മീനാക്ഷി പറഞ്ഞു തീർന്നതും ഭര്‍ത്താവ് ഒരു കള്ള ചിരിയും പാസാക്കി വീട്ടിലേക്ക് കയറി വന്നു…

ഭര്‍ത്താവത്ര പോരാ…

Story written by Shaan Kabeer

=============

“നീ ആഗ്രഹിച്ച പോലത്തെ ഒരു ഭര്‍ത്താവിനെ തന്നെ നിനക്ക് കിട്ടിയല്ലോ”

മീനാക്ഷി ചെറിയൊരു അസൂയയോടെ ആയിരുന്നു സുമയോട് അത് പറഞ്ഞത്. സുമ ആശ്ചര്യത്തോടെ മീനാക്ഷിയെ നോക്കി

“അതെന്താ മീനാക്ഷി അങ്ങനെ പറഞ്ഞേ”

മീനാക്ഷി സുമയെ നോക്കി

“എല്ലാവരോടും വളരെ ആക്ടീവായി പെരുമാറുന്ന, ഒരുപാട് തമാശകൾ പറയുന്ന, നിന്റെ അച്ഛനേയും അമ്മയേയും സ്വന്തം പോലെ കരുതുന്ന, നിന്റെ വീട്ടില്‍  ഇടക്കിടെ പോയി സുഖ വിവരങ്ങൾ അന്വേഷിക്കുന്ന, എല്ലാത്തിനുമുപരി ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പോലും നോവിക്കാതെ നിന്നെ പൊന്നു പോലെ നോക്കുന്ന ഒരു ഭര്‍ത്താവിനെ നിനക്ക് കിട്ടിയില്ലേ”

ആശ്ചര്യത്തോടെ സുമ

“എന്റെ ഏട്ടനെ കുറിച്ച് എന്നെക്കാള്‍ വിവരമാണല്ലോ നിനക്ക്”

അവള്‍ സുമയെ നോക്കി കണ്ണുരുട്ടി

“ഒന്നു പോടീ, ഇന്നലെ നിന്റെ ചേട്ടന്‍ എന്റെ ചേട്ടനെ കാണാന്‍ വന്നിരുന്നു. അപ്പോള്‍ ഓരോ കാര്യങ്ങള്‍ പറയുന്നതിന്റെ ഇടയ്ക്ക് നിന്റെ ചേട്ടന്‍ നിന്നെ കുറിച്ചും നിന്റെ വീട്ടുകാരെ കുറിച്ചും വാ തോരാതെ സംസാരിക്കുന്നതിനിടയിൽ അറിഞ്ഞ കാര്യങ്ങളാ ഇതൊക്കെ”

ഒന്നു നിറുത്തിയിട്ട് പുച്ഛത്തോടെ മീനാക്ഷി തുടര്‍ന്നു

“ഇതൊക്കെ ആരോടാ നിന്റെ ചേട്ടന്‍ പറയുന്നത്..? എന്റെ ഭര്‍ത്താവിനോട്, ജോലി ജോലി എന്ന് പറഞ്ഞ് ഓടി നടക്കുന്ന അങ്ങേർക്കുണ്ടോ ഇതു വല്ലതും മനസ്സിലാകുന്നു. എന്റെ വീട്ടില്‍ എന്നെ കൊണ്ടുപോയ കാലം മറന്നു. അങ്ങേർക്ക് ഒന്നിനും സമയമില്ല. ഞാന്‍ ആഗ്രഹിച്ച നേരെ വിപരീതമായ ഭര്‍ത്താവിനെയാണ് എനിക്ക് കിട്ടിയത്”

മീനാക്ഷി പറഞ്ഞു തീർന്നതും ഭര്‍ത്താവ് ഒരു കള്ള ചിരിയും പാസാക്കി വീട്ടിലേക്ക് കയറി വന്നു. പിന്നെ വരാം എന്നും പറഞ്ഞ് സുമ അവളുടെ വീട്ടിലേക്ക് പോയി.

ചമ്മിയ മുഖവുമായി അവള ഭര്‍ത്താവിനെ ഒന്ന് നോക്കി

“ഞാന്‍ പറഞ്ഞത് വല്ലതും ചേട്ടന്‍ കേട്ടായിരുന്നോ..?”

ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അയാള്‍ തലയാട്ടി

“ഹും…കേട്ടു എല്ലാം  കേട്ടു”

അവള്‍ എന്തോ പറയാന്‍ ശ്രമിച്ചപ്പോള്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ അയാള്‍ കുളിക്കാന്‍ കയറി. ഈ വിഷയം പിന്നീട് അവര്‍ സംസാരിച്ചില്ല.

പിറ്റേ ദിവസം പതിവിലും നേരത്തെ അയാള്‍ വീട്ടിലെത്തി. തന്റെ കയ്യിലുള്ള ചോക്ലേറ്റ് ഭാര്യക്ക് നേരെ നീട്ടി

“എടീ ഇത് ആ സുമയുടെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മോന് കൊണ്ടു കൊടുക്ക്. എന്നിട്ട് അവനെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവാ. നമുക്ക് അവനോട് കുറച്ച് മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കാം”

അവള്‍ ചോക്ലേറ്റും മേടിച്ച് ഇങ്ങേർക്ക് വട്ടായോ എന്ന് മനസ്സില്‍ കരുതി ആ കുട്ടിയേയും കൂട്ടി വീട്ടില്‍ വന്നു. കുട്ടി അയാളുമായി പെട്ടെന്ന് അടുത്തു. കുട്ടിയോട് അയാള്‍ കാണിക്കുന്ന കുസൃതികളും, തമാശകളും കണ്ട് അവള്‍ അന്തംവിട്ട് മേലോട്ട് നോക്കി നിന്നു. കുട്ടിയുടെ സ്കൂളിലെ വിശേഷങ്ങള്‍ അയാള്‍ ചോദിച്ചറിഞ്ഞു. ചോദ്യങ്ങള്‍ക്കെല്ലാം കുട്ടി വളരെ നിഷ്കളങ്കമായി മറുപടി നല്‍കി. സ്കൂളിലെ വിശേഷങ്ങളും, കൂട്ടുകാരെ കുറിച്ചും എല്ലാം ചോദിച്ച് കഴിഞ്ഞതിനു ശേഷം അയാള്‍ കുട്ടിയോട് ചോദിച്ചത് വീട്ടിലെ വിശേഷങ്ങളായിരുന്നു.

ഭക്ഷണം കഴിച്ചോണ്ടിരുന്ന പ്ലേറ്റു കൊണ്ട് അച്ഛന്‍ അമ്മയെ തല്ലിയതും, അമ്മയുടെ അച്ഛനെ തെറി പറഞ്ഞ് വീട്ടില്‍ നിന്നും ഇറക്കി വിട്ടതും, ക ള്ളു കുടിച്ച് വന്ന് വീട്ടിലെ ടിവി അടിച്ചു പൊട്ടിച്ചതും പിന്നെ കേട്ടാല്‍ അറക്കുന്ന കുറേ കാര്യങ്ങളും ആ കുട്ടി വളരെ നിഷ്കളങ്കമായി അയാളോട് പറഞ്ഞു. കുട്ടി പറയുന്നത് കേട്ട് അവള്‍ വായ തുറന്നുവെച്ച് അന്തംവിട്ടിരുന്നു. അവളോട് വായ അടച്ച് കുട്ടിയെ വീട്ടില്‍ കൊണ്ടു വിടാന്‍ ഭർത്താവ് ആവശ്യപ്പെട്ടു, അവള്‍ തലയാട്ടി. കുട്ടിയെ വീട്ടിലാക്കി തിരിച്ചു വന്ന മീനാക്ഷി തന്റെ ഭര്‍ത്താവിന്റെ മുഖത്ത് നോക്കാന്‍ മടിച്ചു. താഴ്ന്നു നില്‍ക്കുന്ന അവളുടെ തല അയാള്‍ മെല്ലെ ഉയര്‍ത്തി

“ഒറ്റത്തടി ആയിരുന്നെങ്കില്‍ എനിക്ക് ഇഷ്ടമുള്ള പോലെ ഞാന്‍ ജീവിച്ചേനേ, എനിക്കുമുണ്ട് ഒരുപാട് ആഗ്രഹങ്ങളും, സ്വപ്നങ്ങളും, മോഹങ്ങളുമൊക്കെ”

ഒന്ന് നിറുത്തിയിട്ട് അയാൾ മീനാക്ഷിയെ നോക്കി

“പക്ഷെ എനിക്ക് അതിനേക്കാളെല്ലാം വലുതാണ് എന്റെ കുടുംബം. നിങ്ങളുടെയൊക്കെ മുഖത്ത് പുഞ്ചിരി വിടർത്താൻ വേണ്ടിയാണ് ഈ അവസാനമില്ലാത്ത നെട്ടോട്ടമോടുന്നത്. ഞാന്‍ എന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചാൽ അത് എനിക്ക് മാത്രമേ സന്തോഷം തരൂ. എന്റെ സന്തോഷത്തേക്കാൾ ഞാൻ മൂല്യം കാണുന്നത് നിങ്ങളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്കാണ്”

തന്റെ ഭാര്യയുടെ നിറഞ്ഞൊഴുകുന്ന കണ്ണീര്‍ തുടച്ചു മാറ്റി താഴ്ന്നിരിക്കുന്ന അവളുടെ തല പതുക്കെ പൊക്കി അവളെ അയാള്‍ ചേര്‍ത്ത് പിടിച്ചു

“ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ചപ്പ് തോന്നുന്നത് സാധാരണമാണ്. അതില്‍ നിന്നെ ഒരിക്കലും ഞാന്‍ തെറ്റ് പറയില്ല. കാരണം നമ്മളൊക്കെ മനുഷ്യ ജന്മം അല്ലേ. സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചാൽ പിന്നെ ഈ ജീവിതത്തിന് എന്താ ഒരു ത്രിൽ ഉള്ളത്. ജീവിതം എന്ന് പറയുന്നത് നമ്മളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചെടുക്കലാണ്. പക്ഷെ ആ ജീവിതത്തിന് പൂര്‍ണ്ണത വരണമെങ്കിൽ മറ്റുള്ളവരുടെ മുഖത്തെ പുഞ്ചിരിക്കു വേണ്ടി നമ്മുടെ ആഗ്രഹങ്ങളെ നോക്കി നീ പോയിട്ട് പിന്നെ വാ എന്ന് പറയുമ്പോഴാണ്….”

~ ഷാൻ കബീർ