നീയത്ര ശീലാവതിയൊന്നും ചമയണ്ട….എന്ന വാക്കുകേട്ടാണ് രണ്ടുപേരും വാതിൽക്കലോട്ട് നോക്കിയത്….

വൈകിവന്ന വസന്തം

Story written by Nijila Abhina

=============

” കുറച്ചു നാളായി ഞാനിത് സഹിക്കാൻ തുടങ്ങീട്ട്… ഇനി വയ്യ എനിക്ക്….സഹിക്കണേന് ഒരു പരിധിണ്ട്…… “

പതിവില്ലാതെ ഇന്ദുവിന്റെ ശബ്ദം ഉയർന്നത് കേട്ട് കാര്ത്തിക് വല്ലാതെ അമ്പരന്നു.

“ഇന്ദു നീയൊന്നു പതുക്കെ പറ അമ്മ കേൾക്കും. എന്താ നിന്റെ പ്രശ്നം, കാര്യം പറ നീ നമുക്ക് പരിഹാരംണ്ടാക്കാം.. “

“കേൾക്കട്ടെ കേൾക്കാൻ വേണ്ടിത്തന്നാ ഈ പറയണേ. ഏട്ടൻ എന്ത് പരിഹരിക്കാo ന്നാ ഈ പറയുന്നേ, അങ്ങനൊരു കഴിവ് എന്റെ കേട്ടിയോനുണ്ടാരുന്നെങ്കിൽ എനിക്കിപ്പോ ഇത് പറയണ്ടി വരില്ലല്ലോ “

” ഇന്ദു ഒന്ന് പതുക്കെ… നിനക്കിവിടെ എന്തിന്റെ കുറവ്‌ണ്ടായിട്ടാ.. “

“എനിക്കൊരു കുറവൂല്ല കൊട്ടാരം പോലുള്ള വീട് ഭക്ഷണം വസ്ത്രം എല്ലാമുണ്ട് ഇല്ലാത്ത ഒന്നേള്ളൂ മനസമാധാനം……. “

“ആരൂല്ലാത്തോളൊന്നും അല്ല ഞാനും. നിലവിളക്ക് നൽകി എന്നെയമ്മ കൈപിടിച്ച് കയറ്റിയപ്പോൾ ചെറുപ്പത്തിലെപ്പഴോ നഷ്ടായ അമ്മയെ തിരിച്ചു കിട്ടീന്നു കരുതി ഞാനൊരുപാട് സന്തോഷിച്ചിരുന്നു….

അമ്മയില്ലാത്ത വീട്ടില് ഒറ്റയ്ക്കാക്കി പോന്ന എന്റനിയത്തിയേ പോലല്ലെ എട്ടന്റെ മായ മോളെ ഞാൻ കണ്ടത്……..

എന്നിട്ടോ…… വന്ന നാളു മുതൽ ഒരു ശത്രുവായിട്ടാ എന്നെയവരു കാണുന്നേ…. സഹിച്ചില്ലേ ഞാനീ ഒമ്പത് വർഷം. ക്ഷെമിച്ചില്ലേ ഞാനിത്ര നാളും…..

ഏട്ടനോരിക്കലെങ്കിലും,,,പോട്ടെ ഇന്ദു നിനക്ക് ഞാനില്ലേന്ന് പറഞ്ഞാൽ മതിയാരുന്നു….. എന്റെ എല്ലാ സങ്കടങ്ങളും മാറിക്കിട്ടുമായിരുന്നു…… ഒരുപാട് സങ്കടത്തോടെ കയറി വരുമ്പോ ചേർത്തോന്ന് പിടിച്ചാൽ മതിയാരുന്നു… എന്നിട്ടും ഏട്ടനും എന്നെ അവഗണിച്ചില്ലേ……

ഇന്ദുവിന്റെ ഇടറിയ വാക്കുകൾ കേട്ട് കാര്ത്തിക്കിന്റെ തല താഴ്ന്നു….. അവന്റെ മുഖത്ത് വേദന തളം കെട്ടിക്കിടന്നിരുന്നു…..

“ഞാനെന്താ ഏട്ടാ ആണുങ്ങളെ വശീകരിക്കാൻ നടക്കാണോ…. അമ്മയുടെ ഓരോ വാക്കുകൾ കേട്ടാൽ തൊലിയുരിഞ്ഞു പോകും…… “

“നീയത്ര ശീലാവതിയൊന്നും ചമയണ്ട ” എന്ന വാക്കുകേട്ടാണ് രണ്ടുപേരും വാതിൽക്കലോട്ട് നോക്കിയത്….

” ഞാൻ പറയുന്നതിനാണോടി കുഴപ്പം…. നീ കഴിഞ്ഞ വ്യാഴാഴ്ച എവിടെ പോയതാടി ഒരുമ്പെട്ടോളെ…..

“ചോദിക്കെടാ നിന്റെ ഭാര്യയോട്‌……. “

“അമ്മേ അവളവൾടെ വീട്ടിൽ പോയതല്ലേ….ഞാനല്ലേ അവളെയിന്നലെ തിരിച്ചു കൂട്ടിക്കൊണ്ടു വന്നത്……?”

“അത് നീ തന്നെ ചോദിക്ക് ഭാര്യയോട്‌…. അല്ലേ നീ തന്നെ പറയെടി എവിടെപ്പോയീന്ന്….നീ ഇവിടുന്നു പോയ ദിവസം തന്നെ ഞാൻ നിന്റെ വീട്ടിലേക്ക് വിളിച്ചാരുന്നു….. പിറ്റേ ദിവസവാ നീയവിടെ എത്തിയേന്ന് ഞാനറിഞ്ഞു….. “

വിശ്വാസം വരാത്ത പോലെ കാര്ത്തിക് ഇന്ദുവിനെ തുറിച്ചു നോക്കി…..

” അപ്പോ നീയും എന്നെ ചതിക്കുവായിരുന്നല്ലേ…..? “

“കൊല്ലും നിന്നെ ഞാൻ…. “

വല്ലാത്തൊരു ഭാവത്തോടെ അവൻ ഇന്ദുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു….

“എടാ വിടെടാ അവളെ. എന്തേലും സംഭവിച്ചാൽ എനിക്ക് വയ്യ സമാധാനം പറയാൻ…..”

മിണ്ടരുത് നിങ്ങള്. ഇറങ്ങി പോയ്ക്കോണം..ദേഷ്യത്തോടെ അമ്മയെ പുറത്താക്കി കാര്ത്തിക് വാതില് വലിച്ചടച്ചു…

“തീർന്നോ പരാക്രമം…. പരിഹാസത്തോടെയുള്ള ഇന്ദുവിന്റെ ചോദ്യം കേട്ട് അവൻ തിരിഞ്ഞ് നോക്കി……

“എല്ലാ സ്ത്രീകളും ഒരുപോലെയാവും എന്ന അമ്മേടെം നിങ്ങടെo ചിന്താഗതിയുണ്ടല്ലോ…. അത് തെറ്റാണേട്ടാ…. എല്ലാ സ്ത്രീകളും ഭർത്താവിനെ ഉപേക്ഷിച്ചു പോകുന്നവരല്ല….. അവൾ പരിഹാസത്തോടെ തുടര്ന്നു….. ഞാൻ കഴിഞ്ഞാഴ്ച എവിടെ പോയതാന്നല്ലേ അറിയണ്ടത്…… ?”

“സ്ഥലം പറഞ്ഞാൽ അറിയാരിക്കും ഒരുപക്ഷേ എന്നേക്കാൾ കൂടുതലായി…..’പാലക്കാട്‌ ‘…. “

ഞെട്ടലോടെ മുഖമുയർത്തിയ കാര്ത്തിക്കിനെ നോക്കി ഇന്ദു തുടര്ന്നു….

“ഞെട്ടണ്ട… എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ ഏട്ടനെ സ്നേഹിച്ചത്…. പക്ഷെ ഒരിക്കലെങ്കിലും എന്നോടത് തുറന്ന് പറയുംന്ന് കരുതി….. ഏട്ടന്റെ മനസിലെ കുറ്റബോധം എനിക്ക് നന്നായി മനസിലാവുന്നുണ്ടായിരുന്നു… അതാ ഞാനിത്ര നാളും ഒന്നും ചോദിക്കാതിരുന്നത്.. ”

“വിവാഹശേഷം ഉള്ള ഏട്ടന്റെയും അമ്മേടെം പെരുമാറ്റം എനിക്ക് സംശയം ഉണ്ടാക്കിയിരുന്നു.. അപ്പഴാ ഞാൻ അമ്മായിയോട് ചോദിച്ചത്….. എല്ലാം പറഞ്ഞ കൂട്ടത്തിൽ അമ്മായി ഒന്നൂടെ പറഞ്ഞിരുന്നു… നീ കൂടി ഇനി അവനെ വിഷമിപ്പിക്കല്ലേ മോളെ തകർന്നു നിക്കുവാ ആ പാവംന്ന്…… “

കാര്ത്തിക്കിന്റെ മനസ്സ് വർഷങ്ങൾ പിന്നിലേക്ക്‌ ഓടി…..

പെണ്ണ് കാണാൻ പോയപ്പോൾ ദീപയുടെ വീട്ടുകാര്ക്ക് ഒരേയൊരു കണ്ടിഷനേ ഉണ്ടായിരുന്നുള്ളൂ ഒരു മാസത്തിനുള്ളിൽ വിവാഹം വേണം എന്ന്…

അച്ഛനില്ലാത്ത വീട്ടിലെ ഒറ്റ മകൾ…. വളരെ പെട്ടെന്നായിരുന്നു ചടങ്ങുകളെല്ലാം….

വീട്ടിലും നാട്ടിലും ദീപ പെട്ടെന്ന് തന്നെ എല്ലാവരെയും കയ്യിലെടുത്തു… അമ്മയ്ക്കവൾ മരുമകളായിരുന്നില്ല മകൾ തന്നെയായിരുന്നു… ജോലിയുടെ ആവശ്യത്തിനായി മാസങ്ങളോളം മാറി നിന്നപ്പോഴും അവളായിരുന്നു അമ്മയ്ക്കൊരു കുറവും വരുത്താതെ നോക്കിയത്…

സന്തോഷത്തിനു മാറ്റു കൂട്ടാനായി കിച്ചു മോളു കൂടി വന്നതോടെ അതൊരു സ്വർഗം ആവുകയായിരുന്നു….

പക്ഷെ എപ്പോഴാണ് തങ്ങളുടെ കണക്കു കൂട്ടലുകൾ തെറ്റിയത്…. തന്ന സ്നേഹവും പ്രവൃത്തികളുമെല്ലാം നാടകമായിരുന്നെന്ന് തിരിച്ചറിയാൻ വെറും ആറു മാസം മാത്രം പ്രായമുള്ള മോളെയുമെടുത്ത് അവൾ മറ്റൊരാളോടോപ്പം പോയി എന്ന വാർത്ത‍ കേൾക്കേണ്ടി വന്നു…..

നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസവും കുത്ത് വാക്കുകളും…. അന്വേഷിച്ചപ്പോഴറിഞ്ഞു നേരത്തെ ഉണ്ടായിരുന്ന ബന്ധമായിരുന്നു. ഇതൊഴിവാക്കാനായിരുന്നു പെട്ടെന്നുള്ള വിവാഹം പോലും എന്ന്…. അതോടെയെന്റെ സമനില തെറ്റുകയായിരുന്നു…..

നാടും വീടും വിട്ട് ഇങ്ങോട്ട് പോരുമ്പോൾ പ്രതീക്ഷകൾ ഒന്നും തന്നെ ഇല്ലായിരുന്നു…. ബ്രോക്കർ വഴി ഇന്ദുവിന്റെ ആലോചന വന്നപ്പോൾ അമ്മയ്ക്കൊരു പിടിവള്ളി കിട്ടിയത് പോലെയായിരുന്നു….

ഒരുപാടെതിർത്തെങ്കിലും അവസാനം തനിക്ക് സമ്മതിക്കേണ്ടി വന്നു….അവളോടെല്ലാം തുറന്ന് പറയണമെന്ന് പലപ്പോഴും കരുതിയതാണ്….. ഈ സ്നേഹം കൂടി നഷ്ടപ്പെടുമോ എന്ന ചിന്തയാണ് അതിൽ നിന്നും പിന്തിരിപ്പിച്ചത്….

പക്ഷെ ഇന്ദുവിന്റെ സ്നേഹം അമ്മയെപ്പോഴും സംശയത്തോടെയാണ് നോക്കിക്കണ്ടത്…. എന്തിനും ഏതിനും കുറ്റം…. പലപ്പോഴും അമ്മയെ തിരുത്താൻ നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം.

“ഏട്ടാ ഞാൻ പറഞ്ഞത് വിഷമായോ…. നിക്കറിയാം ഏട്ടന്റെ മനസ്സ്…. ഒരുപാട് സ്നേഹിച്ചത് കയ്യിൽ നിന്നും വഴുതിപ്പോയാൽ ഉള്ള അവസ്ഥ…. കിച്ചു മോളെ വിളിച്ച് ഏട്ടൻ പലപ്പോഴും രാത്രിയിൽ കരയുന്നത് ഞാൻ കേട്ടിട്ടുണ്ട്….. “

“ഏട്ടൻ ചോദിച്ചില്ലേ ഞാനെവിടെ പോയതാന്ന് ….. ഞാൻ കിച്ചു മോളെ കാണാൻ പോയതാ… അവളിപ്പോ ദീപയുടെ വീട്ടിലുണ്ട്….

“കിച്ചു മോളോ……?

“നീ……………. “

” നീ കണ്ടോ ഇന്ദു എന്റെ കുഞ്ഞിനെ….?”

” എന്നിട്ട്……………….?”

കാര്ത്തിക്കിന്റെ ശ്വാസഗതി ഉച്ചത്തിലായി…….

“പറയാം ഏട്ടാ… ദീപ തിരിച്ചു വന്നിട്ട് രണ്ട് വർഷത്തോളമായി… മോളെ വീട്ടിൽ ഏല്പ്പിച്ചിട്ട് ഒരച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുമിച്ചു കിട്ടി വളരേണ്ട അവൾ ഇന്നു തനിച്ചാണ് ഏട്ടാ “

“അവൾ………………….”

“അവൾ…..? എന്തുപറ്റി ഇന്ദൂ അവൾക്ക്……എനിക്കറിയണം എന്റെ കുഞ്ഞിന് എന്താ പറ്റിയേന്ന് “

ക്രോധവും വിഷാദവും താങ്ങാനാവാതെ കാർത്തിക് വീണ്ടും അവളുടെ തോളിൽപ്പിടിച്ചു കൊണ്ട് കുലുക്കിക്കൊണ്ട് വീണ്ടുമാ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു

നീണ്ടൊരു മൗനത്തിനു ശേഷം ഇന്ദുവിന്റെ നിറകണ്ണുകളിൽ നിന്നും ജലധാരയൂർന്നിറങ്ങി അവൾ കാർത്തിക്കിന്റെ ചോദ്യത്തിനു മറുപടിയെന്നോണം പറഞ്ഞു

“ഏട്ടാ കിച്ചു………..”

“കിച്ചു സൂയിസൈഡ് അറ്റംപ്റ്റ് ചെയ്തു”

കേട്ടത് വിശ്വസിക്കാനാവാതെ അവനവളെ നോക്കി….

“എല്ലാ മാസവും ഞാൻ വീട്ടിൽ പോണത് എട്ടനറിയില്ലേ……? “

“പക്ഷെ ഞാൻ പോയിരുന്നത് മോളെ കാണാനായിരുന്നു….. “

” ഇന്ദു…. നീയെന്നോട്‌ ക്ഷമിക്കണം ഒരു നിമിഷത്തേക്കെങ്കിലും ഞാൻ നിന്നെ സംശയിച്ചല്ലോ ….”

“മാപ്പ്……… എനിക്കിതൊന്നും അറിയില്ലായിരുന്നു ഇന്ദൂ…. “

ഇന്ദുവിനു നേരെ കൂപ്പിയ കൈകൾ ചേർത്തു പിടിച്ചവൾ പറഞ്ഞു…

“ഏട്ടനെന്നെ ഇപ്പോഴെങ്കിലും മനസിലാക്കിയല്ലോ അതുമതിയെനിക്ക്……. ” അവളുടെ കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണുനീരിന്റെ സത്യം വൈകിയാണെങ്കിലും കാർത്തിക് തിരിച്ചറിയുന്നുണ്ടായിരുന്നു തന്റെ പ്രിയപ്പെട്ടവരെ തന്നേക്കാളേറെ സ്നേഹിക്കുന്നവളെ താനവഗണിക്കുകയായിരുന്നെന്നറിഞ്ഞപ്പോൾ കുറ്റബോധത്താലയാളുടെ ഉള്ളം നീറിക്കൊണ്ടിരുന്നു.

ഇന്ദു പതിയെ അവന്റെ അരികിലേക്കു ചേർന്നിരുന്നു മൗനം പൂണ്ടു തലകുനിച്ചിരുന്ന കാർത്തിക്കിന്റെ മുഖമുയർത്തിക്കൊണ്ടവൾ അവനോടായ് മൊഴിഞ്ഞു

“ഏട്ടാ കിച്ചുവിനെ നമുക്ക് കൊണ്ടുവരണം ആരുമില്ലാതെ വളരേണ്ടവളല്ല അവൾ, ഏട്ടന്റെ മോളെന്നു പറഞ്ഞാൽ എന്റെ കൂടി മോളാ. നമുക്ക് നമ്മുടെ മകളായി വളർത്താമവളെ ” എന്നു ഇന്ദു പറഞ്ഞപ്പോൾ അഭിമാനം കൊണ്ടവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

പൊട്ടിക്കരഞ്ഞുകൊണ്ടവനവളെയവൻ മെല്ലെ മാറോടു ചേർത്തു

ഇടറിയ ശബ്ദത്തോടു കൂടി “വേണo ” എന്നു പറയുമ്പോഴും മനസ്സിൽ ആയിരമാവൃത്തി തന്റെ പ്രിയതമയോട് മാപ്പു പറഞ്ഞു കഴിഞ്ഞിരുന്നു അയാൾ.

By Nijila abhina