സ്‌ഫടികം പോലെ ഒരമ്മ…
Story written by Ammu Santhosh
==================
“അമ്മ നിന്റെ അമ്മയെ പോലല്ല ട്ടൊ.അങ്ങനെ കൊഞ്ചിക്കുക, ലാളിക്കുക ഒന്നും വശമില്ല. ഞങ്ങളുടെ അച്ഛൻ ചെറുപ്പത്തിൽ മരിച്ചു. ഞങ്ങൾ മൂന്നാണ്മക്കളെ കഷ്ടപ്പെട്ടു വളർത്തി.. അതിന്റെ ഒരു.. അറിയാമല്ലോ.. നീ അച്ഛന്റെയും അമ്മയുടെയും പൊന്നുമോൾ അല്ലെ? രണ്ട് ഏട്ടന്മാർ പൊന്നു പോലെ കൊണ്ട് നടന്ന പെങ്ങള് കുട്ടി . നിന്റെ വീട്, അതിന്റെ രീതികൾ ഒക്കെ അറിയാം . വിഷമം തോന്നരുത്. ഞാൻ പോയിട്ട് കഷ്ടിച്ച് ആറു മാസമാകുമ്പോൾ നിന്നേം കൊണ്ട് പോവാം. അപ്പോഴേക്കും എക്സാം കഴിഞ്ഞു റിസൾട്ട് വരില്ലേ?”
ഞാൻ തലയാട്ടി. നാളെ അജു തിരിച്ചു ദുബായിലേക്ക് പോവുകയാണ്. അതിന്റെ സങ്കടത്തിൽ ആയിരുന്നു ഞാൻ.
“ഇവിടെ ഏട്ടന്മാരും ഏട്ടത്തിയമ്മമാരും എപ്പോഴും ഉണ്ടാവില്ല. അവർ ഒരാഴ്ച കഴിഞ്ഞു തിരിച്ചു പോകും.”അജു പറഞ്ഞു
“അമ്മ ഒറ്റയ്ക്ക്?”ഞാൻ ചോദിച്ചു
“അതാണ് അമ്മയ്ക്ക് ഇഷ്ടം. ചേട്ടന്മാരെ രണ്ടു പേരെയും അമ്മയാണ് നിർബന്ധിച്ചു വീട് വെച്ച് മാറ്റിയത്. അത് കൊണ്ട് വലിയ പ്രശ്നങ്ങൾ ഇല്ല സന്തോഷം..” അജു ചിരിച്ചു
“നിന്നോടും പറഞ്ഞില്ലേ വേഗം എക്സാം കഴിഞ്ഞു എന്റെ ഒപ്പം പോന്നോളാൻ. നല്ല മനസാ എന്റെ അമ്മയ്ക്ക് “
അജുവിന്റ കണ്ണിൽ ഒരു നനവ്
“അമ്മയെ വിഷമിപ്പിക്കരുത് എന്ന് ഞാൻ പറയില്ല. കാരണം നിന്നേ എനിക്ക് അറിയാം. പിന്നെ എന്റെ അമ്മ അയൺ ലേഡി ആണ്. അത്ര പെട്ടെന്ന് ഒന്നും തളർത്താനാവില്ല “
ഞാൻ ചിരിച്ചു
അജു പോയി. ഒരാഴ്ച കഴിഞ്ഞു ഏട്ടന്മാരും കുടുംബവും പോയി. ഞാനും അമ്മയും ഒറ്റയ്ക്കായി. അമ്മയ്ക്ക് എപ്പോഴും തിരക്കാണ്. രാവിലെ പശുക്കളെ നോക്കണം അത് കഴിഞ്ഞു കൃഷി, പിന്നെ പാടത്തു പണിക്ക് ആളുണ്ടാവും അവിടെ പോകണം. അങ്ങനെ നല്ല തിരക്ക്. എന്റെ വീട് ടൗണിൽ ആണ്. കുറച്ചു സ്ഥലത്തു ഒരു വീട്. മുന്നിൽ ബസ് പോകുന്ന റോഡാണ്. എപ്പോഴും ബഹളം.. ശബ്ദം ഒക്കെ. ഇവിടെ ശാന്തതയാണ്.
“നല്ല വലിയ മാവാണല്ലോ.. ഊഞ്ഞാല് കെട്ടാൻ പറ്റിയ ശിഖരങ്ങൾ “
ഞാൻ പണിക്ക് വരുന്ന ലേഖ ചേച്ചിയോട് പറഞ്ഞു
“കുട്ടിയുടെ വീട്ടിലുണ്ടോ ഊഞ്ഞാൽ? “
“ഹേയ്.അവിടെ മരവുമില്ല ഊഞ്ഞാലുമില്ല.എനിക്ക് ഇതൊക്കെ വലിയ ഇഷ്ടാ ” ഞാൻ എന്റെ അരികിലൂടെ അപ്പോൾ നടന്നു പോയ അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.അമ്മ മാവിൽ ഒന്ന് നോക്കി പിന്നെ അകത്തേക്ക് പോയി
വൈകുന്നേരം ആയപ്പോൾ ചക്കരക്കയർ കൊണ്ട് നല്ല ഉഗ്രൻ ഊഞ്ഞാൽ ദേ മാവിൻ കൊമ്പിൽ
“താങ്ക്സ് അമ്മേ “ഞാൻ അമ്മയോട് പറഞ്ഞു
അമ്മ മറുപടി ഒന്നും പറഞ്ഞില്ല. എന്തൊക്കെയോ ജോലികൾ.. അതിലാണ് ശ്രദ്ധ.
“ഞാൻ ഹെല്പ് ചെയ്യണോ?”
ഞാൻ മടിച്ചു ചോദിച്ചു
“വേണ്ട പോയിരുന്നു. പഠിച്ചോളു.. എക്സാം വരികയല്ലേ?”
ഞാൻ ചമ്മലോടെ മെല്ലെ തലയാട്ടി മുറിയിലേക്ക് പോരുന്നു.
“കോളേജിലേക്ക് കുട്ടിയുടെ വീട്ടിൽ നിന്നു പോകാനാണ് സൗകര്യം എങ്കിൽ അങ്ങനെ ആവാം “
ഒരു ദിവസം അമ്മ പറഞ്ഞു.അമ്മ എന്നെ കുട്ടി എന്നാണ് വിളിക്കുക.
“ഹേയ് എനിക്ക് സ്കൂട്ടി ഉണ്ടല്ലോ. ഞാൻ ഇവിടെ നിന്നോളാം “
അമ്മ മെല്ലെ തലയാട്ടി
“സൂക്ഷിച്ചു പോയി വരൂ ” ഞാൻ ചിരിച്ചു
അമ്മ ഒരു പാവമാണ്. അതെനിക്ക് മനസിലായി. ഒരു കർക്കശക്കാരിയുടെ മുഖം മൂടി വെച്ചിട്ടുണ്ട് അത് നല്ലതാണ് താനും.
എന്റെ വീട്ടിൽ ഞാൻ എല്ലാ ആഴ്ചയിലും പോകും. പക്ഷെ എന്താന്നറിയില്ല വൈകുന്നേരമാകുമ്പോൾ ഞാൻ ഇങ്ങോട്ടേക്ക് തിരിച്ചു പോരും. അമ്മ ഗേറ്റിനരികിൽ നിൽപ്പുണ്ടാകും അത് എന്നെ നോക്കിയാണെന്നു എനിക്ക് അറിയാം അത് അമ്മ ഭാവിക്കില്ലെങ്കിലും.
“എനിക്ക് കിണ്ണത്തപ്പം വലിയ ഇഷ്ടാ ” ഒരു ദിവസം ഞാൻ അമ്മയോട് പറഞ്ഞു. ഉറങ്ങും മുന്നേ അതുണ്ടാക്കി എന്നെ അമ്പരപ്പിച്ചു അമ്മ.
അമ്മയ്‌ക്കൊപ്പം പാടത്തേക്ക് ചെല്ലാൻ ആദ്യം അനുവാദം ഉണ്ടായിരുന്നില്ല പിന്നെ പിന്നെ എതിർക്കില്ല. ഞാനും പോകും.
“പരീക്ഷക്ക് മാർക്ക് കുറയരുത് “ഇടക്ക് പറയും
ഞാൻ നന്നായി പഠിക്കും. അത് അമ്മയ്ക്കും അറിയാം.
തൊടിയിലെ മുല്ല പൂത്തപ്പോൾ അമ്മ അത് കോർത്തു മാലയാക്കി എന്റെ മുറിയിൽ കൊണ്ട് വെച്ചു. ഞാൻ എന്റെ നീണ്ട മുടിപ്പിന്നലിൽ അത് അണിഞ്ഞമ്മയെ കൊണ്ട് കാണിച്ചു. നല്ല ഭംഗി ഇല്ലെ?എന്ന് ചോദിച്ചപ്പോൾ അമ്മ ചെറിയതായ് ഒന്നു ചിരിച്ചു
ഇതൊക്കെ പറയുമ്പോൾ അജു കണ്ണ് മിഴിക്കും
“അത്ഭുതം ആണല്ലോ നീ അമ്മയെ മയക്കിയോ?”
അജു കളിയാക്കും
സ്നേഹം എന്നത് ആളുകളെ മയക്കുമായിരിക്കും പക്ഷെ ആൾക്കാരെ മയക്കാൻ വേണ്ടി സ്നേഹിക്കാൻ പാടില്ലല്ലോ. ഞാൻ അമ്മയെ സ്നേഹിക്കുന്നു.ഒന്നും നേടാനല്ല. അത് അമ്മയ്ക്കുമറിയാം.
കോളേജിൽ നിന്നു വരുമ്പോൾ സ്കൂട്ടി ഒന്ന് മറിഞ്ഞു. എന്റെ കാൽ സാമാന്യം നന്നായി മുറിഞ്ഞു. കൂട്ടുകാരൊക്ക കൂടി എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു മുറിവ് ഡ്രസ്സ് ചെയ്തു വീട്ടിൽ കൊണ്ടാക്കി. അമ്മ പേടിച്ചു പോയി ആ മുഖം വിളറി പ്പകച്ചിരുന്നു .
“സാരമില്ല അമ്മേ സ്റ്റിച്ച് ഒന്നുല്ല ” ഞാൻ അമ്മയോട് പറഞ്ഞു
മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അമ്മ ഇടക്ക് കണ്ണ് തുടയ്ക്കുന്നതും മൂക്ക് പിഴിയുന്നതുമൊക്കെ കാണാം. വീണ്ടും എന്നെ നിർബന്ധിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോയി . ഒന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞിട്ടും സങ്കടം മാറുന്നില്ല
“എനിക്ക് വേദന ഇല്ലമ്മേ “ഞാൻ മെല്ലെ പറഞ്ഞു
രാത്രി ഗുളികയുടെ മയക്കത്തിൽ കിടക്കുമ്പോഴും അമ്മ ഉണർന്ന് എന്റെ അരികിൽ ഇരുന്നു നാമം ജപിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
കുറച്ചു ദിവസം അമ്മ പാടത്തേക്ക് പോയില്ല. എന്റെ വീട്ടിൽ നിന്ന് കൂട്ടി കൊണ്ട് പോകാൻ വന്നപ്പോൾ ആദ്യമായി എതിർക്കുകയും ചെയ്തു
അമ്മയുടെ സ്നേഹം അറിഞ്ഞ നാളുകൾ ആയിരുന്നു അത്. എനിക്കിഷ്ടമുള്ള പലഹാരങ്ങൾ മാത്രം ഉണ്ടാക്കി എനിക്കിഷ്ടമുള്ള കറികൾ മാത്രം ഉണ്ടാക്കി, എന്റെ തുണികൾ ഒക്കെ നനച്ച്, എന്റെ അരികിൽ നിന്ന് മാറാതെ പാവം എന്റെ അമ്മ.
എന്റെ പാവം അമ്മ
സ്‌ഫടികം പോലെ ഒരമ്മ.
ആറു മാസം എന്ന് പറഞ്ഞെങ്കിൽ കൂടി ഒരു വർഷം കഴിഞ്ഞാണ് അജു വന്നത് എനിക്ക് ജോലി, വിസ എല്ലാം ശരിയാക്കിയിരുന്നു
“എനിക്ക് കുറച്ചു കൂടി പഠിക്കണം.”ഞാൻ അജുവിനോട് പറഞ്ഞു
“അതെന്താ ഇപ്പൊ അങ്ങനെ?”അജു അന്തം വിട്ടു നോക്കി
“നാട്ടിൽ ജോലി മതി എനിക്ക്.. അജുവും ഇങ് പോരെ.. ഇവിടെ നോക്കാം “
അജു അമ്പരപ്പിൽ എന്നെ നോക്കിയിരുന്നു
അജുവിനെ പറഞ്ഞു സമ്മതിപ്പിക്കുമ്പോൾ അമ്മയ്‌ക്കൊപ്പം ഉള്ള സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു എന്റെ ഉള്ളു നിറയെ.
അമ്മയെ ഒറ്റയ്ക്കാക്കാൻ എനിക്ക് എന്തൊ പറ്റുന്നില്ല.
കാര്യം പറഞ്ഞപ്പോൾ അമ്മ എന്റെ കവിളിൽ ഒന്ന് തൊട്ടു.
“അമ്മേ ഐ ലവ് യു “
ഞാൻ ഉറക്കെ പറഞ്ഞപ്പോൾ അമ്മ വാ പൊത്തി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി
അജു എന്നെ ചേർത്ത് പിടിച്ചു
‘എത്ര സന്തോഷം ഉണ്ടെന്നോ ഇപ്പൊ… സത്യത്തിൽ ആണ്മക്കളെക്കാൾ അമ്മയെ അറിയുന്നത് പെണ്മക്കൾ ആണ് അല്ലെ? “
“ആവോ.. അങ്ങനെ ഒന്നുല്ലായിരിക്കും. അമ്മ ഒരു പാവാ. പക്ഷെ ഞാൻ കരുതി അജുവിന് വിഷമം ആകുമെന്ന് “ഞാൻ പറഞ്ഞു
“ഒരു വിഷമവുമില്ല.ഞാൻ ഒരു വർഷം കൂടി കഴിഞ്ഞു തിരിച്ചു വരും.. നീ പറഞ്ഞ പോലെ നാട്ടിൽ മതി.ബാക്കി ജീവിതം .”
ഞാൻ ചിരിച്ചു
“അമ്മേ ഒരു നെയ് ദോശ വേണം..”ഞാൻ അടുക്കളയിലേക്ക് നോക്കി ഉറക്കെ പറഞ്ഞു
“അജുവിന് വേണോ?”ഞാൻ കള്ളച്ചിരി ചിരിച്ചു കൊണ്ട് അജുവിനെ നോക്കി.
അജു പൊട്ടിച്ചിരിച്ചു
പിന്നെ എന്നെ കെട്ടിപിടിച്ചോരുമ്മ ..
അടുക്കളയിൽ നെയ്യിൽ മൊരിയുന്ന ദോശയുടെ മണം.
നെയ് മാത്രം അല്ലാട്ടോ അമ്മ ചേർക്കുക.
അമ്മയുടെ സ്നേഹം…അമ്മയുടെ കരുതൽ…അമ്മയുടെ വാത്സല്യം
ആ ദോശക്ക് എന്ത് രുചിയാണെന്നോ!