വേറെ ഒന്നും കേട്ടില്ലങ്കിലും പെണ്ണ് കാണാൻ വരുന്നു എന്ന് കേട്ടപ്പോൾ പുതപ്പ് വലിച്ച് എറിഞ്ഞ് ഞാൻ എഴുന്നേറ്റു…

ഒരു ഞായറാഴ്ച്ച പെണ്ണ് കാണൽ

Story written by Meera Kurian

==============

എടീ മീരേ എഴുന്നേൽക്കാൻ. പള്ളിയിൽ പോകാൻ സമയം ആയി. വെളുപ്പിനത്തേ കുർബ്ബാനയ്ക്ക് പോകണമെന്ന് പറഞ്ഞിട്ട് ഇത് എന്നാ ഉറക്കമാടീ.

എവിടുന്ന് ഇതൊക്കെ കേട്ടാൽ നമ്മുടെ മീര എഴുന്നേൽക്കുമോ. സഹികെട്ട് രണ്ട് പെട വച്ച് കൊടുത്തിട്ടും പെണ്ണിന് ഒരനക്കവും ഇല്ല. പുതപ്പ് വലിച്ച് തിരിഞ്ഞ് ഒരു കിടപ്പ്. എടീ നിന്നെ ഇന്നല്ലടീ പെണ്ണ് കാണാൻ വരുന്നത്.

വേറെ ഒന്നും കേട്ടില്ലങ്കിലും പെണ്ണ് കാണാൻ വരുന്നു എന്ന് കേട്ടപ്പോൾ പുതപ്പ് വലിച്ച് എറിഞ്ഞ് ഞാൻ എഴുന്നേറ്റു. എന്റെ അമ്മേ ഒന്ന് നേരേത്ത വിളിക്കാൻ വയ്യായിരുന്നോ . ഇത് ഇപ്പം 6:30 ആയി സമയം. അത് പറഞ്ഞപ്പോൾ നമ്മുടെ പോരാളി തെറി വിളി രാവിലെ തുടങ്ങി. കൂടുതൽ കേൾക്കാൻ മനോബലം ഇല്ലായിരുന്നതു കൊണ്ടും , ഇനി നിന്നാൽ കുർബ്ബാന പകുതി ആകും എന്ന ബോധം കൊണ്ടും ഓടി ബാത്ത്റൂമിൽ കയറി.

അല്ല നിങ്ങളു തന്നെ പറ രാവിലെ 9 കഴിയാതെ എഴുന്നേൽക്കാത്ത ഞാൻ ഇന്ന് രാവിലെ ഒരുങ്ങിയെങ്കിൽ . എല്ലാം ആദ്യത്തെ പെണ്ണ് കാണലിന്റെ ഗുണം. സാധാരണ 4 മണി കുർബ്ബാനയാണ് നമ്മുടെ പതിവ്. അതാകുമ്പോൾ ഗുണം രണ്ടാണ്. ഒന്ന് അച്ഛന്റെ ബോറൻ പ്രസംഗം ഇല്ല , പെട്ടന്ന് കുർബ്ബാന തീരും. പിന്നെ ഉള്ളത് നല്ല ചുള്ളൻ യൂത്തൻ അച്ചായൻ മാർ വരുന്ന സമയം. നമ്മുക്ക് ഒരു നയന സുഖം.??. പക്ഷേ ഇന്ന് ചെക്കന്റെ വീട്ടുകാർ 11 മണിക്ക് എത്തും എന്ന കരാറിൽ മേലാണ് ഈ സാഹസം.

അല്ല ഞാൻ എന്നേ കുറിച്ച് പറഞ്ഞില്ലല്ലോ പേര് മീര . മീര കുര്യൻ. കാത്തിരപള്ളി സ്വദേശം, നല്ല കപ്പയും റബ്ബറും ഇഷ്ടം പോലെ മഴയും ഉള്ള നമ്മടെ സ്വന്തം കാഞ്ഞിരപള്ളി. പിന്നെ ജോലി അത് വാദ്ധ്യാരു പണിയാ. അടുത്ത സ്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. ജോലിക്ക് കയറിയിട്ട് ഇപ്പം രണ്ട് മാസം ആവുന്നു. പപ്പയും അമ്മയും ഒരേ ഒരു ആങ്ങളയും പിന്നെ രണ്ട് ഓൾഡ് പീപ്പിൾസും ( വല്ലപ്പച്ചനും അമ്മച്ചിയും??) ഉള്ള സന്തുഷ്ട കുടുംബം .

അങ്ങനെ പതിവിന് വിപരീതമായി അച്ഛന്റെ പ്രസംഗവും, പാട്ട് കുർബ്ബാനയും കഴിഞ്ഞ് ഞാൻ മാതാവിന്റെ ഗ്രോട്ടയിലേക് നടന്നു. ഇത് എന്റെ പതിവാ കേട്ടോ കുർബ്ബാന കഴിഞ്ഞ് മാതാവിന്റെ അടുത്ത് പോയി മെഴുകുതിരി കത്തിച്ച് വച്ച് ഒരു വിശേഷം പറച്ചിൽ. ഒരോ മെഴുകുതിരി കത്തിക്കുമ്പോൾ ഒരോ ആഗ്രഹം വീതം നടക്കുമെന്നാണ് വിശ്വാസം.

എന്റെ പൊന്നു മാതാവേ നിനക്ക് അറിയാല്ലോ ഇത് എന്റെ ആദ്യത്തെ പെണ്ണ് കാണല്ലാ. ഒരുപാട് ആലോചനയ്ക്ക് ശേഷം പെണ്ണ് കാണാൻ ഞാൻ സമ്മതം മൂളിയത്. അതും ഒരു പട്ടാളകാരൻ. പട്ടാളകാരനാണ് ചെക്കൻ എന്ന് പറഞ്ഞപ്പോഴേ വീട്ടിൽ എല്ലാരും എതിർത്തതാണ് . എന്നിട്ടും ഞാൻ ഈ പരിപാടിക്ക് ഇറങ്ങുന്നത് മാട്രിമോണിൽ ആ ചെക്കന്റെ ഫോട്ടോ കണ്ടപ്പോഴേ നമ്മുടെ ദുൽഖർ സൽമാൻ പറയുന്നത് പോലെ ഒരു സ്പാർക്ക് അടിച്ചത് കൊണ്ടാ. എന്തോ പല അലോചനകൾ വന്നെങ്കിലും മനസ്സിന് പിടിച്ച് ഒരാളെ കണ്ടു കിട്ടുന്നത് അദ്യമാ .

മൂന്നാലു മാസങ്ങൾക്ക് മുൻപേ വന്ന അലോചനയായിരുന്നു. ചെക്കന് ലീവിലാരുന്നത് കൊണ്ട് പെണ്ണുകാണൽ നീണ്ട് പോയി. മനസ്സറിഞ്ഞ് മാതാവിനോട് പ്രാർത്ഥിച്ചു. ആർക്കും ഇഷ്ടമില്ലാത്തിട്ടും മനസ്സ് പറയുന്നത് കേൾക്കുവാ . എനിക്ക് ഉള്ളതാണെങ്കിൽ ആ ചെക്കനെ ഇങ്ങ് തന്നേക്കണേ.

ഒരു 10 മണിയോട് കൂടി വീട്ടിലെ ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞു. ഞാനും റെഡിയായി. പക്ഷേ ഒരുങ്ങി കഴിഞ്ഞപ്പോൾ മുതൽ നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. എന്താ ദൈവമേ ഇങ്ങനെ ഇതു വരെ ഇല്ലാത്ത ഒരു ടെൻഷൻ. സ്കൂളിലെ പിള്ളാരെ വരച്ച വരയിൽ നിർത്താറുള്ള എനിക്ക് പേടിയോ . ഞാൻ തന്നെ എന്റെ തലയ്ക്ക് ഒരു കൊട്ട് വച്ച് കൊടുത്തു.

അങ്ങനെ കാത്തിരുന്നു ……വെളിയിൽ വണ്ടിയുടെ ഹോൺ അടി കേട്ടു. സിനിമയിൽ കാണുന്ന പോലെ ഒന്ന് ഒളിഞ്ഞ് നോക്കിയാലോന്ന് ചിന്തിച്ചു. ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിലും കാലിന് ഒരു തളർച്ച, അവസാനം ആ ശ്രമം ഉപേക്ഷിച്ചു. അവരെ വന്ന് ഇരുന്ന് കത്തിയടി തുടങ്ങി. കുറച്ച് കഴിഞ്ഞതും, പെണ്ണിനെ വിളിച്ചാലോ എന്ന ചോദ്യത്തിനൊടുവിൽ ഞാൻ പുഞ്ചിരിയോടെ ഹാളിലേക്ക് നടന്നു. എന്തായാലും ഒരു കാര്യത്തിൽ രക്ഷപെട്ടു കൈയ്യിൽ ചായ കപ്പ് ഉണ്ടായിരുന്നില്ല. വിറയൽ പനി ബാധിച്ച് ചായ മറിച്ചിട്ടാല്ലോന്ന് ഭയന്ന് ആ ദൗത്യം നമ്മുടെ പോരാളിയെ ഏൽപ്പിച്ചു. ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചെങ്കിലും സംഗതി നടന്നു.

സാധാരണ പെണ്ണ് ഇറങ്ങി വരുമ്പോൾ നമ്മളെ Scan ചെയ്യുമെന്ന് അറിയുന്നത് കൊണ്ട് ചെക്കനെ നോക്കാൻ പോയില്ല. ബാക്കി എല്ലാരെയും നോക്കി ചിരിച്ച് കാണിച്ചു.

മോളെ ഞാൻ പയ്യന്റെ അച്ഛൻ തോമസ് ഇത് എന്റെ ഭാര്യ നിർമ്മല പിന്നെ ഇത് ഞങ്ങളുടെ മോളാണ് ദീപ്തി. ഇവളുടെ കല്യാണം കഴിഞ്ഞ് കെട്ടിയോൻ ഗൾഫില്ലാണ്. ഇത് എന്റെ കൊച്ചുമോളാ മാളൂട്ടി . ഒരു നാല് അഞ്ച് വയസ്സുള്ള ഒരു മാലാഖകുട്ടി. ഇവനു മൂത്തത് ഒരു മോനുണ്ട് അവൻ ഫാമിലിയായി ഡൽഹിയിലാ . എല്ലാരെയും പരിചയപെടുത്തി തന്നു . ചെക്കനെ ഒഴിച്ച് . അതു കൊണ്ട് തന്നെ ഞാൻ ആ ഭാഗത്തേക്ക് നോക്കാനേ പോയില്ല. മാളൂട്ടിയിലിരുന്നു എന്റെ ശ്രദ്ധ മുഴുവൻ.

ഹലോ …. മീരാ ഞാനാണ് കല്യാണ പയ്യൻ . പേര് അരുൺ. എന്നെയും കൂടി ഒന്ന് നോക്കടോ. അത് കേട്ട് എല്ലാരും ചിരി തുടങ്ങി. പതിയെ ഞാനാ ശബ്ദത്തിന് ഉടമയെ നോക്കി. എന്തോ ഹൃദയം വല്ലാതെ പെരുമ്പറ കൊട്ടുന്ന പോലെ. നോക്കിയത് ആ കണ്ണുകളിലേക്കാണ്.

പരസ്പരം നോക്കി നൽക്കുന്ന നിൽപ്പ് കണ്ടിട്ടാവണം ചെക്കനും പെണ്ണിനും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം എന്നുള്ള സ്ഥിരം പല്ലവിക്ക് ഒടുവിൽ ഞാൻ അകത്തേക്ക് േപാകാൻ നിന്നപ്പോൾ . മീര നമ്മുക്ക് പുറത്ത് നിന്ന് സംസാരിക്കാമെന്ന് പറഞ്ഞ് മുറ്റത്തെ മാവിൻ ചുവട്ടിലേക്ക് പുള്ളി പോകുന്ന കണ്ടു. പുറകെ ഞാനും. ഇത്രയും നേരം ഒതുങ്ങി നിന്ന പെരുമ്പറ കൊട്ട് പൂർവ്വാധികം ശക്തിയിൽ തിരിച്ച് വന്നത് ഞാനറിഞ്ഞു.

എന്ത് പറയണം എന്ന ചിന്തകൾക്ക് ഒടുവിൽ പുള്ളി തന്നെ പറഞ്ഞ് തുടങ്ങി. മീര ഞാൻ ഭയങ്കര Stage fear ഉള്ള ആളാ കേട്ടോ . ദൈവമേ പട്ടാളകാർക്ക് പേടിയോ ഞാൻ മനസ്സിൽ ചിന്തിച്ചു. പിന്നീട് ഞെട്ടിയത് ഞാനാരുന്നു വാതോരാതെ ഉള്ള സംസാരം. പട്ടാളക്യാമ്പിനെ കുറിച്ചും , ട്രെയിനിംഗ് ന്റെ ഒക്കെ വിശേഷങ്ങൾ പറഞ്ഞപ്പോൾ . അന്നാദ്യമായി ഒരു പട്ടാളകാരന്റെ കഷ്ടപാടുകൾ മിഴിവോടെ എന്നിൽ തെളിഞ്ഞു വന്നു. ഒപ്പം അവരോട് ഉണ്ടായിരുന്ന ബഹുമാനവും കൂടി.

എന്താടോ ഞാൻ ഇത്രയെക്കെ സംസാരിച്ചിട്ടും താൻ ഒന്നും മിണ്ടാത്തെ എന്ന അരുണിന്റെ ചോദ്യമാണ് എന്നെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്.

എന്തൊക്കെയൊ സംസാരിക്കണമെന്നുണ്ട് പക്ഷേ ഒരക്ഷരം പുറത്ത് വന്നില്ല. ഒരു നിമിഷം എന്റെ സംസാരശേഷി നഷ്ടപ്പെട്ടു പോയ പോലെ. അപ്പോഴാണ് സിറ്റ് ഔട്ടിലേക്ക് വന്ന വല്യപ്പച്ചൻ അരുൺന്റെ പപ്പയോട് പറയുന്നത് കേട്ടത്. ഞാൻ വലിയ ഒരു വായാടിയാന്നും എനിക്ക് പാചകം ഒന്നും അറിയത്തില്ലന്നും . ദൈവമേ ഈ ഓൾഡ് മാൻ എന്നെ നാറ്റിക്കുല്ലോന്ന് വിചാരിച്ച്, അങ്ങരെ നോക്കിയപ്പോൾ ദേ എന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കുന്നു.

അല്ല തനിക്ക് പാചകം ഒന്നും അറിയിലല്ല .പുള്ളിടെ ചോദ്യത്തിന് ഞാൻ ചുമൽ കൂചി കാണിച്ചു. സാരമില്ല ടോ … എനിക്ക് എല്ലാം ചെയ്യാനറിയാം. കഴിഞ്ഞ അഴ്ച്ച വീട്ടിൽ എല്ലാർക്കും പനിയായിട്ട് …. പുള്ളി ചുട്ടു കൊടുത്ത ദോശടെയും ചഡ്നിയുടെയും കഥ കേട്ടപ്പോൾ , തെല്ല് ഒരാശ്വാസം തോന്നി.

എനിക്കറിയാൻ വയ്യാത്തതായിട്ട് ഒന്നേ ഉള്ളൂ അത് ബീഫ് റോസ്റ്റ് ആണ്. വേണെങ്കിൽ താൻ അത് ഒന്ന് പഠിച്ചോ കേട്ടോ . എന്ന് കരുതി എന്നും പാചകം ചെയ്ത് തരാൻ ഞാൻ വീട്ടിൽ കാണില്ല. വർഷത്തിൽ 3 മാസമേ ലീവിന് വരുവോള്ളൂ . ഓണത്തിനും ക്രിസ്മസിനും പിന്നെ ഈസ്റ്റർ നും. അത് കേട്ടപ്പോൾ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു കഞ്ഞി വയ്ക്കാൻ പഠിച്ചില്ലങ്കിലും ബീഫ് റോസ്റ്റ് വയ്ക്കാൻ പഠിച്ചിട്ട് തന്നെ.

മീര തനിക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ല …കണ്ണിൽ കുസ്യതി നിറച്ച് എന്നോട് ചോദിച്ചു.

ഞാൻ സ്റ്റേജ് ഫിയർ ഒട്ടും ഇല്ലാത്ത ആളാ കേട്ടോ ഞാൻ പറഞ്ഞു. അതിന് മറുപടിയായി .. ഒന്ന് ചിരിച്ചിട്ട് പറഞ്ഞു അല്ലെങ്കിലും പെണ്ണ് ടീച്ചർ ആന്ന് പറഞ്ഞപ്പോഴേ ഊഹിച്ചു.

പിന്നീട് അങ്ങോട്ട് ഞങ്ങളുടെ ലോകമായിരുന്നു. പരസ്പരം ഇഷ്ടങ്ങൾ ഒന്നും പങ്ക് വച്ചില്ല. പറഞ്ഞത് എന്റെ പരിഭവങ്ങളും പരാതികളുമായിരുന്നു. അതിന് ഒക്കെ ആളുടെ കൈയ്യിൽ സൊല്യൂഷനും ഉണ്ടായിരുന്നു. പാചകം അറിയത്തില്ലന്ന് പറഞ്ഞപ്പോൾ , എനിക്കറിയാടോ നമ്മുക്ക് ശരിയാക്കാമെന്നു പറയാനും . ഞാൻ നല്ല അലമ്പിയാന്ന് പറഞ്ഞപ്പോൾ , തന്നെ കാൾ നല്ല അലമ്പാടോ ഞാനും എന്ന് പറഞ്ഞ് കട്ടക്ക് കൂടെ നിൽക്കുന്ന ഒരാൾ.

ഇതുവരെ കഴിഞ്ഞില്ല ? ഉമ്മറത്ത് നിന്നുള്ള ചോദ്യമാണ് ഞങ്ങളെ ബോധത്തിലേക്ക് കൊണ്ടുവന്നത്. എല്ലാരും ചിരിയോടെ നിൽക്കുന്ന കണ്ടപ്പോൾ ആദ്യമായ് ചമ്മൽ എന്ന് പറയുന്ന ഭാവം എന്റെ മുഖത്ത് വിരിയുന്നുണ്ടായിരുന്നു.

യാത്രപറഞ്ഞ് പോകുമ്പോൾ ആ കണ്ണുകൾ എന്നെ തേടി വരുന്നതറിഞ്ഞു. ഒരായിരം കഥകൾ കണ്ണിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന പോലെ…. പറയാൻ ഒരുപാട് ബാക്കി ഉള്ളത് പോലെ…..

പക്ഷേ പിന്നീട് എന്നെ വരവേറ്റത് അത്ര സുഖകരമായ നിമിഷങ്ങൾ ആയിരുന്നില്ല. ഒരേ ഒരു മകളെ ഒരു പട്ടാളകാരനെ കൊണ്ട് കെട്ടിച്ച് ജീവിതം തുലയ്ക്കാൻ പറ്റില്ലന്ന് പറഞ്ഞ് വീട്ടുകാരും ബന്ധുകളും .

എല്ലാ ഇഷ്ടങ്ങൾക്കും കൂട്ട് നിൽക്കുന്ന അപ്പയുടെ മൗനം എന്നെ നോവിച്ചിരുന്നു. രാത്രിയിൽ എന്റെ മുറിയിലേക്ക് വന്ന് അപ്പ പറഞ്ഞ വാക്കുകൾ എന്നെ തളർത്തിയിരുന്നു.

മോളുടെ ഇഷ്ടം ഈ അപ്പയ്ക്കറിയാം, പക്ഷേ എല്ലാരെയും എതിർത്ത് ഈ കാര്യത്തിൽ മാത്രം മോളുടെ കൂടെ നിൽക്കാൻ അപ്പയ്ക്ക് ഭയമാടീ.

രാത്രി മുഴുവനുള്ള അലോചനകൾക്ക് ഒടുവിൽ 23 വർഷം കൂടെ ഉണ്ടായിരുന്ന വീട്ടുകാരുടെ ത്രാസ്സ് താന്നിരുന്നു.

എല്ലാം നിങ്ങടെ ഇഷ്ടം പോലെ മതി. എന്നുള്ള എന്റെ മറുപടിയിൽ എല്ലാരുടെയും മുഖത്ത് ആശ്വാസം വിടർന്നത് കണ്ടു. ഒന്നേ ഞാൻ പറഞ്ഞുള്ളൂ. ഈ ആലോചന വേണ്ടന്ന് വയ്ക്കാൻ ഒരു കാരണം അവരു ചോദിക്കുമ്പോൾ .. എന്തെങ്കിലും കള്ളം പറഞ്ഞാൽ മതി അപ്പേ . ഒരിക്കലും അത് പട്ടാളകാരൻ ആയതുകെണ്ടാണന്നു പറയരുത്. അത് അയാൾക്ക് സഹിക്കാൻ കഴിഞ്ഞന്ന് വരില്ല. ദൂരം കൂടുതൽ കാരണം വേണ്ടന്ന് വിളിച്ചവരോട് പറയുമ്പോൾ. എന്തിനോ വേണ്ടി എന്റെ കണ്ണിൽ കൺനീർമുത്തുകൾ ഉരുണ്ട് കൂടിയിരുന്നു.

പിന്നീട് അടുക്കളയിൽ കയറാത്ത ഞാൻ. പല റെസിപിസ് കൊണ്ട് ബീഫ് റോസ്റ്റ് ഉണ്ടാക്കാൻ പഠിച്ചതും, പത്രത്തിൽ സിനിമ പേജും സ്പോർട്സ് പേജും മാത്രം നോക്കുന്ന ഞാൻ ഒരോ ആർമികാരുടെ ന്യൂസ് ആവേശത്തേടെ വായിക്കുന്നതും , അസാംമിൽ ആളുടെ ക്യാമ്പ് എന്നറിഞ്ഞു കൊണ്ട് , ഗൂഗിളിൽ നിന്ന് ആസം ന്റെ ഭൂഘടന പഠിച്ചതും, മെയ്10 ന് അയാളുടെ പിറന്നാൾ അറിഞ്ഞു കൊണ്ട് ഒരു മെഴുകുതിരി അയാൾക്ക് വേണ്ടി കത്തിച്ചതും, എന്റെ പല പുസ്തകതാളുകളിലും, കവിതകളിലും പട്ടാളകാരന്റെ പ്രണയവും , കാത്തിരിപ്പും കടന്ന് വന്നതും എന്തിന് വേണ്ടിയായിരുന്നുന്നറിയില്ല.

ആളുടെ പേര് വച്ച് insta യിലും, ഫെയ്സ്ബുക്കിലും തപ്പിയങ്കിലും കിട്ടിയില്ല. ആകെ ആ മാട്രിമോണയൽ പ്രൊഫൈലിൽ ആയിരുന്നു അശ്വാസം. എന്നും അത് തുറന്ന് നോക്കുന്നത് പോലും അയളെ കാണാനായിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻപ് പതിവ് പോലെ നോക്കിയപ്പോൾ : The Profile you have been searched is deleted by the user എന്ന മെസ്സേജ് കണ്ട് ഹൃദയം തകരുന്നതറിഞ്ഞു. ചിലപ്പോൾ കല്യാണം ആയി കാണും.

എന്തിനാ ഞാൻ ഇങ്ങനെ വിഷമിക്കുന്നത്. പലയാവർത്തി ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യം. പ്രണയമായിരുന്നോ അറിയില്ല. അന്ന് രാത്രി എന്റെ കണ്ണീർ വീണ് കുതിർന്ന തലയിണകൾ പറയുന്നുണ്ടായിരുന്നു …… എപ്പോഴോ പ്രണയം തോന്നിയിരുന്നു.

എന്തിനാടീ ഇങ്ങനെ നീറുന്ന ഒരു വാക്ക് നിനക്ക് തറപ്പിച്ച് പറയത്തില്ലാരുന്നോ . അവനെ മതി എന്ന കൂട്ടുകാരികളുടെ ചോദ്യത്തിന് . മനസ്സിൽ വന്നത് എന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവികുട്ടിടെ വരികളാണ്.

“സ്വന്തമാണെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക, തിരിച്ചു വന്നാൽ അത് നിങ്ങളുടെതാണ് അല്ലെങ്കിൽ അത് വേറെ ആരുടെയോ ആണ് ……….”

ഈ സംഭവം കഴിഞ്ഞ് ഒരു വർഷം കഴിയുന്നു. പിന്നീട് പല ഞായറായ്ച്ചകളും കടന്ന് പോയി…. പല പെണ്ണുകാണലും …. പക്ഷേ ഇത് വരെ സ്പാർക്ക് തോന്നുന്ന ഒരാളെ കണ്ട് കിട്ടിയില്ല.

അന്ന് ആ പട്ടാളകാരനെ കൊണ്ട് കെട്ടിച്ചിരുന്നങ്കിൽ . നല്ല മിലിട്ടറി കോട്ടയും കിട്ടിയനേ . ഒപ്പം എന്റെ കൊച്ച് സന്തോഷത്തോടെ ഇരുക്കുവാരുന്നു എന്ന അപ്പടെ പറച്ചിലിൽ. പട്ടാളകാരെ കുറ്റം പറഞ്ഞ എന്റെ അമ്മയുടെയും ആങ്ങളെ യുടെയും തല കുനിഞ്ഞ് പോകുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.

നാളെ പിന്നെയും ഒരു ഞായറായ്ച്ച .പതിവ് പോലെ മെഴുകുതിരിയുമായി മാതാവിന്റെ അടുത്ത് നിൽക്കുമ്പോൾ . കഴിഞ്ഞ ഒരു വർഷമായി പറയുന്ന സ്ഥിരം പല്ലവി അവർത്തിക്കുന്നു. ഈ ലോകത്തുള്ള എല്ലാ ജവാൻമാരെയും കാത്ത് പരിപാലിക്കേണ. ഒപ്പം ഒരു മെഴുകുതിരി ഇന്നും അയാൾക്ക് വേണ്ടിയാണ്. എവിടെ ഇരുന്നാലും സന്തോഷത്തോടെ ഇരിക്കണെ എന്ന പ്രാർത്ഥന ഉരുവിട്ടു കൊണ്ട് .

ശുഭം

ആദ്യമായാണ് ഇങ്ങനെ ഒരു സാഹസം. ഇത് എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ്. കഥാപാത്രങ്ങളുടെ പേരും കുറച്ച് കാര്യങ്ങൾ ഒഴിച്ചാൽ ആ സംഭവം അതെ പടി പകർത്തി എഴുതി. ഇന്നും ആ സംഭവം ഒരു നോവായി കിടക്കുന്നു. മനസ്സ് തുറന്ന് എഴുതിയാൽ ആ വേദന മാറിയാല്ലോ . പിന്നെ വെറെ ഒരു ഉദ്ദേശം. ഇനി നമ്മടെ നായകനും കഥ വായിച്ച് ,ആള് സ്റ്റിൽ ബാച്ചിലർ ആണെങ്കിൽ ഒരു ബിരിയാണി കിട്ടിയാല്ലോ ( ചുമ്മ പറഞ്ഞതാ കേട്ടോ?? )

സ്നേഹം

❤️മീര❤️