എഴുത്ത്: രുദ്ര പ്രിയ
===========
അവൻ അവളോളം ആരെയും സ്നേഹിച്ചിരുന്നില്ല എന്ന് പറയാൻ ആവില്ല. പക്ഷെ അവളെ വളരെയധികം സ്നേഹിച്ചിരുന്നു.
രേഷ്മ അതായിരുന്നു അവളുടെ പേര്. വെറുമൊരു പൈങ്കിളി പ്രണയം ആയിരുന്നില്ല നിധിന് അവളോട്.
ഒൻപതിൽ പഠിക്കുമ്പോഴാണ് അവൻ അവളെ ആദ്യമായിട്ട് കാണുന്നത്. അവൾ അന്ന് അഞ്ചാം ക്ലാസ്സിൽ ആണ്. വെറുമൊരു ആകർഷണം ആയി അതിനെ തള്ളിക്കളയാൻ തോന്നിയില്ല നിധിന്. പിന്നീട് പലവട്ടം പലയിടത്തും വച്ച് ഒളിഞ്ഞും തെളിഞ്ഞും അവളെ നോക്കി. അവൾ പോകുന്ന വഴിയിലൊക്കെ അവൻ ഉണ്ടാവുമായിരുന്നു.
അവൾ ഒരല്പം വലുതാവട്ടെ വച്ച് കാത്തിരുന്നു അവൻ. പ്ലസ്‌വൺ കഴിയാറായ സമയത്തു വിറയ്ക്കുന്ന കാൽപാദത്തോടെ അവളോട് കാര്യം പറഞ്ഞു.
ഒരേ നാട്ടുകാർ ആയിരുന്നു അവർ. ദേഷിച്ചു ഒന്നും പറയാതെ അവൾ മൗനമായി വിടവാങ്ങി.
അങ്ങനെ ഇരിക്കെ വെക്കേഷൻ ടൈമിൽ അമ്പലത്തിൽ വച്ച് അവളവനെ കണ്ടു. അന്നാദ്യമായി അവളുടെ മിഴികളിൽ പ്രണയം വിരിയുന്നത് ആ പതിനേഴുവയസുകാരൻ കൗതുകത്തോടെ നോക്കി.
ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു അവന് അപ്പോൾ. ആ എട്ടാം ക്ലാസ്സുകാരി അവന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു.
നാരങ്ങാ മിടായിയിലൂടെയും ചാമ്പങ്ങയും കാടുമാങ്ങയിലൂടെയും ഒക്കെ അവർ അവരുടെ പ്രണയം കൈമാറി.
വളരെ പാവപ്പെട്ട കുടുംബം ആയിരുന്നു അവളുടേത്. നിധിൻ ഒരു ഇടത്തരം കുടുംബവും.
അത്യാവശ്യം നല്ല മാർക്കോടെ അവൻ പ്ലസ്ടു പാസ്സായി. നല്ലൊരു കോളേജിൽ ഫിസിക്സ് മെയിൻ ആയി എടുത്തു പഠനവും ആരംഭിച്ചു. ഒന്നാം വർഷം പഠനം കഴിഞ്ഞു അടുത്തതിലേക്ക് കടക്കുമ്പോഴാണ് അറിഞ്ഞത് അവളുടെ പഠനം പത്തിൽ നിർത്താൻ പോകുവാണെന്നു. തുടർന്ന് പഠിപ്പിക്കാൻ ഉള്ള പൈസ ഇല്ലായിരുന്നു അവർക്ക്. രേഷ്മയ്ക്ക് താഴെ രണ്ടു പെൺകുട്ടികൾ കൂടി ഉണ്ടായിരുന്നു.
തന്റെ പ്രണയത്തെ കൂടെ കൂട്ടാൻ, അവളെ കൈപിടിച്ചു ഉയർത്താൻ അവൻ കൂടെ നിന്നു. പഠനത്തിന്റെ കൂടെ ബസിലും ലോറിയിലും ഒക്കെ കയറി പണി എടുക്കാൻ തുടങ്ങി. വീട്ടുകാർ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചെങ്കിക്കും നടന്നില്ല. കാരണം അവനവളെ അത്രയും ഇഷ്ടമായിരുന്നു.
പിന്നെ പിന്നെ പഠനം പുറകോട്ട് പോയി, ജോലിക്കായി അധികസമയം കൊടുത്തു. പതിയെ അവൻ പഠനം നിർത്തി. അങ്ങനെ എന്നന്നേക്കുമായി അവനൊരു ഡ്രൈവർ ആയി മാറുകയായിരുന്നു.
എല്ലാത്തരം വണ്ടികളും അവൻ ഓടിക്കുമായിരുന്നു. അവൻ അധ്വാനിച്ചു ഉണ്ടാക്കിയ പൈസ കൊണ്ട് അവളെ ഡിഗ്രിക്ക് വിട്ടു പഠിപ്പിച്ചു. അതും ഇഷ്ടമുള്ള കോളേജിൽ. എന്നുമുതൽ അവളെ അവൻ അംഗീകരിച്ചുവോ അന്ന് മുതൽ അവളുടെ അനിയത്തി മാർക്ക് അവൻ സ്വന്തം ഏട്ടനായി. അവളുടെ അമ്മയ്ക്ക് ഒരു മകനും. അവരുടെ വീട്ടിൽ ചെലവ് കൊടുക്കാൻ പോലും അവൻ തയ്യാറായി.
നിധിനെ കാണാൻ അല്പം കറുത്തിട്ടാണ്, രേഷ്മ നല്ല വെളുപ്പും. അവർ തമ്മിലുള്ള അടുപ്പം നാട്ടുകാർക്കും വീട്ടുകാർക്കും നന്നായി അറിയാമായിരുന്നു. വല്ലപ്പോഴും നെറ്റിയിൽ ഒരു ചുംബനത്തിനപ്പുറം ഒന്നുമില്ലായിരുന്നു അവർക്കിടയിൽ.
അവനവളെ ഭ്രാന്തമായി പ്രണയിച്ചിരുന്നു. കോളേജിൽ ഓണാഘോഷത്തിനിടയി തട്ടിവീണ് നെറ്റി മുറിഞ്ഞു അവൾ കരഞ്ഞപ്പോൾ രക്തം കിനിഞ്ഞത് അവന്റെ ചങ്കിൽ നിന്നായിരുന്നു. അവളുടെ സങ്കടം കാണാൻ കഴിയാതെ, അവനിരുന്നു.
ആ വേദന അവന് ഏറ്റെടുക്കാൻ ആവാത്തത് കാരണം അവൻ സ്വയം ബ്ലേഡ് എടുത്തു അവന്റെ കൈത്തണ്ടയിലെ മാംസത്തിൽ വരഞ്ഞു. അവളുടെ പോലെ വേദനിക്കാൻ വേണ്ടി മാത്രം.
അവളുടെ മുറിവ് മൂന്നാല് ദിവസം കൊണ്ട് കരിഞ്ഞെങ്കിലും അവന്റെ മുറിവ് മാസങ്ങളോളം ഉണങ്ങാതെ ഇരുന്നു. പുതിയ മാംസം വന്ന് അവിടെ ഒരു പ്രണയത്തിന്റെ സ്മാരകം ഉണ്ടായി.
അവൾക് ഡിഗ്രിക് പോകണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ അവൻ അവളെ അതും പഠിക്കാൻ വിട്ടു. അതിനുള്ള തയ്യാറെടുപ്പൊക്കെ നടത്തി കൊടുത്തു.
അവനൊരു സ്ഥിരവരുമാനം ഉണ്ടായിരുന്നില്ല. പക്ഷെ അധ്വാനിക്കുന്ന മനസുണ്ടായിരുന്നു.
അങ്ങനെ ഇരിക്കെ പതിയെ പതിയെ അവളുടെ ഫോൺ വിളികൾ കുറഞ്ഞു,
പെട്ടന്ന് ഒരു ദിവസം അവളെ വിളിച്ചു കിട്ടുന്നില്ല. അവൾ അവന്റെ നമ്പർ ബ്ലോക്ക് ചെയ്തു. കാരണം അറിഞ്ഞില്ല.
അപ്പോൾ അവളുടെ കൂട്ടുകാരി ഒരുത്തി വിളിച്ചിട്ട് പറഞ്ഞു സ്ഥിരമായി ജോലിയും കൂലിയും ഒന്നും ഇല്ലാത്ത ഒരാളെ സ്നേഹിക്കാനും കല്യാണം കഴിക്കാനും വയ്യെന്ന്. അതുകൊണ്ട് ഇനി അവളെ ശല്യം ചെയ്യരുതെന്ന്.
അന്നവൻ തകർന്നു പോയി. ഇത്രയും നാളും ചിറകിനടിയിൽ കൊണ്ട് നടന്ന തന്റെ ആണെന്ന് വിശ്വസിച്ച പെണ്ണ് ഇന്ന് സമർത്ഥമായി തന്നെ വഞ്ചിച്ചിരിക്കുന്നു.
പെട്രോൾ എടുക്കാനോ ആസിഡ് ഒഴിക്കാനോ അവൻ പോയില്ല. മൗനമായി പിൻവാങ്ങി.
അവളുടെ വീട്ടിൽ കയറി രണ്ടു പൊട്ടിക്കണം എന്ന് കൂട്ടുകാരൊക്കെ പറഞ്ഞിട്ടും ഒന്നും വേണ്ടെന്നു പറഞ്ഞു അവൻ ഇരുന്നു.
എങ്കിലും ഇത്രയും നാൾ ഇല്ലാതിരുന്ന പ്രശ്നം അവൾക് ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നതും സംശയം ആയിരുന്നു.
പിന്നീട് അറിഞ്ഞു, വകയിലെ ഏതോ ഒരു കാർണോരു അവൾക്ക് ഒരു പണം കായ്ക്കുന്ന മരത്തെ കല്യാണം ആലോചിച്ചെന്നു. അയാളുമായി വിവാഹം ഉറപ്പിക്കാൻ പോകുവാണെന്നു. പണം കണ്ടപ്പോൾ അവളുടെയും വീട്ടുകാരുടെയും കണ്ണ് മഞ്ഞളിച്ചു. എല്ലാവരും അവനെ തള്ളിപ്പറഞ്ഞു.
അവൾക്ക് വേണ്ടി പഠനവും ജീവിതവും കളഞ്ഞു എല്ലുമുറിയെ പണിയെടുത്ത അവനെ അവൾ കോമാളിയാക്കി. അവന്റെ ജീവിതം നശിപ്പിച്ചു എന്ന് തന്നെ പറയാം.
അവന്റെ വിയർപ്പിനാൽ ഉണ്ടാക്കിയെടുത്തതാണ് അവളുടെ ജീവിതം.
ആഴ്ചകളോളം അവൻ മുറിക്ക് പുറത്ത് ഇറങ്ങിയില്ല.
കരഞ്ഞു തീർക്കട്ടെ എന്ന് കൂട്ടുകാരും വിചാരിച്ചു. എട്ടുവർഷത്തെ പ്രണയം…ഒരു പൂവിറുക്കുന്ന ലാഘവത്തോടെ അവൾ നുള്ളിയെറിഞ്ഞു.
എത്രയൊക്കെ തകർന്നിട്ടും മ ദ്യത്തിനോ മറ്റു ലഹരിക്കോ അവൻ അടിമപ്പെട്ടില്ല…ഇന്നീനിമിഷം വരെ.
നാട്ടുകാരും കൂട്ടുകാരും ഇന്നവളെ വെറുപ്പോടെ നോക്കുന്നു. അപ്പോഴും അവൻ അവളോട് വെറുപ്പോ ദേഷ്യമോ കാണിച്ചില്ല. അവനതിനു കഴിയുമായിരുന്നില്ല.
ഇന്നുമവൻ കഷ്ടപ്പെടുന്നു. അവൾക്ക് മുന്നിൽ ആരെങ്കിലും ഒക്കെ ആയി തീരാൻ. അവന്റെ കണ്ണീരിനു മുകളിൽ പടുത്തുയർത്തുന്ന അവളുടെ ജീവിതം ഒരിക്കലും സംതൃപ്തി നേടില്ല…
അവസാനിച്ചു.
©രുദ്ര പ്രിയ
(എന്റെ പരിചയത്തിൽ ഉളള ഒരാളുടെ അനുഭവ കഥയാണിത്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരുപാടു ഹൃദയങ്ങൾ നമുക്ക് ചുറ്റുമുണ്ട്. നിങ്ങൾ സ്നേഹിച്ചോളൂ, പക്ഷെ വഞ്ചിക്കരുത്. മറ്റൊരാളുടെ ജീവിതം വച്ച് ഒരിക്കലും പന്താടാൻ പാടില്ല. കാരണം ശേഷമുള്ള നിങ്ങളുടെ ജീവിതം ഒരിക്കലും സന്തോഷകരമായിരിക്കില്ല.)