Written by Ezra Pound
========
എഴുതിയതൊക്കെ ആളുകൾ വായിച്ചു തുടങ്ങി..ഇനിയൊരു ബുക്ക് പബ്ലിഷ് ചെയ്യണം. എന്നാലെ നാട്ടിലൊരു വിലയുണ്ടാവുള്ളൂ.
ഭാര്യയോടു കാര്യം പറഞ്ഞു. അത് വേണോ..അവൾക്കൊരു സംശയം.
“വേണമെടീ..നീയൊന്നാലോചിച്ചു നോക്കിയേ..ബുക്കൊക്കെ ഇറങ്ങിക്കഴിഞ്ഞു ഫെയ്മസായാൽ ദേ എഴുത്തുകാരന്റെ ഭാര്യ പോവുന്നു..മാഡം ഒരു സെൽഫിയെടുത്തോട്ടെ” എന്നൊക്കെ ചോദിച്ചോണ്ട് ആളോള് പിറകേ കൂടും.
അവളൊന്നും മിണ്ടിയില്ല. ആരാധകരുടെ ഇടയിൽ നിൽക്കുന്നത് സ്വപ്നം കാണുവാരിക്കും.
“എന്താടീ സെൽഫിക്ക് എങ്ങിനെ പോസ് ചെയ്യുമെന്നോർക്കാണോ” ഞാനവളെ ചിന്തകളിൽ മേയാൻ വിടാതെ യാഥാർഥ്യത്തിലേക്ക് വലിച്ചടുപ്പിച്ചു.
“അതല്ല ഇനിയെങ്ങാനും കഥ വായിച്ചു സഹിക്കാൻ വയ്യാതെ ആളുകള് വീട്ടിനെങ്ങാനും കല്ലെറിയോ എന്നോർത്ത് പോയതാ..ഫേസ്ബുക്കിലെ പോലല്ലാലോ..അവിടെ ഇഷ്ടായില്ലേലും ബ്ലോക്ക് ചെയ്യാമെന്നുള്ള ഓപ്ഷനുണ്ട്”
ദെ കണ്ടില്ലേ..എന്തിനും നെഗറ്റിവ്..ഇതോണ്ടാണ് ഇവളോടൊരു കാര്യവും ആലോചിക്കാതെ.
പണ്ടൊരിക്കലൊരു സിനിമാ കഥ പറഞ്ഞപ്പോൾ അവളാലോചിച്ചത് അതു കാണേണ്ടി വരുന്നവർ തിയേറ്റർ എങ്ങാനും കത്തിക്കുമോന്നാ.
അന്നത്തോടെ കലാസാഹിത്യപരമായ ചർച്ചകളിൽ അവളെ ഉൾപ്പെടുത്താറെ ഇല്ലാരുന്നു.
പിന്നെ ബുക്കിറക്കുന്ന കാര്യം അവളോടു പറയാൻ കാരണമുണ്ട്..വേറൊന്നുമല്ല അവളുടെ കഴുത്തിലെ സ്വർണമാല. ഉറുമ്പ് അരിമണികൂട്ടി വെച്ചതുപോലെ കാശു സ്വരുക്കൂട്ടി വാങ്ങിച്ചതാണവൾ. അതോണ്ടന്നെ ഊരിക്കിട്ടാൻ സ്വല്പം പാടുപെടേണ്ടിവരും.
അത് പണയം വെച്ചോ വിൽക്കുകയോ ചെയ്തിട്ട് വേണം ബുക്കിനുള്ള പണം സമാഹരിക്കാൻ. ബുക്ക് ഇറങ്ങിക്കഴിഞ്ഞാൽ കിട്ടുന്ന ഏതേലും അവാർഡ് തുക കൊണ്ട് അതുപോലുള്ള രണ്ട് മാല വാങ്ങി കൊടുക്കാലോ. അല്ലപിന്നെ.
ബുക്ക് ഇറങ്ങിക്കഴിഞ്ഞിട്ട് വേണം അന്താരാഷ്ട്ര കാര്യങ്ങളിലൊക്കെ പ്രതികരിക്കാൻ. അമേരിക്ക അഫ്ഗാനിൽ നിന്ന് പിന്മാറിയതും അന്റാർട്ടിക്കയിൽ ഐസുരുകുന്നതും എന്നുവേണ്ട ഓരോരോ കാര്യങ്ങളെപ്പറ്റിയും കൃത്യമായ ഇടവേളകളിൽ പ്രതികരിച്ചോണ്ടിരിക്കണം.
അവളുടെ കയ്യും കാലും പിടിച്ചൊടുവിൽ ഒന്നുരണ്ടു വ്യവസ്ഥകളോടെ മാല പണയം വെക്കാൻ തരാമെന്ന് സമ്മതിച്ചു.
വ്യവസ്ഥകള് വേറൊന്നുമല്ല. കൊച്ചിന്റെ ഓൺലൈൻ ക്ളാസ്സ് കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. രാവിലത്തെ ചായ ബ്രേക്ക്ഫാസ്റ്റ് അതു രണ്ടും ഞാനുണ്ടാക്കണം. ഒരെഴുത്തുകാരനാവാൻ എന്തൊക്കെ സഹിക്കണം.
സാരോല്ല..ഇതുപൊലെ പ്രയാസങ്ങളുടെ കടൽ നീന്തിക്കടന്നു തന്നെയാണു പലരും പ്രശസ്തരായത്. അല്ലെങ്കിലും എഴുത്തുകാരൻ അനുഭവങ്ങളുടെ തീച്ചൂളയിൽ ചൂട് കായുന്നത് നല്ലതാ. പിന്നീട് അയവിറക്കാലോ. തൊണ്ടേൽ കുരുങ്ങാതെ നോക്കിയാൽ മതി.
അങ്ങനെ ഒടുവിലാ ദിനമെത്തി. പുസ്തകം കയ്യിൽ കിട്ടിയപ്പോ കണ്ണ് നിറഞ്ഞു. കുഞ്ഞിനെപ്പോലെ ഞാനാ പുസ്തകം നെഞ്ചോടു ചേർത്തുപിടിച്ചു..തുരു തുരെ ഉമ്മവെച്ചു.
“നിങ്ങളെന്താണീ കാണിക്കുന്നേ മനുഷ്യാ”
അവൾക്കെന്തറിയാം.. “എന്റെ കടിഞ്ഞൂൽ പ്രസവത്തിലെ കുഞ്ഞാണെടീ ഇത്”
“എന്നാപ്പിന്നെ അതിനെ മുലയൂട്ടുകേം ചെയ്തോ..പാലുകിട്ടാണ്ട് കുഞ് മയ്യത്താവണ്ട” അവളുടെ വാക്കുകളിൽ പരിഹാസം.
അല്ലെങ്കിലും എഴുത്തുകാരന് സ്വന്തം വീട്ടിൽ പുല്ലുവിലയാ..മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല..മനഃപൂർവം മിണ്ടാതിരുന്നതാ.
അതിനും കാരണമുണ്ട്.അയൽക്കൂട്ടത്തിലും കുടുംബശ്രീയിലും അവൾക്കുള്ള സ്വാധീനം വെച്ചു ലേശം പുസ്തകം വിൽക്കണം.
പിറ്റേന്ന് തന്നെ അതിനുളള ഏർപ്പാടുകൾ തുടങി. കുടുംബക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ പുസ്തകത്തെ പറ്റി വിശദീകരിച്ചു പറഞ്ഞോണ്ടൊരു പോസ്റ്റിട്ട്. അതുവരെ സജീവമായിരുന്ന ഗ്രൂപ്പ് പെട്ടെന്ന് നിശ്ചലമായി. ആരൊക്കെയൊ ലെഫ്റ്റടിച്ചു. വല്ലാത്ത ജാതി ആൾക്കാരന്നേ. കുടുംബത്തിലൊരുത്തൻ നന്നാവുന്ന കണ്ടൂട ഒരൊറ്റെണ്ണത്തിനും.
വൈന്നേരം പതിവ് പാൽചായക്ക് പകരം കട്ടൻചായ..
“ഇതെന്നാ പറ്റി”
“ഇങ്ങള് പാൽക്കാരൻ ചെക്കനോടു ബുക്ക് വാങ്ങാൻ പറഞ്ഞാരുന്നോ”
“ഉവ്വ്”
“അതാണ് കാര്യം..ഇനിയവനീ വഴിയെ വരൂല”
കട്ടൻ എങ്കിൽ കട്ടൻ. എഴുത്തുകാർക്ക് അതുമൊരു അന്തസ്സല്ലേ.
ഇടവഴിലൂടെ പോവുന്നോരോട് ബുക്കിന്റെ കാര്യം പറഞ്ഞതീ പിന്നെ അവരും അതുവഴി പോവാണ്ടായി. അത് നന്നായെന്ന് തോന്നി. ആ വഴിയങ്ങട് അടക്കാലോ.
“എടിയേ..അന്റെ വീട്ടിലേക്കു പോവുമ്പം ഒന്ന് രണ്ട് ബുക്കെടുക്കണേ..അന്റെ വാപ്പ വായ്ക്കട്ട്..മരുമോൻ എഴുത്തുകാരനാണെന്ന് പറയുന്നതു മൂപ്പരിക്കും ഒരന്തസ്സല്ലേ”
“ഇങ്ങക്കെന്റെ വാപ്പാനെ ദ്രോഹിച്ചത് മതിയായീലെ”
അവളുടെ മറുപടി കേട്ടതും ഞാനൊന്നും മിണ്ടീല. അല്ലെങ്കിലും മിണ്ടീട്ടെന്തിനാ കുടുമ്മത്തിലെ സമാധാനം കളയുന്നെ. മൗനം കെട്യോന് ഭൂഷണം.
മാസം ഒന്നായിട്ടും ബുക്കൊന്നും വിൽക്കാൻ കഴിയാതായപ്പോ ഞാനൊരു കാര്യം തീരുമാനിച്ചു. അയല്പക്കത്തുള്ളോർക്കൊക്കെ ഓരോ ബുക്കങ്ങട് ഫ്രീയായി കൊടുക്കാ. വായന വളരട്ടെ.
അങ്ങനെ എല്ലാർക്കുമായി ബുക്ക് വീതിച്ചു കഴിഞു വീട്ടിലെത്തി ചാരുകസേരയിലിരുന്നു വിശ്രമിക്കുമ്പോഴാണ് അയലോക്കത്തുള്ള ചെക്കനോടി വരുന്നേ.
“എന്താടാ”
“ഇക്കാടെ ബുക്ക് ബാക്കിണ്ടേൽ അഞ്ചാറെണ്ണം തരാൻ പറഞു ഉമ്മ”
“ദെ കണ്ടില്ലെടീ..വെറുതെ കൊടുത്താലെന്താ..ആളുകൾ ബുക്കന്വേഷിച്ചു ഇങ്ങോട്ടേക്കു വരാൻ തുടങ്ങി”
ഓൾക്കെന്തോ അത് വിശ്വസായീല. അവള് മുറ്റത്തേക്കിറങ്ങി ചെക്കനോട് ബുക്കെന്തിനാണെന്ന് ചോദിച്ചപ്പോഴാണ് കാര്യമറിയുന്നേ.
കട്ടിലിന്റെ കാലിലൊരെണ്ണം ചെറുതായതോണ്ട് അതിന്റടീല് വെക്കാനും മാണ്ടി ഓന്റെ ഉമ്മ പറഞ്ഞയച്ചതാണ് പോലും.
ബല്ലാത്ത ചെയ്ത്തായിപ്പോയി.