അവൻ ട്യൂഷൻ ക്ലാസ്സിലെ പെൺകുട്ടികളെ ശ്രദ്ധിക്കാൻ തുടങ്ങി. ഇല്ല, പറ്റുന്നില്ല. എൻറെ ദൈവമേ….

പ്രേമം

Story written by Mini George

=============

“ശെടാ ഇത് വലിയ ശല്യം ആയല്ലോ,”എന്നും ബൈക്ക് എടുക്കാൻ വരുമ്പോൾ സീറ്റിന് മുകളിൽ ഒരു വെളുത്ത റോസപ്പൂവു കാണാം.

ആരേലും ചുമ്മാ ഇട്ടിട്ടു പോകുന്നതെന്ന ഇത്ര നാളും ഓർത്തത്.പക്ഷേ ഇതിപ്പോ രണ്ടാഴ്ചയോളം ആയി.ആരാ ഇട്ടു പോകുന്നത് എന്ന് അറിയുകയും ഇല്ല

വീട് റോട്ടിൽ നിന്നു കുറച്ച് മുകളിൽ ആയതുകൊണ്ട് മഴക്കാലത്ത് ബൈക്ക് ഓടിച്ച് കേറ്റാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്.അതാണീ താഴെ ട്യൂഷൻ സെൻ്ററിൽ വക്കുന്നത്.

പഠിക്കാൻ വരുന്ന ഏതേലും വയ്നോക്കി പെണ്ണുങ്ങൾ ആവും.

അരുൺ ആ പൂവെടു ത്ത് ഒറ്റ ഏറു വച്ച് കൊടുത്തു.

പക്ഷേ പിറ്റേന്നും ബൈക്കിൻ്റെ സീറ്റിൽ പൂ ഇരിക്കുന്നു.

കൂടെ ഒരു കൊച്ചു കടലാസും.”ഇതിപ്പോ ദിവസവും പൂവ് വലിച്ചെറിഞ്ഞാൽ,എന്ത് ചെയ്യും.അതെൻ്റെ സ്നേഹമാണ്.”

ചുരുട്ടി കൂടി വലിഞ്ഞെറിയാൻ തുടങ്ങിയതാ പിന്നെ ,എന്തോ ചെയ്തില്ല……

എന്നാലും ഇതാരായിരിക്കും.ട്യൂഷൻ ക്ലാസ്സിൽ വരുന്നവര് തന്നെ.പക്ഷേ എങ്ങനെ അറിയും?.

വൈകുന്നേരം,അമ്പലപ്പറമ്പിൽ കൂട്ടുകാരുടെ കൂടെ ചെന്നിരുന്നപ്പോൾ അജിയോടൊന്ന് പറഞ്ഞു പോയി.

ദേ,എല്ലാം കൂടെ അരുണിനെ പൊതിയുന്നു.,”എൻ്റെ ദൈവമേ,എത്ര നാളായി ഇവളുമാരുടെ പിറകെ ഞങ്ങളൊക്കെ നടക്കുന്നു.എന്നിട്ട് നറുക്ക് വീണത് കടന്നലു കുത്തിയ പോലെ മോന്തെം കേറ്റിപിടിച്ചു നടക്കുന്ന ഇവന്.നല്ല കളിയായി പോയി.”

അജിയും ബാക്കി കൂട്ടുകാരും അ രുണിനെ പൊതിഞ്ഞു.കേസ് വിസ്താരം തുടങ്ങി.

“എത്ര നാളായെട തുടങ്ങീട്ട്,ആരാ കക്ഷി”

അരുൺ കൈ മലർത്തി.”എനിക്ക് ആരേം അറിയില്ലെട,ഞാൻ കണ്ടിട്ടും ഇല്ല.”

“എന്നാലും ഇപ്പൊ ഒന്ന് അറിയണം എന്ന് തോന്നുന്നുണ്ട്.”അരുൺ ആത്മാർത്ഥമായി പറഞ്ഞു.

അതൊക്കെ നമുക്ക് ശെരി ആക്കാം,നീ നാളെ നേരത്തെ ഇറങ്ങു.

പിറ്റേന്ന് ഇത്തിരി നേരത്തെ ഇറങ്ങി,അവന്മാർ എല്ലാവരും ട്യൂഷൻ ക്ലാസ്സിൻറേ ചോട്ടിലു കുത്തി ഇരിക്കിണ്ട്.

അരുൺ എത്തിയതും എല്ലാം കൂടെ അവനെ പൊതിഞ്ഞു.

“ഡാ ഇപ്പൊ വിടും നീ നോക്ക്”

ട്യൂഷൻ സെൻ്റർ വിട്ടു പിള്ളേർ എല്ലാം കൂടി കോണിപ്പടി വഴി ഒഴുകി ഇറങ്ങി. ഭൂരിഭാഗവും പെൺപി ള്ളർ ആണ്.വിരലിലെണ്ണാവുന്ന ആൺകുട്ടികളും.

ആരെയും ബൈക്കിനടുത് കണ്ടില്ല.

നമ്മള്” നിൽക്കുന്ന കൊണ്ടാവും ” അനൂപ് നിരാശനായി.

“ഡാ ആ പോകുന്ന എതിനെഎങ്കിലും നിനക്ക് സംശയമുണ്ടോ?

“ആ മെലിഞ്ഞു വെളുത്ത സുന്ദരി കുട്ടി അനഘ,കൊറച്ച് കറുത്ത് വലിയ കണ്ണുള്ളത് ലയ, കുറച്ചു തടിച്ചു കുറെ മുടിയുള്ളത് സാന്ദ്ര,മുടി മുന്നിലേക്ക് വെട്ടിയിട്ടത് ദിയ, ആ വെളുത്തു തടിച്ച് സ്നേഹ, മുടി പിന്നിയിട്ടത് ശ്രുതി” സുദീപ് എല്ലാവരെയും ഒന്ന് വിശദീകരിക്കുന്ന കേട്ട് അരുൺ അത്ഭുതത്തോടെ ചോദിച്ചു

“ഇവരെയൊക്കെ നിനക്ക് എങ്ങനടാ അറിയുന്നെ?” അതിനു അവൻ അരുണിനോട് ഒരു മറു ചോദ്യം ചോദിച്ചു

“നിനേക്കെങ്ങനാടാ ഇവരെ അറിയാതെ പോയത്,അതിനേയ് ആൺപിള്ളേർആവണം, ആൺപിള്ളേർ

അരുൺ തുറന്ന വായ അടച്ചു. ഏതായാലും വഴിയുണ്ടാക്കണം

ദിവസങ്ങൾ കടന്നു പോയി.അരുണിന് എന്നും പൂവ് കിട്ടികൊണ്ടിരുന്നു.എന്നാൽ അരുൺ ഇപ്പൊൾ അതെറിഞ്ഞു കളയാറില്ല.

അരുണിൻറെ അമ്മ അവൻ ചെറുതായിരിക്കെ മരിച്ചു .പെങ്ങളും ഇല്ല അതു കൊണ്ട് അരുണിന് പെൺകുട്ടികളോട് മിണ്ടാൻ എന്തോ ഒരിതാണ്.അച്ഛനും അവനും മാത്രമുള്ള ഒരു ലോകം.പിന്നെ അമ്പലപ്പറമ്പിൽ കൂട്ടുകാരും.

ജോലി കഴിഞ്ഞാൽ സന്ധ്യ വരെ കൂട്ടുകാരുടെ കൂടെ,പിന്നെ അച്ഛൻ്റെ കൂടെ പാചകം.

ഇതിപ്പോ അരുൺ ഊണും ഉറക്കവും ഇല്ലാത്തവനായി.എന്ത് ചെയ്താണ് കക്ഷിയെ ഒന്ന് കണ്ട് പിടിക്കുക.

അവൻ ട്യൂഷൻ ക്ലാസ്സിലെ പെൺകുട്ടികളെ ശ്രദ്ധിക്കാൻ തുടങ്ങി.ഇല്ല ,പറ്റുന്നില്ല. എൻറെ ദൈവമേ…..

വൈകുന്നേരം കണ്ടപ്പോൾ അജി പറഞ്ഞു “ഡാ ,എൻ്റെ വീടിൻ്റെ വടക്ക് പുറത്തെ രജനിച്ചെച്ചിടെ മോളു ശ്രുതി അവിടെ പഠിക്കുന്നുണ്ട്. എനിക്കവളെ മാത്രേ പരിചയം ഉള്ളൂ.നാളെ ഒന്ന് ചോദിക്കാം.”

രാവിലെ അരുൺ അമ്പലത്തിൻ്റെ അടുത്തെത്തി.അജി അവിടെ ഉണ്ടായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്രുതി വരമ്പിലൂടെ വരുന്ന കണ്ട അജി അവളുടെ അടുത്തെത്തി.

“ഡീ ശ്രുതി,നിൻ്റെ കൂടെ ട്യൂഷൻ പഠിക്കുന്ന ഏതോ ഒരു കുട്ടി ഇവൻ്റെ ബൈക്കിൽ എന്നും റോസാപ്പൂ വക്കുന്നുണ്ടലോ…നിനക്കറിയോ ആരാന്ന്.

“പെണ്ണുങ്ങളെ കണ്ടാൽ കാലിൻ്റെ പെരുവിരലിൽ നോക്കി നടക്കുന്ന ഇയാൾക്ക് ആരു പൂവ് കൊടുക്കും.അജിയെട്ടന് വേറെ പണിയൊന്നും ഇല്ലെ.പ്രേമിക്കാൻ പറ്റിയ സാധനം”ചിറി കോട്ടി അവള് ഓടിപോയി.

“ശ്ശേ വേണ്ടായിരുന്നു,നാണക്കേടായി”അരുൺ തലകുടഞ്ഞു.

എന്തൊരു” പെണ്ണ് അജികും ദേഷ്യം വന്നു.”വേണ്ടെട,നമുക്ക് വേറെ പണിയില്ലെ ആരേലും ആട്ടെ.” അരുൺ ആകെ നിരാശനായി.

എന്നാലും ആരായിരിക്കും. ആ ദിയ കടന്നുപോകുമ്പോൾ ഒക്കെ വലിയ ചിരിയാണ്. അവള് ആയിരിക്കുമോ?.

അമ്പലത്തിലെ ദേശവിളക്കിന് താലമെടുത്ത ഓരോ പെൺപിള്ളേരയും അരുൺ ആലിൻ്റെ ചുവട്ടിൽ മറഞ്ഞു നിന്നു ശ്രദ്ധിച്ചു ആരേലും കണ്ണുകൾ കൊണ്ട് തന്നെ തിരയുന്നുണ്ടോ? ലയ ആൽമരത്തിനടുത്തേക്ക് നോക്കുന്നുണ്ടല്ലോ…അവളായിരിക്കുമോ….

ദൈവമേ അവളായിരിക്കുമോ?

“ദൈവമേ കാട്ടിതരണെ”

പിറ്റേന്ന് രാവിലെ ജോലിക്ക് ഇറങ്ങിയപ്പോൾ ആരോ ബൈക്കിൻ്റെ അടുത്ത് നിൽക്കുന്നു. നോക്കിയപ്പോൾ സാന്ദ്ര,അവൻ ഒളികണ്ണിട്ടു നോക്കി. ഏയ് കയ്യിൽ ഒന്നും ഇല്ല.അപ്പോൾ അവളും അല്ല

സഹികെട്ട് അച്ഛനോട് പറഞ്ഞു നോക്കി. “ആ,നീ തന്നെ പോയി കണ്ട് പിടിക്കൂ,എനിക്കൊന്നും വയ്യ” കളിയാക്കി ചിരിച്ചു അച്ഛനും ഒഴിഞ്ഞു.

ഇതിപ്പോ മനസമാധാനത്തോടെ നടന്ന തന്നെ….ശ്ശേ…

പൂക്കൾ കളറു മാറി മാറി വന്നു.എന്നിട്ടും…..

ഒരു ദിവസം അവൻ ബൈക്ക് അജിയുടെ വീട്ടിൽ വച്ചു.പിറ്റേന്ന് ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ ബൈക്ക് വെക്കുന്നിടത്ത് ഒരു പെൺകുട്ടി കയ്യിൽ പൂവുമായി,…..നീല ധാവണി…പിന്നിയിട്ട മുടിയിൽ മുല്ലപ്പൂ……….ദൈവമേ,മുഖം കാണുന്നില്ലല്ലോ……

അരുൺ താഴേയ്കു ഓടി ഇറങ്ങി. ഹൃദയം പെരുംപറ കൊട്ടി.

പക്ഷേ അപ്പോഴേയ്കും അവൾ പോയി…..

“ദൈവമേ ,ഇത് എൻതൊരു പരീക്ഷണം……മതിയായില്ലേ…..”

വൈകീട്ട് അവൻ കൂട്ടുകാരുടെ കൂടെ പോയില്ല.ചുമ്മാ അവന്മാരുടെ കളിയാക്കലും കൂടെ വയ്യ…..

കുളിച്ച് വരുന്ന വഴിക്ക് അവൻ അമ്പലത്തിൽ കേറി.നല്ല ധനുമാസ കാറ്റ്. ചന്ദനതിരിയുടെയും കളഭത്തിൻറേയും മണം.കൊഴിഞ്ഞു കിടക്കുന്ന അരളിപൂക്കൾ…….മനസ്സിൽ അറിയാതെ പ്രേമം ഉണരുന്നു.

പെട്ടന്ന് കൽവിളക്കിനരികെ നീല ദാവണി ഉടുത്ത പെൺകുട്ടി.പിന്നിയിട്ട മുടിയിൽ നിറയെ മുല്ലപ്പൂ…..

ദൈവമേ രാവിലെ പൂവുമായി നിന്നവൾ.അവൻ വേഗം വിളക്കിനരുകിലേക്ക് ചെന്നു. തിരി വച്ചു കൊണ്ട് നിന്ന അവളുടെ കയ്യിൽ കേറി പിടിച്ചു.അവള് പെട്ടന്ന് തിരിഞ്ഞു നോക്കി.

ശ്രുതി……..

ഇവളാണോ…….”നീയോ….ഹൊ എന്തായിരുന്നു അജിയോട് ഡയലോഗ്….എന്നിട്ടിപ്പോൾ

ശ്ശൊ എൻ്റെ കൈ വിടൂ അവള് കൈ കുടഞ്ഞു.

നിൽക്കൂ,അപ്പോൾ നീയായിരുന്ന് എന്നെ ഇത്ര നാളും പറ്റിച്ചത് അല്ലേ..

.ശ്ശൊ എൻ്റെ കയ്യീന്ന് വിടൂ.

ഹൊ എന്താരുന്നു “ഇയാളുടെ മുഖത്ത് ആരു നോക്കും എന്തൊരു ജാഡ

“എൻ്റെ കൈ വിടുന്നുണ്ടോ…ഞാനിപ്പോ ഒച്ചയിടും”

“നീ ഒച്ചയിട് എല്ലാവരും കേൾക്കട്ടെ…..”.

കൽവിളക്കിലെ ദീപനാളത്തിൻ്റെ ശോഭയിൽ പെണ്ണിൻ്റെ മുഖവും കാതിലെ വലിയ ജിമിക്കിയും സ്വർണം പോലെ തിളങ്ങുന്നു.ദേവിയുടെ അരുകിൽ നിന്നും സാലഭഞ്ചിക ജീവൻ വച്ചു വന്ന പോലെ…ഇവൾ ഇത്ര സുന്ദരിയായിരുന്നോ???

അരുൺ കണ്ണിമയ്ക്കാതെ അവളെ നോക്കി നിന്നു.ലജ്ജഭാരത്താൽ അവളുടെ മിഴി താഴോട്ട് കുനിഞ്ഞു.

പെട്ടന്ന് ആരോ വരുന്ന ശബ്ദം കേട്ട് അവള് കൈകുടഞ്ഞ് ഓടിപോയി…പോകുന്നതിനിടയിൽ അവൾ വിളിച്ചു റഞ്ഞു

“ഏയ് ഞാൻ കള്ളിയല്ലെ തൽകാലം ഞാൻ കട്ട മുതൽ തിരിച്ചു തരുന്നില്ല കേട്ടോ”

അരുണിൻറെ ഉള്ളിൽ ധനുമസക്കുളിർ ആഞ്ഞു വീശി.