ഗർഭിണിയായിട്ടും വിശ്രമം നൽകാതെ ഇതിന് മാത്രമായി കൊണ്ടുവന്ന ഒരു അടിമയായി മാത്രമേ…

Written by Lis Lona

==============

“എന്റെ സമ്മതം വാങ്ങിയെന്ന് അദ്ദേഹത്തിനും ,മോചനം വേണമെന്ന് എനിക്കും തോന്നിയ ശേഷമാണു അദ്ദേഹം അവളെ വിവാഹം കഴിച്ചത്… പിന്നെ ഞാനെതിർക്കേണ്ട കാര്യമെന്ത്.. മക്കൾക്കുള്ളത് തരുമല്ലോ അത് തന്നെ ധാരാളം ! സന്തോഷം…”

മധുവിധു ആഘോഷങ്ങൾ ഇനിയും കഴിഞ്ഞിട്ടില്ലാത്ത ദമ്പതികൾ കൈചേർത്തുപിടിച്ച് ,കൊഞ്ചികുഴഞ്ഞു ദൂരെനിന്നും ആര്യവേപ്പുകളുടെ തണലും പറ്റി നടന്നു വരുന്നതു കണ്ടതും ഇത് നൂറയുടെ ഭർത്താവല്ലേയെന്ന് ഒരു സംശയം…

അന്ന് വരെ കേട്ട കഥകളിലെ നായകനോ…അതോ കേൾക്കാത്ത പുതിയകഥയിലെ വില്ലനോ എന്നർത്ഥം വച്ച എന്റെ നോട്ടത്തിനുള്ള മറുപടിയായി അവളത് പറഞ്ഞപ്പോൾ ഞെട്ടിയത് ഞാനാണ്.

ഭർത്താവ് ,പുതിയ ഭാര്യയുമൊത്തു താമസിക്കുന്ന ഫ്ലാറ്റിനു മുൻപിൽ മാസാമാസം മക്കൾക്കായി അയാൾ തരാമെന്നേറ്റ പൈസ വാങ്ങാനായി വന്നതാണ് നൂറയെന്ന് അപ്പോൾ മാത്രമാണവൾ പറഞ്ഞത്.

ഏകദേശം അഞ്ചു വര്ഷത്തോളമായുള്ള കൂട്ടാണ് ഞാനും അവളും …ഒരു ബ്യൂട്ടിപാർലർ കൂട്ടുകെട്ട് എന്ന് പറയാം കസ്റ്റമർ ഞാനും മുതലാളി അവളുമാണ്..

നൂറയുടെ ഭർത്താവ് ഇവിടെ ദുബായിൽ ഒരുപാട് വർഷമായി റെസ്റ്റോറന്റ് മാനേജർ ആണ്…രണ്ട് പെൺകുട്ടികളുണ്ട് മൂത്തവൾ നോറിൻ പതിനേഴ്‌ വയസ്സേ ആയുള്ളൂ എങ്കിലും ഇരുപതുകാരിയുടെ പക്വതയും സൗന്ദര്യവുമുള്ള മിടുക്കിക്കുട്ടി..ചെറിയ കുട്ടിക്ക് അഞ്ചു വയസ്സ് ആയേ ഉള്ളൂ.സന്തുഷ്ട കുടുംബം. നൂറ വിദ്യാഭ്യാസമില്ലെങ്കിലും അസ്സലായി ഇംഗ്ലീഷ് പറയും.

വ്യക്തിപരമായി എനിക്കു കൂടുതൽ അവളെപ്പറ്റി അറിയില്ല…ആരുടേയും സ്വകാര്യതയിലേക്ക് നൂണ്ടുകയറാനോ ആരെയും സ്വന്തം സ്വകാര്യതയിലേക്ക് കയറാനോ അനുവദിക്കാത്ത എനിക്ക് കിട്ടിയ ഒരേ രീതിയിൽ ചിന്തിക്കുന്ന നല്ലൊരു കൂട്ടുകാരി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചൂടൻ ചർച്ചകളോ യുദ്ധങ്ങളോ ഞങ്ങളുടെ സംസാരവിഷയമായിരുന്നില്ല..മാസത്തിലൊരിക്കലെങ്കിലും അരമുക്കാൽ മണിക്കൂർ തിരക്കിനിടയിലും മാറ്റിവച്ച് ഒരുമിച്ചു ഭക്ഷണം കഴിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു..

കണ്ടാലുടൻ സ്നേഹം തുളുമ്പി തിളങ്ങുന്ന കണ്ണുകളോടെ ഓടിവന്ന് കെട്ടിപിടിച്ചു തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന നൂറയുടെ കണ്ണിലെ ഇന്നത്തെ ഭാവം പക്ഷേ എനിക്ക് പരിചിതമല്ല..

” എനിക്ക് നിന്നോട് മനസ്സ് തുറന്നു സംസാരിക്കണം.. കുറച്ചു മണിക്കൂറുകളെങ്കിലും എനിക്ക് വേണ്ടി മാറ്റി വക്കാൻ നിനക്ക് കഴിയുമോ…”

സുറുമയെഴുതിയ കണ്ണുകളിൽ സങ്കടമല്ലാ..സ്വാതന്ത്രം കിട്ടിയ പക്ഷിയുടെ കണ്ണുകളിലെ തിളക്കവും സന്തോഷവുമാണതെന്ന് നീലരാശി കലർന്ന കൃഷ്ണമണികൾ അഴകിന് മാറ്റ് കൂട്ടുന്ന ആ മുഖത്തേക്ക് അസൂയയോടെ നോക്കുമ്പോഴും എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

പാകിസ്താനി പെൺകുട്ടികൾ സുന്ദരികളാണെന്ന് മുൻപേ അറിയാം.. പക്ഷേ നൂറായെപ്പോലൊരു അതിസുന്ദരിയെ അതും രണ്ട് മക്കളായതിന് ശേഷം ഉപേക്ഷിച്ച് എന്തിനയാൾ ഒരു ഫിലിപ്പിനി പെണ്ണിനെ കൊണ്ടുനടക്കണം…

വരാമെന്ന് നൂറയോട് സമ്മതം പറയുമ്പോഴും ഒന്നിന് പുറകെ ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉയർന്നു വരുന്നുണ്ട്..

തൊട്ടടുത്തുള്ള പാർക്കിൽ കുട്ടികൾ കളിക്കുന്നതും നോക്കി ഒന്നും ഉരിയാടാതെ അയാൾക്ക് വേണ്ടി ഞങ്ങൾ അവളുടെ കാറിൽ കാത്തിരുന്നു…

ഒരു ശബ്ദവും ഉണ്ടാക്കാതെ ഒന്നും പറയാതെ നൂറ വിടുന്ന വോയിസ് മെസേജുകൾ അയാൾക്കുള്ളതാകുമെന്ന് എനിക്ക് തോന്നി…കാത്തിരിപ്പിന്റെ മുഷിപ്പിനിടയിൽ മറുപടി വന്നതാകണം വാട്സാപ്പ് നോക്കി ഫോണവൾ കാറിന്റെ ഡാഷ്ബോർഡിലേക്ക് വലിച്ചെറിഞ്ഞു..

വർഷങ്ങളോളം ഒരുമിച്ച് ജീവിച്ചവർ..ഒരു നിമിഷം പോലും കാണാതെ ജീവിക്കാനാകില്ലെന്ന് കരുതിയവർ ഇപ്പോൾ സ്വരം പോലും കേൾക്കേണ്ട എന്നുകരുതി ചാറ്റിങ് മാത്രമായി പേരിനൊരു ബന്ധവും പേറി അപരിചിതരായി ലോകത്തിന്റെ രണ്ടുധ്രുവങ്ങളിൽ നിൽക്കുന്ന കാഴ്ച്ചയായിരുന്നു എനിക്കത് .

ഫ്ലാറ്റിന്റെ സെക്യൂരിറ്റി വന്ന് വിൻഡോ ഗ്ലാസിൽ തട്ടിയതും സലാം പറഞ്ഞ് നൂറ അയാളിൽ നിന്നും ഒരു കവർ വാങ്ങി മടിയിലേക്കിട്ട് വണ്ടി റിവേഴ്‌സ് എടുത്തു…

എന്നുമുള്ള സന്തോഷം ഇന്നില്ല ,മനസ്സിലെന്തോ ഭാരം… കേൾക്കാനിഷ്ടമില്ലാത്ത സങ്കടങ്ങൾ കേൾക്കാൻ മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ ഞാൻ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു..

” നീ ഇവിടിരിക്ക് ഞാൻ രണ്ട് കോഫി വാങ്ങിവന്ന് നമുക്ക് കാറിലിരുന്ന് സംസാരിക്കാം..”

സ്റ്റാർബക്സിലേക്ക് കയറിപ്പോകുന്ന അവളെയും നോക്കി ഞാനിരിക്കുന്നതിനിടയിൽ ഫോൺ അടിക്കാൻ തുടങ്ങി.. ഭർത്താവാണ് … അതുവരെയുള്ള പിരിമുറുക്കം മാറി ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു ഞാനറിയാതെ…

നൂറയെ അദ്ദേഹത്തിന് അറിയാവുന്നത്കൊണ്ട് അവളുടെ കൂടെയാണ് വരാൻ ഇത്തിരി താമസിക്കുമെന്ന് അറിയിച്ച് ഞാൻ ഫോൺ കട്ടാക്കി..

ചെന്നിക്കുത്തിന്റെ തുടക്കമാണോ ചെറിയൊരു തലവേദന.. ചിലപ്പോൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യേണ്ടി വരുമ്പോൾ വരുന്ന ടെൻഷനും ആകാം കാരണം.. ഞാൻ കണ്ണടച്ചിരുന്നു.

“എന്താ നൂറാ ഇതൊക്കെ…നല്ല സന്തോഷത്തിൽ ആയിരുന്നല്ലോ നീ കുറച്ച് നാൾ മുൻപ് വരെ… നിങ്ങളൊരുമിച്ചുള്ള ഫോട്ടോയിൽ എല്ലാം എത്ര ഹാപ്പിയാണ് നിങ്ങൾ.. എന്താ നിങ്ങൾക്കിടയിൽ സംഭവിച്ചത്.. എനിക്ക്… എനിക്ക് എന്ത് ചോദിക്കണമെന്ന് പോലും അറിയില്ല… കുട്ടികൾ.. കുഞ്ഞുങ്ങളിതെങ്ങനെ സഹിക്കും…”

അവൾ വന്ന് കയറിയതും ഒരു ശ്വാസത്തിൽ ഞാൻ ചോദ്യങ്ങൾ ചോദിച്ചുതുടങ്ങി..മറുപടിയായി അവളൊന്ന് ചുണ്ട് കോട്ടി ചിരിച്ചു..

” ആര് പറഞ്ഞു ഞാൻ ഹാപ്പി ആയിരുന്നെന്ന് ? ഫോട്ടോയിൽ ചിരിച്ചു പോസ് ചെയ്യുന്നവരൊക്കെ സന്തോഷമുള്ള ദാമ്പത്യം പുലർത്തുന്നവരാണെന്ന് നിങ്ങൾ കരുതുന്നതെ തെറ്റല്ലേ..ഒരു പാട് ഞാൻ സഹിച്ചു …പതിനാറ്‌ വയസ്സ് തികഞ്ഞപ്പോഴേ എന്നെ നിക്കാഹ് ചെയ്തു വിട്ടു… പെൺകുട്ടികൾക്ക് അധികം വിദ്യാഭ്യാസമൊന്നും വേണ്ടെന്ന് കരുതുന്ന ഒരു യാഥാസ്ഥിക പഠാൻ കുടുംബം..പ്രായത്തിന്റെ ഇരട്ടി പ്രായമുള്ള ഭർത്താവിനോടൊപ്പം വിവാഹം കഴിഞ്ഞിറങ്ങുമ്പോൾ അനിയത്തിമാരെയും ഉമ്മിയെയും വിട്ടുപിരിയുന്ന സങ്കടം മാത്രമാണ് ഓർത്തത്…പക്ഷേ ഒന്നുമറിയാത്ത പ്രായത്തിലുള്ള വിവാഹത്തിന്റെ ഭവിഷ്യത്തുകളും വേദനയും ആദ്യരാത്രിയിലെ ഞാനറിഞ്ഞു….”

പറയുന്നതിനിടക്ക് ശക്തമായി ശ്വാസം വലിച്ചെടുത്ത് അവളെന്നെ നോക്കുമ്പോൾ കണ്ണുകളെരിയുന്നത് ഞാൻ കണ്ടു..

” ഒന്ന് മനസ്സറിയാനുള്ള സാവകാശം പോലും നൽകാതെ സമ്മതം പോലും ചോദിക്കാതെ ഭർത്താവെന്ന് പറയുന്നവൻ ശരീരം പി ച്ചിച്ചീന്തുമ്പോഴും മനസ്സും മേനിയും മരവിച്ച് അവന് കീഴെ ദുപ്പട്ടയും വായിൽ തിരുകി പേടിച്ചരണ്ട മാൻപേടയെപോലെ കിടക്കേണ്ടിവരുന്ന നിസ്സഹായത അത് പറഞ്ഞറിയിക്കാൻ കഴിയില്ല..എല്ലാം കഴിഞ്ഞ് സഹിക്കാൻ വയ്യാത്ത വേദനയാലും നിലക്കാത്ത ചോ രപ്രളയത്താലും തളർന്ന് കിടക്കുന്ന എന്നെ നോക്കി ഞാൻ ക ന്യകയാണെന്ന് ഉറപ്പിച്ച കണ്ണുകൾ ഞാൻ കണ്ടു…”

“അന്നത്തോടെ തീർന്നെന്ന് കരുതിയ എനിക്ക് തെറ്റി ഓരോദിവസവും ആർത്തിപിടിച്ച വേട്ടമൃ ഗത്തെപോലെ അയാളെന്നെ കീഴ്പെടുത്തി..മൂന്ന് നാല് ദിവസം കടിച്ചുപിടിച്ച വേദന സഹിക്കാൻ കഴിയാതെ അന്ന് ഞാൻ അലറികരഞ്ഞു..ശബ്ദമുണ്ടാക്കിയതിന് ഇരുകരണത്തും മാറിമാറി അടിച്ചു കലി തീർക്കുന്ന അയാളുടെ കാല് പിടിച്ചു ഞാൻ കരഞ്ഞു… ഒന്നെന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ.. പരിശോധിച്ചു നോക്കിയ ഡോക്ടർ താനൊരു മനുഷ്യൻ തന്നെയാണോ ഇത്രെയും കീറിമുറിഞ്ഞിരിക്കുന്ന ഈ പച്ചമാംസത്തിൽ വേ ഴ്ച്ച നടത്താനെന്നാണ് അയാളോട് ചോദിച്ചത്…”

കേട്ടിരിക്കുന്ന എനിക്ക് കാലിനിടയിലെ മാംസം പച്ചക്ക് കൊളുത്തിയ പോലെ പുകയാൻ തുടങ്ങി… ശരീരമെല്ലാം എരിയുന്ന വേദനയാൽ ഞാൻ പുളഞ്ഞു..ചെന്നിക്കുത്ത് അതിന്റെ മൂർദ്ധന്യത്തിലേക്ക് കടക്കാനായി ചെന്നിയിലെ ഞെരമ്പുകൾ പരൽമീൻ പോലെ പിടയുന്നു..

നൂറയുടെ ശബ്ദം …വെറുപ്പും പകയും നിറഞ്ഞ ശബ്ദം ഏതോ ഗുഹയിൽ നിന്നുമെന്ന പോലെ എനിക്ക് കേൾക്കാം…

സ്വന്തം ഭാര്യയെ ബ ലാത്സംഗം ചെയ്യുന്ന പുരുഷന്മാരെ പറ്റി കേട്ടിട്ടുണ്ട് പക്ഷേ മനുഷ്യജീവിയെന്ന പരിഗണന പോലും കൊടുക്കാതെ… മുറിവുണങ്ങാൻ പോലും സമ്മതിക്കാതെ അവിടെ പറ്റില്ലെങ്കിൽ പിൻഭാഗം തേടി പോകുന്ന കാ മവെറിയന്മാരായ ഭർത്താക്കന്മാരും നമുക്ക് മുൻപിൽ നല്ലവന്മാരായി നാടകം കളിച്ചു ജീവിക്കുന്നുണ്ടെന്ന ചിന്ത പോലും എന്നെ ഭയപ്പെടുത്തി.

ഗർഭിണിയായിട്ടും വിശ്രമം നൽകാതെ ഇതിന് മാത്രമായി കൊണ്ടുവന്ന ഒരു അടിമയായി മാത്രമേ അയാൾ കണ്ടിരുന്നുള്ളൂ എന്നവൾ പറയുമ്പോൾ അവളറിയാതെയൊരു തേങ്ങൽസ്വരം വന്നത് ഞാൻ കേട്ടു..

ഇതെല്ലാം വിവാഹജീവിതത്തിൽ സാധാരണമാണ് ഞാനിതുവരെയും സഹിച്ചില്ലേ പോകപ്പോകെ നിനക്കും ശീലമാകുമെന്ന് തൊട്ടും തൊടാതെയുമായി നടന്നതെല്ലാം സങ്കടമായി അറിയിച്ചതിന് ഉമ്മി ഉപദേശം നൽകിയെന്ന് കേട്ടതും അന്നേ നിനക്ക് വേണ്ടെന്ന് വക്കാമായിരുന്നില്ലേ എന്ന ചോദ്യം പോലും എന്റെ തൊണ്ടയിൽ കുടുങ്ങി.

പ്രസവത്തിന് മുൻപേ ജോലി കിട്ടി അയാളിവിടേക്ക് തനിച്ച് വന്ന ഒരുവർഷം മാത്രമാണ് വേദനകളില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും സ്വാതന്ത്രത്തോടെ അവളുറങ്ങിയിട്ടുള്ളതെന്ന് പറഞ്ഞ് അവളൊന്ന് ചിരിച്ചു…

ഇവിടേക്ക് കൂട്ടികൊണ്ടുവന്ന ശേഷം വീണ്ടും പഴയ ജീവിതത്തിന്റെ ആവർത്തനം.. മറ്റുള്ളവരെ കാണിക്കാൻ സന്തോഷം അഭിനയിച്ച് ജീവിക്കുമ്പോഴും രാത്രികളെ അവൾ ഭയപ്പെട്ടു…

പ ഴുപ്പും ചോ രയുമിറ്റുന്ന ഉണങ്ങാത്ത മുറിവായി മനസ്സിൽ വിവാഹജീവിതത്തിന്റെ ആദ്യനാളുകൾ ഇപ്പോഴും ഇത്രെയും വർഷങ്ങൾക്ക് ശേഷവും ബാക്കിയാണ്..

രണ്ടാമത്തെ കുഞ്ഞ് ജനിച്ചശേഷം ഒളിഞ്ഞും തെളിഞ്ഞുമുള്ള അയാളുടെ പരസ്ത്രീബന്ധവും അവളറിഞ്ഞു എന്നിട്ടും വിവാഹജീവിതം അവസാനിപ്പിക്കാൻ പേടിയായിരുന്നു..

ജീവിക്കാനൊരു വഴിയോ വിദ്യാഭ്യാസമോ ഇല്ലാതെ ഇറങ്ങിയാലും പെൺമക്കളെയും കൊണ്ട് എന്ത് ചെയ്യും.. നാട്ടിലേക്ക് മടങ്ങാനാകില്ല..അബ്ബക്ക് ബാധ്യതയായി രണ്ടാംകെട്ടിൽ ഇനിയും രണ്ട് മക്കൾ കൂടിയുണ്ട്.

ഒഴിവുസമയത്ത് തയ്ച്ചും , തൊട്ടടുത്ത വീടുകളിലേക്ക് വിശേഷങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കികൊടുത്തും കുറച്ചു പൈസ സ്വരുക്കൂട്ടി വച്ച് നേരംപോക്കിനായി ഭർത്താവിന്റെ കാലുപിടിച്ച് പഠിച്ച ബ്യൂട്ടീഷൻ കോഴ്സ് കൈമുതലായുള്ള ധൈര്യത്തിൽ ഒരു പാർലർ വീട്ടിൽ തുടങ്ങി..അറിയുന്ന ആളുകൾക്ക് വേണ്ടി മാത്രം..

കുറച്ച് നാളുകൾ കൊണ്ട് ആർജിച്ച ആത്മവിശ്വാസത്തിൽ പുതിയൊരു ലൈസൻസും പഴയൊരു ഷോപ്പുമായി ചെറിയൊരു സെറ്റ്അപ്പിൽ അവൾ പാർലർ തുടങ്ങിയപ്പോഴും അയാളോട് അനുവാദം ചോദിക്കാൻ മറന്നില്ല..

ഇഷ്ടത്തിന് പെണ്ണുങ്ങൾ പുറമെ കിട്ടുന്നതോ ഇവളോടുള്ള ആർത്തി തീർന്നതോ അയാളൊന്നിനും എതിര് പറഞ്ഞില്ല..

പ്രായം തികഞ്ഞ മകളുണ്ടെന്ന് പോലും ചിന്തിക്കാതെ സ്ഥലമോ സൗകര്യമോ കണക്കിലെടുക്കാതെ ഈ ആവശ്യവുമായി വരുന്ന അയാളോട് പറ്റില്ലെന്ന് ആദ്യമായവൾ പറഞ്ഞതും വീട്ടിൽ നിന്നും അയാളിറങ്ങിപോയി..

പിന്നെയവൾക്ക് വാട്സാപ്പ് വഴി അയച്ചത് വേറെയൊരു പെണ്ണുമൊത്തുള്ള സ്വകാര്യനിമിഷങ്ങളാണ്.

പിറ്റേന്ന് വീട്ടിലേക്ക് കയറി വന്ന അയാളോട് അവളിറങ്ങിപോകാൻ പറഞ്ഞു..അപമാനിതനായി ഇറങ്ങിപ്പോയ അയാൾ കുറച്ചു ദിവസം ഇവരെ തിരിഞ്ഞു നോക്കിയില്ല.

പിന്നീട് പാർലറിന്റെ സ്പോൺസർ ആയ സ്ത്രീയോട് കാര്യങ്ങൾ പറഞ്ഞ് അവരുടെ മധ്യസ്ഥതയിൽ കുട്ടികൾക്ക് ചിലവിന് കൊടുക്കാൻ തീരുമാനമായി..

” എന്തുകൊണ്ട് നിനക്ക് ഡിവോഴ്സ് ആവശ്യപ്പെട്ടുകൂടാ..ഇങ്ങനൊരു ഭർത്താവ് ഉള്ളതിൽ ഭേദം ഇല്ലാത്തതല്ലേ.. സ്വന്തം പ്രയത്നത്താൽ നിനക്ക് അന്തസ്സായി ജീവിക്കാൻ ഒരു വഴി ദൈവം തന്നിട്ടുണ്ട് പിന്നെന്തിന് അമാന്തിക്കണം…”

ചോദ്യത്തിനിടക്ക് മഗ്‌രിബ് നിസ്കാരത്തിനുള്ള അദാൻ മുഴങ്ങിയതും അവളെന്നോട് ചുണ്ടിൽ വിരൽ വച്ച് നിശബ്ദമായിരിക്കാൻ പറഞ്ഞ് ഹിജാബ് ശരിക്കിട്ടു..

” നോക്ക് ഒരു ആരോഗ്യവതിയായ സാധാരണ സ്ത്രീ അമ്മയാകാനുള്ള ചാൻസ് വർഷത്തിൽ 12 തവണയാണ് അതും മാസം മുഴുവനും അല്ല അതിനുള്ള അവസരം ദൈവം തന്നത് മാസത്തിൽ നാലോ അഞ്ചോ ദിവസം മാത്രം..അതിലും എത്രെയോ താഴെയാകും എന്തെങ്കിലും അസുഖങ്ങൾ ഉള്ള സ്ത്രീകൾക്ക് പ്രത്യേകിച്ച് മാസമുറ ശരിക്ക് മാസം തോറും വരാത്തവർക്ക് എന്നിട്ടും പടച്ചവൻ എനിക്ക് മക്കളെ തന്നു..
ആ വേദനകൾക്കിടയിലും ജീവിക്കാനുള്ള പ്രതീക്ഷ എനിക്കെന്റെ മക്കളായിരുന്നു..
നാളെ അബ്ബയെ ഉപേക്ഷിച്ച ഉമ്മിയുടെ മക്കളായി അവർ ആരുടെ മുൻപിലും നിൽക്കരുത്.. ഇനിയൊരു ആണും എന്റെ ജീവിതത്തിൽ വേണ്ട അതുകൊണ്ട് തന്നെ പേരിനൊപ്പമുള്ള ഒരു വാലായി ഇരിക്കട്ടെ തനിച്ചു ജീവിക്കാൻ…”

ദാമ്പത്യത്തിലെ ലൈം ഗികതയും പരസ്പരസമ്മതത്തോടെയും ഇഷ്ടത്തോടെയും നടക്കേണ്ടുന്ന ഒന്നാണെന്ന് മനസിലാക്കാതെ ആൺമേൽക്കോയ്മ മാത്രം വ്യഗ്രത പൂണ്ട് നടത്തി പെണ്ണിനെ വേദനയുടെ ദുരിതപർവം നൽകുന്നവൻ ആണാണോ..

സം ഭോഗം പെണ്ണിന് പാതിവഴിയാകുമ്പോഴേ നിർത്തി സ്വന്തം കാര്യസാധ്യത്തിനു ശേഷം കമിഴ്ന്നു കിടക്കുന്നത് ആണത്തത്തിന്റെ ലക്ഷണമെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്…

പെൺകുട്ടികൾ മാത്രമായുള്ള വേളകളിൽ ഇത്തിരി ലൈം ഗിക പ്രസരമുള്ള തമാശകൾ പറഞ്ഞു ചിരിക്കുന്നത് പഠിക്കുന്ന കാലം തൊട്ടേ അനുഭവമുണ്ട്..ആൺകുട്ടികളേക്കാൾ കൂടുതൽ ഇത്തരം സംസാരരീതി പെൺകുട്ടികൾക്ക് തന്നെ ആയിരിക്കാം..

പക്ഷേ ആദ്യമായാണ് ഒരാളെന്നോട് തമാശ ചേർക്കാതെ ഇത്തരം കാര്യങ്ങൾ പറയുന്നത്… ഭയവും നോവും പേറിയാണ് ഓരോ രാത്രിയും ഭർത്താവിനൊപ്പം ശയിച്ചതെന്ന് തുറന്ന് പറഞ്ഞത്..

എല്ലാം തുറന്ന് പറഞ്ഞ സന്തോഷത്തിൽ ഇരിക്കുന്ന അവളുടെ കൈ എന്റെ ഉള്ളംകയ്യിലെക്കെടുത്ത് ഞാൻ അമർത്തിപ്പിടിച്ചു.. അതിലപ്പുറം എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു…

“No problem dear am really happy now “

ജീവിതത്തിൽ നിസ്സാരകാര്യങ്ങൾക്ക് പോലും തളർന്നു പോകുന്ന എനിക്കാകും ഒരുപക്ഷെ ആ കൈകളും വാക്കുകളും ബലമേകിയതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..

അതിജീവനത്തിന്റെ ഏറ്റവും കഠിനപാതയിലൂടെ സഞ്ചരിച്ച് സ്വാതന്ത്രത്തിന്റെ ആകാശത്തിലേക്ക് പറന്നുയർന്ന നൂറയെപോലെ ആകാൻ ആരെയും ഒന്നും അറിയിക്കാതെ സഹിച്ചു ജീവിക്കുന്ന ഒരാൾക്കെങ്കിലും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

••••••••

ലിസ് ലോന ✍️