എന്തായാലും ആ പരിപാടിയൊന്നും ഇവിടെ നടക്കില്ല. ഞങ്ങളുടെ കുടുംബത്തിന് ഒരു പേരുണ്ട്, അത് കളയാൻ ഞാൻ ആരേയും സമ്മതിക്കില്ല….

ഭാര്യയുടെ മൂക്കുത്തി

Story written by Shaan Kabeer

============

“ഷാനിക്കാ, പ്ലീസ് ഞാൻ മൂക്ക് കുത്തട്ടെ, എത്രയായി ഞാൻ പറയുന്നു, ഒന്ന് സമ്മതിച്ചൂടെ…”

ഷാൻ കബീർ ഭാര്യ ഷാഹിനയെ നോക്കി കണ്ണുരുട്ടി

“ഒന്ന് പോയേ, മൂക്ക് കുത്തണം പോലും, ന്റെ ഉപ്പയും ഉമ്മയും കേൾക്കേണ്ട”

ഷാഹിനയുടെ മുഖം ഇരുണ്ടു

“അതെന്താ മൂക്ക് കുത്തിയാൽ കുഴപ്പം…?”

ഷാൻ ഭാര്യയുടെ കണ്ണിലേക്ക് തറപ്പിച്ച് നോക്കി

“അതൊന്നും ശരിയാവില്ല, ഫേസ്ബുക്കിലും ഇൻസ്റ്റയിലും കുറേ പെണ്ണുങ്ങൾ മൂക്ക് കുത്തിയ ഫോട്ടോ ഇട്ടത് കണ്ടിട്ടാണ് മോൾക്ക് ഈ ആഗ്രഹം എന്നെനിക്ക് മനസ്സിലായി”

ഒന്ന് നിറുത്തിയിട്ട് ഷാൻ തുടർന്നു

“എന്തായാലും ആ പരിപാടിയൊന്നും ഇവിടെ നടക്കില്ല. ഞങ്ങളുടെ കുടുംബത്തിന് ഒരു പേരുണ്ട്, അത് കളയാൻ ഞാൻ ആരേയും സമ്മതിക്കില്ല. ഇനി മൂക്ക് കുത്തണം നിർബന്ധം ആണേൽ സ്വന്തം വീട്ടിൽ പോയി കുത്തിക്കോ, പക്ഷേ, ഈ വീട്ടിലോട്ട് പിന്നെ വരരുത്, പറഞ്ഞേക്കാം”

ഷാഹിന ഷാനിനെ നോക്കി കണ്ണുരുട്ടി

“കാതിലൊരു എക്സ്ട്രാ സ്റ്റഡ് അടിക്കാൻ പാടില്ല, മൂക്ക് കുത്താൻ പാടില്ല. ഇതെന്താ നിങ്ങളൊക്കെ ഇങ്ങനെ…? മൂക്ക് കുത്തുന്നത് അത്ര വലിയ പ്രശ്നാണോ”

ഷാൻ കണ്ണുരുട്ടി ഷാഹിനയെ നോക്കി

“വേറെ എന്ത്‌ വേണേലും പറഞ്ഞോ, ഞാൻ അനുസരിക്കാം, പക്ഷേ ഈകാര്യം പറഞ്ഞ് ഇനിയെന്റെ അടുത്ത് വരരുത്, പറഞ്ഞേക്കാം”

“അത് ഇങ്ങളുടെ സ്ഥിരം പരിപാടി ആണല്ലോ, ഇഷ്ടമുള്ള എന്തേലും ചെയ്യട്ടെ ചോദിച്ചാൽ അപ്പൊ പറയും ഈ കാര്യം ഒഴിച്ച് വേറെന്ത് വേണേലും പറഞ്ഞോ ഞാൻ സമ്മതിക്കാം എന്ന്”

ഷാൻ ദേഷ്യത്തോടെ പുറത്തേക്ക് പോയി. അന്ന് രാത്രി കിടക്കുമ്പോൾ രണ്ടുപേരും മുഖം നോക്കാതെ തിരിഞ്ഞ് കിടന്നു. ഷാൻ കബീർ ഒരു മൂവി കണ്ട് അറിയാതെ അങ്ങ് ഉറങ്ങിപ്പോയി. ഷാഹിന വീണ്ടും മൂക്കുത്തിയുടെ കാര്യം പറയാൻ ഷാനിന്റെ അടുത്തേക്ക് പോയപ്പോൾ ആള് നല്ല ഉറക്കാണ്. മൊബൈലിൽ മൂവി ഓടിക്കൊണ്ടിരിക്കുന്നുണ്ട്.

ഷാഹിന മൊബൈലെടുത്ത് താഴെ വെക്കാനൊരുങ്ങിയപ്പോൾ മെസ്സഞ്ചറിൽ മെസ്സേജ് വന്നതിന്റെ ഒരു നോട്ടിഫിക്കേഷൻ കാണിച്ചു. അവൾ മെസ്സഞ്ചർ തുറന്നുനോക്കിയപ്പോൾ കണ്ടത് ഒരു പെണ്ണ് നല്ല വെള്ളാരം കല്ലുള്ള മൂക്കുത്തി കുത്തികൊണ്ടുള്ള ഫോട്ടോയാണ്, അതിന്റെ താഴെ ഒരു മെസ്സേജും

“എന്ത്‌ വാശിയാ ന്റെ ഷാനു, ഹസ് സമ്മതിക്കാഞ്ഞിട്ടും ഇയാള് പറഞ്ഞോണ്ട് മാത്രാണ് ഞാൻ മൂക്ക് കുത്തിയത്. എന്തായാലും ഇയാള് പറഞ്ഞ അതേ കല്ലുകൊണ്ട് തന്നെ മൂക്ക് കുത്തിയിട്ടുണ്ട്. ഇപ്പൊ ഓക്കേ അല്ലേ ന്റെ കൊതിയന്”

ഷാഹിന ഷാൻ കബീർ മുന്നേ അയച്ച മെസ്സേജ് കൂടി വായിച്ചു

“ന്റെ മുത്തേ, നീ മൂക്കുത്തിയിട്ടാൽ ഉണ്ടല്ലോ, ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. വിവരവമില്ലാത്തവനും, ലോകം മാറിയത് അറിയാത്തവനുമായ നിന്റെ ഭർത്താവിനോട് പോവാൻ പറ. എനിക്ക് നീ മൂക്കുത്തിയിട്ട് കണ്ടേ പറ്റൂ മുത്തുസേ”

മെസ്സേജ് വായിച്ച് തീർന്നതും ഷാഹിന കാല് മടക്കി ഷാനിന്റെ മുതുകത്ത് ചവിട്ടിയതും ഒരുമിച്ചായിരുന്നു…

~ ഷാൻ കബീർ