ചെറുക്കൻ ആണെങ്കി ഒരു പിക്ചർ ബുക്ക്‌ നോക്കി നിൽപ്പുണ്ട്. അപ്പൊ അതാ പിന്നിൽ ഒരാള് വന്നിട്ട് ഒറ്റ ചോദ്യം…

Written by Fabeena Fabz

==========

കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയിട്ട് തിരിച്ചു വരാൻ പുലർച്ചെ നെടുമ്പാശേരി എയർപോർട്ടിന്റെ ലോബിയിൽ കുത്തിയിരുന്ന് മടുത്തപ്പോൾ ഞാനും സല്പുത്രനും കൂടെ  എയർപോർട്ടിനകത്തു ഉലാത്താൻ തുടങ്ങി..

ഡിസി ബുക്സിൽ കേറിയപ്പോ അവിടെ ഉള്ള ചങ്ങായി എന്നോട് നല്ല കത്തി. എയർപോർട്ടിൽന്നു ചായ കുടിച്ചാൽ  ആധാരം വച്ചു പോരേണ്ടിവരുമെന്ന് അറിയാം. ബുക്കും അതുപോലെ ആവും എന്നുവിചാരിച്ചു ഉള്ളനേരം അവിടെനിന്നു ഓസിക്കു വായിക്കാലോ എന്നുകരുതി കേറിയ എന്നോട് MRP മാത്രേ വാങ്ങൂ ധൈര്യമായി നോക്കിക്കോ എന്നയാള് പറഞ്ഞു.. 

തിരക്കില്ലല്ലോ..ഞാനിപ്പോ വരാമേ..നോക്കിക്കോളൂട്ടോ എന്നും പറഞ്ഞു അങ്ങേരു എവിടേക്കോ പോയി..ഞാനാണെങ്കി ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ടപോലെ ഓരോ ബുക്കെടുക്കുന്നു..മറിച്ചു നോക്കുന്നു..വാങ്ങണോ വേണ്ടേ ആലോചിക്കുന്നു..അപ്പോഴേക്കും അടുത്തത് കാണുന്നു..അതിലേക്ക് ചാടിവീഴുന്നു..ആകെ ഒരു ആക്രാന്തസുന്ദരസുരഭില മൂഡിൽ..

ചെറുക്കൻ ആണെങ്കി ഒരു പിക്ചർ ബുക്ക്‌ നോക്കി നിൽപ്പുണ്ട്..അപ്പൊ അതാ പിന്നിൽ ഒരാള് വന്നിട്ട് ഒറ്റ ചോദ്യം..എസ്ക്യൂസ്‌മി..ഇവിടെ ആളില്ലേ ന്നു…

നോക്കുമ്പോ ആരാ..മ്മടെ മുകേഷേട്ടൻ..എന്താ ഒരു നിറം..ഒരു ബ്ലാക്ക് ഷർട്ടൊക്കെ ഇട്ടു ഒരു ട്രോളിയും പിടിച്ചു…കണ്ടു അന്തം വിട്ടു വായും പൊളിച്ചു ഞാൻ നിന്നു..പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത് പുറത്തേക്ക് ചൂണ്ടി “ദേ അങ്ങട് പോയി..ഇപ്പൊ വരും”… എന്ന് പറഞ്ഞു.

അങ്ങേരൊന്നു ചിരിച്ചു റാക്കിലിരുന്ന ഏതോ ബുക്കെടുത്തു മറിച്ചു നോക്കാൻ തുടങ്ങി..ആ പരിസരത്താണെങ്കി ഞാനും എന്റെ ചെക്കനും അങ്ങേരും മാത്രം..എനിക്കാണെങ്കി ഒരു സെൽഫി എടുത്താൽ കൊള്ളാമെന്നുണ്ട്..അപ്പുറത്ത് ഇരുന്നുറങ്ങുന്ന കെട്ട്യോനോട് മുകേഷിനെ കണ്ടു എന്നും പറഞ്ഞു അഹങ്കരിക്കാലോ.. 

ഈ സിലിമാനടൻമാർ ഒക്കെ ജാഡ ആണെന്നൊക്കെ കേട്ടിട്ടുണ്ട്..സെൽഫി ചോദിച്ചാൽ ഇഷ്ടായില്ലെങ്കിലോ എന്നൊരു പേടി..എന്തേലും പറഞ്ഞു ഒന്ന് കമ്പനി ആയിട്ട് ചോദിക്കാം..എന്ത് പറയും..

അപ്പൊ ദേ അങ്ങേരു ബുക്കിൽന്നു തല ഉയർത്തി എന്നെ നോക്കുന്നു..അപ്പോഴാണ് ഞാൻ ഇത്രേം നേരം അങ്ങേരെ വായിനോക്കി നിൽക്കാണല്ലോ എന്നെനിക്കു ഓടിയത്..ഉടനെ ചിരിച്ചു ഞാൻ ഹായ് പറഞ്ഞു.. 

ഉടനെ അങ്ങേരും ചിരിച്ചു..ഹായ് പറഞ്ഞു..ഹായ് എന്തു നല്ല ചിരി..ഇനി എന്തു ചോയ്ക്കും..

ചാനലിൽ ‘ഡീൽ ഓർ നോ ഡീൽ’  നടക്കുന്ന സമയമാണ്..കാർട്ടൂൺ ചാനലുകൾ മാറ്റുന്നതിന്റെ ഇടയിൽ പരസ്യം കണ്ടിട്ടുള്ള അറിവാണ്..പ്രോഗ്രാം കണ്ടിട്ടൊന്നുമില്ല..എന്നാലും ചുമ്മാ കിടക്കട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു..”പ്രോഗ്രാം ഉഷാറാണുട്ടോ..ഞങ്ങൾ എല്ലാരും  കാണാറുണ്ട്..മക്കൾക്കൊക്കെ വല്ല്യ ഇഷ്ടാണ്..മുകേഷേട്ടനേം പ്രോഗ്രാമും..”  ??

അങ്ങേരൊരു ചെറു പുഞ്ചിരി..തല ഒന്നാട്ടി..☺☺ ചെറുക്കന്റെ തലയിൽ ഒന്ന് തട്ടി..

ഹോ..വളഞ്ഞു..ഇനി സെൽഫി ചോദിക്കാം..ഈ സെൽഫിയെന്നു കാണിച്ചു വേണം കൊറച്ചു നേരത്തെ നമുക്ക് അങ്ങോട്ട് പോയി ബീമാനം കാണാ എന്ന് ചോദിച്ച എന്നോട് നിനക്ക് വട്ടാണോ എന്ന് ചോദിച്ചു പുച്ഛിച്ചു ഇരുന്നുറങ്ങുന്ന കെട്ട്യോനോട് രണ്ടു വാക്ക് പറയാൻ..?

ബാഗിൽ കയ്യിട്ടു ഫോൺ തിരഞ്ഞോണ്ടിരിക്കുമ്പോ മ്മടെ ചെക്കൻ ദാ ഷാള്പിടിച്ചു വലിച്ചോണ്ടു ഒരു ചോദ്യം..

” മമ്മാ..ആരാ ഈ അങ്കിള്.. “..??

ആ ഒരൊറ്റ ചോദ്യത്തിൽ എന്റെ സെൽഫി സ്വപ്നങ്ങൾ മരിച്ചു മണ്ണടിഞ്ഞു പോയി..??

ചെക്കനാണെങ്കി വീണ്ടും വീണ്ടും ചോയ്ച്ചോണ്ടിരിക്കുന്നു..ഇറങ്ങി ഓടിയാലോ എന്നു ആലോചിച്ചു ഇരിക്കുമ്പോ അങ്ങേര് ചിരിച്ചും കൊണ്ട് കൈകൊണ്ടു പോട്ടെ എന്നും കാണിച്ചു ഇറങ്ങിപോയി…??

അതിനു ശേഷം ഞാൻ ഒറ്റ സെലിബ്രിറ്റിനേം മൈൻഡ് ചെയ്യാറില്ല…അവരായി അവരുടെ പാടായി..പ്രശസ്തരുമായിട്ടുള്ള എടപാടെ നിർത്തി.. ??

~ Fabeena Fabz