ആനിചേച്ചി…
Story written by Aswathy Joy Arakkal
=============
രക്തദാനം കഴിഞ്ഞു കിട്ടുന്ന ആപ്പിഫിസ്സും കുടിച്ചു (ഹരീഷ് കണാരേട്ടൻ ഏതോ സിനിമേല് പറയണ പോലെ നല്ല മനസ്സ് കൊണ്ടൊന്നല്ല, രക്തം കൊടുത്തു കഴിഞ്ഞാ അവരൊരു ആപ്പി ഫിസ്സ് തരും..അതെനിക്ക് ഭയങ്കര ഇഷ്ട്ടാ അതോണ്ട് ഞാൻ ഇടക്കിടെ രക്തം കൊടുക്കാൻ പോകും..അത്രേയുള്ളൂ ട്ടാ) തൃശ്ശൂരിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ രക്തബാങ്കിനു മുന്നിൽ (കാര്യം മെഡിക്കൽ കോളേജിൽ സൂചി കുത്താൻ സ്ഥലം ഇല്ലെങ്കിലും രക്തബാങ്കിനു മുന്നിൽ സാധാരണ വല്യ തിരക്ക് ഒന്നും കാണാറില്ല) ഒന്ന് റെസ്റ്റിയിട്ടു പോകാം എന്നു കരുതി ഇരിക്കുമ്പോഴാണ് കുറച്ചു മാറി എന്തൊക്കെയോ സ്വയം പിറുപിറുത്തും, ദേഷ്യപ്പെട്ടും അൻപതു വയസ്സിനു മേൽ പ്രായം തോന്നിക്കുന്നൊരു ചേച്ചി നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്…
കഴുത്തിൽ കിടക്കുന്ന വെന്തിങ്ങായിൽ നിന്ന് ആളൊരു ക്രിസ്ത്യാനി ആണെന്ന് മനസ്സിലായി… എന്താണ് കാര്യം എന്നറിയാനൊരു സ്ത്രീ സഹജമായ ആകാംക്ഷ തോന്നിയത് കൊണ്ട് മൊബൈലും കയ്യിൽ പിടിച്ചു ഇടക്കിടെ ഒളികണ്ണിട്ടു ഞാൻ പുള്ളിക്കാരിയെ നോക്കികൊണ്ടിരുന്നു…
മൊബൈലിൽ ആരെയോ വിളിക്കാൻ ശ്രമിക്കുകയാണ് ആൾ… ലാസ്റ്റ് നമ്പർ 6835 ആണ് എന്നറിയാം, ഇന്നലെ എപ്പോഴോ വിളിച്ചിട്ടുണ്ട്… പക്ഷെ ഈ ചേച്ചി വിളിക്കുന്നതൊക്കെ വേറെ ആർക്കോ പോകുന്നു. ഇത്രേം ആണ് എനിക്ക് മനസ്സിലായത്… അതിന്റെ ദേഷ്യത്തിൽ ആണ് ഈ പിറുപിറുക്കലൊക്കെ..
ഇങ്ങോട്ടു വന്നു സഹായം ചോദിക്കില്ല എന്നു ബോധ്യമായപ്പോൾ ഞാൻ എണിറ്റു അങ്ങോട്ട് ചെന്നു കാര്യം ചോദിച്ചു… ആ നമ്പർ എടുത്തു വിളിച്ചു കൊടുത്തു തിരികെ ഇരുന്നിടത്തേക്കു തന്നെ വന്നു മൊബൈലിൽ കുത്താൻ തുടങ്ങി..
ഒരു അഞ്ചു മിനിട്ടു കഴിഞ്ഞു കാണും… ഞാനിരുന്ന കസേരയുടെ തൊട്ടടുത്തായി അതേ ചേച്ചി വന്നിരുന്നു…
ഞാൻ നോക്കി ചിരിച്ചിട്ടും ആൾക്ക് ഗൗരവഭാവം… പിന്നെ വല്യ നാണവും , മാനവും ഒന്നും ഇല്ലാത്തതു കൊണ്ട് അങ്ങോട്ട് കയറി അറ്റാക്ക് ചെയ്യാൻ തന്നെ തീരുമാനിച്ചു…
എന്തുപറ്റി ചേച്ചി… ആരാ ഇവിടെ… ? വെറുതെ മിണ്ടാൻ വേണ്ടി ഒരു ചോദ്യം ഞാൻ ഇട്ടു…
എന്റെ ഒരു കൈ എടുത്തു നെറ്റിയിൽ ചേർത്തു വെച്ചുള്ള ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി…
പെട്ടന്ന് ഞാനൊന്ന് പകച്ചു പോയി..
ഇതേസമയം ബ്ലഡ് കൊടുത്തിട്ടു പുറത്തേക്കിറങ്ങി വന്ന രണ്ടു ന്യൂജൻ ഫ്രീക്കൻസ് ഇതുകണ്ട് ഞങ്ങളുടെ അരികിലേക്ക് വന്നു…
ഏകദേശം ഒരു പത്തു മിനിട്ടിനു ശേഷം കരച്ചില് കഴിഞ്ഞു ഒരാശ്വാസമായപ്പോൾ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ ചേച്ചി പറഞ്ഞു തുടങ്ങി…
“എന്റെ ഭർത്താവാണ് മോളെ ഇവിടെ… വായിൽ ക്യാൻസർ ആണ്.. ഇന്നലെ രാത്രി ചോര ശർദ്ധിച്ചിട്ടു കൊണ്ട് വന്നതാ… ഇരിങ്ങാലക്കുട… അതായതു മെഡിക്കൽ കോളേജിന്റെ അവിടെ നിന്ന് 30km അപ്പുറമാണ് വീട്(തൃശ്ശൂരുകാർക്കു അറിയാമല്ലോ)… ഇനി ബ്ലഡ് കേറ്റണം എന്നിട്ടു വൈകുന്നേരത്തെ പോകാൻ പറ്റു .. വീട്ടില് എട്ടുമാസം ഗർഭിണി ആയ മോളും, അവളുടെ ഒന്നര വയസ്സായ കുഞ്ഞും ഉണ്ട്…അവൾക്കു കൂട്ട് നിൽക്കാൻ പോകാൻ സഹായത്തിനു ആളെ വിളിക്കുകയായിരുന്നു നേരത്തെ…സമയത്തു തിന്നാതെയും കുടിക്കാതെയും ഇരുന്നു വല്ലതും വന്നു പോയാൽ… ” മുഴുവനാക്കാതെ അവർ പറഞ്ഞു നിർത്തി…
ജോസേട്ടൻ രാത്രി ചോര ശർദ്ധിച്ചപ്പോ അടുത്തുള്ള ഹോസ്പിറ്റലിലേക്കാണ് കൊണ്ടുപോയത്… അവിടെ നിന്ന് തൃശ്ശൂർക്ക് കൊണ്ട് പോരണം പറഞ്ഞപ്പോൾ വീട്ടിൽ വന്നു അത്യാവശ്യം സാധനങ്ങളൊക്കെ എടുത്തു മോൾക്കും കുഞ്ഞിനും കഴിക്കാനുള്ള ഇഡലിയും ചട്ണിയും ഉണ്ടാക്കി വെച്ചിട്ടാണ് ഇവിടേക്ക് വന്നതെന്ന് പറഞ്ഞപ്പോൾ അവിശ്വസനയതയോടെ ഞാനവരെയൊന്നു നോക്കി…
ഇപ്പൊ ഇടക്കിടെ ചോര ശർദ്ധിക്കാറുണ്ട്.. വന്നു ചോര കേറ്റിപോകും.. രോഗത്തിന്റെ ഭാഗമാണെനന്നാ പ്രേമ ഡോക്ടർ പറഞ്ഞത്… പിന്നെ മോൾക്ക് വയ്യേ ബെഡ് റെസ്റ്റാ… അതോണ്ട് ഭക്ഷണം ഉണ്ടാക്കാതെ വരാനും വയ്യ… എന്റെ മുഖഭാവം കണ്ടിട്ടാണെന്നു തോന്നുന്നു അവർ അത്രയും പറഞ്ഞത്….
സഹായിക്കാൻ ബന്ധുക്കളാരും ഇല്ലേ എന്ന എന്റെ ചോദ്യം എങ്ങോ ഉപേക്ഷിച്ച ബന്ധങ്ങളുടെ ഓർമ്മകളിലേക്ക് അവരെ കൂട്ടി കൊണ്ടുപോയി…
അപ്പന്റെയും അമ്മയുടെയും അഞ്ചു മക്കളിൽ മൂത്തവളായിരുന്ന ആനി പതിനാറാം വയസ്സിലാണ് ജോസേട്ടന്റെ ജീവിതത്തിലേക്ക് ചെല്ലുന്നത് … നന്നായി കുടിക്കുകയും, വലിക്കുകയുമൊക്കെ ചെയ്യുമായിരുന്നെങ്കിലും ഭാര്യയെ അയാൾക്ക് സ്നേഹമായിരുന്നു . കല്യാണം കഴിഞ്ഞതിനു ശേഷമാണ് കൊതിതീരെ വയറു നിറച്ചു ഭക്ഷണം കഴിച്ചത് എന്നു പറഞ്ഞപ്പോൾ നിറഞ്ഞതു ഞങ്ങളുടെ കണ്ണുകളായിരുന്നു…
കൂട്ടുകുടുംബമായിരുന്നു ജോസേട്ടന്റെതു.. രണ്ടു അനിയത്തിമാരും, ഒരു അനിയനും…അപ്പന്റെ മരണശേഷം കഷ്ടപ്പെട്ടതും, കുടുംബം നോക്കിയതും ജോസേട്ടൻ ആണെങ്കിലും വീതം വെച്ചപ്പോൾ അതൊന്നും ആരും ഓർത്തില്ല. അതുപിന്നെ എല്ലായിടത്തും കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവർ ശശി ആകാറാണല്ലോ പതിവ്….
പതിവുപോലെ തന്നെ … പെറ്റമ്മപോലും ജോസേട്ടന്റെ കഷ്ടപ്പാട് ഓർക്കാതെ ബാക്കിയുള്ള മക്കൾക്കൊപ്പം നിന്നു.. അവസാനം ജോസേട്ടന് കിട്ടിയ സ്ഥലത്തു ചെറിയൊരു വീടും കെട്ടിപ്പൊക്കി താമസം തുടങ്ങിയപ്പോൾ… ഇളയമകനാണ് തറവാടെന്നു പറഞ്ഞു എഴുതി കൊടുത്ത അമ്മയെയും മുട്ടാപ്പോക്കു ന്യായം പറഞ്ഞു പൊന്നുമോൻ ജോസേട്ടനൊപ്പം അയച്ചു..
പിന്നെ കഷ്ടപ്പാടുകളുടെ കാലമായിരുന്നു.. അതിനിടക്ക് രണ്ടു മക്കൾ പിറന്നപ്പോൾ സന്തോഷങ്ങൾക്കു അതിരില്ലായിരുന്നു .. മൂത്തത് മോളും പിന്നെ മൂന്ന് വയസ്സ് വ്യത്യാസത്തിൽ മോനും… ഒരു വാശിപോലെ മുണ്ട് മുറുക്കി ഉടുത്തു രണ്ടു മക്കളെയും അവർ പഠിപ്പിച്ചു… ലോൺ എടുത്തു മോളെ നഴ്സും മോനെ MBA ക്കാരനുമാക്കി..
ഒരു നല്ല ഭക്ഷണം ആ കാലയളവിൽ അദ്ദേഹം കഴിച്ചിട്ടില്ല മോളെ, ഒരു ചായപോലും പുറത്തു നിന്ന് കുടിക്കാതെ കൂട്ടിവെച്ചു കൂലിപ്പണി എടുത്തു അദ്ദേഹം മക്കൾക്കായി ജീവിച്ചു.. .ഇടയ്ക്കു ഗൾഫിൽ പോയി … ഡിസ്ക് തേയ്മാനം വന്നു അവിടെ നിൽക്കാൻ സാധിക്കാതെ വന്നു.. നാട്ടിലേക്കു പോന്നു… നാട്ടിലെത്തിയിട്ടും വയ്യാത്ത നടുവും വെച്ചു അദ്ദേഹം മല്ലൻ പണിയെടുത്തു.. രാത്രികളിൽ നടുവേദനിച്ചു ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നും, കുഴമ്പ് പുരട്ടി ചൂട് വെച്ചും നേരം വെളുപ്പിച്ച എത്രയെത്ര രാത്രികൾ….
ആരോഗ്യം നോക്കാതെ കിടന്നു കഷ്ടപ്പെടുന്നതിനു പരാതി പറയുമ്പോൾ അദ്ദേഹം പറയുമായിരുന്നത്രെ നീ നോക്കിക്കോടി ആനിയെ .. നമ്മടെ മക്കളൊന്ന് പഠിത്തം കഴിഞ്ഞു ഉഷാറായിക്കോട്ടെ… നമ്മടെ എല്ലാ കഷ്ടപ്പാടും മാറും എന്നു…
ഒക്കെ നടന്നു പഠിപ്പു കഴിഞ്ഞു… മോളു നഴ്സായി… മോനും ജോലി ആയി പക്ഷെ… ചേച്ചിയൊന്നു പറഞ്ഞു നിർത്തി…
പഠിക്കുന്ന കാലം തൊട്ടേ മോൻ കൂടെപ്പഠിക്കുന്ന കുട്ടിയുമായി പ്രേമം ആയിരുന്നു … പെങ്ങടെ കല്യാണം കഴിഞ്ഞു നടത്തികൊടുക്കാം എന്നു പറഞ്ഞിട്ടും അവനതു സമ്മതമല്ല… വാശിപിടിച്ചു മൂത്തപെങ്ങൾ കെട്ടാതെ നിൽക്കുമ്പോൾ തന്നെ അവൻ വിവാഹം കഴിച്ചു … കല്യാണം കഴിഞ്ഞു ഒരാഴ്ചക്കുള്ളിൽ ഭാര്യയുമായി എറണാകുളത്തു ജോലി സ്ഥലത്തു താമസം തുടങ്ങി… പിന്നെ എന്തു കൊണ്ടെന്നറിയില്ല പപ്പയും മമ്മിയും അവനു ശത്രുക്കളായി.. വീടിനു 10 km അപ്പുറമുള്ള ഭാര്യവീട്ടിൽ എല്ലാ ആഴ്ചയിലും വന്നു പോകുന്നവന് സ്വന്തം വീട്ടിലേക്കു വരാൻ വഴിയറിയില്ല…
ഒരായുസ്സ് മുഴുവൻ കുടുംബത്തിനായി കഷ്ടപ്പെട്ട പപ്പ വീണ്ടും കടവും, വലയുമായി മോളുടെ കല്യാണം നടത്തി… നാട്ടുകാര് വന്നു പോകുന്നപോലെപെങ്ങളുടെ കല്യാണത്തിന് അതിഥികളായി മോനും മരുമോളും വന്നു ഭക്ഷണം കഴിച്ചു മടങ്ങി .. നിവർത്തിയില്ലാതെ വയ്യാത്ത ജോസേട്ടൻ പകല് പണിക്കൊപ്പം രാത്രി ഓട്ടോ ഓടിക്കാനും പോയി തുടങ്ങി.. ജോലി ലഭിച്ചട്ടും മക്കടെ വിദ്യാഭ്യാസ ലോൺ അടക്കം ബാങ്കിലടക്കുന്നതു വയ്യാത്ത പപ്പ…
കല്യാണം കഴിഞ്ഞു പതിവുപോലെ ഗൾഫ്കാരനായ മരുമകൻ തിരിച്ചു പോകുന്നതിനു മുൻപ് മോളു ഗർഭിണി ആയി അതോടെ ബെഡ് റെസ്റ്റിലായ കുട്ടി വീട്ടിലെത്തി .. അവൾക്കൊരു മിട്ടായി വാങ്ങാൻ പോലും അവൻ പത്തു പൈസ അയക്കില്ല, അവനും മാക്സിമം പപ്പയെ പിഴിഞ്ഞ്… പിന്നെ പ്രസവം, മാമോദീസ എല്ലാത്തിനും… അവരൊന്നും നെടു വീർപ്പിട്ടു.. മക്കൾക്കായി ചെയ്യാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടല്ല.. അതിനുതക്ക വരുമാനം കൂടെ വേണ്ടേ..
അതിനിടക്ക് അവനു കുഞ്ഞുണ്ടാകാത്തതു എന്റെയും, ജോസേട്ടന്റെയും പ്രാക്കാണെന്നു പറഞ്ഞു മോൻ ഒട്ടും വീട്ടിലേക്കു വരാതായി … അവനു കുഞ്ഞുണ്ടാകാൻ പ്രാർത്ഥിച്ചു ഞാൻ ഒഴുക്കുന്ന കണ്ണു നീരിനു കണക്കില്ല മോളെ എന്നു പറഞ്ഞാ സാധുസ്ത്രീ ഇരുന്നു വിങ്ങിപൊട്ടിയപ്പോൾ എനിക്കും കരച്ചിൽ വന്നു…
പിന്നെ… മൂത്തകുഞ്ഞിനു ഒരു വയസ്സാകാറായപ്പോൾ മരുമോൻ ലീവിന് വന്നു…. ആയിടക്കാന് ജോസേട്ടന് വായിലൊരു കുരുപോലെ വന്നതും ബിയോപ്‌സിയിൽ ക്യാൻസർ ആണെന്ന് തെളിഞ്ഞതും ചികിത്സയിലായതും . റേഡിയേഷൻ കഴിഞ്ഞു ചെന്നു കുറച്ചു നേരം കിടന്നു ഓട്ടോ ഓടിക്കാൻ പോകുന്ന ജോസേട്ടന്റെ രൂപം എന്നും എന്റെ ഉള്ളിൽ വേദനയാണ്…
വീണ്ടും മരുമോൻ പോകുന്നതിന് മുൻപ് മോളു ഗർഭിണി.. മോളും കുഞ്ഞും സകലച്ചിലവും ജോസേട്ടന്റെ തലയിൽ…
അങ്ങനെ ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ ആണ് കുറഞ്ഞ ക്യാൻസർ ഡബിൾ ശക്തിയിൽ ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നത് … ഏകദേശം ലാസ്റ്റ് സ്റ്റേജ് എന്നു തന്നെ പറയാം..
ഇത്രയൊക്കെ സംഭവിച്ചിട്ടും ഒന്ന് തിരിഞ്ഞു നോക്കാത്ത മോൻ രണ്ടു ദിവസം മുൻപ് ചെന്നിരുന്നത്രെ .. സ്വത്തു എഴുതി വെക്കാതെ പപ്പാ മരിച്ചാൽ പെങ്ങളും അവകാശം ചോദിച്ചു വരും അതോണ്ട് സ്വത്തു അവന്റെ പേരിൽ എഴുതി വെക്കണം പോലും…
അവനെ ആട്ടി ഇറക്കി എങ്കിലും അതോടെ മനസ്സ് തളർന്നു ജോസേട്ടൻ വീണ്ടും…
പറയുന്നതിനിടയിൽ ബാഗിൽ നിന്നും രണ്ടു ബിസ്കറ്റ് എടുത്തു കഴിച്ചു bp ക്കുള്ള ഗുളികയും കഴിച്ചു ആനി ചേച്ചി വീണ്ടും തുടർന്നു..
അസുഖങ്ങളൊക്കെ എനിക്കും ഉണ്ട്.. വേറെ. നിവർത്തി ഇല്ലാത്തതു കൊണ്ടും, സഹായിക്കാൻ ആരും ഇല്ലാത്തതുകൊണ്ടും എങ്ങനെയൊക്കെയോ ഉന്തി തള്ളിപ്പോകുന്നു .. ഇപ്പൊ അടുത്തൊരു വീട്ടിൽ പാത്രം കഴുകാൻ പോയാണ് അത്യാവശ്യം കാര്യങ്ങൾ നടക്കുന്നത്… പിന്നെ മക്കൾക്ക് ഞങ്ങളെ വേണ്ടെങ്കിലും സർക്കാർ ആസ്പത്രി ഉള്ളോണ്ട് ചികിത്സ മുടങ്ങുന്നില്ല….
ഇപ്പൊ ഒരൊറ്റ പ്രാർത്ഥനയെ ഉള്ളു… എവിടെയെങ്കിലും വീണു എന്റെ കണ്ണടഞ്ഞു പോകണേന് മുൻപ് എന്റെ ജോസേട്ടനെ അങ്ങ് വിളിച്ചേക്കണേ കർത്താവെ എന്നു .. ഞാൻ കൂടെ ഇല്ലാതായാൽ ഒരാളും തിരിഞ്ഞു നോക്കാനില്ലാതെ .. എന്റെ ജോസേട്ടൻ…
മോൾക്കറിയോ … ഒന്നും കഴിച്ചിട്ടില്ലിതുവരെ … കൂടെവന്ന ഓട്ടോക്കാരനാ ഇപ്പൊ അവിടെ ജോസേട്ടന് കൂട്ട്… അയാൾക്ക് പോകാൻ തിരക്കുണ്ട്.. ഞങ്ങടെ നിവർത്തികേട് കണ്ടു നിക്കണതാ… ഞാൻ ബ്ലഡിന്റെ കാര്യം ശെരിയാക്കി ചെല്ലണവരെ തന്നെ കിടത്താൻ പറ്റില്ലേ…
നല്ല പ്രായത്തിൽ പാവം നല്ലതൊന്നും കഴിക്കോ കുടിക്കോ ചെയ്യാതെ… കുടുംബത്തിന് വേണ്ടി മുണ്ട് മുറുക്കി ഉടുത്തു ഇപ്പൊ കഴിക്കാൻ പറ്റാത്ത അവസ്ഥയായി… കഷ്ടപ്പെട്ടാണേലും ഞാൻ എന്തെങ്കിലൊക്കെ ആയി വാങ്ങി കൊടുക്കും.. കൊതീകൊണ്ടു ഒന്ന് കടിച്ചാ അപ്പൊ വായില് ബ്ലഡ് വരും . വെള്ളം പോലും ഇറക്കാൻ വയ്യ കുട്ടി…
ചോര ശർദ്ധിക്കണ കാണുമ്പോ ചങ്കുപൊടിയും ന്റെ… ആർക്കും വേണ്ടെങ്കിലും ന്റെ കെട്ട്യോനല്ലേ…
ഒരു കാര്യം എനിക്ക് നന്നായി മനസ്സിലായി മോളെ.. നല്ല പ്രായത്തിലു നന്നായി ജീവിക്കാതെ മറ്റുള്ളവർക്കായി മാത്രം ജീവിച്ചിട്ടൊരു കാര്യോം ഇല്ല അതിപ്പോ മക്കൾക്ക് വേണ്ടി ആണെങ്കി കൂടി … എല്ലാവരും അവനവന്റെ ജീവിതം നോക്കി പോകും… അവസാന നമ്മടെ നഷ്ടങ്ങളുടെ കണക്കു മാത്രം ബാക്കി…
എന്നാലും ജോസേട്ടൻ ഒരു കുറ്റോം പറയില്ല… ഞാനെന്തെങ്കിലും പറഞ്ഞാൽ തന്നെ മ്മടെ മക്കളല്ലെടി ആനിയെ.. അവര് നന്നായി ജീവിക്കട്ടെ പറയും..
കൊറേ അപ്പനമ്മാരുണ്ടിങ്ങനെ… നല്ലപ്രായം മുഴുവൻ ഇങ്ങനെ കഷ്ടപ്പെടും.. എന്നിട്ടൊന്നു ഇരുന്നു വിശ്രമിക്കേണ്ട സമയത്ത് ഒന്നിനും സാധിക്കാതിങ്ങനെ…
അവന്റെ സ്വത്തും മുതലും ഒന്നും വേണ്ടായിരുന്നു…. ഒരു നല്ല വാക്ക്…അതിനവകാശമില്ലേ ഞങ്ങൾക്ക്…. കരച്ചിലടക്കാൻ പാടുപെട്ടവർ പറഞ്ഞു…സംസാരിച്ചിരിക്കുന്നതിനിടയിൽ നമ്മുടെ ഫ്രീക്കൻസ് പുറത്തു പോയി ക്യാന്റീനിൽ നിന്നും ഭക്ഷണം വാങ്ങി വന്നു… കണ്ണു നീരോടെ പേഴ്സിൽ നിന്ന് അവർ പറക്കി കൂട്ടിയ മുഷിഞ്ഞ നോട്ടുകൾ തിരികെ വെപ്പിച്ചു കൊണ്ട് അവന്മാർ മനസ്സിന്റെ വലിപ്പം കാണിച്ചു …
നിങ്ങളെയൊക്കെ കാണുമ്പോഴാണ് എല്ലാ അച്ഛനമ്മമാരും നിർഭാഗ്യവാന്മാരല്ല എന്നു തോന്നുന്നതു മക്കളെ … അപ്പനമ്മമാരെ വരെ ലാഭം നോക്കി സ്നേഹിക്കുന്ന മക്കളുള്ള ലോകത്തു ഒരു ലാഭവുമില്ലാതെ ഇവിടെ വന്നു ചോര കൊടുത്തു പോകുന്നുണ്ടല്ലോ… ഇങ്ങനെയുള്ള ഏതെങ്കിലും മക്കളുടെ ചോര ആണല്ലോ എന്റെ ജോസേട്ടനും…
മുടിയൊക്കെ ഇങ്ങനാക്കി നടക്കുന്ന ഉണ്ണ്യേളെ ഞാനെത്ര കുറ്റം പറഞ്ഞണ്ടുന്നു അറിയോ..എന്നിട്ടിപ്പോ എനിക്കൊരു നേരത്തെ ഭക്ഷണം വാങ്ങി തന്നത് നിങ്ങളും… ഇതുപോലെ പൊതിച്ചോറുമായി എത്ര മക്കളാ ഇതിലൂടെ…
ഞങ്ങളെന്താ ചേച്ചി ചെയ്യേണ്ടത്… എങ്ങനെയാ ചേച്ചിയെ ഒന്ന് സഹായിക്കാൻ പറ്റാ… പതിയെ ഞാൻ ചോദിച്ചു….
ഒന്നും വേണ്ടമോളെ… മോള്… മോള് മാത്രല്ല ഈ മക്കളും ഇത്രയും നേരം നിങ്ങളുടെ ആരുമല്ലാത്ത എനിക്കായി എന്റെ വിഷമങ്ങൾ കേൾക്കാനായി മാറ്റി വെച്ചല്ലോ.. അതുമതി.. എന്തോക്കെയോ ഭാരം ഇറക്കി വെച്ചപോലെ മനസ്സിൽ നിന്ന്… ഒരു ആശ്വാസം…എന്റെ മക്കള് ചെയ്യാത്ത മനസ്സാ നിങ്ങള് കാണിച്ചത്..
പല മക്കളും വിചാരിക്കുന്നത് അച്ഛനമ്മമാർക്ക് വേണ്ടത് അവരുടെ സ്വത്തും, മുതലുമൊക്കെ ആണെന്നാണ്… ഒന്നുവല്ല.. ഒരിത്തിരി സമയം മിണ്ടാൻ, രണ്ടു നല്ലവാക്കു പറയാൻ… അതൊക്കെ മതി ഞങ്ങൾക്ക്.. പക്ഷെ…
സംസാരിച്ചു പൂർത്തിയാക്കും മുൻപേ ചേച്ചിയെ ഡോക്ടർ വിളിച്ചു.. കൈയിലൊന്നു പിടിച്ചു അമർത്തിയിട്ടു അകത്തേക്ക് പോകുന്ന അവരെ വല്ലാത്തൊരു അസ്വസ്ഥതയോടെ ഞങ്ങൾ നോക്കി നിന്നു…
മനസ്സിലപ്പോഴും മുഴങ്ങി കേട്ടത് പണ്ടെങ്ങോ വായിച്ചൊരു വാചകമാണ്…
” ഒരു മനുഷ്യന് നമുക്ക് കൊടുക്കാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യം നമ്മുടെ സമയമാണ്… നമ്മളൊന്നും ചെയ്യണ്ട അവരുടെ മനസ്സൊന്നു കേട്ടാ മതി…അവരെയൊന്നു അറിയാൻ ശ്രമിച്ചാൽ മതി… വല്ലാതെ തകർന്നു പോകുന്ന ചില സമയങ്ങളിൽ സാരമില്ല എല്ലാം ശെരിയാകും എന്നൊരു വാക്കു പറയാൻ ഒരാളുണ്ടായാൽ മതി തളർച്ചയിൽ നിന്നു ഇരട്ടി ശക്തിയോടെ തിരിച്ചു വരാൻ ” ഒപ്പം പഴുത്തില വീഴുമ്പോൾ പുച്ഛിക്കുന്ന പച്ചിലകളായ മക്കൾ ഒന്നാലോചിച്ചാൽ കൊള്ളാം നാളെ ഞങ്ങളും പഴുത്തു വാടേണ്ടവർ ആണെന്ന്…