ഇര
Story written by Jolly Shaji
==========
ജയിലിന്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ ആൻസി ഒന്ന് പകച്ചു നിന്നു…ഇനി എങ്ങോട് പോകും..അധികമൊന്നും ആലോചിച്ചു നിൽക്കാൻ അവൾക്കു തോന്നിയില്ല..അവൾ നേരെ ബസ്റ്റോപ്പിലേക്ക് നടന്നു..
അടിവാരത്തേക്കുള്ള ബസിന്റെ നടുക്കായുള്ള സീറ്റിൽ ഇരിക്കുമ്പോഴും അവൾക്ക് ഉള്ളിൽ ഒരാധി ഉണ്ടായിരുന്നു…സത്യത്തിൽ താൻ ആരെയാണ് ഭയക്കുന്നത്…താൻ ചെയ്തത് തെറ്റോ…
ആൻസിയുടെ ഓർമ്മകൾ പതിനാറു വർഷങ്ങൾക്കു പിന്നോട്ട് പോയി…
ജോയിച്ചായൻ പെണ്ണുകാണാൻ വരുമ്പോൾ കൂടെ ഉണ്ടായിരുന്നു സതീഷ്…ബാല്യം മുതലേ ഒരുമിച്ചു കളിച്ചു വളർന്നവർ ആണ് ജോയിച്ചായനും സതീഷും…കല്യാണം കഴിഞ്ഞ് ജോയിച്ചായന്റെ വീട്ടിൽ വന്നപ്പോൾ തന്നെ മനസ്സിലായി സതീഷ് ആ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആണെന്ന്…
ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും സതീഷ് വരും വീട്ടിൽ…താൻ മോനെ ഗർഭിണി ആയിരുന്നപ്പോൾ തനിക്കു പച്ചമാങ്ങയും പച്ചപുളിയും പേരക്കയുമൊക്കെ സതീഷ് കൊണ്ടത്തരും…ശരിക്കും ഒരു സഹോദരന്റെ സ്നേഹം…
ജോയിച്ചായന്റെ ഇളയ സഹോദരി ലില്ലികുട്ടിക്ക് അന്ന് പതിനാറോ പതിനേഴോ വയസ്സേ ഉള്ളു…അഞ്ചു മക്കളിൽ മൂത്തത് ജോയിച്ചായൻ ആയതിനാൽ ഇളയ കുട്ടികളെയൊക്കെ നോക്കിയത് ഞങ്ങൾ ആയിരുന്നു…
സതീഷ് പലപ്പോഴും ലില്ലിക്കുട്ടിയെ പിച്ചുകയും ഇക്കിളി കൂട്ടുകയുമൊക്കെ ചെയ്യുന്നത് കാണുമ്പോൾ തനിക്കു എന്തോ ഒരു പന്തികേട് തോന്നിയിട്ടുണ്ട്… ഒരിക്കൽ താൻ ജോയിച്ചായനോട് സൂചിപ്പിച്ചു..പക്ഷെ ഇച്ചായൻ തന്നോട് ചൂടാവുകയാണ് ഉണ്ടായതു…അദ്ദേഹത്തിനു അതിഷ്ടമായില്ല…സതീഷ് തന്റെ സഹോദരിയെ സ്വന്തം സഹോദരി ആയേ കാണു എന്നായിരുന്നു ജോയിച്ചായന്റെ മറുപടി…പിന്നെ താൻ ഒന്നും പറഞ്ഞില്ല.
അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ എണീറ്റ ലില്ലിക്കുട്ടി വായ പൊത്തിപ്പിടിച്ചു മുറ്റത്തേക്ക് ഓടുന്നത് കണ്ട താൻ പിറകെ ചെന്നു… “എന്തുപറ്റി മോളെ രാവിലെ ഒരു ശർദ്ദിൽ…”
“അത്…അതൊന്നുമില്ല ചേട്ടത്തി..ഞാൻ രാവിലെ ഇത്തിരി തണുത്ത വെള്ളം കുടിച്ചു അതിന്റെ ആവും..”
അവൾ തനിക്കു മുഖം തരാതെ മുറിയിലേക്ക് പോയി…അതിന് ശേഷം ലില്ലിക്കുട്ടി പൊതുവെ ഒന്ന് സൈലന്റ് ആയതുപോലെ ആയി…കൂടുതലും മുറിയിൽ തന്നെ…പ്ലസ്ൺ പരീക്ഷ കഴിഞ്ഞിരിക്കുന്നതിനാൽ എങ്ങോടും പോകാറും ഇല്ല..
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു ഞായറാഴ്ച താനും ലില്ലിയും കുഞ്ഞും മാത്രമേ വീട്ടിൽ ഉള്ളു…നല്ല മഴയും…ഉച്ചക്ക് ഊണ് കഴിഞ്ഞ് മോനെയും കൊണ്ട് ഒന്നുറങ്ങുക പതിവാണ്…കിടക്കാൻ പോകുമ്പോൾ ലില്ലിക്കുട്ടിയോട് പറഞ്ഞു..
“മോളെ ഞാൻ ഇത്തിരി നേരം കിടക്കുവാ….ജോയിച്ചായൻ വന്നാൽ വാതിൽ തുറക്കണേ…”
“ചേട്ടത്തി കിടന്നോ ഞാനും കിടക്കുവാ ബെൽ അടിച്ചാൽ ഞാൻ വാതിൽ തുറന്നോളാം…”
മോനെ ഉറക്കി കിടത്തിയപ്പോളാണ് വല്ലാതെ തൊണ്ട വരളുന്നത് പോലെ തോന്നിയത്…വാതിൽ തുറന്ന് അടുക്കളയിലേക്ക് പോയപ്പോൾ ലില്ലിക്കുട്ടിയുടെ മുറിയുടെ വാതിലിനു അടുത്തെത്തിയപ്പോൾ അകത്താരോ ഉണ്ടെന്നു സംശയം തോന്നി..അവൾ ഒന്ന് സംശയിച്ചു നിന്ന് അകത്തെ സംസാരം ശ്രദ്ധിച്ചു…ലില്ലിക്കുട്ടി എന്തൊക്കെയോ പറഞ്ഞു കരയുന്നു..
ദൈവമേ ഇതാരാകും അകത്ത്…അവൾ താക്കോൽ ദ്വാരത്തിലൂടെ അകത്തേക്ക് നോക്കി…
സതീഷ്….ലില്ലിക്കുട്ടിയുടെ മുടിയിയിൽ കുത്തിപ്പിടിച്ചു വായിലേക്ക് ബലമായി ഗ്ലാസിൽ നിന്നും വെള്ളം ഒഴിച്ചുകൊടുക്കാൻ ശ്രമിക്കുന്നു…അവൾ ഗ്ലാസ്സ് തട്ടിമാറ്റി..അവൻ അവളുടെ കരണത്ത് ആഞ്ഞടിക്കുന്നു…
“വേണ്ട ഏട്ടാ ഈ കുഞ്ഞിനെ കൊല്ലേണ്ട…ഞാൻ ഏട്ടന്റെ കൂടെ വരാം നമുക്ക് ഒരുമിച്ചു എവിടേലും പോയി ജീവിക്കാം..പ്ലീസ്..”
“വേണ്ട ഈ വിഷ വിത്ത് വളരേണ്ട…നീ ഉദ്ദേശിച്ചത് പോലെ നിന്നെ കെട്ടി പൊറുക്കാൻ ഒന്നും എനിക്ക് പറ്റുകയുംഇല്ല…”
“പിന്നെന്തിനാ എന്നോട് സ്നേഹം നടിച്ചു എന്നെ ഈ അവസ്ഥയിൽ എത്തിച്ചത്…”
“എടി ആണുങ്ങൾ ഒന്നു ചിരിക്കുകയും മിണ്ടുകയും ചെയ്യുമ്പോൾ അവർക്കു മുന്നിൽ മ ലർന്നു കിടക്കരുത് പെണ്ണ്…ഈ ഗുളിക കഴിക്കു ആ നാശം നശിക്കട്ടെ…”
“എനിക്കെന്തെങ്കിലും സംഭവിച്ചാൽ..”
“നീ ചത്താലും വേണ്ടില്ല..എനിക്ക് തലയുയർത്തി ജീവിക്കണമെടി..”
ഇത്രയും കണ്ട ആൻസിക്ക് നിയന്ത്രണം വിട്ടു….അവൾ അടച്ചിട്ടിരുന്ന വാതിൽ ബലമായി തള്ളി…മലർക്കേ തുറന്ന വാതിലിലൂടെ അവൾ അകത്തേക്ക് കയറുമ്പോൾ മുന്നിൽ കിടക്കുന്ന കസേര ആയിരുന്നു ആദ്യം കണ്ണിൽ പെട്ടത്..നിലത്തുനിന്നും വലിച്ചെടുത്ത കസേരവെച്ച് ലില്ലിക്കുട്ടിയുടെ കഴുത്തിൽ പിടിച്ചിരിക്കുന്ന സതീഷിന്റെ തലക്കിട്ടു ആൻസി ആഞ്ഞടിച്ചു…വേച്ചു പോയ സതീഷിന്റെ കൈ അയഞ്ഞപ്പോൾ ലില്ലിക്കുട്ടി നിലത്തേക്ക് മറിഞ്ഞു വീണു…അവളുടെ തല കട്ടിലിന്റെ പടിയിൽ ശക്തമായി ഇടിച്ചു…
നിലത്തു വീണ സതീഷ് പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു…അപ്പോളേക്കും ആൻസി കസേര വേച്ചു രണ്ടാമതും അവനെ അടിച്ചു…സതീഷിന്റെ തലയിൽ നിന്നും ചോര പുറത്തേക്കു ഒഴുകി…തലപൊത്തിപിടിച് എഴുന്നേൽക്കാൻ ശ്രമിച്ച അയാളെ അവൾ വീണ്ടും തല്ലി…
പിന്നീട് ഉണ്ടായതൊക്കെ ജയിലിൽ എത്തിയപ്പോൾ ജയിൽ വാർഡൻ പറഞ്ഞാണ് താൻ അറിയുന്നത്…
രക്തത്തിൽ കുളിച്ചു കിടക്കുന്ന സതീഷിനെ കണ്ട തന്റെ സമനില തെറ്റി….
പോലീസ് അറസ്റ്റ് ചെയ്തു തന്നെ മാനസിക ആരോഗ്യകേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്…അവിടെ അഞ്ചാറു മാസത്തെ ചികിത്സക്ക് ശേഷമാണ് താൻ പഴയ അവസ്ഥയിലേക്ക് വന്നത്…
സതീഷ് അപ്പോൾ തന്നെ മരിച്ചു…തലയ്ക്കു പരിക്കേറ്റ ലില്ലിക്കുട്ടി കോമ സ്റ്റേജിൽ അഞ്ചെട്ടു മാസം കിടന്ന്…അത്ഭുതം അവളുടെ വയറ്റിലെ കുഞ്ഞ് രക്ഷപെട്ടു എന്നതാണ്…എട്ടാം മാസം കുഞ്ഞിനെ വെളിയിൽ എടുത്തു..പെൺകുട്ടി…അതിന് കുറച്ച് ദിവസങ്ങൾക്കു ശേഷം ലില്ലി മരിച്ചു…
തന്നെ കാണാനോ വിശേഷങ്ങൾ തിരക്കാനോ ജോയിച്ചായനോ അദ്ദേഹതിന്റെ വീട്ടുകാരോ ആരും ഇതുവരെ വന്നിട്ടില്ല…വല്ലപ്പോഴും തന്റെ അപ്പച്ചൻ വരും അപ്പോൾ ആണ് വിശേഷങ്ങൾ പറയുന്നത്….പരോൾ കിട്ടിയിട്ടുപോലും തന്നെ കൂട്ടിക്കൊണ്ടുപോകാൻ ആരും തയ്യാറായില്ല…ആരെയും കുറ്റം പറയാൻ പറ്റില്ലല്ലോ..ഇരട്ട കൊലപാതകം അല്ലെ താൻ ചെയ്തത്..
ആറുമാസം പ്രയായമായപ്പോൾ മോനെ കണ്ടതാണ്..അവൻ ഇപ്പൊ വലിയ കുട്ടി ആയിക്കാണും..
എല്ലാവർക്കും തന്നോട് ദേഷ്യം ആയിരിക്കും പക്ഷെ തനിക്ക് ഒരിക്കലെങ്കിലും മോനെ കാണണം…എന്നിട്ട് അപ്പച്ചൻ നൽകിയ ആ നമ്പറിൽ വിളിക്കാം ആന്ധ്രയിലോ മറ്റൊരു ഓർഫണേജ് ആണ്…ഇനിയുള്ള കാലം അവിടെ കഴിയാം…
അടിവാരത്തു ബസ് നിർത്തുമ്പോൾ ആൻസിയുടെ ഉള്ളൊന്നു പിടഞ്ഞു…തന്റെ മോൻ കാണാൻ തയ്യാറായില്ലെങ്കിൽ…ആ മാതൃഹൃദയം ഒന്ന് തേങ്ങി…
ഇടറിയ കാലുകളോടെ ബസിൽ നിന്നും ഇറങ്ങിയ ആൻസി സാരിയുടെ തലപ്പ് കൊണ്ട് തലമൂടിയാണ് മുന്നോട്ട് കാലുകൾ വെച്ചത്…നാട്ടുകാർക്ക് മുന്നിൽ ഒരു പരിഹാസ കഥാപാത്രം ആകാൻ അവൾ തയ്യാറായില്ല…
“ആൻസി..”
പിന്നിൽ നിന്നും ആരോ വിളിക്കുന്നു…അവൾ തിരിഞ്ഞു നോക്കണോ ഓടണോ എന്ന് സംശയിച്ചു…അവളുടെ കാലുകളുടെ വേഗത കൂടി…
“ആൻസി നില്ക്കു…”
ഇക്കുറി അവൾ മെല്ലെ നിന്നു…എന്നിട്ടും പിന്തിരിഞ്ഞു നോക്കാൻ അവൾ തയാറായില്ല…
“ആൻസി…”
തോളിൽ രണ്ട് കരങ്ങൾ മുറുകിയപ്പോൾ അവൾ മെല്ലെ തലതിരിച്ചു…
“ജോയിച്ചായൻ…”
“അതേ നീ ഇന്ന് ഇറങ്ങുമെന്ന് വാർഡൻ വിളിച്ചു പറഞ്ഞിരുന്നു… മനഃപൂർവം ആണ് വരാത്തത് കുട്ടികൾ കാണേണ്ട ജയിലും പരിസരവും…”
“ജോയിച്ചായാ മോൻ…”
“ദേ… അയാൾ വിരൽ ചൂണ്ടിയിടത്തേക്കു അവൾ നോക്കി…തന്റെ മോൻ.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…ഒപ്പം സുന്ദരിയായ ഒരു മാലാഖ കുട്ടി…
“നിനക്കവളെ മനസ്സിലായോ…”
ഇല്ലെന്നവൾ തലയാട്ടി…
“സേറ…ലില്ലികുട്ടിയുടെ മോൾ…നമ്മുടെ മോൻ ആദവും സേറയും ഒരുമിച്ചാണ് വളർന്നത്…ഞങ്ങൾ മൂന്നുപേരും മാത്രമേ ഇപ്പൊ വീട്ടിൽ ഒള്ളു…”
“അപ്പച്ചനും അമ്മച്ചിയും…”
“മരിച്ചു… ഈ കുട്ടികളെയും കൊണ്ട് നിന്നെ കാണാൻ വന്നാൽ നിനക്ക് ദുഃഖം കൂടുകയേ ഉള്ളു അതാണ് ഇതുവരെ വരാതിരുന്നത്. ശിക്ഷ കാലാവധി കഴിയാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ..”
അപ്പോളേക്കും ആദവും സേറയും അവർക്ക് അടുത്തേക്ക് എത്തി..ആൻസി രണ്ടാളെയും ഇരു കൈകളാലും പിടിച്ച് തന്നോട് ചേർത്തു…
“ആൻസി മോനേക്കാൾ ഇനി അമ്മയെ ആവശ്യം സേറ മോൾക്ക് ആണ്….ഇനി ഒരു കാ മഭ്രാന്തന്റെയും ഇര ആയി ഒരു പെൺകുട്ടിയും മാറരുത്…ഇവളെ നീ പൊന്നുപോലെ നോക്കിക്കോളണം…”
ആൻസിയും ജോയിയും മക്കളെ ചേർത്തു പിടിച്ച് മുന്നോട്ട് നടന്നു….
ജോളി ഷാജി… ✍️