Story written by Kannan Saju
=============
“ഡാ…ഡാ…പെണ്ണും കൂട്ടരും ചെറുക്കൻ കാണാൻ വരുന്ന ദിവസാ..ഒന്ന് വേഗം എണീറ്റെ…” അമ്മ അവനെ തട്ടി ഉണർത്താൻ ശ്രമിച്ചു…
“ഹാ.. ഒന്ന് വേഗം എണീക്കട ചെറുക്കാ.. കുളിച്ചു നല്ല മുണ്ടും ഷർട്ടും ഇട്ടു നിക്കാൻ നോക്ക്..അടുക്കള പണി ഒന്നും അറിയില്ലെന്ന് തോന്നിയ അവര് പുരുഷധനം കൂടുതല് ചോദിക്കുവേ.. ഇപ്പൊ തന്നെ നിന്നെ വേണ്ടാന്നും പറഞ്ഞു എത്ര പെണ്ണുങ്ങളാ ഇറങ്ങി പോയേ…”അവൻ കട്ടിലിൽ എണീറ്റിരുന്നു..
“മടുത്തമ്മേ..ഇങ്ങനെ അണിഞ്ഞൊരുങ്ങി അവളുമാരുടെ മുന്നിൽ ഒരു വില്പന ചരക്കായി നിക്കാൻ എനിക്ക് വയ്യ.. മടുത്തു..”
“നിന്റെ അവസ്ഥ കാണുമ്പോ എനിക്കും വിഷമം ഉണ്ടട..പക്ഷെ ഒരു സുപ്രഭാതത്തിൽ പെണ്ണുങ്ങൾ എല്ലാം കൂടി ഇങ്ങനൊരു തീരുമാനമെടുക്കുമെന്നു ആരേലും വിചാരിച്ചോ..അതും ഇത്രയും കൃത്യമായി നടപ്പാക്കുമെന്നും…ഇനി ഇപ്പോ നിങ്ങൾ ആണുങ്ങൾ അനുഭവിക്ക തന്നെ…”
അവൻ വേഗം തേച്ചുരുമി കുളിച്ചു റെഡി ആയി.
അതെ ആരും വിചാരിച്ചില്ല കാലം അങ്ങന മാറുമെന്ന്…കെട്ടാൻ പോവുന്ന പെണ്ണാണ് ആണിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ പോവുന്നതും കൂടുതലും വീട്ടു ജോലികൾ ചെയ്യാൻ പോവുന്നതും..
ആയതിനാൽ ഒരു നിശ്ചിത തുക പെൺകുട്ടിയുടെ വീട്ടുകാർക്ക് തീരുമാനിക്കാം..അങ്ങനെ അവർ ആണിന് വിലയിടും..ആ വില പെൺകുട്ടിക്ക് കൈമാറിയാൽ മാത്രമേ വിവാഹം നടക്കു. ചെറുക്കന് വീട്ടു പണി അറിയാവുന്നതനുസരിച്ചു പണം കുറക്കാം…
പെണ്ണിന്റെ പ്രസവ ചിലവും ആണിന്റെ വീട്ടുകാർ എടുക്കുവാനെങ്കിലും ചെലവ് കുറക്കാം…ജോലി ഇല്ലാത്ത പെൺകുട്ടി ആണെങ്കിൽ മാസ ശമ്പളത്തിന്റെ പകുതി അവൾക്കു കൊടുക്കണം.
പെണ്ണും വീട്ടുകാരും വന്നു….ചെറുക്കൻ വെള്ളമുണ്ടും ഷർട്ടും ഇട്ടു കുറിയും തൊട്ടു ചായയുമായി ഹാളിലേക്ക് വന്നു
അല്പം നാണത്തോടെ അവൻ എല്ലാവര്ക്കും ചായ കൊടുത്തു…അവർ അവന്റെ ശരീര വടിവിനെ പറ്റി പരസ്പരം ചർച്ച ചെയ്തു.
“മ ദ്യപിക്കണ ശീലം ഉണ്ടോ?” അരികിൽ ചെറുക്കന് മാർക്കിടാൻ ഇരുന്ന ബ്രോക്കർ ചോദിച്ചു…
“ഇല്ല…” അമ്മ മറുപടി പറഞ്ഞു…
“അതെന്ന കുട്ടി മിണ്ടില്ലേ??” ബ്രോക്കർ ചോദിച്ചു…
“അവൻ വയങ്കര നാണക്കാരനാ..അങ്ങനെയാ ഞാൻ അവനെ വളർത്തിയെ..”
ഓപ്ഷൻ നോ യിൽ ബ്രോക്കർ ടിക്കിട്ടു. അങ്ങനെ ചോദ്യങ്ങൾ നീണ്ടു. ആവറേജ് പത്തിൽ എട്ടു പോയിന്റ് ഉണ്ട് ചെറുക്കന്….
“അപ്പോഴേ ശാരദാമ്മേ..ചെറുക്കന് എട്ടു പോയിന്റ് ഉണ്ട്…പിന്നെ ഞങ്ങള് ഒരു തുക ഇടുന്നില്ല..നിങ്ങളായിട്ടു അവനു എത്രയാ വിലയിട്ടെക്കുന്നെന്നു വെച്ചാൽ പറയാ…”
“അതിപ്പോ..” പെണ്ണിന്റെ അച്ഛന്റെ വാക്കുകൾ കേട്ടു അമ്മ തപ്പി തടഞ്ഞു.
“വെറും കയ്യോടെ ഓസി കല്ല്യാണം നടത്താന്നു വിചാരിക്കണ്ട…ന്യമായൊരു തുക ഞങ്ങടെ കുട്ടീടെ കയ്യിലേക്ക് വെച്ചു കൊടുക്കാതെ ഈ ചെറുക്കനെ ഞങ്ങക്ക് വേണ്ടേ..നാളെ ഇവൻ തട്ടി പോയാലും ഞങ്ങടെ കുട്ടിക്ക് ജീവിക്കണ്ടേ…”
“ഇവന്റച്ഛൻ പണ്ട് പെണ്ണ് കാണാൻ വന്നപ്പോ സ്ത്രീധനം ചോദിച്ചതിന് പകരം വീട്ടുവാണോ മാഷേ ?”;അമ്മ ദയനീയതയോടെ ചോദിച്ചു…
“ഹയ്..അതൊക്കെ പണ്ടത്തെ കാലല്ലേ ശാരദാമ്മേ…ഇപ്പോ നിങ്ങള് ഇവനൊരു വില പറ… ഇപ്പൊ മുപ്പതു വയസാവാറായിലെ ?? ഇങ്ങനെ നിന്നു പോയാ അങ്ങട് പോവൂട്ടോ..പിന്നെ ജീവിതത്തിൽ മംഗല്യം നടക്കില്ല”
“അതെ…ഒരു നിമിഷം..പെണ്ണിന് ചെറുക്കനോട് എന്തെലും ചോദിച്ചറിയാൻ ഉണ്ടേൽ ആവാം” ബ്രോക്കർ അവരെ മാറ്റി വിട്ടു…
“ഞാൻ കെട്ടാൻ പോകുന്ന പുരുഷൻ കന്യകൻ ആവണമെന്നൊന്നും ഞാൻ വാശി പിടിക്കില്ല..പക്ഷ കല്ല്യാണം കഴിഞ്ഞാൽ ആര് വിളിച്ചാലും കൂടെ പോവരുത്…അതിലും ഭേദം ഞാനൊരു വെടനെ കെട്ടുന്നതല്ലേ ?”
“അയ്യോ സത്യായിട്ടും ഞാൻ വിർജിൻ ആണ്…”
“ഉം…” അവൾ അവനെ അടിമുടി നോക്കി…
“അതെ ശരിക്കും എന്നെ ഇഷ്ട്ടപ്പെട്ടോ ? ” അവൻ വിഷമത്തോടെ ചോദിച്ചു…
“ആ…”
“നാളെ അതിന്റെ പേരിൽ നമ്മൾ തമ്മിൽ വഴക്കുണ്ടാവരുത്…”
“എനിക്ക് വേറെ പ്രശ്നോന്നും ഇല്ല..രണ്ട് പിള്ളേരെ പെറ്റു തരും..അതുങ്ങളേം നോക്കി വീട്ടിൽ ഇരുന്നോളണം…”
“അയ്യോ അപ്പൊ എന്ന ജോലിക്കു വിടില്ലേ ??”
“എനിക്ക് നല്ല ശമ്പളം ഉണ്ട്.. ഇനി താൻ പോയി ഉണ്ടാക്കി കൊണ്ട് വന്നിട്ടു വേണ്ട കുടുംബം മുന്നോട്ടു പോവാൻ ” അവർ വില പറഞ്ഞു.. മനസ്സില്ല മനസ്സൊടെ അവൻ സമ്മതം മൂളി.. കല്ല്യാണം നടന്നു…
ആദ്യരാത്രി. അമ്മ അവന്റെ കയ്യിൽ പാലെടുത്തു കൊടുത്തു…
“കുടുംബത്തിന്റെ മനം കളയല്ലേടാ…”
“എനിക്ക് പേടിയാവുന്നമ്മേ…”
“അവളെന്തെയ്യ അവിടെ??”
“അറിയില്ല്…”
“സാരോല്ല.. മോൻ പേടിക്കാതെ ചെല്ല്.. ആദ്യത്തെ ദിവസല്ലേ… അവൾ ഒന്നും ചെയ്യില്ല” അവൻ പാലുമായി വാതിക്കൽ എത്തി..കട്ടിലിൽ കിടന്നു ഫോൺ ചെയ്തു കൊണ്ടിരുന്ന അവൾ അവനെ അടിമുടി നോക്കി
“ദേടി വന്നടി… ബാക്കി ഒക്കെ രാവിലെ വിശദീകരിച്ചു തരം…”
“അവന്റെ പല്ലെങ്കിലും ബാക്കി വെച്ചേക്കണേടി…”അവൻ അകത്തേക്ക് കയറിയതും അവൾ കതകടച്ചു… അവൻ ഭയത്തോടെ അവളെ നോക്കി…
“എനിക്ക് നല്ല ക്ഷീണം ഒണ്ടു.. എന്നെ ഒന്നും ചെയ്യരുത്…”
“അതിനു തന്റെ സമ്മതം ആർക്കു വേണം…”
“പ്ലീസ് ഞാൻ കാലു പിടിക്കാം…”
“വേണ്ട.. പിടിക്കണ്ടതൊക്കെ ഞാൻ പിടിച്ചോളാം..” അവൾ അവനെ തള്ളി കട്ടിലിലേക്ക് ഇട്ടു. സ്വപ്നം കണ്ടു കൊണ്ട് കിടക്കുക ആയിരുന്ന അപ്പു…
“അയ്യോ എന്നെ ഒന്നും ചെയ്യല്ലേ…”
എന്നും പറഞ്ഞുകൊണ്ട് കട്ടിലിൽ നിന്നും നിലത്തേക്ക് വീണു… ചാടി എണീറ്റിരുന്നു…
“എന്താടാ…” ഒച്ചകേട്ടു ഓടി വന്ന അമ്മ ചോദിച്ചു…
“ഒന്നുല്ല.. ഞാനൊരു സ്വപ്നം കണ്ടതാ…”
“ഓ.. എന്റെ ഉള്ള ജീവൻ കത്തി” അമ്മ തിരികെ പോവാൻ തുടങ്ങി…
“അമ്മേ” അവൻ പിന്നീന്ന് വിളിച്ചു… അമ്മ തിരിഞ്ഞു…
“അവളുടെ വീട്ടുകാരോട് പുരുഷധനത്തിന്റെ കാര്യം വല്ലോം പറഞ്ഞോ അമ്മ”
“എന്തോന്ന്??”
“ച്ചെ.. സ്ത്രീധനത്തിന്റെ കാര്യം വല്ലോം പറഞ്ഞോ അമ്മ ??”
“നീയല്ലേ പറഞ്ഞെ ഞാൻ പറഞ്ഞ കുറഞ്ഞു പോവും നീ പറഞ്ഞോളാന്നു”
“എന്നാ അവരെ വിളിച്ചു ഒന്നും വേണ്ടാന്ന് പറഞ്ഞേക്ക്”
“ഏഹ്.. അതിനീ ശാരദ രണ്ടാമത് ജനിക്കണം “
“അതൊക്കെ വലിയ ബുദ്ധിമുട്ടാ.. കെട്ടണത് ഞാനല്ലേ..എനിക്ക് പെണ്ണിനെ മാത്രം മതി..അമ്മ വിളിച്ചു പറഞ്ഞില്ലെങ്കിൽ ഞാൻ പോയി പറയും”
“ശാരദ കണ്ണും മിഴിച്ചു നിന്നു…”
“ഇന്നലെ വരെ ഇരുപതു മുപ്പതു ലക്ഷം എന്നൊക്കെ പറഞ്ഞു അമ്മയെ കൊതിപ്പിച്ചിട്ട്??”
“എന്റെ ശാരദക്കുട്ടി..സ്ത്രീ തന്നെയല്ലേ ഏറ്റവും വലിയ ധനം” അവൻ അമ്മയുടെ കവിളുകളിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.
“പെണ്ണിന് വിലയിടും മുന്നേ ആ സ്ഥാനത്തു നമ്മളായിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ഒക്കെ ചിന്തിച്ചു നോക്കണം…”