മൂത്തോൻ
Story written by PRAVEEN CHANDRAN
===========
തൊടിയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അമ്മയുടെ വായിൽ നിന്ന് ആദ്യമായി ആ പേര് ഞാൻ കേൾക്കുന്നത്..
“നീ മൂത്തോനല്ലേ… അവരു നിന്നേക്കാൾ താഴെയല്ലേ മോനേ.. ആ പീപ്പി അവർക്കു കൊടുക്ക്”
അന്ന് എനിക്കതിൽ ഇത്രത്തോളം പ്രശ്നങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടെന്ന് അറിയില്ലായിരുന്നു…
അതെ ഞാനായിരുന്നു ആ കുടുംബത്തിലെ മൂത്തോൻ.. എനിക്ക് താഴെ ഒരു സഹോദരനും ഒരു സഹോദരിയും…
പക്ഷെ പിന്നീട് അമ്മ എന്നെ പലകാര്യങ്ങളിലും മൂത്തോനാക്കുന്നത് എനിക്കഭിമാനമായി തോന്നി…
“ടാ.. കിട്ടൂനേം അമ്മൂനേം നോക്കിക്കോളോ.. റോഡിൽ കൂടെ നടക്കുംമ്പോ രണ്ട് പേരുടേം കൈപിടിച്ചോളോ..”
ഞാനത് കേട്ട് നെഞ്ചും വിരിച്ചു നടന്നു..
രണ്ട് പേരേയും എന്റെ ചിറകിനടിയിൽ ഒളിപ്പിച്ച് കൊണ്ടു നടന്നു.. വേണ്ട കാര്യങ്ങളിൽ അവരെ ഉപദേശിച്ചും , ശാസിച്ചും മുന്നോട്ട് നയിച്ചു..
അന്ന് മുത്തോൻ എന്ന പദവി ഒരു അധികാരമായി ഞാൻ കരുതിയിരുന്നു…
ചിലത് വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും ചിലതെല്ലാം ആ പദവി എനിക്ക് നേടിത്തന്നു..
പതിനഞ്ചാം വയസ്സിൽ അച്ഛന്റെ വിയോഗത്തോടെയാണ് എത്ര വലിയ മുൾക്കിരീടമാണ് ഞാൻ ചാർത്തിയിരിക്കുന്നതെന്ന ബോധം എനിക്ക് കൈവന്നു തുടങ്ങിയത്…
പഠിപ്പെല്ലാം പാതി വഴിയിലുപേക്ഷിച്ച് മുണ്ടു മുറുക്കിയുടുത്ത് പിന്നീട് ഒരു ഓട്ടമായിരുന്നു..
ചെയ്യാത്ത പണികളില്ല.. കൂടപ്പിറപ്പുകളുടെ വയറ് നറയ്ക്കുമ്പോഴും എന്റെ വയറൊട്ടി വരുന്നത് ഞാനറിഞ്ഞിരുന്നില്ല…
പലപ്പോഴും പണിയെടുത്ത് മേല് വേദനയെടു ത്ത് കരയുമ്പോഴൊക്കെ അമ്മ വന്ന് ആശ്വസിപ്പിക്കുമായിരുന്നു..
“എന്റെ മോൻ വിഷമിക്കരുത്.. കുടുംബത്തിലെ മൂത്തോന്റെ കടമയാണത്.” എന്ന് പറഞ്ഞ്…
പെങ്ങളെ ഒരുത്തന്റെ കൂടെ പറഞ്ഞു വിട്ടതിന്റെ കടം കയറി നിൽക്കുമ്പോഴാണ് ആദ്യമായി അമ്മ എന്റെ അടുത്ത് ഒരു കല്ല്യാണക്കാര്യവുമായി വരുന്നത് ..
“കുറച്ചൂടെ കഴിയട്ടെ അമ്മേ” എന്ന് പറഞ്ഞൊഴിയാനെ എനിക്കന്ന് നിവൃത്തിയുണ്ടായിരുന്നു ളളൂ….
പക്ഷെ എന്റെ പ്രായം കടന്ന് പോകുന്നതിനോടൊപ്പം അനിയന്റേയും പ്രായം കടന്ന് പോയിരുന്നത് അവനൊരു പെണ്ണിനെ വീട്ടിൽ വിളിച്ചു കൊണ്ട് വന്നപ്പോഴാണ് എനിക്കത് ബോധ്യമായത്…
അന്നവന് താലിമാല വാങ്ങിക്കാൻ പൈസ കൊടുത്തതും ജീവിക്കാനുളള വകയുണ്ടാക്കി കൊടുത്തതും ഞാനാണല്ലോ എന്നോർത്ത് എപ്പോഴൊക്കെയോ ഞാൻ മനസ്സിലഹങ്കരിച്ചിരുന്നു..
കുറച്ച് നാൾ കൂടെ ഒരു കാരണവരെപ്പോലെ മൂത്തോൻ പദവി ഞാനാസ്വദിച്ചുകൊണ്ടിരുന്നു..
പിന്നെ പിന്നെ എപ്പോഴോ ജീവിതത്തിന്റെ താളം നഷ്ടപ്പെട്ടുതുടങ്ങി..
“കറവപ്പശുവാണ് മൂത്തോൻ” എന്ന എന്റെ സുഹൃത്തിന്റെ ഉപദേശം കണക്കിലെടുത്താണ് ഒരു കല്ല്യാണം കഴിക്കാൻ ഞാൻ തീരുമാനിച്ചത് തന്നെ…
നാല്പതാം വയസ്സിലും എനിക്കൊരു പെണ്ണിനെ ക്കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല…
പക്ഷെ കല്ല്യാണം കഴിഞ്ഞ് മൂന്ന് വർഷത്തിനു ളളിൽ തന്നെ അമ്മ ഞങ്ങളോടാ സന്തോഷ വാര്‍ത്ത പറഞ്ഞു…
ആ വീട്ടിൽ നിന്ന് മാറിക്കൊടുക്കാൻ… കാരണം താഴെയുളള ആൾക്കാണത്രേ വീടും പുരയിടവും..
മൂത്തോനാണ് മാറി താമസിക്കേണ്ടതത്രേ..
പെട്ടിയും കിടക്കയുമെടുത്ത് വാടകവീട്ടിലേക്ക് നടക്കുമ്പോൾ ഞങ്ങളുടെ കുഞ്ഞു മകന്റെ നെറുകയിൽ മുത്തിക്കൊണ്ട് ഞാനവളോട് പറഞ്ഞു..
“നമുക്ക് ഈ ഒരു മൂത്തോൻ മാത്രം മതി”…