ഓളുടെ എങ്ങും തൊടാതെയുള്ള സംസാരം കേട്ട് എനിക്കവളുടെ കഴുത്തിനു പിടിക്കാൻ തോന്നി…

എഴുത്ത്: മനു തൃശ്ശൂർ

=============

രാവിലെ മുറിയിൽ നിന്നും എഴുന്നേറ്റ് പോയ കെട്ട്യോള് പോയ വേഗത്തിൽ തിരികെ പാഞ്ഞു വന്ന് പറഞ്ഞു..

“ഇക്കാ..ഇങ്ങ്ടെ ഉമ്മയെ ഇന്നിവിടെ എങ്ങും കാണാൻ ഇല്ലെന്ന്..??”

“ഇന്ന് അടുപ്പു പുകഞ്ഞിട്ടില്ല ഒരു ചായ പോലും വെച്ചിട്ടില്ല ഉമ്മയെതെവിടെ പോയി ഇക്കാ..

അവളുടെ വാക്കുകൾ കേട്ടതും ഞാൻ ഉറക്കത്തിൽ നിന്നും ചാടിയെണിച്ചു അഴിഞ്ഞു കിടന്ന മുണ്ട് എടുത്തു ചുറ്റുമ്പോൾ അവള് മുഖം ചുളിച്ച് ദേഷ്യത്തോടെ എന്നെയൊന്നു നോക്കി..

നാണല്ല്യത്തോൻ..!!

“നീ കാര്യമായ് പറഞ്ഞതാണോ ഉമ്മ ഇവിടെയില്ലെ ,??

“ഇല്ലന്നെ..ഉമ്മാനെ ഇവെടെങ്ങും കാണാനില്ലാ..ഞാൻ ഒക്കെടുത്തു നോക്കി..പിന്നെ കിണറ്റിലും നോക്കി….

ഓളുടെ എങ്ങും തൊടാതെയുള്ള സംസാരം കേട്ട് എനിക്കവളുടെ കഴുത്തിനു പിടിക്കാൻ തോന്നി..

“ഇയ്യെന്തിന കിണറ്റില് നോക്കണ്..??

” അതിക്കാ…ഞാൻ ഉമ്മാനെ കാണാല്ല്യാത്തോണ്ട്..”

“അൻ്റെ വിചാരം എന്താ എന്റുമ്മ നേരെ പോയി കിണറ്റിൽ ചാടിന്നോ?

ഇജ്ജ് വഴിന്നു മാറിയെ…രാവിലെ  ഇടങ്ങേറുണ്ടാക്കാൻ..മനുഷ്യന്റെ സമാധാനം കളഞ്ഞു.

കേട്ടപ്പടി ഞാനവളെയും മാറി കടന്നു ആദ്യം പോയത് ഉമ്മാന്റെ മുറിയിലേക്ക് ആയിരുന്നു..

കട്ടിലിലെ വിരിപ്പും എല്ലാം ഒതുക്കി വച്ചിട്ടുണ്ട്..മുറിയിലെ അയയിൽ നനഞ്ഞ തോർത്ത് ഉണക്കാൻ കിടക്കണകണ്ടപ്പോൾ ഉള്ളൊന്നു ആളി..

ഇതിപ്പോൾ രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ടാ പോയിരിക്കുണ് എന്നോർത്തു അടുക്കളിലേക്ക് ചെന്നപ്പോൾ കെട്ട്യോള് പറഞ്ഞ പോലെ അടുക്കള…കടലിന്റെ അടിയിലെ ടൈറ്റാനിക്ക് കപ്പലിലെ മുറി പോലെ എനിക്ക് തോന്നി.

അന്ന് രാത്രിയിലെ കൊടും തണുപ്പിൽ മരവിച്ച പാത്രങ്ങൾ അടങ്ങി ഒരു ഭാഗത്തു തന്നെ ഇരിക്കണുണ്ട്..

ഞാൻ മുറ്റത്തേക്ക് ഇറങ്ങി അലക്കു കല്ലിന്റെ അടുത്ത് പോയി. കെട്ട്യോള് തലയും ചൊറിഞ്ഞു എന്റെ  പിന്നാലെയും..ഇടയ്ക്കിടെ ഓള് എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്..

“ഇങ്ങടെ ഉമ്മക്ക് ഇതെന്തിൻ്റെ കേടാണ് ഇക്കാ..എവിടേക്കെങ്കിലും പോയ ഒന്ന് പറഞ്ഞിട്ട് പോയി കൂടെ..!!

ഇതിപ്പോ അലോയിച്ചിട്ട് മനുഷ്യന്റെ ചങ്ക് പിടയുന്നു..

“ഇങ്ങളൊന്നു തൊള്ളയിട്ട് വിളിച്ചു നോക്ക്ണു എൻ്റെ നെഞ്ചിൽ തീയാളാ..”

“ഇയ്യൊന്നു മിണ്ടാതിരിക്കിണുണ്ടോ ഇവിടെ മനുഷ്യൻ ഒരു അന്തം കുന്തം ഇല്ലാണ്ട് നിൽകുമ്പോളാ..ഉമ്മ അപ്പുറത്തെങ്ങാനും കാണും..” അതും പറഞ്ഞു ഞാൻ അലക്കു കല്ലിന് അടുത്തേക്ക് ചെന്നപ്പോൾ ഉമ്മയിട്ട കുപ്പായം അലക്കിയിടാൻ അവിടെ ബക്കറ്റിൽ തന്നെ കിടപ്പുണ്ട്..

ഇനിയിപ്പോൾ എവിടെ പോയി ഒന്നന്വേഷിക്ക ഒന്നിനും ഒരു കുറവിലാതെയാ ഞാൻ നോക്കുണു..

അലോയിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാതെ ഞാൻ. എന്റെ കെട്ട്യോളെ ഒന്നു നോക്കി. ആ നോട്ടത്തിന്റെ അർത്ഥം അറിഞ്ഞു ഓളെന്നെ തിരിച്ചു തറപ്പിച്ച് ഒന്ന് നോക്കി..

”എന്തിക്കാ ഞാനെന്തോ അപരാധം ചെയ്തപോലെ ഒരു നോട്ടം..”

“ഹേയ് ഒന്നൂല്യ..” അതും പറഞ്ഞു ഞാൻ വലിയ വായേൽ അപ്പുറത്തെ രാധിക്കേടത്തീടെ വീട്ടിലേക്ക്  വിളിച്ചു..

“എൻ്റുമ്മാ ഇങ്ങളിതെവിടേണ്..”

” ഓ… ഞാൻ ഇവിടെ ഉണ്ട് ചെക്ക..”

“ഹോ..സമാധാനം ഞാനതും പറഞ്ഞു കെട്ട്യോളെ നോക്കി..”

അപ്പോഴേക്കും രാധികേടത്തി പുറത്തേക്ക് വന്നു ഓണായിട്ട് അന്നെ പ്രത്യേകം ഓർമ്മിക്കണോ..അതുപ്പൊ എങ്ങനെ പെണ്ണൊക്കെ കെട്ടിയത്തോടെ ഓണമൊക്കെ മറന്നു !!

രാധിക്കേടത്തിയുടെ പരിഭവം പോലെയുള്ള വാക്കുകൾ ഒരു പുഞ്ചിരിയിൽ  ഒതുക്കിയതും

അടുക്കളഭാഗത്തെ വാതിലിൽ അവിയല് പരത്തിയ ചട്ടുകവുമായ് ഉമ്മയുടെ തലവന്നു പൊങ്ങി ..

“കുളിച്ചിട്ട് ഓളെയും കുട്ടിങ്ങ് നീയിങ്ങു വാ..”

എല്ലാം അറിയുന്ന കൊച്ചു കുട്ടിയെ  പോലെ മറുപടി ഒന്നും പറയാൻ നിൽക്കാതെ ഞാൻ വീട്ടിലേക്ക് നടന്നു..

പിന്നാലെ വന്ന കെട്ട്യോള് കാര്യം അറിയാത്തോണ്ട് പാവം ചോദിച്ചു പോയി..

”അയെന്താ ഇക്കാ ഉമ്മ അവിടെ പോയി വെപ്പും കുടിയും..ഇവിടെ ഇന്നെന്തെങ്കിലും വെക്കണോ ഇക്കാ..”

“ഇയ്യൊന്നും വെക്കണ്ട കുളിച്ചിട്ട് വേം അങ്ങോട്ട് പോവാ..ഇന്ന് തിരുവോണമല്ലെ, ഞാനത് ഓർത്തില്ല. ഇന്ന് രാധികേടത്തിന്റെ വീട്ടിന്നു സദ്യ കഴിക്കണം..” അതും പറഞ്ഞു ഓളെ കൂട്ടി അകത്തേക്ക് കയറി….

രണ്ടാളും വെക്കം കുളിച്ചു.. ഞാനോളെ കൂട്ടി രാധികേടത്തിയുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കെട്ട്യോളുടെ പരുങ്ങല് കണ്ടപ്പോൾ എനിക്ക് തോന്നി ആദ്യമായിട്ടാവും അവള് അങ്ങനെ ഒരോണം കൂടുന്നേന്ന്

രാധികേടത്തി എനിക്കും കെട്ട്യോൾക്കും ചായ വിളമ്പി തന്നു.അപ്പോഴും ഉമ്മയെ അവിടേക്ക് ഒന്നും കണ്ടില്ല പുള്ളിക്കാരി അടുക്കളയിൽ തിരക്കിട്ട പണി ..

അങ്ങനെ രാധികേടത്തിയുടെ കെട്ട്യോൻ രവിയേട്ടൻ്റെ ഒപ്പം ഞാനുമ്മറത്തേക്കും കെട്ട്യോളെ ഉമ്മ അടുക്കളേക്കും കൂട്ടി

മുറ്റത്ത് പിള്ളേരുടെ കളിയും ചിരിയും കണ്ടു ഇരിക്കുമ്പോഴാ എന്റെ ഇത്താത്തയും കെട്ട്യോനും കുട്ട്യോളും കൂടെ കാറിൽ വന്നിറങ്ങണകണ്ടു എൻ്റെ നെറ്റി ചുളിഞ്ഞു..

“ഇയ്യെന്ത നേരെ ഇങ്ങോട്ട്. ഞാനോളോട് ചോദിച്ചു അളിയനൊരു ചിരി പാസാക്കി..”

“അയ്ന് ഞമ്മള് അന്നെ കാണാൻ വന്നതല്ല എൻ്റെ രാധികേടത്തിയുടെ ഓണസദ്യ ഉണ്ണാൻ വന്നതാ..”

ഓളുടെ സംസാരം കേട്ടിട്ടാവണം മൂന്ന് പേരും അടുക്കള നിന്ന് ഇറങ്ങി വന്നു ..

എൻറെ ഇത്താത്തെയെ കണ്ടു കെട്ടിയോൾക്ക് ഒരു വാത്സല്യം രണ്ടും കൂടെ പൂച്ചക്കൂട്ടി പോലെ ഒട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു..

ഞാൻ രാധിക്കേടത്തിയെ നോക്കി ചോയിച്ചു ചേച്ചി ഇങ്ങള് ഇവളെ വിളിച്ചിരുന്നോ..??

“പിന്നെ ഓളെ വിളിക്കാതെ ഇക്കെന്തു ഓണം..”

കേട്ടപ്പടി നാലും ചിലമ്പി കൊണ്ട് അകത്തേക്ക് വച്ച് പിടിക്കുമ്പോൾ  ഇത്താത്ത എന്നെയൊന്നു നുള്ളിയിട്ട പോയി അളിയൻ ഞങ്ങൾക്ക് ഒപ്പം കൂടി ഉമ്മർത്തേക്കിരുന്നു..

രവിയേട്ടൻ രാധികേടത്തിയെ കെട്ടി കൊണ്ടു വന്ന നാളുകളിൽ തൊട്ട് ഇത്താത്തയും രാധികേടത്തിയും നല്ല കൂട്ടാണ്..

ഓണത്തിന് രാധികേടത്തി എന്നെയും ഇത്താത്തെയും ഉമ്മയേയും വിളിക്കും ആ സ്നേഹവും സൗഹൃദവും പിന്നീട് വളരുകയാണ് ഉണ്ടായ് പെരുന്നാളിന് ഞങ്ങളും അവരില്ലാതെ ആഘോഷമില്ലെന്നായ് …

ഇത്താത്തയും രാധിക്കേടത്തിയും മുറ്റത്ത് പൂവിടുന്ന് രാവിലെ എഴുന്നേറ്റു വന്നു ഞാൻ അത്ഭുതത്തോടെ നോക്കിയിരിക്കും..

പിന്നീട് ഓണം വരുമ്പോഴൊക്കെ ഉമ്മ നേരത്തെ കുളിച്ചു രാധികേടത്തിന്റെ വീട്ടിൽ പോവും പിന്നെ രാത്രിയും ഭക്ഷണം അവിടെ തന്നെ..

സംസാരിച്ചു ഇരുന്നു നേരം പോയത് അറിഞ്ഞില്ല കെട്ട്യോളാ വന്നു പറഞ്ഞു്‌.

എല്ലാവരോടും ചോറു കഴിക്കാൻ ഇരിക്കാൻ പറഞ്ഞൂന്നു ..

ഞാനവളെ നോക്കി ചുണ്ടു കോട്ടി ഓള് തിരിച്ചും !! എന്നിട്ടൊരു പോക്ക് അകത്തേക്ക് ..

ഒടുവിൽ ചോറിനു കറികളും കൊണ്ട്  ഓടി നടന്നു വിളമ്പുന്ന എൻ്റെ ഓളുടെ ആവേശം കണ്ട് എൻ്റെ കണ്ണ് തള്ളി ഒപ്പം വയറും

ഒടുവിൽ ഊണൊക്കെ കഴിഞ്ഞു ഇത്താത്തയുടെ വിശേഷങ്ങൾ ഒക്കെ കേട്ട് കെട്ട്യോളെ കൂടെ ഇരുന്നു ഒടുവിൽ ഇത്താത്തയും അളിയനും ഇറങ്ങാൻ പോവാന്ന് പറയണ് കേട്ടപ്പോൾ നെഞ്ചിലൊരു ഭാരം പെട്ടെന്ന് സന്തോഷം ഒക്കെ കെട്ടു പോയി..

ഓള് എന്നെയൊന്നു നോക്കി പോട്ടെ ചെക്കാന്ന് പറഞ്ഞു പോവുമ്പോൾ ഓർമ്മകളിൽ ഒരുകുഞ്ഞോണം വീണ്ടും നൊമ്പരപ്പെടുത്തി ഓടി അകലുകയായിരുന്നു..

മനു തൃശ്ശൂർ