്ടറിയിൽ രണ്ടാം ഷിഫ്റ്റാണ്…ഉച്ചയ്ക്കു രണ്ടുമണിക്കേ ഏട്ടൻ തിരികെയെത്തൂ….അവൾ, മകൻ്റെ ചായയിൽ അൽപ്പം ബൂസ്റ്റ് കലർത്തി…തെല്ലു കഴിയുമ്പോൾ, ഹരിയേട്ടൻ്റെ പെങ്ങളുടെ മകൻ വരാമെന്നു പറഞ്ഞിട്ടുണ്ട്. പെങ്ങളുടെ വീട്, ഇവിടെ അടുത്തു തന്നെയാണ്…..അവിടത്തേ കുട്ടികൾ, മോനേക്കാൾ നാലഞ്ചു വയസ്സു കൂടുതലുള്ളവരാണ്. അങ്ങോട്ടു പോയാൽ പിന്നേ, അവൻ വൈകീട്ടേ വരൂ…….ചൂടാറ്റിയ ചായ, അവൾ സ്റ്റീൽ ഗ്ലാസിലേക്കു പകർത്തി…..
സ്റ്റൗവ് ഓഫ് ചെയ്യുമ്പോൾ, അടുക്കളയ്ക്കപ്പുറത്തേ വർക്ക് ഏരിയായുടെ ഇരുമ്പു കതകു തുറന്നടയുന്ന ശബ്ദം കേട്ടു.
തൊട്ടരികിലൂടെ ഒരാൾ കടന്നു പോകുന്നതും, അയാൾ, ഏതോ പഴയ ഗാനം അസ്പഷ്ടമായി മൂളുന്നതും അറിഞ്ഞു. തിരിഞ്ഞു നോക്കിയില്ല…തിരിഞ്ഞു നോക്കാൻ തോന്നാറുമില്ല…ഹരിയേട്ടൻ്റെ അച്ഛനാണത്….ഡൈനിംഗ് ഹാളിനോടു ചേർന്ന, അച്ഛനുമമ്മയുടേയും കിടപ്പുമുറിയുടെ വാതിൽ തുറന്നടയ്ക്കുന്ന ഒച്ചയും സ്പഷ്ടമാകുന്നു.
ഇനി, സ്വന്തം മുറിയകത്തേക്കു പോകാം..അടുക്കളയിലപ്പോഴും ഏതോ ശൃംഗാരരാഗവും, ആയുർവേദ സോപ്പിൻ്റെ ഗന്ധവും ശേഷിക്കുന്നതായി അവൾക്കു തോന്നി. സ്വന്തം കിടപ്പുമുറിയിൽ, എണ്ണം പറഞ്ഞ അറ്റാച്ച്ഡ് ബാത്ത് റൂമുണ്ട്…എങ്കിലും, വർക്കേരിയായിലെ കുളിമുറിയിലേ കുളിക്കൂ….എന്നിട്ട്, വട്ടമെത്താത്ത ഒറ്റത്തോർത്തും ചുറ്റി, അടുക്കളയിലൂടെ ഒരു പോക്കുണ്ട്…ആദ്യമൊക്കെ അറപ്പാണ് തോന്നിയത്…ഇയാൾക്കിതെന്തിൻ്റെ കുഴപ്പമാണ്….
ഹാളിൽ, അമ്മയിരുന്നു ടെലിവിഷൻ കാണുന്നുണ്ട്….അമ്മയ്ക്ക് അറുപതു വയസ്സായി…അറുപതാം പിറന്നാൾ, അടുത്ത കാലത്താണ് ഗംഭീരമായി ആഘോഷിച്ചത്.അമ്മയുടെ തലമുടി മൊത്തവും, വെൺചാമരം കണക്കേ നരച്ചിരിക്കുന്നു.
ശോഷിച്ച ശരീരവും, വെളുത്ത കൂന്തലും ചേരുമ്പോൾ അമ്മയ്ക്ക് പത്തുവയസ്സു കൂടുതൽ തോന്നിക്കും….അച്ഛന് എത്ര വയസ്സായിട്ടുണ്ടാകും…?എഴുപത് ആയിട്ടില്ല.
അങ്ങനെയൊരാഘോഷം വീട്ടിലുണ്ടായിട്ടില്ല….അരോഗദൃഢഗാത്രനായ, ഒരു മുടിയിഴ പോലും നരയ്ക്കാത്ത ഒരാൾ….ദുശ്ശീലങ്ങൾ യാതൊന്നുമില്ല. ചിട്ടപ്പടിയുള്ള ജീവിതം. അമ്മയ്ക്കു പത്തുവയസ്സു കൂടുമ്പോൾ, അച്ഛനതു കുറയുന്നു.
ഏതു സ്ത്രീക്കും, ഒരു പുരുഷൻ്റെ നോട്ടത്തിലെ ഭാവവ്യത്യാസം പൊടുന്നനേ അറിയാൻ സാധിക്കും….ഹരിയേട്ടൻ്റെ അച്ഛൻ എന്നയാളുടെ നോട്ടവും ഭാവങ്ങളും പൊള്ളിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി….അയാളുടെ രീതികൾ, സ്വഭാവങ്ങൾ…ഡൈനിംഗ് ഹാൾ വെടിപ്പാക്കുവാൻ നിൽക്കുമ്പോൾ, പല തവണ ശ്രദ്ധയിൽപ്പെട്ട കാര്യങ്ങളുണ്ട്…
അകമുറിയിലെ നിലക്കണ്ണാടിയിൽ നോക്കി സ്വയം മറന്നു നിൽക്കുന്ന അച്ഛൻ….ഇടയ്ക്കിടെ സ്വന്തം പേശികളുടെ ദൃഡത പരിശോധിക്കുന്നു. കണ്ണാടിയ്ക്കഭിമുഖമായി നിന്ന്, മുണ്ട് വിടർത്തിയുടുക്കുന്നു.
റേഡിയോയിലെ പാട്ടിൻ്റെ ഈണത്തിനനുസരിച്ച് അമ്മയുടെ താടിയിൽ പിടിച്ചിളക്കുന്നു. അമ്മ, അസഹ്യതയോടെ ടെലിവിഷൻ കാഴ്ച്ചകളിലേക്കു മടങ്ങുന്നു.
അവരുടെ കിടപ്പുമുറിയുടെ തെക്കേ ജാലകം തുറന്നാൽ കാണുന്നത്, കിണറും അലക്കു കല്ലുമാണ്….നേരം തെറ്റിപ്പെയ്യുന്ന കർക്കിടമഴയിൽ, ഉടൽ നനഞ്ഞൊട്ടി അലക്കുവാൻ നിൽക്കുമ്പോൾ, ജാലകവിരികൾ തുളച്ച്, ന ഗ്നമായ കാൽവണ്ണകളിൽ തറയ്ക്കുന്ന നോട്ടത്തിൽ ചൂളിപ്പോകാറുണ്ട്….
ഒരിക്കൽ, ഹരിയേട്ടനില്ലാത്ത ഏതോ പകലിൽ, സ്വന്തം സ്നേഹിതയോട് ഫോണിൽ സംസാരിക്കുകയായിരുന്നു. കുസൃതിയും, കുന്നായ്മകളും പങ്കുവച്ച് കിടക്കയിലമർന്നു കിടക്കുമ്പോൾ, ജനാലയ്ക്കൽ ഒരു പരപരക്കം അനുഭവപ്പെട്ടു….ഫോൺ കാതോടു ചേർത്ത്, എണീറ്റ് ജാലകപ്പാളിയുടെ കൊളുത്തു വിടർത്തി തുറന്നു നോക്കിയപ്പോൾ കണ്ടു….മതിലരികിൽ മൂ ത്രമൊഴിക്കാനെന്ന ഭാവേന നിൽക്കുന്ന അയാളെ…ഹരിയേട്ടൻ്റെ അച്ഛനേ…..പിന്നേ, ടാപ്പു തുറക്കുന്ന ശബ്ദം കേട്ടു. കാൽ കഴുകാനെന്ന വ്യാജേന ആ നിൽപ്പു തെല്ലുനേരം കൂടി നീണ്ടു….അവളുടെ സ്വകാര്യതകളിൽ, ഫോൺ സംഭാഷണങ്ങൾക്കിടയിലെല്ലാം പലതവണ ആ ടാപ്പിൽ നിന്നും ജലമൂർന്നു വീണുകൊണ്ടിരുന്നു…..
ഈ മനുഷ്യനേക്കുറിച്ച് ഹരിയേട്ടനോട് എന്താണു പറയേണ്ടതെന്നു തീർച്ചയില്ല…
അയാളുടെ കണ്ണുകളിലെ അറപ്പുളവാക്കുന്ന അധമഭാവം തൻ്റെ സന്തോഷങ്ങളേ കെടുത്തിക്കളഞ്ഞിട്ട് നാളേറെയായി…..വർക്കേരിയായിൽ നിന്നും, അടുക്കള മാർഗ്ഗേനയുള്ള ആ എത്താത്തോർത്തുടുത്തുള്ള സഞ്ചാരം, ഹരിയേട്ടൻ വീട്ടിലുള്ള പകലുകളിൽ സംഭവിക്കാറില്ല…..
ദിവ്യ, കിടപ്പുമുറിയിലേക്കു ചെന്നു…മകനേ ഉണർത്തി, ചായ കൊടുത്തു….അവൻ്റെ പ്രഭാതകാര്യങ്ങളെല്ലാം കഴിയുമ്പോഴേക്കും, ചേച്ചിയുടെ മകൻ വന്നു. മകൻ, ചേട്ടൻ്റെ കൂടെ യാത്രയായി…..നേരം, സായാഹ്നത്തിലേക്കു സഞ്ചരിച്ചു.
ഹരി, ജോലി കഴിഞ്ഞു വന്നു. കുളിച്ച് ഉന്മേഷവാനായി കിടപ്പുമുറിയിലേക്കു വന്നു. ദിവ്യ, ഏതോ വാരികയിലൂടെ കണ്ണോടിച്ച് കട്ടിലിൽ കിടപ്പുണ്ടായിരുന്നു. വാതിൽ കുറ്റിയിട്ടിരുന്നു. അയാൾ അവൾക്കരികിലിരുന്നു. ഹരിയുടെ മിഴികളിൽ, പ്രണയത്തിൻ്റെ വൈരപ്രഭ തിളങ്ങി….അവളുടെ പുടവകൾ ഊർന്നഴിഞ്ഞു…ഉടൽ അനാവൃതമായി…അതിനു മേലെ പടർന്നു കയറിയ, ഹരിയുടെ ഉച്ഛാസക്രമങ്ങളും, പ്രണയം പൊതിഞ്ഞ വാക്കുകളും ഇടയ്ക്ക് തെല്ലുയർന്നു…..
ഉന്മാദത്തിൽ സ്വയം മറന്നഭിരമിക്കുമ്പോഴും, അവൾ വ്യക്തമായിക്കേട്ടു….അപ്പുറത്തേ ടാപ്പിൽ നിന്നും, പുറത്തേക്കു പ്രവഹിക്കുന്ന വെള്ളത്തിൻ്റെ ചിതറൽ ശബ്ദം….
ചുവരുകളെല്ലാം സ്ഫടികം പോൽ സുതാര്യമാകുന്നതു പോലെ അവൾക്കു തോന്നി….ചുളുങ്ങിക്കൂടിയ കിടക്കവിരിയെടുത്ത് ഉടൽ മൂടുവാൻ അവൾ കൊതിച്ചു…ഹരിയപ്പോൾ, അവളിലേക്കലിഞ്ഞു ചേരുകയായിരുന്നു…….