മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കി വെച്ച പ്രതീതിയായിരുന്നു അവൾക്കപ്പോൾ, അവളുടെ മുഖത്ത് നിന്നും…

Story written by Saji Thaiparambu

അബോർഷൻ വേണമെന്ന് പറഞ്ഞ് , തന്റെ മുന്നിൽ വന്നിരിക്കുന്ന നജ്ല എന്ന യുവതിയുടെ മുഖത്തേക്ക് ഡോക്ടർ സൂസൺ രൂക്ഷമായൊന്ന് നോക്കി.

“നിങ്ങളിപ്പോൾ എന്തിനാണ് അബോർഷനകുറിച്ച് ചിന്തിക്കുന്നത്, സാധാരണയായി കോംപ്ലിക്കേറ്റഡ് കേസുകളിൽ അമ്മയ്ക്ക് ദോഷം വരുമെന്ന് തോന്നുമ്പോൾ മാത്രമാണ്, ഞങ്ങൾ ഡോക്ടർമാർ പോലും  അതിന് നിർബന്ധിതരാകുന്നത്, നിങ്ങളിപ്പോൾ ഭർതൃമതിയായ ഒരു സ്ത്രീയാണ്, രണ്ടു കുട്ടികളുടെ അമ്മയും, പിന്നെന്തിനാണ് ഇങ്ങനെ ഒരു സാഹസം കാണിക്കുന്നത് ” നീരസത്തോടെ ഡോക്ടർ അവളോട് ചോദിച്ചു.

“പക്ഷെ ഡോക്ടർ ,ഞാനിപ്പോൾ വിധവയാണ് , അദ്ദേഹത്തിന്റെ മരണശേഷമാണ് ഞാൻ ഗർഭിണിയാണെന്ന് അറിയുന്നത്, അദ്ദേഹം പോയതിന് ശേഷം, നിരാലംബരായ ഞാനും എന്റെ രണ്ട് മക്കളും ,എന്റെ ആങ്ങളയുടെ ഔദാര്യത്തിലാണ് കഴിയുന്നത് , കൂലിപ്പണിക്കാരനായ അദ്ദേഹത്തിന്, ഞങ്ങളുടെ ചെലവ് തന്നെ നോക്കാൻ ബുദ്ധിമുട്ടായിരിക്കുമ്പോൾ, ഇനി ഒരു കുട്ടിയുടെ കാര്യം കൂടി നോക്കാൻ എങ്ങനെ കഴിയും ഡോക്ടർ, അതുകൊണ്ട് ദയവുചെയ്ത് ഇത് എങ്ങനെയെങ്കിലും നശിപ്പിച്ചുതരണം” അവളുടെ  വാക്കുകളിലും മുഖത്തും തെളിഞ്ഞ ദയനീയത ,ഡോക്ടറുടെ മനസ്സിനെ സ്പർശിച്ചു.

“ഉം ശരി, നാളെ രാവിലെ ഹോസ്പിറ്റലിലേക്ക് വാ, നമുക്ക് നോക്കാം”

ഡോക്ടറോട് നന്ദി പറഞ്ഞ് , നജില അവിടെ നിന്നിറങ്ങി.

******************

“ഒരു കുട്ടിയെ കൂടി വളർത്തിയെടുക്കാനല്ലേ നിനക്ക് ബുദ്ധിമുട്ടുള്ളൂ, അതിനെ പ്രസവിക്കുന്നത് കൊണ്ട് നിനക്ക് കുഴപ്പമില്ലല്ലോ?” മൈനർ OTയിലെ ടേബിളിന് മുകളിൽ ,കുറ്റബോധത്തോടെ മലർന്നുകിടക്കുന്ന നജ്ലയോട് ഡോക്ടർ സൂസൻ ചോദിച്ചു.

“എന്താ ഡോക്ടർ പറഞ്ഞു വരുന്നത്” ആകാംക്ഷയോടെ അവൾ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.

“കല്യാണം കഴിഞ്ഞ്  ഒരുപാട് വർഷങ്ങൾ കഴിഞ്ഞിട്ടും, മക്കൾ ഉണ്ടാകാതെ ചികിത്സതേടി  നിരവധിപേർ  ദിവസവും എന്റെയടുത്ത് വരുന്നുണ്ട്, അതിൽ, ഇനി പ്രതീക്ഷക്ക് വകയില്ലാത്തവരും, നിയമത്തിന്റെ നൂലാമാലകളിൽ പെട്ട് ദത്തെടുക്കാൻ കഴിയാത്തവരുമുണ്ട് ,ഒരു പക്ഷേ, നീ പ്രസവിക്കുന്ന കുഞ്ഞിനെ അവർക്ക് കൊടുക്കുകയാണെങ്കിൽ, അത് അവർക്ക് ഒരു അനുഗ്രഹമായിരിക്കും, വെറുതെ വേണ്ട ,പകരം നിനക്ക് 5 ലക്ഷം രൂപ അവർ തരും, അത് കൊണ്ട് നിനക്ക് നിന്റെ രണ്ടു മക്കളെ നന്നായി വളർത്താൻ കഴിയും, സമ്മതമാണെങ്കിൽ അഡ്വാൻസായി 25000 രൂപ ഇന്ന് കിട്ടും ,ബാക്കി പ്രസവിച്ച കുഞ്ഞിനെ കൊടുക്കുമ്പോൾ” അമ്പരപ്പോടെ ഡോക്ടറുടെ മുഖത്തുനോക്കിക്കൊണ്ട് അവൾ ടേബിളിൽ നിന്നും പതിയെ എഴുന്നേറ്റു.

“എനിക്ക് സമ്മതമാണ് ഡോക്ടർ, അവരോട് പറഞ്ഞോളു”

മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കി വെച്ച പ്രതീതിയായിരുന്നു അവൾക്കപ്പോൾ, അവളുടെ മുഖത്ത് നിന്നും കുറ്റബോധത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞതും ,അവൾ പ്രസന്നവദനയായതും പെട്ടെന്നായിരുന്നു .

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു, ഡോക്ടറുടെ കയ്യിൽ നിന്നും വാങ്ങിയ അഡ്വാൻസ് തുക കൊണ്ട് ചെക്കപ്പുകളും മറ്റും, അവൾ കൃത്യമായി ചെയ്തുകൊണ്ടിരുന്നു. പ്രസവിക്കുന്ന കുഞ്ഞ് ആരോഗ്യമുള്ളതായിരിക്കാൻ ഡോക്ടറുടെ നിർദ്ദേശ പ്രകാരം അവൾ പോഷകാഹാരങ്ങളും വിലകൂടിയ ടിൻ ഫുഡ്ഡുമൊക്കെ വാങ്ങി കഴിച്ചു.

പ്രസവ തീയതി അടുക്കുമ്പോഴേക്കും അഡ്വാൻസ് തുക, ഏറെക്കുറെ തീർന്നു കഴിഞ്ഞിരുന്നു.

“നിനക്ക് ബുദ്ധിമുട്ടാണന്ന് തോന്നുന്നുണ്ടെങ്കിൽ, നമുക്ക്  സിസ്സേറിയനെ കുറിച്ച് ആലോചിക്കാം കേട്ടോ നെജ്ലാ..” പ്രസവദിവസം,  labour റൂമിനകത്തെ ടേബിളിന് മുകളിൽ വേദന കൊണ്ട് പുളയുന്ന നജ്ലയോട് ഡോക്ടർ ചോദിച്ചു.

“വേണ്ട ഡോക്ടർ, എന്റെ രണ്ടു മക്കളെയും ഞാൻ പ്രസവിക്കുകയായിരുന്നു, അവർ പൂർണ ആരോഗ്യമുള്ളവരായിട്ടാണ് വളരുന്നത് , അതുപോലെ ഈ കുഞ്ഞിനെയും ഞാൻ എത്ര വേദന സഹിച്ചിട്ടാണേലും പ്രസവിക്കുക തന്നെ ചെയ്യും, അവനും ആരോഗ്യത്തോടെ തന്നെ ഇരിക്കട്ടെ”

അവളുടെ ആ ദൃഢനിശ്ചയത്തെ ഡോക്ടർ ,സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

കുറച്ചുകഴിഞ്ഞ് ഒരു വലിയ അലർച്ചയോടെ അവൾ അബോധാവസ്ഥയിലേക്ക് പോയപ്പോൾ,  ഒരു പെൺകുഞ്ഞിന് അവൾ ജന്മം നൽകിക്കഴിഞ്ഞിരുന്നു. ബോധം വീഴുമ്പോൾ താൻ വാർഡിൽ ആണെന്നും, തന്റെ മുന്നിൽ ഡോക്ടർ  നില്പുണ്ടെന്നും അവൾക്ക് മനസ്സിലായി.

“എന്താ നജ്ലാ.. സുഖമായിരിക്കുന്നോ? ഞാൻ അവരോട് വരാൻ പറയട്ടെ, കുഞ്ഞിനെ ഇന്നു തന്നെ കൊണ്ടുപോകാമല്ലോ അല്ലേ? ഞെട്ടലോടെയാണ് അവൾ ആ ചോദ്യത്തെ വരവേറ്റത്.

“ഡോക്ടർ പ്ലീസ് , കുറച്ചു ദിവസങ്ങൾ കൂടി അവരോട് ഒന്ന് കാത്തിരിക്കാൻ പറയൂ ,ഞാൻ എന്റെ കുഞ്ഞിനെ ഒന്ന് കണ്ണുനിറച്ച് കണ്ടോട്ടെ, അവൾക്ക് ഞാൻ  കുറച്ചു ദിവസമെങ്കിലും എന്റെ മുലപ്പാൽ കൊടുത്തോട്ടെ, അതുകഴിഞ്ഞാൽ പിന്നെ അവൾക്കത് കിട്ടില്ലല്ലോ”

അവളുടെ യാചന, ഡോക്ടർക്ക് കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ശരി എങ്കിൽ നാളെ തന്നെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പൊയ്ക്കോളൂ ,രണ്ടാഴ്ച കഴിഞ്ഞ് ഞാൻ വിളിക്കാം” സന്തോഷത്തോടെ  നെജ്ല ഡോക്ടറുടെ കൈകൾ കൂട്ടിപിടിച്ച് അവരോട് നന്ദി പറഞ്ഞു.

******************

ദിവസങ്ങൾ കടന്നു പോയി, ഒരു ദിവസം കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട ഡോക്ടർ, മുൻവശത്തേക്ക് വന്ന് വാതിൽ തുറന്നു.

മുന്നിൽ നജ്ലയെയും, ഷാളിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കുഞ്ഞിനെയും കണ്ട ഡോക്ടർ ഒരു നിമിഷം അമ്പരന്നു.

“എന്താ നെജ്ലാ.. ഞാൻ വിളിക്കാമെന്നല്ലേ പറഞ്ഞത്, എന്താ ,ബാക്കി രൂപ വാങ്ങാൻ ധൃതി ആയോ?” ഡോക്ടർ പരിഹാസത്തോടെ ചോദിച്ചു.

“ഇല്ല ഡോക്ടർ, ഞാൻ ഡോക്ടറോട് അപേക്ഷിക്കാനാണ് വന്നത് ,ദാ ഇതൊന്ന് വാങ്ങൂ” അവൾ, ഡോക്ടറുടെ നേർക്ക് ഒരു പൊതി വെച്ചു നീട്ടി.

“എന്തായിത്? അവളോട് ഡോക്ടർ ചോദിച്ചു.

“ഇത് 25,000 രൂപ തികച്ചുമുണ്ട്, എന്റെ താലിമാല പണയം വച്ചതാണ് ,എന്നോട് ക്ഷമിക്കണം ഡോക്ടർ, എന്റെ കുഞ്ഞിനെ ഞാൻ എങ്ങനെയെങ്കിലും വളർത്തി കൊള്ളാം, ദയവു ചെയ്തു ഈ കുഞ്ഞിനെ ആർക്കുo കൊടുക്കാൻ പറയരുത്, പ്ലീസ് ഡോക്ടർ , മൂന്ന് മക്കളും എനിക്ക് ഒരുപോലെയാണ് ,എന്റെ ജീവനും ജീവിതവുമാണവർ ,അത് നശിപ്പിക്കരുത് ഡോക്ടർ പ്ലീസ്”

അവളുടെ യാചന കേട്ട് ഡോക്ടർ സൂസൻ പൊട്ടിച്ചിരിച്ചു.

“കുറച്ചു മാസങ്ങൾക്ക് മുമ്പ് നെജ്ല എന്റെ മുന്നിൽ വന്നിരുന്നത്, ഇതിനെ എങ്ങനെയെങ്കിലും നശിപ്പിച്ച് തരണം എന്ന് പറഞ്ഞായിരുന്നു,   അപ്പോൾ എങ്ങനെയെങ്കിലും നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി എടുക്കണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ, അതിനുവേണ്ടി മെനഞ്ഞെടുത്ത ഒരു നാടകമായിരുന്നു 5 ലക്ഷം രൂപയുടെ കഥയും , അതിലെ കഥാപാത്രങ്ങളും ,  എനിക്കറിയാമായിരുന്നു, പ്രസവിച്ചു കഴിയുമ്പോൾ ,ഒരമ്മയ്ക്കും തന്റെ കുഞ്ഞിനെ മനസ്സോടെ ആർക്കും വിട്ടുകൊടുക്കാൻ കഴിയില്ലെന്ന്, എന്റെ കണക്കുകൂട്ടലുകൾ ഒന്നും തെറ്റിയില്ല, നജ്ല, കുഞ്ഞിനേയും കൂട്ടി സന്തോഷത്തോടെ വീട്ടിലേക്ക് പൊയ്ക്കോളൂ, പിന്നെ, ഈ 25000 രൂപ, അത് എന്റെ പൈസയായിരുന്നു, ഇത് നിനക്ക് തന്നെ ഉള്ളതാണ് , ഒരു കുഞ്ഞിനെ, നശിപ്പിക്കാതെ, ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിന് നിനക്കുള്ള എന്റെ സമ്മാനം”

താൻ കൊടുത്ത  25000 രൂപയും വാങ്ങി, നന്ദി പറഞ്ഞുകൊണ്ട്, നെജില പൂമുഖത്തുനിന്നും നടന്നു മറയുമ്പോൾ ,ഡോക്ടർ സൂസൻ തന്റെ അടിവയറ്റിൽ കൈത്തലം അമർത്തി നോക്കി,

എങ്ങാനും തന്റെ ഗർഭപാത്രത്തിൽ ജീവന്റെ തുടിപ്പുകൾ ഉണ്ടോ എന്ന് ,അവർ ഒരിക്കൽ കൂടി വൃഥാ പരിശോധിച്ചു.

നിരാശയോടെ കൈ പിൻവലിക്കുമ്പോൾ ,വേദന തിങ്ങിയ ഹൃദയത്തിൽ നിന്നുത്ഭവിച്ച സങ്കട കടൽ ,ചുടുകണ്ണീർ കണങ്ങളായി ഡോ: സൂസന്റെ മിഴിക്കോണുകളിൽ നിന്നും ,അടരാൻ വെമ്പി നിന്നു.