“ചിതലരിച്ച സ്വപ്നങ്ങൾ”
Story written by MINI GEORGE
================
ഇന്നേക്ക് മൂന്ന് ദിവസമായി ഇവിടെ എത്തിയിട്ട്.ഇതുവരെ ദീപു ഒന്ന് ചിരിക്കുകയോ,എന്തെങ്കിലും ചോദിക്കുകയോ ചെയ്തിട്ടില്ല.
വിമാനത്താവളതിൽ നിന്നും കാറിൽ കയറുന്നത് വരെ എന്തൊരു സന്തോഷമായിരുന്നു. കല്ല്യാണം കഴിഞ്ഞു മൂന്നുമാസം ആയി.ആകെ മൂന്നു ദിവസമാണ് ദീപു കൂടെ ഉണ്ടായിരുന്നത്. ഒന്ന് മിണ്ടാൻ പോലും പറ്റിയിട്ടില്ല.വീട്ടിൽ ആളുകൾ ഉള്ളത് കൊണ്ടാകും, ദീപു മൂന്നു ദിവസവും വൈകിയാണ് കിടക്കാൻ എത്തിയത്.മിക്കവാറും ഞാൻ ഉറങ്ങിയ ശേഷം. അവധി കഴിയാതെ തന്നെ പെട്ടെന്ന് തിരിച്ചു പോകണം എന്ന് പറഞ്ഞു ദീപു പോയപ്പോൾ എന്തോ വല്ലാത്ത നൈരാശ്യം.
പോകുമ്പോൾ മുഖമുയർത്തി പോകുവാ എന്ന് പറഞ്ഞത് മാത്രമാണ്,പരസ്പരം മിണ്ടി എന്ന് പറയാവുന്നത്.
സത്യത്തിൽ ദീപു പോയ വിഷമം ആ വീട്ടിൽ അറിഞ്ഞിട്ടില്ല,ഈ മൂന്നു മാസവും….എത്ര നല്ല വീട്ടുകാർ.അച്ഛനും അമ്മയും അനുജത്തിയും.കാലങ്ങളായി കൂടെ ഉണ്ടായിരുന്ന ഒരു ആളെ പോലെ ആയിരുന്നു,അവരുടെ പെരുമാറ്റം.
പഠിപ്പ് കഴിഞ്ഞപ്പോൾ ഒരു ജോലിയൊക്കെ കിട്ടിയിട്ട് മതി കല്യാണം എന്ന തോന്നലായിരുന്നു. അതിനിടയിലാണ് ദീപുവിൻ്റെ ആലോചന വന്നത്.അച്ഛൻ്റെ പരിചയത്തിലുള്ള ആൾ ആണത്രേ ദീപുവിൻ്റെ അച്ഛൻ.
“നല്ല വീട്ടുകാരാണ്,നിനക്ക് ജോലിക്ക് പോകണമെങ്കിൽ പോയ്കൊട്ടെ എന്ന പക്ഷക്കാരും” എന്നൊക്കെ അച്ഛൻ പറഞ്ഞപ്പോൾ അങ്ങു സമ്മതിച്ചു പോയി.
ദീപു പെണ്ണ് കാണാൻ വന്നത് മുതൽ നിറമുള്ള സ്വപ്നങ്ങൾ കാണാലായിരുന്നു പ്രധാന പണി.
സുന്ദരൻ ,വിദേശത്ത് നല്ല ജോലി.കൂടെ പോയി ഒരു വിലസ് വിലസണം.
സത്യത്തിൽ വിസിറ്റിംഗ് വിസയ്ക് ശ്രമിച്ചത് ദീപുവിൻ്റെ അച്ഛൻ തന്നെ ആണ്.
“കുട്ടികൾ പോയി,സന്തോഷിച്ചു വരട്ടെ”അതായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.
ഇവിടെ എത്തുന്ന വരെ എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു.വെറുതെ വഴുതിപ്പോയ ഹണിമൂൺ പുതുക്കണം.ഒരു പാട് സ്ഥലങ്ങളിൽ ഒരുമിച്ച് പോകണം.അടിച്ചു പൊളിക്കണം.എല്ലാം വെള്ളത്തിൽ വരച്ച പോലെ ആയെന്നു തോനുന്നു.
ദീപു വീട്ടിൽ ഭക്ഷണം വക്കും എന്ന് തോന്നുന്നു.അടുക്കള സാധനങ്ങൾ എല്ലാമുണ്ട്.പക്ഷേ ഉണ്ടാക്കി വച്ചാൽ ഒന്നും കഴിക്കില്ല….പുറത്ത് നിന്ന് കഴിച്ചെന്നു പറയും.
വന്നാൽ ഒഴിഞ്ഞ വരാന്തയുടെ കോണിൽ നിന്ന്,മണിക്കൂറുകളോളം ആരോടോ സംസാരിക്കുന്നത് കാണാം.
നീക്കുപോക്കില്ലത്ത ദിവസങ്ങൾ…ഇന്ന് നേരെ ആവും നാളെ നേരെ ആകും എന്ന ചിന്തയിൽ ഉന്തിവിടുന്ന ദിവസങ്ങൾ.
പിറ്റേന്ന് , വെറുതെ ഓരോന്ന് ചെയ്തു കൊണ്ടിരി ക്കുന്നതിനിടയിൽ ഒരു കുഞ്ഞിൻ്റെ കരച്ചിൽ കേട്ടു… നിർത്താതെ ഉള്ള കരച്ചിൽ.
ജനാലയിലൂടെ എത്തിച്ചു നോക്കി.താഴെ ഒരു യുവതി ഒരു കുട്ടിയെ എടുത്ത് കൊണ്ട് നടക്കുന്നു. കുട്ടി വല്ലാതെ വാശി പിടിക്കുന്നുണ്ട്.ഏകദേശം രണ്ടു വയസ്സ് കാണും.
കുട്ടി മുകളിലേക്ക് കൈകൊണ്ട് കാണിച്ചാണ് കരയുന്നത്.പിന്നീടുള്ള ദിവസങ്ങളിലും ഇത് തന്നെ കണ്ടിരുന്നു. അത് കാണുമ്പോൾ എന്തോ ഒരു വിഷമം. ഒരു ദിവസം മെല്ലെ താഴേക്കിറങ്ങി ചെന്നു, യുവതിയോട് ചിരിച്ചു,
ഏതായാലും ഇന്ത്യൻ യുവതി അല്ല.
എന്ത് പറ്റി കുഞ്ഞിനെന്ന് ചോദിച്ചപ്പോൾ അവള് നെറ്റിയിൽ തൊട്ടു പനിയനെന്ന് കാണിച്ചു.
കുഞ്ഞിൻ്റെ മുഖം കരഞ്ഞു വീർത്തിരിക്കുന്നു.
സൂക്ഷിച്ചു നോക്കുന്ന കണ്ടിട്ടാവാം യുവതി കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് കേറി പോയി.
മുകളിലേക്ക് നടന്നപ്പോൾ എന്തോ ഒരു വിഷമം. പെട്ടെന്നു വീടിനെ പറ്റി ഓർമ വന്നു. വെറുതെ ഇങ്ങനെ എന്ത് പ്രതീക്ഷിച്ചാണ് ഇവിടെ…..
രാത്രി ഏറെ വൈകിയിട്ടും ദീപു എത്തിയില്ല. അടുപ്പം ഒന്നും കാട്ടിയില്ലെങ്കിലും ഭർത്താവായി പോയില്ലേ .കാത്തിരിക്കുക തന്നെ. ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു.
പെട്ടെന്ന് താഴെ ഒരു അനക്കം. അരണ്ട വെളിച്ചമെ ഉള്ളൂ. സൂക്ഷിച്ചു നോക്കിയപ്പോൾ താഴെ കണ്ട യുവതിയും കൊച്ചും,കൂടെ ഒരാളും.കുട്ടി അയാളുടെ തോളിൽ
അത്…അത്…..ദൈവമേ……
വൈകിയാണ് ദീപു വന്നത്.മുഖത്ത് നല്ല ക്ഷീണം.”നീയെന്താ കിടക്കാത്തത്ത്?”ദീപു വലിയ തെളിവില്ലാതെ ആണ് ചോദിച്ചത്.
അത് കേൾക്കാത്ത പോലെ,തിരിച്ചൊരു ചോദ്യം ചോദിച്ചു
“ദീപു ഞാൻ തിരിച്ചു പോകട്ടെ? വല്ലാത്ത മടുപ്പ്…”
ഞാൻ” അന്വേഷിക്കാം” പറയുന്നതിനിടയിൽ മുഖമൊന്നു തെളിഞ്ഞോ??
രണ്ടു ദിവസത്തിനകം തിരിച്ചു പോകാനുള്ള സമ്മതം കിട്ടി.
ഇതിനിടയിൽ എന്തേലും ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല.
എടുക്കുവാൻ കൊണ്ടുവന്നതല്ലാതെ ഒന്നുമുണ്ടായിരുന്നില്ല.
കാറിൽ ഒപ്പം കയറാൻ തുടങ്ങിയ ദീപുവിൻ്റെ തടഞ്ഞു കൊണ്ട് ഇത്രേം പറഞ്ഞു. “ഞാൻ പോയ്കോളം,ദീപു പനിയുള്ള കുട്ടിയെ ഡോക്ടറെ കാണിക്കൂ.”
അന്തം വിട്ടു നോക്കുന്ന ദീപുവിൻ്റെ തിരിഞ്ഞു നോക്കാൻ മെനകെട്ടില്ല…..
എല്ലാം തീരട്ടെ,……നിറഞ്ഞ കണ്ണ് ഷോളിൻ്റെ തലപ്പത്ത് ഒപ്പി നിർത്തി.
വീട്ടിൽ എത്തിയപ്പോൾ രാത്രി ആയിരുന്നു.
പറയാതെ പെട്ടന്ന് തന്നെ തിരിച്ചു വന്നത് കണ്ട്,ദീപുവിൻ്റെ അച്ഛനും അമ്മയും പരിഭ്രാന്തരായി. “എന്ത് പറ്റി മോളെ,ഇത്ര പെട്ടന്ന്.നിനക്ക് അറിയിക്കാമായിരുന്നില്ലെ ഞാൻ വരുമായിരുന്നല്ലോ……”
ഏയ് സരമില്ലഛാ…അവിടെ ഒരു സുഖമില്ല നിങ്ങളൊക്കെ ഇവിടെ അല്ലേ.”
ചിരിച്ചു കൊണ്ട് അകത്തേക്ക് കേറി. കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു, എല്ലാവരും കൂടി ഭക്ഷണം കഴിച്ചു.
കിടക്കാനായി റൂമിലേക്ക് കയറിയതും അത് വരെ ഒതുക്കി വച്ചതൊക്കെ അണപൊട്ടി ഒഴുകി….എന്തിന്..അറിയില്ല.. കരയുന്നത് പോലും.അറിയാതെ ഒരു ചതിയിൽ പെട്ടുപോയി.
“നീ അവിടെ എത്തിയോ,?…..എന്നെ ശപിക്കരുത്,അവളും കുട്ടിയും ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല”…പൊറുക്കണം..ഫോണിൻ്റെ സ്ക്രീനിൽ ദീപുവിൻ്റെ മെസ്സേജ് തെളിയുന്നു.
അത്രയെങ്കിലും പറഞ്ഞല്ലോ…
സ്നേഹമോ ദേഷ്യമോ ദിപുവിനോടില്ല എന്നത് തന്നെ ഒരു ഭാഗ്യം
പിറ്റേന്ന് നേരം വെളുത്തപ്പോൾ ചില തീരുമാനങ്ങൾ ഉണ്ടായിരുന്നു.ഒന്ന് കുളിച്ചു വേഷം മാറി,വീട്ടിൽ നിന്നും തന്നു വിട്ട വസ്ത്രങ്ങളും ആഭരണങ്ങളും മാത്രം എടുത്തു വച്ചു.ഒന്നുകൂടി മനസ്സിനെ പാകപെടുതി പുറത്തിറങ്ങി.
പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛൻ അത്ഭുതത്തോടെ എഴുന്നേറ്റു.എന്തോ പന്തികേടു മണത്തെന്നപോലെ അടുക്കളയിൽ നിന്നും അമ്മയും വന്നു.
നീ എവിടേക്കാണ് മോളെ..അമ്മ കരച്ചിലിൻ്റെ വക്കത്ത് ആയി.
ഏയ് ,ഞാൻ പോവുകയാണ് അമ്മെ.
എന്തിന് ഞാൻ അവനെ ഒന്ന് വിളിക്കട്ടെ. അച്ഛൻ പെട്ടെന്ന് എണീറ്റു
ഏയ് വേണ്ട വിളിക്കേണ്ട ,നിങ്ങൾ രണ്ടാളും എനിക്കൊരു ഉപകാരം ചെയ്യണം. ദിപുവിന് അവിടെ ഭാര്യയും കുട്ടിയും ഉണ്ട്.നിങ്ങളെ പേടിച്ചാണ് അവൻ എന്നെ വിവാഹം കഴിച്ചത്.. ആ പെൺകുട്ടി വേറെ ഏതോ നാട്ടുകാരിയാണ്.അത് നിങൾ അംഗീകരിക്കില്ലെന്ന് തോന്നിക്കാണും.
അമ്മ കരയാൻ തുടങ്ങി.
“ഇല്ലമ്മെ അമ്മയുടെ മകൻ എനിക്കൊരു നഷ്ടവും വരുത്തിയിട്ടില്ല.അത് തന്നെ ഒരു നന്മ അല്ലേ? അവളെയും കുട്ടിയെയും ദീപുവിന് ജീവനാണ്. എനിക്കിനിയും ഒരു ജീവിതം ഉണ്ടാകുമല്ലോ പക്ഷേ ആ കുട്ടിക്ക് ദിപുവല്ലാതെ ആരും ഇല്ല.അമ്മ ഇതവൾക്ക് കൊടുക്കണം”
..ഇത്രയും പറഞ്ഞു താലിമാല ഊരി അമ്മയുടെ കയ്യിൽ കൊടുത്തു.
ഞെട്ടിത്തരിച്ചു നിൽകുന്ന അച്ഛനെയും അമ്മയെയും നോക്കാൻ കെല്പില്ലാതെ ആ വീടിൻ്റെ പടിയിറങ്ങി.
സ്വന്തം വീട്ടിൽ എന്ത് പറയും എന്നറിയാതെ……..