Story written by Saji Thaiparambu
==============
“എങ്ങോട്ടാടീ… രാവിലെ ഒരുങ്ങി കെട്ടി”
കണ്ണാടിക്കു മുന്നിൽ നിന്ന് ഐ ലീനർ എഴുതിക്കൊണ്ടിരുന്ന മേഴ്സിയോട് ത്രേസ്യാമ്മ ചോദിച്ചു.
“നിങ്ങളുടെ മോൻ ഇന്ന് ദുബായീന്ന് വരുവല്ലേ? ഞാനും മോളും കൂടി എയർപോർട്ടിലേക്ക് പോവുകയാണ്, കൂട്ടിക്കൊണ്ടുവരാൻ”
മേഴ്സി , നീരസത്തോടെ മറുപടി പറഞ്ഞു.
“അപ്പോൾ ഞാൻ വരണ്ടായോ ?എൻറെ കൊച്ചിനെ കൂട്ടിക്കൊണ്ടുവരാൻ”
“വരുന്നെങ്കിൽ വേഗം ഒരുങ്ങി വാ കാറ് ദേ ഇപ്പോഴിങ്ങെത്തും “
ത്രേസ്യാമ്മ അകത്തുകയറി ചട്ടയും മുണ്ടും മാറ്റി , പോളിസ്റ്റർ സാരി ഉടുക്കുമ്പോൾ പുറത്ത് കാർ വന്നു ഹോണടിച്ചു.
ത്രേസ്യാമ്മയും , മരുമകൾ മേഴ്സിയും, ചെറുമകളും കൂടി കാറിൽ കയറി എയർപോർട്ടിലേക്ക് യാത്രയായി.
എയർപോർട്ടിലെ ആഗമന ബോർഡിന് താഴേക്ക് ആകാംക്ഷയോടെ നോക്കിനിന്ന മേഴ്സിയുടെ കണ്ണുകൾ, നിറയെ ബാഗുകളും കാർട്ടൺസ് ബോക്സുകളും അടുക്കിവെച്ച , ട്രോളിയുമായി നടന്നുവരുന്ന ജോയിയുടെ മേൽ ഉടക്കി.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പ്രിയതമനെ കണ്ട സന്തോഷം, നിറഞ്ഞ ചിരിയായി അവളുടെ മുഖത്ത് വിരിഞ്ഞ്നിന്നു.
അവൻ അടുത്തെത്തുമ്പോൾ സ്നേഹം കൊണ്ട് തന്നെ വാരിപ്പുണരുമെന്നും, അപ്പോൾ ആ മാറിൽ കുറച്ചുനേരം ഒട്ടികിടക്കണമെന്നും അവൾ അതിയായി ആഗ്രഹിച്ചു.
അവളുടെ ആഗ്രഹങ്ങളെ തച്ചുടച്ചു കൊണ്ട്, അമ്മായിഅമ്മ ഓവർടേക്ക് ചെയ്തു തൻറെ മകനെ ചെന്ന്കെട്ടിപ്പിടിച്ചു.
“എത്ര നാളായെടാ മോനെ.. നിന്നെ ഈ അമ്മ കണ്ടിട്ട്”
വികാരധീനനായി മകനും അമ്മയെ മാറോട് ചേർത്തുപിടിച്ചു.
“അപ്പാ..”
മകളും ഓടിച്ചെന്ന് അയാളുടെ കയ്യിൽ തൂങ്ങി.
“എന്തുവാടീ.. ഇങ്ങനെ അന്തംവിട്ട പോലെ കണ്ണും മിഴിച്ച് നിൽക്കുന്നത്, നീയാ വണ്ടിയും തള്ളികൊണ്ട് വാ, നമുക്ക് വേഗം വീട്ടിലോട്ട് പോകാം”
മരുമകളോട് ആജ്ഞാപിച്ച ത്രേസ്യാമ്മ ,മകനെയും ചേർത്തുപിടിച്ച് കാറിനടുത്തേക്ക് നടന്നു.
ദയനീയതയോടെ ഏറു കണ്ണിട്ടു തന്നെ നോക്കിയ ജോയിയെ, മേഴ്സി മുഖം വക്രിച്ചു കാണിച്ചു തൻറെ പ്രതിഷേധം പ്രകടിപ്പിച്ചു.
മരുമകളെ കാറിൻറെ ഫ്രണ്ട്സീറ്റിലേക്ക് പറഞ്ഞ് വിട്ടിട്ട് ത്രേസ്യാമ്മ, മകനോടൊപ്പം ബാക്ക് സീറ്റിൽ നിലയുറപ്പിച്ചു.
വീട്ടിൽ എത്തിക്കഴിഞ്ഞാൽ പിന്നെ , അങ്ങേരെ എനിക്ക് വിട്ടു കിട്ടുമല്ലോ? അതുവരെ നിങ്ങൾ കെട്ടിപ്പിടിച്ച് ഇരുന്നോ തള്ളേ.. എന്ന് മേഴ്സി മുന്നിലിരുന്ന് കൊണ്ട് പിറുപിറുത്തു.
വീട്ടിൽ ചെന്ന് ഇറങ്ങിയ ഉടനെ ത്രേസ്യാമ്മ അയൽക്കാരെയെല്ലാം വിളിച്ചു കൂട്ടി , തൻറെ മകനെ ഒരു പ്രദർശന വസ്തുവാക്കി അവരുടെ മുന്നിലിരുത്തി.
“എടീ.. നീ അകത്തുപോയി എല്ലാവർക്കും കുടിക്കാൻ വെള്ളം എടുത്തോണ്ട് വാ”
മരുമകളോട് ആജ്ഞാപിച്ചിട്ട് അവർ മകൻറെ അടുത്ത് നിന്ന് മാറാതെ ഇരുന്നു.
ദേഷ്യവും സങ്കടവും വന്നെങ്കിലും മേഴ്സി തൻറെ ഊഴത്തിനായി ക്ഷമയോടെ കാത്തിരുന്നു.
“അമ്മേ.. ഇനി ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആകട്ടെ”
അകത്തുചെന്ന് മേഴ്സിയെ ഒന്ന് ചേർത്തു പിടിക്കാൻ അവനും വല്ലാതെ കൊതിച്ചു.
“ഇരിക്കു മോനേ.. എത്രനാളായി അമ്മ നിന്നെ കണ്ടിട്ട്, അമ്മയ്ക്ക് നിന്നോട് ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്”
അവർ ജോയിയുടെ കയ്യിൽ പിടിച്ചു വലിച്ചു.
“ഇതുപോലെ തന്നെയല്ലേ അമ്മേ.. മേഴ്സിയും എൻറെ മോളും കാത്തിരുന്നത്, ഞാൻ എയർപോർട്ടിൽ വന്നപ്പോൾ മുതൽ അമ്മയുടെ കൂടെ തന്നെ അല്ലായിരുന്നോ ,ഇനി കുറച്ചുനേരം അവരോടൊപ്പവും ഞാൻ ഇരിക്കട്ടെ, അവർക്കും കാണില്ലേ ഒരുപാട് വിശേഷങ്ങൾ പറയാൻ”
“അല്ലേലും നീ ഒരു പെൺ കോന്തൻ ആണെന്ന് എനിക്കറിയാം, പെണ്ണ് കെട്ടിയപ്പോൾ മുതൽ നിനക്ക് എന്നെക്കാളും കാര്യം നിൻറെ കെട്ടിയോളോടല്ലേ”
“എന്താ അമ്മേ ഇങ്ങനെയൊക്കെ പറയുന്നത് ,അമ്മയ്ക്ക് സ്നേഹിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കുവാനും എന്നെ കൂടാതെ വേറെയും മക്കൾ ഒരു പാടുണ്ട് ,പക്ഷേ എൻറെ ഭാര്യയ്ക്കും മകൾക്കും , അവരുടെ സന്തോഷവും സങ്കടവും പങ്കുവയ്ക്കാൻ ഞാനല്ലാതെ വേറാരാ ഉള്ളത്, അപ്പോൾ ഞാനതറിഞ്ഞു വേണ്ടേ അമ്മേ അവരെ സ്നേഹിക്കാൻ”
“എന്നാൽ നീ പോയി സ്നേഹിക്ക് ,നാളെ നേരം വെളുക്കുമ്പോൾ ഞാനെന്റെ ജോണിക്കുട്ടീടെ വീട്ടിലോട്ട് പോകും, അവനെന്നെ പൊന്ന് പോലെ നോക്കും”
“ങ്ഹാ.. ഞാനിത് അമ്മയോട് പറയാനിരിക്കുവായിരുന്നു , രാവിലെ ഞാൻ തന്നെ കൊണ്ടാക്കി തരാം, രണ്ടുമാസം അമ്മ അവിടെ നിൽക്ക് ,അപ്പോഴേക്കും എൻറെ ലീവ് തീരും, ഞാൻ തിരിച്ചു പോകുന്ന ദിവസം അമ്മയെ ഇങ്ങോട്ടു കൂട്ടികൊണ്ടു വരാം”
“അയ്യടാ.. അങ്ങനെ ഇപ്പോൾ നീയും നിൻറെ കെട്ടിയോളും സുഖിക്കേണ്ട, ഇതേ എൻറെ വീടാണ്, ഞാൻ ഇവിടെത്തന്നെ കഴിയും”
അമ്മയുടെ പിണക്കം മാറ്റാൻ ഈ മകന് നന്നായിട്ട് അറിയാം അമ്മേ.. അല്ലെങ്കിലും അമ്മയേം ഭാര്യയേയും തുലാസിന്റെ രണ്ട് തട്ടിൽ ബാലൻസ് ചെയ്ത് നിർത്തുന്ന ഞങ്ങൾ ആണുങ്ങളെ പൂവിട്ട് പൂജിക്കണം ,എന്ന് ജോയ് മനസ്സിൽ പറഞ്ഞു.