മക്കളെയോർത്തപ്പോൾ അവരുടെ ഹൃദയം നീറുകയായിരുന്നൂ. കണ്ണുനീർ കവിളിലൂടെ പെയ്തിറങ്ങി….

കനൽ

Story written by Aparna Nandhini Ashokan

==========

തന്റെ കഴുത്തിൽ താലിചാർത്തിയവന്റെ ശരീരം തു ളഞ്ഞ് പുറത്തുവരുന്ന രക്തം നോക്കി നിർവികാരയായി ദിവ്യ ഇരുന്നൂ.

“അമ്മേ..അച്ഛയ്ക്ക് എന്താപറ്റിയേ അമ്മയുടെ കൈയിലെല്ലാം ചോരയായീലോ”

പത്തു വയസ്സുക്കാരൻ മകൻ അലറിക്കരയുന്നുണ്ട്. അവൻ കരയട്ടെ. അവന്റെ അച്ഛനല്ലേ മരിച്ചത്. അവനല്ലാതെ വേറെയാര് കരയാനാണ്. ദിവ്യ തന്റെ മകന്റെ മുടിയിഴകളിൽ തലോടി. അവളുടെ കണ്ണുകൾ മുറിയിലാകെ പരതി. മകൾ മുറിയുടെ മൂലയിൽ ചുമരിനോട് ചേർന്നിരിക്കുന്നുണ്ട്. ഒരിറ്റു കണ്ണുനീർ പുറത്തേക്കു വരുന്നില്ലെങ്കിലും തന്റെ മകളുടെ ഉള്ളിൽ അലയടിക്കുന്നതൊരു കടലാണെന്ന്  ഒറ്റനോട്ടത്തിൽ ദിവ്യക്ക് തോന്നി.

പാവം എന്റെ കുഞ്ഞുങ്ങൾ. അവരുടെ അച്ഛനെ അമ്മ കൊന്നുകളഞ്ഞൂ. അടുത്ത നിമിഷം മുതൽ അവർക്ക് ഈ അമ്മയും കൂടെയുണ്ടാവില്ല. അവർ അനാഥരാവുകയാണ്. ദിവ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

മകന്റെ അലറിക്കരച്ചിൽ കേട്ട് അയൽപ്പക്കത്തുള്ളവർ ഓടിവരുന്നുണ്ട്. അൽപസമയത്തിനകം ആ വീടും പരിസരവും ജനക്കൂട്ടം നിറഞ്ഞൂ. വന്നവരിൽ പലരും ആ രംഗം കണ്ട് അലറിക്കരഞ്ഞൂ , ചിലർ പേടിച്ച് നീങ്ങി പോയി, മറ്റുചിലർ പലതും അടക്കം പറഞ്ഞുകൊണ്ട് കൂട്ടംകൂടി നിന്നൂ.

പോലീസും വാർത്താമാധ്യമങ്ങളും എത്തി. പല കഥകളും കൂട്ടിചേർത്ത് മാധ്യമങ്ങൾക്കിനി കുറച്ചുദിവസങ്ങൾ ആഘോഷിക്കാലോ.അവർആഘോഷിക്കട്ടെ. പോലീസ് വിലങ്ങുവെച്ചു കൊണ്ടു പോകുമ്പോൾ രക്തം ഉണങ്ങി പിടിച്ചിരിക്കുന്ന തന്റെ കൈകളെ നോക്കി അവർ നിസ്സംഗതയോടെ ചിരിച്ചൂ.

********************

“ഭർത്താവിന്റെ തുടർച്ചയായ ദേഹോപദ്രവം കാരണമാണോ നിങ്ങൾ അയാളെ കൊലപ്പെടുത്തിയത്. കൊലപാതകം ചെയ്യാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ ??”

തനിക്കഭിമുഖമായി ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ നോക്കി അവർ ഇല്ലെന്ന അർത്ഥത്തിൽ തലചെരിച്ചൂ.

“നിങ്ങളിങ്ങനെ മിണ്ടാതിരുന്നാലെങ്ങനെയാ. കാര്യങ്ങൾ തുറന്നു പറയൂ..”

“അയാൾ ദിവസവും കുടിച്ചുവന്ന് എന്നെയും കുഞ്ഞുങ്ങളെയും ഉപദ്രവിക്കും സാറേ..വീട്ടിലെന്നും വഴക്കാണ്. അയലത്തുക്കാർക്കെല്ലാം അയാളുടെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടു ഞങ്ങളെ വീടിനുള്ളിലിട്ട് എത്ര ഉപദ്രവിച്ചാലും ആരും അന്വേഷിച്ചു വരികയില്ല. അയാളുടെ ഉപദ്രവം കാരണം പലതവണ ഞാൻ ആശുപത്രിയൽ കിടന്നിട്ടുണ്ട്. കേറിചെല്ലാൻ മറ്റൊരിടം ഇല്ലാത്ത കാരണം രണ്ടു കുഞ്ഞുങ്ങളുമായി എനിക്ക് ആ വീട്ടിൽ തന്നെ ജീവിക്കേണ്ടി വന്നത്.

വൈകീട്ട് ഉണ്ടായ വഴക്കിനിടയിൽ അയാളെന്നെ കഴുത്തിൽ കുത്തിപിടിച്ച് കൊല്ലാൻ ശ്രമിച്ചൂ. മരണവെപ്രാളത്തിൽ കൈയിൽ കിട്ടിയതെടുത്ത് അയാളുടെ വയറ്റിൽ കുത്തിയാതാണ്. കൊല്ലണമെന്നു വെച്ച് ചെയ്തതല്ല സാറേ..ഞാൻ കൂടി അവർക്കൊപ്പം ഇല്ലെങ്കിൽ എന്റെ കുഞ്ഞുങ്ങൾ അനാഥരായി പോകും..”

മക്കളെയോർത്തപ്പോൾ അവരുടെ ഹൃദയം നീറുകയായിരുന്നൂ. കണ്ണുനീർ കവിളിലൂടെ പെയ്തിറങ്ങി.

“കോടതിയിൽ നിന്ന് ശിക്ഷക്ക് ഇളവ് കിട്ടാൻ സാധ്യതയുണ്ട് ദിവ്യ..മക്കളെയോർത്തു വിഷമിക്കേണ്ട. അവരെ ഏറ്റെടുത്ത് സംരക്ഷിക്കാൻ സർക്കാർ സ്ഥാപനങ്ങളുണ്ട് ഇവിടെ. നാളെ നിങ്ങളെ കോടതിയിൽ ഹാജരാക്കും. അതിനു മുൻപ് നിങ്ങളെ വീട്ടിലേക്ക് ഒന്നുകൂടി കൊണ്ടു പോകേണ്ടതുണ്ട്..”

“എനിക്കെന്റെ കുഞ്ഞുങ്ങളെ ഒന്നുകൂടി കാണാൻ പറ്റുമോ സാറേ..എന്റെ മോൾക്ക് പതിനഞ്ചു വയസ്സായി. അവള് വയ്യാത്ത കുട്ടിയാണ്. ഓട്ടിസം ആണെന്നാ ഡോക്ടറ് പറഞ്ഞത്. ഞാനില്ലാതെ അവളെങ്ങനെ മുന്നോട്ട് ജീവിക്കുമെന്ന് എനിക്കറിയില്ല സാറേ..മോളുടെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്തു കൊടുക്കണമായിരുന്നൂ..”

“നിങ്ങൾ കരയാതിരിക്കൂ. നാളെ കുട്ടികളെ കാണാനുള്ള അവസരം ഉണ്ടാക്കാം..”

*************************

ഒരുകൂട്ടം പോലീസുക്കാരുടെ അകമ്പടിയോടെ ദിവ്യ വീട്ടിലേക്ക് എത്തി. ഭർത്താവിനെ കൊന്നവളെ കാണാൻ നാട്ടിലെ ജനങ്ങളെല്ലാം തടിച്ചു കൂടിയിരുന്നൂ..

വർഷങ്ങൾക്കു മുൻപ് നിലവിളക്കെടുത്ത് താൻ വലതുക്കാൽ വെച്ചു കയറി വന്ന വീടാണ്. ഇന്ന് ആ താലികെട്ടിയവനെ കൊന്നതിന് വിലങ്ങു വെച്ച കൈകളുമായിട്ടാണ് വീട്ടിലേക്ക് കയറുന്നത്

ഓർക്കും തോറും ഒരു നിലവിളി അവളിൽ ഉയർന്നുവന്നു. അവർ ഭ്രാന്തിയേ പോലെ ജനക്കൂട്ടത്തെ നോക്കി അലറിക്കരഞ്ഞൂ

“ഇപ്പോ എന്താ അവളുടെയൊരു കരച്ചിൽ..എത്ര കുടിയനാണെന്നു പറഞ്ഞാലും ഭർത്താവല്ലേ. അവളുടെ പിള്ളേരുടെ അച്ഛനല്ലേ കൊന്നുകളയാൻ എങ്ങനെ മനസ്സുവന്നൂ ആ മുധേവിക്ക്..”

“ആർക്കറിയാം ആ പിള്ളേര് അയാളുടെ തന്നെയാണോന്ന്. ഭർത്താവ് വീടു നോക്കുന്നില്ലെന്ന് പറഞ്ഞ് നേരം വെളുക്കുമ്പോൾ തന്നെ അവള് ഒരുങ്ങിക്കെട്ടി പണിക്കാണെന്ന് പറഞ്ഞ് ഇവിടെന്ന് പോയീട്ട് വൈകീട്ടല്ലേ മടങ്ങിയെത്താറുള്ളത്”

“അവള് പെ ഴയാണ്..അല്ലെങ്കിൽ ഒരുകാര്യവും ഇല്ലാതെ അവൻ എന്നും കുടിച്ചു വന്ന് അവളെ തല്ലിചതക്കോ. പാവം അയാള് മനസ്സിലെ വിഷമം കൊണ്ടാവും  കള്ളു കുടിച്ചിരുന്നത്. അവളുടെ മനസ്സ് ദുഷിച്ചതായോണ്ടു തന്നെയാ ആ മൂത്ത പെൺകൊച്ച് മന്ദബുദ്ധിയായി പോയത്..”

കൂട്ടം കൂടി നിന്ന ജനക്കൂട്ടം ഇങ്ങനെ പലതും അടക്കം പറഞ്ഞുകൊണ്ടേയിരുന്നൂ. വീട്ടിലേക്കു കയറുന്നതിനിടയിൽ ചിലർ പറയുന്നതെല്ലാം ദിവ്യ കേൾക്കുകയും ചെയ്തൂ.

അവൾ ഓർത്തൂ , ദിവസങ്ങൾക്കു മുൻപ് ഭർത്താവ് അടിച്ചുപൊട്ടിച്ച തന്റെ നെറ്റിയിൽ തടവി സഹതപിച്ച് കരയുകയും തന്റെ ഭർത്താവിനെതിരെ ശാപവാക്കുകൾ ചൊരിയുകയും ചെയ്ത അയൽക്കാരി ചേച്ചിയാണ് ഇപ്പോൾ തന്റെ ഭർത്താവ് പാവമാണെന്നും താൻ പി ഴച്ചവളാണെന്നും പ്രസ്താവിക്കുന്നത്. ഈ വീട്ടിൽ അയാളുടെ തല്ലുകൊണ്ട് ഞാനും മക്കളും നിലവിളിക്കുന്ന സമയത്ത് അയാളെ പേടിച്ച് തിരിഞ്ഞു നോക്കാത്തവർക്കെല്ലാം മരിച്ചു കഴിഞ്ഞപ്പോൾ അയാളോട് സഹതാപം. അവൾക്ക് ആ സമൂഹത്തോട് പുച്ഛം തോന്നി.

“സാറേ എനിക്കെന്റെ മോളോട് തനിച്ചു സംസാരിക്കണം”

“തെളിവെടുപ്പും മറ്റു നടപടികളും കഴിയട്ടെ ദിവ്യ അതുകഴിഞ്ഞാൽ അവസരമുണ്ടാക്കാം കുഞ്ഞുങ്ങളെ കൊണ്ടുവരാൻ ഏർപ്പാടാക്കിയിട്ടുണ്ട്. തന്റെ മോളുടെ അവസ്ഥയെ മാനിച്ചാണ് എല്ലാം ചെയ്യുന്നത്. ഇങ്ങനെയൊന്നും പാടില്ലാത്തതാണ്..”

“ഒത്തിരി നന്ദിയുണ്ട് സാറേ”

കുറച്ചുസമയത്തിനകം ദിവ്യയെ ഇരുത്തിയിരിക്കുന്ന മുറിയിലേക്ക് മക്കളുമായി പോലീസ് കടന്നുവന്നു. തന്റെ മക്കളെ കണ്ടപ്പോൾ ആ അമ്മമനസ്സ് നീറുകയായിരുന്നൂ. അവൾ കരഞ്ഞുകൊണ്ട് ഇരുവരെയും കെട്ടിപിടിച്ചു

“അയ്യോ എനിക്ക് ഇവരെ പേടിയാ എന്റെ അച്ഛയെ കൊന്നവരാ ഞങ്ങളെയും ഇവര് കൊല്ലും”

രക്തം തെറിച്ച അമ്മയുടെ മുഖവും കൈകളുമായിരുന്നു ആ കുഞ്ഞിന്റെ  മനസ്സിൽ നിറയെ.

ഇന്നലെ വരെ തന്റെ മാറിലെ ചൂടുപറ്റി കിടന്ന മകനാണ് ഇന്ന് തന്നെ ഭയക്കുന്നത്. അവൻ കരയുന്ന ശബ്ദം ചെന്നു തുളയ്ക്കുന്നത് തന്റെ ആത്മാവിലേക്കാണ്. ദിവ്യ കണ്ണുകൾ ഇറുകെ അടച്ചൂ. കുട്ടിയുടെ കരച്ചിൽ കൂടി വന്നപ്പോൾ വനിതാകോൺസ്റ്റബിൾ വന്ന് അവനെ വിളിച്ചു മുറിയ്ക്കു പുറത്തിറങ്ങി. വാതിൽ ചാരിയിട്ടു

ദിവ്യ തന്റെ മകളെ ചേർത്തു പിടിച്ചൂ. അധികം സംസാരിക്കാനാവില്ലെങ്കിലും അവളുടെ അമ്മയെന്ന വിളി കേൾക്കാൻ അവരുടെ ഹൃദയം തുടിച്ചു.

“അമ്മേ..”

ഇടറിയ സ്വരത്തിലുള്ള മോളുടെ വിളികേട്ടപ്പോൾ അവൾ മകളെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ച് ഉറക്കെ കരഞ്ഞൂ.

പെട്ടന്ന് തന്റെ മകൾ ഇട്ടിരുന്ന ഉടുപ്പിന്റെ മുൻഭാഗത്തേക്ക് തൊട്ടുകാണിക്കുന്നത് ദിവ്യ ശ്രദ്ധിച്ചൂ. സാധാരണ മൂ ത്രമൊഴിക്കാൻ തോന്നുമ്പോഴാണ് മോളങ്ങനെ ചെയ്യാറുള്ളതെന്ന് ദിവ്യ ചിന്തിച്ചൂ. പക്ഷേ തന്റെ കുഞ്ഞിന്റെ കണ്ണുനിറയുന്നതു കണ്ടപ്പോൾ എന്തോ ഒന്ന് ഓർത്തപോലെ അവൾ  ഉടുപ്പ് ഉയർത്തിപിടിച്ച് മോളുടെ സ്വകാര്യഭാഗങ്ങൾ സൂക്ഷ്മതയോടെ നോക്കാനാരംഭിച്ചൂ. അവിടെ ചെറിയതോതിൽ ചോര പൊടിഞ്ഞത് കണ്ടപ്പോൾ തൊണ്ടകുഴിയിലൊരു കരച്ചിൽ വന്നു തടയുന്നത് പോലെ ദിവ്യക്കു തോന്നി.

അവർ തന്റെ മകളെ ഇറുക്കിപിടിച്ച് കരഞ്ഞൂ.

“അമ്മേടെ പൊന്നുമോളെ രക്ഷിക്കാൻ വേണ്ടിയല്ലേ അമ്മയാ ദുഷ്ടനെ ഇന്നലെ കൊന്നുകളഞ്ഞത്. ഇനിയെന്റെ മോളെ അയാള് ഒന്നും ചെയ്യില്ലാലോ”

പതിവിലും നേരത്തെ പണി കഴിഞ്ഞു വീട്ടിലേക്കു കയറുമ്പോഴാണ് മുറിയിൽ നിന്ന് മോളുടെ ഏങ്ങൽ കേട്ടത്. സാധാരണ മോൾക്കു കൂട്ടിരിക്കാൻ അടുത്തവീട്ടിലെ വല്യമ്മയെ ഏൽപിക്കാറുണ്ട്. ഇന്ന് അവരെ ഉമ്മറത്തൊന്നും കാണാനില്ലെന്ന് ദൂരെനിന്നേ മനസ്സിലായപ്പോൾ നെഞ്ചൊന്നു പിടച്ചതാണ്. ഇതിപ്പോ മോളുടെ കരച്ചിലും കേൾക്കാനുണ്ട്. ധൃതിയിൽ ഓടിചെന്നു നോക്കുമ്പോൾ അയാളെന്റെ കുഞ്ഞിനെ തെരുവുനായയെ പോലെ കടിച്ചുകീറുകയാണ്. അയാളുടെ ശരീരഭാരം കൊണ്ട് ശ്വാസം കിട്ടാതെ പിടയുന്ന തന്റെ മോളെ കണ്ടപ്പോൾ മറ്റൊന്നും ഓർത്തില്ല പുല്ലരിയാൻ കൊണ്ടുപോയ കത്തിവെച്ച് അയാളുടെ വയറുനോക്കി കുത്തിക്കീറി ഒരുവട്ടമല്ല പലതവണ..

പക്ഷേ തന്റെ മോള് സ്വന്തം അച്ഛനാൽ പീ ഡിപ്പിക്കെട്ടവളാണെന്ന് ഈ ലോകം ഒരിക്കലും അറിയില്ല. വാർത്താ മാധ്യമങ്ങൾക്ക് വലിച്ചുകീറാനും കൊട്ടിഘോഷിക്കാനും എന്റെ മോളെ വിട്ടുകൊടുത്തുക്കൊണ്ട് തനിക്ക് ശിക്ഷയ്ക്കൊരു ഇളവും കിട്ടേണ്ട. പോലീസിനോടു നടന്നതൊന്നും പറയാതിരുന്നതും അതുകൊണ്ടാണ്.

തനിക്ക് സംഭവിച്ചത് എന്താണെന്നു അറിയാനുള്ള ബുദ്ധി എന്റെ കുഞ്ഞിനില്ലാതെ പോയതു നന്നായി. ഒന്നുമറിയാതെ അവൾ വളരട്ടെ തന്റെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങും വരെ അവൾക്ക് ആപത്തൊന്നും സംഭവിക്കാതിരിക്കട്ടെ.ദിവ്യ തന്റെ കുഞ്ഞിനെ തുടരെ ചുംബിച്ചു. എണീറ്റ് പോലീസുക്കാർക്കൊപ്പം പുറത്തേക്ക് നടന്നൂ

പുറത്ത് എത്തിയപ്പോൾ പോലീസ് അയൽക്കാരുടെ മൊഴിയെടുക്കുന്നതു കണ്ടു

“ആ ചെക്കൻ ക ള്ളുകുടിക്കുമെന്നേ ഉള്ളൂ. പാവമായിരുന്നു സാറേ. വയ്യാത്ത കുട്ടിക്കാണെന്ന് പറഞ്ഞ് ഇടയ്ക്കെല്ലാം മിഠായിയൊക്കെ വാങ്ങിച്ച് കൊണ്ടുവരുന്നത് ഞാൻ കാണാറുണ്ട്..”

അയൽക്കാരിയുടെ സംസാരം കേട്ട് ദിവ്യയുടെ ചുണ്ടിലൊരു വരണ്ടപുഞ്ചിരി ഉണ്ടായി.

ഇന്നലെ മരിച്ചുവീഴുമ്പോൾ അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഏതാനും മിഠായികൾ നിലത്തേക്ക് വീണിരുന്നെന്ന് അവൾ ഓർത്തൂ. മിഠായീടെ വർണ്ണകടലാസുകളുടെ ഭംഗി കാണിച്ചു കൊതിപ്പിച്ച് മുൻപും അയാളെന്റെ കുഞ്ഞിനെ കീഴ്പെടുത്തിരിക്കാം. അയാൾ മരിക്കേണ്ടവനാണ്. ലോകം മുഴുവൻ തന്നെ പ ഴിക്കട്ടെ. പക്ഷേ മനസാക്ഷിയുടെ കോടതിയിൽ എന്റെ കുട്ടിക്ക് അമ്മ നീതി നേടിക്കൊടുത്തു കഴിഞ്ഞൂ.

പാൽചുരത്താനാവില്ലെങ്കിലും ആ മാ റിടം തന്റെ കുഞ്ഞിനെ ഓർത്തു വിങ്ങി..!!

Aparna Nandhini Ashokan ♥

Cover photo courtesy