ആളെ കൂട്ടി വരാൻ, ഓർക്കുമ്പോൾ കരച്ചിൽ അടക്കാൻ പറ്റുന്നില്ല. കൂടെ വരാനുള്ള ആളാണ് വീട്ടിൽ തളർന്നു കിടക്കുന്നത്.

ആരുമില്ലാത്തവർ…

Story written by Mini George

===========

നടുവു വേദന തീരെ സഹിക്കാൻ കഴിയാതെ ആയപ്പോഴാണ്,ഡോക്ടറെ കണ്ടത്.

പരിശോധിച്ച ഡോക്ടർ വേറെ ഒരു ഡോക്ടറുടെ അടുത്തേക്ക് ടെസ്റ്റ് ചെയ്ത കടലാസുകൾ കൊണ്ട് കാണിച്ചു.രണ്ടു പേരും കൂടി,കാര്യമായി എന്തൊക്കെയോ പറയുകയും തന്നെ നോക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ തന്നെ,എന്തോ ഒരു പന്തികേടു തോന്നി.

“കുറച്ചു നാൾ മുൻപ് വരേണ്ടതല്ലയിരുന്നോ അമ്മെ?”

സുന്ദരിയായ ഡോക്ടര് കൊച്ചു അടുത്ത് വന്നു,തോളത്തു തട്ടി ചോദിച്ചപ്പോൾ…….എന്ത് പറയണം എന്നറിയില്ലായിരുന്നു.

“കുറച്ചധികം നാൾ ചികിത്സ വേണ്ടി വരുമല്ലോ?ഇവിടെ കിടക്കമോ?”

“അയ്യോ കുഞ്ഞേ,കിടക്കാനോ?”

“വേണം, കീമോ ഒക്കെ ചെയ്യേണ്ടി വരും.”

കീമോ എന്ന് കേട്ടപ്പോൾ ഞെട്ടി. പണിക്ക് നിൽകുന്ന വീട്ടിലെ മോൾടെ അമ്മക്ക് ഇത് പോലെ ചെയ്തിരുന്നു.അത് വയറിനായിരുന്നു.

അപ്പോൾ അത് തന്നെ ആയിരിക്കും അല്ലേ….

“സാറേ,എപ്പോൾ എനിക്കും ക്യാൻസർ ആണോ?”

ഡോക്ടര് കൊച്ചു നിസ്സഹായതയോടെ നോക്കി.

“അമ്മ പോയിട്ട് കിടക്കാൻ പാകത്തിന് ആളെ കൂട്ടി വരൂ,ഇപ്പൊൾ തന്നെ വളരെ വൈകി പോയി.ഇനിയും താമസിച്ചാൽ ആപത്താണ്.

തലയാട്ടികൊണ്ട് തിരിച്ചിറങ്ങി.

ആശുപത്രിയുടെ മുറ്റത്ത് പടർന്നു പന്തലിച്ച വാകയുടെ ചോട്ടിൽ ഇരുന്നു പോയി.

ആളെ കൂട്ടി വരാൻ,ഓർക്കുമ്പോൾ കരച്ചിൽ അടക്കാൻ പറ്റുന്നില്ല.കൂടെ വരാനുള്ള ആളാണ് വീട്ടിൽ തളർന്നു കിടക്കുന്നത്.

ഈ ലോകത്തിൽ സ്വന്തം എന്ന് പറയാൻ ആകെ ഉള്ളവൻ.മരുമകൻ……അല്ല മകൻ തന്നെ.,…..എന്തേലും പറ്റിയാൽ അവൻ്റെ ഗതി..ദൈവമേ..

വെറുതെയെങ്കിലും മകളുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു.

ആകെയുള്ള ഒരു മകൾ.ആരാൻ്റെ വീട്ടിൽ ജോലിക്ക് പോയി വളർത്തി വലുതാക്കി.ഒരു ചെറിയ ജോലിയും ആക്കി. എന്നാൽ വയസ്സ് പത്തിരുപതെട്ട് കഴിഞ്ഞിട്ടും ആരും കല്യാണം കഴിക്കാൻ അന്വേഷിച്ചു വന്നില്ല. പൈസയുടെ കുറവ് തന്നെ.

വെളുത്ത് മെലിഞ്ഞ ഒരു സുന്ദരിയായിരുന്നു അവൾ.

പ്രായം തികഞ്ഞിട്ടും കല്യാണം കഴിയാത്ത മകളെ ഓർത്തുള്ള വിഷമം കണ്ട് ജോലിക്ക് നിൽകുന്ന വീട്ടിലെ മോള് തന്നെ ആണ്,അവരുടെ എസ്റ്റേറ്റിൽ ജോലിക്ക് വരുന്ന ഒരു പയ്യനെ കാണിച്ചു തന്നത്.

“അവന് അച്ഛനും അമ്മയും ആരും ഇല്ല.ചെറുപ്പത്തിൽ നാടുവിട്ടു പോന്നതാണ്.നല്ല സ്വഭാവമാണ്.ചേച്ചിക്ക് ഇഷ്ടമാണെ മോൾക്ക് കല്യാണം ആലോചിക്കാം.”

അങ്ങനെ ആ പയ്യൻ മരുമകൻ ആയി…അല്ല മോൻ ആയി.

ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെ ചെയ്യുമോ അതൊക്കെ ചെയ്യുന്ന മരുമകൻ.

കഠിനാധ്വാനം ചെയ്തു തന്നെയും മോളെയും തീറ്റി പോറ്റി.അമ്മയിനി ജോലിക്ക് പോകണ്ട എന്ന് പറഞ്ഞു.വീട്ടിൽ ഇരുത്തി.അവരു രണ്ടുപേരും ജോലിക്ക് പോകും അവരു വരുമ്പോഴേക്കും താൻ ജോലിയെല്ലാം ചെയ്തു വക്കും .

നാളുകൾ കടന്നു പോയത് അറിഞ്ഞില്ല.അത് വരെ കഷ്ട്ടപെട്ടത്തിനെല്ലാം ദൈവം കൂലി നൽകി എന്ന് സന്തോഷിച്ചു.

സ്നേഹനിധിയായ മോൻ

പക്ഷേ അതെല്ലാം വളരെ പെട്ടന്ന് തീർന്നു പോയി. എസ്റ്റേറ്റിൽ തടി കേറ്റാൻ വന്ന ലോറി അബദ്ധത്തിൽ മറിഞ്ഞപ്പോൾ മരുമകൻ അടിയിൽ പെട്ടുപോയി.

ജീവഹാനി സംഭവിച്ചില്ല എങ്കിലും അരക്ക് കീഴ്പോട്ട് തളർന്നു പോയി.

ആകെ തകർന്നു പോയ ദിവസങ്ങൾ.താനും കൂടി രണ്ടാമത് ജോലിക്ക് പോകാൻ തുടങ്ങി.

കിടന്നിടത് കിടന്നു എല്ലാം ചെയ്തു കൊടുക്കണം അവന്.ആദ്യമെല്ലാം മകൾ സങ്കടത്തോടെ തന്നെ എല്ലാം ചെയ്തു കൊടുത്തിരുന്നു.

ദിവസങ്ങൾ പോയപ്പോൾ അവന് ഇനി ജോലിക്ക് പോകനൊന്നും കഴിയില്ല എന്നറിഞ്ഞപ്പോൾ അവളുടെ ഭാവം മാറി.

എനിക്കിങ്ങനെ ശുശ്രൂഷിച്ചു ജീവിക്കാൻ ഒന്നും പറ്റില്ല,എന്നും പറഞ്ഞു വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി.

കുറച്ചു നാളുകൾക്കുള്ളിൽ അവള് ജോലി ചെയ്യുന്നിടത്ത് ഒരു പയ്യൻ്റെ കൂടെ പോയി…..ഇവനെ കളഞ്ഞ്….

തനികങ്ങനെ കളയാൻ കഴിയില്ലായിരുന്നു ഏകദേശം ഒരു വർഷത്തോളം പൊന്നുപോലെ നോക്കിയ മോൻ, സ്നേഹമുള്ളവൻ.

അവൻ എപ്പോഴും പറയും “അമ്മയിങ്ങനെ കഷ്ടപ്പെടരുത്,…എനിക്ക് വേണ്ടി..അമ്മ കഷ്ടപ്പെട്ട് എനിക്ക് ജീവികണ്ട.” പിന്നെ കരച്ചിലായി.

“നീ മരിച്ച പിന്നെ അമ്മക്ക് ആരാ ഉള്ളത്.” ആ ചോദ്യത്തിൽ അവൻ മിണ്ടാതെ ഇരിക്കും.

വർഷം ആറായി,അവൻ ഒരേ കിടപ്പ് കിടക്കുന്നു.

എന്നാൽ ഇപ്പൊൾ എണ്ണപ്പെട്ടു കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് താനിനി അവനെ എന്ത് ചെയ്യും .അവനെ ആരിനി നോക്കും.

കരയുന്നത് കണ്ടിട്ടാവണം,ആളുകൾ നോക്കുന്നു.

മെല്ലെ എഴുന്നേറ്റു.നടുവിന് നല്ല വേദന ആണ്. എല്ലിനായിരിക്കും. ഡോക്ടറോട് ചോദിച്ചില്ല. അവർ പറഞ്ഞതും ഇല്ല.

കയ്യിൽ കുറച്ചു കാശുണ്ട്.എന്തേലും കാര്യമായി കഴിക്കാൻ വാങ്ങണം.പാവം അവന് ഇഷ്ടമുള്ളത് നോക്കി വാങ്ങാം.

കടയിൽ കേറി ബിരിയാണി വാങ്ങി.ഒരു ഐസ് ക്രീമും.മെല്ലെ നടന്നു വീട്ടിൽ എത്തുമ്പോഴേക്കും തീരെ വയ്യാതായി.

“അമ്മ എവിടെ പോയിരുന്നു”

“അമ്മ നമുക്കൊരു ബിരിയാണി വാങ്ങാൻ പോയതാ”

“ആണോ,ആഹാ എനിക്കിഷ്ടം ആണ് ബിരിയാണി.”

“അമ്മക്ക് അത് അറിയാം…., ഇതാ ഐസ്ക്രീമും ഉണ്ട്.”

“വേഗം തായോ അമ്മെ”

“മോനെ, കഴിക്കുന്നതിന് മുൻപ് അമ്മകൊരു കാര്യം പറയാനുണ്ട്.”

“വേണ്ട അമ്മെ ആദ്യം കഴിക്കാം.”

“എന്നാലങ്ങനെ”

അവനെ ചാരി ഇരുത്തി ബിരിയാണി പൊതി അഴിച്ച്,വാരി വായിൽ വച്ചു കൊടുത്തു.

താനും കഴിച്ചു,വയറു നിറയെ….ഐസ്ക്രീമും കൊടുത്തു.

പാവം മിണ്ടാതെ ഒന്നും പറയാതെ കഴിച്ചു

“മോനെ”…….

“വേണ്ടമ്മെ എനിക്കറിയാം പറയണ്ട………..വയ്യാത്ത,ആർക്കും വേണ്ടാത്ത, രണ്ടു ജന്മങ്ങൾ ,ഇവിടം വിട്ടു പോയാൽ ആർക്കും ഒന്നുമില്ല അമ്മെ”

കരഞ്ഞുപോയി അത് കേട്ട്. “മോൻ ഉറങ്ങിക്കോളൂ”

“അടുത്ത ജൻമത്തിൽ എനിക്ക് അമ്മയുടെ മോനായാൽ മതി”

“നീ ഈ ജൻമത്തിലും എൻറെ മോൻ തന്നെ”

പിന്നെ ,അവൻ്റെ കയ്യും പിടിച്ചു അങ്ങനെ അങ്ങു…………

Cover photo Courtesy