എന്നിലെ മാറ്റങ്ങൾ എന്നെക്കാൾ മുന്നേ തിരിച്ചറിഞ്ഞതും എന്റെ ഊമകുയിൽ വേണിയായിരുന്നു. അവളും സന്തോഷത്തോടെ….

Story written by Seshma Dhaneesh

==============

“എനിക്കൊരു ഉമ്മ തരുവോ സേതുവേട്ട….!!!”

തമാശയോടെയാണെങ്കിലും എന്റെയാ ചോദ്യം ആളെയൊന്ന് വലച്ചു…എനിക്ക് നേരെയുള്ള ആ ഗൗരവമേറിയ കണ്ണുരുട്ടലിന് ഒരു താക്കീതിന്റെ ഭാവമായിരുന്നു…

ചിരിയോടെ പാവാടത്തുമ്പുയർത്തി തോട്ടുവക്കിലൂടെ ഞാൻ വേഗത്തിൽ ഓടുമ്പോൾ കലുങ്കിന്റെ തടിപ്പാലത്തിലിരുന്ന് ആളെന്നെ ചിരിയോടെ നോക്കുന്നത് ഞാനറിഞ്ഞു…

ഇങ്ങനെയാണ് ഞങ്ങളുടെ സേതുവേട്ടൻ…ഒരൽപ്പം സ്വർത്ഥത പുരട്ടി പറഞ്ഞാൽ എന്റെ സേതുവേട്ടൻ…സ്നേഹിക്കാനും ചിരിക്കാനും സംസാരിക്കാനുമൊക്കെ വല്ലാത്തൊരു പിശുക്കാണ് ആൾക്ക്…

ഈ പ്രണയത്തിന്റെ കടൽപ്പാലങ്ങളുടെ രണ്ടറ്റത്ത് നിൽക്കാനല്ലാതെ ആ നെഞ്ചോരമൊന്ന് മുഖം ചേർക്കാൻ വല്ലാതെ കൊതിക്കാറുണ്ട്…

ഞാൻ ഒൻപതാം തരം പഠിക്കുന്ന കാലം, അന്നൊരിക്കലാണ് ഞങ്ങളുടെ വീടിന്റെ എതിർവശത്തെ പറമ്പിൽ ആ പുതിയ വീടുയർന്നത്…എന്റ സേതുവേട്ടന്റെ

ആ പറമ്പിൽ നിറയെ മധുരമുള്ള കർപ്പൂരമാവുകൾ തിങ്ങി നിറഞ്ഞു നിൽക്കുമായിരുന്നു…മതിലോരം ചേർന്ന ചില്ലകളിൽ നിന്നും ഞാനും എന്റെ അടുത്ത കൂട്ടുകാരി വേണിയും മാമ്പഴങ്ങൾ  മോഷ്ടിക്കുമായിരുന്നു…

വേണി, അവൾക്ക് സംസാരിക്കാൻ കഴിയില്ലായിരുന്നു…മൗനങ്ങൾ തടത്തീർത്ത അവളും അമ്മയും മാത്രമുള്ള ലോകം…എന്നിരുന്നാലും  എനിക്ക് കൂടി അവരുടെ സ്വർഗ്ഗത്തിലൊരിടമുണ്ട്. ഓര്മവച്ച നാൾമുതൽ എന്റെ അടുത്ത കൂട്ടുകാരിയാണ് അവൾ. ഞാനും എന്റെ ഏട്ടൻ ശരത്തും വേണിയുമായിരുന്നു കൂട്ട്….പോകെ പോകെ  ഞങ്ങളുടെ ആ ചെറിയ ലോകത്തിലേക്ക്  സേതുവേട്ടനും കൂടി..

സേതുവേട്ടനും ശരത്തേട്ടനും രണ്ടു വയസു വ്യത്യാസമുണ്ടായിരുന്നു. സേതുവേട്ടൻ ഒരു പതിഞ്ഞ സ്വഭാവക്കാരനായിരുന്നു. ഒരു ഗൗരവം എപ്പോഴുമുണ്ട്. എങ്കിലും ഞങ്ങളോട് വലിയ കൂട്ടായിരുന്നു. കോളേജിലെ വിശേഷങ്ങളൊക്കെ വന്നു പറയും. മുന്നോട്ടുള്ള ഭാവി സ്വപ്നങ്ങൾ പങ്കുവയ്ക്കും.

ആൾക്ക് ഒരു സ്കൂൾ മാഷാകാനായിരുന്നു ഇഷ്ടം. അധ്യാപകരായ അച്ഛനമ്മമാരുടെ സ്വഭാവഗുണമാണ് സേതുവേട്ടനും അങ്ങനെ ആഗ്രഹിക്കാൻ കാരണം.

പത്താം ക്ലാസിലേക്ക് കടന്നപ്പോഴാണ് കൂട്ടുകാർക്കിടയിലെ പരസ്പരം ഇഷ്ടങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയത്. ഓരോരുത്തരും ഓരോ ആണ്കുട്ടികളോടുള്ള ആകർഷണവും മറ്റും വിവരിക്കുമ്പോൾ എന്റെ മനസിൽ തെളിഞ്ഞു വന്നതു സേതുവേട്ടന്റെ മുഖമായിരുന്നു.

ആ ഗൗരവമായിരുന്നു….സംസാരിക്കുമ്പോൾ എപ്പോഴും തന്റെ കണ്ണുകളിൽ നോക്കിയേ സംസാരിക്കൂ…ആരൊക്കെ അടുത്തുണ്ടെങ്കിലും ആ മിഴികൾ എപ്പോഴും തന്നിലായിരിക്കും…

പതുക്കെ പതുക്കെ മനസിന്റെ ഏതൊക്കെയോ കോണിൽ സേതുവേട്ടൻ പതിഞ്ഞു തുടങ്ങിയിരുന്നു. ഒരു കൗമാരക്കാരിയുടെ ആദ്യ പ്രണയം..

എന്നിലെ മാറ്റങ്ങൾ എന്നെക്കാൾ മുന്നേ തിരിച്ചറിഞ്ഞതും എന്റെ ഊമകുയിൽ വേണിയായിരുന്നു. അവളും സന്തോഷത്തോടെ പ്രോത്സാഹിപ്പിച്ചു. കാരണം എന്റെ ഇഷ്ടങ്ങളും സന്തോഷവുമാണ് അവൾക്കെന്നും വലുത്.

“ഞാൻ നിന്നെ സ്നേഹിക്കുന്നു അല്ലെങ്കിൽ വികാരഭരിതമായ…..നാണത്താൽ കുതിർന്ന…..ഒരു I Love you എന്നു പറയുന്നതിനേക്കാൾ ഞങ്ങളുടെ തമ്മിലിടയുന്ന കണ്ണുകളും പരസ്പരം കാണുമ്പോൾ വാക്കുകൾ പിടിച്ചു വച്ചു ഹൃദയവും ഞങ്ങളോട് പറഞ്ഞു…തമ്മിലുള്ള പ്രണയം”

ഒരാൾ മറ്റയാൾക്ക് മാത്രം സ്വന്തമാണെന്നു മൗനമായി…കണ്ണുകളിൽ ഇടയുന്ന നോട്ടങ്ങളിൽ…നേർത്ത പുഞ്ചിരികളിൽ…നൽകിയ വാഗ്ദാനമായിരുന്നു.

കോളേജ് കഴിഞ്ഞു കവലയിൽ നിന്നും വീട് വരെയുടെ ഒരുമിച്ചുള്ള നടത്തം…വിശേഷങ്ങൾ പങ്കുവച്ചു…സ്വപ്നങ്ങൾക്ക് നിറം പകർന്നു….പ്രണായതുരമായ നോട്ടങ്ങളിൽ ഹൃദയത്തെ കുരുക്കിയുള്ള നടത്തം…

അവധി ദിവസങ്ങളിൽ ലൈബ്രറിയും പുസ്തകങ്ങളും… തന്നെ കവിതകളുടെ ഉള്ളറകളിലേക്ക് തള്ളിവിട്ടത് സേതുവേട്ടനായിരുന്നു.

തനിക്ക് വേണ്ടി മാത്രം തിരഞ്ഞെടുത്തു തരുന്ന പുസ്തകങ്ങൾ…പ്രണയത്തിന്റെ ഉന്മാദത്തിൽ കുളിർന്നുപോകുന്ന വരികൾ പ്രത്യേകം അടിവരയിട്ടിട്ടുണ്ടാകും…തനിക്കായി മാത്രം….ഓരോ കവിതകളും ഓരോ ഓരോ പ്രണയ നിമിഷങ്ങൾ സമ്മാനിച്ചു കടന്നു പോയിരുന്നു ഞങ്ങൾക്കിടയിൽ നിന്നും

മനസിന്റെ ഓരോ കോണിലും….നോട്ടം കൊണ്ടും നേർത്ത പുഞ്ചിരികൊണ്ടും……പകർന്നു നൽകുന്ന കവിതയിലെ വരികൾ കൊണ്ട് പ്രണയം നിറച്ചവൻ….

ഒരിക്കൽ ഒരവധി ദിവസം ലൈബ്രറിയിൽ നിന്നും ഒരുമിച്ചു വരുമ്പോഴാണ് ജാനകി ഏടത്തിയുടെ വീടിനുമുന്നിൽ കുറച്ചു കുറുമ്പന്മാർ നിൽക്കുന്നത് കണ്ടത്. അവിടുത്തെ മധുര മാങ്ങ പറിക്കാൻ പോയതിനു ജാനകി ഏടത്തി നല്ല വഴക്ക് പറഞ്ഞു ഓടിപ്പിക്കുന്നുണ്ടായിരുന്നു…

പ്രണയം കൊണ്ടും ബന്ധങ്ങൾ കൊണ്ടും മുറിവേറ്റവളാണ്‌ ജാനകി എന്ന ജാനകി ഏടത്തി. നാട്ടിലെ പേരുകേട്ട നായർ തറവാട്ടിലെ അംഗമായിരുന്നു അവർ. കോളേജ് പടനകാലത് സഹപാടിയുമായി ഇഷ്ടത്തിലായിരുന്നു അവർ. പതിഞ്ഞ സ്വഭാവക്കാരിയായ…സ്വന്തമായി ഇഷ്ടങ്ങളോ താത്പര്യങ്ങളോ ഒന്നുമില്ലാതിരുന്ന ജാനകി ചേച്ചിക്ക് ഒരു പ്രണയബന്ധം എന്നത് അത്ഭുതമായിരുന്നു.

കുടുംബ മഹിമയുടെ പേരു പറഞ്ഞും, ജാതി-കുല ബന്ധങ്ങളുമൊക്കെ മുറുകെ പിടിച്ചും ചേച്ചിയുടെ അച്ഛനും സഹോദരനും അവരുടെ പ്രണയബന്ധത്തിന് എതിരായിരുന്നു.

പാവം സ്ത്രീ…ഒരുപാട് കരഞ്ഞു നോക്കി…പട്ടിണി കിടന്നു…തല്ലുകൾ വാങ്ങി കൂട്ടി… എന്നിട്ടും കനിഞ്ഞില്ല അവരാരും…ബന്ധുക്കളുടെ ചോദ്യങ്ങൾ…നാട്ടുകാരുടെ പരിഹാസങ്ങൾ….സ്നേഹിച്ച ചെറുക്കന്റെ വീട്ടിൽ ചെന്ന് പ്രശ്നം ഉണ്ടാക്കുകയും അവർക്ക് ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായപ്പോൾ അയാൾ ആത്മഹത്യ ചെയ്തു…അന്ന് സ്നേഹിച്ചവന്റെ ശരീരവും പൊതിഞ്ഞു പിടിച്ചു അലറി കരഞ്ഞ ജാനകിയെ മരണം വരെ മറക്കാൻ കഴിയില്ലെന്ന് അമ്മ പറയാറുണ്ട്…അന്നായിരുന്നത്രെ അവർ അവസാനമായി കരഞ്ഞത്.

പിന്നീട് ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു അവർ. അവരെ കല്യാണം കഴിപ്പിച്ചയക്കാൻ വീട്ടുകാർ കുറെ ശ്രമിച്ചു പക്ഷെ അവർ സമ്മതിച്ചില്ല…ഒറ്റയ്ക്ക് ജീവിക്കുന്നു….ഒരു വലിയ പറമ്പും അതിൽ ഒരു വീടും അവർ നേടിയെടുത്തു…അവിടെ ഒറ്റയ്ക്ക് താമസിക്കുന്നു..അന്യജാതിക്കാരൻ എന്ന കുറവായിരുന്നു അയാളിൽ ജാനകി ഏടത്തിയുടെ വീട്ടുകാർ കണ്ടെത്തിയ കുഴപ്പം. പക്ഷെ അന്യജാതിക്കാരിയായ പെണ്ണിനെയായിരുന്നു ഏടത്തിയുടെ സഹോദരൻ പ്രണയിച്ചു കല്യാണം കഴിച്ചത് എന്നത് മറ്റൊരു വിരോധാഭാസം ആയിരുന്നു.

ഇന്നും ഒറ്റയ്ക്കാണ് അവർ…ആരോടും പ്രതിബദ്ധത ഇല്ലാത്ത ജീവിതം…ആരോടും കനിവോ അലിവോ ഒന്നുമില്ലാതെ…മനസു കല്ലായി ജീവിക്കുന്നവൾ..

ഒരൊറ്റ കുട്ടികളെയും അവർ അടുപ്പിക്കില്ല. ആ പറമ്പിലാണെങ്കിൽ കുട്ടികളെ കൊതിപ്പിക്കാൻ വേണ്ടുന്ന എല്ലാ വിഭവങ്ങളുമുണ്ട് താനും. ആരോടൊക്കെയോ ഉള്ള പ്രതിഷേധമായിരുന്നു അവരുടെ പിന്നീടുള്ള ജീവിതം…ആ പ്രതിഷേധം തന്റെ അടുത്തേക്ക് വരുന്ന കുട്ടികളോട് തീർക്കും. അധികമാരുമായും അടുപ്പമില്ല. ആരോടും ഒരു പരിധിയിൽ കൂടുതൽ സംസാരിക്കില്ല. ഒറ്റയ്ക്ക് ജീവിച്ചു തീർക്കുന്നു.

എന്നെയും സേതുവേട്ടനെയും കാണുമ്പോൾ ഏടത്തി കണ്ണ് ചിമ്മാതെ നോക്കി നിൽക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അപ്പോഴാ കണ്ണുകളിൽ തെളിയുന്നത് എന്തെന്നറിയില്ല… ഞങ്ങളെ മിഴിവോടെ നോക്കി നിൽക്കും…ചിലപ്പോൾ ഞങ്ങളിൽ അവരുടെ പ്രണയകാലം കാണുന്നുണ്ടാകും….അവരുടെ ആവേശം പൂണ്ട നോട്ടം കാണുമ്പോൾ സേതുവേട്ടന്റെ കൈകളിൽ മുറുകെ പിടിക്കും ഞാൻ

“എന്തിനാ അവർ ഇങ്ങനെ നോക്കുന്നെ ??… കുഞ്ഞുങ്ങൾ എന്തു പിഴച്ചു…ആ പറമ്പിൽ ചീഞ്ഞു പോകുന്ന മാങ്ങയല്ലേ ?? പിള്ളേർക്ക് കൊടുത്താലെന്താ” ചോദ്യങ്ങൾകൊണ്ടു സേതുവേട്ടന്റെ ചെവി കാർന്നു തിന്നും…സഹികെടുമ്പോൾ എന്നത്തേയും പോലെ രൂക്ഷമായ നോട്ടം…പക്ഷെ ആ നോട്ടത്തിനും പുറകിൽ ഒരു പ്രണയം കടകണ്ണിൽ ഒളിപ്പിച്ചിരിക്കും.

“പ്രണയം കൊണ്ടു മുറിവേറ്റവളാണ്‌ അവർ. അവർക്ക് അങ്ങനെയാകാനെ കഴിയൂ…അവരുടെ സ്ഥാനത്തു വരുമ്പോഴേ ആ വേദന മനസ്സിലാകൂ”

“യ്യോ…എനിക്കവരുടെ സ്ഥാനമൊന്നും വേണ്ട” സേതുവേട്ടന്റെ കൈകളിൽ ചുറ്റി മുഖം ചേർത്തു നിന്നു പറയും. അങ്ങനെ ആലോചിക്കാൻ കൂടി കഴിയില്ല…ഹൃദയം മുറിയുന്ന വേദനയാണ്…തൊണ്ടയിൽ ശ്വാസം നിലയ്ക്കും പോലെ….

മുകളിലെ എന്റെ മുറിയുടെ ജാലകത്തിന്റെ വാതിൽ തുറന്നാൽ സേതുവേട്ടന്റെ മുറിയുടെ ജാലക വാതിലും കാണാം…നിലാവിൽ കുളിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രൻ സാക്ഷിയായി നോട്ടങ്ങളിലൂടെ ഞങ്ങളുടെ ഹൃദയം പ്രണയസല്ലാപം നടത്താറുണ്ട്…ഞങ്ങളുടെ മാത്രം ഏറ്റവും പ്രിയപ്പെട്ട സ്വകാര്യത.

സേതുവേട്ടൻ അടുത്ത ജില്ലയിലെ ഒരു ഹൈസ്കൂളിൽ മാഷായി ജോലിക്ക് കയറിയിരുന്നു. അതുകൊണ്ട് തന്നെ ആഴ്ചയിലെ അവസാന രണ്ടു ദിവസം അല്ലെങ്കിൽ രണ്ടാഴ്ചയൊക്കെ കൂടുമ്പോഴേ സേതുവേട്ടൻ വീട്ടിലേക്ക് വന്നിരുന്നുള്ളൂ. കണ്ണുകൾ പരിഭവിക്കുമ്പോഴും മനസു സേതുവേട്ടനോട് ഒട്ടി നിൽക്കുമായിരുന്നു.

അന്നൊരു ശനിയാഴ്ചയായിരുന്നു….അടുത്ത ബന്ധുവിന്റെ കല്യാണത്തിന് പോകാനായി അമ്മ എന്നെയും കൂട്ടി…ഇന്ന് സേതുവേട്ടൻ വരുന്ന ദിവസമായിരുന്നു…ചിണുങ്ങി നിന്നെങ്കിലും അമ്മ കണ്ണുരുട്ടി ചൊടിച്ചതോടെ ഞാനും പുറകെ പോയിരുന്നു…വല്ലാത്ത അസ്വസ്ഥമായ മനസോടെയായിരുന്നു ചടങ്ങിൽ പങ്കെടുത്തത്…സേതുവേട്ടൻ ചിലപ്പോൾ പരിഭവിക്കും…എനിക്കിഷ്ടമാണ് അദ്ദേഹത്തിന്റെ പരിഭവത്തെ…പുറകെ നടന്നു പിണക്കം മാറാൻ ചെല്ലണം…സേതുവേട്ടനെ കുറിച്ചാലോചിച്ചപ്പോൾ എങ്ങു നിന്നോ പുഞ്ചിരി ചുണ്ടുകളിൽ ഓടിയെത്തിയിരുന്നു. എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നുള്ള ഒരു തോന്നൽ…എന്തോ സംഭവിക്കാൻ പോകുന്ന പോലെ…

അമ്മയുടെ കൂടെ തിരികെ വീട്ടിലേക്ക് വരുമ്പോൾ വീടിനുമുന്നിൽ ഒരു ആൾക്കൂട്ടം. എന്റെ നെഞ്ചോന്നു പിടഞ്ഞു…അച്ഛൻ…അച്ഛനെന്തെങ്കിലും…കാലുകൾ വേഗത്തിൽ ചലിച്ചിരുന്നു…പക്ഷെ അകത്തെ സെറ്റിയിൽ ഒരറ്റത്ത് അച്ഛനും മറുവശത്ത് ശരത്തേട്ടനും തലയ്ക്ക് കൈകൾ കൊടുത്തിരിക്കുന്നതാണ് കണ്ടത്…കാര്യമൊന്നും മനസിലായില്ല…മെമ്പറും പ്രസിഡന്റും അങ്ങനെ പ്രമുഖരായ ചിലർ അവിടെയവിടെ നിന്നു ചർച്ചകൾ…വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ കണ്ടു മാഷും ടീച്ചറും…കരയുകയാണ് അവർ…

“എന്താ…എന്താ ഇവിടെ സംഭവിക്കുന്നെ…ആരെങ്കിലുമൊന്നു പറയുന്നുണ്ടോ” ശബ്ദം ഇടറിയെങ്കിലും മനസിന്റെ വേവലാതിയിൽ അതൊരു അലർച്ചയായി മാറിയിരുന്നു.

ചോദ്യത്തിനുള്ള മറുപടിയെന്നോണം അച്ഛൻ ദേഷ്യത്തിൽ എഴുനേറ്റു എന്റെ കൈകൾ പിടിച്ചുവലിച്ചു അടുത്തു കണ്ട റൂമിന്റെ വാതിൽ തുറന്നു തന്നു….അവിടെ വേണിയെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുന്നു സേതുവേട്ടൻ. ഒരു നിമിഷം മനസൊന്നു പിടഞ്ഞു പോയി…എന്തിനെന്നറിയാതെ നോവ്…ചെറിയ പരിഭവം…എന്റേതാണ്…എന്റെ സ്ഥാനമാണ് അതു….അടുത്ത കൂട്ടുകരിയാണെങ്കിൽ പോലും സഹിക്കില്ല….

“നീ കാണു…നീയില്ലാത്ത നേരം രണ്ടും കൂടി എന്തായിരുന്നു ഇവിടെയെന്നു…ശരത് വരുമ്പോൾ കണ്ട കാഴ്ച…ചെ…ഇവൻ നല്ലവനാണെന്നു കരുതിയാണ് നിന്റെ സ്നേഹത്തിനു മുന്നിൽ മൗനമായി ഞാൻ കണ്ണടച്ചത്…പക്ഷെ…ഇവൻ ഇത്രയ്ക്കും തരം താഴ്ന്നവനാണെന്നു കരുതിയില്ല” അച്ഛന്റെ വാക്കുകൾ എന്തൊക്കെയോ കേട്ടുവെങ്കിലും എന്റെ കണ്ണും മനസും സേതുവേട്ടനിൽ ആയിരുന്നു…

“എന്റെ…എന്റെ സേതുവേട്ടൻ… ” ആ കണ്ണുകളും എന്നിൽ തന്നെയായിരുന്നു.

“നിനക്ക് തോന്നുന്നുണ്ടോ… നിന്റെ സേതുവേട്ടൻ തെറ്റു ചെയ്യുമെന്ന്” സേതുവേട്ടന്റെ ചോദ്യം…

“നിന്റെ സ്വന്തം കൂടപിറപ്പ്…അവനെ നിനക്ക് വിശ്വാസമില്ലേ… അവനെക്കാൾ വിശ്വാസമാണോ ഈ നാറിയെ” അച്ഛന്റെ വാക്കുകൾ

വേണിയിലേക്ക് കണ്ണുകൾ പായിച്ചു…സേതുവേട്ടന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിൽക്കുകയാണ്…എന്നെ നോക്കുന്നുകൂടിയില്ല.

പെട്ടന്ന് എവിടെ നിന്നോ അവളുടെ അമ്മ കരഞ്ഞു കൊണ്ട് ഓടി പിടിച്ചു വന്നു…വേണിയെ സേതുവേട്ടന്റെ നെഞ്ചിൽ നിന്നും പറിച്ചെടുത്തു തല്ലുവാനായി കൈ നീട്ടി…പക്ഷെ സേതുവേട്ടൻ അവളെ വീണ്ടും നെഞ്ചോടു പൊതിഞ്ഞു പിടിക്കുകയാണ് ഉണ്ടായത്.

എന്റെ സമനില തെറ്റിക്കാൻ ആ കാഴ്ച തന്നെ ധാരാളമായിരുന്നു.

പിന്നീട് അവിടെ എന്തൊക്കെയോ ചർച്ചകൾ…സേതുവേട്ടന്റേയും വേണിയുടെയും കല്യാണം തീരുമാനിച്ചെന്നു അറിഞ്ഞു…പാതി മരിച്ച മനസും ശരീരവുമായി ഞാൻ ഇറയത്തു ഒരേ ഇരിപ്പിരുന്നു…

എനിക്കരികിലേക്ക് ഒരു നിഴൽ വരുന്നതറിഞ്ഞു…എത്ര അകലത്ത് നിന്നും എന്നിലേക്ക് വരുന്ന നിഴലിനെ തിരിച്ചറിയാനാകും…സേതുവേട്ടൻ

“നിനക്ക് തോന്നുന്നുണ്ടോ ഞാൻ…ഞാൻ തെറ്റു ചെയ്യുമെന്ന്” ഒരൊറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ

“നിങ്ങളെ എനിക്ക് കാണണ്ട സേതുവേട്ട…പോ… പൊയ്ക്കോ…എവിടേക്കാണെന്നു വച്ച പൊയ്ക്കോ…എന്നെ എന്തിനാ ഇങ്ങനെ പറ്റിച്ചേ” ഒന്നു കാണാൻ കൊതിച്ചു വന്ന തനിക്ക് മനസു നിറഞ്ഞ സമൃദ്ധമായ ദൃശ്യമല്ലേ കാണാൻ കഴിഞ്ഞത്… എന്റെ സേതുവേട്ടൻ…വിശ്വസിക്കാനാകുന്നില്ല…ശരത്തേട്ടന്റെ വാക്കുകളും തള്ളി കളയാനാകുന്നില്ല…എന്റെ കൂടെ പിറപ്പാണ്…ശരത്തേട്ടൻ എന്നോട് നുണ പറയില്ല…സേതുവേട്ടനെയും എന്നെയും അത്രയ്ക്കും ഇഷ്ടമാണ് എന്റെ ഏട്ടന്…ആ ഏട്ടൻ സേതുവേട്ടനെ കുറിച്ചു നുണ പറയില്ലലോ

എല്ലാ മാനസിക സമ്മർദ്ധത്തിന്റെയും പുറത്തു പറഞ്ഞു പോയതാണ് സേതുവേട്ടനോട് പൊയ്ക്കോളാൻ…അതുപോലെ തന്നെ അയാൾ ചെയ്തു കളഞ്ഞു…എവിടേക്ക് പോകുന്നെനോ ഒന്നും പറയാതെ ഒരു യാത്ര…

പിന്നീട് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാതെ കുറെ നാളുകൾ കഴിച്ചു കൂട്ടി…ഇടയ്ക്കെപ്പോഴോ ദീപാരാധന തൊഴാൻ അമ്പലത്തിൽ പോകും വഴി വേണിയെ കണ്ടു…എല്ലും തോലുമായ ഒരു രൂപമായി മാറിയിരിക്കുന്നു അവൾ…കരഞ്ഞു കൊണ്ടവൾ അടുത്തേക്ക് വന്ന നിമിഷം ഇടത് കൈ നീട്ടി അവളുടെ കവിളിൽ ആഞ്ഞടിച്ചു…അവളുടെ വാക്കുകൾക്കോ എന്തിനേറെ നോട്ടങ്ങൾക്ക് പോലും മറുപടി നൽകാൻ കഴിയുമായിരുന്നില്ല…

“ചതിച്ചില്ലേ എന്നെ…നിന്നെയാണോ ഞാൻ ആത്മാർത്ഥ കൂട്ടുകാരിയായി കൊണ്ട് നടന്നത്” കരച്ചിലിന്റെ അകമ്പടിയോടെ അവൾക്ക് നേരെ വാക്കുകൾ പൊഴിച്ചു തിരിഞ്ഞു നടന്നിരുന്നു… കരഞ്ഞുകൊണ്ടുള്ള അവ്യക്തമായ മുക്കലും മൂളലും അവളിൽ നിന്നുമുയർന്നു കേട്ടിട്ടും ഒന്നു മുഖം തിരിഞ്ഞു പോലും നോക്കാതെ അവളിൽ നിന്നും ഞാൻ നടന്നകന്നിരുന്നു.

പിന്നെയും ദിവസങ്ങളും മാസങ്ങളും ഓടി മറഞ്ഞു കൊണ്ടിരുന്നു… ഒരു സന്ധ്യയ്ക്ക് അച്ഛൻ വന്നിറങ്ങിയ വണ്ടിയിൽ നിന്നും ശരത്തേട്ടനെ പിടിച്ചിറക്കി കൊണ്ട് വരുന്നത് കണ്ടു…മുഖത്തു ചതവും കയ്യിലും കാലിലും വച്ചു കെട്ടുണ്ടായിരുന്നു.

അമ്മ കരഞ്ഞു കൊണ്ട് ഏട്ടനെ പിടിച്ചിരുത്തി. അച്ഛന്റെ മുഖത്തു ദേഷ്യമായിരുന്നു…കാരണം ഒന്നുമറിയാതെ ഞാനും നിന്നു ഏട്ടന്റെ സമീപത്തിൽ.

“നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ കരയാൻ…കണ്ട പെണ്ണുങ്ങളെ കേറി പിടിക്കാൻ പോയതിനു പെണ്ണിന്റെ ആങ്ങളമാരും നാട്ടുകാരും കേറി മേഞ്ഞതാണ് അവനെ… ഒരിക്കൽ ചെയ്ത തെറ്റ് ഏറ്റെടുക്കാൻ ഒരു സേതു ഉണ്ടായിരുന്നു… വീണ്ടും വീണ്ടും ആവർത്തിച്ചത് ആരുടെയെങ്കിലും തലയിൽ ചാർത്താമെന്നു കരുതി കാണും നമ്മുടെ മോൻ” അമ്മയുടെ കരച്ചിൽ കണ്ടു അച്ഛൻ ആക്രോശിച്ചതാണ്… ദേഷ്യത്തിൽ ആണെങ്കിലും അച്ഛന്റെ വായിൽ നിന്നും വീണ സത്യം…

എന്റെ സേതുവേട്ടൻ…എങ്ങനെയൊക്കെ ഞാൻ ചിന്തിച്ചു കൂട്ടിയത്… എനിക്ക് എങ്ങനെ ചിന്തിക്കാൻ കഴിഞ്ഞു…എല്ലാരും കൂടി എന്നെ ചതിക്കുകയായിരുന്നില്ലേ…വിശ്വസിച്ചില്ലലോ… ഒരിക്കലെങ്കിലും കേൾക്കാമായിരുന്നു ആ വാക്കുകളെ…തന്നോട് തന്നെ പുച്ഛം തോന്നുന്നു…

ഒരുപോള കണ്ണടയ്ക്കാതെ ഇരുട്ടിനെ കണ്ണുനീർ കൊണ്ടു പ്രകാശിപ്പിച്ച രാത്രിയായിരുന്നു… മാഷിന്റെയും ടീച്ചറിന്റെയും അടുത്തു ചെല്ലണം…കാലു പിടിച്ചു മാപ്പ് പറയണം… സേതുവേട്ടനെ കാണണം…

പുതിയ ദിനത്തിന്റെ വരവറിയിച്ച് പ്രകാശം പരത്തിയപ്പോൾ കണ്ണും തുടച്ചെഴുനേറ്റു വേഗം പോയി കുളിച്ചു വന്നു… അച്ഛനെയോ അമ്മയെയോ ഏട്ടനെയോ നോക്കിയില്ല… ടീച്ചറെ കാണണം… തന്നെ കാണാൻ ശ്രമിച്ചപ്പോഴോക്കെ ഒഴിവാക്കി വിട്ടതായിരുന്നു താൻ…

ആ വീടിന്റെ വലിയ പടിപുരയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ വിറച്ചു പോയിരുന്നു കാലുകൾ… പക്ഷെ വാതിലുകൾ താഴിട്ടു പൂട്ടിയിരിക്കുന്നു…ആൾതാമസം ഇല്ലാത്ത വീടുപോലെ ചുറ്റും…

എവിടെയെന്നറിയില്ല… ഒന്നും അറിയാനോ കേൾക്കാനോ ശ്രമിക്കാതെ… സ്വന്തം വാശിയിൽ…എന്തു നേടി… അവിടെ നിന്നും തന്റെ ഊമകുയിലിന്റെ അരികിലേക്കാണ് പോയത്… താൻ കൈനീട്ടി അടിച്ച ദിവസം… അന്നാണ് അവളെ അവസാനമായി കണ്ടത്…പിന്നീട് ഇന്നുവരെ തന്റെ മുന്നിലേക്ക് വന്നിട്ടില്ല… പിണങ്ങും അവളും… എങ്കിലും ഒരു കെട്ടിപിടുത്തത്തിൽ തീരുന്ന പരിഭവമേ തമ്മിൽ കാണൂ… എങ്കിലും ശരത്തേട്ടൻ എങ്ങനെ തോന്നി അവളെ ഉപദ്രവിക്കാൻ… എന്നെപോലെയാണ് കാണുന്നതെന്ന് എന്നോട് ഒരു ആയിരം തവണയെങ്കിലും പറഞ്ഞിട്ടുണ്ടാകും… എന്നിട്ടും… ഊമയായത് കൊണ്ടു ആരോടും ഒന്നും പറയില്ലെന്ന് കരുതി കാണും.

അവളുടെ വീടും ആൾതാമസമില്ലാതെ ശൂന്യമായി കിടക്കുകയായിരുന്നു…ഞങ്ങൾ ഇരുവരുടെയും കൊലുസുകൾ താളം തുള്ളിയ മുറ്റത്തു കരിയില കൂമ്പാരങ്ങളായിരുന്നു… എവിടെ പോയെന്ന് ആർക്കുമറിയില്ല…സങ്കടവും…ദേഷ്യവും…മനസിലെ നോവും… എല്ലാം കണ്ണുകളിൽ ഒരു പേമാരി തന്നെ തീർത്തിരുന്നു.

തന്റെ ജാലകവാതിൽ തുറന്നു സേതുവേട്ടന്റെ ജാലക വാതിലിലേക്ക് കണ്ണുകൾ പാഞ്ഞു… അന്ന് ആ ദിവസം… രാത്രിയിൽ കണ്ണു നിറച്ചു ജാലക വാതിലിൽ കൂടി നോക്കിയ സേതുവേട്ടന്റെ മുഖം ഇരുട്ടിലും ഹൃദയത്തിൽ നോവ് കലർത്തിയിരുന്നു…പക്ഷെ തിരികെ ഒരു നോട്ടം പോലും നൽകാതെ മുഖം താഴ്ത്തി തന്റെ ജാലക വാതിൽ ആ മനസിന്റെ മുൻപിൽ കൊട്ടിയടച്ചു കളഞ്ഞിരുന്നു…

ഇന്നിപ്പോൾ അവിടെ ഒരു നിഴലായെങ്കിലും സേതുവേട്ടനെ കാണാൻ ഉള്ളം കൊതിച്ചു…വേദനയോടെ… കാത്തിരിക്കും സേതുവേട്ട… നിങ്ങളെ വിട്ടൊരു ലോകമില്ല ഈ പെണ്ണിന്…

ഒരവസരം… ഒരവസരം കൂടി വേണമെനിക്ക്…വിശ്വസിക്കാതിരുന്നതിനു… എത്ര മാപ്പ് പറഞ്ഞാലും മതിയാകില്ല… എങ്കിലും… എന്നോട് ക്ഷമിക്കില്ലേ

ദിവസങ്ങൾ പിന്നെയും ഓടി മറഞ്ഞു…സേതുവേട്ടനെ നാട്ടിലെ പരിചയമുള്ളവരോടൊക്കെ തിരക്കി അന്വേഷിച്ചിരുന്നു… പക്ഷെ നിരാശയായിരുന്നു…എന്നും ആ ജാലകവാതിലിൽ ഒരു നിഴൽ പ്രത്യക്ഷപ്പെടുന്നത് നോക്കി നിൽക്കും…. മണിക്കൂറുകളോളം…

ഒരുനാൾ… രാത്രിയിൽ എപ്പോഴോ അവിടെ കണ്ട നിഴൽ…അതേ…സേതുവേട്ടൻ…ഇങ്ങോട്ട് തന്നെ നോക്കുന്നുണ്ട്… തനിക്ക് മുഖം തരാതെ… പരിഭവമാണ്… പിണക്കമാണ് അതു… പക്ഷെ താൻ പുറകെ നടന്നാൽ തീരുന്ന പിണക്കവും ഒന്നു ചേർത്തു പിടിച്ചാൽ തീരുന്ന പരിഭവവും ഉള്ളു…രാവിനെ വീണ്ടും കണ്ണുതുറന്നു വച്ചു പകലാക്കി മാറ്റി

സേതുവേട്ടനെ കാണും മുന്നേ തേവരെ പോയി കാണാൻ തോന്നി… ആ മുഖത്തേക്ക് നോക്കി സംസാരിക്കണമെങ്കിൽ കുറച്ചെങ്കിലും ധൈര്യം വേണമായിരുന്നു… തേവരെ കൂട്ടു പിടിക്കാൻ… മുൻപും അങ്ങനെയായിരുന്നു സേതുവേട്ടനോടുള്ള പിണക്കം മാറ്റും മുന്നേ തേവരുടെ നടയിൽ കാണിക്ക ഇടുമായിരുന്നു.

തേവരുടെ പടികൾ ഓടി കയറി ചുറ്റമ്പലത്തിൽ കൊടി മരത്തിനരികെ കിതച്ചുകൊണ്ടു നിന്നു… പക്ഷെ ആ നിമിഷം അവിടെ കണ്ട കാഴ്ച… മഞ്ഞ ചരടിൽ കോർത്ത താലി വേണിയുടെ കഴുത്തിൽ മുറുക്കി കെട്ടുന്ന സേതുവേട്ടനെയാണ്. ഹൃദയം പോലും ഒരു നിമിഷം മിടിക്കാൻ മറന്നു പോയി… ശ്വാസം നിലച്ചു… തൊണ്ട കനത്തു…

മോതിര വിരലിൽ കൊരുത്ത ഒരു നുള്ളു സിന്ദൂരം കൂടി എന്റെ ഊമകുയിലിന്റെ നെറ്റിയിൽ എന്റെ സേതുവേട്ടന്റെ കൈകൾ കൊണ്ട് പതിയുന്നത് കൂടി കണ്ടു… ഇരുവരും തുളസി മാല ചാർത്തുന്നതും… തേവരുടെ നടയിൽ കൈകൾ കൂപ്പി ഇരുവരും തൊഴുതു നിൽക്കുന്നത് കണ്ടു…. സേതുവേട്ടന്റെ വലതു കൈയിൽ വേണിയുടെ ഇടം കൈ ചേരുന്നത് കണ്ടു… അവർ ഒരുമിച്ചു തന്നെ കടന്നു പ്രദക്ഷിണ വഴിയിലേക്ക് മുഖം കുനിഞ്ഞു പോകുന്നത് കണ്ടു

അറിയാതെ പറ്റി പോയൊരു തെറ്റല്ലേ സേതുവേട്ട…. അതിനു… അതിനു ഇത്രയും വലിയ ശിക്ഷ വേണമായിരുന്നോ…. ഹൃദയം പറിഞ്ഞു പോകുന്ന വേദന അറിഞ്ഞു… ഇത്ര നാൾ കാണാതിരുന്നപ്പോൾ വിരഹ വേദനയായിരുന്നു… എവിടെയെങ്കിലും എന്നെ ആലോചിച്ചു പരിഭവിച്ചിരിക്കുകയായിരിക്കും എന്ന സമാധാനിച്ചത്… പക്ഷെ ആ വിരഹം… എന്നെ ആ മനസിൽ നിന്നു തന്നെ ഉപേക്ഷിക്കുവാൻ വേണ്ടിയായിരുന്നോ….

ആവേശത്തിൽ ഓടിക്കയറിയ തേവരുടെ പടികൾ തിരിച്ചിറങ്ങുമ്പോഴേക്കും കാലുകൾ ഇടറിയിരുന്നു… മനസു കൈവിട്ട നിമിഷത്തിൽ കാലുകൾക്ക് ബലമില്ലാതെ നിലം പതിക്കാൻ പോകും മുന്നേ ഒരു കൈ ചേർത്തു പിടിച്ചിരുന്നു… ആ ചേർത്തു പിടിക്കലിന്റെ തണുപ്പ് മുൻപും അറിഞ്ഞതുകൊണ്ടു ആരാണെന്നു അറിയാമായിരുന്നു… ആ നെഞ്ചോരം മുഖം പൂഴ്ത്തും മുന്നേ എന്നെ ആ ശരീരത്തിൽ നിന്നും അടർത്തി മാറ്റിയിരുന്നു… ആ ഹൃദയത്തിൽ നിന്നും… മനസിൽ നിന്നും… എന്നന്നേക്കുമായി

“ഇത്ര വലിയ ശിക്ഷ വേണമായിരുന്നോ സേതുവേട്ട… സത്യമറിയാതെ അവിശ്വസിച്ചു പോയി ഞാൻ… ഒരവസരം തരാമായിരുന്നില്ലേ” ചൂണ്ടുവിരൽ ചുളിച്ചു കണ്ണുകൾ നിറച്ചവൾ അവന്റെ മുഖത്തേക്ക് നോക്കി… അവളുടെ നെഞ്ചു പിടയുന്നത് കാണാൻ കഴിയാതെ അവനും മുഖം തിരിച്ചിരുന്നു…

“നിന്റെ ഒരു വാക്ക് മതിയായിരുന്നു അന്ന് ഞാൻ അല്ല ആ തെറ്റു ചെയ്തതെന്ന് എല്ലാവരുടെ മുൻപിലും തെളിയിക്കാൻ… സ്നേഹമായും പ്രണയമായുമൊക്കെ കാലങ്ങൾ കുറെ നിന്റെ കയ്യെത്തും ദൂരെ ഉണ്ടായിരുന്നില്ലേ ഞാൻ… ഒരു ചേർത്തുപിടിക്കലിന് അപ്പുറം നിന്നെ ഒരു നോട്ടം കൊണ്ടുപോലും ഞാൻ കളങ്കപ്പെടുത്തിയിട്ടില്ല. ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു… ഒരുവേള നീ പോലും സമ്മതിച്ചു തരുമായിരുന്നു… തെറ്റ് ചെയ്യില്ല… നിന്നെ ഈ കൈവെള്ളയിൽ അല്ലെ ഞാൻ കൊണ്ടു നടന്നത്… എന്നിട്ടും… ആ ഞാൻ തെറ്റു ചെയ്‌തുവെന്നു നീ വിശ്വസിച്ചില്ലേ…

ബന്ധങ്ങളുടെ അടിത്തറ വിശ്വാസമാണ്. അതു… അതൊരിക്കൽ നഷ്ടമായാൽ പിന്നെ കൂട്ടിച്ചേർക്കാൻ സാധിക്കില്ല. നിനക്ക് മുന്നിൽ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു…

വേണിയെ നീ തല്ലിയ ദിവസം…ഓർക്കുന്നുണ്ടോ നീ… അന്ന് അവളുടെ അമ്മ വയ്യാതായി… ആരോരുമില്ലാതെ ഹോസ്പിറ്റലിൽ…അവൾക്ക് അവളുടെ അമ്മയെ നഷ്ടമായി… അനാഥയായി…അപ്രതീക്ഷിതമായാണ് അവരെ ഞാൻ കണ്ടത്… അവളെ സംരക്ഷിക്കുക എന്നത് ഇന്നെന്റെ കടമ കൂടിയാണ്…. മനസിൽ നിന്നും നീയെന്ന സ്വപ്നത്തെ… ആഗ്രഹത്തെ എല്ലാം ഇറക്കി വച്ചതിനു ശേഷമാണ് അവളുടെ കഴുത്തിൽ താലി കെട്ടിയത്… താലി കെട്ടിയ പെണ്ണിനോട് എനിക്ക് നീതി കാണിക്കണം….

നീയെന്റെ നഷ്ടമാണെന്നു പറയില്ല…കാരണം എന്റെ മനോഹരമായ നിമിഷങ്ങളിൽ എല്ലാം നീ മാത്രമേ ഉണ്ടായിരുന്നുള്ളു”

അവന്റെ ശബ്ദം ഇടറിയിരുന്നു…അവൻ കരഞ്ഞിരുന്നു… കണ്ണുകൾ നിറഞ്ഞിരുന്നില്ല… അവനും വേദനിക്കുന്നുണ്ടായിരുന്നു… അവന്റെ പ്രണയമാണ് അവൾ… അവന്റെ എല്ലാമായിരുന്നു അവൾ… ഈ കാലങ്ങളിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങൾ… അവൾക്കായി മാത്രം തൂലികയിൽ വിടർന്ന പ്രണയ കാവ്യങ്ങൾ… എല്ലാം അവളോർമ്മയിൽ… അവളില്ലായ്മയിൽ എല്ലാം ശൂന്യമാണ് അവനിൽ… ഇതു പുതിയ സേതുവാണ്… സേതുവിന്റെ പുതിയ ജന്മം.

അവളിൽ നിന്നും അവൻ അകന്നു പോയിരുന്നു…തിരിഞ്ഞു നോക്കുമ്പോൾ കണ്ടു തന്റെ മുന്നിൽ കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി നിൽക്കുന്ന വേണിയെ…കരഞ്ഞു കൊണ്ട് ചിരിച്ചു…അന്നാദ്യമായി… കാലുകൾ നിലം തൊടാതെ ഓടുകയായിരുന്നു വീട്ടിലേക്ക്… കട്ടിലിൽ മുഖം ചേർത്തു നിലത്തിരുന്നു… കരഞ്ഞില്ല… പക്ഷെ ശരീരത്തിന് മുറിവ് പറ്റാതെയും വേദനിക്കുന്നു… ഹൃദയം പിടയുന്നുണ്ടായിരുന്നു…നെഞ്ചിലൊക്കെ വല്ലാത്ത ഭാരം… അപ്പോഴും കണ്ണുനീർ അവളിൽ അന്യമായിരുന്നു…

രാത്രിയിൽ തന്റെ മുറിയുടെ ജാലവാതിലിൽ മുഖം ചേർത്തവൾ നിന്നു… അവളുടെ കണ്ണുകൾ മനസു വിലക്കിയിട്ടും സേതുവിന്റെ ജനലോരത്തെത്തി… വെളുത്ത മറയ്ക്ക് പുറകിൽ രണ്ടു നിഴലുകൾ പ്രത്യക്ഷപ്പെട്ടത് അവളറിഞ്ഞു… പതിയെ പതിയെ ആ രണ്ടു നിഴലുകൾ ഒന്നാകുന്നതവൾ നിറ കണ്ണുകളോടെ കണ്ടു… ഹൃദയം പിടയുന്ന വേദനയോടെ എന്നന്നേക്കുമായി ആ ജാലകവാതിൽ ഒരിക്കൽ കൂടി അവൾ കൊട്ടിയടച്ചു. അലറി കരഞ്ഞു… അന്യം നിന്ന കണ്ണുനീർ ഒഴുകിയിറങ്ങി…ഹൃദയത്തിലെ മുറിവിൽ പടർന്ന രക്തം വെള്ള തുള്ളികളായി കണ്ണിൽ പടർന്നു… പുലരുവോളം അവളുടെ മുറിയിൽ നിന്നും കേൾക്കുന്ന കരച്ചിലിന്റെ ദൈർഘ്യമളന്നു അവളുടെ അച്ഛനും അമ്മയും കണ്ണുനീരോടെ മുറിക്ക് പുറത്തിരുന്നു.

പിന്നീടുള്ള അവളുടെ ദിവസങ്ങൾ ആ മുറിയിലൊതുങ്ങി… മനസുകൊണ്ട് ഒരു ഭ്രാന്തിയാകാൻ അവൾ തയ്യാറായിരുന്നില്ല… അവൾ വീണ്ടും വീണ്ടും പ്രണയിച്ചുകൊണ്ടിരുന്നു അവളുടെ സേതുവേട്ടനെ….അക്ഷരങ്ങളിലൂടെ അവൾ ഭംഗിയായി പകർത്താനും അവൾ മറന്നില്ല… അവൻ കാണിച്ചു കൊടുത്ത വഴിയിലൂടെ അവനെ പ്രണയിച്ചു.

ഒരു മതിൽകെട്ടിന്റെ മറയെ വീടുകൾ തമ്മിൽ ഉണ്ടായിരുന്നുള്ളു എങ്കിലും ആ മതിൽ അവളുടെ  മനസിലും ഉയരത്തിൽ വലിയ മറ തീർത്തിരുന്നു.

ഋതുക്കൾ മാറി മറിഞ്ഞു… ജീവിക്കാൻ ഒരു ജോലി അതാവശ്യമെന്നു തോന്നിയപ്പോൾ പഠനം ആരംഭിച്ചു. ഇഷ്ടമല്ലാത്ത പക്ഷെ സേതുവേട്ടന് ഏറ്റവും ഇഷ്ടമായ കണക്കു ടീച്ചർ ആയി മാറി. കാർക്കശ്യം നിറഞ്ഞ കണക്കു ടീച്ചർ.

ഏട്ടൻ ഏതോ ഒരു പെണ്ണിനെ കല്യാണവും കഴിച്ചു വിദേശത്തേക്ക് പറന്നു. ജീവിതം കെട്ടിപണിതു. പുതിയ ഒരു ജീവിതത്തെ കുറിച്ചു ഒന്നാലോചിക്കാൻ അവളോട്‌ പറയാൻ പോലുമുള്ള ധൈര്യം അച്ഛനും അമ്മയ്ക്കും ഉണ്ടായില്ല… ഒരു നോട്ടത്തിൽ അവരുടെ വായ മൂടികെട്ടുവാൻ അവൾ പഠിച്ചിരുന്നു.

കാലങ്ങൾ മാറുന്നതിനനുസരിച്ച് എതിർവശത്തെ മതിൽ കെട്ടിൽ നിന്നും കുഞ്ഞി കരച്ചിലുകൾ കേൾക്കാൻ തുടങ്ങിയിരുന്നു… കുഞ്ഞി കൊഞ്ചലുകൾ… പക്ഷെ ഒരു മാത്ര പോലും അവളുടെ മനസിനെ പിടിച്ചുലയ്ക്കാൻ അവയ്ക്കൊന്നുമായില്ല. അവൾ അക്ഷരങ്ങളിലൂടെ അവളുടെ മനസിലെ സേതുവേട്ടനോടുള്ള അവളുടെ പ്രണയത്തെ പകർത്തുന്ന തിരക്കിലായിരുന്നു.

ജോലി കഴിഞ്ഞൊരിക്കൽ വരുന്ന വഴിയിൽ ജാനകി ഏടത്തിയുടെ വീട്ടു പടിയിൽ അവളെ കാത്തു നിൽപ്പുണ്ടായിരുന്നു… ജാനകി ഏടത്തി…പ്രണയം കൊണ്ടും ബന്ധങ്ങൾ കൊണ്ടും മുറിവേറ്റ രണ്ടുപേർ…ജാനകിയുടെ കണ്ണുകളിൽ നോക്കിയപ്പോൾ അവളുടെ കണ്ണുകളും കുറെ നാളുകൾക്ക് ശേഷം നീറി പുകഞ്ഞു… അവൾക്കായി ഒരു തേൻ മാങ്ങ കൈകളിൽ കരുതിയിരുന്നു…

“അടുത്ത ജാനകി ആകരുത് നീ” തേൻ മാങ്ങ അവൾക്കായി നൽകിക്കൊണ്ട് ഇടറി പൊട്ടിയ അവരുടെ വാക്കുകൾ…

പിറ്റേന്ന് അടുക്കളപടിയിൽ അമ്മയുടെ ശബ്ദം കേട്ടു… ” ജാനകി മരിച്ചു പോയെന്ന്… രണ്ടോ മൂന്നോ ദിവസത്തെ പഴക്കം ഉണ്ടെന്നു പോലും…ആരുമില്ലാതെ… അഴുകി മണം പുറത്തേക്ക് വന്നപ്പോഴാണ് ആളുകൾ അറിഞ്ഞത്”

സ്തംഭിച്ചു പോയി അവൾ… അപ്പോൾ…ഇന്നലെ… ഇന്നാലെയല്ലേ ജാനകി ഏടത്തി തന്നെ കണ്ടത്…

ഒരു മാറ്റവുമില്ലാതെ വിരസതയാർന്ന ജീവിതം… അച്ഛന്റെ അവസാന ശ്വാസത്തിലും കണ്ണുകൾ അടയ്ക്കാൻ അയാൾക്കായില്ല… മരണ വേദനയിലും അയാളുടെ കണ്ണുകളിൽ നിറഞ്ഞത് മകളെ കുറിച്ചുള്ള നോവായിരുന്നു… വേദനയായിരുന്നു… അവളുടെ ജീവിതമായിരുന്നു.

വർഷങ്ങൾക്ക് ശേഷം…

“നീയെന്താ പിറു പിറുക്കുന്നത്‌…”

“ആ അപ്പുറത്തെ വീട്ടിലെ തേൻ മാങ്ങ പറിച്ചതിനു.. അവിടുത്തെ… ആ ജാനകി ഏടത്തി നല്ല വഴക്ക് പറഞ്ഞു…അവർക്ക് ഭ്രാന്താണ്”

“ജാനകി” സേതുവിന്റെ ശബ്ദമുയർന്നു…

അങ്ങനെയൊന്നും പറയരുത്… പ്രണയം കൊണ്ടു മുറിവേറ്റവളാണ്… ബന്ധങ്ങൾ കൊണ്ടു ജീവിതം നഷ്ടമായവൾ… അവളുടെ വേദന അറിയണമെങ്കിൽ നീ ആ… സേതുവിന് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല…ഓർമകളുടെ ഭാരമാണോ…അറിയില്ല… പക്ഷെ ഇന്നും അയാളുടെ മനോഹരനിമിഷങ്ങളിൽ അവൾ മാത്രമാണ്.

ഒരു മതിൽ കെട്ടിനു അപ്പുറം അവൾ കുറിക്കുകയായിരുന്നു… കവിത… തന്റെ പ്രണയം… ജാനകിയുടെ സേതുവെന്ന ഒരിക്കലും അവസാനിക്കാത്ത പ്രണയ കവിത…